ശ്രാവണബെലഗോളയിലെ ഭീമാകാരനായ ബാഹുബലി

വെളുപ്പിന് നാലു മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുമ്പോൾ 10 മണിക്ക് മുമ്പ് ശ്രാവണ ബെലഗോളയിലെത്താമെന്നായിരുന്നു പ്രതീക്ഷ. മോശം റോഡ് പ്രതീക്ഷകൾ തെറ്റിച്ചു. നാഗർഹോള കാടുകൾ വഴിയുള്ള പുലർച്ചെയുള്ള യാത്രയും ഹരം പകരുന്നതായിരുന്നു. നനുത്ത മഞ്ഞും പ്രഭാതവും കാടിന്‍റെ ഹരിതഭംഗിക്ക് വീണ്ടും നിറം പകർന്നു. മാനുകളേയും മയിലുകളേയും കണ്ടുകൊണ്ടുള്ള യാത്രയിൽ ശ്രാവണ ബെലഗോള കുറേ നേരത്തേക്ക് മറന്നുപോയി എന്നതാണ് വാസ്തവം. 

കുന്നിൻമുകളിലുള്ള കാഴ്ച കാണാൻ ഒട്ടും യോജിക്കാത്ത ഒരു ഉച്ചനേരമാണ് ശ്രാവണ ബെലഗോളയിലെത്തിയത്. കരിങ്കല്ലുകൾക്കുമേൽ പ്രഭ ചൊരിയുന്ന വെയിൽ മനസ്സിൽ സന്ദേഹമുണർത്തി. ക്ഷേത്രത്തിന് മുന്നിൽ കാർ നിറുത്തിയ ഉടൻ കാലിലിടാനുള്ള സോക്സുമായി  വന്ന കച്ചവടക്കാരനെ ഓർത്തു. ഇപ്പോഴാണ് മനസ്സിലായത്, ഇവിടെ ഇത്രയും സോക്സ് കച്ചവടക്കാർ ഉണ്ടായത് എന്തുകൊണ്ടാണെന്ന്. കരിങ്കല്ലിൽ കൊത്തിവെച്ച 600 പടികൾ കയറിവേണം ഗോമതേശ്വര പ്രതിമക്ക് അടുത്തെത്താൻ. വെയിലത്ത് പാറയിൽ ചവിട്ടുമ്പോൾ അനുഭവപ്പെടുന്ന ചൂടിനെ പ്രതിരോധിക്കാനാണ് സോക്സുകൾ. ഒന്നിന് ഇരുപത് രൂപ. 100 രൂപക്ക് അഞ്ചെണ്ണം വാങ്ങി. 

വിന്ധ്യഗിരി കുന്നിലെ പാറയിൽ കൊത്തിയ പടികൾ
 

ഹൈസ്കൂൾ ക്ളാസിലെ സാമൂഹ്യപാഠം ടെക്സ്റ്റിലെ ഗോമതേശ്വര പ്രതിമയെക്കുറിച്ച് ഓർമ വന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതലേയുള്ള ആഗ്രഹമാണ് ഒറ്റക്കല്ലിൽ തീർത്ത ആജാനബാഹുവിനെ കാണണമെന്നത്. ഈ വെയിലിന്‍റെ മുന്നിൽ അടിയറ വെക്കാനുള്ളതല്ല മോഹങ്ങൾ. രണ്ടുംകൽപിച്ച് സോക്സുമിട്ട് പടി കയറാൻ തുടങ്ങി. കാക്കകാലിന്‍റെ തണലു പോലുമില്ല. കയറെ കയറെ പിന്നോട്ടുള്ള കാഴ്ച മനസ്സിൽ കുളിർമ പകർന്നു. 

ചന്ദ്രഗിരി: വിന്ധ്യഗിരിയിൽ നിന്നുള്ള കാഴ്ച
 

കർണാടകയി‌ലെ ഹാസൻ ജില്ലയിലെ ചെറിയൊരു പട്ടണമായ ശ്രാവ‌ണബ‌ലഗോള പുരാതന ജൈന തീർഥാടന കേന്ദ്രമാണ്.  ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്‍റെ നൂറു പുത്രന്മാരിൽ രണ്ടാമനായിരുന്നു ഗോമതേശ്വരൻ. ഇദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‌ ഗംഗാസാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഗോമതേശ്വര പ്രതിമ നിർമിച്ചത്. ബാഹുബലി എന്നും അറിയപ്പെടുന്ന ഈ ഗോമതേശ്വര പ്രതിമ പൂർണനഗ്നനാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമക്ക് 18 മീറ്റർ നീളമുണ്ട്. 

