രാത്രിയുടെ നിശ്ശബ്ദതയിൽ കാടിന്‍റെ വന്യതയിലലിഞ്ഞ് മൃഗങ്ങളെ അടുത്തറിയാൻ രാത്രി സഫാരി ഒരുക്കി മധ്യപ്രദേശ്. മൂന്ന് ദേശീയ പാർക്കുകളിലാണ് ഇതിന് അവസരമൊരുക്കുന്നത്. ബന്ദവ്ഗഡ് നാഷനൽ പാർക്ക്, കൻഹ നാഷനൽ പാർക്ക്, പെഞ്ച് നാഷനൽ പാർക്ക് എന്നിവിടങ്ങളിലാണ് രാത്രി സഫാരി തുടങ്ങിയത്. ടൂറിസം പ്രോത്സാഹനത്തിന്‍റെ ഭാഗമായാണ് നടപടി. സഞ്ചാരികൾക്കും വന്യജീവി പ്രേമികൾക്കും രാത്രി മൃഗങ്ങളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിരീക്ഷിക്കാൻ കഴിയും.
മൃഗങ്ങൾക്കോ സന്ദർശകർക്കോ യാതൊരുവിധ ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി സഫാരി പോകാൻ താൽപ്പര്യമുള്ളവർക്ക് സംസ്ഥാന വനംവകുപ്പിന്‍റെ വന്യജീവി സഫാരി റിസർവേഷൻ പോർട്ടലിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ബന്ദവ്ഗഡ് ദേശീയ ഉദ്യാനത്തിൽ രാത്രി സഫാരി വൈകുന്നേരം 6.30 മുതൽ 9.30 വരെയാണ്. ദേശീയ ഉദ്യാനത്തിന്‍റെ ബഫർ സോണിലായിരിക്കും സഫാരി. സന്ദർശകർക്ക് പുള്ളി മാനുകളെയും റോയൽ ബംഗാൾ കടുവകളെയും കാണാൻ സാധിക്കും.
കൻഹ ദേശീയോദ്യാനത്തിൽ വൈകുന്നേരം 7.30 മുതൽ 10.30 വരെയാണ് നൈറ്റ് സഫാരി. ബാരസിംഗ മാനുകൾ നിരവധിയുള്ള വനമാണിത്. കൂടാെത റോയൽ ബംഗാൾ കടുവകൾ, മയിലുകൾ, കഴുകൻ എന്നിവയും ധാരാളമുണ്ട്.
പെഞ്ച് നാഷണൽ പാർക്കിൽ നൈറ്റ് സഫാരി വൈകുന്നേരം 5.30നും 8.30നും ഇടയിൽ ലഭ്യമാകും. കാട്ടുപന്നി, കുറുക്കൻ, കടുവ, പുള്ളിപ്പുലി, വിവിധതരം പക്ഷികൾ എന്നിവയെയെല്ലാം ഇവിടെ കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.