നോർത്തിന്ത്യയിൽ എവിടേയോ വെച്ച് തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ കയറി പല്ലുകൾ കൂട്ടിമുട്ടി വിറച്ചിരിക്കുമ്പോഴാണ് ജാലിഷ ഫോൺ ചെയ്തത്. ഇന്ത്യ ചുറ്റാൻ തനിച്ചു പുറപ്പെട്ട അവളോട് അസൂയയേക്കാൾ ആരാധനയാണ് എനിക്ക് അന്ന് തോന്നിയത്. ഒറ്റയ്ക്ക് പോയതിനെ കുറിച്ച് ആവലാതിപ്പെട്ടപ്പോൾ ഒറ്റയ്ക്കുള്ള യാത്രയുടെ സുഖം ഒന്ന് വേറെ തന്നേയാ മോളേ എന്ന് പറഞ്ഞ് അവൾ യാത്രയുടെ മേച്ചിൽ പുറങ്ങളെ കുറിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. അന്ന് ആ നടപ്പാതിര നേരത്താണ് എനിക്കാദ്യമായി തനിച്ചൊരു യാത്ര പോകണമെന്ന് തോന്നിയത്. പക്ഷെ ജീവിത ചുറ്റുപാടുകൾ അതിന് തീർത്തും അനുയോജ്യമല്ലായിരുന്നു. കോഴിക്കോട് പോയി വരണമെങ്കിൽ കൂടെ എത്ര പേരുണ്ടെന്ന് ചോദിക്കുന്ന വീട്ടുകാരോട് തനിച്ചൊരു ദൂര യാത്ര പോകണമെന്ന് പറയുമ്പോൾ ഉള്ള അവസ്ഥയെ കുറിച്ച് പറയേണ്ടല്ലോ. ദൂര യാത്രകൾ എന്നെ സംബന്ധിച്ചിടത്തോളം റിസ്ക് തന്നെയായിരുന്നു. എന്റെ കണ്ണൂരിലെ ഇട്ടാവട്ടത്ത് നിന്ന് തന്നെ ഒന്ന് ചുറ്റിക്കറങ്ങണമെങ്കിൽ ഒരുപാട് പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയണം.
തനി നാട്ടിൻ പുറത്തുകാരുടെ ഇടയിൽ ജീവിക്കുന്ന എനിക്ക് എന്റെ സ്വപ്ന യാത്രകളെ കുറിച്ചോ ഭ്രാന്തൻ അലച്ചിലുകളെ കുറിച്ചോ അവരെ പറഞ്ഞു ബേധ്യപ്പെടുത്താൻ പറ്റുമായിരുന്നില്ല. കാടിനോളം, കുന്നുകളോളം, മലകളോളം, കാട്ടാറിനോളം ഞാൻ ഇഷ്ട്ടപ്പെടുന്നതായി മറ്റൊന്നുമില്ല. അത് കൊണ്ട് തന്നെ എന്റെ നാട്ടിൻ പുറത്തെ ഇട്ടാവട്ടങ്ങളിലെ ഓരോ കുന്നുകളും, കാടുകളും എന്നെ കൊണ്ട് ആവും വിധം ഞാൻ കയറി നടന്നു. കണ്ണവം വനവും ആറളം ഫാമും പാലുകാച്ചിമലയും വാഴ മലയും പുരളി മലയുമൊക്കെ എന്നെ കണ്ട് കണ്ട് മടുപ്പ് പറഞ്ഞു കൊണ്ടിരുന്നു. ഇട്ടാവട്ടത്തെ ഈ കറക്കങ്ങളും കോളേജ് പഠനത്തിടെയുള്ള ഇത്തിരി കുഞ്ഞൻ യാത്രകളും, നുണക്കൂമ്പാരങ്ങൾ കൊണ്ട് പൊതിഞ്ഞ് പേടിയോടെ സുഹൃത്തുക്കളുടെ കൂടെ നടത്തിയ ഇത്തിരി കുഞ്ഞൻ യാത്രകളുമല്ലാതെ മറ്റൊന്നും എനിക്ക് പറ്റിയതുമില്ല. അടുത്തിടെയാണ് പൈതൽ മല കയറണമെന്ന ആഗ്രഹം തോന്നിയത്. കൂട്ടുകാരുമൊത്ത് യാത്രകൾ പ്ലാൻ ചെയ്തിരുന്നുവെങ്കിലും ഓരോ കാരണങ്ങൾ കൊണ്ട് അത് മുടങ്ങിക്കൊണ്ടിരുന്നു. അവസാനം ഒരു ദിവസം ബോധോദയം വന്ന ബുദ്ധനെ പോലെ പൈതൽമലയിലേക്ക് ഇറങ്ങി നടന്നു. കൂടെ വരാമെന്ന് ഏറ്റിരുന്ന രണ്ട് സുഹൃത്തുക്കൾ വഴി മാറി മറ്റൊരു സ്ഥലത്തെത്തിയപ്പോൾ തിരിഞ്ഞ് നടക്കാതെ ഞാൻ മുന്നോട്ട് തന്നെ നടന്നു.
