??????? ??????? ??????????

സഞ്ചാരികളുടെ സ്വപ്നഭൂവിലേക്ക്

വാൽപ്പാറ യാത്രയ്ക്ക് ശേഷം വലിയ വലിയ യാത്രാ മോഹങ്ങളും പ്ലാനുകളുമായി ഇരിക്കുന്നതിനിടയിലാണ് സ്കൂളിൽ നിന്ന് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. ചിക്കമഗ്ലൂർ, ഹംപി, മൈസൂർ, ബാംഗ്ലൂർ, കുടക് മുതൽ ഗോവ വരെ ആലോചനകളിൽ വന്നെങ്കിലും മൂന്നാർ - വാഗമൺ യാത്രയിലാണ് എത്തിയത്. യാത്ര പോകുന്നെന്നു കേട്ടാൽ ബാഗുമായി ആദ്യം ചാടി വീഴാറുള്ള ഞാൻ ഈ യാത്ര പോകുമെന്ന് കരുതിയതേയല്ല.  ആദ്യം മാറി നിന്നെങ്കിലും അവസാന നിമിഷം യാത്രയിൽ കൂടേണ്ടി വന്നു.

 

വാഗമണ്ണിലെ മൊട്ടക്കുന്ന്
 

മൂന്നാറിൽ  മുൻപ് പോയതാണെങ്കിലും വാഗമണ്ണിൽ ആദ്യമായി പോവുകയാണ്. സാധാരണ പോലെ യാത്ര പോകുന്നു, സ്ഥലം കാണുന്നു, ഫോട്ടോയെടുക്കുന്നു, പരമാവധി ആസ്വദിച്ച് തിരിച്ചു വരുന്നു എന്നൊക്കെയാണ് കരുതിയതെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. എവിടേക്കെങ്കിലും പുറപ്പെട്ടു പോയാൽ എന്നെ തന്നെ മറന്നു വച്ചിട്ടു വരുന്ന ഞാൻ 75 പെൺകുട്ടികളെയും കൊണ്ട് ഏഴ് അധ്യാപകർ നടത്തുന്ന യാത്രയിലാണ് പങ്കാളിയായത്.  മറ്റുള്ളവർക്കൊപ്പം  എനിക്കും പല ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് പെട്ടെന്നു തന്നെ ബോധ്യം വന്നു. പിള്ളാർക്ക് കൂട്ടിരുന്നും കാവൽ നിന്നും അവരെ മേച്ചും നടപ്പാണ് പ്രധാന പണിയെന്നും സ്ഥലം കാണലും ഫോട്ടോയെടുപ്പും നടന്നാൽ നടന്നെന്നും മനസിലായതോടെ പിള്ളേരോടൊപ്പം കൂക്കി വിളിച്ചും ഡാൻസ് കളിച്ചും അർമാദിക്കാൻ തീരുമാനിച്ചു.

ബസിൽ നിന്നുള്ള കാഴ്ച
 


രാത്രി 8.30 ന് സ്കൂളിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ മൂന്നാർ എത്തി. മൂന്നാറിനെക്കുറിച്ചോ വാഗമണിനെ കുറിച്ചോ അധികമൊന്നും വിശദീകരിക്കാനില്ലെന്ന് ആദ്യമേ പറയട്ടെ. എന്നാൽ മൂന്നാറിൽ പോയിട്ടെന്തു കണ്ടെന്ന് ചോദിച്ചാൽ ഇരവികുളം പോയി വരയാടുകളെ കണ്ടു, നീലക്കുറിഞ്ഞി പൂക്കുന്ന സീസൺ അടുത്ത വർഷമാണെങ്കിലും അവിടവിടെയായി ഒറ്റപ്പെട്ട് ചില ചെടികൾ കണ്ടു. ഇരവികുളത്ത് രാജമലയിലേക്ക് പോകാനായി ബസ് കാത്തുനിന്നൊരു നിൽപ്പുണ്ട്... അതൊരു ഒന്നൊന്നര നിൽപ്പായിരുന്നു, രാവിലെ ഒൻപതു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ബസിനായി നീണ്ട കാത്തിരിപ്പ്.

