???????????????? ?????????????????? ?????????????

മഞ്ഞുപെയ്യും മല മുകളില്‍

ആകാശം തൊടാന്‍ കൊതിക്കുന്നവര്‍ക്കായി ഒരുക്കിയ ഏണിപ്പടികളാണ് മലകള്‍. അവ കയറിച്ചെന്നാല്‍ തിരിച്ചറിവിന്റെ നീലാകാശത്തെ ധവളനക്ഷത്രങ്ങളെ തൊടാം. എഡ്മണ്ട് ഹിലാരി ഒരിക്കല്‍ പറഞ്ഞപോലെ, മലകയറുമ്പോള്‍ നാം, കീഴടക്കുന്നത് പര്‍വതങ്ങളെയല്ല, നമ്മളെത്തന്നെയാണ്. നടന്നാല്‍ തീരുന്നതേയുള്ളൂ ലോകത്തിന്റെ വേഗതയത്രയും എന്ന തിരിച്ചറിവുണ്ടായപ്പേള്‍ തിരഞ്ഞെടുത്തതാണ് മലമുകളിലേക്കുള്ള നടത്തങ്ങള്‍. ഇത്തവണ അത് മീശപ്പുലി മലയിലേക്കായിരുന്നു.


കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയേതെന്ന് ഏത് നട്ടപ്പാതിരക്ക് വിളിച്ചു ചോദിച്ചാലും കൊച്ചുകുട്ടികള്‍പോലും പറയും ആനമുടിയെന്ന്. പാഠപുസ്തകം ആണിയടിച്ചുറപ്പിച്ച അറിവാണത്്. എന്നാല്‍ ഉയരത്തില്‍ രണ്ടാമനാരെന്ന് ചോദിച്ചാല്‍ മുതിര്‍ന്നവര്‍ പോലും കുഴങ്ങും. മല പഴയത് തന്നെയാണെങ്കിലും ചാര്‍ലി എന്ന ന്യൂജന്‍ സിനിമ ഇറങ്ങേണ്ടിവന്നു കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെ ജനം അറിയാന്‍. 'മീശപ്പുലി മലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ' എന്ന ദുല്‍ഖര്‍ സല്‍മാന്റെ ചോദ്യംകേട്ട് മൂന്നാറിന് വണ്ടി കയറിയ ന്യുജന്‍ പിള്ളേരുടെ കണക്കെടുത്താല്‍ ആരും ഒന്നമ്പരക്കും. ഒടുവില്‍ മീശപ്പുലിമലയിലെ പ്ലാസ്റ്റിക് മാലിന്യമല കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വന്നുവത്രേ പിള്ളേരിലെ വിവേകികള്‍ക്ക്. മീശപ്പുലി മലയിലെ ചുള്ളന്മാരുടെ പെരുന്നാള് കണ്ടപ്പോഴാണ് വനം വകുപ്പിന് ബുദ്ധി ഉദിച്ചത്. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നാണല്ലോ പ്രമാണം. കൊളുക്കുമല വഴി മീശപ്പുലി മലയിലേക്കുള്ള വഴി അവരങ്ങടച്ചു. ഇനി കെ. എഫ് ഡി. സി വഴി പണമടച്ചുവരുന്നവര്‍ മീശപ്പുലി മലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടാല്‍ മതിയത്രേ. ഏതായാലും ചാര്‍ലി കാരണം വനംവകുപ്പിന് ചാകരയായി. ഒരുതരത്തില്‍ സംഗതി നല്ല തീരുമാനവുമാണ്. അനധികൃതമായി, അപകടകരമായ വഴികളിലൂടെ, പ്രകൃതിയോട് തരിമ്പും ഉത്തരവാദിത്തം കാണിക്കാതെ വരുന്ന സഞ്ചാരികളെ ലേശം ഉത്തരവാദിത്തത്തോടെ, അപകടരഹിതമായ വഴികളിലൂടെ പ്രകൃതിയെ അറിയാന്‍ സഹായിക്കുകയാണല്ലോ വനംവകുപ്പ് ചെയ്യുന്നത്.  

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ബേസ് ക്യാമ്പിലേക്ക്
 


അങ്ങിനെയാണ് കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ മീശപ്പുലി മല കാണാന്‍ ഞങ്ങള്‍ നാലുസുഹൃത്തുക്കള്‍ കെ. എഫ്. ഡി. സിയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ട്രെക്കിങ്ങിന് ബുക്ക് ചെയ്തത്. ട്രെക്കിങ് ഹരമായിത്തുടങ്ങിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. അഗസ്ത്യാര്‍കൂടം കയറിയായിരുന്നു തുടക്കം. പിന്നെ വയനാട്ടിലെ ചെമ്പ്ര കയറി. ആനമുടിയില്‍ (ഉയരം 8841 അടി) ട്രെക്കിങ്ങിന് അനുവാദമില്ലെന്ന് അറിഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ മീശപ്പുലിമല കയറണമെന്ന് ഉറപ്പിച്ചിരുന്നു. 8661 അടിയാണ് മീശപ്പുലിമലയുടെ ഉയരം. ഉയരത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ രണ്ടാമനോ മൂന്നാമനോ ആയിവരും ഈ മീശപ്പുലി. രണ്ട് ട്രെക്കിങ് പാക്കേജുകളാണ് ഇവിടേക്ക് കെ. എഫ് ഡി. സി. ഒരുക്കിയിട്ടുള്ളത്. ഒന്നാമത്തെ പാക്കേജില്‍ രണ്ട് പേര്‍ക്ക് 3500 രൂപയാകും. ബേസ് ക്യാമ്പിലെ ടെന്റില്‍ താമസിച്ച് 10 കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് മലമുകളിലെത്താം. രണ്ടാമത്തെ പാക്കേജിന് 7000 രൂപയാണ്. റോഡോവാലിയിലുള്ള റോഡോമാന്‍ഷനില്‍ താമസിച്ച് 4 കിലോമീറ്റര്‍ ട്രക്ക് ചെയ്ത് മലമുകളിലെത്താം. രണ്ട് പാക്കേജിലും മൂന്ന് നേരത്തെ ഭക്ഷണവും ഗൈഡിന്റെ സേവനവും ലഭിക്കും. ഞങ്ങള്‍ ബേസ് ക്യാമ്പാണ് ബുക്ക് ചെയ്തത്.

