ഏറ്റവും ചുരുങ്ങിയ കാലം ഭാരതത്തിന്റെ തലസ്ഥാന പദവി അലങ്കരിച്ചിരുന്ന നഗരമേതാണ്? മഹാരാഷ്ട്രയിലെ വസ്ത്ര നഗരമായ ഔറംഗാബാദില്‍ നിന്ന് വടക്ക് പടിഞ്ഞാറ് പതിനാലു കിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ദൗലത്താബാദ് എന്ന പുരാതന നഗരി. ആ ദിശയില്‍ അത്രയും കൂടി ചെന്നാല്‍ എല്ലോറ ഗുഹാക്ഷേത്രങ്ങളായി.
ഇനിയെങ്ങും പോകാനില്ലെന്ന മട്ടില്‍ ഔറംഗാബാദില്‍ വണ്ടിനിന്നു. ആളുകള്‍ ഏറെയും അവിടെ ഇറങ്ങി. ട്രെയിന്‍ പിന്നെയും അര മണിക്കൂര്‍ നിന്നു. കുട്ടകളും വട്ടികളുമായി ചില ചെറുസംഘങ്ങള്‍ കയറി. അവരെയാണ് ഇതു വരെ കാത്തിരുന്നതെന്ന മട്ടില്‍ വണ്ടി പതുക്കെ നീങ്ങി. അടുത്ത സ്റ്റോപ്പ് ദൗലത്താബാദ് ആണ്. അതോ ഇടയ്ക്ക് വേറെ സ്‌റേറഷനുണ്ടോ? ഏറെ നേരം ഇരുന്നു മടുത്ത യാത്രക്കാര്‍ തമ്മില്‍ തര്‍ക്കം. തീരുമാനവും അവര്‍ക്ക് തന്നെ വിട്ടു കൊടുത്ത് ഞങ്ങള്‍ മൂവരും വാതിലിനടുത്തേക്ക് നീങ്ങി നിന്നു. തെല്ലു നേരം കഴിഞ്ഞപ്പോള്‍ മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങള്‍ തെളിഞ്ഞു, ദൗലത്താബാദ്.
ഞങ്ങള്‍ക്ക് മാത്രം വേണ്ടിയാണോ അവിടെ നിര്‍ത്തിയത്? അല്ല, നാല് ബോഗികള്‍ക്കപ്പുറത്തുനിന്ന് താടിയും തോപ്പിയുമുള്ള,വെളുത്ത വസ്ത്രം ധരിച്ച രണ്ടു പേര്‍ കൂടി ഇറങ്ങി. വണ്ടി ധൃതിയില്‍ ചൂളം വിളിച്ചുകൊണ്ട് പോയി.
വനത്തിനുനടുവില്‍, ചമ്പല്‍ സിനിമകള്‍ക്ക് സെറ്റിട്ടതു പോലെ ഒരു കൊച്ചു റെയില്‍വേ സ്റ്റേഷന്‍. മാസ്റ്ററും ഗാര്‍ഡും ബുക്കിംഗ് ക്ലര്‍ക്കുമൊക്കെ ഒരാള്‍ തന്നെ. ഓട്ടോറിക്ഷ പോയിട്ട് ശരിയായ റോഡു പോലും അങ്ങോട്ടില്ല. പച്ചക്കൊടി വീശി മടക്കി പിന്‍വാങ്ങിയ മാസ്റ്ററുടെ പൊടിപോലും പോലും കാണാനില്ല.
ഞങ്ങളുടെ അങ്കലാപ്പ് കണ്ട് കാര്യം തിരക്കിയ ധവള വേഷധാരികളോട്, ദൗലത്താബാദ് കോട്ടയിലേക്കാണ പോകേണ്ടതെന്ന് അറിയിച്ചു. അവര്‍ പരസ്പരം നോക്കി മറാത്തി കലര്‍ന്ന ഹിന്ദിയില്‍ അത്ഭുതപ്പെട്ടു.
'ആരാണ് നിങ്ങളോട് ട്രെയിന്‍ കയറി ഇവിടെ വരാന്‍ പറഞ്ഞത്. ടൂറിസ്റ്റുകള്‍ സാധാരണ ഔറംഗബാദില്‍ നിന്നും ഹൈവേ മാര്‍ഗമാണ് വരുക.'
'ഞങ്ങള്‍ക്ക് ഹൈവേയില്‍ എത്തിക്കിട്ടിയാല്‍ മതി.' ഞങ്ങള്‍ക്കിടയില്‍ ഹിന്ദി അറിയാവുന്ന സുബൈറിന്റെ അപേക്ഷ.
