മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞ പോലെ ഇത്ര അടുത്ത് കിടന്നിട്ടുപോലും വളരെ വൈകിയാണ് വയലടയെ പറ്റി അറിയുന്നത്. ബാലുശ്ശേരിയിൽ നിന്ന് 18 കിലോമീറ്റർ അപ്പുറത്ത് സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരം ഉള്ള ഒരു മല. ഈ സ്ഥലം കാണാതിരിക്കാൻ ഞങ്ങൾക്കാവില്ലായിരുന്നു. അങ്ങനെയാണ് വയലടയിലേക്ക് പുറപ്പെട്ടത്. പൗലോ കൊയ് ലോ 'ആൽക്കമിസ്റ്റി'ൽ പറഞ്ഞ വരികൾ അക്ഷരാർത്ഥത്തിൽ സത്യമാണ് എന്ന് തോന്നിപ്പിച്ച ഒരു യാത്ര. “When you want something, all the universe conspires in helping you to achieve It”.
മാസങ്ങൾക്കു മുന്നേ പ്ലാൻ ചെയ്തിട്ടും നടക്കുന്നത് വരെ അനിശ്ചിതത്വം ഉണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും മുടങ്ങാം എന്ന ഒരു തോന്നൽ. രാവിലെ 6.40നു വീട്ടിൽ നിന്ന് ഇറങ്ങാനുള്ള പ്ലാൻ അന്തരീക്ഷത്തിലെ വെളിച്ചക്കുറവു കാരണം മാറ്റിവെച്ചപ്പോൾ ഇനി ഇത് നടക്കില്ല എന്ന് മനസ്സിൽ തോന്നിയതാണ്. പക്ഷെ ആ ദിവസം തന്നെ യാത്ര വേണമെന്നത് നിയോഗമായിരുന്നു. രാവിലെ 6.40നുള്ള ആനവണ്ടിക്ക് സവി കോഴിക്കോട്ട് നിന്ന് കയറുന്നു. അതെ വണ്ടിയിൽ ബാലുശ്ശേരി നിന്ന് ഞാൻ കയറുന്നു. ഇതായിരുന്നു പ്ലാൻ. പക്ഷെ രാവിലെഎഴുന്നേറ്റപ്പോൾ പുറത്തു നല്ല ഇരുട്ട്. അതുകൊണ്ട് പ്ലാനിൽ ചെറിയ മാറ്റം വരുത്തി. എട്ടു മണിയോടെ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ചുകാണാം എന്നു തീരുമാനിച്ചു. അവിടെ നിന്ന് പിന്നെ എങ്ങനെ പോകും എന്നതിനെ പറ്റി ഒരു രൂപവും ഉണ്ടായിരുന്നില്ല. അവിടെഎത്തിയിട്ട് നോക്കാം എന്ന് വിചാരിച്ചു. മോഹൻ ലാൽ പറയണപോലെ- ചോദിച്ചു ചോദിച്ചു പോവാം....