പൈതൽമല മറ്റൊരു കാഴ്ച (ഫോട്ടോക്ക് കടപ്പാട്)
"മീശപ്പുലി മലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിടുണ്ടോ " എന്ന് ചോദിച്ച് എന്നെ കൊതിപ്പിച്ചിരുന്ന ചങ്ങാതിമാരോട് പൈതൽ മലയില് കോട മഞ്ഞ് പെയ്യണത് കണ്ടിക്കാ എന്ന് തമാശയോടെ ചോദിക്കണമെന്ന് എനിക്ക് തോന്നി. മട്ടന്നൂരിൽ നിന്നും ഇരിക്കൂർ ശ്രീകണ്ഠാപുരം വഴി ചെമ്പേരി വരെ ബസ്സിലാണ് യാത്ര ചെയ്തത്. ചെമ്പേരിയിൽ കാത്ത് നിൽക്കാമെന്ന് പറഞ്ഞിരുന്ന സുഹൃത്തുകൾ വഴിമാറി പോയതറിഞ്ഞപ്പോഴാണ് എന്റെ യാത്രയിലെ ട്വിസ്റ്റ് കടന്നു വരുന്നത്. ഒരുപാട് തവണ മുടങ്ങിപ്പോയ ഈ യാത്ര എന്ത് വന്നാലും തുടരുമെന്ന ഒറ്റ വാശിയോടെ ഞാൻ കാലുകൾ മുന്നോട്ട് തന്നെ വച്ചു. പൈതൽ മലയ്ക്കടുത്തുള്ള കുടിയാന്മലയിലേക്ക് പോകുന്ന ഒരു ജീപ്പിൽ ഓടിക്കയറി. അവിടെ നിന്നും പൊട്ടൻ പ്ലാവ് വഴി മറ്റൊരു ജീപ്പിൽ പൈതൽ മലയുടെ എൻട്രൻസിൽ ഞാനെത്തി. കൂടെ വരാമെന്ന് പറഞ്ഞ് വഴി തെറ്റിപ്പോയ സുഹൃത്തുക്കൾ അവിടെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവരെ കണ്ടില്ല. റെയ്ഞ്ച് ഇല്ലാതെ ചത്ത് കിടക്കുന്ന ഫോണിനെ ഞാനെൻെറ ബേഗിനുള്ളിലേക്ക് വലിച്ചെറിഞ്ഞു.
