പച്ചപ്പുല്‍മത്തെയുടെ വിശാലതയിലൊരിടത്ത് കാല്‍മുട്ടുകള്‍ മടക്കിയിരിക്കുമ്പോള്‍ എന്‍റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മാണ വൈദഗ്ധ്യത്തിലേക്കു തന്നെ ഞാന്‍ ഉറ്റുനോക്കുകയായിരുന്നു. അതിനുള്ളിലെ പ്രശാന്തതയില്‍ ഉറങ്ങുന്നവരുടെ എണ്ണമെത്രയെന്ന് ഇപ്പോഴുമെനിക്കറിയില്ല. പക്ഷെ, ആരുടെ മുന്നിലാണ്, ആരുടെ സ്മൃതിയിലാണ് ആദ്യം തല കുനിക്കേണ്ടതെന്നതില്‍ സംശയമേയില്ല. ക്ഷമകൊണ്ടും സമാധാനകാംക്ഷകൊണ്ടും അതിരുകള്‍ ലംഘിക്കാത്ത സംസാരം കൊണ്ടും ഇന്‍സാന്‍ ഇ കാമില്‍ എന്ന വിശേഷണം നേടിയ മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനു മുന്നില്‍ത്തന്നെ. അവിടെയാണ് നൂറ്റാണ്ടുകളായി അദ്ദേഹമുറങ്ങുന്നത്.
ഒരു ഞായറാഴ്ച്ചയുടെ ഉച്ചതിരിഞ്ഞ നേരത്തില്‍ സുഹൃത്തിന്‍െറ ജങ്പുരയിലെ വീട്ടിലിരിക്കുമ്പോള്‍ ഞങ്ങളുടെ സൊറ വട്ടത്തിലേക്ക് വളരെ പെട്ടന്ന് കടന്നു വന്ന ഒരാശയമായിരുന്നു ഹുമയൂണിന്‍െറ ശവകുടീരം (Humayun's Tomb) സന്ദര്‍ശിക്കുകയെന്നത്. ചാഞ്ഞു വീഴാന്‍ തുടങ്ങുന്ന വെയിലിനെ കൂട്ടുപിടിച്ച് വളരെ ചെറിയൊരു ഡ്രൈവ് മാത്രം ചെയ്ത് ഞങ്ങളവിടെയത്തെി. ഡല്‍ഹിയിലെ മഥുര റോഡില്‍ നിസാമുദ്ദീന്‍ ഭാഗത്താണ് ആ സ്മാരകമുള്ളത്. പാസ്സെടുത്തു കയറുമ്പോഴും കണ്‍മുന്നിലത്തൊന്‍ പോകുന്ന കാഴ്ചകളെക്കുറിച്ച് യാതൊരു മുന്നറിവുമുണ്ടായിരുന്നില്ല. ഉയര്‍ന്ന മതില്‍ക്കെട്ടിനുള്ളില്‍ വിശാലമായ സ്ഥല വിസ്തൃതിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഓരോ കാഴ്ചകളുടെയും ചരിത്രത്തെ ഞാനിന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിന്‍റെ ഏടുകളില്‍ ഇടയ്ക്കു പിടിതന്നും ഇടയ്ക്കു തെന്നിമാറിയും കുസൃതി കാട്ടുന്ന ആ കാഴ്ചകള്‍ പറഞ്ഞുപറഞ്ഞുതന്നെ നമുക്ക് ഹുമയൂണിന്‍െറ കല്ലറയിലത്തൊം. അകക്കാഴ്ചകളിലാദ്യം ബുഹാലിമയുടെ തോട്ടവും ശവകുടീരവുമാണ്. ആരാണ് ബുഹാലിമ എന്ന അന്വേഷണം എന്നെ എത്തിച്ചത് മുഗള്‍ വംശത്തിനടിത്തറ പാകിയ ബാബറിന്‍റെ കാലത്തിലേക്ക്. രാജകുലത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്ന സ്ത്രീയായിരുന്നുവത്രേ ബുഹാലിമ. അറബ് സരായിയും അഫ്സര്‍വാല മോസ്കും അഫ്സര്‍വാല കുടീരവും പിന്നെ കാഴ്ചകളായി. ഹുമയൂണിന്‍െറ ശവകുടീരത്തിന്‍െറ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ താമസിപ്പിക്കാന്‍ ഉണ്ടാക്കിയ ഇടമാണത്രെ അറബ് സരായ്.
