പതിവിലും നേരത്തെ ക്ലാസവസാനിച്ചു. എന്നാൽ പിന്നെ "എങ്ങോട്ടെങ്കിലും ചെറിയൊരു യാത്ര ആയാലോ" എന്ന് പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് ഇപ്പുറത്ത് ചങ്ങാതിമാർ പ്ലാനിങ് തുടങ്ങി. ഒടുവിൽ നറുക്ക് വീണത് 'ശംഖുമുഖ'ത്തിനാണ്. ആനവണ്ടിയുടെ ലോഫ്ളോർ കുടുംബത്തിലെ ഒരുത്തനാണ് വന്നത്. തിരക്ക് നന്നേ കുറവ്. പിറകിലെ സീറ്റ് ഞങ്ങൾക്കുവേണ്ടി പറഞ്ഞുവെച്ച പോലെ ഒഴിഞ്ഞ് കിടപ്പുണ്ടായിരുന്നു. അങ്ങനെ ഞങ്ങളാറുപേർ ശംഖുമുഖം ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ഗട്ടറും, വളവുതിരിവുകളും നന്നേ കുറവുള്ള റോഡിലൂടെ തെല്ലുവേഗതയോടെത്തന്നെ ആനവണ്ടിയുടെ ന്യൂജൻ കുതിച്ചു. എവിടുന്നെന്നോർമയില്ല, കമ്പിച്ചുരുൾ ചേർത്തു കോർത്തിണക്കിയ എയർപോർട്ടിൻെറ കൂറ്റൻ മതിൽകെട്ടുകൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. മുമ്പ് ഇതുവഴി വന്നപ്പോഴൊക്കെ മിനിമം ഒന്നുരണ്ട് വിമാനങ്ങളെയെങ്കിലും കാണാറുള്ളതാണ്. ഇന്ന് വിമാനത്തിൻെറ ഇരമ്പൽ പോലും കേട്ടില്ല.ബീച്ചിനോടടുക്കാറായെന്നു തോന്നിച്ച് ഏതൊക്കെയോ കടൽപക്ഷികൾ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് കണ്ടു. മനോഹരമായ ഒരു റോഡിന്റെ അരികുപ്പറ്റി ബസ് നിന്നു.
ബസ്സിറങ്ങുന്നത് തന്നെ മണലിലേക്കാണ്.
"ശംഖുമുഖം.. ശംഖുമുഖം..."
ഞങ്ങളിറങ്ങിക്കഴിഞ്ഞിട്ടും കണ്ടക്ടറണ്ണൻ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
നിർമാണം പൂർത്തിയാകാത്ത കല്ലുപാകിയ പാതയോരത്ത് ഐസ്ക്രീം കച്ചവടക്കാർ. ഇടതുവശത്ത് കാനായി കുഞ്ഞിരാമൻെറ കരവിരുത് - അസ്തമയം നോക്കി മന്ദഹസിക്കുന്ന മത്സ്യകന്യക! മുപ്പത്തിനാല് മീറ്ററോളം വലുപ്പമുണ്ടതിന്. പേരറിയാത്ത ചെറുമരങ്ങളുടെ തണലുപറ്റി ഒരുപാട് പേർ ഇരിപ്പുണ്ടിവിടെ.
നൂറുനൂറ്റാണ്ടിൻെറ പാരമ്പര്യമുള്ള അനന്തപുരിയുടെ പ്രധാന ജലതീർഥങ്ങളിൽ ഒന്നായ 'ശംഖുതീർത്ഥം' എന്ന പേരത്രെ പിന്നീട് ശംഖുമുഖം എന്നായി മാറിയത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും രാജകുടുംബത്തിനും ശംഖുമുഖവുമായി അഭേദ്യമായ ബന്ധമുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പല പൂജകളും ശംഖുമുഖംതീരത്താണ് നടക്കാറുള്ളതെന്ന് എവിടെയോ വായിച്ചതോർക്കുന്നു. മാത്രമല്ല, ക്ഷേത്രത്തിലെ ചില തുരങ്കപ്പാതകൾ അവസാനിക്കുന്നത് ശംഖുമുഖം തീരത്താണെന്നും പറയപ്പെടുന്നു. മത്സ്യകന്യകയുടെ തൊട്ടപ്പുറത്ത് പുല്ലിൽ കിടന്നു വിശ്രമിക്കുന്ന ചെറിയൊരു സൂചക പ്രതിമയുണ്ട്. അതിനുമുകളിൽ കയറിമറിഞ്ഞു ഫോട്ടോക്ക് പോസ് ചെയ്യുന്ന കുട്ടികൾക്കരികിലൂടെ ഞങ്ങൾ താഴോട്ടിറങ്ങി.
