നമുക്ക് ചോയിച്ച് ചോയിച്ച് പോകാം പെണ്ണുങ്ങളേ...

'എന്തിനാണിപ്പോ ഒറ്റയ്​ക്ക് യാത്ര പോകുന്നത് ..., പെണ്ണുങ്ങളങ്ങനെ ഒറ്റയ്​ക്കൊന്നും പോകാൻ പാടില്ല...
നിലവിലെ സാമൂഹിക ചുറ്റുപാടൊന്നും അല്ല കാരണം. വിഷയം മതപരമാണ്​. അതാണു മുഖ്യം. പെണ്ണിനു തനിച്ച് യാത്ര ചെയ്യാൻ മതവിധി ഇല്ല. രക്തബന്ധുവായ, വിവാഹം നിഷിദ്ധമായ ഒരു പുരുഷൻ ഉണ്ടാകണം പെണ്ണിൻെറ രക്ഷാധികാരിയായി....'

പുരുഷനാൽ നിർവചിച്ച് നിയമമാക്കിയ ഈ വിധിവിലക്കിനെ പുരുഷന്മാർ തന്നെ നേതൃത്വം നൽകുന്ന ട്രാവൽ ഏജൻസികൾ എങ്ങനെയാണു മറികടന്നിരുന്നത് എന്നറിഞ്ഞാൽ തലതല്ലി ചിരിച്ച് ചാകും. എല്ലാ ഹജ്ജ്, ഉംറ ട്രാവൽ ഗ്രൂപ്പുകളും ഒരു പരിചയമോ ബന്ധമോ ഇല്ലാത്ത പുരുഷന്മാരെയായിരുന്നു പെണ്ണിന്റെ രക്ഷാധികാരിയായി ഒപ്പിച്ച് തരിക. അതിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ ചേരി തിരിവൊന്നുമില്ല. പണമാണു അവിടെ പ്രധാനം. ഈ അടുത്ത കാലത്താണ്​ സൗദി ഗവർമെന്റ് നിയമം പരിഷ്​കരിച്ചത്​. ഇപ്പോൾ സ്ത്രീകൾക്ക് പുരുഷന്റെ രക്ഷാധികാരമില്ലാതെ ഒറ്റയ്​ക്ക് ഹജ്ജിനും ഉംറയ്​ക്കും പോകാനുള്ള അനുമതിയുണ്ട്. കാലത്തിനനുസരിച്ച് എല്ലാം പുനർവായന ചെയ്യപ്പെടേണ്ടതുണ്ടെന്നതല്ലേ ശരി...?

നാനാ ജാതി എതിർപ്പുകൾക്കിടയിൽ നിന്നും ഒരു പെണ്ണിന്റെ യാത്രയുണ്ടാകുന്നു എതെന്നതാണ്​ ആ യാത്രകളുടെ ഏറ്റവും വലിയ സൗന്ദര്യം

ഇങ്ങനെയുള്ള നാനാ ജാതി എതിർപ്പുകൾക്കും ഇടയിൽ നിന്നാണു ഒരു പെണ്ണിന്റെ യാത്രകൾ ഉണ്ടാകുന്നത് എന്നതാണു ആ യാത്രകളുടെ ഏറ്റവും വലിയ സൗന്ദര്യം. അത് മാത്രം മതി ആ യാത്രകളെ പറ്റി നിർവചിക്കാൻ. ഒരുപാട് ഡെക്കറേഷനുകൾ ഒന്നും വേണ്ട. ആരോടും മിണ്ടാണ്ട് ഒറ്റയ്​ക്കുള്ള ഈ ഇറങ്ങിപ്പോകലുകൾക്ക് അതുകൊണ്ടു തന്നെ ഭയങ്കര രസാണ്​. നിയമങ്ങളുടെയും അധികാരങ്ങളുടെയും മണ്ടക്കുള്ള അടി. 'അവളവളുടെ മനസ്സിന്റേയും ശരീരത്തിന്റേയും പൂർണാവകാശം അവളവൾക്കു തന്നെയാണ്​' എന്ന പ്രഖ്യാപനം.. ഭാര്യ അമ്മ മകൾ സഹോദരി എന്നീ നിലയിലുള്ള എല്ലാ കർത്തവ്യങ്ങളും നിർവഹിക്കുന്നതിന്റെ ഇടയിൽ അവളവൾക്ക് വേണ്ടി കുറച്ച് സമയം. അതുണ്ടാക്കുന്ന ഊർജ്ജം കുറച്ചൊന്നുമല്ല. ജീവിച്ചിരിക്കുന്നു എന്ന്​ ഉറക്കെ വിളിച്ചങ്ങ്​ പറച്ചിലാണത്.

