ഓര്‍മകളില്‍ തറക്കുന്ന വെടിയുണ്ടകള്‍

പഞ്ചാബിലെ അമൃത്സറിലെ ജാലിയന്‍വാലാ ബാഗ്. ഓരോ ഭാരതീയന്‍െറ ഉള്ളിലും ഉടലിലും ചോര തിളച്ചുണര്‍ത്തുന്ന ഓര്‍മകളുടെ നാമം. സമാനതകളില്ലാത്ത കൊടുംക്രൂരത നടത്തിക്കൊണ്ട് വെള്ളക്കാരന്‍െറ ഭരണവും പട്ടാളവും എഴുതിച്ചേര്‍ത്ത നരനായാട്ടിന്‍െറ ചരിത്രവും അടയാളപ്പെടുത്തലുകളുമാണ് ഈ മൈതാനവും അവിടെ ഉയര്‍ന്നുനില്‍ക്കുന്ന ഓരോ വസ്തുവും. ജാലിയന്‍വാലാ ബാഗിലേക്ക് ഞങ്ങള്‍  എത്തിയത് ഒരുച്ചയോടെയാണ്.  മൈതാനത്തേക്ക് കയറുന്നതിനുമുമ്പ് ഇടതുവശത്തായി ജാലിയന്‍വാലാബാഗ് എന്നക്ഷരങ്ങള്‍ വലുപ്പത്തില്‍ മതിലില്‍ ഇംഗ്ളീഷിലും ഹിന്ദിയിലും എഴുതിവെച്ചിരിക്കുന്നതുകാണാം. അവിടെനിന്ന് വലതു വശത്തൂടെയുള്ള ഇടനാഴിയാണ് മൈതാനത്തേക്കുള്ള പ്രധാന കവാടം. നാലോ അഞ്ചോ പേര്‍ക്ക് ചേര്‍ന്ന് നടന്നുപോകാന്‍ കഴിയാത്തവിധം ഇടുങ്ങിയതാണ്. ഞങ്ങള്‍ അതിലൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ക്കു പിന്നിലും മുന്നിലുമായി ധാരാളം പേര്‍ നടക്കുന്നു. അതില്‍, ഏറെ പ്രായംചെന്ന ഒരാള്‍ ഏന്തിയും തളര്‍ന്നും 
നടക്കുന്നത് ശ്രദ്ധയില്‍ പതിഞ്ഞു. പലരും കൂട്ടത്തോടെയാണ് വരുന്നത്. ചുരുങ്ങിയത് രണ്ടുപേരെങ്കിലുമുണ്ട്. അയഞ്ഞതും 
മുഷിഞ്ഞതുമായ കുപ്പായവും തലപ്പാവും കൈയില്‍ ഒരു പ്ളാസ്റ്റിക് ബാഗും ഒക്കെയായി 
അദ്ദേഹം വിയര്‍ത്തൊലിക്കുന്നുണ്ട്. ആ മനുഷ്യന്‍ വളരെ ദൂരത്തുനിന്ന് വരുന്ന ഒരാളാണെന്ന് വ്യക്തം.  
മൈതാനത്തിലേക്ക് എത്തുമ്പോള്‍ ഒരു ചെറിയ സ്തൂപം. ഞങ്ങള്‍ അതിലെ ചെറിയ അക്ഷരങ്ങള്‍ വായിച്ചുനില്‍ക്കെ ഒരാള്‍  അടുത്തുനില്‍ക്കുന്ന ചെറുപ്പക്കാരനോട് ഇത് എന്താണെന്ന് ചോദിച്ചു. അന്ന് പട്ടാളക്കാര്‍ ഇവിടെനിന്നാണ് ജനങ്ങള്‍ക്കുനേരെ  വെടിവെപ്പ് നടത്തിയതെന്ന് ചെറുപ്പക്കാരന്‍ അല്‍പം ഉറക്കെ മറുപടി നല്‍കി. അതുകേട്ടപ്പോള്‍ അദ്ദേഹം കണ്ണുകളടച്ച് കുറെ നേരംനിന്നു. ആ വേഷ-ഭാവ പ്രത്യേകത കണ്ട് കൗതുകംതോന്നിയ ഞാന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്തുചെന്ന് പരിചയപ്പെട്ടു. ഹരിയാനയില്‍ നിന്നാണെന്നും പേര് കേശവപാലാണെന്നും  അദ്ദേഹം വിനയത്തോടെ പറഞ്ഞു. ജാലിയന്‍വാലാ ബാഗ്  കാണാന്‍ ഇപ്പോഴാണ് അവസരം ഉണ്ടായതെന്നും എഴുപത് വയസ്സ്തോന്നിക്കുന്ന പാല്‍ കൂട്ടിചേര്‍ത്തു. ഞങ്ങള്‍ പിന്നെ ഒരുമിച്ചാണ് നടന്നത്. സംസാരത്തിനിടയില്‍ ഒരു കാര്യം വ്യക്തമായി. ജാലിയന്‍വാലാ ബാഗില്‍ ആദ്യമായാണ് വരുന്നതെങ്കിലും ഇദ്ദേഹത്തിന് ജാലിയന്‍വാലാ ബാഗിലെ ചരിത്രത്തെക്കുറിച്ച് കൃത്യമായ അറിവുണ്ട്. ഒരു സ്കൂള്‍ അധ്യാപകനെപ്പോലെ കേശവ്പാല്‍ ആ നാളുകളിലെ സംഭവങ്ങള്‍ പറയുന്നു. കേട്ടറിവുകളും വായനയും കൊണ്ട് നേടിയ ആ വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ദൃക്സാക്ഷിയുടെത് പോലുണ്ട്. അദ്ദേഹം ചരിത്രം പറയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ സ്കൂള്‍ കുട്ടിയെ പോലെ കേട്ടുകൊണ്ടിരുന്നു. 