ഏറെ നാളുകൾക്കു ശേഷമുള്ള ബസ് യാത്രയായിരുന്നു. സ്കൂളിലേക്കും കോളേജിലേക്കുംപോകുന്ന കുട്ടികളുണ്ടായിരുന്നു നിറയെ. ബസ് സ്റ്റാൻറിലുള്ള ബേക്കറിയിൽ വയലടയിലേക്ക് എങ്ങനെ എത്താമെന്ന് അന്വേഷിച്ചു. നേരിട്ട് ഈ നേരത്തൊന്നും ഇനി ബസില്ല. പിന്നെ വയലടക്കടുത്ത് വീടുള്ള ഒരാളെ കാണിച്ചു തന്നു അവർ. അദ്ദേഹത്തോട് ചോദിച്ചാൽ കൃത്യമായി അറിയാം. താടി ഒക്കെ നീട്ടിയ ഒരുമനുഷ്യൻ. കാര്യം ചോദിച്ചപ്പോൾ കൃത്യമായി പറഞ്ഞു തന്നു. അവിടെ നിന്ന് തലയാട് എന്നസ്ഥലത്തേക്ക് ബസ് പിടിക്കണം. പിന്നെ ഓട്ടോ എടുത്ത് വയലടയിലേക്ക്. അധികം വൈകാതെ ഒരു തലയാട് ബസ് വരാനുണ്ടായിരുന്നു. 10 മിനുട്ടിൽ ബസ് എത്തി. നല്ലതിരക്ക്. പക്ഷെ കുറച്ച ദൂരംകഴിഞ്ഞപ്പോഴേക്കും സീറ്റ് കിട്ടി. മുന്നോട്ട്പോകും തോറും കാഴ്ചകൾ മാറി മാറിവന്നു. മലകളും അരുവികളും റബർ തോട്ടങ്ങളും. മൊത്തത്തിൽ പച്ചപ്പ്! ദൂരെഒരു മല കാണുന്നുണ്ടായിരുന്നു. അതായിരിക്കണം മുള്ളൻ പാറ എന്ന് ഞങ്ങൾ ഊഹിച്ചു. മുന്നോട്ടു പോകുന്തോറും കാഴ്ചകൾ മാത്രമല്ല കാലാവസ്ഥയും മാറി തുടങ്ങി. ചെറിയ തണുപ്പ്. മുന്നോട്ട് പോകുന്നതിനനുസരിച്ചു അത് കൂടിക്കൂടിവന്നു. മഴ പറ്റിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു മനസ്സിൽ.കാർമേഘംആകാശത്തു സാമാന്യം നല്ല രീതിയിൽ സാമ്രാജ്യംഉയർത്തുന്നുണ്ടായിരുന്നു. പേടിച്ചപോലെ തലയാട്എത്തിയപോലെക്കും മഴ പെയ്യാൻ തുടങ്ങി. അതായിരുന്നു ബസിൻെറ അവസാനസ്റ്റോപ്പ്. ഒരു ചെറിയ അങ്ങാടിയാണ് തലയാട്. അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ഉള്ള കുഞ്ഞിടൌൺ. ഇത്ര ഉള്ളിലേക്കു ആയിട്ടും സാമാന്യം നല്ല സൗകര്യങ്ങൾ ഉള്ളഗ്രാമങ്ങൾ ആണല്ലോ കേരളത്തിൽ ഉള്ളത് എന്ന് ആലോചിച്ചപ്പോൾ സന്തോഷം തോന്നി.
