ഇവിടുത്തെ കാറ്റാണ് കാറ്റ്... എന്ന പാട്ടിന്‍െറ വരികള്‍ പാടാതെ ആരും ചിതറാളില്‍ നിന്ന് പോകാറില്ല. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആയിരത്തോളം വര്‍ഷങ്ങളുടെ കഥ പറയുന്ന ചിതറാള്‍. ജൈനമതത്തിലെ ദ്വിഗ്വമ്പരന്‍മാരായ ജൈനന്‍മാരുടെ വാസസ്ഥലമായിരുന്നു ഒരിക്കല്‍ ചിതറാള്‍. തിരുചരണത്തുപളളി എന്നറിയപ്പട്ടിരുന്ന ഈ സ്ഥലത്തിന്‍െറ ഇപ്പോഴത്തെ പേരാണ് ചിതറാള്‍. പ്രകൃതി രമണീയതക്ക് ഉദാഹരിക്കാവുന്ന പ്രദേശം. പശ്ചിമഘട്ട പര്‍വതനിര. മലകള്‍. മരങ്ങള്‍. പുല്‍മേടുകള്‍. പാറകള്‍. പാറപ്പുറത്തുളള കുളങ്ങള്‍. വളരെ ഉയരത്തില്‍ നിന്നുളള കാഴ്ചകള്‍. അകലെയായി കാണുന്ന അരുവികള്‍. കുളങ്ങള്‍. നദിയും നെല്‍പ്പാടങ്ങളും തെങ്ങുകളും. റബ്ബര്‍, വാഴ തോട്ടങ്ങള്‍, ആരാധനാലയങ്ങള്‍, മരങ്ങളില്‍ ഊഞ്ഞാലാടുന്ന കുരങ്ങന്‍മാര്‍.. ഇതെല്ലാം ഇവിടെ നിന്നുളള കാഴ്ചകളാണ്.
ചിതറാളിലെത്തിയാല്‍ കേരള മാതൃകയില്‍ നിര്‍മിച്ച ആര്‍ച്ച് കടന്നാണ് പാര്‍ക്കിങ് സ്ഥലത്ത് എത്തുക. അതിവിശാലമായ പാര്‍ക്കിങ്. പക്ഷെ വെയില്‍ കൂടുതലായതുകൊണ്ട് പലരും വാഹനങ്ങള്‍ മാറ്റി പാര്‍ക്ക് ചെയ്യുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ആദ്യമായി കാണാന്‍ കഴിയുന്നത് കരിങ്കല്ല് പാകി നീണ്ടുകിടക്കുന്ന നടപ്പാതയാണ്. അവിടെ നിന്നും മലകയറ്റം ആരംഭിക്കുന്നു. 800 മീറ്റര്‍ ദൂരം ചരിവുളള കയറ്റമാണ് പിന്നെയുളളത്. വാഹന ഗതാഗതം സാധ്യമല്ല. കശുമാവ്, ബദാം മരങ്ങള്‍, ചെടികള്‍, ചുവപ്പും പിങ്കും നിറത്തിലുളള പൂക്കള്‍ - ഇങ്ങനെയുളള വഴിയോരക്കാഴ്ചകള്‍. വഴിയിലുടനീളം വിശ്രമത്തിനായുളള ബഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ഉപയോഗിച്ച് കാണുന്നില്ല. കയറ്റമാണെങ്കിലും ചരിവുളളതാണ്. ചിതറാള്‍ മല സ്ഥിതി ചെയ്യുന്നത് ഇതിന്‍്റെ ഏറ്റവും മുകളിലുളള ചൊക്കലിംഗം മലയിലാണ്. ഇതിനെ ഇപ്പോള്‍ മലൈകോവില്‍ എന്നും വിളിക്കുന്നു. വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും പ്രകൃതി ആസ്വാദര്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാവുന്ന മല.
നടന്നു തുടങ്ങുമ്പോള്‍ ഇടയ്ക്കിടെ തലയുയര്‍ത്തി മുകളിലെത്തിയോ എന്ന് നോക്കാത്തവരുണ്ടാകില്ല. ചിലര്‍ വളരെ വേഗത്തിലും മറ്റു ചിലര്‍ കിതച്ചുമുളള നടപ്പ് കാണേണ്ട കാഴ്ചയാണ്. ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ വിദൂരതയിലുളള കാഴ്ചകള്‍ ദൃശ്യമാകുന്നു. ഏകദേശം മധ്യഭാഗത്ത് (500 മീറ്ററോളം) എത്തുമ്പോള്‍ ഒരു പൂന്തോട്ടം ക്രമീകരിച്ചിരിക്കുന്നു. ബഞ്ചുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ഭാഗങ്ങളും കാട് കയറി കിടക്കുകയാണ്. സമീപത്തുളള മലയുടെ ചരിവിലൂടെ ലക്ഷ്യസ്ഥാനം കാണാമെങ്കിലും സാഹസികരായ ചിലര്‍ മാത്രമേ ആ പാറക്കെട്ടിനിടയിലൂടെ നീങ്ങുകയുളളൂ. കരിങ്കല്ല് പാകിയ പാതയിലൂടെ യാത്ര തുടരുമ്പോള്‍ വലതുവശത്തെ അഗാധമായ കൊക്കയും സുന്ദരമായ പ്രകൃതിഭംഗിയും ആസ്വദിച്ച് നടക്കാം. കുറച്ചു കഴിയുമ്പോള്‍ തന്നെ ക്ഷേത്രത്തിന്‍റെ മുകള്‍ ഭാഗം ദൃശ്യമാകും. 25 മിനിട്ടോളം നീളുന്ന യാത്ര ഇവിടെ അവസാനിക്കുന്നു.
