ശങ്കരന്‍ കോവിലിലെ പൂക്കാലങ്ങള്‍

ശങ്കരന്‍ കോവിലിലെന്നും പൂക്കാലമാണ്. നോക്കെത്താ ദൂരത്തെ പാടങ്ങളിലെല്ലാം സദാ പിച്ചിയും മുല്ലയും അരുളിയും ചെണ്ടുമല്ലിയും സൂര്യകാന്തി പൂക്കളുമെല്ലാം വിരിഞ്ഞ് വിടര്‍ന്നുനില്‍ക്കും. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്‍പ്പെടുന്ന ഈ കാര്‍ഷിക ഗ്രാമത്തില്‍നിന്നാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് പൂക്കളെത്തുന്നത്. പട്ടണനടുവിലെ ശങ്കരനാരായണന്‍ കോവിലിനുള്ളിലാണ് പൂ മാര്‍ക്കറ്റ്. തിരുവിതാംകൂര്‍, മധ്യതിരുവിതാംകൂര്‍ മേഖലകളില്‍ പൂക്കളുടെ വില നിശ്ചയിക്കുന്നത് ഇവിടത്തെ ലേല ഹാളിലാണ്. ദിവസവും കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് ഇവിടെനിന്ന് കോട്ടവാസല്‍ അതിര്‍ത്തി കടന്നെത്തുന്നത്. മലനിരകള്‍ താണ്ടി ദിനവും ശങ്കരന്‍ കോവിലില്‍നിന്ന് പൂവണ്ടികളെത്തിയില്ലെങ്കില്‍ കേരളത്തില്‍ വിവാഹവും പൂജയുമടക്കം മുടങ്ങുമെന്ന സ്ഥിതിയിലാണ്.

പൂക്കള്‍ വില്‍ക്കുന്നവര്‍
 


ചുടുവെയിലിലും 'വസന്ത'കാലമൊരുക്കാനുള്ള പെടാപ്പാടിലാണവര്‍.ബി.സി 900ത്തില്‍ ഉക്കിര പാണ്ഡ്യനാണ് ശങ്കരന്‍ കോവില്‍ നിര്‍മിച്ചത്. 52 മീറ്റര്‍ ഉയരമുള്ള ക്ഷേത്രത്തിന്റെ വലതുഭാഗത്തായാണ് ലേല ഹാള്‍. രാവിലെ എട്ടുമണിക്ക് ലേലം തുടങ്ങും. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്  ഇരുചക്രവാഹനങ്ങളിലും പൂക്കള്‍ തലച്ചുമടാക്കിയും കര്‍ഷകര്‍ ഇവിടെത്തും. കല്‍ത്തൂണുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റില്‍ 32 മേശകളിലാണ് കച്ചവടം. കര്‍ഷകര്‍ കൊണ്ടുവരുന്ന പൂക്കള്‍ കമീഷന്‍ ഏജന്റുമാര്‍ ഇവിടെ ലേലത്തിന് വെക്കും. കവറുകളിലും ചാക്കുകളിലുമായി കൊണ്ടുവരുന്ന പൂക്കള്‍ മേശമേല്‍ തട്ടിയാലുടന്‍ ലേലം വിളിയാവും. കര്‍ഷകരോട് ഏകദേശ വിലപറഞ്ഞ് ഏജന്റുമാര്‍തന്നെ പൂക്കള്‍ അളന്നെടുക്കും. ഇരുകൈകളുടെയും മുട്ടുവരെയുള്ള ഭാഗം കൊണ്ട് പൂക്കള്‍ ഇടഞ്ഞാണ് തൂക്കം നിശ്ചയിക്കുക. ഇത്തരത്തിലുള്ള തൂക്കംനോക്കല്‍ കൃത്യമായിരിക്കും. കൈ ത്രാസ് ഉപയോഗിച്ച് തൂക്കം നോക്കുന്നവരുമുണ്ട്.


പത്തരകഴിയുമ്പോഴാണ് കേരളത്തില്‍നിന്നുള്ള ഓര്‍ഡര്‍ അനുസരിച്ച് വില നിശ്ചയിക്കുന്നത്. ഓര്‍ഡര്‍ കൂടുതലെങ്കില്‍ വില കുതിച്ചുയരും. വില എത്ര കൂടിയാലും കര്‍ഷകന് ലേലം പറഞ്ഞ തുക മാത്രമാവും ലഭിക്കുക. ലാഭമെല്ലാം ഏജന്റുമാര്‍ക്കും. മുല്ലയും പിച്ചിയും അരുളിയും കേന്തിയും (ബന്തി) ജമന്തിയും റോസും കനകാംബരവുമെല്ലാം ലേല മേശമേല്‍ വന്നു നിറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ പ്രധാന കച്ചവടമുണ്ടാകാറ്  ഓണവിപണിയിലാണെന്ന് പൂ വ്യാപാര സംഘടനയുടെ പ്രധാന ഭാരവാഹിയായ അരുണാചലം പറഞ്ഞു. ഇദ്ദേഹത്തിന് മലയാളവും വഴങ്ങുന്നുണ്ട്. നിലവിലെ വിലയെക്കാള്‍ ഓണ സീസണില്‍ മൂന്നും നാലും ഇരട്ടി വില ലഭിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. പൂ വ്യാപാരികള്‍ക്ക് ലേല മാര്‍ക്കറ്റില്‍തന്നെ  രണ്ട് സംഘടനകളുണ്ട് -ഒന്ന് തദ്ദേശീയവും മറ്റൊന്ന് കേരളത്തില്‍ വ്യാപാരം നടത്തുന്നവര്‍ക്കും. ബന്തിയും സമ്മംഗിയും (ട്യൂബ് റോസ്) കൂടുതലായി വരുന്നുണ്ട്. ഇടക്കിടെ തെറ്റിയും കനകാംബരവും ചെറിയതോതില്‍ കൊണ്ടുവരുന്നുണ്ട്. പൂക്കള്‍ക്ക് പുറമെ തുളസിയില മുതല്‍ വാഴനാര് വരെ ലേല ഹാളിലേക്കെത്തുന്നുണ്ട്.

 

പൂമാര്‍ക്കറ്റ്‌
 


സുരണ്ട വഴി മടങ്ങുമ്പോള്‍ പിച്ചിയും മുല്ലയും ജമന്തിയും നിറയെ പൂത്തുകിടക്കുന്ന പാടത്തിറങ്ങി കാമറക്കണ്ണു തുറക്കുമ്പോഴാണ് അതിലേക്ക് സെല്ലത്തായ് നടന്നുകയറിയത്. സഹോദരിക്കൊപ്പം മല്ലികയിറുക്കുന്ന തിരക്കിലായിരുന്നു ആ പാട്ടിയമ്മ. പൂ കൃഷിയെ കുറിച്ചാണ് ചോദിച്ചതെങ്കിലും എറണാകുളത്തെക്കുറിച്ചായിരുന്നു അവരുടെ വര്‍ത്തമാനമെല്ലാം. കഴിഞ്ഞ 40 വര്‍ഷം എറണാകുളം സൗത് റെയില്‍വേ സ്‌റ്റേഷനടുത്ത് മുറുക്കാന്‍കട നടത്തുകയായിരുന്നു സെല്ലത്തായ്. മെട്രോ റെയില്‍ സ്ഥാപിക്കാനായി സ്ഥലമേറ്റെടുത്തപ്പോള്‍ സെല്ലത്തായും പെട്ടിക്കടയും വഴിയാധാരമായി. ചേക്കേറാന്‍  മറ്റിടങ്ങളില്ലാതായതോടെ ജന്മനാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജീവിതത്തിലേറിയ പങ്കും മലയാളികള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞത്. ഇന്നിപ്പോള്‍ മലയാളിക്കുവേണ്ടി പൂ വിരിയിക്കുന്ന തിരക്കിലും. 'മുറുക്കാന്‍കട പാട്ടി'യെന്ന് ചോദിച്ചാല്‍ സൗത്തിലെ എല്ലാവരും അറിയും. പൊലീസുകാരും ഡ്രൈവര്‍മാരും യൂനിയന്‍കാരുമെല്ലാം നല്ല സഹകരണമായിരുന്നു. ഉപജീവനമാര്‍ഗം പോയതോടെയാണ് നാട്ടിലേക്ക് വന്നത്. പിന്നീട് അവിടേക്ക് മടങ്ങിപ്പോയില്ലെന്ന് സെല്ലത്തായ് പറഞ്ഞുനിര്‍ത്തുമ്പോള്‍ മിഴികള്‍ നിറഞ്ഞൊഴുകിയിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരൊന്നുകൂടി ചോദിച്ചു, 'ആ റെയില്‍ വണ്ടി ഓടിത്തുടങ്ങിയോ മോനേ?'

ബാനുവും കവിതയും
 


ശിവല പെട്ടിയിലേക്കുള്ള വഴിവക്കിലാണ് ബാനുവിനെയും കവിതയെയും കണ്ടത്. അപ്പായെയും അമ്മായെയും സഹായിക്കാനായി അരുളി നുള്ളാനിറങ്ങിയതായിരുന്നു ഇരുവരും. അരുളി മാത്രമല്ല, കേന്തിയും ജമന്തിയുമെല്ലാം ഇവരുടെ പാടത്ത് പൂത്തുവിടര്‍ന്ന് കിടപ്പുണ്ട്. പരീക്ഷണത്തിനായി ചെറിയ രീതിയില്‍ മരച്ചീനികൃഷിയും നടത്തുന്നുണ്ട്.

ചേരമനും ഭാര്യയും
 


ചേരമനെയും ഭാര്യ രാമലക്ഷ്മിയെയും കണ്ടത് ശിഖാമണിയിലെ വീടിന് മുന്നിലാണ്. ഇരുവരും പിച്ചിപ്പൂക്കള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. കൃഷിയിറക്കലിനനുസരിച്ച് ലാഭം കിട്ടുന്നുണ്ടെന്നാണ് ഇരുവരുടെയും അഭിപ്രായം. പൂക്കള്‍ക്ക് പുറമെ പച്ചക്കറിയും കൃഷിയിറക്കുന്നുണ്ട്. വെള്ളക്കുറവ് പലപ്പോഴും കൃഷിയെ ബാധിക്കാറുണ്ട്. ചേരമന്റെ കൃഷിയിടത്തില്‍ പിച്ചിക്കും മുല്ലക്കും പുറമെ റോസയും ജമന്തിയും കേന്തിയും കൃഷി ചെയ്യുന്നുണ്ട്. ജമന്തി നട്ടാല്‍ 40 ദിവസത്തിനകം പൂവ് കിട്ടിത്തുടങ്ങും. ഇത് മൂന്നുമാസം വരെ തുടരും. ഒരേക്കറിലെ ജമന്തി കൃഷിക്ക് 60,000 മുതല്‍ 70,000 രൂപ വരെ ചെലവ് വരാറുണ്ട്. എന്നാല്‍, 7000 കിലോ വരെ പൂവ് കിട്ടും. സാധാരണ ജമന്തിക്ക് 60 മുതല്‍ 65 വരെ വില കിട്ടും. സീസണില്‍ കുറച്ച് കൂടുതല്‍ വില ലഭിക്കും. ഏതായാലും പൂ കൃഷി നഷ്ടമല്ലെന്നാണ് ചേരമന്റെ അഭിപ്രായം.


മുരുകേശന്റെ പാടം മുഴുവന്‍ സൂര്യകാന്തി പൂക്കളാണ്. നാലേക്കറിലാണ് മഞ്ഞപ്പട്ട് വിരിച്ച് സൂര്യകാന്തികള്‍ വിരിഞ്ഞുകിടക്കുന്നത്. വിത്ത് വിതച്ചാല്‍ മൂന്നുമാസത്തിനുള്ളില്‍തന്നെ പൂക്കള്‍ വിടരും. പിന്നെ ഇതളൂര്‍ന്നുവീണ് ഉണങ്ങുമ്പോള്‍ അരി ശേഖരിക്കും. ഒരേക്കറിലെ സൂര്യകാന്തി കൃഷിക്ക് 6000 രൂപ വരെയാണ് ചെലവ്. ഒരേക്കറില്‍നിന്ന് എട്ടു മുതല്‍ പത്തു കിന്റല്‍ വരെ വിളവ് ലഭിക്കും. കുടുംബത്തോടൊപ്പമാണ് മുരുകേശന്റെയും കൃഷിയിറക്കല്‍. തെങ്കാശിയും ഇലത്തൂരും കടന്ന് ഭഗവതിപുരത്തെത്തും വരെ വഴിയരികില്‍ പൂപ്പാടങ്ങള്‍  കാഴ്ചകളൊരുക്കി നിന്നിരുന്നു. മലയാളിക്കായി അവ വിരിഞ്ഞുവരുന്നു. പാകമായവ പൂവണ്ടികളിലേറി മുന്നിലൂടെ കേരളത്തിലേക്ക് പാഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നു.                  

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.