ഹിമാനിയിലേക്കൊരു യാത്ര

ഞങ്ങളുടെ 'റോക്കി മൗണ്ടന്‍' ടൂറിന്‍റെ ആറാം ദിവസമായിരുന്നു അന്ന്. കണ്ണടച്ചാലും തുറന്നാലും മുന്നില്‍ കനേഡിയന്‍ റോക്കി പര്‍വതനിരകള്‍, നീലത്തടാകങ്ങള്‍, ഒന്നിനേക്കാള്‍ മികച്ച മറ്റൊരു കാഴ്ച. കണ്ണുകളടയ്ക്കാന്‍തന്നെ ഭയം, അപ്പോള്‍ കാണേണ്ട എന്തെങ്കിലും കാണാതിരുന്നാലോ? ബസിലുണ്ടായിരുന്ന ടൂറിസ്റ്റുകളുടെ കാമറ മിക്കവാറും സമയം 'ക്ളിക്' ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അവിടത്തെ ഏതൊരു ദൃശ്യവും പടങ്ങളെ സുന്ദരമാക്കും. ഡിജിറ്റല്‍ കാമറ വന്നത് നന്നായി. സാധാരണ ഫിലിമായിരുന്നെങ്കില്‍ അഞ്ചു മിനിറ്റിനുള്ളില്‍ തീരുമായിരുന്നു. ഗൈഡ് അവിടെയുള്ള തടാകങ്ങളുടെ 'അക്വ ബ്ലൂ' നിറത്തിന്‍റെ രഹസ്യം പറഞ്ഞു. തടാകങ്ങളിലെ 'റോക്കി' പര്‍വതങ്ങളില്‍ നിന്നുള്ള പൊടിയില്‍ സൂര്യപ്രകാശം ചിതറും. അപ്പോള്‍ ലഭിക്കുന്നതാണ് ഈ പ്രത്യേക നീലനിറം.

അമേരിക്കയുടെ നാനാഭാഗത്തു നിന്നും പുറത്തു നിന്നും വന്ന 43 പേരുണ്ടായിരുന്നു ഞങ്ങളുടെ യാത്രാസംഘത്തില്‍. ബസ് ഐസ്ഫീല്‍ഡ് പാര്‍ക്വേയിലൂടെ ജാസ്പര്‍ നാഷനല്‍ പാര്‍ക്കിനെ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. കൊളംബിയ ഗ്ലേസിയറാണ് ലക്ഷ്യം. വഴിയില്‍ പല ഗ്ലേസിയേഴ്സ് ഗൈഡ് ചൂണ്ടിക്കാട്ടി. ഈ യാത്രയില്‍ അതുവരെ റോക്കി പര്‍വതനിരകള്‍ ഹെലികോപ്ടറിലും ബോട്ടിലും നടന്നും കണ്ടതേയുള്ളൂ. ഗേ്ളസിയര്‍ ഐസില്‍ നടക്കുന്നതാദ്യമായാണ്. വേനലിലും മഞ്ഞുമൂടിക്കിടക്കുന്ന പര്‍വതങ്ങള്‍. ദൂരെനിന്ന് നോക്കുമ്പോള്‍ സ്നോയും ഗ്ലേസിയറും തമ്മില്‍ തിരിച്ചറിയുന്നതെങ്ങനെ? ഗ്ലേസിയര്‍ ചാരനിറം കലര്‍ന്നതായിരിക്കും; സ്നോക്ക് വെള്ള നിറവും. വര്‍ഷങ്ങളായി വീണു കൊണ്ടിരിക്കുന്ന സ്നോ ഒരു ഘട്ടത്തില്‍ കംപ്രഷന്‍കൊണ്ട്, എയര്‍ ബബ്ള്‍സ് ഇല്ലാതായി ഐസ് ആയിത്തീരും. ഇതിനെയാണ് ഗ്ലേസിയര്‍ എന്നു വിളിക്കുന്നത്. പിന്നീട് ഇതിന്‍റെ മുകളില്‍ വീഴുന്ന സ്നോയും കാലക്രമേണ ഗ്ലേസിയറായി മാറുന്നു. മൈലുകളോളം വിസ്തീര്‍ണമുള്ള ഭീമാകാരമായൊരു ഗ്ലേസിയര്‍ മുന്നോട്ടുനീങ്ങുമ്പോള്‍ അതു കടന്നുപോകുന്ന സ്ഥലത്തെ പാറകളും മണ്ണും കൂടെ കൊണ്ടു പോകുന്നു. ഭൂപ്രകൃതിതന്നെ മാറ്റിയെടുക്കും. താപനില കൂടുമ്പോള്‍ ഗേ്ളസിയര്‍ ഉരുകുകയും പാറകളും മണലും അവിടെത്തന്നെ ശേഷിക്കുകയും ചെയ്യുന്നു. ഇതിനെ ഫ്രോണ്ടല്‍ മൊറൈന്‍ എന്നു വിളിക്കും.