അവിടെ ഉള്ള ഒരു കടയിൽ കയറിഞങ്ങൾ രണ്ടു ഉണ്ണിയപ്പ പാക്കറ്റ് വാങ്ങി. മല കയറാൻ പോവാണ് എന്നറിഞ്ഞിട്ടും ഒരു കുഞ്ഞി ബാഗിൽ കാജലുംലിപ് ബാമും മാത്രം എടുത്തു വെക്കുന്നവളാണ് എൻെറ സഹയാത്രിക. വെള്ളം, കുട അങ്ങനെ ഒന്നും എടുത്തിരുന്നില്ല എൻെറ കൂട്ടുകാരി. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് എത്ര ശരി! ഇവിടെ ഉള്ളവർക്ക് മുള്ളൻ പാറ അത്രവല്യ സംഭവം ഒന്നും അല്ല. ആ വഴിക്കു ജീപ്പ്ഉണ്ട്. പക്ഷെ എപ്പോഴും ഇല്ല. വെയിറ്റ്ചെയ്യണം. മഴ നല്ല തകൃതിയായിപെയ്യാൻ തുടങ്ങി. എൻെറ കുടയിൽ ഞങ്ങൾ രണ്ടാളും ഓട്ടോ സ്റ്റാൻറിലേക്ക് നടന്നു. ഓട്ടോ ചേട്ടനും വഴി വലിയ പിടിത്തമില്ല. ഞങ്ങളോട് ഇങ്ങോട്ടേക് വഴിചോദിച്ചു ആ ചേട്ടൻ. 180രൂപ ആണ് പറഞ്ഞത്. ചാർജിൻെറ കാര്യത്തിൽ തർക്കിക്കാൻ തോന്നിയില്ല. പറഞ്ഞ കാശിന്ന് തന്നെ ഓട്ടംഉറപ്പിച്ചു. മഴക്കു സ്ഥിരത ഉണ്ടായിരുന്നില്ല. ഇടക്ക് പെയ്യും. ഇടക്ക്പെയ്യുന്നതിനെ പറ്റി ആലോചിക്കുക പോലും ഇല്ല. ഞങ്ങൾ എത്തിയപ്പോഴേക്ക് മഴ ഏതായാലും മഴനിന്നു. എത്തിയ സ്ഥലം ടാറിട്ട റോഡിൻെറ അവസാനം ആണ്. അതിന് മുകളിലേക്ക് ഇനിയും ഉണ്ട് കയറാൻ. പക്ഷെ സ്വന്തം വാഹനങ്ങളിൽ അല്ലാതെ പോകാൻ പറ്റില്ല. Off roading ആണ് . കുത്തനെ ഉള്ള കയറ്റം ആയിരുന്നില്ല. കയറ്റവും ഇറക്കവും ഇടകലർന്നായിരുന്നു. നടന്ന് ക്ഷീണിക്കുമ്പോൾ നിരപ്പായ സ്ഥലം വരും. ആയാസത്തിൽ നിന്ന് അനായാസത്തിലേക്ക് ഉള്ള ഒരു മാറ്റം.
ക്യാമറ അപ്പോളേക്കും പുറത്തു എത്തിയിരുന്നു. ഫോട്ടോഗ്രഫിയിൽഅത്യാവശ്യം മിടുക്കിയായ എൻെറ സഹയാത്രിക ദൃശ്യങ്ങൾ പകർത്താനും തുടങ്ങിയിരുന്നു. ഒരു വളവ്എത്തിയപ്പോൾ വെള്ളത്തിന്റെ ശബ്ദംകേട്ടു. വീണ്ടും മഴ ആണെന്ന് കരുതി. കുട എടുത്തത് നന്നായി എന്ന് ഓർത്തു. പക്ഷെ വളവു തിരിഞ്ഞപ്പോളാണ് മനസിലായത്! അത് ഒരു ചെറിയൊരു അരുവി ആയിരുന്നു. ഒരു കുഞ്ഞി വെള്ളച്ചാട്ടം പോലെ. വല്ലാത്ത സന്തോഷ അത് കണ്ടപ്പോൾ. ഒന്നും നോക്കാതെ ഞാൻഅതിലേക്കു ചാടി. നല്ല തണുത്തതെളിഞ്ഞ വെള്ളം. ഒന്നൊന്നര ഫീലിംഗ്. കേരളം സ്വർഗം ആണ്. അല്ലെങ്കിൽ കേരത്തിലും ഉണ്ട് സ്വർഗം. ഞാൻ അവളെയും വെള്ളത്തിൽഇറക്കി. വികസനം ഇനിയും എത്താൻ മടിക്കുന്നഒരു പ്രദേശം. അതിന്റെ എല്ലാ ഗുണങ്ങളുംഉള്ള നാട്ടുകാർ. ഇത്ര ജനുവിനായ ആളുകളെ കാണുന്നത് തന്നെ ഈ കാലത്തു ഒരു അനുഭവമാണ്.