ചെക്കിംങ് പോസ്റ്റിൽ കയറി അഡ്രസ്സ് എഴുതി സൈൻ ചെയ്യുമ്പോൾ കൂടെ ആരുണ്ടെന്ന ഫോറസ്റ്റ് ഗാർഡിൻെറ ചോദ്യത്തിന് ഇപ്പോൾ ഞാൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ അവർക്ക് ആകെ അമ്പരപ്പ് നിറഞ്ഞു. കാപ്പി മലയിൽ കയറിപ്പോയ എന്റെ കൂട്ടുകാർ പൈതൽമലയിൽ എത്തിച്ചേരുമെന്നും അവരുടെ കൂടെ അവിടെ നിന്നും ജോയിൻ ചെയ്യാമെന്നും പറഞ്ഞ് ചാടിയിറങ്ങിയ ഞാൻ ഒരൊറ്റ അലർച്ചയായിരുന്നു. ചവിട്ടിത്തുള്ളിക്കുള്ള നടത്തത്തിൽ ചവിട്ടിപ്പോയത് ഒരു പാമ്പിനെയായിരുന്നു. ഒരു കുട്ടിപ്പാമ്പ്. വേദന കൊണ്ട് പുളഞ്ഞ പാമ്പ് എങ്ങോട്ടെന്നില്ലാതെ തലകുത്തി മറഞ്ഞു പിടഞ്ഞു കൊണ്ടിരുന്നു. ജീവൻ തിരിച്ചു കിട്ടിയ പോലെ അത് കാട്ടിനുള്ളിലേക്ക് മറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. എന്റെ വെപ്രാളം കണ്ടിട്ടാവണം മല കയറാൻ നിന്ന അഞ്ചംഗ സംഘം എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ കയറിപ്പിടിച്ച് ഞാനും നിങ്ങളുടെ കൂടെ പോന്നോട്ടെ എന്ന് ചോദിച്ച് ചിരകാല പരിചിതരെപോലെ അവരുടെ കൂടെ നടന്നു. പുറകിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഞങ്ങളുടെ കുടേയുണ്ടെന്നുള്ള കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചെക്കിംങ് പോസ്റ്റിൽ നിന്ന് പ്ലാസ്റ്റിക് കവറുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ബാഗ് കൊടുത്തപ്പോൾ ഞാൻ അവിടെ പറഞ്ഞിരുന്നു ആ സംഘത്തിന്റെ കുടേയാണ് നടക്കുന്നതെന്ന്. മലകയറ്റം തുടങ്ങി കുറച്ച് കഴിയുമ്പോൾ തന്നെ ഞാൻ കിതക്കാൻ തുടങ്ങി. ആക്സിഡന്റ് പറ്റി പൊട്ടിപ്പോയ ഇടത്തേ കാലിന്റെ മുട്ട് നടത്തത്തെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.
മുന്നോട്ട് പോകുന്തോറും ഇരുട്ടും അതിന്റെ കൂടെ ചെറിയൊരു ചാറ്റൽ മഴയും വന്ന് കൊണ്ടിരുന്നു. അട്ടകൾ ഉണ്ടാകുമെന്ന് പ്രത്യേകം അറിയാമെന്നുള്ളത് കൊണ്ട് വെള്ളത്തിൽ ചവിട്ടാതെ ശ്രദ്ധിച്ചാണ് നടന്നത്. കുടേയുള്ള സംഘം ഫോട്ടോയെടുപ്പിലേക്ക് മുഴുകിയപ്പോൾ ഞാൻ ഫോറസ്റ്റ് ഗാർഡൻ ആന്റണി ചേട്ടനോട് കുശലം പറയാൻ തുടങ്ങി. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആന്റണി ചേട്ടൻ നാല് വർഷമായി ദിവസവും പൈതൽ മല കയറി ഇറങ്ങിയാണ് ഡ്യൂട്ടി ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. പൈതൽ മലയിലെത്താൻ രണ്ട് കിലോമീറ്റർ നടത്തമാണ് പറഞ്ഞതെങ്കിലും ഇരുപത് കിലോമീറ്റർ നടത്തത്തിന്റെ ദൂരമുണ്ടെന്നാണ് തോന്നിയത്. കയറുന്തോറും കിതപ്പ് കൊണ്ട് ഞാൻ ശ്വാസം കിട്ടാതെ ഇരുന്നു തുടങ്ങി. പോകുന്ന വഴിയിലൊക്കെ തിരിച്ചിറങ്ങുന്ന യാത്രാ സംഘങ്ങളെ കണ്ടു മുട്ടിക്കൊണ്ടിരുന്നു. ഒറ്റയ്ക്കു കാട്ടിലേക്ക് നടന്നു പോകുന്ന ഒരു പെണ്ണിനെ അത്ഭുതത്തോടെ അവര് നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ആന്റണി ചേട്ടനെ പുറകിലാക്കി ഞാൻ നടത്തം ഇത്തിരി സ്പീഡിലാക്കി.