കയറ്റം കഴിഞ്ഞ് നിരന്ന ഭാഗത്ത് എത്തിച്ചേരുമ്പോള്‍ കാണുന്ന വലിയ ആല്‍മരം എല്ലാവര്‍ക്കും ആശ്വാസം പകരും. ഇവിടെ എത്തിയവര്‍ അവരുടെ പേരുകള്‍ ഈ മരത്തിലും സമീപത്തുളള പാറകളിലും ഉരച്ച് എഴുതിയിരിക്കുന്നത് കാണാം. ക്ഷേത്രത്തിലെത്താന്‍ ഇനിയും കുറച്ച് പടികള്‍ കയറണം. പടികള്‍ കയറി എത്തുന്നത് ഒരു പാറപ്പുറത്താണ്. അവിടെ മൂന്ന് കല്ലുകള്‍ ഒരു വാതില്‍ രൂപത്തില്‍ വച്ചിട്ടുണ്ട്. അത് കടന്ന്, രണ്ട് വലിയ പാറകള്‍ക്കിടയിലൂടെയുളള വീതി കുറഞ്ഞ വിടവിലൂടെയാണ് ഇനിയുളള യാത്ര. ചരിഞ്ഞും തിരിഞ്ഞും വിടവിലൂടെ കടന്ന് ചെല്ലുമ്പോള്‍ കാണുന്ന പടികള്‍ ഇറങ്ങി ക്ഷേത്രമുറ്റത്ത് എത്താം. കാറ്റിന്‍റെ ശക്തി ഇവിടെ എത്തുമ്പോള്‍ അറിഞ്ഞു തുടങ്ങും. വിദൂരക്കാഴ്ചകള്‍ നയനാന്ദകരം. മാര്‍ത്താണ്ഡം പട്ടണവും തിരുവട്ടാറും വ്യക്തമായി തന്നെ കാണാം. ഇടതു വശത്ത് ക്ഷേത്രത്തിന്‍റെ കെട്ടിടവും അതിലേക്കിറങ്ങി നില്‍ക്കുന്ന പാറയും. പടിഞ്ഞാറ് ഭാഗത്തേക്ക് ചരിഞ്ഞ് നില്‍ക്കുന്ന ഈ പാറയുടെ ഉളളിലേക്കാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കൊത്തുപണികളെ കുറിച്ചുളള ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല.
കേരളത്തില്‍ 885-925 കാലയളവില്‍ ഭരിച്ചിരുന്ന കേരള അശോകന്‍ എന്നറിയപ്പെടുന്ന വിക്രമാദിത്യ വാരാഗുണന്‍ രാജാവാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് ഇവിടെയുളള പാറകളില്‍ കൊത്തിവച്ചിട്ടുണ്ട്. വട്ടെഴുത്ത് ലിപിയിലാണ് അക്ഷരങ്ങള്‍ കൊത്തിയിട്ടുളളത്. ഇവിടെയാണത്രേ ചരണന്‍മാര്‍ അല്ളെങ്കില്‍ ജൈനന്‍മാര്‍ വസിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ തഞ്ചാവൂര്‍ ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ നിന്നും ജൈന പണ്ഡിതന്മാര്‍ അക്കാലത്ത് ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ക്ഷേത്രത്തിനുളളില്‍ കല്‍മണ്ഡപങ്ങള്‍, വരാന്ത, ബലിപീഠം തുടങ്ങിയവ കാണാന്‍ കഴിയും. തീര്‍ത്ഥങ്കരന്‍മാരുടെയും മറ്റ് ദേവകളുടെയും വിഗ്രഹങ്ങള്‍ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് പ്രതിഷ്ഠകളാണുളളത്. നടുക്കായി മഹാവീര തീര്‍ത്ഥങ്കരന്‍, ഇടത് വശത്ത് പാര്‍ശ്വനാഥനെയും. വലതുവശത്ത് പത്മാവതി ദേവിയും. മധ്യഭാഗത്ത് മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ഗോപുരം. നിരവധി കല്‍തൂണുകളും ക്ഷേത്രത്തിനുളളില്‍ കാണാം. ഗുഹാ ക്ഷേത്രത്തിനുളളില്‍ നിന്നും പുറത്തേക്കുളള കാഴ്ചയും അതിമനോഹരമാണ്.
