യാത്രകൾ പോലെ നമ്മുടെ മുൻവിധികളെ അപ്പാടെ തകിടംമറിക്കുന്ന മറ്റൊന്നില്ല. അതിര്‍ത്തി കടക്കുന്ന യാത്രകളാകുമ്പോൾ നമ്മൾ മറ്റു ചില മനുഷ്യരായി മാറുന്നത് അനുഭവപ്പെട്ടിട്ടുണ്ട്. നമ്മൾ അറിയാതെ പോയ മനുഷ്യരുടെ സംസ്കാരങ്ങളും, വംശവും, പൈതൃകവും അനുഭവിച്ചറിയുമ്പോള്‍ എത്രത്തോളം അവരോട് ചേര്‍ന്നാണ് നമ്മള്‍ നില്‍ക്കുന്നതെന്ന് തിരിച്ചറിയും... ജീവിതത്തിലെ ഓരോ നിമിഷങ്ങളും മനുഷ്യർ എങ്ങനെ പങ്കുവെക്കുന്നുവെന്ന് നമുക്കപ്പോൾ മനസ്സിലാവും.
അത്തരമൊരു യാത്രയായിരുന്നു ഒരു കൂട്ടം സുഹൃത്തക്കളോടൊപ്പം ജമ്മു- കശ്മീരിലേക്ക് നടത്തിയത്. പരിചതരായവര്‍, ബന്ധം ചിരിയിലൊതുക്കുന്നവര്‍, യാത്ര അവസാനിക്കുമ്പോഴേക്ക് അഗാധമായ സൗഹൃദത്തില്‍ ആയേക്കാവുന്നവര്‍... അങ്ങനെ കുറച്ചുപേർ. യാത്ര ആരംഭിച്ചത് ഡല്‍ഹിയില്‍ നിന്നായിരുന്നു. നേർത്ത തണുത്ത കാറ്റടിച്ചുകൊണ്ടിരുന്ന ഡൽഹിയിലെ തെരുവുകളിൽ നിന്ന് ഞങ്ങള്‍ യാത്ര തുടങ്ങി. സമയം സന്ധ്യയോടടുത്തിരുന്നു. നേരത്തെ ഏര്‍പ്പെടുത്തിയ ബസ്സിനടുത്തേക്ക് പോവുകയും, അവിടെ നിന്ന് ജമ്മുവിലേക്ക് വണ്ടി തിരിക്കുകയും ചെയ്തു. പന്ത്രണ്ട് മണിക്കൂര്‍ ഇടവേളകള്‍ ഇല്ലാത്ത യാത്ര, ഇത്രയും നേരം കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ മനസ്സ് പതിഞ്ഞുകിടന്ന കാഴ്ചകളുടെ ഒാർമകളിലൂടെ മേഞ്ഞുകൊണ്ടിരുന്നു. എല്ലാവരും ഒന്ന് മയങ്ങി. ഒടുവില്‍ ഉറക്കച്ചടവിൽനിന്നും കണ്ണുമിഴിച്ച് വരുമ്പോഴേക്കും വാഹനം ജമ്മുവില്‍ എത്തിയിരുന്നു. യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയതല്ല, മറിച്ച് ആരംഭിക്കാന്‍ പോവുന്നതേയുണ്ടായിരുന്നുള്ളൂ...
ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് ഇനി 17 മണിക്കൂര്‍ യാത്ര ചെയ്യേണ്ടതുണ്ട്. ഒരു നീണ്ട യാത്രക്ക് വേണ്ടി ശരീരത്തെ ഒരുക്കി അടുത്ത ബസ്സില്‍ ഇരിപ്പുറപ്പിച്ചു ഞങ്ങള്‍. വാഹനം കുറച്ച് പിന്നിട്ടപ്പോഴാണ് കടന്ന് പോകുന്ന വഴിയുടെ അപകട സാധ്യതകളെ കുറിച്ച് ജാഗ്രതയുണ്ടായത്. ഇടിഞ്ഞ് വീഴുമെന്നു തോന്നിപ്പിക്കുന്ന ചുരങ്ങള്‍ താണ്ടിയുള്ള യാത്ര ഒരു ഹരം തന്നെയായിരുന്നു. പലയിടത്തും ഇപ്പോള്‍ താഴേക്ക് വീഴുമെന്ന മട്ടില്‍ കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍. മലയിടിഞ്ഞ് തകര്‍ന്ന റോഡുകള്‍. അഗാധമായ കൊക്കകള്‍, ഇവയിലൂടെയായിരുന്നു ഇത്രയും ദൈര്‍ഘ്യമേറിയ മണിക്കൂറുകള്‍ നീണ്ട സാഹസികമായ യാത്ര. ഇതിനിടെ ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ സൗന്ദര്യത്തെക്കാൾ ഭയമാണ് ഉള്ളിൽ നിറച്ചത്...
ക്ഷീണം മൂലം സഹയാത്രികര്‍ ഓരോ മൂലയിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയപ്പോഴും ചിലർ യാത്രയെ ആവേശമാക്കികൊണ്ടിരുന്നു. രസികന്‍ വര്‍ത്തമാനങ്ങളും, അനുഭവങ്ങള്‍ പങ്കുവെക്കലുമൊക്കെയായി യാത്ര ആനന്ദകരമായി. ക്ഷീണമൊെക്ക മെല്ലെ അകന്നുപോയി. എല്ലാവരും കളിചിരികളലമർന്നു. സമയം പോയത് അറിഞ്ഞതേയില്ല... താമസ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും ഇരുട്ട് കനത്തിരുന്നു. ഒരു ലോഡ്ജിലാണ് എല്ലാവർക്കുമായി റൂമൊരുക്കിയത്. എല്ലാവര്‍ക്കുമുള്ള സൗകര്യം അവിടെയുണ്ടായിരുന്നു. കൃത്യമായി ഷെഡ്യൂള്‍ അനുസരിച്ച് പോയാല്‍ മാത്രമേ കശ്മീരിനെ ശരിയായി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ എന്ന് മനസ്സിലാക്കിയതിനാല്‍ ആദ്യമേ ഒരു രൂപരേഖ തയാറാക്കിയിരുന്നു. അതനുസരിച്ച് പുലര്‍ച്ചെ പുറപ്പെടണമെന്നുള്ള നിര്‍ദ്ദേശവും കൊടുത്ത്, അതിനുള്ള ഏര്‍പ്പാടുകളും ചെയ്തു.
അങ്ങനെ രാവിലെ കൃത്യം 6:30ന് കശ്മീരിന്റെ സൗന്ദര്യവും തേടി ഞങ്ങളിറങ്ങി. അപ്പോഴേക്കും ഓരോരുത്തരും അവരവരുടെ ജാക്കറ്റും, ഗ്ലൗസും, ക്യാപ്പുമെല്ലാം അണിഞ്ഞ് സജ്ജരായിരുന്നു. നാട്ടിലെ തണുപ്പ് രീതി മാത്രം അനുഭവിച്ചവര്‍ക്ക് ഇവിടുത്തെ തണുപ്പ് സഹിക്കാന്‍ കഴിയാത്തതായി തോന്നും. . മൂന്നാറിലെയോ, ഊട്ടിയിലെയോ തണുപ്പ് പോലെയല്ലല്ലോ ഇവിടെ. ഓടി നടക്കുന്ന നായകള്‍ക്ക് പോലും പ്രകൃതി രോമക്കുപ്പായം നല്‍കിയിട്ടുണ്ട്. ബഹളങ്ങളില്ലാത്ത ഒരന്തരീക്ഷം. പ്രകൃതി പോലും ആ മഹാമൗനത്തെ ഏറ്റുവാങ്ങുന്നുണ്ട്. അതായിരിക്കാം കശ്മീരിന്റെ സൗന്ദര്യവും. പോകുന്ന വഴിക്ക് വിശപ്പകറ്റാൻ സമീപത്തു കണ്ട റസ്റ്റോറന്റില്‍ ബസ് നിര്‍ത്തി. ഭക്ഷണശാലകളില്‍ വിവിധ വര്‍ണങ്ങളിൽ അവ നിരന്നിരിക്കുന്നു. കണ്ടാൽ വായിൽ വെള്ളമൂറും. പക്ഷേ, നമ്മുടെ നാവിന് രുചികരമായവ അതിൽ വിരളമായിരുന്നു. ഇതൊക്കെ കശ്മീരികളുടെ പതിവ് വിഭവങ്ങളായിരിക്കണം. വഴിമധ്യേ കണ്ട ആപ്പിള്‍ തോട്ടങ്ങളും, പൈന്‍ മരങ്ങളും ഞങ്ങളുടെ യാത്രക്ക് കൂടുതല്‍ ചന്തമേകി.