കർണാടക ജൈനമതത്തിന് എന്നും വളക്കൂറുള്ള മണ്ണായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. എട്ടാം നൂറ്റാണ്ടിലായിരുന്നു കർണാടകയിലെ ജൈനമതത്തിന്‍റെ സുവർണകാലം. ഇക്കാലയളവിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ജൈന ബസതികൾ നിർമ്മിക്കപ്പെട്ടു. പത്താം നൂറ്റാണ്ടിൽ, മൗര്യ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ശ്രാവ‌ണ ബലഗോളയിൽ വെച്ച് ജൈനഗുരുവായിരുന്ന ഭദ്രബാഹുവിന്‍റെ ശിഷ്യനായിയെന്നും ചരിത്രം പറയുന്നു.

ബാംഗ്ലൂരിൽ നിന്ന് 149 കിലോമീറ്റർ അകലെയാണ് ശ്രാവണബലഗോള. കേരളത്തിൽ നിന്ന് പോകുന്നവർക്ക് സുൽത്താൻ ബത്തേരി വഴിയും ഹാസനിലെത്താം. ചന്ദ്രഗി‌രി, വിന്ധ്യാഗിരി എന്നീ കുന്നുകളും അതിനിടയിലുള്ള വിശാലമായ കുളവുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. വിന്ധ്യാഗിരിയുടെ മുകളിലാണ് ഗോമതേശ്വരന്‍റെ പ്രതിമ. കന്നഡയിൽ ബെലഗോള എന്ന പദത്തിനർഥം വെളുത്തകുളം എന്നാണ്. ശ്രാവണബെലഗോളയെന്നാൽ സന്യാസിയുടെ വെളുത്ത കുളം എന്നാണത്രെ അർഥം. ചന്ദ്രഗുപ്ത മൗര്യൻ അദ്ദേഹത്തിന്‍റെ അവസാന നാ‌ളുകൾ ചെ‌ലവഴിച്ച സ്ഥലമായതിനാലാണ് ഈ കുന്നിന് ചന്ദ്രഗിരി എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.

ചന്ദ്രഗിരിയിലെ ജൈനബസതികൾ
 

ദിനംതോറും ശ്രാവണ ബലഗോളയിൽ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. പാറകളിൽ തന്നെ ചെറുതായി കൊത്തിയുണ്ടാക്കിയ പടവുകളിലൂടെ മുന്നോട്ട് കയറുമ്പോഴും ഇടക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. മുകളിലെത്തും തോറുമാണ് കുളത്തിന്‍റെ വിശാലത വ്യക്തമാകുക. കുളത്തിന് അപ്പുറത്ത് ചന്ദ്രഗിരി. മനോഹരമായ കാഴ്ച കാണാനും വിശ്രമിക്കാനുമായി ഇടക്കിടെ നിന്നും ഇരുന്നും മുകളിലേക്ക് കയറിക്കൊണ്ടിരിക്കെ വെയിലും ചൂടും മറന്നു.

ചിലയിടത്തെല്ലാം പാറകളിൽ ലിഖിതങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ഇതെല്ലാം ഗ്ളാസിട്ട് സംരക്ഷിച്ചിട്ടുണ്ട്. ഇടക്കൊരു ക്ഷേത്രം, വിശ്രമിക്കുക കൂടി ലക്ഷ്യം വെച്ച്  ഇടക്കൊന്നു കയറി നോക്കി. പൂജയൊന്നുമില്ലെങ്കിലും അകത്ത് പുരോഹിതന്മാരെപ്പോലെ രണ്ടുമൂന്നാളുകളുണ്ട്. ക്ഷേത്രത്തിന്‍റെ പല കോണിലുമിരുന്ന് സെൽഫിയെടുക്കുന്നവർ. ക്ഷത്രത്തിന്‍റെ മറ്റൊരു വശത്ത് നിന്നും വീണ്ടും പടികൾ. ഇപ്പോൾ കുറച്ച് തണലുണ്ട്. എന്തായാലും ഒരു ക്ഷേത്രത്തിൽ സാധാരണ കാണുന്ന തിരിക്കില്ല എന്നത് പ്രത്യേകിച്ചും ശ്രദ്ധിച്ചു. ഐ.ടി. കമ്പനികളെ യുവതീ യുവാക്കളാണ് ഇവിടെ വരുന്നവരിൽ അധികവും. ഭക്തി മാത്രം പോരല്ലോ കുന്നിന് മുകളിലേക്ക് കയറിവരാൻ ആരോഗ്യവും വേണം. മാത്രമല്ല, ഈ നട്ടുച്ച ഭക്തർക്ക് പറ്റിയ സമയവുമല്ല. ജൈനക്ഷേത്രമായതുകൊണ്ടാകാം, ഭക്തി കച്ചവടം ചെയ്യുന്നന്‍റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.  