ബേസ് ക്യാമ്പിലെ ടെൻറുകള്‍
 


എറണാകുളത്ത് നിന്ന് പുലര്‍ച്ചെ അഞ്ചേകാലിന് തന്നെ മൂന്നാറിലേക്കുള്ള കെ. എസ്. ആര്‍ ടി സി ബസില്‍ സീറ്റുപിടിച്ചു. പുലരിത്തണുപ്പില്‍ കാഴ്ചകള്‍ കണ്ട് പെരുമ്പാവൂരും കേതമംഗലവും അടിമാലിയും കടന്ന് മൂന്നാറിലേക്ക്. 100 രൂപ മതി കെ. എസ്. ആര്‍. ടി സിയില്‍ മൂന്നാറിലെത്താന്‍. 10 മണിയോടെ മൂന്നാറിലെത്തിയ ഞങ്ങള്‍ റോസ് ഗാര്‍ഡനിലെ കെ. എഫ്. ഡി. സി. ഓഫീസുമായി ബന്ധപ്പെട്ടു. 'മക്കള് ഊണൊക്കെ കഴിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ മെല്ലെയെത്തിയാല്‍ മതി'യെന്നായി ഉദ്യോഗസ്ഥര്‍. പലകുറി കണ്ട് ബോറടിച്ച മൂന്നാര്‍ പട്ടണത്തില്‍ ഇനിയെന്തുകാണാന്‍. ടൗണിലെ ഹോട്ടല്‍ മഹാറാണിയില്‍ നിന്ന് നല്ല ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചിറങ്ങിയപ്പോള്‍ കൂട്ടത്തിലെ ട്രെക്കിങ് ആശാനായ നവീന് ഒരു ഐഡിയ. ഉച്ചവരെ സമയം ചെലവഴിക്കാന്‍ ലോക്ക്ഹാര്‍ട്ട് ഗ്യാപ്പില്‍ പോകാം. തേയിലത്തോട്ടങ്ങള്‍ കാണാം, പടമെടുപ്പും നടക്കും. അങ്ങിനെ തേനി ബസില്‍ കയറി 17 രൂപയ്ക്ക് ലോക്ക്ഹാര്‍ട്ടിലെത്തി. മൂന്നാര്‍ ടൗണില്‍ നിന്ന് 13 കിലോമീറ്ററേ ഇവിടേക്കുള്ളൂ. കണ്ണ് നിറയെ തേയിലത്തോട്ടം കാണാം ഇവിടെ. മലമടക്കുകളില്‍ പച്ചത്തിരയടിക്കുംപോലെ പരന്ന് കിടക്കുകയാണ് ഹാരിസണ്‍സ് മലയാളത്തിന്റെ തേയിലച്ചെടികള്‍. ആരുടെ സുലൈമാനിക്ക് രുചിപകരാനാണ് യോഗമെന്നറിയാതെ ധ്യാനിച്ച് നില്‍ക്കുന്ന കൊളുന്തിലകള്‍. ടിക്കറ്റെടുത്ത് ടീ ഫാക്ടറിയില്‍ കയറിയാല്‍ തേയില നിര്‍മാണവും തേയില മ്യൂസിയവുമൊക്കെ കാണാമിവിടെ. തെളിഞ്ഞപകലില്‍ തേയിലത്തോട്ടങ്ങളിലൊക്കെ പടംപിടുത്തക്കാരുടെ മേളമാണ്. പടമെടുപ്പുകാരെ പിഴിയാനും ഹാരിസണ്‍സ് ഉടമകള്‍ ടിക്കറ്റ് വെച്ചിട്ടുണ്ട്. ടിക്കറ്റെടുത്ത് തേയിലത്തോട്ടത്തില്‍ കയറി പടമെടുക്കാന്‍ മാത്രം പൂതിയില്ലാത്തതുകൊണ്ട് പുറംപടങ്ങളെടുത്ത് തല്‍ക്കാം തൃപ്തിപ്പെട്ടു. എന്നിട്ട് ഒരോ കരിക്കും കുടിച്ച് വീണ്ടും ടൗണിലേക്ക്.