കെതിപ്പിക്കുന്ന ബീച്ചുകളാണ്​ പോണ്ടിച്ചേരിയിലേക്ക്​ വല്ലാതെ ആകർഷിക്കുന്നത്​...


'ഞാൻ പോണ്ടിച്ചേരി പോണു...' എന്ന് പറയുമ്പോഴും എങ്ങനെ, എപ്പോ, എന്നൊന്നും ഒരു ഊഹവും ഇല്ലായിരുന്നു. പൊടുന്നനെയുള്ള ഇത്തരം വെളിപാടുകൾക്കും ഉണ്ടൊരു രസം. ചോയിച്ച് ചോയ്ച്ച് പോകാമെന്നുള്ള ഉറപ്പ്. ഭാഷ എന്നത് ആശയ വിനിമയത്തിനു മാത്രമുള്ള ഉപാധി ആയി ചുരുങ്ങുമ്പോൾ അവനവന്റെ കൈയിലുള്ളത് ധാരാളം എന്ന രസകരമായ ഉറപ്പ്.

രാജ്യത്ത് ഉടനീളം ഉള്ള ബാക് പാക്കേഴ്​സ് ഹോസ്റ്റലായ Aao ഹോസ്റ്റലുകളുമായ് ബന്ധം ഉണ്ടാക്കുക എന്ന ആഗ്രഹത്തോട് കൂടിയാണു പോണ്ടിച്ചേരിയിൽ അവരുടെ ഹോസ്​റ്റൽ ബുക്ക് ചെയ്തത്. ഈ സോളോ അങ്ങ് സ്ഥിരം ഏർപ്പാടാക്കിയാലോ എന്ന ഗൂഢമായ ഉദ്ദേശവും കൂടി അതിന്റെ പിന്നിൽ ഉണ്ടായിരുന്നു. കൂടാതെ മറ്റ് ബാക് പാകേഴ്​സുമായി കൂട്ടുകൂടുകയും ചെയ്യാം. പക്ഷേ, ഇടക്ക് വെച്ച് വയർ പണി തന്നതിനാൽ ഹോസ്​റ്റൽ ബുക്കിങ്ങ് കാൻസൽ ചെയ്ത് അടുത്ത് തന്നെയുള്ള ഹോട്ടലിൽ റൂമെടുത്തു.

ബംഗളൂരുവിൽ നിന്നുള്ള കെ.എസ്‌.ആർ.ടി.സി ബസ് പുലർച്ചെ പോണ്ടിച്ചേരിയിൽ എത്തും. പാളയം ബസ് സ്റ്റാൻഡ്​ പോലെ തിക്കും തിരക്കും. ഇരുട്ടത്ത് സ്റ്റാൻഡിലിറങ്ങി ഹോട്ടലിലേക്ക് വിളിച്ചപ്പോൾ അവർ വഴി പറഞ്ഞുതന്നു. ഹിന്ദിയും തമിഴും ഒക്കെ കൂട്ടിച്ചേർത്ത്​ റിസപ്ഷനിസ്റ്റ് പറഞ്ഞ് തന്നതനുസരിച്ച് റോഡ് ക്രോസ് ചെയ്ത് അടുത്ത് കാണുന്ന ഗലിയിലൂടെ മുന്നോട്ട് നടന്ന് ഒരു വളവ് തിരിഞ്ഞപ്പോൾ ഹോട്ടലായി. എട്ട് മണി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങി.

