നീണ്ട പകലുകളും മഴ ഒഴിയാത്ത വേനലുമുള്ള മറ്റൊരു മേയ് മാസത്തിൽ അങ്ങനെ വീണ്ടും ഹോളണ്ടിലെത്തി. നെതർലൻഡ്സിലെ അന്താരാഷ്ട്ര മാധ്യമ പരിശീലന കേന്ദ്രമായ റേഡിയോ നെതർലൻഡ്സ് ട്രെയിനിങ് സെൻറർ (ആർ.എൻ.ടി.സി.) നൽകുന്ന മൂന്നാഴ്ചത്തെ കോഴ്സിൽ പങ്കെകടുക്കാനായിരുന്നു ഇൗ രണ്ടാമൂഴം. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഏഴ് മണിക്കൂർ പിന്നിട്ട് ആംസ്റ്റർഡാമിലെ സ്കിപളിൽ ഇറങ്ങുമ്പോൾ ആളും അനക്കവും കുറവ്. താഴ്ന്ന താപമാപിനിപോലെ വിമാനത്താവളവും തണുത്തുറങ്ങിക്കിടക്കുന്നു. വലിയ തിരക്കും ആരവങ്ങളുമില്ല. കെ.എൽ.എം, യൂറോ വിങ്സ് വിമാനങ്ങൾ അവിടവിടെയായി നിർത്തിയിട്ടിട്ടുണ്ട്. നേരം രാത്രി ഒമ്പത് കഴിഞ്ഞിട്ടും പുറത്ത് പരാപരാ വെളിച്ചം.
എമിഗ്രേഷൻ നടപടി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ താമസം ഏർപ്പാടാക്കിയിരുന്ന ഹോട്ടലിൻെറ ബോർഡുമായി ടാക്സി ഡ്രൈവർ മീറ്റിങ്പോയൻറിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. കോട്ടും ടൈയുമിട്ട ടാക്സി ഡ്രൈവർ. ടാക്സി കാറാകട്ടെ മേഴ്സിഡസ് ബെൻസ്. ടാക്സി കാറുകളിലേറെയും ആഡംബര കാറുകളായ ഒൗഡിയോ മേഴ്സിഡസ് ബെൻസോ ആണ്. ജീവിത നിലവാരത്തിലെ ഉയർച്ചകൊണ്ടല്ല, വില കൂടിയ കാർ വാങ്ങുന്നതിന് ടാക്സി ഡ്രൈവർമാർക്ക് പ്രത്യേക ആനുകൂല്യം സർക്കാർ നൽകുന്നുണ്ടെന്ന് ഡ്രൈവർ പറഞ്ഞു.
സ്വന്തം നിലക്കാണെങ്കിൽ ട്രെയിൻ യാത്രയാവും ഉചിതം. ഇവിടത്തെ പൊതുഗതാഗത സംവിധാനം അനുകരണീയമാണ്. ഒരേ ടിക്കറ്റിൽ ട്രെയിനിലും ബസിലും ട്രാമിലും കയറാം. ടിക്കറ്റ് ചെക്കിൻ ചെയ്യുമ്പോൾ മാത്രമാണ് ആക്ടിവ് ആകുന്നത്. എന്നുവെച്ചാൽ, രാവിലെ ടിക്കറ്റെടുത്താൽ ആ ദിവസം എപ്പോൾ വേണമെങ്കിലും യാത്ര ചെയ്താൽ മതി. വിമാനത്താവളത്തിൽനിന്നുതന്നെ ഏതു ദിശയിലേക്കും ട്രെയിനുണ്ട്. മറ്റു യൂറോപ്യൻ നാടുകളിലേക്കുള്ള ട്രെയിൻ ടിക്കറ്റു വരെ ലഭ്യം. എയർപോർട്ടിൽനിന്ന് എസ്കലേറ്റർ വഴി താഴെ ഇറങ്ങിയാൽ റെയിൽവേ സ്റ്റേഷനായി. യൂറോ നാണയമുണ്ടെങ്കിൽ മെഷീനിൽനിന്ന് സ്വയം ടിക്കറ്റെടുക്കാം. ഇല്ലെങ്കിൽ ടിക്കറ്റ് നേരിട്ട് വാങ്ങുകയുമാവാം. കെഡ്രിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ പാസ്പോർട്ട് വേണമെന്ന് മാത്രം. സർവിസ് ചാർജും നൽകണം. രാജ്യത്തിെൻറ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽ ശൃംഖല. എന്നാൽ, ചെലവ് കൂടി നോക്കുന്നവർക്ക് ബസ് യാത്രയാവും നല്ലത്. രാജ്യാന്തര ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ കൂടുമെന്നോർക്കണം.