...............................
1919 മാര്‍ച്ചില്‍ ബിട്ടീഷ് ഗവണ്‍മെന്‍റ് റൗലറ്റ് ആക്ട് എന്ന കരിനിയമം പാസാക്കിയതിനെ തുടര്‍ന്നുള്ള പ്രതിഷേധം വ്യാപകമായിരുന്നു.   1919  ഏപ്രിലിന്‍െറ തുടക്കം തന്നെ പഞ്ചാബിലും പ്രത്യേകിച്ച് അമൃസ്തറിലും സംഘര്‍ഷങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷുകാരായ സൈനിക ഉദ്യോഗസ്ഥരുടെ അപക്വവും അന്യായവുമായ നടപടികളായിരുന്നു അതിന്‍െറയെല്ലാം കാരണം. മഹാത്മാ ഗാന്ധിയുടെ അഹിംസാ വാദത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഡോ.സത്യപാല്‍, സെയ്ഫുദ്ദീന്‍  കിച്ലു എന്നിവരെ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് 1919, ഏപ്രില്‍ 10ന് അമൃത്സറില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യപ്പെട്ടു. അന്ന് വെടിവെപ്പില്‍ 20ഓളം നാട്ടുകാരും അഞ്ച്  വെള്ളക്കാരും കൊല്ലപ്പെട്ടു.  ഇതിനത്തെുടര്‍ന്ന് വെള്ളക്കാരോടുള്ള രോഷം വ്യാപകമായി. ഈ പശ്ചാത്തലത്തില്‍ അടുത്തദിവസം വെള്ളക്കാരിയായ ഒരു മിഷനറി പ്രവര്‍ത്തകയെ ജനം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പരിസരവാസികള്‍ ചേര്‍ന്ന് അവരെ രക്ഷപ്പെടുത്തി. എന്നാല്‍, ഈ സംഭവത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച പട്ടാള മേധാവി ജനറല്‍ ഡയര്‍ വളരെ മോശമായ ചില പരാമര്‍ശങ്ങളും നടത്തി. ദുര്‍ഭരണത്തിനും ബ്രിട്ടീഷ് തേര്‍വാഴ്ചക്കുമെതിരെ ജനം തെരുവില്‍ സംഘടിക്കുന്ന അവസ്ഥയിലാണ് ഏപ്രില്‍ 10ന് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ടത്. എന്നാല്‍, ഈ ഉത്തരവിനെ അവഗണിച്ച് ജനം  ഏപ്രില്‍  13ന് ജാലിയന്‍വാലാ ബാഗില്‍ ഒരുമിച്ചുകൂടി. ജനറല്‍ ഡയര്‍ നടത്തിയ, ബ്രിട്ടീഷ് യുവതി എന്നാല്‍ ഹിന്ദുദൈവങ്ങള്‍ക്ക് തുല്യയാണന്ന തരത്തിലുള്ള   പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു  ജനം യോഗം നടത്തിയത്. സിഖുകാരുടെ ബൈശാഖി ഉത്സവനാളായിരുന്നു അന്ന്. ഇവിടേക്ക് ആയിരക്കണക്കിന്  ഹിന്ദുക്കളും സിഖുകാരും  മുസ്ലിംകളും എത്തി നേതാക്കളുടെ പ്രസംഗത്തിന് കാതോര്‍ത്തു. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജനറല്‍ ഡയറിന്‍െറ നേതൃത്വത്തിലത്തെിയ പട്ടാളക്കാര്‍ ഒരു പ്രകോപനവുമില്ലാതെ ജനത്തിനു നേരെ വെടിവെപ്പാരംഭിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങിയ ആ ജനാരവത്തിന് ആ വെടിയൊച്ചകള്‍ അപ്രതീക്ഷിതമായിരുന്നു. 1800ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് അന്ന് കോണ്‍ഗ്രസ് നടത്തിയ കണക്കെടുപ്പില്‍ തെളിഞ്ഞത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ പറഞ്ഞത് 379 പേര്‍ മാത്രമാണ് മരിച്ചത് എന്നായിരുന്നു. ചരിത്രം അയവിറക്കിയശേഷം എപ്പോഴോ കേശവ്പാല്‍ വീണ്ടും കണ്ണുകളടച്ചു മുനിയെ പോലെ നിന്നു. 