കുറച്ച് നേരം പിന്നിട്ടപ്പോൾ ഞാൻ നടത്തം നിർത്തി ചുറ്റുമൊന്ന് നോക്കി. ഒരു കാട്ടുവഴിൽ ഞാനും, കുറേ പക്ഷികളുടെ ചിലമ്പലുകളും, പിന്നെ കൂറ്റൻ മരങ്ങളുടെ സീൽക്കാരവും മാത്രം. അവിടേയൊരു കല്ലിൽ കയറി നിന്ന് കുറച്ച് നേരം ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. അനേകമായിരം വർഷങ്ങൾ കഠോര തപസ്സിൽ ഏർപ്പെട്ട് ഗുഹയിൽ നിന്നിറങ്ങിയ മഹർഷിയെ പോലെ ഞാൻ ശുദ്ധവായു ശ്വസിച്ചു. മുഖമുയർത്തി ആകാശത്തിന്റെ ഒരു തുണ്ട് കാണാൻ ശ്രമിക്കവേ ചാറ്റൽ മഴ ഒരു പേമാരിയായ് വന്ന് എന്റെ മുഖത്ത് ചിന്നിച്ചിതറി. ബാഗിലുള്ള കുടയെ അവഗണിച്ച് മഴയത്ത് ഞാൻ പിന്നേയും കുന്ന് കയറിക്കൊണ്ടിരുന്നു. കുറഞ്ഞ് തുടങ്ങിയ മഴയോടൊപ്പം സൂര്യന്റെ തിളക്കം കാണാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി പൈതൽ മലയുടെ അറ്റത്തെത്തിയിരിക്കുന്നു എന്ന്.
കോടമഞ്ഞിൽ പുതഞ്ഞിരിക്കുന്ന പൈതൽ മലയുടെ താഴ്വാരം, മഞ്ഞു പാളികൾ എന്റെ തലയിലൂടെ എന്നെയൊന്ന് തട്ടിക്കുടഞ്ഞ് കടന്നു പോയി. ആകെ പൂത്തുലഞ്ഞ ഞാൻ പിന്നേയൊരു ഓട്ടമായിരുന്നു. തോളത്തിരുന്ന ബാഗ് അഴിച്ചു വട്ടം കറക്കി ഒരു കുന്നിന്റെ മണ്ടയിലേക്ക് ഓടിക്കയറി. താഴ്വാരത്തെ നോക്കി ഞാൻ അലറി വിളിച്ചു. എല്ലാ വിളികളും പ്രതിധ്വനികളായ് അവിടെ അലയടിച്ചു. അപ്പോഴേക്കും ആദ്യം കണ്ടു മുട്ടിയ അഞ്ചംഗ സംഘം എന്റെയടുത്തെത്തി. എന്റെ ഓട്ടവും, ചാട്ടവും, ഡാൻസുമൊക്കെ കണ്ട് അവരിലൊരുത്തൻ എന്നോട് ചോദിച്ചു, ഇത്തിരി കിറുക്കുണ്ടല്ലേ. ഇത്തിരിയല്ല മോനെ ഒത്തിരി കിറുക്കുകളുണ്ടെന്ന് പറഞ്ഞ് അവനോട് ഞാൻ കണ്ണിറുക്കി. രണ്ടു പേർ പരസ്പരം കൂട്ടിമുട്ടിയാൽ പോലും അറിയാത്ത മൂടൽ മഞ്ഞു വകഞ്ഞു മാറ്റി ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് അവിടെ യാത്രികരായി ഒത്തിരി പേർ വന്നിട്ടുണ്ടെന്ന് മനസ്സിലായത്. കോഴിക്കോട് നിന്നും, പാലക്കാട് നിന്നും, തൃശൂരിൽ നിന്നു വരെ ആൾക്കാർ അവിടെ എത്തിയിരുന്നു. സംഘങ്ങളായി എത്തിയ അവരുടെ ഇടയിൽ യാതൊരു കൂട്ട് കെട്ടുമില്ലാതെ ഞാൻ പറന്ന് നടന്നു.
