???????????? ???????

ചുഴലിക്കാറ്റിൻെറ പേടിനിറഞ്ഞ അമേരിക്കന്‍ ദിനങ്ങള്‍

 നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ തൻെറ അമേരിക്കന്‍ യാത്രാനുഭവം പങ്കുവച്ചപ്പോള്‍ അമേരിക്കയിലെ കൊതുകുകളെ പറ്റി ഒരു കാര്യം പറയുകയുണ്ടായി. അത് കേട്ടപ്പോള്‍ ഒരു സിനിമാക്കാരൻെറ ആലങ്കാരികമായ ഒരു പറച്ചില്‍ എന്നതിനപ്പുറം എനിക്കൊന്നും തോന്നിയില്ല. എന്നാല്‍ അമേരിക്കന്‍ യാത്രക്ക് ശേഷം അദ്ദേഹം പറഞ്ഞത് കേവലം ഒരു സിനിമാ ഡയലോഗ് മാത്രമല്ലെന്നെനിക്ക് മനസ്സിലായി.
 

ഒർലാൻേറാ സിറ്റി
 

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന വേള്‍ഡ് വൈഡ് ചോയ്‌സ് ഹോമിയോപ്പതി സെമിനാര്‍  സംഘാടകരില്‍ നിന്നും ക്ഷണം ലഭിച്ചത് മുതല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു ഞാന്‍. അമേരിക്കന്‍ വിസ കിട്ടുക എളുപ്പമല്ല എന്ന് പലരും പറഞ്ഞിരുന്നു. വ്യക്തികളുടെ പേരും മറ്റും നോക്കി വിസ നിഷേധിക്കും എന്നുവരെ ചിലര്‍ പറഞ്ഞു. എന്നാല്‍ വിസ കിട്ടിയപ്പോള്‍ എൻെറ മുന്‍ധാരണയെല്ലാം തിരുത്തേണ്ടി വന്നു. വ്യക്തമായ രേഖകളും ക്ഷണപത്രവും ഉണ്ടെങ്കില്‍ വളരെയെളുപ്പം വിസ ലഭിക്കും. ചെന്നൈയിലെ അമേരിക്കന്‍ എംബസിയില്‍ രണ്ട് ദിവസം സര്‍ട്ടിഫിക്കറ്റ് പരിശോധനക്കും ഇന്റര്‍വ്യൂവിനും പോകണം എന്നതൊഴിച്ചാല്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ല. പിന്നെ അപേക്ഷ നല്‍കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാകുന്നത്.

യൂണിവേഴ്സൽ സ്റ്റുഡിയോ
 

നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായ് വഴിയുള്ള യാത്രയാണ് ഞാന്‍ തെരഞ്ഞെടുത്തത്. ദുബായില്‍ നിന്നും ന്യൂയോര്‍ക്ക് അവിടെ നിന്നും ഫ്‌ളോറിഡയിലെ ടാംബ. മറ്റൊരു പ്രധാന കാര്യം ഓര്‍ക്കേണ്ടതുണ്ട്! സാധാരണയായി മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വിമാനങ്ങള്‍ മാറി കയറേണ്ടി വന്നാലും ലഗേജ് അതാത് വിമാനക്കമ്പനികള്‍ തന്നെ കൈമാറുന്നതായിരിക്കും. എന്നാല്‍ അമേരിക്കന്‍ നിയമമനുസരിച്ച് ആദ്യം ആ രാജ്യത്തെ ഏത് എയര്‍പോര്‍ട്ടിലാണ് എത്തുന്നത് അവിടെ നാം ലഗേജ് സ്വീകരിച്ച് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കി തുടര്‍ന്ന് പോകേണ്ട ഫ്‌ളൈറ്റ് കമ്പനിയുടെ കൗണ്ടറില്‍ ഏല്‍പ്പിക്കണം. പിന്നീടുള്ള കൈമാറ്റങ്ങളെല്ലാം അതാത് കമ്പനികള്‍ ചെയ്യുന്നതായിരിക്കും.
 

ബേ ഓഫ് മെക്സികോ
 

വിമാനങ്ങളെല്ലാം കൃത്യത പാലിച്ചതിനാല്‍ സമയത്ത് തന്നെ ന്യൂയോര്‍ക്ക് ജെ.എഫ്.കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തി. അവിടെയെത്തി തുടര്‍ന്നുള്ള വിമാനത്തിനായി കാത്തിരുന്നപ്പോഴാണ് സംഘാടകരില്‍ നിന്നും സന്ദേശമെത്തിയത്! ഫ്‌ളോറിഡയില്‍ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്, മാത്യു ചുഴലിക്കാറ്റ്. പക്ഷെ ഭയപ്പെടേണ്ടതില്ല, സെമിനാര്‍ നടക്കുന്ന ടാംബ ബേഫ്രണ്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല, അവര്‍ ആശ്വസിപ്പിച്ചു. എങ്കിലും ഒരു നിമിഷം എന്നില്‍ ആശങ്കയുണ്ടായി. ഒരു പക്ഷേ നാട്ടില്‍ വച്ച് ഇക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ യാത്ര മുടങ്ങുമായിരുന്നു. ഏതായാലും മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. എനിക്ക് പോകേണ്ട വിമാനം രണ്ട് മണിക്കൂറോളം വൈകി, അങ്ങനെ രാത്രി പത്ത് മണിക്ക് ടാംബയില്‍ എത്തി. പരിശോധനയും മറ്റും കഴിഞ്ഞ് നേരെ സെൻറ് പീറ്റേഴ്‌സ്ബര്‍ഗിലെ ടാംബ ബേഫ്രണ്ടിലെ ഹോട്ടല്‍ ഹില്‍ട്ടണിലേക്ക്. വൈകിയതിനാല്‍ ഹോട്ടിലെ ഭക്ഷണശാല അടച്ചിരുന്നു. തൊട്ടടുത്ത റോഡിലാണെങ്കില്‍ തട്ടുകടകള്‍ പോലുമില്ല. പിന്നെ കൈയിലുണ്ടായിരുന്ന ബിസ്‌ക്കറ്റ് വച്ച് അഡ്ജസ്റ്റ്‌ചെയ്തു. വീട്ടില്‍ നിന്നും ഇറങ്ങിയ സമയത്ത് മാതാവും ഭാര്യയും ബാഗില്‍ ഭക്ഷണ സാധനങ്ങള്‍ കയറ്റുന്നത് കണ്ടു. ഇതൊന്നും വേണ്ട എന്ന് ഞാനപ്പോള്‍ പറഞ്ഞെങ്കിലും ഈ സമയം ഉപകാരപ്പെട്ടു.