നേരെ പോയത് പെഹല്‍ഗാമിലേക്കായിരുന്നു. അവിടുന്നു ചെറു വാഹനങ്ങളില്‍ അരു വാലി, ചന്ദൻ വാലി, ബെത്താബ് വാലി എന്നീ ടൂറിസ്‌റ്റ് സ്‌പോട്ടുകള്‍ ലക്ഷ്യം വെച്ച് നീങ്ങി. വാഹനം നിയന്ത്രിച്ചിരുന്നത് ഒരു കശ്മീരി പയ്യനായിരുന്നു. പേര് പര്‍വേശ്. കശ്മീരികളെ ഒന്ന് മര്യാദക്ക് ശ്രദ്ധിക്കുന്നത് തന്നെ പര്‍വേശിലൂടെയായിരുന്നു. കാഴ്ചയില്‍ തന്നെ തങ്ങളുടെ വിശേഷമായ പുഞ്ചിരിയാലും, കടാക്ഷങ്ങളാലും ഏതൊരു അപരിചിതെൻറയും മനസ്സിെൻറ പൂട്ടുകളും കശ്മീരികൾ നിഷ്പ്രയാസം തുറക്കുമെന്നു തോന്നിപ്പോയി. എല്ലാം തുറന്ന് സംസാരിക്കുന്നവനാണ് പര്‍വേശ്. വഴിമധ്യേ കാണുന്ന പല സ്ഥലങ്ങളും, പല ഹിന്ദി സിനിമയുടെയും ഭാഗമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു തന്നു. ആദ്യം ചെന്നെത്തിയത് അരു വാലിയില്‍ ആയിരുന്നു. ഇവിടുത്തെ പ്രധാന ആകര്‍ഷണം പച്ച മൂടിയ കുന്നിന്‍ ചെരിവിലൂടെയുള്ള കുതിര സവാരിയാണ്. കണ്ണഞ്ചിപ്പിക്കുന്ന ആ ലാന്‍ഡ്‌സ്‌കേപ്പിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് മറ്റേതെങ്കിലും ടൂറിസ്‌റ് സ്ഥലത്ത് പോകുന്നതു പോലെയായിരുന്നില്ല. ഒരു താരതമ്യത്തിനും പ്രസക്തിയില്ലാത്ത വിധം ആസ്വാദ്യകരമായിരുന്നു അരു വാലിയിലെ കുന്നിന്‍ ചെരുവിലൂടെയുള്ള കുതിര സവാരി.