ബസിൽ ജാസി ഗിഫ്റ്റ് ലജ്ജാവതിയേ...' പാടി തകർക്കുന്നു.

ഒറ്റ ദിവസമേയുള്ളു ആകെ ഇവിടെ. ഓടിപ്പാഞ്ഞ് കാണാനൊന്നും ആദ്യമേ എനിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. പോണ്ടിച്ചേരി കാണുക എന്നതിനൊപ്പം തന്നെ നീണ്ടൊരു ഇടവേളക്ക് ശേഷം പുനരാരംഭിച്ച എന്റെ സോളോ യാത്രകളെ പരമാവധി ജീവസ്സുറ്റതാക്കുകയും അവനവനിൽ ഉള്ള ആ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നത് കൂടിയായിരുന്നു യാത്രയുടെ ലക്ഷ്യം.

ടൂ വീലറുകൾ വാടകക്ക് കിട്ടും പോണ്ടിച്ചേരിയിൽ. രണ്ട് പേരുണ്ടെങ്കിൽ അത് സൗകര്യമാണ്​. ഒറ്റയ്​ക്കാകുമ്പോൾ ബസാണു സേഫ്​. സ്റ്റാൻഡിലെത്തി 'ആരോവില്ല പോവറുതുക്ക് ബസ് എങ്കൈ കെടക്കും അണ്ണാ..?' എന്ന് ചോദിച്ചപ്പോൾ ആ ചേട്ടനൊരു ചിരി. എന്റെ തമിഴ് പേശ് കേട്ടിട്ടാണാ ചിരിയെന്ന് നിജമാക്കും.

യാത്രക്കാരെ കാത്തിരിക്കുന്ന പോണ്ടിച്ചേരിയിലെ തെരുവുകൾ....

'തമിഴ്​ പേശറുതുക്ക് തെരിയും, ആനാൽ തമിഴ് എഴുതാനും വായിക്കാനും പുരിയിലൈ അണ്ണാ..' എന്ന് കൈ മലർത്തി. അയാൾ ചൂണ്ടിക്കാണിച്ച് തന്ന ബസിൽ പോയി കയറി ആരോവില്ല സ്റ്റോപ്പ് എത്തിയാൽ പറയണമെന്ന് കണ്ടക്ടറോട് പറഞ്ഞേൽപിച്ച് സീറ്റിൽ പോയിരുന്നു. ബസിൽ ജാസി ഗിഫ്റ്റ് ലജ്ജാവതിയേ...' പാടി തകർക്കുന്നു. ഇത് ഞങ്ങളുടെ നാട്ടിലെ പാട്ടെന്ന് ഞാൻ അടുത്തിരുന്ന സ്ത്രീയോട് പറഞ്ഞപ്പോൾ അവർക്കറിയാമെന്നും അവർക്കൊരു മലയാളി കൂട്ടുകാരിയുണ്ടെന്നും മറുപടി. അവർക്ക് ആരോവില്ലയിലെ ഒരു ഷോപ്പിലാണു ജോലി. അതുപോലുള്ള ഒരുപാട് പെണ്ണുങ്ങളെ ആരോവില്ലയിലെ വിവിധ ഷോപ്പുകളിലും കഫേകളിലും ഒക്കെ കണ്ടു. ഒരേ പോലെ നീലസാരിയിൽ വെള്ളയും മറൂണും പൂക്കളുള്ള സാരിയുടുത്ത ഊർജ്ജസ്വലരായ മിടുക്കിപ്പെണ്ണുങ്ങൾ.