ഫ്ലോറിഡയിലെ ഒരു ഗ്രാമം
 


റൂമില്‍ ചെന്നെങ്കിലും ഉറക്കം വന്നില്ല. എൻെറ ബയോളജിക്കല്‍ ക്ലോക്ക് പ്രകാരം ഞാന്‍ ഇന്ത്യയിലാണല്ലോ. ഇവിടവുമായി പൊരുത്തപ്പെട്ടു വരാന്‍ സമയമെടുക്കും, അപ്പോഴേക്കും തിരിച്ച് പറക്കേണ്ടിയും വരും. ഏതായാലും ഉറക്കം വരാത്ത സ്ഥിതിക്ക് ഫ്‌ളോറിഡയെപ്പറ്റി ഒന്ന് പറഞ്ഞോട്ടെ. 'അമേരിക്കയിലെ കേരളം' എന്ന് നമുക്ക് ഫ്‌ളോറിഡയെ വിശേഷിപ്പിക്കാം. ഭൂ പ്രകൃതിയും കാലാവസ്ഥയും ഏകദേശം കേരളത്തിലേതുപോലെ. അമേരിക്കയുടെ തെക്കു കിഴക്കായി വീതി കുറഞ്ഞ് കടലിലേക്ക് നീണ്ട് കിടക്കുന്ന സംസ്ഥാനമാണത്. പടിഞ്ഞാറുവശം മെക്‌സിക്കന്‍ ഉള്‍ക്കടലും, കിഴക്കുവശം അറ്റ്‌ലാൻറിക് സമുദ്രവും. നിരവധി പൂന്തോട്ടങ്ങളും പാം ബീച്ചുകളും ഓറഞ്ച് തോട്ടങ്ങളും ഫ്‌ളോറിഡയില്‍ ഉണ്ട്.


നേരം പുലര്‍ന്നു. ഹോട്ടലിന് സമീപമുള്ള കായലിനരികിലൂടെ ഞാന്‍ നടക്കാനിറങ്ങി. എവിടെയും പുല്‍ത്തകിടികള്‍ വെട്ടി നിര്‍ത്തിയിരിക്കുന്നു. തീരത്തായി ചെറിയ പായ്ക്കപ്പലുകളും ഉല്ലാസ നൗകകളും നങ്കൂരമിട്ടിരിക്കുന്നു. നിരവധി ബോട്ട് ക്ലബ്ബുകള്‍, എല്ലായിടത്തും മെമ്പര്‍മാര്‍ക്ക് മാത്രം പ്രവേശനം. കായല്‍ തീരവും മറ്റും  വളരെ വൃത്തിയായി സംരക്ഷിക്കപ്പെടുന്നു. എങ്ങും നിരനിരയായി പനമരങ്ങള്‍ നട്ടിരിക്കുന്നു. രാവിലെയായതിനാല്‍ ക്ലീനിംഗ് തൊഴിലാളികള്‍ സജീവം. എല്ലാവരും മാസ്‌കും ഗ്ലൗസും ജാക്കറ്റും ധരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തില്‍ അമേരിക്കയിലെ നിയമങ്ങള്‍ കര്‍ശനമാണ്. അരിസോണയിലെ അമേരിക്കന്‍ മെഡിക്കല്‍ കോളേജ് ഓഫ് ഹോമിയോപ്പതിയിലെ റിസര്‍ച്ച് വിങ്ങില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റിവ്യൂ ബോര്‍ഡ് അംഗം കൂടിയാണ് ഞാന്‍. ആയതിനാല്‍ രോഗികളില്‍ മരുന്നു പരീക്ഷണം നിയന്ത്രിക്കാനുള്ള കര്‍ശന നിയമങ്ങള്‍ ഞാന്‍ ഏറെ കുറേ മനസ്സിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ കര്‍ശന നിയമങ്ങള്‍ മൂലം പലരും മരുന്ന് പരീക്ഷണം നടത്തുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണല്ലോ!

ഒരു ട്രാഫിക് ജങ്ഷൻ
 


കായലിൻെറ സൗന്ദര്യം ആസ്വദിച്ച് നടക്കവെ നിരവധി ദമ്പതികളെ കണ്ടു, എല്ലാവരും റിട്ടയര്‍ ചെയ്ത് ശിഷ്ടകാലം ഫ്‌ളോറിഡയില്‍ കഴിയുന്നവര്‍. റോഡിലും മറ്റും ആളുകള്‍ തീരെ കുറവ്. ആകെയുള്ളത് ചലിക്കുന്ന വാഹനങ്ങള്‍ മാത്രം. ട്രാഫിക് നിയമങ്ങള്‍ എല്ലാവരും ശ്രദ്ധയോടെ പാലിക്കുന്നുണ്ട്. അവിടെയാരും കാമറയെ ഭയന്നിട്ടല്ല നിയമങ്ങള്‍ പാലിക്കുന്നതെന്ന് വ്യക്തം. നടത്തം കഴിഞ്ഞ് തിരികെ റൂമിലെത്തിയപ്പോഴാണ് അബന്ധം മനസ്സിലായത്. നമ്മുടെ നാട്ടിലെ മള്‍ട്ടിപിന്‍ അഡാപ്റ്റര്‍ അമേരിക്കയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. വളരെ ചെറുതും അടുത്തിരിക്കുന്നതുമായ സോക്കറ്റുകളാണവിടെ. തല്‍ക്കാലം പവര്‍ബാങ്ക് ഉള്ളതിനാല്‍ രക്ഷപ്പെട്ടു. പവര്‍ബാങ്ക്, വൈഫൈ എന്നിവയെല്ലാമാണല്ലൊ ഇക്കാലത്തെ യാത്രക്ക് വേണ്ട അവശ്യ ഘടകങ്ങള്‍.
ഹോട്ടലിലെ ഭക്ഷണശാലയില്‍ പ്രാതല്‍ കഴിക്കാന്‍ കയറി. മെനു കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. ഹാം, ബേക്കണ്‍ എന്നിവ ഉപയോഗിച്ചിട്ടുള്ള വിഭവങ്ങളാണധികവും, എല്ലാം വിവിധ പോര്‍ക്ക് വിഭവങ്ങള്‍. പോര്‍ക്ക് എന്ന് എഴുതുന്നതിന് പകരം വിവിധ ശരീര ഭാഗങ്ങള്‍ക്ക് ഓരോ പേരുകള്‍. ഏതായാലും സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പണ്ട് പോയിട്ടുള്ളതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചു. ഭാഗ്യത്തിന് തൊട്ടടുത്ത് ചൈനീസ് വെജിറ്റേറിയന്‍ ഭക്ഷണശാല ഉണ്ടായിരുന്നു. സെമിനാര്‍ ദിവസങ്ങളിലെല്ലാം വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഉണ്ടാകുന്നതെന്ന് മുന്‍കൂട്ടി അറിയുവാനും കഴിഞ്ഞു. അങ്ങനെ അമേരിക്കയില്‍ ഞാനൊരു ശുദ്ധ വെജിറ്റേറിയനായി മാറി.

