ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ രാമേശ്വരത്തിന് സമീപത്തെ കുരുസദായ് ദ്വീപിലേക്ക് ബോട്ട് സവാരി ആരംഭിക്കുന്നു. മന്നാർ ഉൾക്കടലിലെ 21 ദ്വീപുകളിൽ ഒന്നാണിത്. പവിഴപ്പുറ്റുകളും കടൽജീവികളും പ്രകൃതിഭംഗിയും നിറഞ്ഞതാണ് ഈ ദ്വീപ്.
കടൽ വെള്ളരി, ഞണ്ട് തുടങ്ങിയ വൈവിധ്യമാർന്ന ജലജീവികളെ ഇവിടെ എളുപ്പത്തിൽ കാണാൻ കഴിയും. 168 ഏക്കറിൽ പരന്നുകിടക്കുന്ന ദ്വീപിലേക്കുള്ള വഴിയിൽ ഡോൾഫിനുകളെയും കാണാം.
ദേശാടന പക്ഷികളുടെ കേന്ദ്രം കൂടിയാണ് ഈ ദ്വീപ്. വൈൽഡ് ലൈഫ്, ഫോട്ടോഗ്രാഫി പ്രേമികൾക്കും ഇത് ഒരു പറുദീസയാണ്. നേരത്തെ ഇവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ചെന്നൈയിലുള്ള ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുടെ അനുമതി വാങ്ങേണ്ടിയിരുന്നു.
'സാധാരണഗതിയിൽ മറൈൻ നാഷനൽ പാർക്കിലെ ദ്വീപുകളിലേക്ക് അനധികൃതമായി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. പക്ഷെ, രാജ്യത്ത് ആദ്യമായി വിനോദസഞ്ചാരികൾക്കും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും സഹായകമാകാൻ വേണ്ടിയാണ് വനംവകുപ്പ് ഈ സംരംഭം ആരംഭിക്കുന്നത്.
ദ്വീപുകളുടെയും സമുദ്ര ആവാസവ്യവസ്ഥയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതും പ്രധാന ലക്ഷ്യമാണ്' -മണ്ഡപം റേഞ്ച് ഓഫിസർ ജി. വെങ്കിടേഷ് പറഞ്ഞു.
രാവിലെ ഏഴിനും രണ്ടിനും ഇടയിലാണ് ബോട്ടിങ് നടത്തുക. രാമേശ്വരം ടൗണിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള കുന്തുകൽ ജെട്ടിയിൽനിന്നാണ് ബോട്ട് പുറപ്പെടുക. യാത്ര 90 മിനിറ്റ് നീണ്ടുനിൽക്കും.
അതേസമയം, പ്രതികൂല കാലാവസ്ഥയും അപകടകരമായ തിരമാലകളും ഉണ്ടായാൽ ബോട്ടിങ് ഒഴിവാക്കും. വൈൽഡ് ലൈഫ് മാനേജ്‌മെന്റ് പ്ലാനിന്റെ അംഗീകാരമുള്ള ബോട്ട് യാത്ര ദ്വീപ് ആസ്ഥാനമായുള്ള ഇക്കോ ടൂറിസം ഫെഡറേഷനാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.