ഒറ്റക്കൊരു യാത്ര പോകാന്‍, മഞ്ഞുപെയ്യുന്ന കുന്നിന്‍ചെരുവിലെ നിശബ്​ദതയില്‍ ദൂരേക്ക് കണ്ണെറിഞ്ഞ് ഒറ്റക്കിര ിക്കാന്‍ മോഹമില്ലാത്തവര്‍ ആരാണുള്ളത്.

അങ്ങനെയൊരു അനുഭൂതി അനുഭവിച്ചറിയാന്‍ കോടമഞ്ഞും കാടും കാട്ടുമഴയ ും കാട്ടുപൂക്കളും കാട്ടുകിളികളുമൊക്കെയുള്ള ഇടത്തേക്കാണ് ഇത്തവണ യാത്ര പോകുന്നത്. മഞ്ഞു പെയ്യുന്ന, മരം കുളിര ുന്ന നാട്ടിലേക്ക്... മഞ്ഞൂരിലേക്ക്​...

ഒറ്റക്ക് ബൈക്കിലാണ് സഞ്ചാരം. വീട്ടില്‍ നിന്നിറങ്ങിയത് രാവിലെ പത്ത് മ ണിക്ക്. നിലമ്പൂരിലെ നാടുകാണി ചുരവും കയറി ഗൂഡല്ലൂരിലൂടെ വഴിയോരക്കാഴ്ചകള്‍ കണ്ട്, ഉൗട്ടിയെത്തിയപ്പോള്‍ വെയി ല്‍ വീണുതുടങ്ങിയിരുന്നു. ടൗണില്‍ റൂമെടുത്ത് തണുത്തുറഞ്ഞ ഐസ് വെള്ളത്തില്‍ കുളിച്ചപ്പോള്‍ യാത്രാക്ഷീണമെല്ലാ ം മാറി. ഇരുട്ടാന്‍ ഇനിയും സമയമുള്ളതിനാല്‍, യാത്രാ ലിസ്​റ്റിൽ ഇല്ലായിരുന്നിട്ടും ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ കയ റി.

സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും വിനോദയാത്ര വന്ന വിദ്യാര്‍ഥികള്‍ വട്ടത്തില്‍ ഇരിക്കുന്നു. വെളുത്ത നിറത്തില്‍ നിറയെ പൂക്കളുള്ള മരച്ചുവട്ടില്‍ ഞാനുമിരുന്നു. വിദ്യാര്‍ഥികള്‍ പാട്ടുപാടിയും കവിതകള്‍ ചെ ാല്ലിയും ആഘോഷത്തിലാണ്. രാത്രിയോടെ പുറത്തിറങ്ങി മഞ്ഞനിറം പൊഴിക്കുന്ന തെരുവുവിളക്കുകള്‍ക്ക് ചുവട്ടിലൂടെ ന ടന്നു തുടങ്ങി.

റോഡോരങ്ങളില്‍ മുല്ലപ്പൂവും മല്ലിപ്പൂവും വില്‍ക്കുന്ന തമിഴത്തിപ്പെണ്ണുങ്ങള്‍. ആപ്പിളും ഓറഞ്ചുമെല്ലാം വാങ്ങിക്കുന്ന സഞ്ചാരികള്‍. തട്ടുകടയില്‍നിന്ന് തമിഴ്നാടി​​െൻറ തനത് രുചിയുള്ള ചായയും ചൂടുദോശയ ും ചട്ണിയും സാമ്പാറും മുളകരച്ച ചമ്മന്തിയും കഴിച്ചപ്പോള്‍ വിശപ്പിന് തെല്ലാശ്വാസം തോന്നി. മഞ്ഞവെളിച്ചത്തില േക്ക് പൊഴിയുന്ന മഞ്ഞുകണങ്ങളെ വകഞ്ഞുമാറ്റി ഇരുട്ടിലൂടെ നടന്ന് റൂമിലെത്തി.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍...
രാ വിലെ എട്ട് മണിക്ക് മഞ്ഞി​​െൻറ നാട്ടിലേക്ക്​, മഞ്ഞൂരിലേക്ക് യാത്രയാരംഭിച്ചു. മുള്ളി ചെക്ക്പോസ്​റ്റും കടന്ന് അട്ടപ്പാടിയിലൂടെ വീടെത്തുകയാണ് ലക്ഷ്യം. പറഞ്ഞുകേട്ടും വായിച്ചും അറിഞ്ഞ അപരിചിതമായ ഈ റൂട്ടിലൂടെ പോകുന്നത് ആ ദ്യമായാണ്. അതിനാല്‍ ഇരുട്ടുംമുമ്പ് അട്ടപ്പാടിയെത്തണം എന്നായിരുന്നു തീരുമാനം.

