?????? ???????? 30,000 ??????? ????? ??????????? ???????????????? ??? ??????

സുല്‍ത്താന്‍റെ അത്ഭുത നാട്ടില്‍

ബ്രൂണെയുടെ ആകാശത്തിന് മുകളിലാണിപ്പോള്‍ വിമാനം. താഴെ നമ്മുടെ കരിപ്പൂരിനേക്കാള്‍ അൽപം കൂടി വലുതെന്ന് പറയാവുന്ന ഒരു സാധാരണ വിമാനത്താവളം. ദുബൈയില്‍ നിന്ന് പുറപ്പെട്ട റോയല്‍ ബ്രൂണെ എയര്‍ലൈന്‍സിന്‍റെ ഡ്രീംലൈനര്‍ കിഴക്കോട്ട് പറന്ന് പാകിസ്താനും ഇന്ത്യയും തായ് ലന്‍റും കംബോഡിയയും വിയറ്റ്നാമും ദക്ഷിണ ചൈനാ കടലും  കടന്ന് ബ്രൂണെ തലസ്ഥാനമായ  ബന്ദര്‍ സെറി ബെഗവാനില്‍ ഇറങ്ങുമ്പോള്‍ 6800 കി.മീറ്ററും ഏഴു മണിക്കൂറും പിന്നിട്ടിരുന്നു. ദുബൈയേക്കാള്‍ നാലു മണിക്കൂര്‍ (ഇന്ത്യയേക്കാള്‍ രണ്ടര മണിക്കൂര്‍) മുന്നിലോടുന്നു ബ്രുണെ സമയം. സമ്പന്നതയുടെ പളപളപ്പും കൂറ്റന്‍ എടുപ്പുകളും  കെട്ടുകാഴ്ചകളുമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും വിമാനത്താവളവും പുറത്തെ നഗരവും ശാന്തവും ലാളിത്യം നിറഞ്ഞതുമായിരുന്നു. പച്ചപ്പേറെയുള്ള തിരക്കൊഴിഞ്ഞ നഗരം പ്രൗഡിയോടൊപ്പം ഏറെ വിനയവും വിളിച്ചോതി. തെരുവുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും ബോട്ട് ജെട്ടിയിലുമെല്ലാം കണ്ട പുഞ്ചിരിക്കുന്ന കുറിയ മനുഷ്യരോട്  ഒട്ടും അപരിചിതത്വം തോന്നിയതേയില്ല. വീതി കുറവെങ്കിലും ഇരു വശങ്ങളിലും പച്ചപ്പ് നിറച്ച റോഡുകള്‍  മനോഹരം. വലിയൊരു ഉദ്യാനം പോലെ ഏറെ വൃത്തിയോടെ സുന്ദരിയായി നില്‍ക്കുകയാണ് ഈ കൊച്ചു തലസ്ഥാനം.

കുട്ടിക്കാലത്ത് പത്രവായനയിലൂടെ മനസ്സില്‍ കയറിവന്ന അദ്ഭുത നാടായിരുന്നു ബ്രുണെ. ലോകത്തെ ഏറ്റവും സമ്പന്നരിലൊരാളായ ബ്രുണെ സുല്‍ത്താനുമായി ബന്ധപ്പെട്ട വിസ്മയ വാര്‍ത്തകള്‍ ഫാന്‍റസി കഥ പോലെയാണ് വായിച്ചതും കേട്ടതുമെല്ലാം. ലോകത്തെ ഏറ്റവും വലിയ ആര്‍ഭാട കാര്‍ ശേഖരമുള്ളയാള്‍, സ്വന്തമായി ബോയിങ് 747-400 വിമാനം പറപ്പിച്ച് ലോകം ചുറ്റുന്ന ഭരണാധികാരി. ലോകത്തെ ഏറ്റവും വലിയ കൊട്ടാരത്തില്‍ താമസിക്കുന്ന സുല്‍ത്താന്‍, തനി തങ്കത്തില്‍ തീര്‍ത്ത റോള്‍സ്-റോയ്സ് കാറിനുടമ... അങ്ങിനെ പോകുന്നു സൂല്‍ത്താന്‍റെ വീരകഥകള്‍. ലോകത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി, ബെന്‍റ്ലി, ഫെറാറി, ബുഗാട്ടി, റോള്‍സ്-റോയ്സ് തുടങ്ങിയവരെല്ലാം സുല്‍ത്താന് വേണ്ടി മാത്രം പ്രത്യേകം മോഡലുകള്‍ ഇറക്കുന്നതും ഡാര്‍ജിലിങ്ങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന കിലോക്ക് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജൈവ തേയിലയാണ് സുല്‍ത്താന്‍ കുടിക്കുന്നത് എന്നതും അദ്ദേഹത്തിനു മാത്രമായി ലോകത്തെ ഏറ്റവും മികച്ച ചുരുട്ട് ഉണ്ടാക്കുന്നതുമെല്ലാം ബ്രൂണെയെയും സുല്‍ത്താനെയും സംബന്ധിച്ച് ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന വിസ്മയ സംഭവങ്ങളായിരുന്നു. ആ രാജ്യത്താണിപ്പോള്‍ ഞങ്ങളുള്ളത്.

ശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത കുംഭങ്ങളുമായി ഉമര്‍ അലി സൈഫുദ്ദീന്‍ പള്ളി
 

ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്ക്, മൂന്നു വശം മലേഷ്യന്‍ സംസ്ഥാനമായ സറാവാകും ഒരുവശം ദക്ഷിണ ചൈന കടലാലും ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചു രാജ്യമാണ് ബ്രുണെ. നമ്മുടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടിച്ചേര്‍ന്നാല്‍ ബ്രൂണെയേക്കാള്‍ വലുതാകും എന്നു പറഞ്ഞാല്‍ ഈ രാജ്യത്തിന്‍റെ വലുപ്പം മനസ്സിലാകും. എന്നാല്‍, ജനസംഖ്യയാകട്ടെ ഈ രണ്ടു ജില്ലകളുടെ പതിനാറിലൊന്നും. 5,795 ചതുരശ്ര കിലോമീറ്റാണ് വിസ്തീര്‍ണം. വെറും നാലേകാല്‍ ലക്ഷം ജനങ്ങളാണ് ഈ മനോഹര തീരത്ത് ജീവിക്കുന്നത്. ബോര്‍ണിയോ ദ്വീപിന്‍റെ മുക്കാല്‍ ഭാഗവും ഇന്തോനേഷ്യയാണ്. പിന്നെ മലേഷ്യയുടെ ഒരു ഭാഗവും. ഈ ദ്വീപില്‍ ബ്രൂണെയുടെ പങ്ക് ഒരു ശതമാനം മാത്രം.  

സമ്പത്തേറെയുള്ള രാജ്യത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ഈ ജനത കഴിയുന്നു. ദരിദ്രമായ മേഖലയില്‍ നിന്ന് ബ്രൂണെ സാമ്പത്തിക ശക്തിയായി മാറുന്നത് 1929ല്‍ എണ്ണ ഖനനം തുടങ്ങിയതോടെയാണ്. 20ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഭൂമിക്കടിയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും നിര്‍ലോഭം ലഭിക്കുകയും 1984ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തതോടെ ബ്രൂണെ ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളിലൊന്നായി.

അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തലുനസരിച്ച് ലോകത്തെ അഞ്ചാമത്തെ സമ്പന്ന രാജ്യം. മാനവ വികസന സൂചികയില്‍  ദക്ഷിണ പൂര്‍വ ഏഷ്യയില്‍ രണ്ടാം സ്ഥാനത്താണ് ബ്രൂണെ എന്ന വികസിത രാജ്യം. സിങ്കപ്പൂര്‍ മാത്രമാണ് മുന്നില്‍. ലോകത്ത് കടം വാങ്ങാത്ത രണ്ടു രാജ്യങ്ങളിലൊന്ന്. (മറ്റൊന്ന് ലിബിയയാണ്). പൗരന്മാര്‍ നികുതികളൊന്നും നല്‍കേണ്ട. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും സര്‍ക്കാര്‍ നല്‍കുന്നു. വിദ്യഭ്യാസവും ചികിത്സയുമെല്ലാം സൗജന്യം. വൃദ്ധര്‍ക്ക് പെന്‍ഷനും വിധവകള്‍ക്കും വികലാംഗര്‍ക്കും ഉപജീവന ബത്തയും വേറെ. ഈ സൗകര്യങ്ങളുടെയെല്ലാം ആലസ്യം കാണാനുണ്ടെങ്കിലും ആര്‍ഭാട രഹിതമായ ജീവിതമാണ്  ബ്രൂണെ നിവാസികളുടേത്. കൃഷിയും മീന്‍പിടിത്തവുമെല്ലാമായി അവര്‍ കഴിയുന്നു.