വീട്ടു സാധനങ്ങൾ വാങ്ങാൻ ഞങ്ങളീ കയറിയ വഴി മൊത്തം ഇറങ്ങികയറണം ഇവിടുത്തുകാർക്ക്. പറയത്തക്ക കടകളൊന്നുമില്ല ഈ വഴിക്ക്. ഇവിടെഉള്ളവർക്ക് ഈ നടത്തം തന്നെ നല്ലൊരുവ്യായാമം അണ്. നടക്കുന്ന വഴിയിൽ മറ്റാരെയും കണ്ടില്ല. അങ്ങിങ്ങായി വീടുകൾ. കുറച്ചു കാലമായി ഇവിടെവരുന്ന യാത്രക്കാരുടെ എണ്ണംകൂടിയിട്ടുണ്ട്. അതിനെ തുടർന്ന് പോകുന്നവഴിക്ക് വീടിനോട് ചേർത്തു മഴയത്തുകൂണുകൾ മുളകുന്നത് പോലെ കുഞ്ഞികുഞ്ഞി കടകൾ തുറന്നിരിക്കുന്നു. വരുന്ന ആൾക്കാരുടെ എണ്ണം അനുസരിച്ചു ആണ് ഒരു ദിവസം കട തുറക്കണോ വേണ്ടയോ എന്നതീരുമാനിക്കുക. ഇന്ന് പറയത്തക്ക ആൾക്കാർ ഇല്ലാത്തത് കൊണ്ടാവും ഒരൊറ്റ കട പോലും തുറന്നിട്ടില്ല. ഞങ്ങൾമാത്രമേ ഉള്ളു എന്ന് തോന്നി. അത് എന്തായാലും നന്നായി. എങ്ങനെ ഉള്ള സ്ഥലത്തു ആൾകൂട്ടംപാടില്ല. നമ്മളും പ്രകൃതിയും. പ്രാകൃതംഎന്ന് വിളിക്കാവുന്ന ഒരു deep feelingകിട്ടണം. പലപ്പോഴും ആൾകൂട്ടം അതിന്ഒരു വിലങ്ങു തടി ആണ്.
നടന്നു നടന്നു ഞങ്ങൾ മുള്ളൻ പാറയുടെതാഴെ എത്തി. ഇനി മല കയറണം. കയറ്റത്തിന്ന് മുന്നെ തന്നെ നടപ്പാതയിൽ ഒരു ഏണിയുടെ രൂപം ഉണ്ടാക്കിവെച്ചിട്ടുണ്ട്. കാണാൻ നല്ല ഭംഗി. കുത്തനെ ഉള്ള കയറ്റം എത്തുന്നതിനുമുന്നെ തന്നെ ഞങ്ങൾ ക്ഷീണിച്ചു. ഉണ്ണിയപ്പം വാങ്ങിയത് വളരെ നന്നായി. ഒരു പാക്കറ്റ് ഉണ്ണിയപ്പം ശടപടേന്ന്തീർത്തു. ഞങ്ങൾ മുന്നോട്ട് നടക്കുംതോറും വെളിച്ചം കുറഞ്ഞു കുറഞ്ഞുവരികയാണ്. കോട വന്നുമൂടുകയാണ്. മൊത്തം പച്ചപ്പ്. മഴ പെയ്ത്നിലം ഒക്കെ ചളിപിളി ആയികിടക്കുന്നു. കുറച്ചു കൂടെ നടന്നപ്പോൾകുറെ അധികം സ്റ്റെപ്പുകൾ കണ്ടു. ഒരുആവേശത്തിന് ഒറ്റയടിക്ക് അത് മൊത്തം കയറി. കയറി കഴിഞ്ഞപ്പോഴേക്കും ശരിക്കും ക്ഷീണിച്ചു. കുറച്ചു നേരം അവിടെവിശ്രമിച്ചു. എന്റെ ആസ്തമ പണിപറ്റിക്കുമോ എന്ന് നല്ല പേടിഉണ്ടായിരുന്നു. പക്ഷെ ഒന്നുംസംഭവിച്ചില്ല. പിന്നെടങ്ങോട്ട് ആർട്ടിഫിഷ്യൽ ആയി ഒന്നും ഉണ്ടായിരുന്നില്ല. പ്രകൃതി നിർമിച്ച പടികൾകയറി ഞങ്ങൾ അവസാനം മുകളിലെത്തി. അപ്പോളേക്കും കോട ഇറങ്ങിയിരുന്നു. മലയുടെ താഴേക്ക് ഒന്നുംകാണാൻ പറ്റുന്നില്ല. തൂവെള്ള നിറത്തിൽമൊത്തം കോട.