വാച്ച് ടവർ (ഫോട്ടോ കടപ്പാട്: ജിനു ജോൺ)
വാച്ച് ടവറിൽ കയറി കുറച്ച് ഫോട്ടോകൾ എടുക്കാമെന്ന് കരുതിയെങ്കിലും പന്ത്രണ്ട് മണിയായിട്ടും കുറയാതിരുന്ന മൂടൽമഞ്ഞ് എന്റെ ഫോൺ ക്യാമറയെ പൊതിഞ്ഞിരുന്നത് കൊണ്ട് ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. ടവറിന് താഴെ കണ്ട ഒരു കുളത്തിന്റെ അരികെ കുറച്ച് നേരം പോയിരുന്നെങ്കിലും അട്ടകൾ ഉണ്ടാകുമെന്ന് ഭയന്ന് കുളത്തിലേക്ക് കാലുകൾ നീട്ടി വെച്ചില്ല. പുല്ലുകൾ വകഞ്ഞ് മാറ്റി മുന്നോട്ട് നടന്ന എന്നെ മഞ്ഞു തുള്ളികൾ വന്ന് ഉമ്മ വെച്ച് കൊണ്ടേയിരുന്നു. കൈകൾ നീട്ടി ഇത്തിരി മഞ്ഞു പുകകൾ കയ്യിലെടുത്ത് ഞാൻ പതിയെ ഊതി, പുകമഞ്ഞ് പോലെ ഉച്ഛ്വാസവായു എന്നിൽ നിന്നും ഇറങ്ങി കൊണ്ടിരുന്നു. ഓരോ മഞ്ഞു തുള്ളിയും വന്ന് എന്നെ പുണർന്ന് കൊണ്ടിരുന്നപ്പോഴാണ് ഒരു സഹയാത്രികന്റെ കുറവ് എനിക്ക് അനുഭവപ്പെട്ടത്. നിമിഷ നേരം കൊണ്ട് ഞാൻ ഒരു പ്രണയപ്പുഴുവായ് മാറി പുൽനാമ്പുകളിൽ ചുംബനം നൽകാൻ തുടങ്ങി. എന്റെ കൂടെ കൈ പിടിച്ച് നടക്കാൻ ഒരാളുണ്ടെന്നും, പ്രണയാതുരനായി അയാളെന്നെ നോക്കി കൊണ്ടിരിക്കുകയാണെന്നും എന്റെ മുഖത്തേക്ക് ഉറ്റി വീഴുന്ന മഞ്ഞു തുള്ളികളെ ഓരോ ചുംബനങ്ങൾ കൊണ്ട് അയാൾ വറ്റിച്ചു കുടിക്കുന്നുണ്ടെന്നും ഞാൻ വെറുതേ സങ്കൽപ്പിച്ചു കൊണ്ടിരുന്നു. ഒരു പ്രണയം അനിവാര്യമാണെന്ന് ഹൃദയത്തിന് തോന്നിയ നിമിഷങ്ങളായിരുന്നു അത്.