ജലഗ്രാമത്തിന്‍െറ ഒരു ദൃശ്യം
 

ബ്രൂണെയുടെ അദ്ഭുത കാഴ്ചകളില്‍ പ്രധാനമാണ് ജല ഗ്രാമങ്ങള്‍. കരയില്‍ വീടും സ്ഥലവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടും വെള്ളത്തില്‍ കാല്‍നാട്ടി കെട്ടിയുയര്‍ത്തിയ വീടുകളിലാണ് ബ്രൂണെ നിവാസികളില്‍ വലിയൊരു വിഭാഗം താമസിക്കുന്നത്. ബ്രൂണെ നദിയില്‍ ഇങ്ങനെ കെട്ടിപൊക്കിയ വീടുകളില്‍ 30,000ത്തോളം പേരാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളും ചന്തയും പള്ളിയും ആശുപത്രിയും പൊലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനുമെല്ലാം വെള്ളത്തില്‍ തന്നെ. 42 ജല ഗ്രാമങ്ങളുടെ കൂട്ടമാണ് തലസ്ഥാന നഗരിയോട് ചേര്‍ന്ന് ജലപരപ്പിലുള്ളത്. മരപ്പലകകള്‍ വിരിച്ച നടപ്പാലങ്ങളിലുടെ ഗ്രാമങ്ങളും വീടുകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. 30 കി. മീറ്റര്‍ നീളമുണ്ട് ഈ നടപ്പാലങ്ങള്‍ക്ക്.

മിക്ക വീടുകള്‍ക്ക് താഴെയും യന്ത്രവത്കൃത തോണികളും സ്പീഡ് ബോട്ടുകളും നിര്‍ത്തിയിട്ടിരിക്കുന്നു. പാരമ്പര്യത്തിലും പൈതൃകത്തിലുമൂന്നി നിന്നുള്ള ബ്രൂണെ ജനതയുടെ ജീവിതത്തിന്‍െറ സാക്ഷ്യപത്രം തന്നെയാണീ ജല ഗ്രാമങ്ങള്‍. 16ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സഞ്ചാരികളുടെ കുറിപ്പുകളില്‍ ‘കാംപോങ് അയര്‍’ എന്ന പേരിലറിയപ്പെടുന്ന ജലഗ്രാമങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെങ്കിലൂം അതിനും എത്രയോ വര്‍ഷം മുമ്പ് ഇവ നിലനിന്നിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ഏതായാലും ഈ ജല ജീവിതം ദേശീയ പൈതൃകത്തിന്‍െറ ഭാഗമായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കരയില്‍ നിന്ന് ജല ടാക്സികള്‍ ഈ ഗ്രാമങ്ങളിലേക്ക് നിരന്തരം സര്‍വീസ് നടത്തുന്നു.

ദൂരെ നിന്ന് നോക്കുമ്പോള്‍ തകരഷീറ്റുകളും മരപ്പലകയും കൊണ്ട് നിര്‍മിച്ച ദരിദ്ര ഭവനങ്ങളാണെന്ന് തോന്നുമെങ്കിലും എയര്‍കണ്ടീഷനും ഇന്‍റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനുമെല്ലാമായി ആര്‍ഭാട ഭവനങ്ങളാണ് ഇവയെല്ലാം. ശുദ്ധജലം കരയില്‍ നിന്ന് പൈപ്പിലൂടെ എത്തും. മാലിന്യശേഖരണത്തിനും സംസ്കരണത്തിനും വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. മീന്‍ പിടിത്തക്കാരും കരകൗശല തൊഴിലാളികളും കച്ചവടക്കാരുമാണ് ഇവിടത്തെ പ്രധാന താമസക്കാര്‍. കരയിലത്തെിയാല്‍ ടാക്സികളും ബസുകളും പാതകളില്‍ അധികം കാണാനില്ല. അര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള തലസ്ഥാന നഗരിയില്‍ ബസ് സര്‍വീസുകള്‍ രാത്രി എട്ടിന് അവസാനിക്കും. കടകളെല്ലാം പത്തുമണിയോടെ അടക്കും. എണ്ണയും പ്രകൃതി വാതകവും മാത്രമല്ല കാടും കടലും നദികളും മലയും നല്‍കി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞിരിക്കുന്നു പ്രകൃതി. ആകെ ഭൂപ്രദേശത്തിന്‍റെ മുക്കാല്‍ ഭാഗവും കാടാണ്. 161 കിലോ മീറ്ററാണ് കടല്‍തീരം. കണ്ടല്‍ക്കാടും ചതുപ്പും കുറ്റിച്ചെടികളും സമൃദ്ധമായി അതിരിടുന്ന  പുഴകളാണ് യഥാര്‍ഥത്തില്‍ ബ്രൂണെയുടെ ജീവനാഡി. നാലു ജില്ലകളാണ് ബ്രുണെയില്‍. ഏറ്റവും ചെറിയ ജില്ലയായ ബ്രൂണെ-മുവാറയിലാണ് രാജ്യത്തെ പകുതിയിലേറെയും പേര്‍ വസിക്കുന്നത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍. രാജ്യ തലസ്ഥാനമായ ബന്തര്‍ സെറി ബെഗവാനും ഈ വടക്കന്‍ ജില്ലയിലാണ്.  ബെലൈറ്റാണ് ഏറ്റവും വലിയ ജില്ല. ജനസംഖ്യ 70,000ത്തോളം. ബ്രൂണെയുടെ എണ്ണ-വാതക വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.