ജീപ്പില്‍ തുള്ളിത്തുളുമ്പി
 

റോഡോവാലിയിലേക്കുള്ള വഴി
 


സമയം രണ്ടിനോടടുത്തതു കൊണ്ട് ഭക്ഷണം പാഴ്സലായി വാങ്ങി കെ. എഫ് ഡി. സി ഓഫീസിലേക്ക്. ബുക്കിങ് ടിക്കറ്റിലെ വിലാസത്തില്‍ പറയുന്നതുപോലെ ഓട്ടോക്കാരോട് ഫ്ളോറി കള്‍ച്ചര്‍ സെന്ററൊന്ന് പറഞ്ഞാല്‍ അവര്‍ക്ക് തിരിഞ്ഞെന്നുവരില്ല. മാട്ടുപ്പെട്ടി റോഡിലെ റോസ്ഗാര്‍ഡന്‍ എന്ന് പറഞ്ഞാല്‍ കൃത്യം സ്ഥലത്തെത്തും. രണ്ട് കിലോമീറ്ററേയുള്ളൂ. ഓട്ടോചാര്‍ജ് 50 രൂപ. റോസ്ഗാര്‍ഡനുള്ളിലൂടെ നടന്ന് താഴെയെത്തിയാല്‍ കെ. എഫ്. ഡി. സി ഓഫീസായി. ബുക്കിങ്ങും ഐഡിക്കാര്‍ഡും പരിശോധിച്ച് പേര് കുറിമാനങ്ങള്‍ എഴുതിക്കഴിഞ്ഞാല്‍ നേരേ ബേസ് ക്യാമ്പിലേക്ക്. ഇവിടെ നിന്ന് ബേസ് ക്യാമ്പിലേക്ക് 22 കിലോമീറ്ററുണ്ട്. സ്വന്തം വണ്ടിയുള്ളവര്‍ക്ക് അതില്‍ പോകാം. പക്ഷേ ക്യാമ്പിന് തൊട്ടടുത്തുള്ള രണ്ട് കിലോമീറ്ററോളം നല്ല മുട്ടന്‍ പാറക്കല്ല് നിരത്തിയ റോഡാണ്. വണ്ടിയുടെ അണ്ടര്‍വിയര്‍ കീറാന്‍ വഴിയുണ്ട്. ഏതായാലും ഞങ്ങള്‍ നേരത്തേ തന്നെ കെ. എഫ് ഡി സി വഴി ജീപ്പ് ബുക്ക് ചെയ്തിരുന്നു. രൂപ ആയിരം ആ വഴിക്കും പോയി. അഞ്ചുമിനുട്ടിനുള്ളില്‍ ജീപ്പ് എത്തി. തമിഴനായ ശിവയാണ് സിയോണ്‍ ജീപ്പിന്റെ പൈലറ്റ്. ജീപ്പില്‍ കയറുംമുമ്പേ ശിവ ഗൗരവത്തില്‍ മുന്നറിയിപ്പ് തന്നു, കാട്ടില്‍ നല്ല തണുപ്പാണ്, കുടിക്കാന്‍ മറ്റോ വെള്ളമൊന്നും കിട്ടില്ല, വേണമെങ്കില്‍ ഇപ്പഴേ കരുതിക്കോളൂന്ന്. ബിവറേജില്‍ ക്യൂ നിന്ന് കിട്ടുന്ന ആ ചൂടുവെള്ളം കുടിക്കുന്ന പതിവില്ലെന്നറിയിച്ചതോടെ വെള്ളംകളിയില്ലാത്ത മീശപ്പുലി മല യാത്ര വേഗം തുടങ്ങി.

സ്കൈ കോട്ടേജിന് സമീപത്ത് നിന്നുള്ള ആനമുടിയുടെ ദൃശ്യം
 


യാത്ര എസ്റ്റേറ്റ് റോഡുകളിലൂടെയാണ്. വഴിയുടെ ഭൂരിഭാഗവും നല്ല റോഡാണ്. പലയിടത്തും മരംമുറി തകൃതിയായി നടക്കുന്നുണ്ട്. തേയില ഫാക്ടറിയില്‍ കത്തിക്കാനാണത്രേ. തേയിലത്തോട്ടങ്ങള്‍ക്കും ലായങ്ങള്‍ക്കുമിടയിലൂടെ ശിവ ജീപ്പ് കത്തിച്ചുവിട്ടു. സൈലന്റ് വാലി, ഗുഡറേല്‍ തുടങ്ങിയ എസ്റ്റേറ്റുകളിലൂടെയാണ് യാത്ര. ഒന്നുരണ്ടിടത്ത് സ്വകാര്യഎസ്റ്റേറ്റില്‍ പേരുവിവരങ്ങളടങ്ങിയ ബുക്കിങ് ചീട്ട് ഡ്രൈവര്‍ കാവല്‍ക്കാരെ ഇറങ്ങിക്കാണിച്ചു. കണ്ണന്‍ ദേവന്റെ സാമ്രാജ്യത്തിലൂടെ പോകുമ്പോള്‍ അനുമതിപ്പത്രമില്ലാതെ പറ്റുമോ. ലായങ്ങളില്‍ കണ്ണന്‍ദേവന്‍ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ചും പെമ്പിളൈസമരം പരാജയപ്പെട്ടതിനെക്കുറിച്ചുമൊക്കെ യാത്രയ്്ക്കിടെ ശിവ വാചാലനായി. മൂന്നാറില്‍ 98 ശതമാനവും ഞങ്ങള്‍ തമിഴന്മാരാണെന്നും നിങ്ങള്‍ വെറും രണ്ട് ശതമാനം മാത്രമേയുള്ളുവെന്നുംകൂടി ശിവ പച്ചയ്ക്ക് പറഞ്ഞു. ഇടക്ക് പടമെടുക്കാനും അല്ലറ ചില്ലറസാധനങ്ങള്‍ വാങ്ങാനും രണ്ടുമൂന്നിടത്ത് ഇറങ്ങിയെങ്കിലും ഒരുമണിക്കൂറിനുള്ളില്‍ ശിവ ഞങ്ങളെ ബേസ് ക്യമ്പിലെത്തിച്ചു. ബേസ് ക്യാമ്പിനോടടുക്കുമ്പോള്‍ റോഡ് നേരത്തേ പറഞ്ഞപോലെ കല്‍വഴിയാണ്. ഫിഷിങ് ബോട്ടില്‍ പോകുമ്പോലെ തുള്ളിത്തുളുമ്പിപ്പോവാം. വഴിയില്‍ കുറേ ന്യൂജന്‍പയ്യന്‍സിനെക്കണ്ടു. ട്രെക്കിങ് കഴിഞ്ഞ് മടങ്ങുന്നവരാണെന്നാണ് കരുതിയത്. വെള്ളം കണ്ട കുതിരയെപ്പോലെ കല്‍പ്പാത കണ്ട് ക്വാളിസ് നിന്ന് കിതച്ചപ്പോള്‍ ഇറങ്ങി നടക്കുകയായിരുന്നു അവരെന്ന് പിന്നീടാണ് മനസ്സിലായത്.
 