തിരുവിതാംകൂർ രാജവംശത്തിൻെറ സ്മരണയുണർത്തി കതിർമണ്ഡപം അവിടെ തലതാഴ്ത്തിയിരിപ്പുണ്ട്. ശംഖുമുഖം തീരത്തിന് പഴമയും പ്രൗഢിയും കീർത്തിയും നൽകിയിരുന്ന കതിർമണ്ഡപകങ്ങൾ ആർക്കും വേണ്ടാതുപേക്ഷിച്ച പോലെ മൂകയായ് തലകുനിച്ചു നിൽക്കുന്നു. ആധുനിക വികസന സ്വപ്നങ്ങൾ കതിർമണ്ഡപകങ്ങളെ തെല്ലൊന്നുമല്ല നോവിക്കുന്നത്. "ഇതിവിടെ അധികപ്പറ്റായല്ലോ" എന്ന മട്ടിൽ കതിർമണ്ഡപകങ്ങളെ തുറിച്ചുനോക്കുന്ന ചിലരെയെങ്കിലും ഞങ്ങൾക്ക് കാണാനായി. ഒന്നുരണ്ട് ആർമീ വാഹനങ്ങളും, തോക്കുധാരികളായ ഏതാനും പട്ടാളക്കാരും അവിടവിടങ്ങളിൽ ഉലാത്തുന്നുണ്ട്. വല്ല സുരക്ഷാഭീഷണിയും ഉണ്ടോ ആവോ..? എൻെറ ചിന്തയങ്ങ് മലകയറി കശ്മീരിലും ലഡാകിലുമൊക്കെയെത്തി. എന്തോ പ്രധാന പരിപാടി നടക്കാനുണ്ടെന്നു തോന്നുന്നു. പ്രത്യേകമായി ഹൈമാസ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നു.
കന്യാകുമാരി കഴിഞ്ഞാൽ അസ്തമയം കാണാൻ ഏറ്റവും ഭംഗിയുള്ളത് ശംഖുമുഖത്താണത്രെ. എന്തായാലും ഇന്നത് കണ്ടിട്ടുതന്നെ കാര്യം. സാധാരണ തീരങ്ങളിൽ നിന്നും വ്യത്യസ്തമായി കരയിൽ നിന്നൽപം താഴെയാണ് ഇവിടുത്തെ കടൽത്തീരം. പടിയിറങ്ങിവേണം തീരത്തെത്താൻ. പടികൾ ആരംഭിക്കുന്നേടത്ത് ചാരുബെഞ്ചുകൾ നിരത്തിയിരിക്കുന്നു. എല്ലാം ഹൗസ്ഫുൾ. ജീവിതത്തിന്റെ സായാഹ്നങ്ങളിൽ എത്തിയവരാണ് ചാരുബെഞ്ചിലിരിക്കുന്നവരിൽ ഭൂരിഭാഗവും. അസ്തമയ സൂര്യനൊപ്പം ഗതകാല സ്മരണയിലേക്കു ഊളിയിടാൻ വന്നവരാണവർ. ചൈനീസ് കളിപ്പാട്ടങ്ങളുടെ കച്ചവടം തകൃതിയായി നടക്കുന്നു. ലൈറ്റുകൾ, മിന്നുന്ന പന്തുകൾ, ബലൂണുകൾ, പമ്പരങ്ങൾ മുതൽ തലയിൽ വെക്കാവുന്ന പ്രകാശിക്കുന്ന കൊമ്പുകൾ വരെയുണ്ട് കൂട്ടത്തിൽ. ഏതോ ലായനിയിൽ മുക്കിയൂതുമ്പോൾ വർണ്ണമുകുളങ്ങൾ മാറി മാറി വരുന്ന കളിപ്പാട്ടത്തിനാണ് ആവശ്യക്കാറേറെയുള്ളത്. ഊത്തുകാരൻ പറത്തിവിടുന്ന വർണ്ണമുകുളങ്ങളെ കൈപ്പിടിയിലൊതുക്കാൻ മണലിലൂടെ മത്സരിച്ചോടുന്ന കുസുമങ്ങൾ. കൂട്ടത്തിലൊരു മുകുളം എന്റെ മുന്നിലും വന്ന് വിറച്ചുപൊട്ടി.
