ഹോണ്ടുറസിലേക്കുള്ള ഞങ്ങളുടെ യാത്രാപദ്ധതിയെപ്പറ്റി കേട്ടപ്പോൾ, എെൻറ യാത്രാതാൽപര്യങ്ങൾ അറിയുന്ന ഒരു സുഹൃത്ത് ചോദിച്ച ഒരു ചോദ്യമുണ്ട്: മെക്സികോയിലേക്കും കൊളംബിയയിലേക്കുമൊക്കെ പോകുന്നത് മനസ്സിലാക്കാം. പക്ഷേ, 'ഭീകര'രാജ്യമായ ഹോണ്ടുറസിൽ എന്തു കാണാനാണ് പോകുന്നത്? ഇത്തരം സംശയങ്ങളിൽ കഴമ്പുണ്ടെന്ന് ഹോണ്ടുറസ് എന്ന രാജ്യത്തിെൻറ സമീപകാല ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്ന ആർക്കും ബോധ്യമാകും.
കൊലപാതകനിരക്കിൽ ലോകത്ത് ഒന്നാം സ്ഥാനം ഹോണ്ടുറസിനാണെന്ന് കണക്കുകൾ പറയുന്നു. വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും. പിന്നെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അസമത്വങ്ങളും സൃഷ്ടിക്കുന്ന സാമൂഹികപ്രശ്നങ്ങൾ വേറെയും. 90 ലക്ഷം മാത്രമാണ് ജനസംഖ്യ. മറ്റു ലാറ്റിനമേരിക്കൻ രാജ്യക്കാരെപ്പോലെത്തന്നെ ഫുട്ബാൾ ഇവർക്കും വലിയ വികാരമാണ്.
തണുത്ത കാറ്റു വീശിയടിച്ചുകൊണ്ടിരുന്ന ഒരു ഉച്ചതിരിഞ്ഞ നേരത്താണ് ഞാനും അനിതയും ഹോണ്ടുറസിെൻറ തലസ്ഥാനമായ തെഗുസിഗൽപയിൽ വിമാനമിറങ്ങിയത്. മലകളാൽ ചുറ്റപ്പെട്ട നഗരം. സ്വാദിഷ്ടങ്ങളായ ലാറ്റിനമേരിക്കൻ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകളും കാഴ്ചബംഗ്ലാവുകളും കത്തീഡ്രലുകളും പാർക്കുകളും മറ്റ് ആകർഷണീയതകളും ഈ നഗരത്തിനു മാറ്റുകൂട്ടുന്നു. ഭക്ഷണവിഭവങ്ങളിൽ കപ്പയും മീനും മിക്ക ഇടത്തരം ഭക്ഷണശാലകളിലും ലഭ്യമായിരുന്നു. 16ാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശത്തിനുമുമ്പ് മായൻ സംസ്കാരം നിലനിന്നിരുന്ന ഈ രാജ്യത്ത് കൊളോണിയൽ ഭരണം വഴി സ്പാനിഷ് ഭാഷയും കാത്തലിക് വിശ്വാസവും സാർവത്രികമായി. കൊളോണിയൽ സംസ്കാരത്തിെൻറ ശേഷിപ്പുകളും നഗരത്തിലെങ്ങും ദൃശ്യമാണ്. എന്നാൽ, മതവിശ്വാസങ്ങളെ വെല്ലുന്ന ആധുനിക ജീവിതരീതിയാണ് ഏറ്റവും കൂടുതൽ അനുഭവവേദ്യമാകുന്നത്.
നഗരാതിർത്തിയിലുള്ള പിക്കാച്ചോയിലെ ക്രിസ്തുപ്രതിമ (Cristo del Picacho) സവിശേഷ ആകർഷണീയതയാണ്. 1998 പണി പൂർത്തിയായ ഈ ശിൽപത്തിന് 2500 ടൺ ഭാരവും 98 അടി പൊക്കവുമുണ്ട്. നഗരത്തിലെ നിശാജീവിതവും ജീവസ്സുറ്റതാണ്. അപകടങ്ങളായ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് ഹോട്ടൽ ജീവനക്കാരും ടൂറിസ്റ്റ് ഗൈഡുകളും തരുന്ന കർശനനിർദേശങ്ങൾ പാലിച്ചുകൊണ്ടുതന്നെ, കണ്ണും കാതും എപ്പോഴും തുറന്നുവെച്ചാൽ തെരുവുകളിൽ പതിയിരിക്കുന്ന ആകസ്മികതകൾക്കൊപ്പം നിശാജീവിതത്തിെൻറ തുടിപ്പുകളും ഹൃദയത്തിൽ തൊടുന്നതറിയാം.
തെഗുസിഗൽപയിൽ ചെലവഴിച്ച രണ്ടു ദിവസങ്ങൾക്കുശേഷം രാജ്യത്തിെൻറ വടക്കുഭാഗത്തുള്ള ലാസീബ എന്ന തീരദേശപട്ടണമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. അതിരാവിെലത്തന്നെ ലാസീബയിലേക്കുള്ള ബസ് പിടിക്കാനായി നഗരത്തിലെ പ്രധാന ബസ്സ്റ്റേഷനിലെത്തി. ടിക്കറ്റിനു കുറെസമയം ക്യൂ നിൽക്കേണ്ടിവന്നു. ബസിൽ കയറുന്നതിനുമുമ്പ് ബാഗ് പരിശോധനയുണ്ടായിരുന്നു. യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞ് ആ പരിശോധക ബസിനു ചുറ്റും നടക്കുന്നതു കണ്ടു.