ആദ്യം തന്നെ ഞങ്ങൾ ഷൂ ഊരി ഒരുഭാഗത്തു വെച്ചു. എന്നിട്ടു ഒന്ന് വെറുതെഅങ്ങോട്ടും ഇങ്ങോട്ടും നടന്നു.11 മണി ആണ് സമയം. ഈ നേരത്തു എത്രയും കോട! വെറുതെയല്ല കോഴിക്കോടിൻെറ ഗവി എന്ന പേര് കിട്ടിയത്. പാറയിൽനിറയെ ആരോ കോറിയിട്ട പോലെനിറയെ വരകൾ. മുള്ളുപോലെ കാലിൽ തറച്ചു കയറാൻസാധ്യത ഉണ്ട് എന്ന് തോന്നിപ്പിക്കും. ഇത്കൊണ്ടായിരിക്കാം മുള്ളൻ പാറ എന്ന്പേര് വന്നത്. ഞങ്ങൾ അവിടെ എത്തുമ്പോൾ പ്രായമായ സ്ത്രീയും കുട്ടിയുമല്ലാതെ ആരും ഉണ്ടായിരുന്നില്ല. അമ്മയുംമകനും ആണെന്ന് തോന്നുന്നു. അവരെപോലും കൃത്യമായി കാണാൻസാധികുന്നില്ല. സമയം പോകും തോറുംകോട കൂടി കൂടി വന്നു. കോട മുടിയിൽ വെള്ളം ആയിപറ്റിപിടിച്ചു. ആരോ വെള്ളം തളിച്ച പോലെ. ഒരു പാറയുടെ അറ്റത്തു പോയി നിന്നു ഞങ്ങൾ. താഴേക്ക് നല്ല താഴ്ച ഉണ്ടാകും എന്ന് തീർച്ചയാണ്. പക്ഷെ അത്അ നുഭവപ്പെടുന്നില്ല.
പഞ്ഞി കണക്ക്നിറയെ കോട. സ്വർഗം എന്ന് ഒക്കെപറയണത് ചെലപ്പോ എങ്ങനെആയിരിക്കും. വെറുതെ നോക്കി നിക്കാൻ തന്നെ എന്താ രസം! നമ്മളും പ്രകൃതിയുംമാത്രമാകുന്ന നിമിഷങ്ങൾ. കോടയിലലിഞ്ഞ സന്തോഷത്തിൽ ഇരിക്കുമ്പോ ദേ വരുന്നു മഴ. മഴയുടെ വരവും ശബ്ദം വഴി ആണ് ഞങ്ങൾ അറിഞ്ഞത്. കോടയും മഴയും! കുറെനനഞ്ഞു. നനവിനോട് വെറുപ്പ്തോന്നിയില്ല .സുഖമുള്ള നനവ്, നല്ല തണുപ്പ്. മഴ അധികം നീണ്ടുനിന്നില്ല. ഒന്ന് ഒടുങ്ങിയപ്പോൾ ഞങ്ങൾ ആ പാറയുടെ മേലെ ഇരുന്നു.ബാക്കി ഉണ്ടായിരുന്ന ഉണ്ണിയപ്പം അകത്താക്കി. ഒന്നുംസംസാരിച്ചില്ല. വെറുതെ എങ്ങനെഇരുന്നു. താഴേക്ക് ഉള്ള കാഴ്ച അപ്പോഴും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. കോടമൂടി കിടപ്പ് തന്നെ. അൽപം കഴിഞ്ഞപ്പോൾ മെല്ലെ മെല്ലെ കോടമാറിത്തുടങ്ങി. കുറച്ചു നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മലയുടെ താഴേക്കുള്ള കാഴ്ച കണ്ടു. ഫോട്ടോ എടുക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. എത്ര സമയംഎടുത്താലും കോട മാറി കാഴ്ച ആസ്വദിച്ചേ പോകുന്നുള്ളൂ എന്ന്ഉറപ്പിച്ചു.