ബ്രൂണെ തലസ്ഥാനമായ ബന്ദര്‍ സെറി ബെഗവാനിലെ രാത്രിച്ചന്തയിലെ കാഴ്ചകള്‍
 

കിഴക്കന്‍ ജില്ലയായ ടെംബുറോങില്‍ കൂടുതലും മലയും കാടുമായതിനാല്‍ ജനവാസം തീരെ കുറവാണ്. ഇവിടെയാണ് രാജ്യത്തെ ആദ്യത്തെ ദേശീയ പാര്‍ക്കായ ഉലു. ജില്ലയുടെ 40 ശതമാനവും (550 ചതുരശ്ര കി.മീ) കൈയടക്കിയ ഉഷ്ണമേഖലാ മഴക്കാടിനെയാണ് 1991ല്‍ സുല്‍ത്താന്‍ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. നമ്മുടെ സൈലന്‍റ് വാലിയെപ്പോലെ നൂറുകണക്കിന് അപൂര്‍വ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം. വന്നതിന്‍െറ പിറ്റേദിവസം ഇവിടേക്കായിരുന്നു യാത്ര. അതിരാവിലെ തന്നെ പുറപ്പെടണമെന്ന് ഫിലിപ്പീന്‍സുകാരനായ ഗൈഡ്  പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു. കാരണം രാവിലെ ഏഴരക്കുള്ള ബോട്ട് കിട്ടിയില്ലെങ്കില്‍ ആസൂത്രണമെല്ലാം തെറ്റും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാട്ടര്‍ ടാക്സി സര്‍വീസാണ്. ചാറ്റല്‍മഴക്കിടയില്‍ ആര്‍ഭാടമൊട്ടുമില്ലാത്ത നരച്ച പെയിന്‍റടിച്ച ബോട്ടില്‍ കയറി. 25 പേര്‍ക്ക് കയറാനാവുന്ന ബോട്ട്, കണ്ട പോലെയല്ലായിരുന്നു. ചളികലങ്ങിയ നിറത്തിലുള്ള വെള്ളത്തിനു മുകളിലൂടെ ശരിക്കും പറക്കുകയായിരുന്നു. നിറയെ വളവും തിരിവുമുള്ള വീതികുറഞ്ഞ ജലപാതയുടെ ഇരുകരകളിലുമുള്ള കണ്ടലുകളും ചുള്ളിക്കാടുകളും അതിവേഗം പിന്നോട്ടോടി. അവക്കു പിന്നില്‍ നിബിഡവനങ്ങളുടെ പച്ചപ്പ്.