1968 ലാണു 'ആരോവില്ല' എന്ന പരീക്ഷണ സമുദായം ( Experimental Community) നിലവിൽ വരുന്നത്. ഫ്രഞ്ചുകാരിയായ റേച്ചൽ മീരാ അൽഫാസ എന്ന വ്യക്തിയാണ്​ ഈ ആശയത്തിനു രൂപം കൊടുക്കുന്നത്. ഗുരു അരബിന്ദോയുടെ ശിഷ്യയായിരുന്നു അവർ. 1872 ൽ കൊൽക്കത്തയിൽജനിച്ച് കേംബ്രിഡ്ജിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ശ്രീ അരബിന്ദോ ബ്രിട്ടീഷുകാർക്കെതിരെ 'ഗോ ഹോം ബ്രിട്ടീഷ്' എന്ന സമരം നയിക്കുകയും അറസ്റ്റിനെ തുടർന്ന് 1908 ൽ പോണ്ടിച്ചേരിയിൽ രാഷ്ട്രീയാഭയം തേടുകയുമായിരുന്നു. പിന്നീട്​ രാഷ്ട്രീയ നേതാവിൽനിന്നും ആത്മീയ ഗുരു എന്ന നിലയിലേക്ക്​ അദ്ദേഹം വളർന്നു. അദ്ദേഹത്തിന്റെ ആത്മീയാദർശങ്ങളിൽ ആകൃഷടയായി അരബി​േന്ദായുടെ മരണശേഷമാണ്​ മീര അൽഫാസ 'ആരോവില്ല' സ്ഥാപിക്കുന്നത്. ദേശം, ഭാഷ, വർണം, മതം എന്നിവക്കൊക്കെ അതീതമായി മാനവിക ഐക്യം എന്നതാണ് 'ആരോവില്ല'യുടെ അടിസ്ഥാനം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമര മുത്തശ്ശിയുടെ വേരുകൾക്കിടയിൽ ധ്യാനത്തിൽ മുഴുകിയിരിക്കുകയാണ്​ വിദേശ ടൂറിസ്റ്റുകൾ

ആരോവില്ല സ്റ്റോപ്പിൽ ഇറങ്ങി ഓ​ട്ടോ പിടിക്കണം.‌ എട്ട്​ കിലോമീറ്റർ ഉണ്ട് അവിടുന്നങ്ങോട്ട്. വിദേശികളൊക്കെ വലിഞ്ഞ് നടക്കുന്നത് കണ്ടു. അതിനുള്ള ആരോഗ്യമൊന്നുമില്ലാത്തതുകൊണ്ട്​ ഓ​ട്ടോ വിളിച്ചു.

വിസിറ്റേർസ് പവലിയനിൽ ആരോവില്ലയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ഉണ്ട്. അവിടുന്ന് അകത്ത് കടക്കാനുള്ള ഫ്രീപാസ് കിട്ടും. സൈക്കിളുകൾ വാടകക്ക്​ കിട്ടും ഇവിടെ. മരങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ നടക്കാനാണു സുഖം. സൈൻ ബോർഡുകൾ വഴിയിൽ ഉടനീളം. അതുകൊണ്ട്​ വഴി തെറ്റും എന്ന ഭീതി വേണ്ട. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമര മുത്തശ്ശിയുടെ വേരുകൾക്കിടയിൽ ആത്മ ശാന്തി തേടി ധ്യാനത്തിൽ മുഴുകിയിരിക്കുന്ന വിദേശ ടൂറിസ്റ്റുകളെ കടന്ന് മുന്നോട്ട് നടന്നാൽ 'മാത്രിമന്ദിർ' ദൂരേന്ന് കാണാനാകും. ഇവിടെ വരെയേ ഫ്രീ പാസ്സുമായി വരാനാകൂ. മന്ദിറിന്റെ അകത്ത് കടക്കണമെങ്കിൽ ഒരുദിവസം മുമ്പേ ഓൺലൈൻ ബുക്ക് ചെയ്യണം. വൃത്താകൃതിയിൽ താമരയിതളുകളുടെ രൂപത്തിൽ സ്വർണ്ണം കൊണ്ട് പണിതീർത്ത ഈ മന്ദിരത്തിനു ചുറ്റുമാണു ആരോവില്ല. 124 ദേശങ്ങളിൽ നിന്നും കൊണ്ട് വന്ന മണ്ണിനു മുകളിലാണത്രെ ഈ മന്ദിരം പണിതിരിക്കുന്നത്.

