അത്ഭുതകരമായ ഭാഗ്യമുണ്ടെങ്കിൽ മാത്രം സംഭവിക്കുന്ന കാഴ്ചാനുഭവം. അതാണീ ചിത്രങ്ങൾ പറയുന്നത്. സുഹൃത്തും പ്രവാസിയുമായയ സോജൻ വിതയത്തിൽ ഒരു ജൂണിൽ ബഹറിനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോൾ കുടുംബത്തോടൊപ്പം യാത്രയിൽ പകർത്തിയ ചിത്രങ്ങളാണിവ. കടുവയെ കാണാനായി കാട്ടിൽ ടെൻറ് കെട്ടി മാസങ്ങളോളം താമസിച്ചാൽ പോലും ഇത്തരം കാഴ്ച കാണാൻ സാധിച്ചെന്ന് വരില്ല. അദ്ദേഹത്തിൻെറ വാക്കുകളിലൂടെ..
ഏതാനും വർഷം മുമ്പൊരു ജൂണിൽ നാട്ടിലെത്തിയപ്പോൾ കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. വയനാട് - മൈസൂർ- ബാംഗ്ലൂർ എന്നിങ്ങനെ. ഈ യാത്രയിൽ ഞാൻ വലിയ ത്രില്ലിലായിരുന്നു. കാരണം ആശിച്ച് സ്വന്തമാക്കിയ കാനൺ 5 D മാർക്ക് 3 വാങ്ങിയ ശേഷമുള്ള ആദ്യ യാത്രയാണിത്. കൂടെ ഭാര്യയും രണ്ട് മക്കളും അനുജനും. ഇന്നോവയിലായിരുന്നു യാത്ര.. ഡ്രൈവറും കൂടെയുണ്ട്. വയനാട്ടിൽ കൂടെയുള്ള എൻെറ ആദ്യത്തെ യാത്ര കൂടിയായായിരുന്നു അത്.
കണ്ണൂർവഴി വയനാട്ടിലൂടെ കാട് കണ്ട് ബംഗ്ലൂരിലേക്ക് കടക്കാനായിരുന്നു തീരുമാനം. മുത്തങ്ങ വഴി പോകാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ കല്ലൂരിൽ നിന്ന് പഴൂർ വഴിയുള്ള ഷോർട്ട്കട്ടിൽ കൂടി പോകമെന്ന തീരുമാനിച്ചു.. ഈ വഴിയിൽ യാത്ര തുടങ്ങി. ഏറെ പിന്നിട്ടില്ല. അപ്പോൾ റോഡിലേക്ക് ഇടത് ഭാഗത്ത് നിന്ന് ഒരു കടുവ കയറി വന്നു. ആ കാഴ്ച കണ്ട് ഞങ്ങളൊന്ന് വിറച്ചു. ഡ്രൈവർ വണ്ടി റോഡിന്റെ ഒരു ഭാഗത്തേക്ക് ചെരിച്ച് ഒതുക്കിയിട്ടു.
പെട്ടെന്ന് മറ്റൊരു കടുവ കൂടി പ്രത്യക്ഷപെട്ടു.. ഇരു കടുവകളും നേർക്കു നേർ. പിന്നെ താമസമുണ്ടായില്ല. ഇരുവരും ഏറ്റുമുട്ടി. റോഡിൻെറ അരികു ചേർന്നു നിന്ന് പരസ്പര പോരാട്ടം. കൈപത്തികൾ ഉയർത്തി അങ്ങോട്ടുമിങ്ങോട്ടും പ്രഹരിക്കാൻ തുടങ്ങി. കാമറയിൽ കിടക്കുന്നത് 24 70 വൈഡ് ലെൻസ്. ഞാൻ ഒട്ടും സമയം കളഞ്ഞില്ല. വിൻഡോയിലൂടെ ആ യുദ്ധം നിമിഷ നേരം കൊണ്ട് പകർത്തിയെടുത്തു. തൊട്ടടുത്ത് ഞങ്ങളുടെ കാർ കടന്നിട്ടും അത് അവർ ഗൗനിച്ചതേയില്ല.. ഏതാനും നിമിഷങ്ങൾ കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്... ശ്വാസം പോലും വിടാതെയാണ് ഞങ്ങൾ ആ കാഴ്ച കണ്ടത് ... വിസ്മയത്തിലും ആശ്ചര്യത്തിലുമായിരുന്നു ഞങ്ങൾ ...ആദ്യമായ് കാട്ടിലൂടെ യാത്ര ചെയ്ത ഞങ്ങൾക്ക് കാട് നൽകിയ അവിശ്വസനീയ സമ്മാനം. ടെറിറ്റോറിയൽ ഫൈറ്റ് എന്നറിയപ്പെടുന്ന ഈ യുദ്ധം 20 സ്ക്വയർ കിമീ ദൂരം വരുന്ന കടുവകളുടെ ഒറ്റയാൻ ഭരണ പരിധിയിലേക്ക് മറ്റ് കടുവകൾ അതിക്രമിച്ച് കടക്കുമ്പോൾ സംഭവിക്കുന്നതാണ്. പക്ഷെ പലപ്പോഴും അപൂർവമായി സംഭവിക്കുന്ന ഈ യുദ്ധം മനുഷ്യർക്ക് കാണാൻ സാധിക്കുവാറില്ല.. അതിനാൽ ഭാഗ്യവാൻമാർക്ക് മാത്രം ഈ കാഴ്ചകൾ കാണാൻ അവസരം ലഭിക്കുന്നു.
കടുവകളുടെ ഗർജനം കേട്ടാൽ പേടിക്കേണ്ട ആവശ്യമില്ല. ഇരകൾക്കു മുന്നിൽ അവ ഗർജിക്കാറുമില്ല. മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് അവയുടെ ഗർജനം. പക്ഷേ ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാൽ ഉറപ്പിച്ചോ അവ ആക്രമണത്തിനൊരുങ്ങുകയാണ്. ഏതാണ്ട് രണ്ട് മിനിറ്റ് നേരത്തെ കനത്ത പോരാട്ടത്തിന് ശേഷം തുല്യശക്തികളായ ഇരുവരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി വിപരീത ദിശകളിലേക്ക് മുരൾച്ചയോടെ പിരിഞ്ഞു പോയി.
നിർത്തിയിട്ട കാർ വീണ്ടും മുന്നോട്ട് നീങ്ങി.. അപ്പോഴും കണ്ടത് സ്വപ്നമോ യാഥാർഥ്യമോ എന്ന ചിന്തയിലായിരുന്നു ഞങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.