???????????? ??????????? ??????????? ??????? ?????? ??????????? ?????? ????????????????? ???? ?????

ലഡാക്; മായക്കാഴ്ചകളുടെ കലവറ

ൻഡസ്, സാൻസ്കർ, സുരു നദികളാൽ ഓമനിക്കപ്പെടുന്ന, പടിഞ്ഞാറു പച്ചപ്പുള്ള കാർഗിലും, കിഴക്ക് ലോക ത്തെ ഏറ്റവും ഉയരം കൂടിയ മരുഭൂമിയുമുള്ള ലഡാക് അഥവാ ലാൻഡ് ഓഫ് പാസ്സെസ് വൈവിധ്യമാർന്ന കാഴ്ചകളുടെ മായികഭൂമിയാണ്. 9000 മുതൽ 25000 അടി വരെ ഉയരമുള്ള താഴ്‌വരകളും മലനിരകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. തെക്കൻ മലനിരകൾ മഴമേഘങ്ങളെ കയറാൻ അനുവദിക്കാത്തത് കൊണ്ടാണ് (rain shadow region), പരിസര പ്രദേശങ്ങളിലെ പച്ചപ്പിനു വിരുദ്ധമായി ലഡാക്കിൽ തരിശുഭൂമികൾ കാണുന്നത്​. ഉയരവും മഴയുടെ അഭാവവും മനുഷ്യവാസം ശരിക്കും ശ്രമകരമാകുന്നത് കൊണ്ട് തന്നെ കിലോമീറ്ററിൽ ശരാശരി മൂന്നു പേർ എന്ന നിരക്കിൽ മാത്രം ജനവാസമുള്ള ലഡാക് ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്.

ലഡാക്കിനെ ഭരണസൗകര്യത്തിനായി രണ്ടായി തിരിച്ചിരിക്കുന്നു, ലേ എന്നും കാർഗിൽ എന്നും. ഇത്തവണ എൻെറ യാത്ര ‘ലേ’യുടെ അഥവാ കിഴക്കൻ ലഡാക്കിൻെറ സൗന്ദര്യം അറിയാനായിരുന്നു. ലേ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയിലാണ്. പ്രകൃതിസ്നേഹിയെയും, ചരിത്രാന്വേഷിയെയും, സാഹസികനെയും ഒരുപോലെ ആകർഷിക്കാൻ കഴിവുള്ള ഈ പ്രദേശത്തെ ഒരു യാത്രകൊണ്ട് മുഴുവൻ കണ്ടു തീർക്കുക എന്നത് ഏറെ ശ്രമകരമാണ്. അതുകൊണ്ടുതന്നെ ഞാൻ കണ്ടതും അറിഞ്ഞതും മാത്രമാണ് ‘ലേ’ യെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, കണ്ട ചില കാഴ്ചകൾ ഒരു ആയുസ്സിലേക്കുള്ള ഓർമകൾ തന്നുവെന്ന് പറയാതെ വയ്യ.

സത്യമാണോ മിഥ്യയാണോയെന്നു എനിക്കിനിയും നിർവചിക്കാനാവാൻ സാധിക്കാത്ത പാങ്​ഗോങ് തടാകമാണ് ലേ യിൽ ഏറ്റവും ആകർഷണീയമായി അനുഭവപ്പെട്ടത്. 14500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാങ്​ഗോങ് ലോകത്തെ തന്നെ വലിയ ഉപ്പുവെള്ള തടാകങ്ങളിൽ ഒന്നാണ്. മല നിരകൾക്കിടയിൽ മരതകം പോലെ തിളങ്ങി നിൽക്കുന്ന തടാകത്തിലേക്ക് നോക്കി നിന്നാൽ കണ്ണെടുക്കാൻ തോന്നില്ല. 134 കി.മീറ്റർ നീളമുള്ള ഈ തടാകത്തിന്റെ മൂന്നിൽ ഒന്ന് മാത്രമേ ഇന്ത്യയ്ക്കു അവകാശപെടാനുള്ളൂ, ബാക്കി ടിബറ്റൻ മേഖലയിലാണ്. അതിൽ തന്നെ ഇപ്പോഴും ഇന്ത്യ- ചൈന തർക്കം നടക്കുന്നുണ്ടത്രേ. അതിലേറെ അത്ഭുതകരമായ കാര്യം ഉപ്പുവെള്ളമാണെങ്കിലും ഇത് മഞ്ഞു കാലങ്ങളിൽ തണുത്തുറയും എന്നതാണ്. മൽസ്യങ്ങൾ ഒട്ടും തന്നെയില്ലെങ്കിലും ഒരുപാട് പക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണിവിടം. നീല നിറത്തിന്റെ മാസ്മരികത, അതിന്റെ വിവിധ ഭാവങ്ങളിൽ കാണണമെങ്കിൽ ഈ തടാകത്തിലേക്ക് കണ്ണോടിച്ചാൽ മതി, പിന്നെ തിരികെ വരാൻ തോന്നുകയില്ല. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ഹിന്ദി സിനിമയ്ക്കു ശേഷമാണ് ഈ സ്ഥലം ഇത്ര പ്രശസ്തമായി മാറിയത്. ആ സിനിമയിലെ നായിക ഉപയോഗിച്ച സ്കൂട്ടറിൽ ഇരുന്നും, നായകനെയും സുഹൃത്തുക്കളെയും പോലെ കുസൃതികൾ കാണിച്ചു നിറയെ ഫോട്ടോകൾ പകർത്താനും നല്ല രസമാണ്.

പ്രകൃതിയുടെ സൃഷ്ടികൾക്കിടയിലൂടെ മനുഷ്യരുടെ കഴിവിൽ നിർമിച്ച പർവത പാതകൾ അഥവാ പാസുകൾ ആണ് ലേ യിലെ മറ്റൊരു പ്രധാന ആകർഷണം. അതിലെ പ്രമുഖമാരാണ് കാർദുങലയും ചാങ്‌ലയും. ല (la) എന്നാൽ പാസ് അഥവാ പർവത പാതയെന്നാണ് അർത്ഥം.
ലേ യെ ശ്യയോക്കും നുബ്രാ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന കാർദുങല ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായിരുന്നു കഴിഞ്ഞ ആഴ്ച വരെ. മഞ്ഞിൽ കളിച്ചു മതിയാവുമ്പോൾ കുറച്ചു മുകളിലേക്കു കയറിയാൽ, ചുറ്റും പാറി പറക്കുന്ന പ്രാർത്ഥന കൊടികളുള്ള
ഒരു പഴയ പൊളിഞ്ഞ അമ്പലം കാണാം. അവിടെ നിന്നു താഴ്‌വര നോക്കുമ്പോൾ തന്നെ മനസ്സ്​ നിറഞ്ഞു തുളുമ്പുന്നത് പോലെ തോന്നും. പ്രാണവായുവിന്റെ കുറവ് നമ്മെ ബുദ്ധിമുട്ടിക്കുമെന്ന് കേട്ടെങ്കിലും, സന്തോഷംകൊണ്ട് ഞാൻ ഒന്നും അറിഞ്ഞുപോലുമില്ല.

പർവത പാതകളുടെ ഉയരത്തിൽ രണ്ടാം സ്ഥാനകാരനായ ചാൻങ്ല ലേ നഗരത്തെ പാങ്​ഗോങ് താടകവുമായി ബന്ധിപ്പിക്കുന്ന പാതയാണ്. പൊട്ടി പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും രസകരമായ അനുഭവം തന്നെയാണ്. ഇവിടെയും വർണശബളായ പ്രാർത്ഥന കൊടികൾ കൊണ്ട് അലംകൃതമായ ബാബ ക്ഷേത്രമുണ്ട്. ലേ യിലെ അമ്പലങ്ങൾക്കു വല്ലാത്തൊരു വശ്യതയുണ്ട്. നമുക്ക് പോകാൻ തോന്നാത്ത വിധം പിടിച്ചു നിർത്തുന്ന എന്തോ ഒന്ന്​.

മലകൾ കണ്ടുകഴിഞ്ഞാൽ പിന്നെ താഴ്‌വര കാണാതെ എങ്ങനെയാണു മടങ്ങുക, അതും കാഴ്ചകളുടെ ചെപ്പ് സൂക്ഷിക്കുന്ന നുബ്ര താഴ്‌വര !!
ഹണ്ടർ എന്ന ശൈത്യമരുഭൂമി, ശ്യയോക്ക് നദിയുടെ ഒഴുക്ക്, രാത്രിയിൽ തെളിഞ്ഞു കാണുന്ന നക്ഷത്രകൂട്ടം, ഇവയെല്ലാം ഒരുമിച്ച് കാണാം നുബ്രാ താഴ്‌വരയിൽ. പാങ്​ഗോങ് തടാകത്തിൽ നിന്നും ഈ താഴ്‌വര വരെയുള്ള പാത വളരെ മനോഹരമാണ്. ഒരു വശത്തു നിറഞ്ഞു ഒഴുകുന്ന
ശ്യയോക്ക് നദിയും, മറുവശത്തു പല നിറത്തിലുള്ള പാറക്കൂട്ടങ്ങളും പിന്നെ ഇടയിൽ വന്നു പോകുന്ന കുഞ്ഞു പാലങ്ങളും, യാക്കുകൾ മേഞ്ഞു നടക്കുന്ന പുൽമേടുകളും ഇതെല്ലാം ചേർന്നതാണ് ഈ പാത.

മണൽ കൂനകളും രണ്ടു മുഴയുള്ള ഒട്ടകവും ഹണ്ടർ എന്ന മരുഭൂമിയിൽ ആസ്വദിച്ച ശേഷം, നുബ്രാ താഴ്‌വരയിൽ തന്നെ താമസിക്കണം. കാരണം നക്ഷത്രങ്ങളെ ഇഷ്ടമാണെങ്കിൽ രാത്രി തെളിഞ്ഞ ആകാശം നോക്കി കിടന്നു, മിന്നി തിളങ്ങുന്ന അവരോടു കിന്നാരം പറഞ്ഞു കിടക്കുന്ന നിമിഷങ്ങൾ അവിസ്മരണീയമായിരിക്കും.

പ്രകൃതിമാത്രമേ ലേ യിൽ കാണാനുള്ളൂ എന്നു വിചാരിക്കരുത്. ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനം കൊണ്ട് ‘മിനി ടിബറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന ലഡാക്കിൽ ഒരുപാട് വ്യത്യസ്തമായ ബുദ്ധ മഠങ്ങൾ കാണാം. ഏറ്റവും വലിയ മഠമായ ഹെമിസ്, സൗന്ദര്യത്തിൽ മൂന്നോക്കം നിൽക്കുന്ന തിക്ഷെയ്, ബുദ്ധന്റെ വലിയ പ്രതിമയുള്ള ഡിസ്‌കിറ്റ് അങ്ങനെ നീളുന്നു ലിസ്റ്റ്. നമുക്ക് ഈ മഠങ്ങൾ സന്ദർശനസ്ഥലങ്ങൾ മാത്രമാണെങ്കിലും അവർക്കിത് അവരുടെ ആരാധനാകേന്ദ്രമാണ്. അതുകൊണ്ട് മാന്യമായി വസ്ത്രം ധരിക്കുകയും, ബുദ്ധന്റെ മുമ്പിൽ നിന്നുമുള്ള ഫോട്ടോകൾ ഒഴിവാകുന്നതുമാണ് മര്യാദ.
ലേ യുടെ ചരിത്രമറിയാൻ ഇഷ്ടപെടുന്നുണ്ടെങ്കിൽ ഹാൾ ഓഫ് ഫെയിം മ്യൂസിയവും, ലേ പാലസും, ഷെയ് പാലസും വിട്ടുകളയാൻ പറ്റാത്ത സ്ഥലങ്ങളാണ്. ലേ യിലെ പ്രമുഖ രാജാക്കന്മാർ നാംഗ്യാൽ സാമ്രാജ്യത്തിൽ നിന്നാണ്. അവർ 17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒമ്പത്​ നിലയുള്ള രാജകൊട്ടാരമാണ് ലേ പാലസ്. ലേ നഗരത്തിന്റെ മനോഹരമായ കാഴ്ച ഈ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നാൽ കാണാം. ദോഗ്രകൾ ലഡാക് കീഴടക്കിയപ്പോൾ രാജകുടുംബം ഈ കൊട്ടാരം ഉപേക്ഷിച്ചു സ്റ്റോക് കൊട്ടാരത്തിലേക്കു മാറിയത്രെ. അതുപോലെ നംഗ്യാൽ സാമ്രാജ്യം പണിത മറ്റൊരു കൊട്ടാരമാണ് ഷെയ് പാലസ്. കൊട്ടാരത്തിന്റെ അവിശേഷിപ്പുകൾ മാത്രമാണെകിലും ബുദ്ധന്റെ ഒരു വലിയ പ്രതിമ ഇപ്പോഴും അവിടെയുണ്ട്.