സെമിനാറിലെ പ്രതിനിധികൾ
 


പ്രാതല്‍ കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ ദാണ്ടെ കിടക്കുന്നു ന്യൂസ്‌പേപ്പര്‍ “Florida under hurricane threat” എന്ന തലക്കെട്ടോടെ. ഉള്ളില്‍ ആകെ ഒരു ഞെട്ടല്‍. സെമിനാര്‍ ഓര്‍ഗനൈസര്‍മാര്‍ ഇ-മെയിലിലൂടെ ആശ്വസിപ്പിച്ചെങ്കിലും ഏശിയില്ല. ക്ലാസ്സില്‍ എത്തേണ്ട മറ്റുള്ളവര്‍ വിവിധ എയര്‍പ്പോര്‍ട്ടുകളില്‍ കുടുങ്ങി കിടക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഡോ. ശ്രീനിവാസുലു ന്യൂയോര്‍ക്ക് എയര്‍പ്പോര്‍ട്ടിൻെറ വരാന്തയില്‍. ആയിരത്തഞ്ഞൂറോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ടെലിവിഷന്‍ തുറന്നപ്പോള്‍ ടെന്‍ഷന്‍ ഒന്നുകൂടി വര്‍ധിച്ചു. ' രക്ഷപ്പെടൂ, രക്ഷപ്പെടൂ, രക്ഷപ്പെടൂ - ഇത് നിങ്ങളെ കൊല്ലും' എന്ന് ഫ്‌ളോറിഡ ഗവണ്‍മെൻറിൻെറ പ്രഖ്യാപനം. ചാനലുകള്‍ നല്‍കുന്ന അനിമേഷന്‍ ദൃശങ്ങള്‍ കണ്ടപ്പോള്‍ ഞാനിരിക്കുന്ന ടാംബ അപകട ഭീഷണിയില്‍ അല്ല എന്ന് മനസ്സിലായി. എന്നാലും ചുഴലിക്കാറ്റ് ശാസ്ത്രജ്ഞന്‍മാര്‍ വരക്കുന്ന വരയിലൂടെ മാത്രമേ പോകൂ എന്നെന്താണുറപ്പ്? കാറ്റിൻെറ ഗതി ഒരല്‍പം മാറിയാല്‍ ഞാനിരിക്കുന്ന ടാംബ കഴുകിപ്പോയത് തന്നെ. വാര്‍ത്തകള്‍ നല്‍കിയ ഞെട്ടലോടെ ഞാന്‍  താഴെ റിസപ്ഷനില്‍ ചെന്നു. ആര്‍ക്കും ഒരു ടെന്‍ഷന്‍ ഇല്ല! ഒരുപക്ഷെ തുടരെ തുടരെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ കണ്ട് സ്വയം ശക്തി ആര്‍ജിച്ചതാകാം.


നാട്ടില്‍ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള  സുഹൃത്തുക്കളില്‍ നിന്നും നിരവധി  ഫോണ്‍കോളുകളും ഇ-മെയിലുകളും വന്നു കൊണ്ടിരുന്നു. ഉള്ളിലെ ഭയം പുറത്തു കാട്ടാതെ ഞാന്‍ എല്ലാവര്‍ക്കും ധൈര്യം പകര്‍ന്നു നല്‍കി. ഓര്‍ഗനൈസര്‍മാര്‍ രാത്രി എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നതായി അറിയിപ്പ് കിട്ടി, അതും കാര്യമായ ഉറപ്പില്ലാതെ. മാസങ്ങളായുള്ള അവരുടെ അധ്വാനമാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സെമിനാര്‍. അവര്‍ക്കെങ്ങാനും സമയത്ത് വരാന്‍ സാധിച്ചില്ലെങ്കില്‍ ഏവരുടെയും പ്രയത്‌നം വെറുതെയാകും. ആകെ വിഷമിച്ചിരിക്കുമ്പോഴതാ ഒരു ഫോണ്‍ വിളി, അങ്ങു കാലിഫോര്‍ണിയയില്‍ നിന്നും, ഭാര്യയുടെ ബന്ധുവായ അബ്ദുല്‍ നിസ്സാര്‍, ഒന്നാന്തരം മലയാളിയാണെങ്കിലും അമേരിക്കന്‍ പൗരനാണ് കക്ഷി. എന്തു പ്രശ്‌നമുണ്ടെങ്കിലും   നേരെ കാലിഫോര്‍ണിയയിലേക്ക്  പോന്നോളൂ, അദ്ദേഹം ആശ്വസിപ്പിച്ചു. അദ്ദേഹത്തിൻെറ വാക്കുകള്‍ കേവലം ആശ്വാസവാക്ക് ആയിരുന്നില്ല, ഒരു ഉണര്‍വായിരുന്നു.