45 മിനിറ്റ് യാത്രക്കിടയില്‍ ഫോണില്‍ ‘നിങ്ങള്‍ക്ക് മലേഷ്യയിലേക്ക് സ്വാഗതം ’ എന്ന സന്ദേശം വന്നപ്പോള്‍ അദ്ഭുതമായി. ടെംബുറോങിന്‍െറ മൂന്നു ഭാഗവും മലേഷ്യന്‍ പ്രദേശമാണെന്നും അവരുടെ ജലാതിര്‍ത്തിയിലൂടെ അൽപം സഞ്ചരിക്കേണ്ടതുണ്ടെന്നും ഗൈഡിന്‍റെ വിശദീകരണം. ഉലുവിലേക്കുള്ള യാത്രയുടെ ഒരുഘട്ടം പിന്നിട്ട് ബംഗാര്‍ എന്ന ചെറുപട്ടണത്തില്‍ ബോട്ട് അടുത്തു. ഇവിടെ നിന്ന് അരമണിക്കൂര്‍ ഇനി റോഡ് യാത്രയാണ്. അതുകഴിഞ്ഞ് വ്യത്യസ്തമായ മറ്റൊരു  ജലയാത്ര. ചെറിയ മോട്ടോര്‍ ഘടിപ്പിച്ച ആറു പേര്‍ക്ക് മാത്രം കയറാവുന്ന നീളന്‍ തോണിയില്‍. നിറയെ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ കാട്ടാറിലൂടെ ഒഴുക്കിനെതിരെയുള്ള യാത്ര അരമണിക്കൂറിലേറെ നീണ്ടു. നിറഞ്ഞൊഴുകുന്ന പ്രകൃതി ഭംഗി ആസ്വദിച്ച് കളകളാരവവും കിളികളുടെ ചിലമ്പലും കേട്ടുള്ള യാത്ര  ദേശീയ ഉദ്യാനത്തിനകത്തുള്ള ഉലു ഉലു റിസോര്‍ട്ടിന്‍റെ ജെട്ടിയിലാണ് അവസാനിച്ചത്. ദാഹമകറ്റിയ ശേഷം കാടിനകത്തേക്കുള്ള യാത്ര. വേഴാമ്പലുകളും അട്ടയും ചീവിടുകളുടെ സിംഫണിയും സൈലന്‍റ് വാലി യാത്രയെ ഓര്‍മിപ്പിച്ചു. ചെറിയ വെള്ളച്ചാട്ടങ്ങളും തൂക്കുപാലവും 800 ഓളം ചവിട്ടുപടികളുള്ള കനോപിയും അവിടെനിന്നുള്ള കണ്ണെത്താദൂരം പരന്നുകിടക്കുന്ന ജൈവ വൈവിധ്യ സമ്പുഷ്ടമായ വനദൃശ്യവുമാണ് ഉലു ഉലു സന്ദര്‍ശനം അവിസ്മരണീയമാക്കുന്നത്.  പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തില്‍ ലോകത്ത് തന്നെ മികച്ച റെക്കോഡാണ് ബ്രൂണെക്ക്. 550 ചതുരശ്ര കിലോ മീറ്റര്‍ വ്യാപ്തിയുള്ള ഉലു പാര്‍ക്കിന്‍െറ വെറും ഒരു ചതു. കിലോമീറ്ററില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശമുള്ളൂ.

ഉലുവില്‍ നിന്ന് ഹോട്ടലില്‍ തിരിച്ചെത്തി അല്പം വിശ്രമിച്ച ശേഷം വീണ്ടും നഗരത്തിലേക്കിറങ്ങി. ബ്രൂണെ സന്ദര്‍ശനത്തില്‍ ഒഴിവാക്കാനാവാത്ത രാത്രിച്ചന്തയാണ് ലക്ഷ്യം. കൂറ്റന്‍ മാളുകളും ഷോപ്പിങ് കേന്ദ്രങ്ങളും കുറവായതിനാല്‍  ഈ ചന്തയില്‍ നിന്നാണ് നഗരവാസികളില്‍ വലിയൊരു വിഭാഗവും പച്ചക്കറിയും പഴവര്‍ഗങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളുമെല്ലാം വാങ്ങുന്നത്. ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന തുറന്ന ചന്തയില്‍ വ്യാപാരം നടത്തുന്നത് കുടുതലും സ്ത്രീകളാണ്. ചില കൗണ്ടറുകളില്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബസമേതമാണ് കച്ചവടം. ചൂടോടെ കഴിക്കാന്‍ നാടന്‍ പലഹാരങ്ങള്‍ മുതല്‍ ചിക്കന്‍, ബീഫ്, മത്സ്യ വിഭവങ്ങളെല്ലാം നിരത്തിവെച്ചിരിക്കുന്നു.  പഴംപൊരിയും നെയ്യപ്പവും ബോണ്ടയും അടയും റൊട്ടി പൊരിച്ചതുമെല്ലാം അതിലുണ്ട്. എല്ലാം രുചികരം. വിലയും താരതമ്യേന കുറവ്. സ്വദേശികളൂം വിദേശികളുമെല്ലാമായി നല്ല തിരക്കാണ് രാത്രിച്ചന്തയില്‍. ബ്രുണെ ജനതയുടെ ലാളിത്യമാര്‍ന്ന ജീവിതത്തിന്‍റെ പ്രതിഫലനം കൂടിയാണ് ഈ ചന്തയില്‍ കാണാനാവുക.