വാച്ച് ടവർ - മറ്റൊരു കാഴ്ച
വ്യൂ പോയിന്റിന്റെ അരികിലേക്ക് നടക്കുന്നതിന്റെ ഇടയിൽ തൊട്ടുരുമ്മിയിരുന്ന് കൊക്കുകൾ കൊരുക്കുന്ന രണ്ട് യുവമിഥുനങ്ങളെ കണ്ടപ്പോൾ കണ്ണുകൾ അടച്ച് വഴി തരുമോ പ്ലീസ് എന്ന് ചോദിച്ചു. നാണം കൊണ്ട് ചുവന്നു പോയ അവരോട് കണ്ടിന്യൂ കണ്ടിന്യൂ എന്ന് ഒരു കള്ളച്ചിരിയോടെ പറഞ്ഞ് ഞാൻ മറ്റൊരു കുന്നിൻ പുറത്തേക്ക് വലിഞ്ഞു കയറി. കുഞ്ഞ് പുൽനാമ്പുകൾ മാത്രമുള്ളൊരു സ്ഥലത്ത് ഞാൻ പതിയെ ഇരുന്നു. ആകാശത്തെ കൈകൾ കൊണ്ട് തൊട്ട് മഞ്ഞുപാളികളിൽ മുഖം പൂഴ്ത്തിക്കൊണ്ട് ആ പുൽമേട്ടിൽ മലർന്നു കിടന്നു. ഭൂമിയുടെ അച്ചുതണ്ടിൽ മലർന്നു കിടന്ന പെണ്ണിന്റെ ചുറ്റും മഞ്ഞു മഴകൾ പെയ്തു കൊണ്ടേയിരുന്നു. കോളേജ് പഠന കാലത്ത് പോയ, ഊട്ടി, കൊടയ്ക്കനാൽ ട്രിപ്പുകളെ ഓർത്തപ്പോൾ എനിക്ക് ആ സമയത്ത് ചിരിയാണ് വന്നത്. ചങ്ങലകളുടെ ഭാരമില്ലാതെ, ആജ്ഞകളുടെ, ആക്രോശങ്ങളില്ലാതെ, സ്വതന്ത്ര്യയായി മനസ്സ് നിറഞ്ഞ് ഒരു പറവയെ പോലെ അവിടെ കിടന്നപ്പോൾ ഹിമാലയത്തിൽ കയറി വെന്നിക്കൊടി പാറിച്ച പ്രതീതിയായിരുന്നു എനിക്ക്.
രാവിലെ കാര്യമായിട്ടൊന്നും കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിയ എന്നെ വിശപ്പ് തളർത്താത്തതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. എന്റെ മനസ്സ് നിറഞ്ഞതു കൊണ്ടാണെന്ന് തോന്നുന്നു, വയറും നിറഞ്ഞു തന്നേയിരുന്നു. ഏകദേശം ഒന്നൊര മണി കഴിഞ്ഞപ്പോഴാണ് കോടമഞ്ഞ് തെല്ലൊന്ന് മായാൻ തുടങ്ങിയത്. എങ്കിലും ഫോണിൽ പതിഞ്ഞ ഫോട്ടോകൾ മങ്ങി തന്നേയിരുന്നു. ആദ്യം കണ്ടു മുട്ടിയ അഞ്ചംഗ യാത്രാ സംഘത്തോട് യാത്ര പറഞ്ഞ് മലയിറങ്ങാൻ തുടങ്ങിയപ്പോൾ വീണ്ടുമൊരു യാത്ര അടുത്ത് തന്നെ ഇങ്ങോട്ടുണ്ടാകുമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. ആ മനോഹര നിമിഷങ്ങൾ ഓർത്തുകൊണ്ട് മലയിറങ്ങിയ എനിക്ക് അവിടെ വെച്ച് കണ്ടു മുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതേയില്ല. അട്ട കടിച്ച് തൂങ്ങിയ കാലുകൾ ഉപ്പിട്ട് കഴുകി താഴേക്ക് വലിഞ്ഞു നടക്കുമ്പോൾ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഈ കൊച്ചു യാത്ര ഒരു തുടക്കം മാത്രമാണ്. ഇത് പോലൊരു ദിവസം ഹിമാലയത്തിന്റെ മുകളിൽ വരെ ആർപ്പു വിളികളുമായ് ഈ പെണ്ണൊരുത്തി കയറുക തന്നെ ചെയ്യുമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.