കാഴ്ചകള്‍ മതിവരുവോളം ആസ്വ ദിച്ച് വെറും 20 കിലോമീറ്റര്‍ വേഗതയിലാണ് ബൈക്ക് പോകുന്നത്. ഇരുഭാഗത്തും കൃഷിയിടങ്ങളും കണ്ണെത്താദൂരം തേയിലക്ക ുന്നുകളും ഉള്ള പ്രദേശങ്ങളാണ്. തേയിലക്കുന്നുകള്‍ക്ക് നടുവില്‍ നീലത്തടാകങ്ങളും കണ്ണിന് കുളിരുള്ള കാഴ്ചയൊരുക ്കി. കാരറ്റ്, ഉള്ളി, കാബേജ് തുടങ്ങിയവയാണ് കൃഷിയിടങ്ങള്‍.

ആവലാഞ്ചെ എന്ന സ്ഥലമായിരുന്നു ആദ്യ ലക്ഷ്യം. എന്നാല ്‍, മഴ പെയ്ത് റോഡ് തകര്‍ന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം താത്​കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ചാ യക്കടയിലെ ചേട്ടന്‍ പറഞ്ഞു. മണ്ണാര്‍ക്കാട്ടുകാരൻ ചേട്ട​​െൻറ കൊച്ചുകടയില്‍നിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. ച ന്ദനത്തിരിയുടെയും അടുക്കളയില്‍ നിന്നുയരുന്ന സാമ്പാറിന്‍െറയും ഇഴചേര്‍ന്ന മണം മത്തുപിടിപ്പിക്കുന്നു. തമിഴ്നാടന്‍ ഗ്രാമീണത തുളുമ്പി നില്‍ക്കുന്ന ചെറിയൊരു കവലയാണിത്.

മുള്ളിയിലേക്ക് ഒറ്റക്ക് പോകുമ്പോള്‍ സൂക്ഷിക്കണമെന്നും മിക്ക സമയങ്ങളിലും ആനകള്‍ റോഡില്‍ ഇറങ്ങിനില്‍ക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറച്ചുദൂരം കൊടുംകാടാണ്, വാഹനങ്ങള്‍ വളരെ കുറവായിരിക്കുമെന്ന മുന്നറിയിപ്പും നൽകി. ആനകളും കാട്ടുമൃഗങ്ങളുമുള്ള കാട്ടുപാതകളിലൂടെ എത്ര തവണ ഒറ്റയാനായി സഞ്ചരിച്ചിരിക്കുന്നു എന്ന് ഞാന്‍ പുഞ്ചിരിച്ചെങ്കിലും ആ മുഖത്തെ ആശങ്കയും ഭയവും മാറിയിരുന്നില്ല.

ബൈക്ക് മുള്ളി ലക്ഷ്യമാക്കി വിട്ടു. അതിനിടെ നാട്ടിൽ നിന്ന്​ വിളിച്ച സുഹൃത്തും ഈ റൂട്ടിനെ കുറിച്ച്​ പറഞ്ഞപ്പോൾ മുന്നറിയിപ്പ്​ നൽകി. മറ്റു കാടുകളെക്കാള്‍ വലിയ അപകടം എന്താണ് ഈ കാട്ടില്‍ ഒളിഞ്ഞിരിക്കുന്നത് എന്നായിരുന്നു എ​​െൻറ ചിന്ത. സുഖമുള്ള ഓര്‍മകളെ മാത്രം ഭാണ്ഡക്കെട്ടിൽ നിറച്ച്, നിറമുള്ള സ്വപ്നങ്ങളെ കൂട്ടുപിടിച്ചാണ് എന്നും യാത്രക്കിറങ്ങാറ്. അവിടെ ഭയമെന്ന വികാരത്തിന് സ്ഥാനമുണ്ടായിട്ടില്ല.