ശ്രീനിവാസലുവിനൊപ്പം ലേഖകൻ
 


ഏതായാലും ഫ്‌ളോറിഡ ഒന്ന് കറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. സിറ്റി ടൂറിൻെറ ഭാഗമായ ട്രോളി സര്‍വീസ് ലക്ഷ്യമാക്കി ഞാന്‍ നടന്നു. പ്രമുഖ ബസ് സ്റ്റോപ്പുകളില്‍ ട്രോളി സര്‍വ്വീസിൻെറ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ബോര്‍ഡിനു താഴെ ഒരു ബോക്‌സില്‍ ചെറിയ കൈപ്പുസ്തകവും ലഭ്യമാണ്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ നിരവധി വാഹനങ്ങള്‍ തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് വേണ്ടിടത്ത് ഇറങ്ങാം. ഓരോ തവണ വാഹനത്തില്‍ കയറുമ്പോഴും അര ഡോളര്‍ നാണയം കോയിന്‍ ബോക്‌സില്‍ ഇടണം. വളരെ കുറഞ്ഞചിലവില്‍ സഞ്ചരിക്കാവുന്ന എളുപ്പമാര്‍ഗം. നമുക്ക് താല്‍പ്പര്യമില്ലാത്തിടത്ത് സമയം കളയണ്ട, അത് മറ്റിടങ്ങളില്‍ ചിലവഴിക്കുകയുമാകാം. ഇത്തരം സര്‍വീസ് മലേഷ്യയിലും മറ്റും ഉണ്ട്. നമ്മുടെ നാട്ടില്‍ ചെന്നൈയില്‍ ഉണ്ടെങ്കിലും സമയക്രമം എഴുതിവച്ചിരിക്കുന്നപോലെ ഇല്ല. ഇന്ത്യയില്‍ മറ്റു നഗരങ്ങളിലെല്ലാം ഒരു ബസില്‍ തന്നെ സഞ്ചരിക്കണം, അവര്‍ക്ക് ടിപ്പ് ലഭിക്കുന്ന സ്ഥലങ്ങളില്‍ സമയം കളയുകയും വേണം. നമ്മുടെ കുറവുകള്‍ അറിയുവാന്‍ ഇത്തരം യാത്രകള്‍ സഹായിക്കും, കേവലം വിമര്‍ശിക്കാനല്ല, മറിച്ച് അത് പരിഹരിക്കുവാന്‍.

ഹെലിക്കോപ്റ്ററിൽ
 


    ആദ്യം ഞാന്‍ ട്രോളിയില്‍ എല്ലായിടത്തും ഒന്നു കറങ്ങി. ഇറങ്ങേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചു. ഓരോ തവണ കയറുമ്പോഴും ചില്ലറ കൈയില്‍ കരുതണം. നമ്മുടെ നാട്ടില്‍ ചില്ലറ ആവശ്യപ്പെടുന്നത് സര്‍വസാധാരണമാണെങ്കിലും വിദേശ രാജ്യങ്ങളില്‍ അധികമാരും അത് പ്രോത്സാഹിപ്പിക്കുന്നില്ല. ഏതാണ്ട് മൂന്ന് മണിവരെ ആര്‍ട്ട് ഗ്യാലറിയും ഹോളോകോസ്റ്റ് മ്യൂസിയവും ഏതാനും പാര്‍ക്കുകളും കണ്ടു. ടാംബബെയില്‍ എത്തിയപ്പോള്‍ അതാ ഹെലികോപ്റ്റര്‍ സര്‍വീസ്. അവിടെയുള്ള ഓഫീസിലേക്ക് ഞാന്‍ കയറിച്ചെന്നു. സുമുഖനായ ഒരാള്‍ ഇരിക്കുന്നു. പണം കൊടുത്തശേഷം അദ്ദേഹം എന്നെ കൂട്ടികൊണ്ട് ഗ്രൗണ്ടിലേക്ക് നടന്നു. അപ്പോഴാണ് അറിയുന്നത്, ക്യാഷ് വാങ്ങിക്കുന്നതും ഹെലികോപ്റ്റര്‍ പറത്തുന്നതും ആ സകലകലാവല്ലഭന്‍ തന്നെ. നാല്‌പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ ഹെലികോപ്റ്റര്‍. താങ്കള്‍ക്ക് വേണമെങ്കില്‍ ഡോര്‍ അഴിച്ച് വച്ച് പറക്കാം. പക്ഷെ ഒരു കാര്യം, കാമറയും മറ്റും കൈയിലെടുക്കരുത്, അദ്ദേഹം പറഞ്ഞു. ഞാന്‍ സമ്മതിച്ചു. ടാംബ ബേയുടെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു. മെക്‌സിക്കന്‍ ഉള്‍ക്കടലിൻെറയും സെന്റ്പീറ്റേഴ്‌സ് ബര്‍ഗിൻെറയും  ആകാശക്കാഴ്ച നന്നായി ആസ്വദിച്ചു, ഫോട്ടോ എടുക്കാന്‍ പറ്റിയില്ലെങ്കിലും. ലാൻറ് ചെയ്തശേഷം അദ്ദേഹത്തോട് കുറച്ചുനേരം സംസാരിച്ചു. അത് ഒരു സ്വകാര്യ എയര്‍പോര്‍ട്ടാണ്. ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും അവിടെയുണ്ട്. ടൂറിസത്തിലൂടെ നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. അപ്പോഴാണ് നമ്മുടെ നാട്ടില്‍ സീപ്ലെയിന്‍ വന്ന കദനകഥ ഞാന്‍ ഓര്‍ത്തത്!