ഉമര്‍ അലി സൈഫുദ്ദീന്‍ പള്ളി
 

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും ബ്രുണെയിലുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനമായതിനാല്‍ മലയാളികളെ ആരെയും കാണാന്‍ സാധിച്ചില്ളെങ്കിലും ചെന്നൈ സ്വദേശിയായ രാജയുടെ ഇന്ത്യന്‍ റസ്റ്റോറന്‍റില്‍ നിന്ന് വാഴയിലയില്‍ വിളമ്പിയ അസ്സല്‍ കേരള ഉച്ചയൂണ്‍ കഴിക്കാന്‍ സാധിച്ചു. മലയാളികള്‍ നടത്തുന്ന റസ്റ്റോറന്‍റുകള്‍ നഗരത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ  രണ്ടു പതിറ്റാണ്ടിലേറെയായി കൂടുംബ സമേതം ബ്രുണെയിലുണ്ട്. സമീപത്തെ മേശയില്‍ എതാനും സ്വദേശികള്‍ ഇലയില്‍ നിന്ന് സ്പൂണും മുള്ളൂം ഉപയോഗിച്ച് ഊണു കഴിക്കുന്നതും കാണാനായി. ഇസ്ലാമിക രാജ്യമായ ബ്രൂണെയില്‍ 78 ശതമാനവും മുസ്ലിംകളാണ്. ബ്രൂണെ ദാറുസ്സലാം എന്നാണ് രാജ്യത്തിന്‍റെ മുഴുവന്‍ പേര്. എട്ടു ശതമാനം ക്രിസ്ത്യാനികളും ഏഴു ശതമാനം ബുദ്ധമതക്കാരുമാണ്.  2014 മുതല്‍ ശരീഅത്ത് നിയമമാണ് രാജ്യത്ത്. ആഡംബരവും ശിൽപചാതുരിയും സമന്വയിക്കുന്ന നിരവധി പള്ളികള്‍ ബ്രൂണെയുടെ വിവിധ ഭാഗങ്ങളിലായി കാണാം. രാജാക്കന്മാര്‍ തങ്ങളുടെ നാമം ചരിത്രത്തില്‍ കോറിയിടുന്നത് സൗന്ദര്യവും പ്രൗഡിയുമൊഴുകുന്ന ആരാധനാലയങ്ങള്‍ നിര്‍മിച്ചാണെന്ന് തോന്നും.

ഏഷ്യ പസിഫിക് മേഖലയിലെ തന്നെ ഏറ്റവും മനോഹരമായ പള്ളിയാണ് നിലവിലെ സുല്‍ത്താന്‍റെ പിതാവും 28ാമത്തെ സുല്‍ത്താനുമായ ഉമര്‍ അലി സൈഫുദ്ദീന്‍റെ പേരില്‍ നഗരത്തില്‍ സ്വര്‍ണകുംഭവുമായി തലയുയര്‍ത്തിനില്‍ക്കുന്നത്. 1958ലാണ് നിര്‍മിച്ചതെങ്കിലും മുഗള്‍-ഇറ്റാലിയന്‍ ശിൽപവിദ്യയുടെ മനോഹര സംഗമമായ  ഈ പള്ളി വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. 171 അടി ഉയരമുള്ള പള്ളി ബന്ദര്‍ സെറി ബിഗവാന്‍ നഗരത്തിന്‍റെ ഏതു ഭാഗത്തുനിന്നു നോക്കിയാലും കാണും. കൃത്രിമ തടാകത്തിന് മധ്യത്തില്‍ ശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത കൂംഭങ്ങളും മാര്‍ബിള്‍ തൂണുകളും മിനാരങ്ങളും ചുറ്റും പുന്തോട്ടവും വൃക്ഷത്തണലുമെല്ലാമായി തീര്‍ത്തും വ്യത്യസ്ത ആവിഷ്കാരം തന്നെയാണ് ഈ ആരാധനാലയം. പക്ഷെ ഏറ്റവും വലിയ പള്ളി നിലവിലെ സുല്‍ത്താന്‍െറ കിരീടധാരണത്തിന്‍െറ 25ാം വാര്‍ഷികത്തില്‍ പണിത കൈറോങ്് പള്ളിയാണ്. 1988ല്‍ നിര്‍മാണം തുടങ്ങിയ അത്യാഢംബര പള്ളി 1993ലാണ് പൂര്‍ത്തിയായത്. രാജ്യത്തിന്‍റെ 29ാമത് സൂല്‍ത്താനായതിനാല്‍ സ്വര്‍ണത്തില്‍ തീര്‍ത്ത 29 കുംഭങ്ങളാണ് ഈ പള്ളിയുടെ പ്രധാന സവിശേഷത.