സ്വയം പര്യാപ്തമായ സമൂഹം എന്നാണ്​ ആരോവില്ല ഉയർത്തുന്ന സന്ദേശമെങ്കിലും അവിടെ ജോലി ചെയ്യുന്നത് ചുറ്റുമുള്ള ഗ്രാമീണർ മാത്രം

സോളാർ കിച്ചൻ, ബേക്കറി, കഫേ, ബോട്ടിക്കുകൾ തുടങ്ങി പലതും നടന്നു കണ്ടു. സ്വയം പര്യാപ്തമായ ഒരു സമൂഹം എന്നാണു ആരോവില്ല ഉയർത്തുന്ന സന്ദേശം. പക്ഷേ, അവിടെയുള്ള ഷോപ്പുകളിലും കഫേകളിലും ഒക്കെ ജോലി ചെയ്യുന്നത് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആണുങ്ങളും പെണ്ണുങ്ങളുമാണ്​. അങ്ങനെയുള്ള പണിക്കൊന്നും വിദേശികളെ കണ്ടില്ല.
'Up Cycling is Better than Recycling' എന്നെഴുതി വെച്ച ഒരു ഷോപ്പിൽ ഒരു സായിപ്പ് പലതരം സാധനങ്ങൾ ഉണ്ടാക്കി വെച്ചതൊക്കെ പൊടിതട്ടുന്നു. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാത്ത കുറെ ഉരുപ്പടികൾ.

ഇന്ത്യാ ഗവർമെന്റിന്റെ വക ഭീമമായ തുക ആരോവില്ലക്ക് പ്രതിവർഷം ഗ്രാൻഡായി കിട്ടുന്നുണ്ട്. അതിനകത്തുള്ള വിവിധ ചെറുകിട, ഇടത്തരം കുടിൽ വ്യവസായങ്ങൾ വഴിയുള്ള വരുമാനവും ഉണ്ട്. സന്ദർശകർക്ക് ആരോവില്ലയിൽ താമസിച്ച് വിവിധ മേഖലകളിൽ വളന്റിയർ സർവീസ് ചെയ്യാനും സൗകര്യം ഉണ്ട്. താമസത്തിനും മറ്റും ഒരു സംഖ്യ ഡൊണേഷനായി കൊടുക്കണം. പണമൊഴുക്ക്​ നന്നായി ഉണ്ടെങ്കിലും ഇതൊക്കെ എവിടുന്ന് വരുന്നു എങ്ങോട്ട് പോകുന്നു എന്നതിനൊന്നും വ്യക്തമായ ഉത്തരങ്ങൾ ആർക്കുമില്ല എന്നതാണു പരസ്യമായ രഹസ്യം.