ഷൂട്ടിങ് പോയിൻറ് മലയുടെ താഴ്വര
 

കാടിന്‍ നടുവില്‍ ടെൻറില്‍
ക്യാമ്പിലെത്തിയ ഉടന്‍ വനംവകുപ്പ് ജീവനക്കാരന്‍ ബുക്കിങ് പരിശോധിച്ച് ടെന്റുകള്‍ അലോട്ട് ചെയ്തു. നാലുപേര്‍ക്ക് രണ്ട് ടെന്റ്. കാടിന് നടുവില്‍ 20 ഓളം ടെന്റുകളുണ്ട്. ഒന്നില്‍ രണ്ട്പേര്‍ക്ക് വീതം 40 പേര്‍ക്ക് കഴിയാം. സമയം നാലുമണിയായിട്ടേ ഉള്ളൂ. മൂന്നാര്‍ തണുപ്പിച്ച് തുടങ്ങി. വനം വകുപ്പ് കെട്ടിടത്തിലെ വിശാലമായ ഹാളിന് നടുവില്‍ ക്യാമ്പ് ഫയറിനുള്ള സംവിധാനമൊക്കെയുണ്ട്. മുറ്റത്ത് നാട്ടില്‍ കാണാത്തതരം മനോഹരമായ പുഷ്പങ്ങള്‍ വസന്തത്തിന്റെ വരവറിയിച്ച് വിരിഞ്ഞുനില്‍ക്കുന്നു. വയറിന്റെ വിളി കലശാലായതിനാല്‍ വേഗം പാഴ്സല്‍ വാങ്ങിയ ഭക്ഷണം കഴിച്ചുതീര്‍ത്തു. വിശന്നിട്ടാണോ എന്തോ നല്ല രുചി. അപ്പോഴേക്കും അടുത്തദിവസത്തെ ട്രെക്കിങ്ങിനുള്ളവരില്‍ ഭൂരിഭാഗവും എത്തിക്കഴിഞ്ഞിരുന്നു. ട്രെക്കിങ് കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ ഇരുട്ടുംമുമ്പ് വീടുപിടിക്കാനുള്ള തിരക്കിലാണ്. ബാഗും സാധനങ്ങളുമൊക്കെ ടെന്റില്‍ വെച്ച് ഒന്നുനടക്കാമെന്ന് കരുതിയിറങ്ങിയപ്പോള്‍ നല്ല ചൂടന്‍ കട്ടന്‍ചായയും ബിസ്കറ്റുമെത്തി.

ഷൂട്ടിങ് പോയിൻറിൽ നിന്നുള്ള കാഴ്ച
 


സുലൈമാനിയുടെ ചൂട് നുണഞ്ഞ് സായാഹ്ന നടത്തത്തിന് ക്യാമ്പിന്റെ മുകള്‍ഭാഗത്തേക്ക് നടന്നു. വനംവകുപ്പുകാര്‍ സ്കൈ കോട്ടേജ് എന്ന് വിളിക്കുന്ന ഒരു കെട്ടിടം 400 മീറ്റര്‍ അപ്പുറത്തുണ്ട്. ചുറ്റുംചില്ലു ജാലകങ്ങളുള്ള മലഞ്ചെരിവിലെ ഈ കോട്ടേജിലും താമസസൗകര്യമൊരുക്കുന്നുണ്ട്.  ഈ കോട്ടേജിന് അടുത്ത് നിന്ന് നോക്കിയാല്‍ അല്‍പം അകലെ ഒരു വെള്ളച്ചാട്ടം കാണം. മറുഭാഗത്ത് ആനമുടി തല ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്നു. അങ്ങ് ദൂരെ താഴ്വരയില്‍ മാട്ടുപെട്ടി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയും ടൗണും കാണാം. അടുത്തദിവസത്തെ ട്രെക്കിങ്ങിന്റെ ട്രയലെന്നോണം ഞങ്ങള്‍ മലഞ്ചെരിവിലൂടെ കുറച്ചുദൂരം മുകളിലേക്ക് കയറിനോക്കി. അപ്പോഴേക്കും കോടയിറങ്ങിത്തുടങ്ങി. മരങ്ങള്‍ക്കിടയിലൂടെ കോടമഞ്ഞിന്‍തരികള്‍ ഊര്‍ന്നിറങ്ങി മലഞ്ചെരിവാകെ വെളുത്തു. രാവിലെ മലകയറിയവര്‍ കൂക്ക് വിളികളുമായി കോടമഞ്ഞിലൂടെ പ്രത്യക്ഷപ്പെട്ടു. ആണുംപെണ്ണുമടങ്ങിയ 20 പേരുടെ ആ ട്രക്കിങ് സംഘത്തില്‍ അധിക പേരും മലകയറി തളര്‍ന്നിരിക്കുന്നു. മഞ്ഞുതുള്ളികള്‍ വീണ് വഴുക്കുന്ന ചെരിവിലൂടെ അവര്‍ മെല്ലെ വടികള്‍ കുത്തിയിറങ്ങിപ്പോയി. പോണപോക്കിന് ചിലര്‍ നാളത്തെ മലകയറ്റത്തിന് ഉപദേശങ്ങള്‍ എറിഞ്ഞുതന്നു. മറ്റുചിലര്‍ അതിസാഹസികതയുടെ വെടികള്‍ പെട്ടിച്ചു. ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ നടത്തം മതിയാക്കി ക്യാമ്പിലേക്ക് മടങ്ങി.