അത് വിശ്വസിച്ചു തുടങ്ങുമ്പോഴേക്കും മറ്റൊരഭിപ്രായം കേട്ടു. ഹുമയൂണിന്‍െറ പത്നി ബേഗാ ബീഗം മക്കയില്‍ ഹജ്ജിനു പോയി തിരികെ വരുമ്പോള്‍ കൊണ്ടുവന്ന മുന്നൂറോളം മുസലിയാര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തയിടമാണ് അറബ് സരായ് എന്ന്. അഫ്സര്‍വാല മോസ്കും കുടീരവും അക്ബറിന്‍െറ കാലത്തെ പ്രധാനിയായൊരാള്‍ക്കു വേണ്ടി പണി കഴിപ്പിച്ചതാണത്രെ. കൂടുതല്‍ വിശദീകരണങ്ങള്‍ക്കുവേണ്ടി ഞാനിപ്പോഴും തെരയുകയാണ്. ആദ്യമേ പറഞ്ഞില്ളേ...ഇടക്കു പിടിതന്നും ഇടയ്ക്കു തെന്നിമാറിയും കുസൃതി കാട്ടും അവിടത്തെ കാഴ്ചകളെന്ന്. എങ്കിലും മുന്നോട്ടുതന്നെ നടക്കാം. ഇനി ഹുമയൂണിന്‍െറ കുടീരം.
വിശാലമായ പച്ചപ്പുല്‍ത്തകിടിയും കണ്ണാടി പോലുള്ള വെള്ളമൊഴുകുന്ന ചാലുകളും ചാലുകള്‍ കൂടിച്ചേരുന്നയിടത്തെ ജലധാരായിടങ്ങളും ഭംഗിയായി നട്ടുപിടിപ്പിച്ച മരങ്ങളുമുള്ള തോട്ടത്തിനു നടുവില്‍ ചുവന്ന മണല്‍ക്കല്ലുകളും വെള്ള മാര്‍ബിളും വെള്ളങ്കല്ല് പാറയും കൊണ്ടുണ്ടാക്കിയ കുടീരം. നീലാകാശപ്പരപ്പിലേക്ക് അത് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ചക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഗാംഭീര്യമുണ്ടായിരുന്നു. ഉദ്യാനം പ്രധാനമായും നാല് സമചതുരങ്ങള്‍ ഒന്നുചേര്‍ന്നതാണ്. അവ വീണ്ടും പല സമചതുര ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. മുഗള്‍ ചാര്‍ ഭാഗിന്‍െറ ഉത്തമ മാതൃക. ചുറ്റുമുള്ള ഉയരം കൂടിയ മതില്‍ക്കെട്ടില്‍ രണ്ടു ദിക്കുകളിലായി പ്രവേശന കവാടങ്ങള്‍. ഒന്ന് തെക്കും മറ്റൊന്ന് പടിഞ്ഞാറും. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന തെക്കേ കവാടത്തെക്കാള്‍ ചെറുതെങ്കിലും രണ്ടു നിലകളുള്ള പടിഞ്ഞാറന്‍ കവാടം സന്ദര്‍ശകരെ യാതൊരു മടിയും കൂടാതെ കടത്തി വിട്ടുകൊണ്ടിരുന്നു. ഒരു രാത്രിയില്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ മുന്നിലേക്ക് ഉസ്മാന്‍ ഖാന്‍ എത്തിച്ച അതി സുന്ദരിയായ ഒരു ഹൈന്ദവ യുവതിയുടെ മുഖം എന്‍െറ മനക്കണ്ണില്‍ തെളിഞ്ഞു വരുന്നത് ഞാനറിഞ്ഞു. പത്താം ക്ളാസ്സിലെ മലയാള പാഠപുസ്തകത്തിലാണ് അവളെ പരിചയപ്പെട്ടത്. സുമംഗലിയായ തന്നെ ഭര്‍ത്താവിന്‍െറ അടുക്കലേക്കു തിരിച്ചയക്കാന്‍ ദയവുണ്ടാകണമെന്ന അവളുടെ അപേക്ഷയെ മാനിച്ച, അവളോട് അപരാധം പ്രവര്‍ത്തിച്ച സ്വന്തം ഭൃത്യനു ശിക്ഷ വിധിച്ച ഹുമയൂണ്‍ ചക്രവര്‍ത്തിയേയും ആദ്യമായി ഉള്ളുകൊണ്ടറിഞ്ഞത് അന്നാണ്.