വശങ്ങളിലെ ഡെബ്രിയെ ലാറ്ററല്‍ മൊറൈന്‍ എന്നും ഗ്ലേസിയറിന്‍റെ പിറകില്‍ അവശേഷിക്കുന്ന ഡെബ്രിയെ 'ടെര്‍മിനല്‍ മൊറൈന്‍' എന്നും വിളിക്കും. ഗുരുത്വാകര്‍ഷണം മൂലമാണ് ഗ്ലേസിയര്‍ മുന്നോട്ട് വളരുന്നത്. ചിലപ്പോള്‍ ഗ്ലേസിയേഴ്സ് മുന്നോട്ടുവരുമ്പോള്‍ മണ്ണു മാറി ബേസിന്‍ ആവുകയും ഉരുകി പിന്നോട്ടുവരുമ്പോള്‍ ബേസിനില്‍ ഗേ്ളസിയര്‍ ഉരുകുന്ന വെള്ളം നിറഞ്ഞ് തടാകം ഉണ്ടാകുകയും ചെയ്യുന്നു. ഞങ്ങള്‍ ഹൈക്കിങ്ങിന് പോയപ്പോള്‍ ഗൈഡ് അടുത്തടുത്ത് രണ്ടു ഗ്ലേസിയര്‍ കാട്ടിത്തന്നു. മൂന്നാമതൊരു ഗ്ലേസിയര്‍കൂടി അവിടെയുണ്ടായിരുന്നു. താപനില വര്‍ധിച്ചതിന്‍റെ ഫലമായി നാലുവര്‍ഷം മുമ്പ് ആഗസ്റ്റ് മാസത്തില്‍ പിടിച്ചിരുന്ന പാറയില്‍നിന്നു വിട്ടുപോയി മുന്നിലുള്ള തടാകത്തില്‍ വലിയ ശബ്ദത്തോടെ പതിച്ചു. തടാകത്തിലെ ജലനിരപ്പ് ഉയരുകയും സമീപത്തുള്ള, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടംവരെ വെള്ളം കയറുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ പാര്‍ക്കില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപായം സംഭവിച്ചില്ല. പാറയില്‍ ലൈക്കന്‍സിന് വളരാന്‍ അധികസമയം ലഭിക്കാത്തതിനാല്‍ ഗേ്ളസിയര്‍ ഇരുന്നയിടം മറ്റുള്ള പാറകളെ അപേക്ഷിച്ച് നിറം മാറിയിരിക്കുന്നു.