അവിടെ നിന്ന് ചന്ദന്‍ വാലിയിലേക്ക്. മഞ്ഞ് പുതച്ച കിടക്കുന്ന മലകള്‍ കാണുന്നത് ആദ്യമായണ്. മഞ്ഞ് കൈകൊണ്ട് സ്പര്‍ശിച്ച നേരം, മഞ്ഞിനാല്‍ ഹൃദയം ശുദ്ധീകരിക്കാനായെങ്കില്‍ എന്ന് അറിയാതെ പ്രാര്‍ത്ഥിച്ചുപോയി. കുറച്ച് സമയം ചിലവിട്ട ശേഷം ചെന്ന് കയറിയത് ബെത്താബ് വാലിയിലേക്കാണ്. വിശാലമായ ഒരു താഴ്വരയാണ് ഇവിടം. ശുദ്ധമായ തെളിനീരിന് സമീപം കെട്ടിപ്പടുത്ത ചെറിയ ചെറിയ കൂരകളാണ് ഇവിടുത്തെ ആകര്‍ഷണം. അതുപോലെ കശ്മീരി വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ടും. കശ്മീരി വസ്ത്രമെന്ന് പറഞ്ഞ് ധരിപ്പിക്കുന്ന വസ്ത്രം അതുവരെ വേറെയൊരു കശ്മീരിയും ഇട്ടതായി ഞാന്‍ കണ്ടിട്ടില്ല എന്നത് ഒരു വസ്തുതയാണെന്ന് സുഹൃത്ത് പറഞ്ഞപ്പോഴാണ് ഞാനും അതിനെ കുറിച്ച് ആലോചിച്ചത്.
എന്നിട്ടും, അതെല്ലാം ഓരോ ദൃശ്യവിരുന്നായി മാറുകയായിരുന്നു. പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ആറ്റി-കുറുക്കിയെടുത്ത പോലെയാണ് കശ്മീർ. ഇരുട്ട് കനക്കുന്നതിന് മുമ്പ് തിരിച്ച് റൂമിലേക്ക് വണ്ടി പാഞ്ഞു. ഹിന്ദി സിനിമകള്‍ മാത്രം കാണിച്ചു തന്ന കശ്മീരി സൗന്ദര്യത്തെ പതിയെ ആസ്വദിച്ച് തുടങ്ങിയ ലഹരിയില്‍ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.
ഹര്‍ത്താലിന് എവിടെയും ഒരു പഞ്ഞവുമില്ലെന്ന് മനസ്സിലായത് ആ വാര്‍ത്ത കേട്ടപ്പോഴാണ്, ഇന്ന് പോവേണ്ടിടത്ത് ബന്ധായതിനാല്‍ നേരെത്തെ ഇറങ്ങൺമെന്ന് അറിയിപ്പു വന്നു. അങ്ങനെ ബാക്കി ഉറക്കം ബസ്സിനുള്ളിലാക്കി സോനാമാര്‍ഗ്ഗിലേക്ക് യാത്ര തിരിച്ചു. ഇവിടെയും മഞ്ഞിൽ ഉറങ്ങിക്കിടക്കുന്ന താഴ്വരകളാണ് ഹൈലൈറ്റ്. അതുവഴി നടക്കുമ്പോള്‍ കാലുകൾ മണ്ണിനെ തൊടുന്നതേയില്ല. അത്രമേല്‍ മഞ്ഞ് കുമിഞ്ഞ് കൂടിയ സ്ഥലമാണ് സോനാമാര്‍ഗ്ഗ്. ബൂട്ട് ധരിക്കല്‍ നിര്‍ബന്ധമാണ്. പരസ്പരം കളിച്ചും, കലഹിച്ചും, തമാശയും ചിരിയുമൊക്കെയായി ദിവസത്തിന്റെ പകുതിയും അവിടെ തന്നെയായിരുന്നു. വൈകുന്തോറും തണുപ്പ് കൂടിക്കൊണ്ടിരുന്നു. ബൂട്ടിനുള്ളില്‍ അതിനിടയില്‍ ആരോ ഐസ് വാരി നിറച്ചത് ഞാനറിഞ്ഞില്ല, അതിനിടക്കാണ് ഗ്രൂപ്പ് ഫോട്ടോ പോസ് ചെയ്യാന്‍ നിര്‍ബന്ധിതനായത്. നില്‍ക്കാനും വയ്യ, ഇരിക്കാനും വയ്യ. കാലുകള്‍ക്കെല്ലാം മരവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു...
