കേരളത്തിലെ വ്യത്യസ്തമായ ഒരു വന്യജീവി സങ്കേകതമാണ് പറമ്പിക്കുളം. വന്യജീവികളുടെ സാമ്രാജ്യം. കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടുപോത്തുകളെ കണ്ടുവരുന്നത് പറമ്പിക്കുളത്താണ്. ലോകത്തിലെ ഏറ്റവുംവലിയ തേക്ക് എന്നറിയപ്പെടുന്ന കന്നിമരവും ഇവിടെയാണ്. പറമ്പിക്കുളം വന്യജീവി സേങ്കതം പാലക്കാട് ജില്ലയിലാണെങ്കിലും കേരളത്തിലൂടെ ഇവിടെ പ്രവേശിക്കാൻ കഴിയില്ല. തമിഴ്നാട്ടിലെ പൊള്ളാച്ചി വഴി വേണം ഇവിടേക്ക് എത്തിച്ചേരാൻ. തൃശൂരിൽനിന്നാണെങ്കിൽ നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദപുരം, ആനമല, സേതുമട വഴിയും. സേതുമടയിൽ തമിഴ്നാടിൻെറ ആദ്യ ചെക്ക്പോസ്റ്റുണ്ട്. അവിടെ നിന്നും മുകളിലേക്ക് ഇരുചക്ര വാഹനങ്ങൾക്ക് അനുമതിയില്ല. ആ ചെക്ക്പോസ്റ്റിൽ വിവരങ്ങൾ നൽകി പതുക്കെ മുന്നോട്ട് പോയാൽ തമിഴ്നാടിെൻറ വനപ്രദേശം ആരംഭിക്കുകയായി.
ഹെയർപിൻ വളവുകളും കയറ്റങ്ങളും ഒക്കെ കയറി മുകളിലെത്തുേമ്പാഴേക്കും തമിഴ്നാടിൻെറ ടൂറിസം മേഖലയായ ടോപ്സ്ലിപ് ആയി. ഇവിടെ തമിഴ്നാട് ഫോറസ്റ്റിെൻറ വക താമസിക്കാനായി കാട്ടിനുള്ളിൽ കോട്ടേജുകൾ ലഭ്യമാണ്. കൂടാതെ, രാവിലെയും വൈകുന്നേരങ്ങളിലും പല ട്രക്കിങ് പാക്കേജുകളും നടത്തുന്നുണ്ട്. ഏതാനും കിലോമീറ്റർ കൂടി പിന്നിടുേമ്പാൾ കേരളാ വനംവകുപ്പിെൻറ ആനപ്പാടി ഫോറസ്റ്റ് ഇൻഫർമേഷൻ സെൻററായി. വനത്തിനുള്ളിലെ പല താമസസൗകര്യങ്ങളും ട്രക്കിങ് പാക്കേജുകളും എല്ലാം ഇവിടെനിന്നാണ് ആരംഭിക്കുന്നത്. വനയാത്രക്ക് ഗൈഡിനെയും മറ്റും ഇക്കോ ടൂറിസം തന്നെ ഏർപ്പാടാക്കി തരും.
അരമണിക്കൂർ നീളുന്ന ഒരു ബോധവത്കരണ ക്ലാസോടുകൂടിയാണ് ഞങ്ങളുടെ പാക്കേജ് ആരംഭിച്ചത്. താമസസൗകര്യം നേരത്തേ ബുക്ക് ചെയ്തിരുന്നതിനാൽ സ്വന്തം വണ്ടിയിൽതന്നെ കാട് ചുറ്റിക്കാണാനുള്ള അവസരം ലഭിച്ചു. അല്ലാത്തവർക്ക് കാട് ചുറ്റിക്കാണാനായി പ്രത്യേകം വാഹനങ്ങൾ വന്യജീവിവകുപ്പ് തന്നെ തയാറാക്കിയിട്ടുണ്ട്. പറമ്പിക്കുളത്തെ ഹണികോമ്പിൽ ആയിരുന്നു ഞങ്ങളുടെ താമസസൗകര്യം ഏർപ്പാടാക്കിയിരുന്നത്. അതിനാൽ അവിടെനിന്നും 20 കി.മീ. വനത്തിനുള്ളിലൂടെ യാത്രചെയ്ത് വേണം ഹണികോമ്പിലെത്താൻ. കണ്ണനെന്ന ഒരു ഗൈഡ് ഞങ്ങൾക്കുള്ള പ്രോഗ്രാം ചാർട്ടുമായി വന്നു. ആ ഗൈഡുമായി ആണ് ഇനിയുള്ള യാത്ര. കണ്ണൻ എന്ന പേര് പറമ്പിക്കുളത്തുകാർക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. കാരണം, വർഷങ്ങൾക്ക് മുമ്പും ഒരു കണ്ണൻ ഉണ്ടായിരുന്നു ഗൈഡായി. ഒരു ദിവസം അയാളെ കരടി ആക്രമിച്ചു. ഒരു കണ്ണും മുഖത്തിൻെറ ഒരു ഭാഗവും കരടിയുടെ ആക്രമണത്തിൽ അയാൾക്ക് നഷ്ടപ്പെട്ടു. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. വർഷങ്ങൾക്കുശേഷം വീണ്ടും ഒരു കണ്ണൻ ഗൈഡായി നമ്മളോടൊപ്പം.