തിരിച്ച് ഓട്ടോയിൽ തന്നെ ആരോവില്ല
ബസ് സ്റ്റോപ്പിൽ ഇറങ്ങി അവിടെനിന്നും പോണ്ടിച്ചേരി ടൗണിൽ പോകുന്ന ബസിൽ കയറി ഇടക്കുള്ള ഏതൊ സ്റ്റോപ്പിൽ ഇറങ്ങി ഷെയർ ഓട്ടോ കയറി അരബിന്ദോ ആശ്രമത്തിനു മുന്നിൽ ഇറങ്ങി. ആശ്രമം രണ്ട്മണിക്കേ തുറക്കൂ എന്നുള്ളത് കൊണ്ട് ചുമ്മാ തേരാപാര നടന്നു. ഒരേപോലുള്ള കെട്ടിടങ്ങളും വഴികളും. ധാരാളം മരങ്ങൾ ഉള്ളത് കൊണ്ട് നല്ല തണലുണ്ട്. വഴികളൊക്കെ അവസാനിക്കുന്നത് ബീച്ചിലാണ്​. നല്ല വിശപ്പു തോന്നിയപ്പോൾ ഗൂഗിളിൽ തപ്പി. 'റെസ്​റ്ററൻറ്​ നിയർ മി' ഗൂഗിൾ അമ്മച്ചി പറഞ്ഞ് തന്ന വഴികളിലൂടെ മുന്നോട്ടു നടന്നു. കുറെ നടന്നെങ്കിലും റസ്​റ്ററൻറ്​ കാണാതായപ്പോൾ അടുത്തുള്ള കച്ചവടക്കാരിയിൽ നിന്നും ഇളനീർ വാങ്ങിക്കുടിച്ചു. നല്ല കാമ്പുമുണ്ടായിരുന്നു ഉള്ളിൽ. അതും തിന്ന് പിന്നേം മുന്നോട്ട് പോയപ്പോൾ ദേ, കിടക്കുന്നു തപ്പി വന്ന ഹോട്ടൽ. ചുമ്മാ കയറി നോക്കി. ഏസിയാണു.‌ ഉള്ളിൽധാരാളം സ്ഥലവും ഉണ്ട്. സമയം ഉള്ളത് കൊണ്ട് ചുമ്മാ അവിടിരുന്ന് നാനും രായ്ത്തയും ശാപ്പിട്ടു. അന്നേരമാണ്​ എറണാകുളത്ത് നിന്നും ഒരു സ്ത്രീ വിളിക്കുന്നത്. 'മാധ്യമം കുടുംബം' മാഗസിനിലെ യാത്രാലേഖനം വായിച്ചുള്ള വിളിയാണ്​. വെച്ചും വിളമ്പിയും കഴിപ്പിച്ചും അവർക്ക് മതിയായെന്നും യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും ഒറ്റയ്​ക്കുള്ള യാത്ര ആലോചിക്കാൻ പോലും ആകുന്നില്ലെന്നും പറഞ്ഞു.

'ഇങ്ങനെ പേടിച്ച് ജീവിച്ചിട്ട് എന്ത് കിട്ടാനാണ്​ പെണ്ണുങ്ങളേ...?
സ്വർഗത്തേയും നരകത്തേയും പറ്റി പറഞ്ഞ് പേടിപ്പിച്ചും, ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലേൽ വീണാലും കേട് ഇലക്ക് തന്നെ എന്ന മനംപിരട്ടുന്ന പഴം ചൊല്ലിൽ കുടുക്കിയും നിങ്ങളുടെ ജീവിതമിങ്ങിനെ തള്ളി നീക്കിയിട്ട് എന്ത് കിട്ടാനാണ്​. അവനവന്റെ സുരക്ഷിത മാളത്തിൽ നിന്നും കാലെടുത്ത് പുറത്തേക്ക് വെച്ചാൽ കാണാം ജീവിതമിങ്ങനെ ഇരമ്പിപെയ്യുന്നത്. കൈകൾ വിടർത്തി മുഖമുയർത്തി നിവർന്ന്നിന്ന് ചിരിക്കൂ.. എന്റെ മുത്തുമണികളേ...'

ആശ്രമം തുറന്നെന്ന് അറിയിപ്പ് കിട്ടിയപ്പോൾ എണീറ്റ് അകത്തേക്ക് കടന്നു. മൊബൈലൊക്കെ ഓഫാക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. വലിയൊരു ആൽ മരത്തിനു ചുവട്ടിൽ ഗുരുവിന്റെ ശവകുടീരം. നിരവധി വിദേശികൾ ആൽ മരത്തിനു ചുവട്ടിൽ ധ്യാനത്തിലാണ്ട്​ ഇരിപ്പുണ്ടായിരുന്നു. ഇന്ത്യക്കാരുണ്ട് ഗുരുവിന്റെ കുടീരത്തിൽ പൂക്കളൊക്കെ അർപ്പിച്ച് അവിടിരുന്നു പ്രാർത്ഥിക്കുന്നു. അതെന്തിനാണാവോ...?

തിരിച്ച് പോണ്ടിച്ചേരി പോകുന്ന ബസ് കിട്ടി. റൂമിൽ വന്ന് ഫ്രഷായി അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള ബസിൽ കയറി. പാരഡൈസ് ബീച്ച് പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചുകളിൽ ഒന്നാണ്​. ബോട്ട് ഹൗസിനു മുന്നിൽ ബസ് നിർത്തും. ചുന്നാംബാർ ബോട്ട് ഹൗസ്. ടൗണിൽ നിന്ന് എട്ട്​ കിലോ മീറ്ററാണ്​ ഇങ്ങോട്ട്. ബസിനു ഒമ്പത്​ രൂപയേ ആയുള്ളു. ഓ​ട്ടോ, ടാക്സി ഒക്കെ വിളിച്ചാൽ കൊന്ന് കൈയിൽ തരും. ടിക്കറ്റെടുത്ത്​ ബോട്ടിൽ കയറി. കായലിലൂടെ പത്തിരുപത് മിനുട്ട് യാത്ര ചെയ്താലേ ബീച്ചിലെത്തൂ. സുന്ദരമായ കാഴചകളാണ്​ കായലിനു ഇരുവശത്തും. കായലിനു നടുവിൽ ദ്വീപ് പോലെ അതിസുന്ദരമായ ബീച്ച്. പഞ്ചാരമണൽ. സഞ്ചാരികൾക്കിരിക്കാൻ ബെഞ്ചുകളും കുടീരങ്ങളും. സെൽഫിയെടുത്തും വെള്ളത്തിൽ കളിച്ചും കുറേനേരം. വിശാലമായ പുതിയൊരാകാശത്തിനു ചുവട്ടിൽ കടലു കണ്ട്, കാറ്റുകൊണ്ട് അങ്ങനെ ഇരിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരിഷ്ടമൊക്കെ തോന്നി.

ഇങ്ങനെ പേടിച്ച്​ ജീവിച്ചിട്ട്​ എന്തു കിട്ടാനാണ്​ പെണ്ണുങ്ങളേ....?

അഞ്ച് മണിവരെയാണു ബോട്ടിന്റെ സമയം. ആറരക്ക് അവസാന ബോട്ട് ദ്വീപിൽ നിന്നും തിരിച്ച് പോകും. അവസാനബോട്ടിൽ കയറി കരയിലേക്ക് തിരിച്ച് പോകുമ്പോൾ മനസ്സിൽ അവാച്യമായ ഒരു അനുഭൂതി നിറഞ്ഞു നിന്നിരുന്നു. കാലുഷ്യവും കുണ്ഠിതങ്ങളും ആവലാതികളുമൊക്കെ ഇറങ്ങിപ്പോയി സ്വയം വിമലീകരിച്ചപോലെ.

തിരിച്ച് സ്റ്റാന്റിലെത്തിയപ്പോൾ ഇരുട്ടായിരുന്നു. ഹോട്ടലിലേക്കുള്ള വഴിയിൽ ഒരു ഭർത്താവും ഭാര്യയും കൂടി ഉഴുന്ന് വട ഉണ്ടാക്കി വിൽക്കുന്നു. നല്ല ചൂടുള്ള കരുമുരാന്നുള്ള വടകൾ. രണ്ട് വടയും തിന്ന് രണ്ട് ചായയും കുടിച്ച് റൂമിൽ പോയി കിടന്നുറങ്ങി.

പോണ്ടിച്ചേരിയിൽ നിന്നും ചെന്നൈയിലേക്ക് മൂന്നര മണിക്കൂറാണു ബസിൽ. പുഷ്ബാക്ക് സീറ്റൊക്കെ ആയി രാജകീയമായി പോകാം. സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കാണെന്ന് പറഞ്ഞപ്പോൾ കണ്ടക്ടർ ഏറ്റു. ഗിണ്ടിയിൽ ഇറങ്ങിയാൽ മതിയെന്നും അവിടെനിന്ന് മെട്രൊയിൽ സെൻട്രൽ സ്റ്റേഷനിലേക്ക് പോകാമെന്നും അദ്ദേഹം വിശദീകരിച്ചു. റോഡിനിരുവശവും പുഴയും കായലും കടലും ഉപ്പ് പാടങ്ങളുമൊക്കെയായ് നല്ല രസമുള്ള റൂട്ടാണ്​ പോണ്ടി - ചെന്നൈ ബസ് റൂട്ട്. ബോറടിക്കമാട്ടേൻ.

