തടാകങ്ങൾ കാത്തിരിപ്പിനുള്ള ഇടമായി തോന്നിത്തുടങ്ങിയത് എം.ടിയുടെ ‘മഞ്ഞ്’ വായിച്ചതുമുതലാണ്. നിശ്ചലമായ തടാകത്തിലേക്ക് നോക്കിനോക്കിയിരിക്കുമ്പോൾ മഞ്ഞിലെ വിമലയെപ്പോലെ വിഷാദനിർഭരമായ ഏകാന്തത നമ്മെ പൊതിയുന്നതുപോലെ തോന്നും. തടാകത്തിലെ ജലം പോലെ കാലം തളംകെട്ടിക്കിടക്കുന്നു(മഞ്ഞ്: എം.ടി) ചലനമില്ലാതെ. ഒഴുക്കില്ലാതെ. ഓളങ്ങൾ പോലുമില്ലാതെ. തടാകം നിശ്ചലതയുടെ പ്രതീകമാണ്. പ്രതീക്ഷകളില്ലാത്ത, സ്വപ്നങ്ങളില്ലാത്ത നിർവികാരമായ മനസ്സുപോലെ. തടാകത്തെക്കുറിച്ച നമ്മുടെ സങ്കൽപങ്ങളെ മാറ്റിമറിക്കുന്നു ലേയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള പോങ്കോങ് തടാകം. പോങ്കോങ്ങിലേക്കുള്ള വിസ്മയകരവും ത്രസിപ്പിക്കുന്നതുമായ വഴികളിലൂടെയുള്ള യാത്ര വരാനിരിക്കുന്ന സുന്ദരമായ അന്ത്യത്തിന് ഏറെ മാറ്റുകൂട്ടും.
സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ജമ്മു കശ്മീരിലെ മോഹിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളിൽനിന്ന് മോചിതരാകാനാവാതെ ലേയിലേക്ക് യാത്രതിരിക്കുമ്പോൾ മനസ്സ് സുന്ദരദൃശ്യങ്ങൾക്കായി ത്രസിച്ചുകൊണ്ടേയിരുന്നു. പുഷ്പങ്ങളുടെ നിറവസന്തത്താൽ ശ്രീനഗറിലെ ഉദ്യാനങ്ങൾ പരിലസിച്ചുനിൽക്കുന്ന മേയ് മാസത്തിലായിരുന്നു യാത്ര. ശ്രീനഗറിൽനിന്ന് സോനാമാർഗിൽ എത്തും വരെ പറുദീസസമാനമായ മായികത മാത്രം. സോനാമാർഗിലെത്തുന്നതോടെ പ്രകൃതി അതിൻെറ സൗന്ദര്യത്തിൻെറ ഉച്ചസ്ഥായിയിൽ നിൽക്കുന്നത് കാണാം. സൂര്യകിരണങ്ങളേറ്റ് തീക്കനൽപോലെ ജ്വലിച്ചുതിളങ്ങുന്ന മഞ്ഞുമലകൾ കൈയെത്തുന്ന ദൂരത്തിൽ നമ്മെ വല്ലാതെ മോഹിപ്പിക്കും. ലഡാക്കിലെ അസാധാരണമായ ഭൂപ്രകൃതിയിലേക്കുള്ള കവാടമാണ് സോനാമാർഗ്. അതിവിചിത്രമായ ഭൂപ്രകൃതിയും ഏതുനിമിഷവും അടർന്നുവീഴുമെന്ന് തോന്നുന്ന മഞ്ഞുപാറകളിലൂടെ തെന്നിത്തെന്നിയുള്ള യാത്രയും അതിസാഹസികമായ മാനസികാവസ്ഥയിൽ മാത്രമേ ഉൾക്കൊള്ളാനാവ
ഇന്ത്യയുടെ യുദ്ധഭൂമികളായ ദ്രാസും കാർഗിലും ടൈഗർ ഹിൽസും കടന്നാണ് രണ്ടുദിവസത്തിനുശേഷം ലേയിൽ എത്തിച്ചേരുന്നത്. യുദ്ധഭൂമിയിലെ ഭയപ്പെടുത്തുന്ന ഏകാന്തതയും വരണ്ടുവരണ്ടു കിടക്കുന്ന വിചിത്രമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന മടുപ്പും യാത്രയിലുടനീളമുള്ള അതികഠിന തണുപ്പും ഞങ്ങളെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു. ലേയിലെത്തുമ്പോൾ അതിമനോഹര കൊത്തുപണികളുള്ള കമനീയ കവാടം നമ്മെ സ്വാഗതംചെയ്യും. തിബത്തൻ മാർക്കറ്റുകളും മംഗോളിയൻ സുന്ദരികളും ലാമമാരും ലേയ്ക്ക് തിബത്തിനോട് അതീവസാദൃശ്യം നൽകുന്നുണ്ട്. സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. കഠിനമായ ക്ഷീണവും വിശപ്പും. ജന്മനാട്ടിൽനിന്ന് അനേകമനേകം കിലോമീറ്ററുകളകലെ ഈ അശാന്തഭൂമിയിൽ ഒരു രാത്രി.
അതിരാവിലെതന്നെ യാത്ര പുറപ്പെടേണ്ടതുണ്ട്. ജീവിതത്തിൽ ഇനിയൊരിക്കലും ലഭിക്കാനിടയില്ലാത്ത ലേയിലെ നനുത്ത പ്രഭാതത്തെ ആവോളം നുകർന്നു. വില്ലോമരങ്ങൾക്കിടയിലൂടെ മഞ്ഞണിഞ്ഞു കിടക്കുന്ന പർവതനിരകൾ. അതിവിശാലമായ ആകാശനീലിമ. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ദിവസമാണിന്ന്. അതിമനോഹരമായ തടാകങ്ങളാണ് ലഡാക്കിലുള്ളത്. പോങ്കോങ് എന്ന സുന്ദരമായ സരോവരത്തിലേക്കാണ് ഇന്നത്തെ യാത്ര. അഭ്രപാളികളിൽ തിളങ്ങിയ കൊതിപ്പിക്കുന്ന ആ സൗന്ദര്യത്തെ നേരിൽ കാണാനാവുമെന്ന് നിനച്ചതേയില്ല. ലേയിൽനിന്ന് അഞ്ച് മണിക്കൂർ യാത്ര. ദുരിതപൂർണമായ 150 കിലോമീറ്ററുകൾ. ഭൂമിയുടെ നിശ്ശബ്ദ പ്രാർഥനപോലെ കൈവിരിച്ചുനിൽക്കുന്ന മഞ്ഞടരുകളിലൂടെ തെന്നിനീങ്ങുകയാണ് ഞങ്ങളുടെ വാഹനം.
ചാങ്ലാപാസ് എന്ന ഹിമാവൃതചുരം കീഴടക്കാനുള്ള തീവ്രയത്നമാരംഭിച്ചുകഴിഞ്ഞു. ഈ ചുരം കടക്കാതെ പോങ്കോങ് തടാകത്തിനടുത്തെത്താനാവില്ല. ലേയിലെ നഗരത്തിരക്കുകൾക്കപ്പുറത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഗിരിനിരകളുടെ നൃത്തമാരംഭിക്കുകയായി. പാതകൾ നേർത്തുനേർത്തുവരുന്നു. വളവുകളിൽനിന്ന് വളവുകളിലേക്ക്.പഞ്ചേന്ദ്രിയങ്ങളെയും തന്നിലേക്കാവാഹിച്ച് അതീവനിശ്ശബ്ദമായ ഒരു ധ്യാനംപോലെ ഏകാഗ്രമായി മാത്രമേ ഈ വഴികളിലൂടെ വണ്ടിയോടിക്കാനാവൂ.