സ്തൂപങ്ങളായിരുന്നു ജൈന വാസ്തുശില്പകലയുടെ പ്രധാന ആകർഷണം. സങ്കീർണമായ എഴുത്ത് കുത്തുകളും ഉയരം കൂടിയ ഒറ്റക്കൽശിൽപ്പങ്ങളും അന്നത്തെ വാസ്തുശിൽപകലയുടെ പ്രൗഢി വിളിച്ചോതുന്നു. കല്ലുകളിൽ രചിച്ച കവിത പോലെ അനേകം രൂപങ്ങൾ പലയിടങ്ങളിലും കൊത്തിവെച്ചിരിക്കുന്നു. 

ബാഹുബലിയുടെ കാൽപാദങ്ങൾ
 

600 പടികളും പിന്നിട്ട് വിശാലമായ ഒരു സ്ഥലത്തേക്ക് പ്രവേശിച്ചു. ഇപ്പോഴും ബാഹുബലി മുഴുവനായും പ്രത്യക്ഷപ്പെട്ടില്ല. തലയെടുപ്പുള്ള മുകൾഭാഗം മാത്രം കാണാം. കല്ലുകൊണ്ട് കൊത്തിയുണ്ടാക്കിയ ഹാളിലേക്ക് പ്രവേശിച്ചു. ഇപ്പോൾ കാണാം, ഗോമതേശ്വരന്‍റെ ഭീമാകാമായ കാൽപ്പാദങ്ങൾ. കമ്പി കെട്ടി തിരിച്ച വഴിയിലൂടെ കുറേക്കൂടി നടന്ന്  പ്രതിമക്ക് മുൻപിലെത്തി. പൂർണ നഗ്നനായ പ്രതിമക്ക് മുന്നിൽ നിന്ന് കുറേപേർ പ്രാർഥിക്കുന്നുണ്ട്. വലിയ പാറയുടെ മുന്നിൽ ഒറ്റക്കലിൽ തീർത്ത ഗംഭീരനായ ബാഹുബലി. കാലിൽ നിന്നും ചുറ്റിയ ചെടിപടർപ്പുകൾ മുകളിലേക്ക് കയറുന്നു. പണ്ട് ഭരതനെന്ന സഹോദരനെ എതിർത്ത് തപസ്സുചെയ്ത നിലയിലാണ് ഗോമതേശ്വരന്‍റെ പ്രതിമ.

രണ്ട് പൂജാരിമാരുണ്ട് ഇരുവശവും. ചില ദേവീവിഗ്രഹങ്ങളും കാണിക്കയിടാനുള്ള താലവും കുറച്ച് പൂജാദ്രവ്യങ്ങളും കാണാം. ജൈനമതത്തിലും ഇതിനെല്ലാം സ്ഥാനമുണ്ടോ.. സംശയം തോന്നി. ആത്മീയ ജീവിതത്തിന് വേണ്ടി ലൗകിക സുഖങ്ങല്ലൊം ഉപക്ഷിച്ച ഗോമതേശ്വരൻ. ശാന്തവും ഗംഭീരവുമായ ബാഹുബലിയെ നോക്കി നിൽക്കുമ്പോൾ എല്ലാ പ്രലോഭനങ്ങളും അകന്ന മനസ് ആത്മീയതയിലേക്ക് അടുക്കുന്നു. അവിടെ നിന്നും പുറത്ത് കടന്ന് പുറത്തേക്ക് നോക്കുമ്പോൾ കുളവും ചന്ദ്രഗിരിയും അതിനപ്പുറത്തുള്ള കുന്നുകളും ഒരുക്കുന്ന വിസ്മയക്കാഴ്ച. ഈ മനോഹാരിതക്കുവേണ്ടി ഇത്രയും പടവുകൾ കയറിവന്നത് വെറുതെയായില്ല എന്ന് മനസ്സ് പറഞ്ഞു.


 

Tags:    
News Summary - Sravanabelagola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.