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആകാശത്തില്‍ പറന്നുനടക്കുന്ന അനുഭൂതി മറ്റേത്​ വാഹനത്തില്‍ സഞ്ചരിച്ചാലും അനുഭവിക്കാനാവില്ലെന്നോർത്ത്​ മുന്നോട്ടുതന്നെ നീങ്ങി. ഇരുഭാഗങ്ങളിലും തേയിലത്തോട്ടങ്ങള്‍, കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന മലയോരങ്ങള്‍. തണുപ്പിനെയും മാമലകളില്‍നിന്ന് പറന്നെത്തുന്ന മഞ്ഞുകണങ്ങളെയും കൂട്ടുപിടിച്ചുള്ള സഞ്ചാരം.

നിരവധി ഹെയര്‍പിന്‍ വളവുകളുള്ള പാതയിലൂടെ മൂളിപ്പാട്ടുകളുടെ അകമ്പടിയില്‍ പതിയെയാണ് ബൈക്ക് ഓടിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളുടെ സുഗന്ധമേറ്റ്, പക്ഷികളുടെ സംഗീതമാസ്വദിച്ച്...

കാടി​​െൻറ വന്യതയില്‍...
റോഡി​​െൻറ ഒരു ഭാഗം വലിയ കൊക്കയാണ്. ഒന്നു പിഴച്ചാല്‍ താഴെ വീഴും. കാടിനും നാടിനുമിടയില്‍ ഇവിടെ വനം വകുപ്പി​​െൻറ ചെക്ക്പോസ്​റ്റ്​ ഇല്ല. ഒരു ഹെയര്‍പിന്‍ വളവ് തിരിയവെയാണ് ആ കാഴ്ച കണ്ടത്. റോഡില്‍ ആവി പറക്കുന്ന ആനപിണ്ടങ്ങള്‍. തൊട്ടുമുമ്പ് ആനകള്‍ വന്നുപോയതിന്‍െറ എല്ലാ ലക്ഷണങ്ങളുമുണ്ട്. ശരീരം ചെറുതായൊന്നു വിറച്ചു.

നാടു കടന്ന് കാട്ടിലൂടെ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. തിരിച്ചുപോകാനും മുന്നോട്ട് പോകാനും കഴിയാത്ത അവസ്ഥ. എങ്കിലും മുന്നോട്ടുതന്നെ പോകാന്‍ തീരുമാനിച്ചു. ഓരോ ഹെയര്‍പിൻ വളവിലെത്തുമ്പോഴും അപ്പുറത്ത് ആനക്കൂട്ടമുണ്ടാകുമോ എന്ന ഭയത്താല്‍ ബൈക്ക് നിര്‍ത്തി സൂക്ഷ്മതയോടെയാണ് പോകുന്നത്. രണ്ടു വാഹനങ്ങള്‍ ഒരുമിച്ചുവന്നാല്‍ സൈഡ് കൊടുക്കാന്‍ പറ്റാത്ത, തകര്‍ന്നുകിടക്കുന്ന പാത.

മഴക്കാലത്ത് കുത്തിയൊലിച്ചത്തെിയ മണ്ണ് റോഡില്‍ പരന്നു കിടക്കുന്നതിനാല്‍ വേഗതയില്‍ പോകാനുമാവുന്നില്ല. വണ്ടി നിര്‍ത്തി മൊബൈലില്‍ നോക്കി. റേഞ്ച് കിട്ടുന്നില്ല. പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്​ഛേദിക്കപ്പെട്ടിരിക്കുന്നു. ദൂരം പോകുംതോറും കാടി​​െൻറ വന്യത കൂടിക്കൂടി വന്നു.