.............................................
ജാലിയന്‍വാലാ ബാഗിലെ അനശ്വര രക്തസാക്ഷികളുടെ സ്മൃതിക്കായി ഒരു ജ്വാല  സ്മാരകത്തില്‍ എരിയുന്നുണ്ട്. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ ആ ജ്വാലയെ വണങ്ങിയിട്ടാണ് മൈതാനത്തേക്ക് കടക്കുന്നത്. രാജ്യത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും എത്തുന്ന സന്ദര്‍ശകര്‍ ആ ജ്വാലയുടെ മുന്നില്‍ മിഴികളടച്ച് പ്രാര്‍ഥിക്കുന്നകാണാം. ആ ജ്വാലക്കുമുന്നില്‍നിന്ന് പലരും സ്വന്തം ഫോണിലോ കാമറയിലോ ചിത്രങ്ങള്‍ എടുക്കാന്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, അതിലൊന്നും ശ്രദ്ധിക്കാതെ കേശവ് പാട്ടീല്‍ ആ ജ്വാലയില്‍തന്നെ ശ്രദ്ധിച്ച് നില്‍ക്കുകയാണ്. അയാളുടെ കണ്ണുകളിലും ആ ജ്വാല എരിയുന്നപോലെ.
..............................
‘എനിക്ക് രക്തസാക്ഷികളുടെ കിണര്‍ കാണണം. എന്ന് പറഞ്ഞ്  കേശവ് പാല്‍ നടന്നു. ഞാന്‍ അനുഗമിച്ചു.  കിണറിനെക്കുറിച്ചായി പിന്നെ അദ്ദേഹത്തിന്‍െറ സംസാരം. 
അന്ന് വെടിവെപ്പ ്നടന്നപ്പോള്‍ 
ജനം ഒരു രക്ഷക്കുവേണ്ടി പരക്കംപാഞ്ഞിരുന്നു. പ്രധാന പ്രവേശകവാടത്തിന്‍െറ ഭാഗത്തുനിന്നായിരുന്നുവല്ളോ വെടിവെപ്പുണ്ടായത്. മാത്രമല്ല, മൈതാനത്തുനിന്ന് പുറത്തേക്ക് കടക്കാനുള്ള ചില വാതിലുകള്‍ അന്ന് അടച്ചുപൂട്ടിയിരുന്നു. അതിനെ തുടര്‍ന്നായിരുന്നു അവരില്‍ ചിലര്‍ മൈതാനത്തിന്‍െറ ഒരുഭാഗത്തുള്ള കിണറ്റിലേക്ക് ചാടിയത്. ഒന്നിനുമീതെ മറ്റൊന്നായി വീണ അവരില്‍ പലരും ശ്വാസംമുട്ടി മരിച്ചു. 
പിന്നീട് ഈ കിണറ്റില്‍ നിന്ന് 120 മൃതശരീരങ്ങളാണ് കണ്ടെടുത്തത്. രക്തസാക്ഷികളുടെ കിണറിന്‍െറ അകഭാഗം കാണാന്‍ കേശവ്പാലിന് കഴിയുമായിരുന്നില്ല.  അടപ്പിട്ട് മേല്‍ക്കൂരയും ഭിത്തികളും  ഭദ്രമാക്കിയിരിക്കുന്ന  കിണറ്റിന്‍െറ അകം സന്ദര്‍ശകര്‍ക്ക് കാണാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കിണറ്റില്‍ ജലമുണ്ടോയെന്ന് അദ്ദേഹത്തിനറിയണം. ഉണ്ടാവില്ളെന്ന് കേശവ് തന്നെ മറുപടിയും പറഞ്ഞു. 
ഞാന്‍ വളരെ ബുദ്ധിമുട്ടി കിണറ്റിലേക്ക് നോക്കി. അവിടം ശൂന്യമാണ്. 
..........................................................................