കൊളംബിയ ഐസ്ഫീല്‍ഡ് കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയും ആല്‍ബെര്‍ട്ടയും ബോര്‍ഡര്‍ ചെയ്തുകിടക്കുന്നു. ഏകദേശം 325 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണവും 100 കിലോമീറ്റര്‍ ആഴവുമുണ്ട്. ഒരു വര്‍ഷം ഏകദേശം ഏഴ് മീറ്റര്‍ മഞ്ഞുപെയ്യും. കൊളംബിയ ഗ്ലേസിയര്‍ ഉള്‍പ്പെടെ വേറെ ഏഴ് ഗ്ലേസിയേഴ്സ് കൊളംബിയ ഐസ്ഫീല്‍ഡിലുണ്ട്. ഉച്ചതിരിഞ്ഞാണ് ബസ് കൊളംബിയ ഐസ്ഫീല്‍ഡിന്‍റെ വിസിറ്റേഴ്സ് സെന്‍ററില്‍ എത്തിയത്. അവിടെനിന്നു നോക്കുമ്പോള്‍ ആളുകളെ കൊളംബിയ ഗ്ലേസിയറില്‍ കൊണ്ടുപോകുന്ന ഐസ് എക്സ്പ്ലോറേഴ്സ് ഒരു പൊട്ടുപോലെയും കൊളംബിയ ഗ്ലേസിയറും കാണാം. ഗൈഡിന്‍റെ ചെറുപ്പത്തില്‍ ഗ്ലേസിയറിന്‍റെ മുന്‍ഭാഗം ഏകദേശം റോഡ് വരെ വരുമായിരുന്നു -ഗൈഡ് പറഞ്ഞു. പില്‍ക്കാലത്ത് താപനില വര്‍ധിച്ചപ്പോള്‍ ഉരുകി ചെറുതായതാണ്. കൊളംബിയ ഐസ്ഫീല്‍ഡ് ജാസ്പര്‍ നാഷനല്‍ പാര്‍ക്കിന്റെയും ബാന്‍ഫ് നാഷനല്‍ പാര്‍ക്കിന്റെയും ഇടക്കായി കിടക്കുന്നു. മൂന്ന് കോണ്ടിനെന്റല്‍ ഡിവൈഡേഴ്സ് കൂടിച്ചേരുന്നയിടമാണ്. എന്നുവെച്ചാല്‍, അവിടെനിന്നുള്ള വെള്ളം ആര്‍ട്ടിക് സമുദ്രത്തിലോ അത് ലാന്‍റിക് സമുദ്രത്തിലോ പസഫിക് സമുദ്രത്തിലോ എത്തിച്ചേരാം.


ഐസ്ഫീല്‍ഡില്‍ ഓടിക്കുന്ന ബസുകള്‍ എല്ലാം ബ്രൂസ്റ്റര്‍ എന്ന കമ്പനി വകയാണ്. നീല നിറത്തിലൊരു ബസ് വന്നു. ഞങ്ങള്‍ അതില്‍ കയറി. ഒരുകാലത്ത് കൊളംബിയ ഗ്ലേസിയറിന്‍റെ ഫ്രോണ്ടല്‍ മൊറൈന്‍ വിസിറ്റേഴ്സ് സെന്റര്‍ വരെ എത്തിയിരുന്നു. വിസിറ്റേഴ്സ് സെന്‍ററിന്‍റെ പടികളുടെ സമീപമുള്ള വലിയ ഉരുളന്‍കല്ലുകള്‍ കാട്ടി ബസ് ഡ്രൈവര്‍ പറഞ്ഞു, അവിടെയുള്ളൊരു ചെറിയ തടാകം ഗ്ലേസിയര്‍ ഉരുകിയുണ്ടായതാണ്. ബസ് താറിട്ട വഴിവിട്ട് ഗ്രാവല്‍ ഇട്ട വഴി കയറി ഒരു പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തി. ഇനിയും അവശേഷിക്കുന്ന യാത്ര പ്രത്യേക ഐസ് എക്സ്പ്ലോളര്‍ വഴിയാണ്. അതും ബ്രൂസ്റ്റര്‍ കമ്പനിയുടേതുതന്നെ. ഞങ്ങളുടെ ഗ്രൂപ് 43 പേരും അതില്‍ കയറി. ബസുകള്‍ ഓടിക്കുന്നതെല്ലാം പെണ്‍കുട്ടികളാണെന്നു ശ്രദ്ധിച്ചു. ഇവിടെയും അലാസ്കയിലുമായി ഇത്തരത്തിലുള്ള 23 ബസുകളാണ് കമ്പനിക്ക് സ്വന്തമായുള്ളത്.