'കൂടെ വന്നോളൂ' എന്ന് പറഞ്ഞ് സംഘം മുന്നോട്ട് നീങ്ങി. കാനനഭംഗിയാസ്വദിച്ചുകൊണ്ട് ഞങ്ങള്‍ പിറകെയും. ഏറെ ദൂരം മുന്നേറിയതിനുശേഷം അവര്‍ ഞങ്ങളെ കാത്തുനിന്നു. ഞങ്ങളുടെ പെരുമാറ്റത്തോടുള്ള നീരസം മറയ്ക്കാതെ തന്നെ പറഞ്ഞു.
'കൊള്ളക്കാരും പിടിച്ചു പറിക്കാരും ധാരാളമുള്ള പ്രദേശമാണ്'
ഞങ്ങള്‍ അന്യോന്യം നോക്കി.
'ഓ കുഴപ്പമില്ലന്നേ, ഞങ്ങള്‍ കേരളത്തില്‍ നിന്നാണ് വരുന്നത്'
നിനച്ചിരിക്കാതെ സ്‌കോര്‍ ചെയ്യുന്നതില്‍ മനോജ് മിടുക്കനാണ്. തമാശയെ പരിഭാഷപ്പെടുത്തിക്കൊണ്ട് സുബൈര്‍ താടിക്കാര്‍ക്കൊപ്പം നടന്നു. അവര്‍ തിരിഞ്ഞ് എന്നെയും മനോജിനെയും നോക്കി ചിരിച്ചു.
മുന്നോട്ട് ചെല്ലുമ്പാള്‍ അങ്ങനെ ചെല്ലുമ്പോള്‍ വിളഞ്ഞുപൊട്ടിയ പച്ചക്കായകള്ക്കുള്ളില്‍ നിന്നും വെണ്മ കാറ്റില്‍ പറത്തുന്ന പരുത്തിപ്പാടങ്ങള്‍ കാണുമാറായി.
ഞങ്ങളെ ഹൈവേയിലെത്തിച്ച്, ചായക്കടയില്‍ നിന്നും ഭക്ഷണം കഴിപ്പിച്ച്, ഓട്ടോ വിളിച്ചു ചാര്‍ജ്ജ് പറഞ്ഞുറപ്പിച്ച് കയറ്റി വിട്ടതിനു ശേഷമാണ് വഴികാട്ടികള്‍ പോയത്.
ഇതിനിടെ ഉത്തരേന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിലേക്ക് തുഗ്ലക്കിന്റെ ശ്രദ്ധ മാറി. ഈ സമയം ഡക്കാനിലെ രാജാക്കന്മാര്‍ സംഘടിക്കുകയും കോട്ട ഗുല്‍ബര്‍ഗ്ഗയിലെ സഫര്‍ഖാന്റെ അധീനതയിലാവുകയും ചെയ്തു.
ഡക്കാന്‍ സമതലത്തില്‍ അറുനൂറു മീറ്റര്‍ ഉയരമുള്ള സ്തൂപികാകൃതിയിലുള്ള ഒരു കുന്നിന്‍ മുകളില്‍ ഇരുനൂറു മീറ്ററിന്റെ തലയെടുപ്പിലാണ് കോട്ട നില്‍ക്കുന്നത്. കുന്നിന്‍ ചരിവുകള്‍ വെട്ടിമുറിച്ച്, പ്രതിരോധ സജ്ജമായ ചെങ്കുത്തായ പാറകളാക്കി മാറ്റിയത് മൂലം കോട്ടയുടെ കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ചാന്ദ്മിനാറും ജാമി മസ്ജിദും രാജഹര്‍മ്യങ്ങളും ആണ് കോട്ടയ്ക്കകത്തെ പ്രധാന മന്ദിരങ്ങള്‍.
കോട്ട കീഴടക്കിയതിന്റെ ഓര്‍മ്മക്കായി 1435ല്‍ ബ്രാഹ്മനി രാജാവായ അല്ലാവുദ്ദീന്‍ പണിതതാണ് ഇത്. തുര്‍ക്കി വാസ്തു ശില്പകലയുടെ മാതൃകയായ ചാന്ദ് മിനാര്‍ ഉയരം കൊണ്ട് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ്. നാല് നിലയുള്ള മിനാരത്തിന്റെ തറ ഓടു പാകിയതാണ്. ചുമരില്‍ കൊത്തു പണികളുണ്ട്.