അപ്പോഴേക്കും ഒരു നാൽവർ സംഘംഅവിടെ എത്തി. ഞങ്ങളെക്കാൾ പ്രായംകുറഞ്ഞ പിള്ളേർ ആണ്. അവർ ഏകാന്തചന്ദ്രികേ പാട്ട് ഒക്കെ പാടി കഞ്ചാവ്അടിക്കുന്നതിനെ പറ്റി കൂലങ്കഷമായി ചർച്ചചെയുകയായിരുന്നു. ചുറ്റും ഉള്ള ഇതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ വെള്ളം പതിക്കുന്ന കാഴ്ചക്കായി കാത്തിരുന്നു. അധികം വൈകാതെ കോട നീങ്ങി. ചെറിയ വെയിൽവന്നു. വ്യക്തമായി താഴേക്ക് കാണാൻപറ്റി. കുറെ നേരംവെറുതെ നോക്കി നിന്നു. എക്കാലവും ഈ ഭംഗി അങ്ങനെനിലനിൽക്കട്ടെ എന്നും വല്ലാതെആഗ്രഹിച്ചു. പാറകളിൽ അവിടെ ഇവിടെ ആയി മദ്യകുപ്പി കഷ്ണങ്ങളും അച്ചാറിന്റെയും മറ്റുംപാക്കറ്റ്കളും ഉണ്ടായിരുന്നു. മനുഷ്യനോളംക്രൂരനായ വേറെ ഒരു ജീവി ഇല്ല. എത്രബുദ്ധിയുള്ളവരായിട്ടും തികച്ചും ബുദ്ധിശൂന്യമായ ഇത്തരം പ്രവൃത്തികൾ കാണുമ്പോൾ മനുഷ്യനായിജനിക്കണ്ടായിരുന്നു എന്ന്തോന്നി. 1.30ക്കു ആണ് തിരിച്ചുള്ള ബസ്. സമയംഏകദേശം 12.30 ആയി. മല ഇറങ്ങാൻസമയം ആയി. മെയിൻ റോഡിൽ കുറച്ചു താഴേക്ക്നടന്നാൽ ഒരു ഹോട്ടൽ ഉണ്ട്. അവിടെ കയറി രണ്ടു ഊണ് പറഞ്ഞു. നല്ല വിശപ്പ്. പൊരിച്ച മത്തി കൂടെ ആയപ്പോൾ കുശാൽ. കോഴിക്കോട് തന്നെ ആണ് എന്ന് സംശയിപ്പിക്കുന്ന ഒരുസ്ഥലം. കോട്ടയം ഒക്കെ എത്തിയഒരു പ്രതീതി .
ഭക്ഷണം കഴിച്ചു കഴിഞ്ഞപോലെക്കും ആനവണ്ടി വന്നു. ഡ്രൈവർ ഭക്ഷണംകഴിച്ചിട്ടേ വണ്ടി എടുക്കുള്ളു. അത് വരെഞങ്ങൾ ബസ് സ്റ്റോപ്പിൽ ഇരുന്നു. കാണുന്ന എല്ലാവരും ചിരിച്ചു."പാറകാണാൻ വന്നതാ. അല്ലെ?" എന്ന്ചോദിച്ചു. നിഷ്കളങ്കത സ്പുരിച്ചു നിൽക്കുന്ന ഒരു പറ്റം ആൾക്കാർ. അവർഎങ്ങനെ തന്നെ ഇരിക്കട്ടെ. മാറ്റങ്ങൾഒന്നും വരാതെ. ആ ദിവസം പ്രകൃതി ഞങ്ങളുടെ കൂടെ ആയിരുന്നു. മഴയും കോടയായുംവെയിലായും. എന്നും ഓർത്തുവെക്കാവുന്നതുമായ ഒരു യാത്രയായി ഇത്അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.