രാജമലയിലെ ക്യൂ
 


അവിടെന്ന് അട്ടകടിച്ചിട്ടാർത്തു വിളിക്കുന്ന എന്റെ പിള്ളേരെ കണ്ടു, മാട്ടുപെട്ടി ഡാമും ഡാമിലേക്കു പോകും വഴിവഴിയിലിറങ്ങി ഞങ്ങളെ പേടിപ്പിച്ച ആനക്കൂട്ടത്തെയും കണ്ടു. പിന്നെ ഇത്തരം ഹൈറേഞ്ച് യാത്രകളിൽ നമ്മൾ കണുന്ന പച്ചപ്പും. മാട്ടുപെട്ടിയിൽ നിന്ന് നേരെ എക്കോ പോയിന്റിൽ പോയി. അവിടെ കൂകി തിമർത്തു...പിന്നീട്  ചെറിയ പർച്ചേസിംഗിന് ശേഷം റൂമിലെത്തി ഭക്ഷണം കഴിച്ചുറങ്ങി.
പിറ്റേന്ന് രാവിലെ 8 മണിക്ക് വാഗമൺ യാത്ര ആരംഭിച്ചു.  മൂന്നര മണിക്കൂറുകൊണ്ട് മൂന്നാറീന്ന് വാഗമൺ എത്താൻ വഴിയുണ്ടെങ്കിലും ഞങ്ങടെ ഭാഗ്യം കൊണ്ട് അന്ന് ആ വഴി അടച്ചിരുന്നു. ഇടയ്ക്ക് ഭക്ഷണത്തിനായൊരു ബ്രേക്ക് എടുത്തതൊഴിച്ചാൽ വൈകിട്ട് മൂന്നു മണി വരെ ബസ്സിൽ തന്നെ ഇരിക്കേണ്ടി വന്നു. കയറ്റങ്ങളും ഇറക്കങ്ങളും നിറയെ വളവുകളും തിരിവുകളും നിറഞ്ഞ റോഡിനിരുവശവും നിറയെ കാഴ്ചകളായിരുന്നു. ഇടുക്കി ഡാം മുതൽ ചെറിയതും വലുതുമായ അരുവികൾ തേയില - ഏലം തോട്ടങ്ങൾ അങ്ങിനെ.... അങ്ങിനെ...

മൊട്ടക്കുന്ന്
 


അധികമൊന്നും വികസിച്ചിട്ടില്ലത്ത ഒരു മലയോര പ്രദേശമാണ് വാഗമൺ.  നിറയെ പച്ച വിരിച്ച കുന്നുകൾ ....പുൽപ്പരപ്പുകൾ.... വാഗമൺ എത്തിയ ശേഷം ആദ്യം പോയത് മൊട്ടക്കുന്നിലേക്കാണ്.. പച്ചപുല്ലുകൾ നിറഞ്ഞ ഒരു പാട് ചെറുകുന്നുകളുടെ ശേഖരമാണ് മൊട്ടക്കുന്നുകൾ.... ചെറിയൊരു തടാകവും ഇവിടെയുണ്ട്...പിന്നെ പോയത് പൈൻ ഫോറസ്റ്റിലേക്കാണ്... ഊട്ടിയിലും കൊടേക്കനാലിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ പൈൻ കാട് കാണുന്നത് ആദ്യമാണ്....