കോടയിറങ്ങിയ മലഞ്ചെരിവ്
 


രാത്രി ഭക്ഷണം എട്ടരക്ക് ആണെന്ന് നേരത്തേ അറിയിച്ചിരുന്നതുകൊണ്ടും തലേദിവസത്തെ ഉറക്കം ബാക്കിയുണ്ടായിരുന്നതുകൊണ്ടും നേരേ ടെന്റിലെത്തി ഉറങ്ങാന്‍ കിടന്നു. എട്ട് മണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ ഇരുണ്ട ആകാശത്ത് പൂത്തിരികത്തിച്ചപോലെ നക്ഷത്രങ്ങള്‍ നിറഞ്ഞിരുന്നു. കാട്ടിനുള്ളിലെ രാത്രി. കിടുകിടുപ്പിക്കുന്ന തണുപ്പ്. കനത്ത നിശ്ശബ്ദത. ജാക്കറ്റും ഗ്ളൗസും സോക്സുമൊക്കെ ഇട്ട് പരമാവധി തണുപ്പിനെ പ്രതിരോധിച്ചിട്ടും കിട്ടിയ പഴുതിലൂടെക്കെ തണുപ്പ് നുഴഞ്ഞുകയറി. ഞങ്ങളെത്തുമ്പോഴേക്കും ക്യാമ്പ് ഫയറിനു ചുറ്റും ആഘോഷവും തീറ്റയും അവസാന ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. അവശേഷിച്ചിരുന്നവര്‍ തീക്കനലുകള്‍ക്ക് ചുറ്റുമിരുന്ന് വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു. ചിക്കനും ചോറും ചപ്പാത്തിയുമൊക്കെ അടങ്ങിയ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു. കനലിന് മീതെ കൈകാലുകള്‍ കാണിച്ച് ചൂടുതട്ടിച്ചപ്പോള്‍ കുഞ്ഞുന്നാളില്‍ മകരമഞ്ഞിലെ പുലര്‍കാലത്ത് തീകായാനിരുന്ന ഓര്‍മകള്‍ ഓടിയെത്തി. എട്ട് ഡിഗ്രിയാണ് തണുപ്പെന്ന് വനംവകുപ്പ് ഓഫീസര്‍ പറഞ്ഞു. ഡിസംബറില്‍ തണുപ്പ് ഇനിയും കൂടുമത്രേ. ഭക്ഷണം കഴിഞ്ഞെഴുന്നേറ്റവര്‍ സ്ലീപ്പിങ് ബാഗുമായി ടെന്റുകളിലേക്ക് പോയിത്തുടങ്ങിയിരുന്നു. പൊതിയുന്ന തണുപ്പിനെ കനല്‍ച്ചൂടുകൊണ്ടകറ്റി 11 മണിവരെ കത്തിവെച്ചിരുന്നു. പിന്നെ ടെന്റിലെത്തി സ്പ്ലീങ് ബാഗില്‍ കയറി തണുപ്പിനെ പുറത്താക്കി സിബ്ബ് വലിച്ചടച്ച് കണ്ണടച്ചുകിടന്നു. കാടിനുനടുവില്‍ നേര്‍ത്തതുണി ടെന്റില്‍ കനത്ത ഇരുട്ടില്‍ ഉറക്കം കാത്തുകിടക്കുന്ന കുറേപ്പേര്‍. ഏതായാലും ആനചവിട്ടിക്കൊല്ലുന്ന സ്വപ്നം കാണാനൊന്നും തണുപ്പും ക്ഷീണവും അനുവദിച്ചില്ല. വേഗം എല്ലാവരും ഉറക്കത്തിലായി.
 

സ്കൈ കോട്ടേജിൽ നിന്നുള്ള പ്രഭാത കാഴ്ച
 

കാട്ടിലെ പ്രഭാതം
സൈലന്റ് വാലി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പൊതുവേ നിശ്ശബ്ദമാണ് ഈ താഴ്വര. അതുകൊണ്ടുതന്നെ രാവിലെ വലിയ കിളിനാദമൊന്നും കേട്ടില്ല. ആറ് മണിക്കുണരുമ്പോള്‍ സമീപ ടെന്റുകളൊന്നും ഉണര്‍ന്നിരുന്നില്ല. സഹ ടെന്റനും നല്ല ഉറക്കത്തില്‍. തലേന്നാള്‍ ഇന്‍ഹേലര്‍ എടുക്കാതിരുന്നതിനാല്‍ സ്പോഞ്ചുപോലുള്ള ശ്വാസകോശം അല്‍പം മസില്‍ പിടിച്ചുനില്‍പ്പാണ്. എങ്കിലും ടെന്റിന്റെ സിബ്ബ് വലിച്ച് തുറന്ന് തല പുറത്തേക്കിട്ടു. നീലാകാശത്ത് ഉദയകിരണങ്ങളുടെ പൊന്‍പ്രഭ. എത്രശാന്തസുന്ദരമാണ് കാട്ടിലെ പ്രഭാതം. ശ്വാസകോശത്തെ അവഗണിച്ച് കാമറയുമെടുത്ത് പുറത്തേക്കോടി. പക്ഷേ മാനംമുട്ടെ വളര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ നല്ലൊരു ആകാശക്കാഴ്ച തന്നില്ല. സ്കൈ കോട്ടേജിന് സമീപത്തെ കുന്നില്‍ വലിഞ്ഞുകയറിയെങ്കിലും വലുതായൊന്നും കിട്ടിയില്ല. ആനമുടി പൊന്‍വെയിലേറ്റ് തിളങ്ങുന്ന ചിത്രം കൊണ്ട് തൃപ്തിപ്പെട്ട് മടങ്ങുമ്പോള്‍ ഉദയം കാണാന്‍ കൊളുക്കുമലയാണ് നല്ലതെന്ന് വനംവകുപ്പ് ജീവനക്കാരന്‍ പറഞ്ഞു. തിരികെയെത്തുമ്പോഴേക്ക് കട്ടന്‍ചായ റെഡിയായിരുന്നു.

റോഡോവാലിയിലെ റോഡോ മാന്‍ഷന്‍
 


തൊട്ടാല്‍ പൊള്ളുന്ന തണുപ്പില്‍ കുളിക്കുന്നതിനേക്കുറിച്ച് ആലോചിച്ചേ ഇല്ല.  എട്ട് മണിയോടെ ഭക്ഷണം വന്നു. ഉപ്പുമാവ്, ഓംലറ്റ്, ബ്രഡ്, ജാം, പഴവര്‍ഗങ്ങള്‍...ബ്രേക്ക് ഫാസ്റ്റ് കുശാലായി. ഉച്ചയ്ക്കുള്ള ചപ്പാത്തിപ്പൊതിയും വെള്ളവുമെടുത്ത് ഞങ്ങള്‍ ട്രക്കിങ്ങിന് റെഡിയായി. കൂടെയുണ്ടായിരുന്ന കോട്ടയത്ത് നിന്നുള്ള എട്ടംഗസംഘം റോഡോവാലി വരെയുള്ള ആറ് കിലോമീറ്റര്‍ ജീപ്പില്‍ പോകാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കൊടുവള്ളിയില്‍ നിന്ന് ബുള്ളറ്റിനെത്തിയ സംഘവും ജീപ്പിന് പോകാന്‍ നില്‍ക്കുകയാണ്. 1000 രൂപയാണ് ചാര്‍ജ്. അവര്‍ നാലുപേരേയുള്ളൂ. കൂടുന്നോ എന്നായി അവര്‍. 10 കിലോമീറ്ററും ട്രക്ക് ചെയ്യാന്‍ വന്ന ഞങ്ങളെ അവരുടെ വിളി പ്രലോഭിപ്പിച്ചു. ആദ്യ ആറ് കിലോമീറ്റര്‍ ജീപ്പില്‍ പോയാല്‍ ബാക്കി നാലുകിലോമീറ്റര്‍ പതിയെ കാഴ്ചകള്‍ കണ്ട് കയറാമെന്ന ഗൈഡ് അനന്തുവിന്റെ പ്രലോഭനം ഫലിച്ചു. അങ്ങിനെ സ്കൈ കോട്ടേജ് വഴി കുന്ന് കയറി പാതവക്കില്‍ ജീപ്പിന് കാത്തുനില്‍പ്പായി. ആദ്യസംഘത്തെ റോഡോവാലിയിലെത്തിച്ച് ജീപ്പ് മടങ്ങിയെത്തുംവരെ ഗൈഡ് തോപ്രാംകുടിക്കാരന്‍ അനന്തു ട്രക്കിങ് കഥകളുടെ കെട്ടഴിച്ചു. മൂന്നാറിലെ മലനിരകള്‍ മുഴുവന്‍ ട്രക്ക് ചെയ്ത് കയറുന്ന വിദേശികളെ വെച്ചുനോക്കുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് മീശപ്പുലി മല കണ്ട് മടങ്ങുന്ന മലയാളികളുടെ ട്രക്കിങ്ങൊക്കെ എന്തെന്നായിരുന്നു കഥയുടെ സാരം.  
 

മീശപ്പുലി മലയുടെ താഴ് വരയില്‍. മുകളില്‍ സഞ്ചാരികളെ കാണാം
 

പച്ചപുതച്ച മലഞൊറിവുകള്‍
അപ്പോഴേക്ക് ജീപ്പെത്തി. വനംവകുപ്പ് ജീവനക്കാരന്‍ ഷൈന്‍ചേട്ടനാണ് വളയം പിടിക്കുന്നത്. പാതാളം പോലെ കുഴിഞ്ഞും ഉരുളന്‍കല്ലുകള്‍ നിറഞ്ഞുംകിടക്കുന്ന റോഡ്. അതും കുത്തനെയുള്ള കയറ്റവും ഹെയര്‍പിന്‍ വളവുകളും. ഫോര്‍വീല്‍ ജീപ്പും ജീപ്പിനൊത്ത കപ്പിത്താനും ഇല്ലെങ്കില്‍ എല്ലാംകൂടി താഴെവീണ് തവിടുപൊടിയാകും. സെക്കന്‍ഡ് ഗിയറിലും ഇടക്ക് ഫോര്‍വീല്‍ ഡ്രൈവിലേക്ക് മാറിയും ജീപ്പ് ഞങ്ങളെയും കൊണ്ട് കുതിച്ചു. ജീപ്പ് കയറിപ്പോകുന്ന റോഡ് കാണാനുള്ള ത്രാണിയില്ലാത്തതുകൊണ്ട് ഞാന്‍ പിന്നിലേക്ക് നോക്കിയിരുന്നു. ഡ്രൈവിങ് സീറ്റില്‍ ഞാനായിരുന്നുവെങ്കിലെന്ന ചിന്തതന്നെ വല്ലാതെ പേടിപ്പിച്ചു. ഒടുവില്‍ ആടിയുലഞ്ഞ് ഞങ്ങളുടെ ജീപ്പ് റോഡോമാന്‍ഷന്റെ മുറ്റത്തെത്തി നിന്നു. നീലാകാശച്ചോട്ടില്‍ കാട്ടുപൂവരശിന്‍ പൂവ് പോലെ ചുവന്ന് തുടുത്ത് മൂന്ന്  കൊച്ചുവീടുകള്‍. 7000 രൂപ പാക്കേജില്‍ വരുന്നവര്‍ ഇവിടെയാണ് താമസിക്കുന്നത്. റോഡോ മാന്‍ഷന്റെ പിന്നില്‍ ഷൂട്ടിങ് പോയന്റെന്ന ആദ്യ മല ഞങ്ങളെ നോക്കിനില്‍ക്കുന്നു. പതിയെ ഞങ്ങള്‍ ട്രക്കിങ് തുടങ്ങി. അപൂര്‍വമായ സസ്യങ്ങളാലും കൊച്ചുപൂക്കളാലും സമൃദ്ധമാണ് ഈ മലഞ്ചെരിവുകള്‍. ഷൂട്ടിങ് പോയന്റിന് മുകളിലെത്തുമ്പോള്‍ കാണുന്ന കാഴ്ച മനം നിറക്കുന്നതാണ്.

താഴ് വരയിലെ പൂക്കള്‍
 


കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലനിരകള്‍. മലഞൊറിവുകളില്‍ പച്ചപ്പെയിന്റ് പൂശിയപോലെ പുല്‍മേടുകള്‍. ഷൂട്ടിങ് പോയന്റിന്റെ അറ്റത്ത് ആകാശം താഴ്വരയിലേക്ക് വീണുകിടന്നു. മലഞ്ചെരിവുകളിലെ റോഡോ ഡെന്‍ഡ്രോണ്‍ മരങ്ങള്‍ പൂത്തുതുടങ്ങിയിട്ടുണ്ട്. ഒട്ടേറെ തമിഴ് സിനിമകള്‍ക്ക് ലൊക്കെഷനായിട്ടുണ്ട് ഈ ഷൂട്ടിങ് പോയന്റെന്ന് അനന്തുപറഞ്ഞു. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കേ കാമറയും മറ്റുസാമഗ്രികളുമൊക്കെ ചുമന്ന് മലകയറ്റിക്കൊണ്ടുവന്ന് ഇവിടെ ഷൂട്ട് ചെയ്യാന്‍ പറ്റൂ. അതുകൊണ്ട് മലയാളം ചിത്രങ്ങള്‍ അധികം ഇവിടെ ഷൂട്ട് ചെയ്യാറില്ലത്രേ.