വണ്ടിയുടെ ചക്രങ്ങൾ പതുക്കെ വനത്തിനുള്ളിലൂടെ വീണ്ടും ഉരുണ്ടുതുടങ്ങി. ആ യാത്രയിൽ ആദ്യം ഞങ്ങൾക്ക് സ്വാഗതം അരുളിയത് ഒരു ആൺ മയിലായിരുന്നു. കടും നീല നിറത്തിൽ സ്വർണപ്പുള്ളികളുള്ള ആ മയിലിെൻറ വർണഭംഗി നോക്കിക്കൊണ്ടിരിക്കെ പുരുഷ സൗന്ദര്യത്തിൽ ഇൗശ്വരൻ കാണിച്ച ശ്രദ്ധയോർത്ത് ആ മഹാനിർമാതാവിന് മനസ്സാ നന്ദി പറഞ്ഞു. കണ്ണുകളിൽനിന്നും മറയുന്നവരെ ആ കാഴ്ച ഞങ്ങൾ ആസ്വദിച്ചു. പിന്നെ മാനുകൾ, കണ്ടതിലും ഏറെ കാണാൻ ആഗ്രഹിക്കുന്ന ഒരു അവസ്ഥ. ആനകൾക്കുപകരം ആനപിണ്ടങ്ങൾ ആവശ്യത്തിലേറെ. അങ്ങനെ ഇൗ കാഴ്ചകളൊക്കെ കണ്ട് അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും പറമ്പിക്കുളത്ത് ഞങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ള ഹണികോമ്പിൽ എത്തിച്ചേർന്നു. അവിടെനിന്ന് ഉച്ചഭക്ഷണവും കഴിച്ച് അരമണിക്കൂർ നേരത്തെ വിശ്രമത്തിനുശേഷം ഗൈഡുമായി കാറിൽ ജംഗിൾ സഫാരിക്കായി പുറപ്പെട്ടു.
ആദ്യം പോയത് തൂണക്കടവ് ഡാമിലേക്കായിരുന്നു. കാടിനു നടുവിൽ കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ജലാശയം, അതാണ് തൂണക്കടവ് ഡാം. ഇവിടത്തെ ഏറ്റവുംവലിയ പ്രത്യേകത മറുകരയിൽ ഡാമിൻെറ തീരത്തുള്ള ഫോറസ്റ്റ് ഡിപ്പാർട്മെൻറിെൻറ ഐ.ബി ആണ്. അതിെൻറ മുൻവശത്തിരുന്നാൽ മൃഗങ്ങളെല്ലാം വെള്ളം കുടിക്കാൻവരുന്ന ആ മനോഹര കാഴ്ചക്ക് സാക്ഷ്യംവഹിക്കാൻ പറ്റും. ഭാരതത്തിലെ പല പ്രധാനമന്ത്രിമാരും രാഷ്ട്രപതിയുംവരെ ഇൗ െഎ.ബി യിൽ താമസിച്ചിട്ടുണ്ട് എന്നതാണ് അതിൻെറ ഏറ്റവും വലിയ സവിശേഷത. പെട്ടന്നാണ് കണ്ണൻ ഞങ്ങളെ വിളിച്ചു വേറൊരു അദ്ഭുതകാഴ്ച കാണിച്ചു തന്നത്. ഡാമിെൻറ തീരത്ത് ഒരു ചീങ്കണ്ണി. ആദ്യമായാണ് തടവിലല്ലാത്ത ഒരു ചീങ്കണ്ണിയെ നേരിൽ കാണുന്നത്. അതുകൊണ്ട് തന്നെ എത്ര ക്ലിക്ക് അടിച്ചിട്ടും മതിയായില്ല. ഒടുവിൽ കിട്ടിയ ക്ലിക്കുമായി പിന്നെ നേരെ പോയത് ആ കാട്ടിലെ തേക്ക് മുത്തശ്ശിയെ കാണാനായിരുന്നു. അതായിരുന്നു കന്നിമാറ തേക്ക്. ലോകത്തിലെതന്നെ ഏറ്റവും വലിയതും 450 വർഷത്തിലധികം പഴക്കമുള്ളതുമായ ഇൗ തേക്ക് മുത്തശ്ശി നമ്മുടെ നാടിൻെറ തന്നെ അഭിമാനമാണ്.