രാജമല
 


ഏറ്റവും ഒടുവിൽ തങ്ങൾസ് പാറയിലേക്കാണ് പോയത്. രണ്ടു ദിവസത്തെ യാത്രയിൽ ശരിക്കും ഞങ്ങളെല്ലാരും ഒരുപോലെ ആസ്വദിച്ചത് തങ്ങൾസ് പാറയിലേക്കുള്ള യാത്രയാണ്. ഇസ്ലാം മത വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണിത്. പോകും വഴി തേയില തോട്ടങ്ങൾക്കിടയിലെ പേരമരങ്ങളിൽ നിന്ന് പേരക്ക പൊട്ടിച്ചു തിന്നും ഇടയ്ക്ക് അരുവികളിലിറങ്ങും ഏറെക്കുറെ വിജനമായ റോഡിലിരുന്നും കിടന്നുമെല്ലാമാണ് ഞങ്ങൾ കുന്നുകയറിത്തുടങ്ങിയത്.... അതു കൊണ്ട് തന്നെ ഒരു കയറ്റം കയറുന്ന ആയാസമൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല... ഒരു പാട് തീർത്ഥാടക കുടുംബങ്ങൾ നിശബ്ദരായി കുന്നുകയറന്നുണ്ടായിരുന്നു.

തങ്ങൾസ് പാറ
 


ഞങ്ങളെല്ലാം കുന്നുകയറി മുകളിലെത്തിയപ്പോഴേക്കും ഏറ്റവും മുകളിൽ കയറി ഞങ്ങടെ ബിനോയ് മാഷും പിള്ളാരും തിരിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. ഉയരങ്ങളിലേക്ക് കയറി ചെന്നു കഴിഞ്ഞാൽ പിന്നെ ചുറ്റുള്ളതെല്ലാം പതുക്കെ മങ്ങി തുടങ്ങും..  കോട വന്ന് എല്ലാം മൂടുന്നതു കാണാം... യാത്ര മുഴുവൻ ഒച്ചപ്പാടുകൾ കൊണ്ട് നിറച്ച കുട്ടികൾ പോലും കുറെ സമയം നിശബ്ദരാവുന്നുണ്ടായിരുന്നു... ഇരുട്ട് കനം പിടിക്കുന്നതും കണ്ട് ഞങ്ങൾ നിശബ്ദരായി കുന്നിറങ്ങി. അവിടെന്നിറങ്ങി വരുമ്പോൾ ഏഴു മണി ഭക്ഷണം കഴിച്ച് തിരികെ കോഴിക്കോടേക്ക്......

പ്രകൃതിയുടെ വ്യത്യസ്തമായ ഭാവങ്ങൾ കൊണ്ടും നിർമ്മിതികൾ കൊണ്ടും നമ്മെ ആകർഷിക്കുന്ന രണ്ടിടങ്ങളാണ് മൂന്നാറും വാഗമണും.. കാഴ്ചകളേക്കാൾ അനുഭവങ്ങളും പ്രകൃതിയെ തൊട്ടറിയലുമാണ് ഇത്തരം യാത്രകൾ.        


   
സഞ്ചാരികളുടെ സ്വപ്നഭൂമി
മൂന്നാര്‍ സഞ്ചാരികളുടെ സ്വപ്ന ഭൂമിയെന്നാണ് മൂന്നാര്‍ അറിയപ്പെടുന്നത്. നട്ടുച്ചക്ക് പോലും കോടമഞ്ഞിൽ കുളിച്ച് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾ..... അതിനിടയിലൂടെ ഒഴുകുന്ന കൊച്ചു നീര്‍ച്ചാലുകൾ..... മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമ സ്ഥലമാണ് മൂന്നാര്‍... മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍: മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്‌, കുണ്ടള ഡാം എന്നിവയാണ്.


മലപ്രദേശമാണ് വാഗമണ്‍. മൊട്ടക്കുന്നുകളുടെ നാട് എന്നും അറിയപ്പെടുന്നു. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിലാണിത്. പൈൻ കാടുകൾ, മൊട്ടക്കുന്ന്, തങ്ങൾസ് പാറ, കുരിശുമല , മുരുകൻ പാറ, സഹ്യാർദ്രി മ്യൂസിയം, സൂയിസെയ്ഡ് പോയിന്റ്, മർമല വെള്ളച്ചാട്ടം... അങ്ങനെ നീളുന്നു കാഴ്ചകൾ.

Tags:    
News Summary - vagamon and munnar travelogue review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.