കുന്നും മലകളുമില്ലാത്ത പരന്നുകിടക്കുന്ന പച്ചപ്പുൽ പാടങ്ങളും വെള്ളക്കെട്ടുകളുമാണ് ഒറ്റവാക്കിൽ ഹോളണ്ട്. വീസ്പ്, ഗെയ്തൂൺ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുേമ്പാൾ ഇൗ പച്ചപ്പിൻെറയും ജലാശയങ്ങളുടെയും കുളിർമ നേരിട്ട് അനുഭവിക്കാനാവും. വിശാലമായ പാടത്ത് മേഞ്ഞുനടക്കുന്ന കൊഴുത്തുതടിച്ച പശുക്കളും കുതിരകളും പോസ്റ്റ് കാർഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. പാടങ്ങളോട് ചേർന്ന കരയിൽ തീപ്പെട്ടി ക്കൂട് േപാലുള്ള ചെറിയ വീടുകൾ. എല്ലാം ഒരേപോലുള്ള വീടുകൾ. ഇതിനിടയിലൂടെ തോടുകളും ചെറിയ വഞ്ചികളും.
ആളനക്കമില്ലാത്ത നിരത്തുകളും തെരുവുകളുമാണ് എങ്ങും. വേനലിെൻറ തുടക്കത്തിൽ ഒരു നാൾ താപനില 30 കടന്നപ്പോഴാണ് ഇൗ നാട്ടിൽ ഇത്രയും ജനങ്ങളുണ്ടെന്ന് മനസ്സിലായത്. വീടുകളുടേയും ഫ്ലാറ്റുകളുടേയും കോലായയിലിറങ്ങി അവർ വേനൽ ആഘോഷിക്കുകയായിരുന്നു. വേനൽച്ചൂട് അനുഭവിക്കാൻ കാത്തിരിക്കുന്നതുപോലെ. ഏപ്രിൽ അവസാനത്തിലൊരിക്കൽ പ്രാഗിൽനിന്ന് നെതർലൻഡ്സിലേക്ക് മടങ്ങുേമ്പാൾ വിമാനത്തിൽനിന്നുള്ള അറിയിപ്പ് കേട്ട് യാത്രക്കാർ ഒന്നടങ്കം ചിരിച്ചത് ഒാർത്തുപോവുകയാണ്. പുറത്ത് താപനില 34 ആണെന്ന അറിയിപ്പായിരുന്നു അത്. കാറ്റിൻെറ അകമ്പടിയോടെ വരുന്ന ശൈത്യത്തിൽ ആരും ആഗ്രഹിച്ചുപോവുന്നതാണത്.
ആംസ്റ്റർഡാം, ഹേഗ്, യൂത്രെഖ് തുടങ്ങിയ വൻ നഗരങ്ങളിലൊഴിച്ച് മറ്റു നഗര വീഥികളെല്ലാം ഏറക്കുറെ വിജനമായിരിക്കും. ട്രെയിനുകളിലും ബസിലും ഇൗ നിശ്ശബ്ദത കാണാം. ഉള്ളവർതന്നെ നിശ്ശബ്ദമായി വായിക്കുകയോ മൊബൈൽ ഫോണിൽ ഉൗളിയിട്ടിരിക്കുകയോ ചെയ്യുന്നതുെകാണ്ടാവാം, നമ്മുടെ നാട്ടിലെ ഹർത്താലിെൻറ പ്രതീതിയാണ് ഗ്രാമീണ നിരത്തുകളിൽ. പ്രത്യേക ദിവസങ്ങളൊഴിച്ച് മറ്റു അവസരങ്ങളിലെല്ലാം ഇതുതന്നെ സ്ഥിതി. വഴി ചോദിക്കണമെങ്കിൽ പോലും ഒരാളെ പുറത്തുകാണില്ല. സ്മാർട്ട് ഫോണും ഗൂഗ്ൾ മാപ്പുംതന്നെ സഞ്ചാരികൾക്ക് ശരണം. ഭാഗ്യം കൊണ്ട് ആരെയെങ്കിലും കണ്ട് വഴി ചോദിച്ചാൽ സമയമെടുത്ത് വിശദീകരിച്ചുതരാൻ ഒരു മടിയുമില്ലെന്നത് വേറെ കാര്യം. ട്രാഫിക് സിഗ്നലിൽ നിർത്തിയ വണ്ടിക്കാരനോട് ഒരിക്കൽ വഴി ചോദിച്ചപ്പോൾ സിഗ്നലിൽ പച്ച തെളിഞ്ഞിട്ടും വാഹനമെടുക്കാതെ വഴി പറഞ്ഞുതന്നത് മറക്കാനാവാത്ത ഒാർമയാണ്. അടുത്തതവണ പച്ച തെളിയുന്നതുവരെ അയാൾക്ക് കാത്തുനിൽക്കേണ്ടിവന്നു.