ആറേഴു കിലോമീറ്റര്‍ കാട്ടുപാത പിന്നിട്ടപ്പോള്‍ എതിരെ ജീപ്പ് വരുന്നു. യാത്രക്കാരും ഡ്രൈവറും 'ഇവന് വട്ടാണോ' എന്ന ഭാവത്തില്‍ ആശ്ചര്യത്തോടെ എന്നെ നോക്കി. അപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തത്. സാധാരണയായി യാത്രക്കിറങ്ങും മുമ്പ് ബൈക്ക് വർക്​ഷോപ്പില്‍ കാണിക്കാറുണ്ടായിരുന്നു. പെട്ടെന്നുള്ള യാത്രയായതിനാല്‍ അതിന് സാധിച്ചില്ല. ബൈക്ക് കേടുവന്ന് കാട്ടില്‍ നില്‍ക്കുമോ, ടയര്‍ പഞ്ചറായാല്‍ എന്ത് ചെയ്യും എന്നൊക്കെ മനസ്സിലേക്ക് കയറിവന്നതോടെ പാതിജീവന്‍ പോയി.

റോഡിലെ കുഴികളില്‍ വീണ് ഇടക്ക് ബൈക്ക് ഓഫാകുന്നുമുണ്ട്. തല വിയര്‍ത്ത് കവിളിലൂടെ വിയര്‍പ്പൊഴുകാന്‍ തുടങ്ങി. ഇടക്ക് കട്ടിയുള്ള കോടമഞ്ഞ് പറന്നെത്തി മുന്നോട്ടുള്ള കാഴ്ചകളെ മറച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ബൈക്ക് നിര്‍ത്തിയിട്ടു. മഞ്ഞുമാറിയാല്‍ വീണ്ടും സഞ്ചാരം. സാധാരണ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ വനംവകുപ്പി​​െൻറ വാഹനങ്ങള്‍ വരാറുണ്ട്. ഇത്തവണ അതുമില്ല.

വാഹനങ്ങളും ആളനക്കവും ഇല്ലാത്തതാണ് കാടിനെക്കാള്‍ ഭയപ്പെടുത്തുന്നത്. ചുരത്തിന് മുകളില്‍നിന്ന് നോക്കിയാല്‍ കണ്ണെത്താ ദൂരം മഞ്ഞുമലകളുടെ കാഴ്ചകള്‍ കാണാം. ഇനിയെത്ര സഞ്ചരിച്ചാലാണ് പുറംലോകത്തെത്തുക എന്നൊരു പിടിയുമില്ല. തണുപ്പ് തഴുകുന്ന അന്തരീക്ഷത്തിലും ശരീരം ചുട്ടുപൊള്ളുന്നു. ദാഹിച്ച് തൊണ്ട വരളാന്‍ തുടങ്ങിയിരിക്കുന്നു.

കുടിവെള്ളം പോലും കരുതാന്‍ മറന്നു. റോഡി​​െൻറ ചില ഭാഗങ്ങളില്‍ വനത്തിനുള്ളിലേക്ക് മാറി കാട്ടുചോല ഒഴുകുന്നുണ്ട്. പേടി കാരണം ചോല വെള്ളം കുടിക്കുക എന്ന ശ്രമം ഉപേക്ഷിച്ചു. നിശബ്​ദതയുടെ താഴ്വരയില്‍ ഭയത്തെ കൂട്ടുപിടിച്ച് മുന്നോട്ടുതന്നെ പോയി. ആനപ്പേടിയില്‍ വണ്ടി ഓഫ് ചെയ്ത് ശബ്​ദമില്ലാതെയാണ് ചുരമിറങ്ങുന്നത്. അതിനാല്‍ വഴിനീളെ കാടി​​െൻറ സുഖമുള്ള മര്‍മരം കേള്‍ക്കാം.

ധൈര്യത്തി​​െൻറ ചൂട്ട് മിന്നിച്ച മൂന്ന് മനുഷ്യര്‍...
വളവ് തിരിയവെ റോഡരികില്‍ വലതു ഭാഗത്തായി ഒരു തട്ടുകട. ആളും മനുഷ്യനുമില്ലാത്ത കാടകത്തെ കട അദ്ഭുതപ്പെടുത്തി. അവിടെ രണ്ടു ചേച്ചിമാരും ഒരു ചേട്ടനുമുണ്ട്. വണ്ടി ഒതുക്കിനിര്‍ത്തി കടയിലേക്ക് കയറി. മേശയിലെ പാത്രത്തില്‍ നിറച്ചുവെച്ചിരുന്ന വെള്ളം മുഴുവനും ഒറ്റയടിക്ക് കുടിച്ചുതീര്‍ത്തു. എ​​െൻറ വെപ്രാളവും വിറയലും കണ്ടിട്ടാകണം 'റോഡില്‍ എവിടേലും ആനകളെ കണ്ടോ' എന്നു ചോദിച്ച് അവര്‍ അടുത്തേക്ക് വന്നു.