ഇനിയുമുണ്ട് കാഴ്ചകളുടെ വിസ്മയം ലഡാക്കിലേറെ. ബുദ്ധമതവിശ്വാസം കൊണ്ടും ലേ നഗരത്തിന്റെ നയന സുന്ദരകാഴ്ച കാണാൻ സാധിക്കുന്നത് കൊണ്ടും പ്രശസ്തമായ ശാന്തി സ്തൂപവും, കാന്തിക ശേഷിയുടെ പേരിൽ അറിയപ്പെടുന്ന മാഗ്​നറ്റിക്​ ഹില്ലും, സാൻസ്കാർ നദിയും ഇൻഡസ് നദിയും സംഗമിക്കുന്നിടവും സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകൾ തന്നെയാണ്. ലേ നഗരത്തിന്റെ പരിച്ഛേദം കാണാൻ വൈകുന്നേരങ്ങളിൽ മറക്കാതെ ലേ മാർക്കറ്റിൽ കൂടി പോകണം. വീടുകളിൽ നട്ടുവളർത്തിയ പഴങ്ങളും പച്ചക്കറികളുമായി വില്പനയ്ക്ക് ഇരിക്കുന്ന സുന്ദരികളായ ലഡാക്കി യുവതികൾ, സഞ്ചാരിയെ കൗതുകത്തിൽ ആഴ്ത്തുന്ന ലഡാക്കി കരകൗശല വസ്തുക്കൾ, കാശ്മീരികളുടെ വിലകൂടിയ സ്വന്തം പഷ്മിന ഷാളുകൾ, അങ്ങനെ മനസ്സറിയാതെ പൈസ തീരാൻ വകുപ്പുകൾ ഏറെയുണ്ട്. പക്ഷേ, ലഡാക്കി ജനതയ്ക്കു ആകെ സമ്പാദിക്കാൻ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസങ്ങൾ മാത്രമേ ഉള്ളൂ. ബാക്കിയുള്ള ആറു മാസം മഞ്ഞുമൂടുന്നത് കൊണ്ട് പണിയൊന്നും ഉണ്ടാവില്ല. അതുകൊണ്ട് നമ്മൾ കൊടുക്കുന്ന ഓരോ രൂപയും വെറുതെയാവില്ല.

നമ്മുടെ ഉള്ളിലെ സാഹസികനെ ഉണർത്താനും കഴിവുണ്ട് ലേ നഗരത്തിന്​. സാൻസ്കാർ നദിയിലൂടെയുള്ള റാഫ്റ്റിങ് ശരിക്കും ത്രസിപ്പിക്കുന്നതാണ്. വലിയ പാറക്കൂട്ടങ്ങൾക്കു ഇടയിലൂടെ ഇരമ്പിപ്പായുന്ന നദിയിൽ റാഫ്റ്റിൽ പോകുന്നതും, നദീസംഗമം എത്തുമ്പോൾ റാഫ്റ്റിൽ നിന്നും തണുത്ത വെള്ളത്തിലിറങ്ങി ഒഴുകി നടക്കുന്നതും ഒടുവിൽ തിരിച്ചു കയറുമ്പോൾ തണുത്തു പല്ലുകൾ കൂട്ടി പിടിക്കുന്നതും പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. അല്ലെങ്കിലും വെറുതെ ലേയിലെ റോഡുകളിലൂടെയുള്ള യാത്ര മാത്രം മതി ഈ നഗരത്തോട് പ്രണയം തോന്നാൻ. യാത്രക്കിടയിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) വെച്ചിരിക്കുന്ന രസകരമായ വാക്യങ്ങൾ വായിക്കാൻ മറക്കരുത്. ഉദാഹരണത്തിന്, ‘Job fills your pocket: Adventure fills your soul’, ‘If you are married, divorce speed’ അങ്ങനെ പോകുന്നു.

തിരികെ പോകാൻ നേരം പ്രിയപെട്ടവരെ പിരിയുമ്പോഴു​ള്ള ഹൃദയവേദന തോന്നും. ഇനിയും വരും എന്ന വാക്ക് കൊടുക്കാതെ ആ നഗരത്തോട് വിടപറയാനാകില്ല ഒരു സഞ്ചാരിക്കും. ഇത്രയും അവിസ്മരണീയമായ നിമിഷങ്ങൾ എന്റെ ജീവിതത്തിലേക്കു എഴുതി ചേർത്തതിന് നന്ദി ലഡാക്.. അല്ല, ലഡാക്കി ഭാഷയിൽ ‘ജൂല്ലേ ലഡാക് !!!!’

(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ -കില, എറണാകുളം ജില്ലാ കോഓഡിനേറ്റർ ആണ് ലേഖിക)

Tags:    
News Summary - wonderful scenes of ladak, the larger region of kashmir - Travelogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.