ഐസില്‍ ഓടിക്കാന്‍തക്കവണ്ണം നല്ല ഗ്രിപ്പുള്ള ഭീമാകാരമായ ടയറുകള്‍ ഓരോ ബസിനും ആറെണ്ണം വീതമുണ്ട്. ഓരോ ടയറിനും 5000 ഡോളര്‍ വിലയുണ്ട്. അവിടെനിന്ന് അധികദൂരത്തിലല്ല കൊളംബിയ ഗ്ലേസിയര്‍. ബസ് ഗ്ലേസിയറില്‍ കയറുന്നതിനുമുമ്പായി വഴി അല്‍പം കഴിഞ്ഞ് അതില്‍ വെള്ളം നിറച്ചിരിക്കുന്നു. ബസ് ഈ വെള്ളത്തിലൂടെ പോകണം. ചരല്‍ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ടയറില്‍ പിടിച്ചിരിക്കുന്ന ചെറിയകല്ലുകളും ചളിയും കഴുകിക്കളയാനാണ് വെള്ളത്തിലൂടെ സഞ്ചരിക്കുന്നത്. കഴുകിക്കളഞ്ഞില്ലെങ്കില്‍ ചളി ഗ്ലേസിയറിന്‍റെ നിറം മാറ്റും. ഗ്ലേസിയര്‍ വെള്ളമെടുക്കാന്‍ ഒരു കാലിക്കുപ്പി കൊണ്ടുപോകാന്‍ ടൂറിസ്റ്റുകള്‍ക്ക് അനുവാദമുണ്ട്. ഗേ്ളസിയറിലെ കാലാവസ്ഥ ഒരിക്കലും പ്രവചിക്കാന്‍ സാധ്യമല്ല. ചിലപ്പോള്‍ നല്ല കാറ്റും തണുപ്പുമാകാം. എന്തു കാലാവസ്ഥയായാലും അതിനെ നേരിടാന്‍ ഞങ്ങള്‍ തയാറായിരുന്നു.

കൊളംബിയ ഐസ്ഫീല്‍ഡിൽ ലേഖിക റീനി മമ്പലം
 

ബസിന്‍റെ വേഗം കുറഞ്ഞു. 'ഇപ്പോള്‍ നിങ്ങള്‍ ഐസിലൂടെയാണ് സഞ്ചരിക്കുന്നത്' -ബസ് ഡ്രൈവര്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഐസ് എക്സ്പ്ലോളര്‍ ഹിമാനിയില്‍ എത്തി. അവിടെ മരംകൊണ്ടുള്ള രണ്ട് കസേരകള്‍ ഇട്ടിരിക്കുന്നു. അടുത്തുതന്നെ കാനഡയുടെ കൊടി പാറുന്നു. അങ്ങോട്ട് സമീപിക്കാനേ പറ്റില്ല. കൗമാരക്കാരുടെ കൈയില്‍ സെല്‍ഫിസ്റ്റിക്കുണ്ട്. ചൈനീസ് ആള്‍ക്കാര്‍ കനേഡിയന്‍ കൊടിയുടെ മുന്നില്‍നിന്ന് ഫോട്ടോയെടുക്കുകയാണ്. ചൈനക്കാര്‍ ആയിരിക്കണം. അമേരിക്കന്‍ കൗമാരക്കാര്‍ക്ക് കൊടിയോടും സെഫിസ്റ്റിക്കിനോടും ഇത്ര ആവേശം കണ്ടിട്ടില്ല. കണ്ണെത്താദൂരം കിടക്കുന്ന ഐസ് പാടം. മനസ്സില്‍ ഹിമപുഷ്പങ്ങള്‍ വിരിഞ്ഞു. 15 മിനിറ്റാണ് നടക്കാന്‍ തന്നിരിക്കുന്നത്. ഞങ്ങള്‍ ബസില്‍നിന്നിറങ്ങി. ഏകദേശം 1200 അടി കട്ടിയുള്ള ഐസിന്‍റെ മുകളിലാണിപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത്. അവാച്യമായൊരു നിര്‍വൃതി എന്നെ പൊതിഞ്ഞു. ആളുകള്‍ക്ക് നടക്കാനുള്ള സ്ഥലം റിബണ്‍ വലിച്ചുകെട്ടി തിരിച്ചിരിക്കുന്നു.