ചാന്ദ് മിനാറിനെ അപേക്ഷിച്ച് ഉയര്‍ന്ന നിരപ്പിലാണ് ചീനി മഹല്‍ നില്‍ക്കുന്നത്. ഒടുവിലത്തെ ഗോള്‍കൊണ്ട രാജാവ് അബ്ദുള്‍ ഹസന്‍ തനാഷായെ ഔറംഗസീബ് ആജീവനാന്തം തടവിലിട്ടത് ചീനി മഹലിലായിരുന്നു.
ഖില്‍ജി രാജാവായിരുന്ന കുത്തബുദ്ദീന്‍ മുബാറക്കിന്റെ കാലത്താണ് ജാമി മസ്ജിദ് കെട്ടിപ്പൊക്കയത്.
മുകളിലേയ്ക്ക് കയറുന്തോറും നവംബറിലെ ആ പുലരി സമ്മാനിച്ച ജലദോഷവും പൊടിക്കാറ്റും ചേര്‍ന്ന് എന്നെ പ്രതിരോധിച്ചുതുടങ്ങി.ചുമച്ചു ശ്വാസം കിട്ടാതെ, തെല്ലു വിശ്രമിക്കെ അല്‍പം മാറി കല്ല് കൊണ്ട് പണിത ഗജ സംഭരണി കണ്ടു. കോട്ടയ്ക്കകത്തെ ജലവിതരണം ഗജ സംഭരണിയില്‍നിന്നാണ്. ദേവഗിരി നഗരത്തിലെ പ്രസിദ്ധമായ പഴ, പച്ചക്കറി തോട്ടങ്ങള്‍ക്ക് ഇവിടെ നിന്നും ജലം എത്തിച്ചിരുന്നുവത്രേ.
ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു ഭീമാകാരനായ പീരങ്കി. പേര്‍ഷ്യനില്‍ 'കില ശിഖന്‍' എന്നാണ് പേര്, ദുര്‍ഗ്ഗ ഭേദിന എന്നര്‍ത്ഥം. ഗിരിദുര്‍ഗ്ഗം, വനദുര്‍ഗ്ഗം, ഭൂദുര്‍ഗ്ഗം എന്നിവയുടെ സവിശേഷതകള്‍ ഒന്നിച്ചു കുടികൊള്ളുന്ന ഒരു മിശ്ര ദുര്‍ഗ്ഗമാണ് ദൗലത്തബാദ് കോട്ട. കോട്ടക്കെട്ടുകളില്‍ യാദവ, ഖില്‍്ജിസ, തുഗ്ലക്ക്, ബാഹ്മനീ, നൈസാം രാജാക്കന്മാരുടെ നിര്‍മ്മാണ് വിരുതിന്റെ മുദ്ര കാണാം. അകത്തളം സൂക്ഷ്മമായ കരകൌശലത്തിന്റെ മഹിമ വിളിച്ചോതുന്ന കൊത്തു പണികളാല്‍ സമ്പന്നമാണ്. മധ്യകാല യൂറോപ്യന്‍ ദുര്‍ഗ്ഗ്ങ്ങളെ അനുസ്മരിപ്പിക്കുന്ന ഉയര്‍ന്ന ഗോപുരങ്ങളും മേല്‍ത്തതട്ടുള്ള ഇടനാഴികളും രഹസ്യ അറകളും കാണാം. ഭൂമിക്കടിയിലൂടെയുള്ള രഹസ്യമാര്‍ഗ്ഗങ്ങളുടെ നിര്‍മ്മിതി ദുഷ്‌കരമാം വണ്ണം വളവുകളും തിരിവുകളും നിറഞ്ഞതാണ്. ഒരിക്കലും നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെയല്ല, മറിച്ച് ചതിവിന്റെയും ഒററു കൊടുക്കലിന്റെയുംമാര്‍ഗ്ഗത്തിലൂടെയാണ് ഈ കോട്ട കീഴടക്കപ്പെട്ടിട്ടുള്ളത്
പ്രൗഢഗംഭീരമായിരുന്ന തുഗ്ലക്കിന്റെ തലസ്ഥാന നഗരി ഇന്ന് മനുഷ്യവാസം കുറഞ്ഞ ഒരവികസിത ഗ്രാമമാണ്. എല്ലാ വിനോദ സഞ്ചാര പ്രദേശവുംപോലെ ഇവിടേക്കുവരുന്ന സഞ്ചാരികളെ ആശ്രയിച്ചാണ് ജനജീവിതെം പുലരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.