പടിക്കെട്ടുകളിറങ്ങി ഉദ്യാനത്തിലെ നടവഴിയിലൂടെ കുടീരത്തിലേക്കു നടക്കുമ്പോള്‍ കൈയില്‍ നിറയെ പുസ്തകങ്ങളുമായി സ്വന്തം പുസ്തകശാലയില്‍ നിന്നും ഇറങ്ങി വരുന്ന ഹുമയൂണിന്‍െറ ചിത്രം മനസ്സിലത്തെി. ആ ഇറങ്ങി വരവില്‍ പറ്റിയ വീഴ്ചയിലാണ് നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ സംഭവ ബഹുലമായ സ്വന്തം ജീവിതത്തില്‍ നിന്നുതന്നെ എന്നെന്നേക്കുമായി അദ്ദേഹം തെറിച്ചു പോയത്. ജീവിതത്തിലും സ്ഥിരമായി ഒരിടത്തിരുന്ന് സ്വസ്ഥമായി ഭരിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ഭൗതിക ശരീരത്തിനും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പലപ്പോഴും യാത്രയാകേണ്ടി വന്നു. ആദ്യം പുരാണകിലയിലും പിന്നീട് പഞ്ചാബിലെ സിര്‍ഹിന്ദിലും അദ്ദേഹം അടക്കപ്പെട്ടു. അക്ബര്‍ ഹേമുവിനെ തോല്‍പ്പിച്ച് ഡല്‍ഹി വീണ്ടെടുത്തപ്പോള്‍ ഹുമയൂണിന്‍െറ ശരീരം തിരികെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് ഷേര്‍ മണ്ടലില്‍ അടക്കി. പില്‍ക്കാലത്ത് ഹാജി ബീഗം എന്നറിയപ്പെട്ട അദ്ദേഹത്തിന്‍െറ പത്നി ബേഗ ബീഗം രാജോചിതമായ രീതിയില്‍ ഒരു കുടീരം നിര്‍മ്മിച്ച് ഹുമയൂണിന്‍റെ ശരീരം അവിടെയടക്കി. 1569 മുതല്‍ ഹുമയൂണ്‍ ചക്രവര്‍ത്തി അവിടെയുണ്ട്; 'ഹുമയൂണ്സ്വ ടോമ്പി'ല്‍. ഹുമയൂണിന്‍െറ കുടീരം താജ് മഹലിനെ ഓര്‍മിപ്പിക്കുന്നു. ബേഗ ബീഗം മിറാക് മിര്‍സ ഗിയാത്ത് എന്ന പേര്‍ഷ്യന്‍ ശില്‍പ്പിയെ ആണത്രേ ഈ നിര്‍മാണത്തിന്‍റെ ചുമതലയേല്‍പ്പിച്ചത്. താജ് മഹലിന്‍െറ രൂപത്തിനു പ്രചോദനമായത് ഈ കുടീരമാണെന്ന് പിന്നീടാണറിഞ്ഞത്. ആരാണ് ഓരോ കല്ലറക്കുള്ളിലുമെന്ന സത്യം വെളിപ്പെടുത്തപ്പെടുന്നേയില്ല. ഹുമയൂണിന്‍െറ പത്നിമാരായ ബേഗ ബീഗവും ഹമീദ ബാനു ബീഗവും അവരുടെ മരണ ശേഷം അവിടെയാണ് അടക്കപ്പെട്ടിരിക്കുന്നതെന്നറിയാം. ഷാജഹാന്‍െറ പുത്രന്‍ ദാരയുടെ തലയില്ലാത്ത ശരീരവും അവിടെയാണുള്ളത്. പക്ഷെ, അതിനുള്ളിലെവിടെ? ഏതേതു കല്ലറകളില്‍? അത്ഭുതങ്ങളും പുത്തനറിവുകളും അവ്യക്തതകളും ഒരുപാടൊരുപാടായി. രണ്ടു നിലകളുള്ള കുടീരത്തിന്‍െറ മുകള്‍ നിലയിലേക്ക് കയറിയപ്പോള്‍ വസ്ത്രങ്ങളില്‍ കാറ്റ് പിടിച്ചു. ജാലിയിലൂടെ അരിച്ചത്തെുന്ന ചാഞ്ഞ വെയില്‍ പ്രകാശമാനമാക്കിയ മുകള്‍ നിലയിലെ വലിയ ഹാളില്‍ നിരന്നു കിടന്ന മൂന്നു കല്ലറകള്‍ക്കു മുന്നില്‍ ഞാന്‍ കാല്‍മുട്ടുകളൂന്നി വെറുതെ ഒന്നിരുന്നു. തലയുയര്‍ത്തി മുകളിലേക്കു നോക്കിയപ്പോള്‍ ഉയരം കൂടുന്തോറും ഒരു ബിന്ദുവിലേക്ക് ചുരുങ്ങിക്കൂടി വരുന്ന അലങ്കാരപ്പണികളുള്ള ചുവരുകളുടെ കാഴ്ച കണ്ണില്‍. മനുഷ്യരെല്ലാം ഓടിയോടി അവസാനമത്തെിച്ചേരുന്നത് ഒരൊറ്റ ബിന്ദുവില്‍. ഒരു കുടുംബത്തില്‍ പല കാലങ്ങളില്‍ ജനിച്ചു ജീവിച്ചവര്‍ മരണത്തില്‍ ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ഒന്നുചേര്‍ന്നിരിക്കുകയാണെന്ന കാര്യം മനസുള്‍ക്കൊണ്ടപ്പോള്‍ കല്ലറകളോരോന്നും ആരുടെതാണെന്ന തേടല്‍ ഇല്ലാതായി. മുഗള്‍ പേര്‍ഷ്യന്‍ ശൈലിയില്‍ പണിതീര്‍ത്ത കുടീരത്തിന്‍െറ ചുറ്റിലും ഉള്ളിലും നിറഞ്ഞു നിന്ന നിശ്ശബ്ദതയിലും തണുപ്പിലും ഞാനുമലിഞ്ഞു.
'ഹുമയൂണ്‍സ് ടോമ്പി'ലെ മുകള്‍ നിലയില്‍ നിന്നുകൊണ്ടാണ് ചുറ്റുമുള്ള ഉദ്യാനത്തിന്‍റെ തെക്ക് കിഴക്കേ മൂലയില്‍നില്ക്കുന്ന ബാബറുടെ കുടീരം ഞാന്‍ കണ്ടത്. ചുറ്റിലും കണ്ണോടിക്കുമ്പോള്‍ കാഴ്ചകള്‍ ഇനിയുമുണ്ട്. ബരാദാരി (baradari), ഹമാം(hammam), നില ഗുംബാദ് (nila gumbad ), ഇസാ ഖാന്‍സ് ടോമ്പ്, ഇസാ ഖാന്‍സ് മോസ്ക് അങ്ങനെ വിശദീകരണങ്ങള്‍ തന്നും തരാതെയുമിരിക്കുന്ന പലതും. എല്ലാ ചരിത്രങ്ങളും അതതു കാലങ്ങളില്‍ സത്യസന്ധമായി എഴുതി വെക്കപ്പെട്ടിരുന്നുവെങ്കില്‍ കണ്ടത്തെലുകള്‍ എത്ര എളുപ്പമാവുമായിരുന്നു. വെയില്‍ മങ്ങിത്തുടങ്ങിയിട്ടും അവിടത്തെ ഉദ്യാനപ്പരപ്പില്‍ ഞങ്ങളെപ്പോലെ പലരുമുണ്ടായിരുന്നു. ഡല്‍ഹിയുടെ തിരക്കുകള്‍ക്കു നടുവില്‍ കിട്ടിയ ശാന്തമായ, ഭംഗിയുള്ള ആ ഇടം വിട്ടുപോകാന്‍ വയ്യാതെ വര്‍ത്തമാനം പറഞ്ഞും കുടീരത്തിന്‍റെ ഭംഗിയാസ്വദിച്ചും ഏറെ നേരം ഞങ്ങളിരുന്നു; അന്നേ ദിവസത്തെ അവസാനത്തെ സൂര്യ കിരണത്തേയും പിടിച്ചെടുക്കാന്‍ കുടീരത്തിനു മുകളിലെ വെള്ളക്കല്‍ കുംഭഗോപുരം ആകാശത്തേയ്ക്ക് ചെമ്പിന്‍ കൂര്‍പ്പ് നീട്ടിനില്‍ക്കുന്നത് നോക്കിക്കൊണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.