ഐസ് എന്നു കേട്ടപ്പോള്‍ ഗ്ലാസ് പോലെ കിടക്കുന്ന ഐസാണ് മനസ്സിലെത്തിയത്. ശ്രദ്ധാപൂര്‍വം ചുവടുകള്‍ വെച്ചു. ഒന്ന്... രണ്ട്... മൂന്ന്... തെന്നിയില്ല, വീഴില്ല എന്നുറപ്പുവരുത്തി. ഗ്ലാസ്പോലെയുള്ള ഐസിലൂടെ എങ്ങനെ സാധാരണ സ്നീക്കര്‍ ഇട്ടുകൊണ്ട് നടക്കുമെന്ന ചിന്തയായിരുന്നെനിക്ക്. എന്‍റെ ഭീതി ഒരു സുഹൃത്തുമായി പങ്കുവെച്ചപ്പോള്‍, എങ്ങനെയെന്നറിയില്ല ഗ്ലേസിയര്‍ ഐസ് പരുപരുത്തതാണെന്നും അതിനാല്‍ തെന്നിവീഴില്ല എന്നും ധൈര്യപ്പെടുത്തി. സുഹൃത്ത് അലാസ്കയില്‍ ഗേ്ളസിയറിനുമീതെ നടന്നിട്ടുണ്ട്. എര്‍ത്ത് മൂവര്‍ പോലുള്ളൊരു യന്ത്രം അതിന്റെ കൈകള്‍കൊണ്ട് ഐസില്‍ തുടര്‍ച്ചയായി ചുരണ്ടുന്നത് ശ്രദ്ധിച്ചു. ഇങ്ങനെ ചെയ്യുമ്പോള്‍ ഐസ് പരുപരുത്തതാകുന്നു. ആളുകള്‍ക്ക് നടക്കാനും എളുപ്പമാണ്. ഉരുകുന്ന ഐസിന് ഒരുതരം നീലനിറമാണ്. അതില്‍ ചവിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഗ്ലേസിയറുകളില്‍ അഗാധമായ വിള്ളല്‍ ഉണ്ടാകാറുണ്ട്. അതില്‍ അബദ്ധത്തില്‍ വീണ് മരിച്ചവരും ഉണ്ട്. അതിനാല്‍ അവര്‍ കാണിച്ചിരിക്കുന്ന പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ.

ഞങ്ങള്‍ക്ക് ആഹ്ലാദവും ആവേശവും കയറി. അധികം കാറ്റും തണുപ്പുമില്ല. ഗ്ലേസിയര്‍ ഉരുകി ഒരു വശത്തുകൂടി ഒലിച്ചുപോകുന്ന ജലം കൈയില്‍ കരുതിയിരുന്ന കുപ്പിയില്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. അരുവിക്ക് അധികം ആഴമില്ലെങ്കിലും ഞാനിട്ടിരുന്ന ജാക്കറ്റില്‍ ജേക്കബ് പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. അബദ്ധവശാല്‍ അരുവിയിലെ ഐസ് വെള്ളത്തില്‍ വീണുപോയാലോ? അവസാനം വെള്ളമെടുക്കാന്‍ ജേക്കബ് എന്‍റെ സഹായത്തിനെത്തി. ഗ്ലേസിയര്‍ വെള്ളം കുപ്പികളിലാക്കി കുടിവെള്ളമായി കടകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കും. ഐസില്‍ കുറച്ചു തെന്നുന്നുണ്ട്, സ്നോയില്‍ നടന്നു പരിചയമില്ലാത്തതിനാലാകും. സ്നോ പെയ്യുമ്പോള്‍ വീടിനുള്ളിലിരുന്ന് കുറ്റിച്ചെടികളിലും മരങ്ങളിലും വീഴുന്ന സ്നോയുടെ ഭംഗി ആസ്വദിച്ചിട്ടേയുള്ളൂ.

സ്കീയിങ്ങും സ്കേറ്റിങ്ങും ജീവതത്തില്‍ ഇന്നേവരെ ചെയ്തിട്ടില്ല. ഉരുകിപ്പോയ ഐസ് അരുവിയായി ഒഴുകുന്നത് ചാടിക്കടന്നുവേണം മറുവശത്തെത്താന്‍. ഭയം തോന്നി. ഞാന്‍ ഭര്‍ത്താവിന്‍റെ കൈകളില്‍ മുറുകെപിടിച്ച് അരുവി ചാടിക്കിടന്നു. സഹയാത്രികര്‍ ബസില്‍ തിരികെ കയറുന്നത് കണ്ടു. മടങ്ങാന്‍ സമയമായിരിക്കുന്നു. ഞങ്ങളും ബസില്‍ കയറി. എല്ലാവരും കയറിയപ്പോള്‍ ബസ് നീങ്ങിത്തുടങ്ങി. ഞങ്ങള്‍ ഗ്ലേസിയറിനോട് വിടപറഞ്ഞു. തിരികെ വരാന്‍ സാധ്യത കുറവാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ.
Tags:    
News Summary - rocky mountain tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.