13-ാം നൂറ്റാണ്ടിലാണത്രേ ഇവിടം ഒരു ക്ഷേത്രമായി മാറിയത്. ചന്ദ്രഗുപ്തമൗര്യന്‍റെ കാലത്തുണ്ടായിരുന്ന ജൈനന്‍മാരുടെ ശിഷ്യന്മാരായിരിക്കാം ധ്യാനത്തിനായി ഈ മലമുകള്‍ തിരഞ്ഞെടുത്തത്. തിരുചരണ്‍മല എന്നാല്‍ ചരണന്‍മാരുടെ പുണ്യമല എന്നാണ് അര്‍ഥം. മഹാവീരന്‍െറ ശിഷ്യന്മാര്‍ മതപ്രചരണവുമായി ഇവിടെ എത്തിയെന്നും അവര്‍ ഇവിടെ മതപ്രചരണം നടത്താന്‍ ശ്രമിച്ചെന്നും പറയപ്പെടുന്നു. പിന്നീട് അവിടെ ഒരു ക്ഷേത്രം പണിതു എന്നും അത് നാട്ടുകാര്‍ ഏറ്റെടുത്തു എന്നുമാണ് ഐതിഹ്യം. ഇപ്പോള്‍ രാവിലെയും വൈകുന്നേരവും പൂജ നടക്കുന്നു. ഇപ്പോള്‍ ഈ ക്ഷേത്രം ദേവസ്വം ബോര്‍ഡിന് കീഴിലാണ്.
ക്ഷേത്രത്തിന് മുന്നിലുളള പടികള്‍ ഇറങ്ങിചെല്ലുന്നത് ഒരു വലിയ പാറക്കുളത്തിലേക്കാണ്. അങ്ങിങ്ങ് മീന്‍ ഓടിക്കളിക്കുന്നത് കാണാം. പക്ഷെ വെളളം വൃത്തിയില്ലാത്ത അവസ്ഥയിലാണ്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും നിക്ഷേപിച്ച് സന്ദര്‍ശകര്‍ വൃത്തികേടാക്കിയ കുളം. കാറ്റിന് വീണ്ടും ശക്തി കൂടി. കുളത്തിന് സമീപത്തുളള പാറയില്‍ കയറിയാല്‍ പരസ്പരം പിടിച്ച് വേണം നില്‍ക്കാന്‍. അതിശക്തമായ കാറ്റ്. ഈ വലിയ പാറയുടെ താഴെയായി മറ്റൊരു പാറയുണ്ട്. ഇതാണ് ഉറുഞ്ചി പാറ. ഈ പാറക്കുളളില്‍ ഒരു വലിയ ദ്വാരമുണ്ട്. ഈ ദ്വാരത്തില്‍ മൂക്ക് ഉറപ്പിച്ച് നാക്ക് കൊണ്ട് നമുക്ക് വെളളം കുടിക്കാം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതിനാലാകാം ഈ പാറയ്ക്ക് ഉറുഞ്ചി പാറ എന്ന പേര് ലഭിച്ചത്.
തിരികെ പടികള്‍ കയറി വീണ്ടും മൂന്ന് കല്‍ കവാടത്തിലെത്തി വലതുവശത്തേക്ക് തിരിഞ്ഞാല്‍ ക്ഷേത്രത്തിന് മുകളിലത്തൊം. അവിടെ നിന്നുളള കാഴ്ചകളും അതിമനോഹരം തന്നെ. ക്ഷേത്രത്തിനുളളില്‍ നിന്നുളള ഗോപുരത്തിനടുത്ത് നില്‍ക്കാം. താഴേക്ക് നോക്കിയാല്‍ ക്ഷേത്രത്തിന്‍റെ മുറ്റവും പരിസരവും കാണാം. തിരികെ പടിയിറങ്ങി ആല്‍മരത്തിന് ചുവട്ടിലെത്തി മുന്നോട്ട് നടന്നാല്‍ അടുത്ത പാറയായി. അതിന് മുകളില്‍ നിന്നാല്‍ വീണ്ടും ചില വിസ്മയകാഴ്ചകള്‍. ജീവിതയാത്രയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. അത്രയേറെ കാഴ്ചകളുടെ പൂരം സൃഷ്ടിക്കുന്നതാണ് ചിതറാള്‍.
തമിഴ്നാട്ടിലാണെങ്കിലും കേരളത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണിത്. തിരുവനന്തപുരത്ത് നിന്നും 52 കിലോമീറ്റര്‍ മാത്രം ദൂരം. കന്യാകുമാരിക്ക് പോകുന്നവര്‍ ഇതിനടുത്തുളള പത്മനാഭപുരം കൊട്ടാരം കാണാറുണ്ടെങ്കിലും ഈ സ്ഥലത്തേക്ക് പോകാറില്ല. മാര്‍ത്താണ്ഡത്ത് നിന്നും ഏഴു കിലോമീറ്റര്‍ മാത്രം. മാര്‍ത്താണ്ഡത്ത് നിന്നും പേച്ചിപ്പാറയ്ക്കുളള വഴിയില്‍ ആറ്റൂരില്‍ നിന്നും തിരിഞ്ഞ് യാത്ര ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ ആര്‍ച്ച് കാണാം. ഇവിടെ നിന്ന് കന്യാകുമാരിക്ക് 57 കിലോമീറ്റര്‍ മാത്രം.
പോകുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.