ഇല്ലെന്ന് മറുപടി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ആനകള്‍ അടുത്ത ദിവസങ്ങളിലൊന്നും റോഡിലിറങ്ങിയിട്ടില്ലെന്നും അവര്‍ ധൈര്യം പകർന്നു. ഉള്ളില്‍ എരിഞ്ഞുകത്തുന്ന ഭയത്തിലേക്ക് തണുത്ത വെള്ളമൊഴിച്ച് തണുപ്പിക്കുന്നതുപോലെ കരുത്തും, മകനോടുള്ള വാല്‍സല്യവും കരുതലുമുണ്ടായിരുന്നു അവരുടെ വാക്കുകളില്‍. ഏതെങ്കിലും വാഹനം വരുമ്പോള്‍ അതിനുപിറകെ പോകാമെന്നുറപ്പിച്ച് അവിടെ ഇരിപ്പായി.

കാട്ടുപുളിമരത്തി​​െൻറ തണലിലിരുന്ന് ചേച്ചി ഇട്ടുതന്ന ചൂടുചായ ഊതിയൂതി കുടിക്കുമ്പോള്‍ അവര്‍ ഈ കാടിനെക്കുറിച്ച് ഓരോരോ കഥകള്‍ പറഞ്ഞുതന്നു. ഭീതിയൊളിപ്പിച്ച് വെച്ച കാടി​​െൻറയും കാട്ടുചോലകളുടെയും വന്യമൃഗങ്ങളുടെയും കഥകള്‍. കുറേസമയം അവരോട് സംസാരിച്ചിരുന്നപ്പോള്‍ പേടി ഒരുവിധം മാറിക്കിട്ടി. ഒരു മണിക്കൂര്‍ കഴിഞ്ഞെങ്കിലും ഒറ്റ വാഹനം പോലും വന്നില്ല.

ഇനിയും കാട്ടിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഇരുട്ടും മുമ്പ് കാട് കടക്കേണ്ടതിനാല്‍ മനമില്ലാ മനസ്സോടെ യാത്ര തുടരാന്‍ തീരുമാനിച്ചു. അവരോട്​ യാത്ര പറഞ്ഞ് ബൈക്കില്‍ കയറി. ഇലക്ട്രിസിറ്റി ബോര്‍ഡി​​െൻറ ഓഫിസുകളുണ്ട് പരിസരത്ത്​. ചെറിയ ക്വാര്‍ട്ടേഴ്സുകളും. കാനഡ വൈദ്യുതി ഉല്‍പാദന കേന്ദ്രത്തിനടുത്തായാണ് ഈ കട.

അല്‍പദൂരം ചെന്നപ്പോള്‍ ഒരു പാലം. പാലത്തിനടിയിലൂടെ ഒച്ചയിലൊഴുകുന്ന കാട്ടുചോല. പളുങ്കുപോലെ ഉയരത്തില്‍നിന്ന് പതിക്കുന്ന ചെറിയൊരു വെള്ളച്ചാട്ടം. കാട്ടുചോലകള്‍ എന്നും ഭ്രമിപ്പിക്കുന്ന ഭ്രാന്താണെനിക്ക്. പാലത്തില്‍ ബൈക്ക് നിര്‍ത്തി പരിസരം വീക്ഷിച്ചു. കാട്ടാറി​​െൻറ ശബ്​ദത്തിലേക്ക് ഞാനിറങ്ങി. ഫോട്ടോ പകര്‍ത്തുമ്പോഴും പരിസരങ്ങളിലായിരുന്നു ശ്രദ്ധ.