സമയം വൈകിച്ചില്ല വേഗം അവിടുന്ന് തിരിച്ചു. ഇനി പോകാനുള്ള സ്ഥലങ്ങള്‍ ഹസ്രത്ത് ബാല്‍ മസ്ജിദ്, ദാല്‍ തടാകം, യൂണിവേഴ്‌സിറ്റി ഓഫ് കശ്മീര്‍, ലാല്‍ ചൗക്ക് എന്നീ സ്ഥലങ്ങളായിരുന്നു. ഇതെല്ലാം കൂടി ചേരുമ്പോള്‍ കശ്മീരിലെ അവസാനത്തെ ദിവസവും കൂടി ആയിരുന്നു. പതിവ് പോലെ നേരത്തെ പുറപ്പെടുകയും ബാല്‍ മസ്ജിദിലേക്ക് വണ്ടി തിരിക്കുകയും ചെയ്തു. പ്രവാചകെൻറ തിരുകേശ സൂക്ഷിപ്പ് കേന്ദ്രമെന്നതാണ് ഹസ്രത്ത് ബാല്‍ മസ്ജിദിന്റെ പ്രത്യേകത. പോയെങ്കിലും സംഗതി കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമേ അത് കാണാന്‍ പറ്റുകയുള്ളൂ എന്ന് അവിടുത്തെ അധികാരികള്‍ പറഞ്ഞു. അവിടം കുറച്ചിരുന്ന് ഞങ്ങള്‍ തിരിച്ചിറങ്ങി. പ്രവാചക സ്തുതി കീര്‍ത്തനങ്ങളുടെ നാദം അവിടം വിട്ടകലുന്നത് വരെ കേള്‍ക്കാമായിരുന്നു.
പിന്നീട് ദാല്‍ തടാകത്തിലേക്ക്... നദിയിലൂടെയുള്ള യാത്ര ആരംഭിച്ചപ്പോഴേക്കും നാടൻ കച്ചവടക്കാർ ഞങ്ങൾക്കുചുറ്റും വട്ടമിട്ടു. കരകൗശല വസ്തുക്കള്‍, കശ്മീരി കഹ്വ (കാപ്പി), ആഭരണങ്ങള്‍, കുങ്കുമം അങ്ങനെ തുടങ്ങി പല സാധനങ്ങളും തോണിയില്‍ വില്‍പന നടത്തുന്നവര്‍. അരയന്നങ്ങളെ പോലെ നദി പോലും അറിയാതെ ഒഴുകി നടക്കുകയായിരുന്നു ഞങ്ങളോരോരുത്തരും. എെൻറ അരയന്നത്തിെൻറ കാലും, ചിറകുമെല്ലാം മിര്‍സാ ഗുലാം എന്ന ഉപ്പൂപ്പയായിരുന്നു. യാത്രകള്‍ രഹസ്യമായ പല അനുഭവങ്ങളും യാത്രക്കാര്‍ക്കായി കരുതിവെക്കും എന്ന് കേട്ടിട്ടുണ്ട്. പോകുന്ന ഓരോ സ്ഥലത്തും അവിചാരിതമായ എന്തെങ്കിലുമൊക്കെ നമ്മെ കാത്തിരിക്കുന്നുണ്ടാവും. എന്നെ കാത്തിരുന്നത് ആ ഉപ്പൂപ്പയായിരുന്നു. പ്രായത്തെ ഒരു നിമിഷം മറന്നുപോകുന്ന വിധം സുന്ദരമായ ശബ്ദത്തിന്നുടമ. കുന്നോളം ചേര്‍ത്ത് വെച്ച സ്വപ്നങ്ങളെ നിറവേറ്റാനായി ഒരു തോണിയില്‍ തുഴഞ്ഞ് കൊണ്ടേയിരിക്കുന്ന പ്രായം ചെന്ന ജീവന്‍.