കരിങ്കുളം
 


ദൂരെ മലനിരകള്‍ക്ക് നടുവില്‍ ഒരുകൊച്ചുതടാകം. ചെമ്പ്രയിലെ ഹൃദയതടാകം പേലെ. മൃഗങ്ങള്‍ വെള്ളംകുടിക്കാനെത്തുന്ന ഈ ചെറു തടാകത്തിന്റെ പേര് കരിങ്കുളം എന്നാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മലമുകളില്‍ നിന്ന് നോക്കുമ്പോള്‍ ഒരു വശത്ത് മാട്ടുപ്പെട്ടി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ കാണാം. മറുഭാഗത്ത് ദൂരെ തേയിലത്തോട്ടങ്ങളും. ജീപ്പ് കടന്നുവന്ന റോഡ് ഒരു പെരുമ്പാമ്പ് പോലെ വളഞ്ഞുപുളഞ്ഞ് കിടക്കുന്നു. മലഞ്ചെരിവിലൂടെ ഞങ്ങള്‍ ഇറങ്ങിത്തുടങ്ങി. അപ്പോഴാണ് ദൂരെ മറ്റൊരു മലയുടെ ചെരിവില്‍ വരയാടിന്‍ കൂട്ടത്തെ കണ്ടത്. കുത്തനെയുള്ള ചെരിവില്‍ നിന്ന് പുല്ല് തിന്നുകയാണ് അവര്‍. വരയാടിന്റെ ചിത്രങ്ങളെടുത്ത് ഇറങ്ങിച്ചെന്നത് ഒരു സമതലത്തിലേക്കാണ്. അടുത്തതൊരു ചെറിയ മലയാണ്. അത് കടന്നുള്ള ഇറക്കം അവസാനിക്കുന്നത് ഒരു തെളിനീരൊഴുകുന്ന അരുവിയിലേക്കായിരുന്നു. കുപ്പികളില്‍ വെള്ളം നിറച്ച്, മുഖമൊക്കെ കഴുകി വീണ്ടും അടുത്ത മലകയറിത്തുടങ്ങി.

ഷൂട്ടിങ് പോയന്റില്‍
 


ഇതും അനായാസം കയറാവുന്ന ചെറിയ മലയാണ്. അവിടെ നിന്ന് അടുത്ത മലയുടെ ഉച്ചിയിലേക്ക് നീണ്ട ഒറ്റയടിപ്പാത കാത്ത് കിടക്കുന്നു. വാഗമണ്ണിലെ മൊട്ടക്കുന്നുപോലുള്ള ഈ മലമുകളില്‍ ഒരു ഒറ്റമരമുണ്ട്. തണുത്തകാറ്റുള്ളതിനാല്‍ നട്ടുച്ചയ്ക്കും ചൂടില്ല. ഒറ്റമരണത്തണലിലിരുന്ന് ഞങ്ങള്‍ കൊണ്ടുവന്ന ഉണങ്ങിയ പഴങ്ങള്‍ കഴിച്ചു. മുന്നേ പോയവര്‍ അടുത്ത മലയിലെത്തിയിരിക്കുന്നു. അവരുടെ സംസാരം മലകള്‍ക്കിയിലൂടെ ഒഴുകിയെത്തുന്നുണ്ട്. ഉണക്ക മുന്തിരികള്‍ വായിലിട്ടുകൊണ്ടുനടന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. മല കയറുമ്പോള്‍ എന്തെങ്കിലും വായിലിട്ട് ചവച്ചുകൊണ്ടിരുന്നാല്‍ കിതപ്പിനെ കടിച്ചുതിന്നാം! ക്ഷീണമറിയില്ല. അഞ്ചാം മലകയറിയപ്പോള്‍ അങ്ങ് ദൂരെ മീശപ്പുലി മല കണ്ടു. ആദ്യ സംഘത്തിലെ അംഗങ്ങളെ മലമുകളില്‍ പൊട്ടുപോലെ കാണാം. അപ്പോഴാണ് ആരോ വരയാടുകള്‍ എന്ന് വിളിച്ചുകൂവിയത്. മീശപ്പുലി മലയുടെ കുത്തനെയുള്ള ചരിവില്‍ മേഞ്ഞുനടക്കുകയാണ് മറ്റൊരു വരയാടിന്‍ കൂട്ടം. മനുഷ്യ സാന്നിധ്യം അറിഞ്ഞിട്ടെന്നോണം അവ ചെരിവിലൂടെ താഴേക്ക് ഓടിപ്പോയി.
 