     സിറ്റി ടൂര്‍ കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്, സെൻറ് പീറ്റേഴ്‌സ് ബീച്ച് ഒന്ന് കാണണം. സെന്‍ഡ്രല്‍ ട്രോളി സര്‍വീസുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ഓടണം. കൃത്യസമയത്ത് തന്നെ സെഡ്രല്‍ ട്രോളി എത്തി. വാഹനത്തില്‍ കയറാന്‍ വരുന്നവരുടെ   കൈയില്‍ ഒന്നുകില്‍ ഒരു സൈക്കിള്‍ അല്ലെങ്കില്‍ ഒരു വളര്‍ത്തുനായ. സൈക്കിള്‍ വാഹനത്തിന്റെ മുന്‍ഭാഗത്ത് ഘടിപ്പിക്കുവാന്‍ സൗകര്യമുണ്ട്. നമ്മുടെ നാട്ടില്‍ ഇത് പ്രയോഗിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഉപകാരപ്പെടും. കാരണം, ബസ് സ്‌റ്റോപ്പില്‍ സമയത്ത് എത്തുകയാണല്ലോ എല്ലാവരുടേയും പ്രധാന പ്രശ്‌നം. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴെക്കും ബീച്ച് എത്തി. റോഡില്‍ നിന്നും ബീച്ചിലേക്ക് കടക്കുന്ന പ്രവേശന മാര്‍ഗങ്ങളിലെല്ലാം ഇഷ്ടികകള്‍ പാകിയിരിക്കുന്നു. ഇരുവശവും വലിയ മരക്കഷണങ്ങള്‍ കൊണ്ട് കൈവരിയും. ബീച്ചിലാകട്ടെ പഞ്ചാരമണല്‍. പഞ്ചസാരക്ക്‌പോലും ഇത്രക്ക് ഭംഗിയില്ല. ചുഴലിക്കാറ്റ് ഭീഷണിയുണ്ടെങ്കിലും ബീച്ചില്‍ ധാരാളം പേരുണ്ടായിരുന്നു. മെക്‌സിക്കോ ഉള്‍ക്കടലാണ്, ആയതിനാല്‍ അറ്റ്‌ലാൻറിക്കിലേതുപോലെ ശക്തമായ തിരമാലയില്ല. മെക്‌സിക്കോ സമീപമുണ്ടെങ്കിലും അവര്‍ക്ക് ഇപ്പോള്‍ അമേരിക്ക വര്‍ക്ക് വിസ നല്‍കാറില്ല. മയക്കുമരുന്നും മറ്റു നിരവധി പ്രശ്‌നങ്ങളും വളരെ കൂടുതലാണ് മെക്‌സിക്കോയില്‍. കൂടാതെ അമേരിക്കയിലേക്ക് കുടിയേറ്റവും. ഏതാനും പേര്‍ ചെയ്യുന്ന തെറ്റുകള്‍ കാരണം ഒരു രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് കിട്ടേണ്ട അവസരം നഷ്ടമായിരിക്കുന്നു. മെക്‌സിക്കോക്കാരുടെ അവസ്ഥ ഓര്‍ത്തു നടന്ന ഞാന്‍ കണ്ടു ഒരു സാക്ഷാല്‍ മെക്‌സിക്കന്‍ ഹോട്ടല്‍. അവിടെനിന്നും പേരറിയാത്ത വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു. വെയില്‍ കൂടുതലുണ്ടെങ്കിലും വിയര്‍പ്പ് തീരെകുറവ്. കുറേനേരം തീരത്ത്കൂടി നടന്നശേഷം തിരിച്ച് ഹോട്ടലിലേക്ക് പോയി. ട്രോളി കൃത്യസമയത്ത് തന്നെ ലഭിച്ചു. കയറിയപ്പോഴാണ് അറിയുന്നത്, കൈയില്‍ ചില്ലറ ഇല്ല. ഡ്രൈവറോട് പറഞ്ഞപ്പോള്‍ അവസാനം ഇറങ്ങുമ്പോള്‍ ചില്ലറ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. എനിക്ക് ഇറങ്ങേണ്ട അവസാന സ്റ്റോപ്പ് എത്തി. ഒരു ഹോട്ടലില്‍ നിന്നും വെള്ളം വാങ്ങി ബാക്കി ലഭിച്ച ചില്ലറ ഡ്രൈവര്‍ക്ക് നല്‍കി. ക്ഷമിക്കണം സര്‍ ഞാന്‍ പണം നേരിട്ട് വാങ്ങില്ല, അങ്ങ് ബോക്‌സില്‍ നിക്ഷേപിക്കൂ എന്ന് പറഞ്ഞു. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ കിട്ടുന്ന ചില്ലറ അടിച്ചുമാററുന്ന വിരുതന്‍മാര്‍ അയാളെ കണ്ടു പഠിക്കണം.

ഫ്ലോറിഡയിലെ ഫ്രൂട്ട് ഷോപ്പ്
 


    കറക്കം കഴിഞ്ഞ് നേരെ ഹോട്ടലിലേക്ക് പോകും വഴിയില്‍ ഹോട്ടലിന് സമീപമുള്ള സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പ്രാക്ടീസ് കണ്ടു. ഫുട്ബാളില്‍ മറ്റു പ്രമുഖരെ അപേക്ഷിച്ച് അമേരിക്കക്ക് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അവരുടെ പരിശീലനം കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. അധികം വൈകാതെ അവര്‍ ഫുട്ബാളും കീഴടക്കും.  ആകാശം കാര്‍മേഘങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. അത്യാവശ്യം കാറ്റും ഉണ്ട്. ഫ്‌ളോറിഡയുടെ അറ്റ്‌ലാൻറിക്ക് തീരത്ത് ജനങ്ങള്‍ കൊടുങ്കാറ്റുകൊണ്ട് നെട്ടോട്ടമോടുകയാണ്. അപ്പോഴതാ മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ തീരത്ത് യാതൊരു കൂസലുമില്ലാതെ പന്ത് കളി നടക്കുന്നു. കളി കാര്യമാക്കേണ്ട എന്ന് കരുതി നേരെ റൂമിലേക്ക്. പവര്‍പോയിൻറില്‍ അവസാന മിനുക്കുപണികള്‍ ചെയ്യണം. ആ പ്രദേശത്ത് നിന്നും എടുത്ത ഫോട്ടോകള്‍ അതില്‍  കയറ്റണം. പവര്‍പോയിൻറില്‍ ഫോട്ടോകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. വിവരണം വാക്കുകളില്‍ മാത്രം ഒതുക്കണം. ഫോട്ടോകള്‍ക്ക് വിഷയവുമായ ബന്ധം ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധം. ഇക്കാര്യമെല്ലാം ആലോചിച്ച് ഞാന്‍ ഹോട്ടലിലേക്ക് കയറിയതും അതാ നില്‍ക്കുന്നു ഓര്‍ഗനൈസര്‍മാരായ സില്ല വാട്ട്‌കോട്ടും ശ്രീനിവാസുലും ഉള്‍പ്പെടെയുള്ള മറ്റു സ്പീക്കര്‍മാരും. പലരെയും ആദ്യമായിട്ടാണ് കാണുന്നത്. ഏതാനും ചിലരെ മറ്റു സെമിനാറുകളില്‍ വച്ച് കണ്ടിട്ടുണ്ട്. 'ഏതാനും പേര്‍ക്ക് വിമാനം മുടങ്ങിയതിനാല്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് ആസ്‌ത്രേലിയില്‍നിന്നുള്ള ഡോ. ഐസക്ക് ഗോള്‍ഡന്, പക്ഷെ അദ്ദേഹം വെബിനാര്‍ നടത്തും. ബാക്കിയുള്ള എല്ലാവരും ഉണ്ടാകും, അതിനാല്‍  പരിപാടിക്ക് യാതൊരു തടസ്സവുമില്ല', ഒറ്റ ശ്വാസത്തില്‍ സില്ല പറഞ്ഞു. പടച്ചവനു സ്തുതി.