ഈ ദിവസങ്ങള്‍ക്കിടക്ക് വീണു കിട്ടിയ ചില ചെറിയ ഇടവേളകളില്‍ ജമ്മു കശ്മീരിനെ കുറിച്ച് ഹോട്ടലിന്റെ ഉടമസ്ഥന്‍ മത്തലൂബ് പറഞ്ഞുതന്നു. ജമ്മു കശ്മീരിന്റെ സാംസ്‌കാരിക-പൈതൃകം, ജീവിത രീതി, സസ്യ ജൈവ വൈവിധ്യം, ഭൂമിശാസ്ത്ര പ്രത്യേകതകള്‍, പിന്നെ ഒഴിച്ചുകൂടാനാവാത്ത വിഷയമായ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അദ്ദേഹം കുറച്ചധികം വാചാലനായി. ഞങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ അതിന്റെ തുടര്‍ ചര്‍ച്ചകള്‍ അങ്ങനെ നടന്നുകൊണ്ടേയിരുന്നു. യാത്രക്ക് പുതിയൊരു മാനം ലഭിച്ചതു പോലെ... രാത്രി സമയങ്ങള്‍ ഇതിനായി നീക്കി വെച്ചിരുന്നു ഞങ്ങള്‍.
കശ്മീര്‍ യൂനിവേഴ്‌സിറ്റിയായിരുന്നു പിന്നീടുള്ള സന്ദര്‍ശന സ്ഥലം. മൗലാനാ ജലാലുദ്ദീൻ റൂമി കവാടത്തിലൂടെയാണ് നാം യൂനിവേഴ്‌സിറ്റിയിലേക്ക് കടക്കുക. അവിടുത്തെ സാധ്യതകളും വിദ്യാഭ്യാസ മേഖലയിലുള്ള നേട്ടങ്ങളും, ഒരവസരം കിട്ടിയപ്പോള്‍ യൂനിവേഴ്‌സിറ്റി രജിസ്ട്രാറില്‍ നിന്ന് ചോദിച്ചറിഞ്ഞു. അവസാനത്തെ ഡെസ്റ്റിനേഷന്‍ ലാല്‍ ചൗക്ക്. കശ്മീരിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്ന്. അവിടെ കിട്ടാത്തതായി ഒരു സാധനവുമില്ല. വല്ലാത്ത തിരക്കാണ് അവിടെ മുഴുവനും. ഒറ്റപ്പെട്ട് പോവരുതെന്ന് കരുതി ഗ്രൂപ്പായിട്ടാണ് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി നീങ്ങിയത്. ഇതിനിടയില്‍ കണ്ടുമുട്ടിയതാണ് റഷീദ്ക്കായെ, വല്ലാത്തൊരു ചായയാണ് മൂപ്പരുടേത്. ആദ്യമേ പറയട്ടെ അദ്ദേഹത്തിന്റെ ചായയോളം വരില്ലായിരുന്നു ലാല്‍ ചൗക്കിലെ ഒരു സാധനവും. അങ്ങനെയങ്ങനെ സമയം േപായ്ക്കൊണ്ടേയിരുന്നു. തിരിച്ചിറങ്ങേണ്ട സമയമായി.
പല ചിത്രങ്ങളിലും, സിനിമകളിലും കണ്ടു തഴകിയ രൂപമല്ല കശ്മീരിന്. മറിച്ച്, വല്ലാത്ത ഒരു അനുഭൂതിയാണ് കശ്മീര്‍. ഭൂമിയുടെ സൗന്ദര്യം ദൈവം എവിടെയാണ് ഒളിപ്പിച്ചുെവച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ സന്ദേഹമില്ലാതെ പറയും അത് കശ്മീരാണെന്ന്. കാരണം, വര്‍ണനകള്‍ക്കും, വാക്കുകള്‍ക്ക് തന്നെയും ക്ഷാമമാണ് കശ്മീരിനെ കുറിച്ച് എഴുതുമ്പോള്‍ ഒരു യാത്രാസ്‌നേഹിക്ക് അനുഭവപ്പെടുക. ഇനിയും തിരിക്കണം അങ്ങോട്ടേക്ക്..വ്യത്യസ്തമായ കാലാവസ്ഥയില്‍, വ്യത്യസ്തമായ തിരിച്ചറിവില്‍, വ്യത്യസ്തമായ മാനസികാവസ്ഥയില്‍...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.