തങ്ങളുടേത് തുറന്ന സമൂഹമാണെന്ന് ഡച്ചുകാർ പറയും. ഒന്നും മറച്ചുവെക്കാനില്ല. മനുഷ്യെൻറ സ്വകാര്യത പോലും. ഗ്ലാസിട്ട ഡച്ച് വീടുകൾക്കും കെട്ടിടങ്ങൾക്കും ജനൽവിരി ഉണ്ടാവില്ല എന്നത് പിന്നീടാണ് ശ്രദ്ധിച്ചത്. ആംസ്റ്റർഡാമിലെ കുപ്രസിദ്ധമായ ചുവന്നതെരുവിനെയും സെക്സ് മ്യൂസിയത്തെയും അവർ ന്യായീകരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിെൻറയും തുറന്ന സമീപനത്തിൻെറയും അളവുകോലിലാണ്.
താമസിക്കുന്ന ഹോട്ടലിൻെറ സ്മോക്കിങ് ലോഞ്ചിലിരുന്ന് മറ്റു പുകവലിക്കാർക്കൊപ്പം രണ്ട് ചെറുപ്പക്കാർ മയക്കുമരുന്ന് സിഗരറ്റിനകത്ത് നിറക്കുന്നത് അദ്ഭുദം ഉളവാക്കുന്നതായിരുന്നു. ആ മുറിയിലെ മറ്റു പുകവലിക്കാർ അതു ശ്രദ്ധിക്കുന്നേയില്ല. ഇന്ത്യക്കാരനായതുകൊണ്ട് അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു. നാം അങ്ങനെയാണല്ലോ. ജീവിതത്തിൽ ആദ്യമായി മയക്കുമരുന്ന് നേരിൽ കാണുന്നതിലെ കൗതുകംകൊണ്ടുമാവാം. അന്വേഷിച്ചപ്പോൾ ഇരുവരും തുർക്കി വംശജരാണ്. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. മൂന്നു തലമുറകൾക്കപ്പുറം തുർക്കിയിൽനിന്ന് വന്ന മുസ്ലിം കുടുംബങ്ങളിലെ ഇളംമുറക്കാർ. തുർക്കി, മൊറോക്കോ വംശജരാണ് ഇവിടത്തെ മുസ്ലിം ന്യൂനപക്ഷം. വിരലിലെണ്ണാവുന്ന ഇവിടത്തെ പള്ളികൾ കൊണ്ടുനടക്കുന്നതും ഇൗ ന്യൂനപക്ഷമാണ്. പ്രധാനമായും സ്നാക് ബാറുകൾ നടത്തുകയാണ് ഇവരുടെ തൊഴിൽ. ഹലാൽ ചിക്കൻ എന്ന പേരിൽ ഇക്കൂട്ടർ നടത്തുന്ന കെബാബ് സെൻററുകളാണ് പന്നി മാംസം ഇല്ലാത്ത ഭക്ഷണം ആഗ്രഹിക്കുന്നവരുടെ ആശ്രയം. ഇവിടത്തെ പുകവലി നയം വളരെ വിചിത്രമാണ്. ഹോട്ടലുകൾക്കും കെട്ടിടങ്ങൾക്കും അകത്ത് പുകവലി പാടില്ല. പൊതു നിരത്തിൽ പുകവലിക്ക് ഒരു നിയന്ത്രണവുമില്ല താനും. പുകവലിയിലും സ്ത്രീ പുരുഷ സമത്വമുണ്ടെന്നതാണ് മറ്റൊരു കൗതുകം. പുരുഷൻമാരേക്കാൾ സ്ത്രീകളാണ് പുകവലിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഏഴു വർഷത്തിനു ശേഷം സൈക്കിളുകളുടെ സ്വന്തം നാട്ടിലെത്തുമ്പാൾ മാറ്റങ്ങളേറെയാണ്. സൈക്കിളുകൾക്ക് പകരം ഗിയർലെസ് സ്കൂട്ടറുകൾ രംഗം കൈയടക്കുന്നതായാണ് അനുഭവം. കേരളത്തിെൻറ അത്രയും വലുപ്പമുള്ള ഇൗ രാജ്യത്ത് ഒരറ്റം മുതൽ മറ്റേ അറ്റം വരെ സൈക്കിളിൽ സഞ്ചരിക്കാം. സൈക്കിൾ സവാരിക്കാർക്കായി പ്രേത്യകം പാതകളുമുണ്ട്. എന്നാൽ, ഇൗ പാതകളിൽ സ്കൂട്ടറുകൾ ഒാടിത്തുടങ്ങിയതാണ് ഹോളണ്ടിലെ മാറുന്ന കാഴ്ച. നമ്മുടെ നാട്ടിലെ ഇരുചക്ര വാഹന വിപണി ഗിയർലെസ് സ്കൂട്ടറുകൾ കൈയടക്കിയതുപോലെ സാവധാനം സൈക്കിളുകളുടെ ഇൗ സ്വന്തം നാടും മാറുകയാേണാ എന്ന് തോന്നി. കേരളവുമായി താരതമ്യത്തിന് സ്വാഭാവികമായി ശ്രമിച്ചുനോക്കാറുണ്ട്. വലുപ്പത്തിൽ കേരളത്തിനൊപ്പം, എന്നാൽ, നമ്മുടെ പകുതി ജനസംഖ്യ. ഇൗ വ്യത്യാസമാണ് അടിസ്ഥാന അന്തരത്തിെൻറ കാരണം. എന്നാൽ, പൗരബോധത്തിലും സാമൂഹിക അവബോധത്തിലും നാം ബഹുദൂരം പിറകിലാണ്.
എല്ലാവരും നിയമം അനുസരിക്കുന്നവരാവുേമ്പാൾ കുറ്റവാളികൾ ഇല്ലാതാവും. പരിമിതമായ തോതിൽ മയക്കുമരുന്ന് നിയമവിധേയമാക്കിയിട്ടും ഇൗ രാജ്യത്ത് കുറ്റവാളികൾ കുറയുന്നതിെൻറ കാരണം ഇതാണ്. കുറ്റവാളികൾ ഇല്ലാത്തതിെൻറ പേരിൽ ഹോളണ്ടിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ഫീൻഹൂസനിലെ ജയിൽ (പ്രിസൺ മ്യൂസിയം) അടച്ചത് കഴിഞ്ഞ വർഷം വാർത്തയായിരുന്നു. ജയിലുകൾ അടക്കുന്നത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിനാൽ ബെൽജിയം, നോർവേ എന്നിവിടങ്ങളിൽനിന്ന് തടവുകാരെ കൊണ്ടുവന്ന് സെല്ലുകൾ നിറക്കുകയാണത്രെ. അന്താരാഷ്ട്ര നീതിന്യായ കോടതി ഇവിടെ സ്ഥാപിക്കാനുള്ള കാരണവും ഇതായിരിക്കാം.
ഹേഗിൽ വന്നപ്പോൾ സഹയാത്രികക്ക് ഡച്ച് പാർലമെൻറ് മന്ദിരം കാണാൻ ആഗ്രഹം. സെൻട്രൽ സ്റ്റേഷനിൽനിന്ന് 10 മിനിറ്റ് നടന്നാൽ പാർലമെൻറായി. ഗ്ലാസിട്ട പുത്തൻ കെട്ടിടത്തിെൻറ മുന്നിൽ രണ്ട് സുരക്ഷാ സൈനികർ മാത്രം. പാർലമെൻറ് കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അകത്തുകയറാൻ അനുമതി ലഭിച്ചു.
എന്നാൽ, അന്നത്തെ പാർലമെൻറ് സമ്മേളനം അവസാനിച്ചതിനാൽ നാളെ വരാനായിരുന്നു അകത്തെ ഉദ്യോഗസ്ഥയുടെ നിർദേശം. പാർലമെൻറ് സമ്മേളനവും കാണാം, കെട്ടിടവും കാണാനാവുമെന്ന മറുപടി വളരെ തൃപ്തികരമായിരുന്നു. നമ്മുടെ പാർലമെൻറ് കാണാൻ ഒരിക്കലെങ്കിലും ഡൽഹിയിൽ പോയവർക്ക് സമീപനത്തിലേയും സുരക്ഷ കടമ്പകളുടേയും ഇൗ വ്യത്യാസം എളുപ്പം മനസ്സിലാവും. ആ നിലയിലെത്താൻ നാം ഏറെ കാത്തിരിക്കേണ്ടിവരും. l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.