ഒരു കാട്ടുകൊമ്പന്‍ എവിടുന്നെങ്കിലും ഓടിയടുക്കുന്നുണ്ടോ എന്ന ഭയം. മതിവരുവോളം നീരാടാന്‍ പ്രലോഭിപ്പിച്ച് ഒഴുകുന്ന കാട്ടാറ്. അഞ്ച് മിനിറ്റ് മാത്രം അവിടെ ചെലവഴിച്ച് ബൈക്കില്‍ കയറി. കാട്ടാറില്‍ കുളിക്കാനാകാത്ത ആദ്യ വനയാത്ര. തൊട്ടടുത്ത വളവ് തിരിഞ്ഞ് വനം വകുപ്പി​​െൻറ ചെക്ക്പോസ്​റ്റ്​. നാല് ഉദ്യോഗസ്ഥരുണ്ട്​.

വണ്ടിയുടെ ആര്‍.സി ബുക്കും ലൈസന്‍സും പരിശോധിച്ചു. പേരും മേൽവിലാസവും ഫോണ്‍ നമ്പറും എഴുതിയെടുത്തു. ഇപ്പോള്‍ വന്നതിനേക്കാള്‍ വലിയ കാടാണ് ഇനിയുള്ളതെന്നും സൂക്ഷിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ ഒറ്റപ്പെട്ട്...
കാട്ടുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പാത, പൂക്കളില്‍ തേന്‍ നുകരാനെത്തിയ ചിത്രശലഭ കൂട്ടങ്ങള്‍, പേരറിയാത്ത കാട്ടുപക്ഷികളുടെ പേടിപ്പെടുത്തുന്ന കരച്ചില്‍. ദൂരെ, ദൂരെ പച്ച വിതാനിച്ച ചെറിയ മൊട്ടക്കുന്നുകള്‍. റോഡിനെ മുറിച്ച് കടന്നുപോകുന്ന കാട്ടുകോഴികള്‍, മയിലുകള്‍, മുയലുകള്‍. കൂടാതെ, പാതയെ തൊട്ടൊഴുകുന്ന കാട്ടാറ്. നിര്‍വചിക്കാനാവാത്ത അനുഭൂതി നല്‍കുന്നയിടം.

ഓരോ വളവ് പിന്നിടുമ്പോഴും പലയിടങ്ങളിലായി ഉണങ്ങിക്കിടക്കുന്ന ആനപിണ്ഡങ്ങള്‍. റോഡിന് അരികിലൂടെ ഒഴുകുന്ന ചോലയിലേക്ക് വെള്ളം കുടിക്കാനാണ്​ ഈ പാതയില്‍ എല്ലായ്പ്പോഴും ആനകളെത്തുന്നത്. ഹെയര്‍പിന്‍ തിരിഞ്ഞത്​ നടുക്കുന്ന ആ കാഴ്​ചയിലേക്കാണ്​. കാട്ടാറില്‍നിന്ന് വെള്ളം കുടിച്ച് റോഡിന് കുറുകെ കാടുകയറുന്ന ആനകള്‍.

കുറച്ചകലെയാണ്. മണ്ണി​​െൻറ നിറമുള്ള അഞ്ചാറെണ്ണം. വണ്ടി തിരിച്ചുനിര്‍ത്തി ഫോട്ടോ എടുക്കാന്‍ തുടങ്ങുമ്പോഴേക്കും അവ കാട്ടിലേക്ക് മറഞ്ഞു. കാടുകയറിയെന്ന് ഉറപ്പുവരുത്തി സഞ്ചാരം തുടര്‍ന്നു. കുറേദൂരം ചെന്നപ്പോള്‍ രണ്ട് റോഡ് തിരിയുന്നു. ഏതാണ് ശരിയായ പാതയെന്നറിയാതെ അങ്കലാപ്പിലായി. വീണ്ടുമിതാ കാടി​​െൻറ പരീക്ഷണം.

രണ്ടും കല്‍പിച്ച് വലതു ഭാഗത്തേക്കുള്ള റോഡിലൂടെ വിട്ടു. പാലത്തിന് മീറ്ററുകള്‍ക്കപ്പുറത്ത് മുള്ളി ചെക്ക്പോസ്​റ്റ്​. മാവോവാദി പേടിയില്‍ കാടിനകത്ത് കമാന്‍ഡോകളുടെ തോക്കേന്തിയ പരിശോധന. ഇവിടെയും രേഖകള്‍ പരിശോധിച്ച് പേരും മേൽവിലാസവും ഫോണ്‍നമ്പറും വാങ്ങിവെച്ചു. രജിസ്​റ്ററില്‍ പേരെഴുതി ഒപ്പിടുമ്പോള്‍ ഒറ്റക്കാണോ വന്നതെന്ന് കൊമ്പന്‍ മീശക്കാരന്‍ പൊലീസുകാര​​െൻറ വിറപ്പിക്കുന്ന ചോദ്യം.