അകലെ കൊച്ചുകൊച്ചു ഗ്രാമങ്ങൾ. അവയിലെ ഏകാന്തമായ മനുഷ്യജീവിതങ്ങൾ. ഉർവരതയുടെ കണികപോലുമില്ലാത്ത വരണ്ടുപോയ ഭൂഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഹരിതാഭമായ ജന്മനാടിനെക്കുറിച്ചോർത്തു. ഉള്ളിലെവിടെയോ മഴത്തുള്ളികൾ കിനിഞ്ഞിറങ്ങുന്നതുപോലെ. ഇത്തരം ഉൾമഴകളെ താലോലിച്ചാവണം കേരളത്തിൽനിന്നുള്ള ജവാന്മാർ ഇവിടെ കാലം കഴിച്ചുകൂട്ടുന്നത്. മലകളിൽനിന്നുമലകളിലേക്ക് ഉയരത്തിലുയരത്തിൽ സഞ്ചരിക്കുമ്പോൾ പർവതങ്ങളാവാഹിച്ചിരിക്കുന്ന ഭീകരമായ ഏകാന്തത എന്നിൽ നിറയുന്നതുപോലെ.
മനസ്സിൽ വെറുതെ കുറിച്ചിട്ടു.
ഭയാനകമാംവിധം വരണ്ടുപോയ ഈ മലകൾ
ഋതുക്കളില്ലാത്ത കാലത്തെ ഒാർമിപ്പിക്കുന്നു.
അതിനിർവികാരമായ ഉൗഷരതയിൽ
ചരിത്രാതീതത്തോളംപോന്ന ഉടലെടുപ്പുമായ്
നിലകൊള്ളുന്ന വിചിത്രരൂപങ്ങൾ.
ചുളിവീണ മുഖം കണ്ടാലറിയാം
കൊടുംകാടിെൻറ ഹരിതാഭയെ ആവാഹിക്കുവാൻ
മോഹിക്കുന്നുവെന്ന്
ഒരു വസന്തം മുഴുവനൂറ്റിക്കുടിക്കുവാൻ
ദാഹിക്കുന്നുവെന്ന്
മഴയുടെ മിഴിയിളക്കങ്ങളിലലിയാൻ
തുടിക്കുന്നുവെന്ന്.
ഉയരങ്ങളുയരങ്ങൾ പിന്നിട്ട് ഖാറു എന്ന ഗ്രാമത്തിലെത്തിച്ചേർന്നപ്പോഴേക്കും പലരും ക്ഷീണിതരായിക്കഴിഞ്ഞിരുന്നു. അൽപമകലെ അവ്യക്തമായ കാഴ്ചയിൽ സിന്ധുനദി. ഖാറുവിൽ നിന്ന് പരിക്ഷീണവും കഠിനവുമായ ഉന്നതികളിലേക്കുള്ള യാത്രയിൽ ചാങ്ലയിലെത്തിച്ചേർന്നു. ഇവിടെ വളരെ അപൂർവമായി മാത്രം കാണുന്ന നാടോടിഗ്രാമങ്ങളാണ് മനുഷ്യവാസത്തെയോർമിപ്പിക്കുന്നത്. സുഖകരമായ കാലാവസ്ഥയിലും സമൃദ്ധിയിലും സംതൃപ്തരാവാതെ ജീവിക്കുമ്പോൾ നാം ചിന്തിക്കാറുണ്ടോ കഠിനമായ തണുപ്പിൽ മഞ്ഞിനോട് മല്ലടിക്കുന്ന ഒരു ജനത ഇവിടെയുണ്ടെന്ന്? യാക്കുകളോടൊപ്പം അലഞ്ഞുനടക്കുന്ന നൊമാഡുകൾ. സ്വന്തമായൊരിടമില്ലാത്തതിനാൽ ഭൂമിയിൽ എല്ലായിടങ്ങളും സ്വന്തമായവർ. പൊടുന്നനെ മഞ്ഞിെൻറ മഹാസമൃദ്ധിയിലേക്ക് നാം എത്തിച്ചേരുകയായി. ഹിമപ്പാടങ്ങളുടെ അനന്തത. ചുറ്റുമിപ്പോൾ മഞ്ഞ് മാത്രം. സൂര്യകിരണങ്ങളേറ്റ് ജ്വലിക്കുന്ന