കൂറ്റൻ തിരമാലകളാണിവിടുത്തെ വലിയൊരു പ്രത്യേകത. അതിനാലാകാം മറ്റിടങ്ങളെപ്പോലെ വെള്ളത്തിലിറങ്ങുന്നവരും നന്നേ കുറവാണ്. വിസിലൂതി വിലസുന്ന ഗാർഡുമാരുടെ കണ്ണുവെട്ടിച്ച് വെള്ളത്തിലിറങ്ങുന്ന വിരുതന്മാരെയും കാണാനില്ല. ഒരുപിടി ചിത്രങ്ങളെടുത്ത് ഡിജിറ്റലായി ഓർമ്മയിൽ കോർക്കണം. കുറച്ചകലേക്ക് നടന്നു. ആൾക്കൂട്ടങ്ങൾക്കപ്പുറത്ത് ഞങ്ങളാറുപേർ മാത്രം. തീരതിരകൾക്ക് ചെഞ്ചായം പൂശി സൂര്യൻ ചുവന്നു തുടുത്തു. താഴ്ന്നു തുടങ്ങിയ സൂര്യനെ അതിജയിക്കാനെന്നവണ്ണംകൂറ്റൻ തിരമാലകൾ ഉയർന്നുപൊങ്ങി. പൊടുന്നനെ എവിടെനിന്നോ വന്ന കോസ്റ്റ്ഗാർഡിന്റെ ബോട്ട് സൂര്യൻെറ ചെഞ്ചായവട്ടത്തിന് ഒത്തനടുവിൽ! ഒരു SLR ക്യാമറ കയ്യിലുണ്ടായിരുന്നുവെങ്കിൽ എന്ന് ആദ്യമായ് തോന്നിയ നിമിഷം. മനസ്സില്ലാ മനസ്സോടെ സൂര്യൻ തലപൂഴ്ത്തി. സൂര്യൻ പോയതറിയാതെ തീരത്തെ ചെഞ്ചായവട്ടം പിന്നെയും അല്പനേരം കൂടി തീരത്ത് ചുറ്റിക്കറങ്ങി.
ശംഖുമുഖത്തെ അസാധാരണതിരക്ക് അൽപം അകലെനിന്ന് ക്യാമറക്കണ്ണിലൊതുക്കി ഞങ്ങൾ നടന്നു. മുമ്പോട്ട് നടക്കാനുള്ള വഴികൾപോലും കാണാത്തവിധം അസാമാന്യ തിരക്കാണ് ഞങ്ങൾക്ക് മുമ്പിൽ. തിക്കിത്തിരക്കി മുന്നോട്ട് കയറി. കുറുകെ കെട്ടിയ കയർ ഞങ്ങളെ തടഞ്ഞു. ആർക്കോ വേണ്ടി കയറുകെട്ടി അൽപം വീതിയുള്ള പാതയൊരുക്കിയിരിക്കുന്നു. പാതയുടെ അങ്ങേയറ്റം എയർപോർട്ടിലേക്കാണ് തുറക്കുന്നത്. വയർലെസുമായി പൊലീസുകാർ ഉലാത്തുന്നു. പെട്രോ മാക്സ് ലൈറ്റുമായി ഒരുപാട് പേർ ആ താൽകാലിക പാതയിൽ വെളിച്ചം വീശുന്നുണ്ട്. ഏതോ അതിഥിയാണ് വരുന്നത്. പക്ഷെ, കൊടികളും, തോരണങ്ങളും ഒന്നുമില്ല. കയറിനടിയിലൂടെ കുനിഞ്ഞ് ഞങ്ങൾ അപ്പുറം കടന്നു.
എന്നാലും ആരാകും വരുന്നത്? ആകാംക്ഷ സഹിക്കവയ്യാതെ എതിരെ വന്ന ചേട്ടനോട് അതിഥിയെക്കുറിച്ചാരാഞ്ഞു
."രാജാവാണ് വരുന്നത്.!"
"രാജാവോ...?!"