അതെയെന്ന് തലയാട്ടിയപ്പോള്‍ ഓഫിസിനകത്തേക്ക് വിളിപ്പിച്ചു. എന്ത് ധൈര്യത്തിലാണ് ഒറ്റക്ക് ഈ കാട്ടില്‍ പ്രവേശിച്ചതെന്ന് അദ്ദേഹം കണ്ണുരുട്ടി. മേലില്‍ ഈ കാട്ടിനുള്ളിലൂടെ ഒറ്റക്ക് വരരുതെന്ന താക്കീതും. ആനകള്‍ മാത്രമല്ല, കടുവകളും പുലികളും കാട്ടുപോത്തുകളും വിഹരിക്കുന്ന കാടാണിതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ 'ദൈവമേ...' എന്നു വിളിച്ചുപോയി.

ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിലെത്തി. കേരള ചെക്ക്പോസ്​റ്റിലും പതിവ് പരിശോധന. പരിശോധനക്കിടെ ഒറ്റക്കാണോയെന്ന് അവരും ചോദിക്കുന്നുണ്ടായിരുന്നു. ബാഗ് തുറന്ന് മുഴുവന്‍ സാധനങ്ങളും പുറത്തേക്കിട്ട് പരിശോധിച്ചു. പിന്നെയും കിലോമീറ്ററുകള്‍ കാട്ടിലൂടെയാണ് സഞ്ചാരം. കുറച്ച് കൂടി പോയപ്പോള്‍ ചെറിയൊരു കവലയില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നു.

അട്ടപ്പാടി എത്തിയിരിക്കുന്നു. പ്രാണന്‍ കിട്ടിയ ആശ്വാസത്തില്‍ വീട്ടിലേക്ക് മടക്കമാരംഭിച്ചു. റോഡരികില്‍ തണുത്തുറഞ്ഞൊഴുകുന്ന ഭവാനി പുഴയില്‍ കുളിച്ചതോടെ കാട്ടുചോലയില്‍ കുളിക്കാന്‍ പറ്റാത്തതി​​െൻറ സങ്കടം മാറി. മനസ്സിനെയും ശരീരത്തെയും ഉലച്ചുകളഞ്ഞ യാത്രയവസാനിപ്പിച്ച് വീട്ടിലേക്ക് മടക്കമാരംഭിക്കുമ്പോള്‍ ഭവാനി ശാന്തമായി ഒഴുകുകയാണ്; എന്നെ മണിക്കൂറുകള്‍ പേടിപ്പെടുത്തിയ ആ കാട്ടിനുള്ളിലേക്ക്....

പിന്‍കുറിപ്പ്:
*മഞ്ഞൂര്‍-മുള്ളി റൂട്ടില്‍ ഒറ്റക്ക് സഞ്ചരിക്കുന്നത് ആത്മഹത്യാപരമാണ്
*കാട്ടിലേക്ക് പ്രവേശിക്കും മുമ്പ് കുടിക്കാനുള്ള വെള്ളവും ഭക്ഷണവും കരുതുക
*ഹെയര്‍പിന്‍ വളവുകള്‍ തിരിയുമ്പോള്‍ വാഹനം നിര്‍ത്തി ശ്രദ്ധിച്ച് പോകുക
*ഏത് നിമിഷവും മുന്നില്‍ കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടേക്കാം
*മനുഷ്യനെ ഭ്രമിപ്പിച്ചുകളയുന്ന കാടകമാണ്, കാഴ്ചകളില്‍ അഭിരമിച്ച് റോഡില്‍ ഇറങ്ങിനില്‍ക്കരുത്
*മറ്റു വാഹനങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍ യാത്രയരുത്. ഒന്നോ, രണ്ടോ വാഹനങ്ങള്‍ നമ്മെ കടന്നുപോയാല്‍ മഹാഭാഗ്യമെന്ന് കരുതുക

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.