ഹിമപ്രഭയിൽ തളർന്നുപോകുന്നതുപോലെ. ഒരു പുൽനാമ്പോ മൺതരിയോ കാണാനാവുന്നില്ല. കൂർത്തുമൂർത്ത ഹിമശരങ്ങൾ ആഞ്ഞുനിൽക്കുന്ന വഴികൾ. ഏറെ പരിശീലനം സിദ്ധിച്ച ൈഡ്രവർക്ക് മാത്രമേ ഈ വഴികളെ സ്വായത്തമാക്കാനാകൂ. ചെറിയൊരശ്രദ്ധയാൽ ഈ വാഹനം ഹിമപ്പരപ്പിൽ ആഴ്ന്നുപോയേക്കാം. അമ്പെയ്യുമ്പോൾ പക്ഷിയുടെ കണ്ഠത്തെ മാത്രം ദർശിച്ച അർജുനൻെറ സൂക്ഷ്മതവേണം ഈ ൈഡ്രവർക്ക്. വരുന്ന വഴികളിലെവിടെയോ മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ട്രക്കുകൾ.
അത്യുന്നതിയുടെ കടുത്ത സമ്മർദവും കഠിനമായ തണുപ്പും ആരെയും തളർത്തിക്കളയും. പലർക്കും സുഗമമായി ശ്വസിക്കാനാവുന്നില്ല. മഞ്ഞിൽതട്ടി പ്രതിഫലിച്ചെത്തുന്ന തീവ്രമായ വെളിച്ചത്താൽ കണ്ണിൽ ഇരുട്ടുനിറയുന്നു. ഇത്രയേറെ ഹിമാവൃതമായിരിക്കുന്ന മെയ്മാസത്തിൽ ഇവിടെയെത്താനായത് പുണ്യമായിത്തോന്നി. ഹിമമില്ലാത്ത ഹിമാലയം ഇരുണ്ട ചന്ദ്രനെപ്പോലെയാണ്. ഹിമാലയസൗന്ദര്യത്തെ ഏറെ ഹൃദ്യമായി അനുഭവിപ്പിക്കുന്ന ഒരു ശ്ലോകം കാളിദാസെൻറ കുമാരസംഭവത്തിലുണ്ട്. എങ്ങും മഞ്ഞ് വ്യാപിച്ചുകിടക്കുന്ന ഹിമാലയത്തിൽ ഒരു രാത്രി െചലവഴിക്കുക ഗർഭവാസത്തിലെന്നപോലെ തീവ്രമായ അനുഭവമാണ്. മഞ്ഞും വിജനതയുമാണതിനുകാരണം. ഹിമാലയത്തിലെ സൂര്യോദയം സമുദ്രതീരത്ത് നാമനുഭവിക്കുന്ന സൂര്യോദയത്തേക്കാൾ സുന്ദരമാണ്. കടലിൽനിന്ന് ഉദിച്ചുയരുന്ന സൂര്യൻ ഏറെ വശ്യമെങ്കിലും ആ സൂര്യകിരണങ്ങൾ ഭൂമിയുടെ ഗർഭത്തിൽനിന്നുമുയരുന്നതായി നമുക്ക് അനുഭവിക്കാനാവില്ല. ഉദയസൂര്യകിരണങ്ങളേറ്റ് തിളങ്ങിത്തുടുക്കുന്ന ഹിമധവളിമയെ വരക്കുവാനാവില്ല വാക്കുകളാൽ! ഹിമസൗന്ദര്യത്തിെൻറയും ഹിമഭീകരതയുടേയും വൈരുധ്യമാർന്ന ഭാവങ്ങൾ കണ്ടും അനുഭവിച്ചും അവയിലലിഞ്ഞും വിസ്മയചിത്തരായി, പ്രകൃതിയുടെ ഭാവാന്തരങ്ങളിൽ അദ്ഭുതപരതന്ത്രരായി ഞങ്ങൾ സഞ്ചാരികൾ, ഹിമവാെൻറ കൂട്ടുകാർ ഇതാ ഈ അത്യുന്നതിയിലെത്തിയിരിക്കുന്നു. 17586 അടി ഉയരത്തിൽ ചാങ്ലാപ്പാസിൽ.
കൈയെത്തുന്ന ദൂരത്തിൽ ആകാശനീലിമ. ആശ്ലേഷിക്കാനായുന്ന മൂടൽമഞ്ഞിൻെറ ഹിമഹസ്തങ്ങൾ. ഭൂമിയുടെ നെറുകയിൽ എത്തിച്ചേർന്നതിെൻറ ആഹ്ലാദം. അസുഖബാധിതർക്ക് ആവശ്യമായ സഹായവും വെള്ളവും നൽകി സ്നേഹപൂർവം ശുശ്രൂഷിക്കുന്ന ജവാന്മാർ. അതിലൊരാൾ കോഴിക്കോട്ടുകാരനാണ്. പയ്യോളിയിൽനിന്നുള്ള മുഹമ്മദ്. കോഴിക്കോടെന്നുകേട്ടപ്പോൾ എല്ലാവർക്കും ആഹ്ലാദം. ഏതകലങ്ങളിലും ജന്മനാൻെറ വേരുകൾ നമ്മെ പിടിച്ചുവലിച്ചുകൊണ്ടിരിക്കും. പട്ടാളക്കാരുടെ നിർദേശം പാലിച്ച് അധികസമയം ഞങ്ങളവിടെ ചെലവഴിച്ചില്ല.ആ സ്വപ്നജലാശയത്തിലേക്ക് ഇനിയും കാതങ്ങൾ താണ്ടാനുണ്ട്. അപരിചിതമായ അന്തരീക്ഷത്തോട് മല്ലിട്ട് തളർന്ന് പലരും ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. സ്ഫടികജാലകത്തിനപ്പുറത്ത് വെൺമഞ്ഞിെൻറ തീക്ഷ്ണനയനങ്ങളെ നേരിടാനാവാതെ അൽപനേരം കണ്ണടച്ചിരുന്നു. നേരിയ മയക്കത്തിനപ്പുറം നീലജലാശയത്തിൽ തുളുമ്പിത്തുടിക്കുന്ന വെൺഹംസങ്ങളെ സ്വപ്നംകണ്ടാണുണർന്നത്. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ആഹ്ലാദം. തടാകത്തിെൻറ അൽപഭാഗം മാത്രം ഇവിടെനിന്ന് കാണാനാവുന്നുണ്ട്. എന്തൊരഗാധ നീലിമ! എത്രയുംവേഗം ആ സൗന്ദര്യധാമത്തിനടുത്തെത്താൻ മനസ്സ് കൊതിച്ചു. സ്വപ്നത്തിലെന്നോണം മനം തുളുമ്പിത്തുടിച്ചുകൊണ്ടിരുന്നു. ഒരാരവത്തോടെ വണ്ടി നിർത്തി.
ആ ജലാശയത്തിൻെറ സ്വർഗീയസൗന്ദര്യം കണ്ട് സ്തബ്ധരായിപ്പോയി. ഇതാ മലമടക്കുകൾക്കിടയിൽ തുളുമ്പുന്ന അപാരശാന്തത! നിന്നെ കാണാനായിരുന്നു ഞാനിത്രകാലവും കാത്തിരുന്നത്. നിൻെറയീ സ്ഫടികനീലിമയോട് ചേരുന്ന മരതകപ്പച്ച..... അപൂർവമായ ജലവർണസംഗമം. ആകാശത്തോടൊപ്പം ഒളിച്ചുകളിക്കുന്ന നിൻെറ നിറഭാവങ്ങൾ. ചെറുകാറ്റിൽ തുടിക്കുന്ന താരുണ്യത്തിെൻറ ഇളക്കങ്ങൾ. നിൻെറ സൗന്ദര്യലഹരി എൻെറ സിരകളിൽ പടർന്നിരിക്കുന്നു. ഉന്മാദിയെപ്പോലെ അവൾക്കരികിലൂടെ നടന്നു. പൊടുന്നനെ തൂവെണ്മയാർന്ന അരയന്നങ്ങൾ പ്രത്യക്ഷപ്പെട്ടു. ആ ജലനീലിമയിൽ നീന്തിത്തുടിക്കുമ്പോൾ അവയുടെ വെണ്മ വർധിച്ചുവരുന്നതുപോലെ. ഈ വെൺഹംസങ്ങളുടെ സാമീപ്യത്തിൽ അവളുടെ സൗന്ദര്യം ഇരട്ടിയായി ജ്വലിക്കുന്നു. എത്ര മനോഹരമായ ഹംസങ്ങൾ എന്ന് ഞാനുറക്കെയാർത്തപ്പോൾ എൻെറ സഹയാത്രികൻ തിരുത്തി ബ്രൗൺ ഹെഡഡ് ഗൾ. പേക്ഷ, അരയന്നത്തോട് ഏറെ സാമീപ്യമുള്ള ഇവയെ എൻെറ മായികമനസ്സിന് മറ്റൊന്നായി കാണാൻ കഴിയുന്നില്ല.
അടുത്തകാലംവരെ വളരെ അപൂർവമായി മാത്രമാണ് ആളുകൾ ഇവിടം സന്ദർശിച്ചിരുന്നത്. ഇത്തരം ഒറ്റപ്പെട്ട ഇടങ്ങളിൽ പലപ്പോഴും ദേശാന്തരങ്ങളില്ലാതെയാകുന്നു. ഇന്ത്യയുടെയും ചൈനയുടെയും സംഗമസ്ഥാനമായിത്തീരുന്നുണ്ട് ഈ തടാകം. ഏതാണ്ട് 4350 മീ. ഉയരത്തിലാണിത്. 134 കി.മീ. നീളമുള്ള ഈ തടാകത്തിൻെറ 60 ഉം ചൈനയിലാണ്. കിഴക്കുഭാഗം തിബത്തിനോട് ചേർന്ന് കിടക്കുന്നു. രണ്ടുരാജ്യങ്ങളും ഈ തടാകത്തിനായി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതിർത്തിപ്രദേശമായതുകൊണ്ടുതന്നെ നിരന്തരമായ തർക്കങ്ങൾക്കിടയിലാണ് ഈ തടാകം. ചൈനയുടെ സാമീപ്യം ഇവിടം സന്ദർശിക്കുന്ന ആളുകളിൽ വ്യക്തമായി കാണാനാവുന്നുണ്ട്. അൽപമകലെ മണലിൽ കൊച്ചു ലാമമാർ ആർത്തുല്ലസിക്കുന്നു. ബുദ്ധഭക്തിയുടെ ചുവന്ന ഉടുപ്പുകൾക്കോ മന്ത്രമാലകൾക്കോ അവരുടെ കണ്ണുകളിലെ ബാല്യത്തിൻെറ നിഷ്കളങ്കതയെ മറയ്ക്കാനാവുന്നില്ല. മറക്കാനാവാത്ത ഈ യാത്രയുടെ ഓർമക്ക് അവരോടൊപ്പം ഫോട്ടോകളെടുത്തു. സൂര്യപ്രഭ മാഞ്ഞുതുടങ്ങുന്നു. ആകാശത്തിൻെറ ഇരുൾനീലിമ നിന്നെ നിഴലണിയിക്കുന്നതിന് മുമ്പ്, ആ അഭൗമശോഭ മങ്ങിത്തുടങ്ങും മുമ്പ് നിറഞ്ഞ മനസ്സോടെ യാത്രയാവട്ടെ. മഞ്ഞിലുറങ്ങുന്ന ജലസുന്ദരീ, നിൻെററ തുളുമ്പുന്ന ജലമൗനം എന്നോടുള്ള നിശ്ശബ്ദ വിടചൊല്ലലാണോ?
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.