1967ല്‍ 21ാം വയസ്സില്‍ ബ്രുണെയുടെ സുല്‍ത്താനായി അധികാരമേറ്റ ഹസനല്‍ ബോല്‍ക്കിയ്യയുടെ കുട്ടിക്കാലം മുതലുള്ള ചരിത്രവും രാജകീയ ശീലങ്ങളും ആചാരങ്ങളും ബ്രൂണെയുടെ വളര്‍ച്ചയുമെല്ലാം നേരില്‍ മനസ്സിലാക്കണമെങ്കില്‍ തലസ്ഥാന നഗരത്തിലെ റോയല്‍ റിഗാലിയ എന്ന മ്യൂസിയം സന്ദര്‍ശിച്ചാല്‍ മതി.  കിരീടധാരണ ചടങ്ങില്‍ സുല്‍ത്താന്‍ എഴുന്നള്ളിയ സ്വര്‍ണരഥവും രാജ മുദ്രകളും അധികാര ചിഹ്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചുണ്ട്. രാജവംശത്തിന്‍റെ ചരിത്രവും സുല്‍ത്താന്‍റെ കുട്ടിക്കാലവും ചിത്രങ്ങളായി തൂങ്ങുന്നു.

എണ്ണ വിലയിടിവും സാമ്പത്തിക വളര്‍ച്ചയിലെ കിതപ്പും വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള പുതിയ വരുമാന മാര്‍ഗങ്ങളിലേക്ക് നീങ്ങാന്‍ ബ്രൂണെയെ പ്രേരിപ്പിക്കുന്നുണ്ട്. പ്രകൃതി ഭംഗിയും ശാന്തതയും സമാധാനവും വൃത്തിയുമാണ് ബ്രൂണെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുന്നോട്ടുവെക്കുന്നത്. സമ്പന്നരെ ലക്ഷ്യമിട്ട് ലോകത്തെ തന്നെ ഏറ്റവും മികച്ചവയെന്ന് പറയാവുന്ന കൂറ്റന്‍ ഹോട്ടലൂം സുല്‍ത്താന്‍  പണിതിട്ടുണ്ട്. സപ്തനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ‘ദ എമ്പയര്‍ ഹോട്ടല്‍ ആന്‍ഡ് കണ്‍ട്രി ക്ലബ്ബ്’ ആര്‍ഭാടങ്ങളുടെ വിസ്മയക്കാഴ്ചയാണ്. 180 ഹെക്ടറിലാണ് 530 ലേറെ മുറികളുള്ള ഹോട്ടല്‍ വ്യാപിച്ചുകിടക്കുന്നത്. ഹോട്ടല്‍ വളപ്പിനകത്ത് മാത്രം 22 കി.മീറ്റര്‍ റോഡ്. രാജകീയ ഓഡിറ്റോറിയങ്ങളും തിയറ്ററും ഗോള്‍ഫ് കോഴ്സും ജിമ്മും സ്പായും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും ബീച്ചും ഉദ്യാനങ്ങളുമെല്ലാം ഏറ്റവും മുന്തിയ നിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹോട്ടല്‍ ലോബി മുതല്‍ കുളിമുറികളില്‍ വരെ സ്വര്‍ണസ്പര്‍ശം കാണാം.