പ്രായം ചെന്ന ടാക്സി ഡ്രൈവർ
 


    ചുഴലിക്കാറ്റ് ഭീഷണി സെമിനാറിനെ കാര്യമായി ബാധിച്ചില്ല. വളരെ ഭംഗിയായി ഒന്നാം ദിവസം കഴിഞ്ഞു. വൈകുന്നേരം ആന്ധ്രാക്കാരനായ, അല്ല തെലുങ്കാനക്കാരനായ ഡോ. ശ്രീനിവാസുലുവും കുടുംബവുമായി അറ്റ്‌ലാന്റിക് തീരത്തുള്ള സെൻറ് അഗസ്റ്റിന്‍ വരെപോകാന്‍ തീരുമാനിച്ചു. ഏകദേശം മൂന്നുമണിക്കൂര്‍ യാത്രയുണ്ട്. കൂടെ അദ്ദേഹത്തിൻെറ ഭാര്യയും മരുമകന്‍ ചേതനും ഉണ്ട്. പോകുംവഴിയില്‍ അമേരിക്കയുടെ ഗ്രാമക്കാഴ്ചകള്‍ കാണാമെന്ന് ചേതന്‍ പറഞ്ഞു. ചുഴലിക്കാറ്റ് ബാധിച്ച സ്ഥലത്താണ് പോകുന്നത്, ആയതിനാല്‍ റിസ്‌ക് എടുക്കണോ എന്ന് ചോദിച്ച ഞങ്ങള്‍ക്ക് ചേതന്‍ ധൈര്യം പകര്‍ന്നു. പോയവഴിയില്‍ നിരവധി ഗ്രാമങ്ങള്‍ കാണാനിടയായി. ഗ്രാമം എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. കിലോമീറ്ററുകളോളം യാത്ര ചെയ്തിട്ടും റോഡിനിരുവശത്തും ആരേയും കണ്ടില്ല. കവലകളില്‍ നാട്ടുവിശേഷവും രാഷ്ട്രീയവും പറഞ്ഞ് ഇരിക്കുന്നവരെയും കണ്ടില്ല. കാരണം തിരക്കിയപ്പോള്‍ ചേതന്‍ വാചാലനായി. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പം, ജനസംഖ്യ ഇന്ത്യയേക്കാള്‍ കുറവ്, വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും താരതമ്യേന കുറവ്. ചിലപ്പോള്‍ മാതാപിതാക്കളെ കാണുവാനും മക്കള്‍ മുന്‍കൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടിവരും. ആളുകളെ കാണണമെങ്കില്‍ ഷോപ്പിങ്ങ് മാളുകളിലോ അല്ലെങ്കില്‍ വീട്ടിനുള്ളിലോ പാര്‍ക്കുകളിലോ നോക്കണം, ചേതന്‍ പറഞ്ഞു. പോകും വഴിയില്‍ ധാരാളം റീക്രിയേഷന്‍ വെഹിക്കിളുകള്‍ (R V) കണ്ടു. ഒറ്റ നോട്ടത്തില്‍ ജനലും വാതിലുമുള്ള വലിയ കണ്ടെയിനറുകളാണെന്ന് തോന്നും. പലരും സഞ്ചരിക്കുന്ന ഈ വീടുകളില്‍ താമസിക്കുന്നവരാണ്, പ്രത്യേകിച്ച് ജോലിയില്‍ നിന്നും വിരമിച്ചവര്‍. ചെറിയ വാടക കൊടുത്ത് വാഹനം എവിടെയെങ്കിലും പാര്‍ക്ക് ചെയ്യും. അവിടെ വെള്ളവും മറ്റും ലഭിക്കും. ഏതാനും ദിവസങ്ങള്‍ അല്ലെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് ''വീട്'' യാത്ര ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങി നില്‍ക്കില്ല. ഒട്ടുമിക്കവരുടെയും കൂടെ വളര്‍ത്തു നായ ഉണ്ടുകും. അന്ന് നമ്മുടെ നാട്ടിലെ ആളുകളുടെ പത്രങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നായപ്രേമമല്ല, മറിച്ച് സ്വന്തം മക്കളേപ്പോലെ, അല്ലെങ്കില്‍ അതിനേക്കാളുപരി. വളര്‍ത്തുനായ അവരുടെ ജീവിതത്തിൻെറ ഒരു ഭാഗമാണ്.

സ്പാനിഷ് കോളനി
 


    പുഴകളും കാടുകളും പൈന്‍ മരങ്ങളും മറികടന്ന് വാഹനം കുതിച്ചുപായുകയാണ്. യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ചത്, തുറസ്സായ സ്ഥലങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകളും ചെറിയ തട്ടുകടകളും എങ്ങും കാണാനില്ല എന്നതാണ്. എല്ലായിടത്തും ചില്ലുകൂട്ടിലടച്ച കടകളേ ഉള്ളൂ. ഒരു പക്ഷെ തുറസായ സ്ഥലത്ത് വില്‍പ്പനക്ക് നിയന്ത്രണമുണ്ടാകാം. ഇന്റര്‍നാഷണല്‍ ബ്രാന്റ് ഫുഡ് കോര്‍ട്ടുകള്‍ നിരവധി കണ്ടു. ഒട്ടുമിക്കതും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും. അത്രയ്ക്ക് വിധേയത്തമാണ് ആളുകള്‍ക്ക് ഇത്തരം ഭക്ഷണത്തോട്.


    ആ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ച മറ്റൊരുകാര്യം എവിടെയും പുല്‍ത്തകിടുകളും പുല്‍മേടുകളും കാണാം എന്നതാണ്.   അത് നാട്ടിന്‍പുറങ്ങളില്‍പോലും വളരെ ഭംഗിയില്‍ വെട്ടിനിര്‍ത്തിയിരിക്കുന്നു. വൃത്തിഹീനമായ ഒരു സാഹചര്യം പോലും എനിക്ക് കാണേണ്ടതായി വന്നില്ല. അത് കേവലം ഭരണ സംവിധാനത്തിൻെറ മാത്രം മിടുക്കല്ല, അത് ജനങ്ങളുടെ മൊത്തമായുള്ള മനോഭാവം കൂടിയാണ്. വീടുകള്‍ എല്ലാം ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മിച്ചത്. ഏതാനും ദിവസം കൊണ്ട് നിര്‍മിക്കാവുന്നതാണ് ഇത്തരം വീടുകള്‍.   കാഴ്ചകളെല്ലാം കണ്ട് നേരം ഇരുട്ടിയപ്പോഴേക്കും സെന്റ് അഗസ്റ്റിനില്‍ എത്തി. അത് ഒരു അമേരിക്ക ആയിരുന്നില്ല, മറിച്ച് ഒരു യൂറോപ്പ് തന്നെയായിരുന്നു. 17-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഒരു പഴയ നഗരം. കാഴ്ചയില്‍ ഒരു ഒന്നാന്തരം സ്‌പെയിന്‍ തന്നെ. എവിടെയും സ്പാനിഷ് കൊളോണിയല്‍ വാസ്തുവിദ്യ. ജനങ്ങളില്‍ കൂടുതല്‍ സ്പാനിഷ് വംശജര്‍.  ഫ്‌ളോറിഡയുടെ വടക്ക് കിഴക്കായി അറ്റ്‌ലാന്റിക് തീരത്തുള്ള ആ പുരാതന പട്ടണത്തില്‍ ചുഴലിക്കാററ് ഭീഷണി ഉണ്ടായിരുന്നു. അതിനാല്‍  തന്നെ തിരക്ക് വളരെ കുറവായിരുന്നു. സെന്റ് അഗസ്റ്റിനിലെ സ്പാനിഷ് കോട്ട വളരെ പേരു കേട്ടതാണ്, പാലക്കാട് ടിപ്പുസുല്‍ത്താന്‍ കോട്ടയുടെ പത്തിലൊന്ന്  വലിപ്പമേ ഉള്ളൂ എങ്കിലും. കോട്ട കണ്ട് നേരെ പോയത് അറ്റ്‌ലാന്റിക്ക് തീരത്തേക്ക്. ഇരുട്ട് കാരണം കടല്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ തിരമാലകളുടെ ശബ്ദത്തിനും കാറ്റിനും ഇരുട്ട് തടസ്സമായില്ല. അവിടെവച്ച് എനിക്ക് എൻെറ മോറോക്കന്‍ യാത്ര ഓര്‍മ വന്നു. മൊറോക്കോയിലെ കസബ്ലാങ്കയിലുള്ള ഐന്‍ദിയാബ് ബീച്ചില്‍ നിന്നപ്പോള്‍, അതായത് അറ്റ്‌ലാന്റിക്കിൻെറ മറുകര, തൊട്ടപ്പുറമുള്ള അമേരിക്കന്‍ തീരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സഫലീകരിച്ച സന്തോഷത്തില്‍ മതിമറന്നു നിന്നപ്പോള്‍ പിന്നില്‍ നിന്നും ശ്രീനിവാസുലു സമയം വൈകിയ കാര്യം ഓര്‍മിപ്പിച്ചു. വേഗത്തില്‍ തന്നെ തൊട്ടടുത്ത ഇറ്റാലിയന്‍ ഹോട്ടലില്‍ നിന്നും പിസ്സ കഴിച്ചു, ഇറ്റലിക്കാര്‍ തന്നെ ഉണ്ടാക്കിയ വെജിറ്റേറിയന്‍ പിസ്സ. എങ്ങനെയായിരിക്കണം പിസ്സ ഉണ്ടാക്കേണ്ടത് എന്ന് അന്നാണ് എനിക്ക് മനസ്സിലായത്. സമയം വൈകി,  അതിനാല്‍ തിരിച്ച് യാത്ര നേരെ ടാംബയിലേക്ക്, പോകും വഴിയില്‍ ഒര്‍ലാന്റോ സിറ്റിയും കണ്ടു. നല്ല തിരക്കുണ്ട്, നിരവധി അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അവിടെയുണ്ട് എന്നതാണ് കാരണം. സമയം വൈകിയതിനാല്‍ സിറ്റിയില്‍ അധികം കറങ്ങിയില്ല. കാരണം രണ്ടാം ദിവസം എൻെറ സെഷന്‍ ആണ്. ഹോമിയോപ്പതി ഡിപ്പാര്‍ട്ടുമെന്റിൻെറ 'റീച്ച് ' എന്ന പദ്ധതിയാണ് വിഷയം. രോഗ പ്രതിരോധത്തിനുള്ള ഒരു സംവിധാനമാണത്. തയ്യാറെടുപ്പുകള്‍ നടത്തണം, അല്ലെങ്കില്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും!

സ്പാനിഷ് ചർച്ച്
 


    പിറ്റെ ദിവസം കൃത്യസമയത്ത് തന്നെ സെമിനാര്‍ തുടങ്ങി, കൃത്യസമയത്ത് തന്നെ തീരുകയും ചെയ്തു. സമയക്രമത്തിൻെറ കാര്യത്തില്‍ നാം അമേരിക്കക്കാരെ കണ്ടുപടിക്കണം. വലിച്ചുനീട്ടി മൈക്കിൻെറ മുന്നില്‍ വാചാലനായി തൊട്ടുപിന്നില്‍ സംസാരിക്കുന്നയാളുടെ സമയം അപഹരിക്കുന്നത് പലപ്പോഴും കാണാനിടയായിട്ടുണ്ട്. പക്ഷെ, അവിടെ ഞാന്‍ കണ്ടത് മറിച്ചാണ്. ക്ലാസുകളെല്ലാം കഴിഞ്ഞ് ക്ഷീണിതനായെങ്കിലും ശ്രീനിവാസിലുവും കൂട്ടരും എന്നെ വിട്ടില്ല. ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്നതിനായി അദ്ദേഹം എന്നെ ക്ഷണിച്ചു. പോകും വഴിയില്‍ ഒരു പാം ബീച്ച് സന്ദര്‍ശിച്ചു. പലപ്പോഴും ചുഴലിക്കാറ്റും മറ്റും ഉണ്ടായപ്പോഴും പനമരങ്ങള്‍ക്ക് കാര്യമായൊന്നും സംഭവിച്ചില്ല. കാറ്റിനെ പ്രതിരോധിക്കാന്‍ മറ്റു മരങ്ങളെ അപേക്ഷിച്ച് പനക്ക് പ്രത്യേകതകളുണ്ട്. ബീച്ചില്‍ നിന്നും നേരെ പോയത് ഇന്ത്യന്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക്. ശ്രീനിവാസിലു ഹോട്ടല്‍ ഉടമയുമായി പരിചയപ്പെട്ടു. തമിഴ്‌നാട്ടുകാരന്‍. തമിഴ് നാട്ടുകാരനുമായി ഞാന്‍ മുറിത്തമിഴില്‍ പേശിയപ്പോള്‍ മറുപടി മലയാളത്തില്‍! ഒന്നാന്തരം മലയാളി. തമിഴ്‌നാട്ടുകാരന്‍ എന്നറിയപ്പെട്ടാലെ അവിടെ ഇന്ത്യന്‍ വെജിറ്റേറിയന്‍ ഹോട്ടലിന് അത്യാവശ്യം കച്ചവടം കിട്ടുകയുള്ളൂ. അദ്ദേഹം അത് പറയാതെ തന്നെ ഞാന്‍ സത്യം മനസ്സിലാക്കി. അങ്ങനെ ഇന്ത്യന്‍ ഭക്ഷണം കഴിച്ച സന്തോഷത്തില്‍ ഞങ്ങള്‍ മടങ്ങി.

