തൂവെള്ള നിറത്തിൽ മഞ്ഞുപുതച്ചുറങ്ങുന്ന മലനിരകൾ കാണാനെത്തിയ സ്വിറ്റ്സർലാൻഡിലെ സഞ്ചാരികൾ ആദ്യമൊന്ന് ഞെട്ടിക്കാണും. വെള്ളനിറമെല്ലാം മാറി ആകെ ഓറഞ്ച് നിറത്തിൽ മുങ്ങിനിൽക്കുന്നു പർവതങ്ങൾ. കാരണം അന്വേഷിച്ചവർ ഉത്തരം കേട്ട് വീണ്ടും അന്തംവിട്ടു. കിലോമീറ്ററുകൾ അകലെയുള്ള ആഫ്രിക്കയിൽനിന്ന് കാറ്റിൽ പാറിവന്ന മണൽകണികകളാണത്രെ ഈ പ്രതിഭാസത്തിന് കാരണം.
സഹാറ മരുഭൂമിയിൽനിന്നുള്ള മണൽ കണികകൾ ശനിയാഴ്ച ഉച്ചയോടെയാണ് സ്വിസ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ ഓറഞ്ച് നിറത്തിലായി. മൗറിറ്റാനിയ, മാലി, അൾജീരിയ എന്നിവയടക്കം വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രദേശങ്ങളിൽ നിന്നാണ് ഈ കണികകൾ വന്നിട്ടുള്ളത്.
മരുക്കാറ്റിൽ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ ആകാശത്തേക്ക് ഉയർന്ന ശേഷമാണ് ഇവ കടലിന് മുകളിലൂടെ തെക്കൻ കാറ്റിന്‍റെ സ്വാധീനം വഴി യൂറോപ്പിലേക്ക് എത്തുന്നത്. സ്വിറ്റ്സർലാൻഡിന് പുറമെ തെക്ക് കിഴക്കൻ ഫ്രാൻസിലെ പല ഭാഗങ്ങളിലും ഇൗ പ്രതിഭാസം കാണപ്പെട്ടു.
മണൽ കണികകളുടെ സാന്നിധ്യം കാരണം ഈ പ്രദേശങ്ങളിൽ വായുവിലെ നേർത്ത കണങ്ങളുടെ അളവും വർധിച്ചു. 3460 മീറ്റർ ഉയരത്തിലുള്ള ജംഗ്ഫ്രോജോക്കിൽ ഒരു ക്യൂബിക് മീറ്ററിന് 744 മൈക്രോഗ്രാം മൂല്യമാണ് രേഖപ്പെടുത്തിയത്. ഒരു ക്യൂബിക് മീറ്ററിന് 10 മൈക്രോഗ്രാം ആണ് ദേശീയ ശരാശരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.