കന്നിമാറ തേക്കിന് ആ പേര് വന്നതിെൻറ പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങൾക്കുമുന്നേ തേക്കുകൾ മുറിച്ചുമാറ്റുന്ന കാലത്ത് ഇൗ തേക്കിലും വീണു ഒരു മഴു. പെട്ടെന്ന് ആ മുറിവിൽനിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങി. അതോടെ മരം മുറിക്കൽ അവസാനിക്കുകയും അന്നുമുതൽ അതിനെ ഒരു കന്നി (കന്യക) തേക്കായി കാണുകയും ഒപ്പം കാടിെൻറ മക്കൾ പൂജിക്കുവാനും തുടങ്ങി. ഭാരത സർക്കാറിെൻറ മഹാവൃക്ഷ പുരസ്കാരം നേടിയിട്ടുള്ള ഇൗ തേക്കിന് ഇന്ന് 48.5 മീറ്റർ ഉയരവും 6.57 ചുറ്റളവും ഉണ്ട്. എന്തായാലും ആ തേക്ക് മുത്തശ്ശിക്കൊപ്പംനിന്ന് ഫോേട്ടായുമെടുത്തു വീണ്ടും പറമ്പിക്കുളത്തേക്ക് തിരിച്ചു. എത്ര കണ്ടാലും മതിവരാത്ത അനുഭവങ്ങളിലേക്കു നയിക്കുന്ന ഇൗ കാടിെൻറ പ്രത്യേകതകളിലൊന്ന് കാറ്റിെൻറ ശീതവും സംഗീതവും പകരുന്ന കുളിർമയാണ്. കാട്ടിൽ കയറിയാൽ പിന്നെ നിശ്ശബ്ദരാവുക, എന്നാൽ മാത്രമേ നമുക്ക് കാടിനെ അടുത്തറിയാൻ സാധിക്കൂ. ഏകദേശം 6.30ഒാടുകൂടി ഞങ്ങൾ പറമ്പിക്കുളത്ത് ട്രൈബൽ സിംഫണി നടക്കുന്ന ഹാളിലെത്തി.
ൈകയിൽ ഒാരോ തോർത്തുമായി കലാകാരികളും വാദ്യോപകരണങ്ങളുമായി കലാകാരന്മാരും അധികംതാമസിയാതെതന്നെ അവിടെ വന്നുചേർന്ന് നൃത്തമാരംഭിച്ചു. വളരെ വ്യത്യസ്തമായ വാദ്യമേളവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുമുള്ള വരികളടങ്ങുന്ന ഗാനാലാപനവും അതിനൊത്ത നൃത്തചുവടുകളുമായി നൃത്തം കൊഴുത്തുതുടങ്ങിയപ്പോൾ കാണികളിൽ പല സ്ത്രീകളും നൃത്തചുവടുകളുമായി അവർക്കൊപ്പം കൂടി. അങ്ങനെ അരമണിക്കൂർ നീണ്ടുനിന്ന പരിപാടി ശരിക്കും എല്ലാവരും ഒരുപാട് ആസ്വദിച്ചു. അതോടുകൂടി അന്നത്തെ പ്രോഗ്രാമുകൾ അവസാനിപ്പിച്ച് ഞങ്ങൾ പറമ്പിക്കുളത്തെ ഹണികോമ്പിൽ തിരിച്ചെത്തിയപ്പോൾ താമസിക്കുവാനുള്ള ആ കൂടാരത്തിെൻറ രാത്രി കാഴ്ച വല്ലാതെ അതിശയിപ്പിച്ചുകളഞ്ഞു. അത്ര നയനമനോഹരമായിരുന്നു അവിടം. ചെറിയ ലൈറ്റുകൾ ആ കൂടാരത്തിനു കൂടുതൽ ഭംഗിനൽകി. എന്തായാലും അവിടെ ഇരുന്നുതന്നെ രാത്രി ഭക്ഷണവും കഴിച്ച് അധികം താമസിയാതെ നിദ്രയിലാഴ്ന്നു.