സ്പാനിഷ് പോർട്ട്
 


പിറ്റെന്ന്  സെമിനാറിൻെറ അവസാന ദിനമായിരുന്നു. പരിപാടികള്‍ കഴിഞ്ഞപ്പോഴേക്കും ഏറെ വൈകി. ശ്രീനിവാസുലുവും കുടുംബവും കാലിഫോര്‍ണിയയിലെ ബന്ധുവിന്റെയടുത്തേക്ക് യാത്രയായി. അവരെ യാത്രയാക്കി നേരെ റൂമിലേക്ക്, ലഗേജ് പായ്ക്ക് ചെയ്യുന്നതിന്. എന്റെ യാത്ര പിറ്റെ ദിവസമാണ്. രാവിലെ മടങ്ങുന്നതിനായി ഓര്‍ഗനൈസര്‍മാര്‍ ടാക്‌സി ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് തന്നെ ടാക്‌സി റെഡി. വാതില്‍ തുറന്ന് ഇറങ്ങിവന്ന ഡ്രൈവറെകണ്ട് ഞാന്‍ ഒന്ന് ഞെട്ടി. ഉദ്ദേശം 80 വയസ്സ് തോന്നിക്കുന്ന ഒരു അമ്മൂമ്മ, പല്ലുപോലും ഇല്ല. ഞെട്ടല്‍ മാറിയപ്പോള്‍ എനിക്കവരോട് ആദരവ് തോന്നി. പ്രായം ഇത്രയായിട്ടും അവര്‍ സ്വന്തം അധ്വാനിക്കുന്നു. വാഹനത്തിലെ GPRS സെറ്റ് ചെയ്യുന്നതും ഓടിക്കുന്നതും എല്ലാം ഒരു ന്യൂജനറേഷന്‍ ഡ്രൈവറേക്കാള്‍ വേഗത്തില്‍. മറ്റു വാഹനങ്ങളെ ഓവര്‍ടെയ്ക്ക് ചെയ്യാനും അമ്മൂമ്മ ഡ്രൈവര്‍ മോശമില്ല. എന്നെ കൃത്യസമയത്ത് ടാംബ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ടിപ്പും വാങ്ങി അവര്‍ യാത്ര പറഞ്ഞു. ആ പ്രായത്തിലുള്ളവരുടെ  നമ്മുടെ നാട്ടിലെ അവസ്ഥ എന്താണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ!

സെമിനാറിലെ പ്രഭാഷകർ
 


മടക്കയാത്ര തുടങ്ങുകയായി. ടാംബയില്‍  നിന്നും ബോസ്റ്റണ്‍, അവിടെനിന്നും ദുബായ് വഴി നെടുമ്പാശ്ശേരി. ക്ഷമിക്കണം ഒരു കാര്യം പറയാന്‍ ഞാന്‍ മറന്നു. ബാലചന്ദ്രമേനോന്‍ അമേരിക്കയിലെ കൊതുകുകളെ പറ്റിപറഞ്ഞത്. അദ്ദേഹം പറഞ്ഞു, അമേരിക്കയിലെ കൊതുകുകള്‍ പോലും കടിക്കുന്നതിന് മുമ്പ് ''എക്‌സിക്യൂസ്മി സര്‍'' എന്ന് പറഞ്ഞശേഷം നമ്മെ കടിച്ച് ''താങ്ക്യു  സാര്‍'' എന്ന് പറഞ്ഞ് പറന്ന് പോകും എന്ന്! അതെ അത്രയ്ക്ക് മാന്യതയാണ് അവിടുത്തെ ജനങ്ങളുടെ പെരുമാറ്റത്തിന്. എനിക്കവിടെ കൊതുകുകളെ കാണാന്‍ സാധിച്ചില്ല. പക്ഷെ ജനങ്ങളുടെ മാന്യമായ പെരുമാറ്റം മനസിലായി. ഒരു അപരിചിതനെ കണ്ടാല്‍പോലും വന്ദിക്കാന്‍ അവര്‍ക്ക് മടിയില്ല. അവിടുത്തെ കസ്റ്റംസ് -ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. മുന്‍പ് ഭയപ്പെട്ടപോലെ മാന്യമല്ലാത്ത ഒരു പ്രവൃത്തിയും കാണേണ്ടിവന്നില്ല. ഈ യാത്രയില്‍നിന്നും ഞാന്‍ ഒരു പാഠം പഠിച്ചു. ഭരിക്കുന്നവരുടെ പോളിസികള്‍ എന്തുമായിക്കൊള്ളട്ടെ, എല്ലാ രാജ്യങ്ങളിലെയും  സാധാരണക്കാരായ ജനങ്ങളില്‍ ഒരു നന്മയുണ്ട്, അവരില്‍ മനുഷ്യ സ്‌നേഹം നമുക്ക് ദര്‍ശിക്കാനാകും. നിര്‍ഭാഗ്യവശാല്‍ എവിടെ യുദ്ധമുണ്ടായാലും സഹിക്കേണ്ടത് ആ പാവം ജനങ്ങള്‍ മാത്രം!

Tags:    
News Summary - american days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.