മഹാരാഷ്ട്രയിലെ യവാത്മാലിൽ രണ്ടുവർഷം മുമ്പ് ഒരു പെൺകടുവയെ വെടിവെച്ചുകൊന്നു, പേര് അവ്നി. 13 പേരെ കടുവ കൊന്നിട്ടുണ്ടെന്ന വിശ്വാസത്തിനുമേൽ കോടതി വിധിപ്രകാരമായിരുന്നു ആ വേട്ട. അവ്നിയെ രാജ്യം മറന്നുതുടങ്ങിയെങ്കിലും എറണാകുളം പെരുമ്പാവൂർ കീഴില്ലംകാരനായ സുഭാഷ് നായർക്ക് ആ പേര് മറക്കാൻ കഴിഞ്ഞിരുന്നില്ല. തനിക്ക് ഇളയ മകൾ പിറന്നേപ്പാൾ ഈ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആ പെൺകടുവയുടെ പേരിട്ട് മകളെ വിളിച്ചു -'അവ്നി'. എന്തുകൊണ്ടിങ്ങനെയെന്ന് ചോദിച്ചാൽ, തന്നെ ഭ്രമിപ്പിച്ച, തിരിച്ചറിവുകൾ ഏറെ പകർന്നുതന്ന കാട്ടിലെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങും സുഭാഷ് നായർ. ഫുൾസ്റ്റോപ്പിടാൻപോലും മറക്കുന്ന തരത്തിൽ ആ കഥപറച്ചിൽ നീളും...
കീഴില്ലത്തെ ക്ഷേത്രോത്സവത്തിന് ആനപ്പുറത്ത് കയറാൻ വെമ്പൽപൂണ്ടിരുന്നു ഒരുനാൾ. ഇന്ന് കെനിയയിലെ അേമ്പാസലി ദേശീയ പാർക്കിൽ കിളിമഞ്ചാരോ കൊടുമുടിയിൽനിന്ന് നൂറുകണക്കിന് ആനകൾ ഇറങ്ങിവരുന്നതിനിടയിൽനിന്ന് ചിത്രങ്ങൾ പകർത്തുേമ്പാൾ ചങ്ങലകളില്ലാത്ത കാലുകളിൽ അവയനുഭവിക്കുന്ന സ്വാതന്ത്ര്യത്തിെൻറ അനുഭൂതികൾ സിരകളിൽ പടർന്നുകയറും.
വിശപ്പിനല്ലാതെ വേട്ടയില്ലെന്ന കാടിെൻറ നിയമം നേരിലറിഞ്ഞ യാത്രകൾ. വിലകൂടിയ കാമറകളും ഗിയറുകളും ഇല്ലാതെ വർഷങ്ങളോളം കാടിെൻറ പടമെടുത്തു നടന്നു. ഫോട്ടോഗ്രഫിയിൽ നമ്മുടെ കാഴ്ചപ്പാടുകളാണ് പ്രധാനം. ഫോട്ടോ കോേമ്പാസിഷൻ, ലൈറ്റ് മാനേജ്മെൻറ്, നാം കാണുന്ന ദൃശ്യം തനിമ ചോരാതെ മറ്റുള്ളവരിലേക്ക് പകരാൻ വേണ്ട ധാരണ ഇവയൊക്കെ വേണം. ഇത്തരം ക്രിയേറ്റിവ് സെൻസാണ് പ്രധാനം. ബാക്ക്പാക്കിൽ ഇന്ന് നൈക്കൺ സി 7 കാമറ, ഡി 850 കാമറ, 7200, 400 2.8 ലെൻസ് ഒക്കെയുണ്ട്. എങ്കിലും 6000 രൂപയുടെ സ്മാർട്ട് ഫോൺകൊണ്ട് പകർത്തിയിട്ടുണ്ട് മികച്ച ചിത്രങ്ങൾ.
പുണെയിലായിരുന്നു ആദ്യം ജോലി. അക്കാലത്ത് മഹാരാഷ്ട്ര തടോബ ടൈഗർ റിസർവിലേക്ക് പലവട്ടം യാത്ര പോയി. അന്ന് കാമറ വാങ്ങിക്കാൻ വകുപ്പൊന്നുമില്ല. 2005ൽ ലണ്ടനിലെ സുഹൃത്ത് വഴി ആദ്യ കാമറ വാങ്ങി. കാനൻ 400 ഡി. ആദ്യ ഡി.എസ്.എൽ.ആർ. 2007 ആയപ്പോഴേക്കും ഫോട്ടോഗ്രഫി പതുക്കെ തലക്കു പിടിച്ചുതുടങ്ങി. 2011ൽ ഹൈദരാബാദിലേക്ക് എത്തി. ആയിടക്ക് കർണാടക കബനി കാട്ടിലേക്ക് ഒരു കുടുംബയാത്ര പോയി. ആ ട്രിപ്പിലൂടെ ഫോട്ടോഗ്രഫി സീരിയസായി മാറി. ആളുകളുടെ പടം എടുക്കുന്നതിനേക്കാൾ വൈൽഡ് ലൈഫിനോടായി താൽപര്യം. 2013ൽ നവംബർ ഒമ്പതിന് ജന്മദിനത്തിൽ തടോബയിൽ പോയപ്പോഴാണ് കാട് ആദ്യ സമ്മാനം തന്നത്. 'ഛോട്ടി താര' എന്ന പെൺകടുവയും രണ്ടുകുഞ്ഞുങ്ങളും ഒരുമണിക്കൂർ കൺമുന്നിൽ നിന്നുതന്നു. ഞങ്ങളുടെ വണ്ടി മാത്രമാണ് അന്ന് അവിടെയുണ്ടായിരുന്നത്. ഇപ്പോൾ അങ്ങനെ അവസരം ലഭിക്കുന്നത് സാധാരണമാണെങ്കിലും അന്നതൊരു ഭാഗ്യമായിരുന്നു. പിന്നീട് കബനിയിലും തടോബയിലുമായി പലവട്ടം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ലക്ഷ്യമിട്ട് പോയി. സ്വയം പഠിക്കുകയായിരുന്നു ഫോട്ടോഗ്രഫി.
ഛോട്ടി താര, മായ, സോനം, മട്കാസുർ, ഛോട്ട മട്ക, വാക്ദോ ഇവയൊക്കെ ഓരോ കടുവകളാണ്. ഇന്ന് കാണുേമ്പാൾതന്നെ അവ ഓരോന്നിനെയും തിരിച്ചറിയാം. ഇവ അതിെൻറ അതിർത്തികൾ പരസ്പരം പോരടിച്ച് മാറ്റിക്കൊണ്ടിരിക്കും. ആദ്യമായി കാട്ടിൽ പോയി ഒരു കടുവയെ കണ്ടാൽ എല്ലാ കടുവയും ഒരുപോലെയല്ലേ എന്ന് തോന്നും. പേക്ഷ, അങ്ങനെയല്ല. നമ്മൾ മനുഷ്യരെപ്പോലെ ഓരോ കടുവയും വ്യത്യസ്തമാണ്. ദേഹത്തെ വരകൾക്കും മുഖത്തിനും വരെ മാറ്റമുണ്ട്. അങ്ങനെ മനസ്സിലാക്കുന്നതിനൊപ്പംതന്നെ അവയുടെ സ്വഭാവവും പഠിക്കണം. വനത്തിൽ യാത്ര ചെയ്തിട്ടുള്ളവരുടെ കൂടെ പോകുേമ്പാൾ അവരുടെ പരിചയം നമുക്കും സഹായകമാകും. മൃഗങ്ങളെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പഠിക്കാനാകും.
നിരന്തര പരിശീലനംകൊണ്ടേ പഠിക്കാൻ പറ്റൂ. കാട്ടിൽ മൃഗം നമ്മളോട് എങ്ങനെ പെരുമാറുമെന്നത് അൽപമെങ്കിലും അറിയണം. ഇപ്പോൾ ഒരു ആനയെ കാട്ടിൽ കണ്ടാൽതന്നെ അറിയാം, അത് ആക്രമിക്കാൻ വരുമോയെന്ന്. ആദ്യം കടുവയുടെ പടമെടുക്കലാണ് വലിയ താൽപര്യമെങ്കിലും പിന്നീട് മാറി. വലിയ മൃഗങ്ങളുടെ മാത്രം പടമെടുക്കലല്ല, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയെന്ന് മനസ്സിലായി. കാട്ടിലെ ഓരോ ജീവജാലത്തെയും അതിെൻറ സ്വാഭാവിക പരിതസ്ഥിതിയിൽ പകർത്തുകയാണ് ഇപ്പോൾ. എങ്കിലാണ് ചിത്രം കാണുന്നവർക്ക് കാടിെൻറ അനുഭവം ലഭിക്കൂ.
കഴിഞ്ഞ വർഷം ഒറാങ് ഉട്ടാൻ കുരങ്ങുകളെ തേടി ബോർണിയോ ദ്വീപിൽ രണ്ടുതവണ പോയി. ലോകത്ത് ഇവിടെ മാത്രമേ അവയെ കാണാൻ പറ്റൂ. മലേഷ്യയുടെയും ഇന്തോേനഷ്യയുടെയും അതിർത്തിയിലാണ് ദ്വീപ്. ഹൈദരാബാദിൽനിന്ന് വൺസൈഡ് മാത്രം നാല് ൈഫ്ലറ്റ് കയറിയാണ് ചെന്നത്. വലിയ ചെലവേറിയ യാത്രയല്ല. അപ് ആൻഡ് ഡൗൺ ടിക്കറ്റ് ഏകദേശം 16,000 രൂപക്ക് കിട്ടും. കൊച്ചിയിൽനിന്നാണെങ്കിൽ മൂന്ന് ൈഫ്ലറ്റ് മാത്രമേ വേണ്ടിവരൂ. ബോർണിയോ ദ്വീപിന് സമീപം ഹൗസ് ബോട്ടുകളിലാണ് താമസം. പകൽ മുഴുവൻ ദ്വീപിനെ ചുറ്റിക്കറങ്ങും. രാത്രി എവിടെയെങ്കിലും നിർത്തി ഹൗസ് ബോട്ടിൽ തന്നെ ഉറക്കം. വനനശീകരണം മൂലം വംശനാശഭീഷണിയിലാണ് ഒറാങ് ഉട്ടാൻ കുരങ്ങുകൾ. സ്വാഭാവിക കാട് ഇല്ലാതായതോടെ ഒറാങ് ഉട്ടാനുകൾക്ക് ജീവിക്കാൻ ഇടം കുറഞ്ഞുതുടങ്ങി. ഭീഷണിയായി വേട്ടയാടലും. ഗ്രാമീണർ ഇവയെ പിടിച്ച് വളർത്തുന്നുമുണ്ട്. സർക്കാർ ഇവയെ സംരക്ഷിക്കാൻ പുനരധിവാസകേന്ദ്രങ്ങളും തുടങ്ങി. ചെറുപ്പത്തിൽ പിടിച്ചുകൊണ്ടുപോയവയെ രക്ഷിച്ച് പുനരധിവാസകേന്ദ്രത്തിൽ വളർത്തി കാടിെൻറ സ്വാഭാവികതയിലേക്ക് മടക്കിയയക്കുന്നു. ഇങ്ങനെ സെമി വൈൽഡായ ഒറാങ് ഉട്ടാനെ ഒരുപാട് കാട്ടിൽ കാണാം.
മനുഷ്യനുമായി കുറച്ച് ഇണങ്ങിയിട്ടുണ്ടാകും ഇവ. സ്വാഭാവിക വനത്തിൽ കഴിയുന്ന ഒറാങ് ഉട്ടാൻ ചിത്രങ്ങളായിരുന്നു ലക്ഷ്യം. അങ്ങനെ ഗൈഡിനോട് പറഞ്ഞപ്പോൾ അന്നൊരു ചൊവ്വാഴ്ച രാവിലെ മറ്റൊരു സ്ഥലത്തേക്ക് പോകാമെന്ന് പറഞ്ഞു. രാവിലെ നാലരക്ക് പോകണം. മൂന്നുപേർക്ക് ഇരിക്കാവുന്ന ചെറിയ സ്പീഡ് ബോട്ടുമായാണ് അദ്ദേഹം വന്നത്. ഒന്നര മണിക്കൂർ യാത്രയുണ്ട്. തിരമാല അടങ്ങിയ സമയം നോക്കി കടൽ ക്രോസ് ചെയ്താണ് യാത്ര. യാത്രക്കൊടുവിൽ കാടിെൻറ ഉള്ളിലെത്തി അവിടെ ഒരു ഫോറസ്റ്റ് സ്റ്റേഷനിൽ അന്നത്തെ താമസം ഒപ്പിച്ചു. അവിടെനിന്ന് വീണ്ടും ബോട്ടിൽ പുഴയിലൂടെ കാട്ടിനകത്തേക്കു കയറി. മൂന്നുനാല് ഒറാങ് ഉട്ടാൻ പുഴയുടെ അരികിലായി നിൽക്കുന്നു. സാധാരണ അവ പുഴയരികിലേക്ക് വരാറില്ല. ചിലപ്പോൾ സെമി വൈൽഡാകാൻ സാധ്യതയുണ്ടെന്ന് ഗൈഡ് പറഞ്ഞു. ബോട്ടിെൻറ ശബ്ദം കേട്ടേപ്പാൾ ഭക്ഷണം ലഭിക്കുമെന്ന് കരുതി പുഴയരികിലേക്ക് എത്തിയതാകും. മരത്തിൽനിന്ന് കായകൾ പറിച്ചുകഴിക്കുന്നുണ്ട്. വെള്ളത്തിൽ ഇറങ്ങിനിന്ന് ഒരുപാട് ചിത്രങ്ങൾ എടുത്തു. കുറച്ചുകഴിഞ്ഞതോടെ ഒറാങ് ഉട്ടാൻ കാടിനകത്തേക്ക് കയറി. കുറച്ചു നടന്നേപ്പാൾ വലിയ മരത്തിെൻറ മുകളിൽ ഒരു ഒറാങ് ഉട്ടാൻ ഇരിക്കുന്നു.
ആ മരം കണ്ടപ്പോൾതന്നെ മനസ്സിലെ െഫ്രയിം കിട്ടിയ സന്തോഷമായി എനിക്ക്. അതിൽ ഒറാങ് ഉട്ടാൻ ഇരിക്കുന്ന ചിത്രങ്ങൾ കിടന്നും നിന്നുമൊക്കെ എടുത്തു. പടമെടുപ്പ് തകർക്കവെ ആ ഒറാങ് ഉട്ടാൻ അതാ പാഞ്ഞ് അരികിലേക്ക് വരുന്നു. കൊടുംകാടാണ്. കൂട്ടിന് ഗൈഡ് മാത്രം. അധികം അകലെയല്ലാെത നിൽക്കുന്ന ഗൈഡ് വിളിച്ചുപറയുന്നുണ്ട്- 'ഓടരുത്, അനങ്ങാതെ നിൽക്കൂ'. ഓടിയാലും പുഴവരെയെത്തി ബോട്ടിൽ കയറുേമ്പാഴേക്കും അതിെൻറ പിടിയിൽപെടും. ഭയം കാലിെൻറ പെരുവിരൽ മുതൽ അരിച്ചുകയറുന്നു. 'പേടിക്കണ്ട, അതൊന്നും ചെയ്യില്ല' -വീണ്ടും ധൈര്യം പകരുകയാണ് ഗൈഡ്. ഒറ്റക്ക് കാട്ടിൽ മൃഗത്തിന് മുന്നിൽപെട്ടാൽ ഭയം പ്രകടിപ്പിക്കരുതെന്നത് വർഷങ്ങളായി കാട്ടിൽനിന്ന് പഠിച്ച പാഠം. ഭയംപൂണ്ട് ഓടാൻ തുനിഞ്ഞാൽ നേരിടുന്ന മൃഗവും പേടിക്കും. രക്ഷപ്പെടാൻ അത് നമ്മെ ആക്രമിക്കും. ക്ഷണനേരംകൊണ്ട് ആ ഒറാങ് ഉട്ടാൻ അരികിലെത്തി. ഒരുനിമിഷം, കൈയിൽ അത് ഇറുക്കി പിടിക്കുന്നു. സംഭരിച്ച സർവ ധൈര്യവും ചോരുന്നു. അനങ്ങാതെ നിൽക്കാൻ വിളിച്ചുപറയുന്ന ഗൈഡിെൻറ ശബ്ദം കാതിൽ വീണ്ടും അലയ്ക്കുന്നു. കൈയിൽനിന്ന് പിടിവിട്ടുവെങ്കിലും അകലേക്ക് മാറാതെ ചുറ്റിപ്പറ്റി നിൽക്കുകയാണ് ആ കുരങ്ങ്. കുരങ്ങെന്ന് വിളിക്കാമെങ്കിലും മനുഷ്യനുമായി 97 ശതമാനം സാമ്യമുള്ള ജീവിയാണ് ഒറാങ് ഉട്ടാൻ. വേണമെങ്കിൽ നമ്മെക്കാൾ 'ബെറ്റർ ഹ്യൂമൻ' എന്ന് പറയാം. പതുക്കെ പേടി മാറി തുടങ്ങി. ചിത്രങ്ങൾ ഒരുപാട് മനസ്സിലും കാമറയിലും പതിഞ്ഞുകൊണ്ടിരുന്നു. 15 വർഷം നീണ്ട വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കിടെ ലഭിച്ച അപൂർവ അനുഭവം.