അടുത്തദിവസം രാവിലെ ഏഴുമണിക്കു തന്നെ ട്രക്കിങ്ങിന് കണ്ണനുമായി പുറപ്പെട്ടു. ആദ്യം തന്നെ കാഴ്ചയിൽപ്പെട്ടത് പുൽത്തകിടിയിൽ മേയുന്ന കുഞ്ഞ് പന്നിക്കുട്ടികളെ ആയിരുന്നു. ഇതാരടാ നമ്മുടെ വീട്ടിലേക്ക് കയറുന്നെതന്ന ഒരു നോട്ടം നോക്കിയിട്ടു നമ്മളെ തീരെ മൈൻഡ് ചെയ്യാതെ വീണ്ടും മേഞ്ഞുനടക്കുന്നു. അതിനെ ശല്യംചെയ്യാതെ നടത്തം തുടർന്നു. പറമ്പിക്കുളം റിസർവോയറിെൻറ തീരത്തേക്കാണ് നടന്നത്. ദൈവത്തിെൻറ സ്വന്തം നാടെന്ന സൂചികകളോ സഞ്ചാരികളെ മാടിവിളിക്കാൻ കോൺക്രീറ്റിൽ പണിത ഹെറിറ്റേജ് സമുച്ചയങ്ങളോ ഇവിടെയില്ല. ഉള്ളത് അതിരാവിലെ എല്ലു തുളക്കുന്ന തണുപ്പും തണുത്ത കാറ്റിെൻറ വിശറിയും കണ്ണിനു വിരുന്നേകാൻ കാനന പച്ചയും വന്മരങ്ങളുടെ തണലും മാത്രം. അതുകൊണ്ടുതന്നെ പലയിടത്തും കാടിനു ആകാശമില്ല. വഴികളിൽ പലയിടങ്ങളിലും ആനയുടെ കാൽപ്പാടുകളും ആവിപറക്കുന്ന ആനപ്പിണ്ടങ്ങളും മാത്രം. അതുകൊണ്ടുതന്നെ ആനകളുടെ സ്ഥിരംവഴികളിൽ ഒന്നാണ് ഇതെന്നതിന് ഒരു സംശയവുമില്ല. കുറച്ചുദൂരം കൂടി നടന്ന് കാടിെൻറ തോടുപൊളിച്ച് പറമ്പിക്കുളം റിസർവോയറിെൻറ തീരത്തെത്തി. മഞ്ഞിൽ കുതിർന്നുകിടന്ന ജലാശയത്തിൽ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചക്ക് ഞങ്ങൾ സാക്ഷ്യംവഹിച്ചു.
മുളകൾ കൂട്ടിക്കെട്ടിയ നീളമുള്ള ചങ്ങാടവുമായി മീൻപിടിക്കാൻ പോകുന്ന ഒരു ആദിവാസി കുടുംബം. അതിശയിപ്പിക്കുന്നതും ഒപ്പം തന്നെ ഭയാനകവുമായിരുന്നു ആ കാഴ്ച. ആ മുളം ചങ്ങാടത്തിെൻറ രണ്ടറ്റത്തുമായി അച്ഛനും അമ്മയും നടുക്കു അനുസരണയോടുകൂടി ഇരിക്കുന്ന ഒരു കൊച്ചുകുട്ടി, ഒന്നു കാലിടറിയാൽ ജലാശയത്തിൽ വീഴും. അറിയാതെ കാടിെൻറ മക്കളോടു അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്. ആ കാഴ്ച മനസ്സിലേക്ക് കൊണ്ടുവന്നത് ഉത്തരംകിട്ടാത്ത ഒരുപിടി ചോദ്യങ്ങളായിരുന്നു. നമ്മുടെ നാട്ടിലെ ഏതു കൊച്ചുകുട്ടിക്കാവും ചീങ്കണ്ണികളുള്ള ഇവിടെ ഇങ്ങനെ ഇരുന്നുപോകാൻ ? ഏതു മാതാപിതാക്കൾ മുതിരും ഇങ്ങനെ കുട്ടിയെ കൊണ്ടുപോകാൻ. കാമറയിൽനിന്നും മനസ്സിലേക്ക് പതിഞ്ഞ ആ കാഴ്ചയുടെ സന്തോഷത്തിൽ ഒന്നരമണിക്കൂറിെൻറ ട്രക്കിങ്ങിനുശേഷം തിരിച്ച് ഹണികോമ്പിൽ എത്തി. അവിടെനിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം ബാംബു റാഫ്റ്റിങ്ങിനായി പുറപ്പെട്ടു. നേരത്തേ കണ്ട പറമ്പിക്കുളം റിസർവോയറിെൻറ വേറൊരു ഭാഗത്താണ് ബാംബു റാഫ്റ്റിങ്. നീണ്ടുനിവർന്നുകിടക്കുന്ന ജലാശയത്തിൽ വലിയ മുളകൾ കൊണ്ട് ഉണ്ടാക്കിയ ചങ്ങാടങ്ങൾ, യന്ത്രവത്കൃത ബോട്ടുകൾ ജലാശയത്തെ മലിനമാക്കുന്നതുകൊണ്ട് ഇവിടെ ബോട്ടിങ്ങിനായി ഉപയോഗിക്കുന്നത് ഇൗ മുളം ചങ്ങാടങ്ങളാണ്! ഒാരോ ചങ്ങാടത്തിനും രണ്ടു തുഴച്ചിൽക്കാരും ഉണ്ട്. ആ കാടിെൻറ ഉള്ളിലെ മനോഹാരിത നുകരാൻ ഞങ്ങളും ചങ്ങാടത്തിൽകയറി യാത്രയാരംഭിച്ചു. തണുത്തുറഞ്ഞുകിടന്ന ആ ജലാശയത്തിൽ തുഴകൾ ഒാളങ്ങൾ സൃഷ്ടിച്ചു. അങ്ങ് അകലെയായി മഴക്കാലത്ത് മുങ്ങിപ്പോകുന്ന ചെറു തുരുത്തുകൾ, അതിൽ ഒരെണ്ണത്തിൽ മേഞ്ഞുനടക്കുന്ന കുറേ മാൻക്കൂട്ടങ്ങൾ, ശരിക്കും ഒരു ജാഥക്കുള്ള മാൻക്കൂട്ടങ്ങൾ, തുഴച്ചിലിെൻറ ശബ്ദംകേട്ട് അവൾ തിരിഞ്ഞുനോക്കി ഒരു പോസ് തന്നിട്ട് ഒരു കൂസലുമില്ലാതെ പുൽനാമ്പുകൾ വീണ്ടും ഭക്ഷിക്കാൻ തുടങ്ങി.
ഇൗ പരിസരത്ത് മരങ്ങൾ തീരെയില്ല. പച്ചവിരിച്ച പുൽേമടുകൾ നിറഞ്ഞ തുരുത്തുകൾ കെണ്ണത്താദൂരത്തോളം മലഞ്ചരിവുകൾക്ക് താഴെ മഞ്ഞിെൻറ കുഞ്ഞു കൂട്ടങ്ങൾ. തുഴച്ചിലിെൻറ ശബ്ദം ഒഴിച്ചാൽ മറ്റൊരു ശബ്ദവുമില്ല. എല്ലാം മറന്ന് ഒരു യാത്ര. അറിയാതെ ആ ജലാശയത്തിൽ അലിഞ്ഞുചേരുന്ന ഒരു അവസ്ഥ. ആ അവസ്ഥക്കൊടുവിൽ ഒരു മണിക്കൂർ നേരത്തെ ബാംബു റാഫ്റ്റിങ്ങിന് ശേഷം ഞങ്ങളുടെ ഒരുദിവസത്തെ പാക്കേജ് അവസാനിപ്പിച്ചു തിരിച്ച് ഹണികോമ്പിലെത്തി. അവിടന്ന് തിരികെവരാൻ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ലെങ്കിലും വരാതിരിക്കാൻ പറ്റില്ലല്ലോ.
പറമ്പിക്കുളം ബുക്കിങ്ങിന് : 09442201690
NB: താമസസൗകര്യം ബുക്ക് ചെയ്യുന്നവർ ഉച്ചക്ക് 12 മണിക്കും ജംഗിൾ സഫാരിക്കു പോകേണ്ടവർ രണ്ടു മണിക്കും മുമ്പ് എത്തിച്ചേരണം.
എങ്ങനെ എത്തിച്ചേരാം: തൃശൂർ, നെന്മാറ, ഗോവിന്ദ്പിള്ള, ആനമലൈ, സേതുമഡൈ- പറമ്പിക്കുളം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.