മഹാബലിപുരത്തെത്തിയപ്പോൾ റോഡ് സൈഡിൽ വെയിലത്ത് നിരത്തി വെച്ചിരിക്കുന്ന ദൈവങ്ങളുടെ പ്രതിമകൾ. ശിവനെയും ഗണപതിയെയും ഞാൻ തിരിച്ചറിഞ്ഞു. അവർക്കൊപ്പം പേരറിയാത്ത കുറെ ദൈവങ്ങൾ കൊടും വെയിലത്ത് പാതയോരത്ത് അങ്ങനെ അനാഥരായിരിക്കുന്ന കാഴ്ച മനസ്സിൽ നിന്നും മായുന്നേയില്ല.

ഗിണ്ടി മെട്രൊയുടെ മുന്നിൽ ബസ് നിർത്തി. കണ്ടക്ടർക്കും ഡ്രൈവർക്കും സലാം പറഞ്ഞ് സ്റ്റേഷനിൽ പോയി ടിക്കറ്റെടുത്തു. പാർക്ക് സ്റ്റേഷനിൽ ഇറങ്ങിയാൽ മതിയെന്ന് കൗണ്ടറിൽ നിന്ന് പറഞ്ഞു തന്നു. പാർക്ക് സ്റ്റേഷനിൽ ഇറങ്ങി സബ് വേ ഇറങ്ങി കടന്നാൽ സെൻട്രൽ സ്റ്റേഷനായി. വഴി തെറ്റുമെന്ന പ്രശ്നം ഇല്ല. സൈൻ ബോർഡുകൾ ഉണ്ട് നിറയെ.

ഭയങ്കരമാന സ്റ്റേഷനാണ്​ ചെന്നൈ സെൻട്രൽ റെയിൽ വേ സ്റ്റേഷൻ. മുമ്പും ഇവിടെ വന്നിട്ടുണ്ടെങ്കിലും സ്റ്റേഷൻ മുഴുവൻ കണ്ടിട്ടുണ്ടായിരുന്നില്ല. 13 പ്ലാറ്റ്ഫോമുകളിലായി വണ്ടികളിങ്ങനെ നീണ്ട് നിവർന്ന് കിടക്കുന്നു. ഇരമ്പിയാർക്കുന്ന ജനക്കൂട്ടം. അഞ്ച്​ മണിക്കാണു ട്രെയിൻ. പുലർച്ചെയെത്തും കോഴിക്കോട്ട്​. എക്​സ്​പ്രസ്​ ട്രെയിൻ ആയത് കൊണ്ട് സ്റ്റോപ്പുകൾ കുറവാണ്​. വലിയ തിരക്കും ഇല്ല.

ഫേസ്​ബുക്ക്​ ഫ്രണ്ട്​ലിസ്റ്റിലുള്ള അഭിലാഷ് മേലേതിലിന്റെ 'പൊറ്റാളിലെ ഇടവഴികൾ' എന്ന പുസ്തകം കിൻഡ് ലേയിലുണ്ട്. അതെടുത്ത് വായിക്കാൻ തുടങ്ങി. മലപ്പുറത്തെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ, ബാബരി മസ്ജിദിന്റെ പതനം ഒരു സമൂഹത്തിൽ എങ്ങനെയൊക്കെയാണു ബാധിച്ചത് എന്നത് കണ്ടറിഞ്ഞ്, ദിലീപിനും ഹമീദിനും ഷിഹാബിനും നയനക്കും ഒപ്പം, റിയാസിന്റേയും ഉമ്മുവിന്റേയും ജീവിതത്തിൽ സംഭവിച്ച കയറ്റിറക്കങ്ങളിലൂടെ അവർക്കൊപ്പം നടന്ന് പൊറ്റാളിലെ ആ ഇടവഴികളിൽ എവിടെയോ കിടന്ന് ഞാനുറങ്ങിപ്പോയി.

Tags:    
News Summary - A Solo Travel of a woman to Arabindo's Auroville Pondichery-Travelogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT