ആകാശത്തോട് അത്രയും ചേർന്ന് നിൽക്കുന്നൊരിടം. കഥകളിലും,നോവലിലും മാത്രം കണ്ടു പരിചയപ്പെട്ടൊരു മാന്ത്രികത. ഒറ്റയ്ക്കിരുന്നു സ്വപ്നം കാണാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് റാസൽ ഖൈമയിലെ ജബൽ അൽ ജൈസ് മലനിരകൾ. യു.എ.ഇ യിലെ ഏഴ് എമിറേറ്റുകളിൽ ഒന്നാണ് റാസൽ ഖൈമ. യു.എ.ഇ യുടെ വടക്കേ അറ്റം. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ മലനിരകളാണ് ജബൽ അൽ ജയ്സ്. ഒമാനിന് ഇടയിലുള്ള അതിർത്തിയും റാസൽ ഖൈമയിലെ ഈ മലനിരകളാണ്. 1684 ചതുരശ്ര കിലോമീറ്റർ വലുപ്പവും രണ്ടു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുമാണ് റാസൽ ഖൈമക്കുള്ളത്. ഫലഭൂയിഷ്ഠമായ മണ്ണും, മഴയുടെയും ഭൂഗര്ഭജലത്തിന്റെയും അധികലഭ്യതയും ഈ ദേശത്തെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
"ഉച്ച ഭക്ഷണം വാങ്ങീട്ട് പുറപ്പെടാം. തിരിച്ചെത്താൻ വൈകും." കൂടെയുണ്ടായിരുന്ന വഴികാട്ടിയും വണ്ടിമുതലാളിയും ആതിഥേയനും ഗൾഫുകാരനും സർവോപരി സ്നേഹനിധിയുമായ കസിൻ സഹോദരൻ ആദ്യമേ ഉത്തരവിട്ടു. അങ്ങനെ യാത്ര പുറപ്പെട്ട കാറിലെ മിച്ചം വന്ന സ്ഥലം മുഴുവൻ ഭക്ഷണപ്പാക്കറ്റുകൾ കയ്യേറി. തിരക്കേറിയ നഗരത്തിലൂടെ ഓടിയ വണ്ടി, ഒരു റൌണ്ട് ചുറ്റി ഉള്ളിലേക്ക് പോകാൻ തുടങ്ങി. പരന്നു കിടക്കുന്ന മരുഭൂമിക്കും, മണലിനുമിടയിൽ കുറ്റിച്ചെടികൾ മുളച്ചു. മണൽത്തരികൾ മാറി ഉരുളൻ കല്ലുകളാകാൻ തുടങ്ങി.
പരസ്പരം ഉരസി ഉരുണ്ട് അടർന്നു വീണതുപോലുള്ള കല്ലുകൾ. നാട്ടിലെ പുഴയിലെ വെള്ളാരം കല്ലുകളാണ് ഓർമ്മ വന്നത്. സ്കൂൾ കാലത്ത് , പൊന്ന്യം പുഴ കടന്നുള്ള യാത്രകളിൽ അങ്ങനെ എത്രയെത്ര കല്ലുകളാണ് ഞാനും അനിയനും പെറുക്കിക്കൂട്ടിയത്. ചിലപ്പോ ഈ റാസൽ കൈമയിലും പണ്ടൊരു വലിയ ജല സ്ത്രോതസ്സോ പ്രളയമോ ഉണ്ടായിരുന്നിരിക്കാം. അതിൽപെട്ട് രൂപമാറ്റം സംഭവിച്ചു വന്നെത്തിയ കല്ലുകളാവാം ഇവയൊക്കെ. അഞ്ചുമിനിറ്റ് കാർ നിർത്തിയ ഇടവേളയിൽ മാതാശ്രീയുടെയും അമ്മാവന്റെയും പാരമ്പര്യം നിലനിർത്താനെന്നോണം വാവ ഒന്നുരണ്ടു കല്ലുകളെടുത്ത് പോക്കറ്റിലിട്ടു. വലുപ്പം കൂടിക്കൊണ്ടിരിക്കുന്ന കുറ്റിച്ചെടികൾക്കും , ഉരുളൻ കല്ലുകൾക്കുമൊപ്പം കാർ പിന്നെയും ഓടി.
ഓരോവട്ടം കാറിൻെറ ചില്ലുഗ്ലാസ്സ് താഴ്ത്തുമ്പോഴും വെയിലും ചൂടും പുറകിലേക്ക് ഓടിമറയുന്നതും തണുത്ത കാറ്റ് ഉള്ളിലേക്ക് കയറി വരുന്നതും ഞങ്ങൾ ആസ്വദിക്കുന്നുണ്ടായിരുന്നു. കല്ലുകൾ വലുതായി ചെറിയ ചെറിയ മലകൾ രൂപപ്പെട്ടു തുടങ്ങി. കാറ്റ് പിന്നെയും തണുപ്പിെൻറ കട്ടി കൂടിയ കുപ്പായങ്ങൾ പുതച്ചു കൊണ്ടിരുന്നു. തണുപ്പ് കൂടിയിട്ടാവണം വിരലുകൾ കുറേശ്ശേ മരവിക്കുന്നുണ്ടായിരുന്നു. മലനിരകൾ എന്ന് പറയുമ്പോൾ തന്നെ മലയാളിയുടെ മനസ്സ് പച്ച പെയിന്റ് എടുത്ത് വയ്ക്കും. വയനാടും കണ്ണവവും മൂന്നാറും കാട്ടിത്തന്നതിൽ നിന്ന് വ്യത്യസ്തമായി വരണ്ട കുന്നുകളായിരുന്നു അധികവും. പച്ചപ്പില്ലാതെ, ഭീമാകാരൻ കല്ല് ചെത്തി ഉയർത്തിയത് പോലെ, വളർന്നു പരന്ന് കൂറ്റൻ കുന്നുകൾ വളഞ്ഞു പുളഞ്ഞു ഉയരാൻ തുടങ്ങി.
ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരുപാട് കുന്നുകൾ ചേർന്നൊട്ടി നിൽക്കുന്ന കാഴ്ച. ഓരോ മലയിടുക്കും, ഓരോ കൂറ്റൻ കുന്നിനപ്പുറവും ഭൂപ്രകൃതി മാറിക്കൊണ്ടേയിരുന്നു. ഒരിടത്ത് വെയിലാണെങ്കിൽ തൊട്ടപ്പുറത്ത് തണുപ്പ്. ഒരിടത്ത് ചരലുകൾ മാത്രമാണെങ്കിൽ തൊട്ടപ്പുറത്ത് ചെറിയ വള്ളികളും കുറ്റിച്ചെടികളും നിറഞ്ഞ പച്ചപ്പ്. ഇടയ്ക്കിടെ മലയിടുക്കുകളിൽ ചെറിയ ചെറിയ നീർക്കെട്ടുകളും കണ്ടു. ഓരോ തവണ നോക്കുമ്പോഴും, എന്നോ വെള്ളം ശക്തിയായി ഒലിച്ചിറങ്ങിയ പോലെയോ, വെള്ളത്തിനടിയിൽ പെട്ട് തമ്മിലുരസിയ പോലെയോ ആണ് ആ കൽക്കുന്നുകളെക്കുറിച്ച് എനിക്ക് തോന്നിയത്.
വയറ് അലാറം അടിച്ചപ്പോൾ, പച്ചപ്പും തണുപ്പുമുള്ളൊരു മലനിരയുടെ വിടവിൽ റോഡരികിലായി വണ്ടി നിർത്തി. നേർത്ത ഇലകളുള്ള വള്ളികൾ നിലത്ത് ചരൽക്കല്ലിന്മേൽ കുഷ്യൻ വിരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെല്ലാം നിലത്ത് വട്ടത്തിലിരുന്നു. കാറ്റ് നല്ല ശക്തിയായി വീശുന്നുണ്ടായിരുന്നു. ഓരോ തവണ എടുത്ത് വയ്ക്കുമ്പോഴും കനം കുറഞ്ഞ പേപ്പർ പൊതികളും പേപ്പർ പ്ലേറ്റുകളും ഗ്ലാസുകളും എല്ലാം കാറ്റെടുത്ത് പറത്തിക്കൊണ്ടിരുന്നു. മന്തിച്ചോറിൻെറ മണത്തിനൊപ്പം തണുപ്പും, മൂക്കിലേക്കും വിരലിലൂടെ വായിലേക്കും വയറ്റിലേക്കും ഊളിയിട്ടു. മറ്റുവാഹനങ്ങളിൽ നിന്നും ഇറങ്ങിയവരുടെ കയ്യിലൊക്കെ ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റവും, ഇറച്ചി വറുക്കാനുള്ള ഇരുമ്പു കമ്പികളുമൊക്കെ ഉണ്ടായിരുന്നു.
കുന്നുകളുടെ വിശാലതയിൽ, ഓരോ യാത്രാക്കൂട്ടവും അവരവരുടെ സ്വകാര്യ ഇടങ്ങൾ കണ്ടെത്തി പാചകവും തീറ്റയുമൊക്കെ കൊഴുപ്പിക്കുകയാണ്. വിശാലതയിലെ ആ കുഞ്ഞു സ്വകാര്യതകളും അതിലെ സ്നേഹവും സന്തോഷവുമൊക്കെയായിരിക്കാം ജബൽ അൽ ജെയ്സിലേക്ക് ഇത്രയേറെ സഞ്ചാരികളെ ആകർഷിക്കുന്നത്. പല സംഘങ്ങൾ അങ്ങനെ പലയിടത്തായി ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നെങ്കിലും അവശിഷ്ടങ്ങളോ പേപ്പർ കഷ്ണങ്ങളോ പ്ലാസ്റ്റിക് കവറുകളോ ചിതറിക്കിടക്കുന്നത് കാണാനുണ്ടായിരുന്നില്ല. ബാക്കി വന്ന അവശിഷ്ടങ്ങൾ ഭംഗിയായി കാർഡ്ബോർഡ് പെട്ടിയിൽ പൊതിഞ്ഞു ഞങ്ങളും വണ്ടിയുടെ ഡിക്കിയിലേക്കിട്ടു.
ഭക്ഷണം കഴിഞ്ഞു എഴുന്നേൽക്കുമ്പോഴാണ് ജബൽ അൽ ജെയ്സിലെ ആദ്യ ജീവിയെ (മനുഷ്യനല്ലാത്ത) ഞങ്ങൾ കണ്ടത്. വളഞ്ഞ ചെറിയ കൊമ്പുകളുള്ള ആടുകളായിരുന്നു അത്. കറുപ്പും, വെളുപ്പും, ചാരനിറവും ഒക്കെ ചേർന്ന് കുന്നിൽ നിന്ന് ഒരു കഷ്ണം ഇളകി നീങ്ങുന്നു എന്നെ പെട്ടന്ന് കണ്ടാൽ തോന്നുകയുള്ളൂ. വഴി കുറേക്കൂടെ ചെങ്കുത്തായി കൊണ്ടിരുന്നു. റോഡ് നിർമാണത്തിലെ പൂർണത അഭിനന്ദനീയം തന്നെ. വഴിക്കിരുവശത്തുമുള്ള കുഞ്ഞു കുഞ്ഞു സമതലങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഉരുളൻ കല്ലുകളും കുറ്റിച്ചെടികളും കാണാനില്ല. ഉയർന്ന കൂറ്റൻ മലനിരകൾ മാത്രം.
കൂട്ടിനു തണുപ്പും മഞ്ഞും ഇറങ്ങി വന്നു. കൂറ്റൻ കുന്നുകൾ ആകാശത്തോളം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മഞ്ഞാണോ മേഘമാണോ എന്ന് തിരിച്ചറിയാനാവാതെ ആകാശത്തിനും ഭൂമിക്കുമിടയിൽ നിൽക്കുന്ന പോലെ . ഓരോ വളവുകളും കയറ്റങ്ങളും ഇത്തിരി നടന്നാൽ ആകാശം തൊടാമെന്നു മോഹിപ്പിച്ചു കൊണ്ടിരുന്നു.
മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച ആത്മഹത്യാമുനമ്പുകളുടെ ഒരു ആജാനുബാഹു പതിപ്പായിരുന്നു. താഴേക്കു നോക്കിയാൽ അഗാധത,മുകളിലേക്ക് നോക്കിയാൽ ആകാശത്തിന്റെ വിശാലത. എത്രനേരം വേണമെങ്കിലും അവിടെ വെറുതെ ഇരിക്കാമെന്നു തോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.