കെനിയയിലെ അേമ്പാസെലിയിൽ കിളിമഞ്ചാരോ കൊടുമുടിയും ആനകളുമാണ് മനോഹാരിത. എന്നും രാവിലെ കൊടുമുടിയിൽനിന്ന് താഴ്വരയിലേക്ക് ആനകൾ ഇറങ്ങിവരും. പുല്ലുതേടിയാണ് വരവ്. വൈകുന്നേരം തിരിച്ച് കൊടുമുടി കയറും. മഞ്ഞുകാലത്ത് ചിന്തിക്കാൻപോലും കഴിയാത്തത്ര ഭംഗിയാണ് അവിടെ. നിറമേറിയ ആകാശവും മഞ്ഞും അതിനിടെയിലെ സൂര്യോദയവും. നടുക്കായി ആനകളും. ഇന്ത്യയിലെ കാടുകളിൽ പോയാൽ വൈൽഡ് ലൈഫ് കാണുമെന്ന ഒരു ഗ്യാരൻറിയുമില്ല. ഒരേ കാട്ടിൽ എട്ടു സഫാരി ചെയ്തിട്ടും ഒന്നും കാണാതെ തിരിച്ചുവന്നിട്ടുണ്ട്. ആദ്യമൊക്കെ നിരാശ തോന്നും. പിന്നെ അതിലെ ത്രില്ല് മനസ്സിലായി. കാട്ടിൽ പോയി മൃഗത്തിെൻറ പഗ്മാർക്കുകൾ നോക്കി പിന്നാലെ പോകണം. അതല്ലെങ്കിൽ വലിയ മൃഗം സമീപത്തുണ്ടെങ്കിൽ മറ്റു മൃഗങ്ങളുടെ 'അലാം കോൾ' ലഭിക്കും. കുരങ്ങുകളും മാനുകളുമൊക്കെ ഇത്തരത്തിൽ അലാം കോൾ പുറപ്പെടുവിക്കും. അങ്ങനെ നിശ്ശബ്ദമായി പിന്തുടർന്ന് മൃഗത്തെ കണ്ടെത്തുേമ്പാഴുള്ള ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല.
യാത്രക്ക് ലഭിച്ച ഇടവേളയായി ലോക്ഡൗൺ. നാട്ടിലെത്തി ഭാര്യ സംഗീതയും മക്കൾ വിശാലും അവ്നിയുമൊത്ത് കൂടുതൽ സമയം ലഭിച്ചു. അതിനിടയിൽ ഗോൾഡൻ സ്നബ്നോസ് മങ്കികളെ തേടിയുള്ള ചൈന ട്രിപ് മുടങ്ങി. മഡഗാസ്കർ, ഫിൻലൻഡ് യാത്രകൾ ലിസ്റ്റിലുണ്ട്. EXPANDED EXPEDITIONS എന്ന സംരംഭത്തിെൻറ ഫൗണ്ടറാണ് സുഭാഷ് നായർ. itsmesubhash എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കൂടുതൽ ചിത്രങ്ങൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.