മലഞ്ചെരിവില്‍ മേയുന്ന വരയാടുകള്‍
 

മഞ്ഞുപൊഴിയും മേഘത്തുണ്ടില്‍
ഇനി മുന്നില്‍ ഒറ്റമല മാത്രം. ബേസ് ക്യാമ്പില്‍ നിന്നുള്ള എട്ടാമത്തെ മല. മീശപ്പുലിമല. കുത്തനെയുള്ള കയറ്റമാണെങ്കിലും കയറാന്‍ വലിയ പ്രയാസമില്ല. പുല്ല് നിറഞ്ഞ വഴിയില്‍ തടസ്സം സൃഷ്ടിച്ച് കല്ലുകളൊന്നുമില്ല. മഞ്ഞുതുള്ളികള്‍ വീണ് ചെറിയ നനവുള്ളതിനാല്‍ വഴുക്കാതെ നോക്കണമെന്നുമാത്രം. കുന്നിന്‍ ചെരിവില്‍ അവിടവിടെയായി മാത്രമേ മരങ്ങളുള്ളൂ. ഓരോ അടിയും സൂക്ഷിച്ചുവെച്ച് മലകയറിത്തുടങ്ങി. ഇടക്ക് നിന്നും കിതപ്പാറ്റിയും മെല്ലെ മുന്നേറി. സമീപത്തെ മലകളില്‍ കോട നിറയുന്നതും നിമിഷങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകുന്നതും കണ്ടു. മലമുകളില്‍ കാലാവസ്ഥ അപ്രവചനീയമാണെന്ന് ഗൈഡ് പറഞ്ഞു. ഏതുനിമിഷവും കോടയിറങ്ങാം. ചിലപ്പോള്‍ കോടയൊഴിഞ്ഞ് നല്ല തെളിഞ്ഞ കാഴ്ചയും കിട്ടും. ഒരുമണിയോടെ ഞങ്ങള്‍ മീശപ്പുലി മലയുടെ നെറുകയിലെത്തി. വാക്കുകള്‍ കൊണ്ടോ ചിത്രങ്ങള്‍കൊണ്ടോ വരച്ചിടാനാവാത്ത അപൂര്‍വ കാഴ്ചയാണ് പ്രകൃതി മലമുകളില്‍ ഒരുക്കിയിരിക്കുന്നത്. അത് അനുഭവിച്ച് തന്നെയറിയണം. ചുറ്റുമുള്ള മലനിരകളൊക്കെ താഴെയായിക്കഴിഞ്ഞിരിക്കുന്നു.  മേഘസാഗരത്തില്‍ ഞങ്ങളും ഞങ്ങളുടെ മീശപ്പുലിമലയും മാത്രം ഉയര്‍ന്നുനില്‍ക്കുന്നു. വെണ്‍മേഘത്തുണ്ടുകള്‍ ചുറ്റുപാടും ഒഴുകി നടക്കുന്നു. താഴേയുള്ള മലകളോ സ്ഥലങ്ങളോ ഒന്നും കാണാനാവുന്നില്ല. അവയ്ക്കും ഞങ്ങള്‍ക്കുമിടയില്‍ പാല്‍ക്കടലുപോലെ മേഘങ്ങളാണ്.

വഴികളില്‍ കോടമൂടിയപ്പോള്‍
 


 തണുപ്പിന്‍റെ തരികള്‍ ചൊരിഞ്ഞ് ചെറുകാറ്റില്‍ ഒഴുകിപ്പരക്കുന്നുണ്ട് കോടമഞ്ഞ്. നിരന്തരം സന്ദര്‍ശകരുടെ ചവിട്ടേറ്റ് ഉണങ്ങിയ പുല്ലില്‍ മലര്‍ന്നുകിടന്നു. ഉടലില്‍ മഞ്ഞിന്‍തണുപ്പ്. ഉള്ളില്‍ പ്രപഞ്ചവിശാലതയുടെ ഉണ്മ. അനിര്‍വചനീയമായ സന്തോഷം ഓരോ രോമകൂപത്തിലും നിറഞ്ഞു. ഇടക്ക് ചെറുമഞ്ഞിന്‍തുള്ളികള്‍ വീഴുന്നുണ്ട്. കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലുണ്ട് മേഘത്തുണ്ടുകള്‍. ഒരു കുപ്പിയില്‍ കോടമഞ്ഞ് നിറച്ചുകൊണ്ടുപോയാലോ എന്നാരോ തമാശപറഞ്ഞു. ഇടയ്ക്ക് അല്‍പനേരം കോടമാറി നിന്നപ്പോള്‍ കൊളുക്കുമല ടീ ഫാക്ടറിയും തേയിലത്തോട്ടങ്ങളും തെളിഞ്ഞു. കോടമാറിയാല്‍ കമ്പം തേനിയും ആനയിറങ്കല്‍ ഡാമുമൊക്കെ കാണാമെന്ന് ഗൈഡ് പറഞ്ഞെങ്കിലും കോട കനിഞ്ഞില്ല.

താഴ് വരയിലെ പൂക്കള്‍
 


മൂന്നാറിലെ ടോപ്പ് സ്റ്റേഷനില്‍ കയറിയാല്‍ മീശപ്പുലിമലയുടെ മീശപ്പുലി സ്വരൂപം കാണാനാവൂവെന്നും അനന്തു പറഞ്ഞു. കൊണ്ടുവന്ന ഭക്ഷണം മലയുടെ നെറുകയിലിരുന്ന് കഴിച്ചു. തണുത്ത് വിറങ്ങലിച്ചതെങ്കിലും ചപ്പാത്തിക്കൊരു പ്രത്യേക രുചി. ചുറ്റിനടന്നും പടംപിടിച്ചും ഒരുമണിക്കൂറിലധികം മലമുകളില്‍ ചെലവഴിച്ചു. രണ്ട് മണികഴിഞ്ഞ് മറ്റൊരുവഴിയിലൂടെ മലയിറങ്ങുമ്പോള്‍ മുന്നിലുള്ള വഴിയിലെല്ലാം കോടനിറയുകയായിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ഈ കാഴ്ചകളൊന്നും കാണാനാവാതെ ഭൂമിയില്‍ നിന്ന് മടങ്ങിയവരെക്കുറിച്ചുള്ള ചിന്തയായിരുന്നു ഉള്ളില്‍ നിറയെ. താഴ്വരയിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമുള്ളതാണ്. കോടയില്‍ വഴി തെറ്റാതിരിക്കാന്‍ ശബ്ദമുണ്ടാക്കി സംഘാംഗങ്ങള്‍ മുന്നോട്ട് നടന്നു. നാലുമണിയോടെ റോഡോവാലിയിലെത്തി അവിടെ നിന്ന് ജീപ്പില്‍ ബേസ് ക്യാമ്പിലേക്ക്. പിന്നിലേക്ക് ഓടിയകലുന്ന മലനിരകളെ നോക്കിയിരിക്കുമ്പോള്‍ ഉള്ളിലിരുന്ന് ആരോപറയും പോലെ, ഇതൊന്നും വെറുതേ ഉണ്ടാക്കിയതല്ല മനുഷ്യാ..

yasirfayas@gmail.com

Tags:    
News Summary - On the top of Hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.