ഞങ്ങളുടെ ആശ്ചര്യം കണ്ടാകണം അയാൾ പറഞ്ഞുതുടങ്ങി.. തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ രാജാവാണത്രെ, വർഷത്തിലൊരിക്കൽ ആറാട്ടുദിവസം പരിവാരങ്ങളോടൊത്ത് രാജാവ് ശംഖുമുഖത്തേക്കു എഴുന്നള്ളും. ഇവിടെ വന്നു പൂജ കഴിഞ്ഞു മടങ്ങും. ഇന്നേ ദിവസം എയർപോർട്ട് പോലും പൂർണ്ണമായി അടച്ചിടും. കോളജ് മൂന്നുമണിക്ക് വിട്ടതിന്റെയും, എയർപോർട്ടിൽ വിമാനങ്ങളെ കാണാത്തതിന്റെയും, ബീച്ചിലെ അസാമാന്യ തിരക്കിന്റെയുമൊക്കെ രഹസ്യം അതോടെ ചുരുളഴിഞ്ഞു വീണു. കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി രാജാവിനെ കണ്ടിട്ടുതന്നെ കാര്യം. ഒത്തൊരു സ്ഥലത്ത് ഞങ്ങൾ നിലയുറപ്പിച്ചു. ബീച്ചിലെ ഇലക്ട്രിക് ബൾബുകളെക്കാൾ പ്രകാശം പാതയോരത്ത് നിരത്തിവെച്ചിരിക്കുന്ന പെട്രോൾ മാക്സിനാണെന്നു തോന്നുന്നു. പാതയുടെ മറുതലക്കൽ ഏതാനും മുത്തുക്കുടകൾ കാണുന്നുണ്ട്. പെട്ടെന്ന് ഗേറ്റുകടന്നു അഞ്ചാറു കുതിരപ്പടയാളികൾ കടന്നുവന്നു. നല്ല ഭംഗിയുള്ള തടിച്ചുരുണ്ട കുതിരകൾ. പാവം, ബീച്ചിൽ സവാരി നടത്തുന്ന ചാവാലിക്കുതിരകൾ ഇവയെ കാണരുതേയെന്നു ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചുപോയി. കുതിരകൾക്കു പിറകിൽ ബാൻഡു വിദഗ്ദ്ധരാണ്. കൈയിൽ ദീപവുമേന്തി അവർക്കുപിറകിൽ വലിയൊരാൾകൂട്ടം തന്നെയുണ്ട്. എനിക്ക് തൊട്ടുതാഴെ മണൽപാതയിൽ നിന്നിരുന്ന പെട്രോൾ മാക്സുകാരൻ അതൊന്നുകൂടെ മേലോട്ടുയർത്തി ആ വീഥിയിൽ കൂടുതൽ വെട്ടം പരത്തി.
ഇതുവരെ കേട്ടുപരിചയമില്ലാത്ത ഏതൊക്കെയോ വാദ്യോപകരണങ്ങളുടെ ശബ്ദം കൂടിയായപ്പോൾ കാലചക്രം ഞാനറിയാതെ പതിറ്റാണ്ടുകൾ പിറകോട്ടുപോയി. നിറംമങ്ങി അരികുകീറിയ ചരിത്രപുസ്തകത്തിൽ വായിച്ചറിഞ്ഞ പഴയ രാജഭരണത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ നിറം പകർന്നു മുന്നിൽ പ്രത്യക്ഷപ്പെട്ട പ്രതീതി.
കിരീടം ചൂടി മെതിയടി ധരിച്ച രാജാവിനെക്കാത്ത് നൂറുകണക്കിനാളുകളോടൊപ്പം ഞങ്ങളും കണ്ണുനട്ടു. ഒരു സുഗന്ധവ്യഞ്ജനം പുകപ്പിക്കുന്നുണ്ടവിടെ. ആകെയൊരു മായികവലയം. അൽപം ഉടയാടകളോടെത്തന്നെ കുറിയൊരു മനുഷ്യൻ തിരക്കിനിടയിൽ പ്രത്യക്ഷനായി. തൊട്ടടുത്തുനിന്ന ചേട്ടൻ പരിചയപ്പെടുത്തി.
"അതാണ് ആറാട്ടുമുണ്ടൻ. രാജാവിന് കണ്ണുദോഷം വരാതിരിക്കാൻ മുന്നിൽ നടത്തുന്നയാളാണ്." വി. എസിൻെറ "ആറാട്ടുമുണ്ടൻ" പ്രയോഗത്തിന്റെ പൊരുൾ അപ്പഴാണ് പിടികിട്ടിയത്.
അതാ... മഹാരാജാവ് എഴുന്നള്ളുന്നു.
K.S. R.T.C. യുടെ Double Ducker ബസ്സിലാണ് ശംഖുമുഖത്തേക്ക് യാത്രയെങ്കിൽ യാത്രക്കു ഇരട്ടിമധുരമാകും. കൂടുതലറിയാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക
http://www.keralartc.com/html/heritagedd.html
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.