11 ലക്ഷത്തോളം രൂപ ദിവസ വാടക വരുന്ന ലോകത്തെ തന്നെ ഏറ്റവും ആര്‍ഭാട സ്വീറ്റും കൊട്ടാര സദൃശ്യമായ ഈ കടല്‍ത്തീര ഹോട്ടലിലുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണും ചാള്‍സ് രാജകുമാരനും ഇവിടെ താമസിച്ചിട്ടുണ്ട്. ഭരണാധികാരികളുടെ സമ്പത്തും ആഡംബരവും ഒരു ഭാഗത്തും പ്രജകളുടെ സംതൃപ്തമായ സാധാരണ ജീവിതം മറുഭാഗത്തും സമന്വയിക്കുന്ന ശാന്തസുന്ദരമായ നാടാണ് ബ്രൂണെയെന്ന് ചുരുക്കിപ്പറയാം.

സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ്യ

69 കാരനായ സുല്‍ത്താന്‍  ഹസനല്‍ ബോല്‍ക്കിയ്യ ആണ് ബ്രൂണെ എന്ന അദ്ഭുത കഥയിലെ നായകന്‍.  പിതാവ് സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്ന് 1968 ആഗസ്റ്റിലാണ് ഹസനല്‍ ബോല്‍ക്കിയ്യ ചെങ്കോലേന്തുന്നത്. സുല്‍ത്താന്‍െറ സമ്പത്തിന്‍െറ കഥകളല്ലാതെ ബ്രൂണെ ലോക വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് അപൂര്‍വം. ഏകദേശം 2000 കോടി ഡോളറിന്‍െറ (ഉദ്ദേശം ഒന്നര ലക്ഷം കോടി രൂപ) ആസ്തി സുല്‍ത്താനുണ്ടെന്നാണ് കണക്ക്. 1980കളുടെ അവസാനം ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു സൂല്‍ത്താന്‍. ബില്‍ഗേറ്റ്സാണ് ആ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ തെറിപ്പിച്ചത്. ലോകത്തെ വിലപിടിപ്പുള്ളതും വേഗമേറിയതും അപൂര്‍വവയുമായ കാറുകള്‍ ശേഖരിക്കുകയാണ് സുല്‍ത്താന്‍െറ പ്രധാന ഹോബികളിലൊന്ന്. കാറുകളുടെ എണ്ണം 7000 ത്തിലേറെ വരും. റോള്‍സ് റോയ്സ് മാത്രം 500 എണ്ണം . ഫെറാരി 300, അങ്ങനെപോകുന്നു കാറുകളുടെ എണ്ണം. സ്വന്തമായി വിമാനങ്ങളുമുണ്ട് പൈലറ്റ് കൂടിയായ സുല്‍ത്താന്.

സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ്യ
 

സുല്‍ത്താന്‍െറ കൊട്ടാരം ലോകത്തിലെ ഏറ്റവും വലുതാണെന്ന് ഗിന്നസ് ബുക്ക് സാക്ഷ്യപ്പെടുത്തുന്നു. 1,788 മുറികളും 257 ബാത്ത്റൂമുകളും ഉള്‍പ്പെടുന്ന കൊട്ടാരത്തിന്‍െറ മൊത്തം വിസ്തീര്‍ണം രണ്ടു ലക്ഷം ചതുരശ്ര മീറ്ററാണ്. കട്ടിലും കസേരയും മുതല്‍ ക്ളോസറ്റ് വരെ സ്വര്‍ണം കൊണ്ടു പണിതതാണത്രെ. 110 കാര്‍ ഗാരേജുകള്‍, അഞ്ച് നീന്തല്‍ കുളങ്ങള്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കുതിരാലയം എന്നിവ മറ്റു സവിശേഷതകള്‍. പ്രധാനമന്ത്രിയുടെ ഓഫീസ ഉള്‍പ്പെടെ ഭരണസിരാ കേന്ദ്രം കൂടിയാണ് ഇസ്താന നൂറുല്‍ ഈമാന്‍ എന്ന പേരിലുള്ള കൊട്ടാരം. ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് മൂന്നു ദിവസം പൊതുജനങ്ങള്‍ക്ക് കൊട്ടാരത്തില്‍ പ്രവേശം അനുവദിക്കും. വരുന്നവര്‍ക്കെല്ലാം രാജകീയ ഭക്ഷണവും കുട്ടികള്‍ക്ക് സമ്മാനപ്പൊതിയും നല്‍കുന്ന ആചാരവുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.