ജാലിയന്‍വാലാ ബാഗില്‍ എത്തുന്നവരെ സ്തബ്ധരാക്കുന്ന കാഴ്ചയുണ്ട്. മൈതാനം ചുറ്റിക്കാണുന്നവര്‍ ഒരുപക്ഷേ, അവസാനമാകും ആ മതിലുകളുടെ അടുത്തേക്കത്തെുന്നത്. ബ്രിട്ടീഷ് പട്ടാളക്കാര്‍ അന്ന് വെടിവെച്ചപ്പോള്‍ ആ വെടിയുണ്ടകള്‍ പിളര്‍ത്തത് മനുഷ്യരുടെ മാറ് മാത്രമായിരുന്നില്ല. മുന്നും പിന്നും നോക്കാതെ പട്ടാളക്കാര്‍ തൊടുത്ത വെടിയുണ്ടകള്‍  ഏറ്റുവാങ്ങിയ ആ മതില്‍ക്കെട്ട് ഇപ്പോഴും ഇവിടെയുണ്ട്. തറച്ചു കയറിയ വെടിയുണ്ടകളുടെ പാടുകള്‍ ഇന്നും അതേപടി തന്നെ. ചില ഭാഗങ്ങളില്‍ വെടിയുണ്ടകളേറ്റ സുഷിരങ്ങളാണങ്കില്‍ മറ്റു ചിലയിടങ്ങളില്‍ ഇഷ്ടികകളുടെ കുറച്ചു ഭാഗംകൂടി വെടിയേറ്റ് തെറിച്ചുപോയ നിലയിലാണ്. ജാലിയന്‍വാലാ ബാഗ് സ്മാരകത്തിനകത്ത് കൊല്ലപ്പെട്ട നേതാക്കളുടെ ഛായാചിത്രങ്ങളുണ്ട്; ചിത്രകാരന്‍െറ 
ഭാവനയിലെ വെടിവെപ്പും.  
ഒടുവില്‍ ജാലിയന്‍വാലാ ബാഗില്‍നിന്ന് ഇറങ്ങാന്‍ നേരം 
കേശവ് പാട്ടീലിനോട് എനിക്കുള്ള സംശയം പങ്കുവെച്ചു. ഈ ചരിത്രമൊക്കെ ഇത്രയും താല്‍പ്പര്യത്തോടെ പഠിച്ച താങ്കള്‍ ഒരു ചരിത്രാധ്യാപക
നായിരുന്നുവോയെന്ന്. എന്നാല്‍ അദ്ദേഹം സ്കൂളില്‍ പോയിട്ടില്ളെന്നും നിരക്ഷനാണെന്നും മറുപടി തന്നു. മറ്റൊന്നുകൂടി പറഞ്ഞു. ചരിത്രങ്ങള്‍ അറിഞ്ഞിരിക്കേണ്ടവരാണ് നമ്മള്‍. പ്രത്യേകിച്ചും ജാലിയന്‍വാലാ ബാഗ് പോലുള്ളവ. 
അതുമറന്നാല്‍പ്പിന്നെ, അവര്‍ നമുക്കുവേണ്ടി മരിച്ചതില്‍ എന്തര്‍ഥം?
ഈ വര്‍ത്തമാനം ഒരു നിരക്ഷരനായ മനുഷ്യനില്‍നിന്നാണ് ഉണ്ടാകുന്നതെന്നോര്‍ത്തപ്പോള്‍ ഞാന്‍ കണ്ണുമിഴിച്ച്നിന്നു. ഒരുപക്ഷേ, രാഷ്ട്ര രക്തസാക്ഷികളുടെ ആത്മാവുകളും ചോദിച്ചുപോയേക്കാവുന്നതാണിത്. രാഷ്ട്രസ്വാതന്ത്ര്യത്തിനും നല്ല നാളേക്കുമായി മരിച്ചവരുടെ പിന്മുറക്കാരായ നമ്മള്‍ എല്ലാം മറക്കുന്ന വേളയില്‍ ഈ ചോദ്യത്തിന് ഏറെ പ്രത്യേകതകളുണ്ട്. 
എപ്പോഴോ ആ വൃദ്ധന്‍െറ കൈകളില്‍ പിടിച്ച് ഞാന്‍ ‘വീണ്ടും കാണാം’ എന്നുപറഞ്ഞു. അദ്ദേഹം ചിരിച്ചു. ഒൗപചാരികതക്കുവേണ്ടി മാത്രം പറഞ്ഞ ആ വാക്കുകളിലെ അര്‍ഥരാഹിത്യത്തെ കുറിച്ചോര്‍ത്തായിരിക്കുമോ കേശവ്പാല്‍ ചിരിച്ചത്...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.