അധികമാരും കടന്നു ചെല്ലാത്തൊരു ഇടത്തിലേക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ യാത്ര. കേരള ടൂറിസം/വനം വകുപ്പുകൾ പ്രത്യേക പരിഗണനയോടെ സഞ്ചാരികളെ ആകർഷിക്കുന്ന ‘പാണിയേലി പോര്’ കാണാൻ. സ്ഥലപ്പേരു പോലെ തന്നെ ഏറെ ആകർഷകമാണ് ഈ വനപ്രദേശവും ചിന്നിച്ചിതറിയൊഴുകുന്ന പെരിയാറിന്റെ സൗന്ദര്യവും.
തൃശൂരിൽനിന്നും ഏകദേശം രണ്ടു മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പോരിന്റെ പ്രവേശന കവാടത്തിലെത്തിച്ചേരും. അവിടെ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരം വനത്തിനുള്ളിലൂടെ പെരിയാർ നദിയുടെ തീരത്തുകൂടെ നടന്നാൽ പോരിന്നടുത്തെത്താം. മനോഹരമായ ഒരു നീണ്ട പകൽയാത്ര! കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലം. മുതിർന്നവർക്കും കുട്ടികൾക്കും വെള്ളത്തിൽ കളിക്കാനും, കുളിക്കാനും പച്ചപ്പും തണലും തന്ന് പ്രകൃതിയാൽ അനുഗ്രഹീതമായ പ്രദേശം. ഏതു ഋതുക്കളിലും കളകളാരവം പരത്തി തെളിനീരിനാൽ ഒഴുകിക്കൊണ്ടിരിക്കുന്ന പെരിയാറിന്റെ തീരം. സന്ദർശകർക്കായി പുഴയോരത്തോട് ചേർന്ന് ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും കാവൽമാടങ്ങളും ഒരുക്കി കാത്തിരിക്കുന്നു.
പാറക്കൂട്ടങ്ങൾ മൂലം പെരിയാറിന്റെ ഇവിടത്തെ ഒഴുക്കിന് പ്രകൃതിദത്തമായി ഉണ്ടായ തടസ്സങ്ങൾ മൂലം പുഴ പല കൈവഴികളായി തിരിഞ്ഞ് മൂന്ന് ഇടങ്ങളിൽ നിന്നും ഒഴുകിയെത്തി ഒന്നായിച്ചേരുന്ന സ്ഥലമാണ് പാണിയേലി പോര്. പാറക്കൂട്ടങ്ങൾക്ക് തൊട്ടുമുമ്പ് വരെ ആഴവും വീതിയുമുള്ള പെരിയാർ വലിയ പാറകളിലെ ചില ഇടുങ്ങിയ വിള്ളലുകളിലൂടെ ഒഴുകാനും, ആഴം കുറഞ്ഞ പാറകൾക്ക് മുകളിലൂടെ ഒഴുകാനും നിർബന്ധിതമാകുന്നു, ഇത് വെള്ളപ്പാച്ചലിന്റെ വേഗത വർദ്ധിപ്പിക്കുകയും വലിയ പ്രക്ഷുബ്ധത സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ പ്രക്ഷുബ്ധത ഉപരിതലത്തിൽ ദൃശ്യമാകില്ല. പോര് എന്ന വാക്കിന്റെ കൃത്യമായ അർഥത്തിൽ ഒരു വെള്ളച്ചാട്ട ലക്ഷ്യസ്ഥാനമില്ലെങ്കിലും, വെള്ളവും ഒഴുക്കും പാറകളും ചുറ്റുപാടുമുള്ള പച്ചപ്പും ചേർന്ന് പാണിയേലി പോരിനെ മനോഹരമാക്കുന്നുണ്ട്.
പെരുമ്പാവൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ മലയാറ്റൂർ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് സന്ദർശകരെ വിസ്മയിപ്പിക്കുന്ന ഒരു ഭാവമാണ്. മുന്നോട്ടു ഒഴുകുന്ന വെള്ളം സമീപത്തെ വനത്തിലെ പക്ഷികളുടെ ചിലച്ചകളോടൊപ്പം ഒരു സിംഫണി ഉണ്ടാക്കുന്നു. പ്രകൃതിയുടെ മഹത്വത്തെ സ്നേഹിക്കുന്നവർക്ക് ഇത് തീർച്ചയായും ഒരു വശീകരണ സ്ഥലമാണ്. ആന, മാൻ, കാട്ടുപോത്ത് തുടങ്ങി ധാരാളം വന്യ മൃഗങ്ങളും വിവിധ തരം പക്ഷികളും ഉൾക്കാടുകളിൽ നിന്നും ഇവിടെക്ക് ഇറങ്ങി വരാറുണ്ടു.
വഴുവഴുപ്പുള്ള പാറകൾക്ക് മുകളിലൂടെ നടക്കുമ്പോഴും, ഒഴുക്കുള്ള ഇടങ്ങളിൽ കുളിക്കാനും കളിക്കാനും ഇറങ്ങുമ്പോഴും നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി അപകട മരണങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ളതിനാൽ ഇവിടം സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 90 ലേറെ മരണങ്ങളാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ സംഭവിച്ചതത്രെ! വഴുതി വീണ് തലക്കും കൈകാലുകൾക്കും സാരമായി പരിക്കുകൾ സംഭവിക്കുന്ന കേസുകളും സാധാരണയായിരുന്നു.
എന്നാൽ, നിലവിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മുടെ ടൂറിസം വകുപ്പ് മുന്നറിയിപ്പ് ബോർഡുകളും ‘വന സംരക്ഷണ സമതി’യുടെ ലോക്കൽ ഗാർഡുകളെയും ധാരാളം വിന്യസിച്ചിട്ടുള്ളതിനാൽ സുരക്ഷയും ശുചിത്വവും കൃത്യമായി പരിപാലിക്കപ്പെടുന്ന ഈ എക്കോ ടൂറിസ്റ്റ് കേന്ദ്രം വൈകിട്ട് അഞ്ചു മണി വരെ മാത്രമാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. വാഹന പാർക്കിങ്ങിനും പ്രവേശനത്തിനും ചെറിയ തുക ഈടാക്കുന്നു.
ഇതുവഴി പോകാം
പെരുമ്പാവൂരിൽ നിന്ന് കുറുപ്പംപടി, മനയ്ക്കപ്പടി, വേങ്ങൂർ, കൊമ്പനാട്, ക്രാരിയേലി തെക്കേക്കവല എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പാണിയേലിയിലെത്തിച്ചേരാം. വനം വകുപ്പിന്റെ കൗണ്ടറിൽ നിന്ന് പാസ് മൂലമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമീപത്തായുള്ള വനം വകുപ്പ് ചെക്ക് പോസ്റ്റ് വരെയാണ് വാഹനങ്ങൾക്കു പ്രവേശനം. കോതമംഗലത്തുനിന്നും ഓടക്കാലിയിൽ നിന്നുതിരിഞ്ഞ് ഓടക്കാലികവലയിലൂടെ മേയക്കപ്പാലയെത്താം. ഇവിടെ നിന്ന് ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ച് പാണീയേലിപോരിൽ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.