ചാരുംമൂട്: കാഴ്ചക്ക് വിരുന്നായി ഇരപ്പൻപാറ വെള്ളച്ചാട്ടം. ജില്ല മെഗാ ടൂറിസം പദ്ധതിയിൽ ഇടംനേടിയ താമരക്കുളം പഞ്ചായത്തിൽ പ്രകൃതിയുടെ വരദാനമാണ് ഈ വിസ്മയക്കാഴ്ച. കാലവർഷമുൾപ്പെടെ മഴക്കാലത്ത് ഇരപ്പൻപാറ കുടുതൽ സുന്ദരിയാകും. ഈ സീസണിൽ ഇവിടേക്ക് സന്ദർശകർ ധാരാളമായി എത്താറുണ്ട്. തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴ്ചയിലുള്ള പാറകളിൽ പതിച്ചശേഷം പതഞ്ഞുറഞ്ഞ് ഒഴുകിയകലുന്നത് മനോഹരമായ കാഴ്ചയാണ്.
ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന വയ്യാങ്കരച്ചിറയിൽനിന്നുൾപ്പെടെയുള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. തോട്ടിലൂടെയെത്തി രണ്ട് കലുങ്കുകൾക്കിടിയിലൂടെയാണ് വെള്ളം കൂറ്റൻ പാറയിലേക്ക് പതിച്ച് പുഞ്ചയിലേക്ക് ഒഴുകിമാറുന്നത്. വെള്ളം പാറകളിലേക്ക് പതിക്കുമ്പോഴുള്ള ശബ്ദം കിലോമീറ്ററുകൾക്കകലെനിന്ന് കേൾക്കാൻ കഴിയും. ഇതുമൂലമാണ് ഇവിടം ഇരപ്പൻപാറ എന്നറിയപ്പെടുന്നത്.
ജില്ലയിലെ ഏക വെള്ളച്ചാട്ടം കാണാൻ വെള്ളമേറുന്ന സമയം സന്ദർശകരുടെ വൻതിരക്കാണ്. സീരിയലുകൾ, ആൽബങ്ങൾ എന്നിവയുടെ ചിത്രീകരണവും ഇവിടെ നടക്കാറുണ്ട്. കടുത്ത വേനലിൽ മാത്രമാണ് വെള്ളം പൂർണമായും വറ്റാറുള്ളത്. വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ട ഇരപ്പൻപാറ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏറെ ശ്രദ്ധിക്കപ്പെടും. റെയിൻബോ വാട്ടർ ഫാൾസ് ആൻഡ് ഇക്കോ ടൂറിസമെന്ന പേരിൽ പദ്ധതിപ്രദേശം അറിയപ്പെടും.
ഇരപ്പൻപാറ വെള്ളച്ചാട്ടം വയ്യാങ്കര ടൂറിസത്തിന്റെ ഭാഗമാക്കണമെന്ന ചർച്ചകളെ തുടർന്നാണിത്. ഡോ. ഷാജു ജലാലുദ്ദീനാണ് പദ്ധതിയുടെ ഡി.പി.ആർ തയാറാക്കി ടൂറിസം വകുപ്പിനു സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറും. വെള്ളച്ചാട്ടത്തിന്റെ റോഡിന് അഭിമുഖമായുള്ള സ്ഥലങ്ങളിൽ കൈവരികൾ നിർമിക്കണം.
അപകടങ്ങൾ ഒഴിവാക്കാൻ ഇത് സഹായകമാകും. കൂടാതെ പൂന്തോട്ടം ഉൾപ്പെടെ നിർമിച്ച് സൗന്ദര്യവത്കരണം നടത്തണം. സന്ദർശകർക്ക് വിശ്രമിക്കാൻ സിമന്റ് ബെഞ്ചുകളുൾപ്പെടെയുള്ള സൗകര്യങ്ങളും ആവശ്യമായ വെളിച്ചവും കൂടിയെത്തിയാൽ സഞ്ചാരികളുടെ തിരക്കേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.