കേരളത്തിലെ ഗ്രാമാന്തരങ്ങളിലൂടെയുള്ള ബസ് യാത്രയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ലാസീബയിലേക്കുള്ള യാത്രയും. നിരപ്പായ സ്ഥലങ്ങളിൽ എങ്ങും കാണപ്പെടുന്ന വാഴത്തോട്ടങ്ങൾ എടുത്തുപറയത്തക്ക ഒരു സവിശേഷതയാണ്. 19ാം നൂറ്റാണ്ടിെൻറ അവസാനം അമേരിക്കൻ കാർഷികകമ്പനികൾക്ക് രാജ്യം തുറന്നുകൊടുക്കപ്പെട്ടതിനുശേഷമാണ് വാഴകൃഷി ഇവിടെ വ്യാപകമായത്. ഇത്തരം കമ്പനികളുടെ സുരക്ഷക്കായി 20ാം നൂറ്റാണ്ടിെൻറ ആദ്യവർഷങ്ങളിൽ അമേരിക്കൻ പട്ടാളത്തിനു പലതവണ ഹോണ്ടുറസിൽ ഇറങ്ങേണ്ടിവന്നിരുന്നുവെന്ന് ചരിത്രം പറയുന്നു.
ഏതാനും മണിക്കൂറുകളുടെ ബസ് യാത്രക്കുശേഷം ഞങ്ങൾ ലാസീബയിൽ എത്തി. അമേരിക്കയിൽ ജനിച്ചുവളർന്ന ഉടമസ്ഥൻ നേരിട്ടു നടത്തുന്ന ചെറിയ ബീച്ച് ഹോട്ടലായിരുന്നു ബുക്ക് ചെയ്തിരുന്നത്. അദ്ദേഹം അയച്ച ഡ്രൈവർ ഞങ്ങളുടെ പേരെഴുതിയ പ്ലക്കാർഡും പിടിച്ച് ബസ് സ്റ്റേഷനിൽ നിന്നിരുന്നു. ഹോട്ടലിലേക്കുള്ള വഴിവക്കിൽ പഴവർഗങ്ങൾ വിൽക്കുന്ന ധാരാളം പെട്ടിക്കടകൾ. ബീച്ചിനോടു ചേർന്ന്, ഏതാനും മുറികളും ഒരു ബാറും സ്വിമ്മിങ്പൂളുമൊക്കെയായി മനോഹരമായി അലങ്കരിക്കപ്പെട്ട ഒരു ചെറിയ ഇടമായിരുന്നു ആ ഹോട്ടൽ. ഉടമസ്ഥെൻറ ആതിഥ്യമര്യാദ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു.
പിറ്റേന്ന് അതിരാവിലെ വീണ്ടും ബീച്ചിൽ നടക്കാനിറങ്ങി. കേരളത്തെ അനുസ്മരിപ്പിക്കുന്ന കടൽത്തീരം. എന്നാൽ, ഒരേയൊരു വ്യത്യാസം- കണ്ണെത്തുംദൂരത്ത് വേറൊരു മനുഷ്യജീവിയുമുണ്ടായിരുന്നില്ല! ആകെ കേൾക്കുന്ന ശബ്ദം കടലിെൻറ നേരിയ ഇരമ്പലും പക്ഷികളുടെ സംഗീതവും പിന്നെ ഇടക്കിടെ കടൽകരയിലെ ഒരു വീട്ടിലെ പൂവൻകോഴി കൂവുന്ന ശബ്ദവും മാത്രം! പ്രഭാതസൂര്യൻ പൊന്നുരുക്കിയൊഴിച്ചുകൊണ്ടിരുന്ന ആ ബീച്ചിലൂടെയുള്ള നടത്തം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. അന്നത്തെ ടൂർ പ്രോഗ്രാമിൽ ഉണ്ടായിരുന്ന ഇനങ്ങൾ സിപ് ലൈനിങ്, ട്രക്കിങ്, മഡ് ബാത്, ഹോട്ട് വാട്ടർബാത് എന്നിവയായിരുന്നു.
ജീവിതത്തിലാദ്യമായി സിപ് ലൈനിങ് ചെയ്തത് ഒരു അവിസ്മരണീയ അനുഭവമായി. കാടിെൻറ വൃക്ഷനിബിഡതക്കു മുകളിലൂടെ, വലിയ ഉയരമുള്ള മരങ്ങൾക്കിടയിൽ ബന്ധിപ്പിച്ചിട്ടുള്ള ഇരുമ്പുകയറുകളിൽ കപ്പി വഴി ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ഹാർനെസിൽ തൂങ്ങിക്കിടന്ന് നമ്മുടെ ശരീരഭാരത്തിെൻറ ഗ്രാവിറ്റികൊണ്ടുമാത്രം അതിവേഗത്തിൽ ഊർന്നു യാത്രെചയ്യുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. തൂങ്ങിക്കിടന്നുകൊണ്ട് കാടിനെ വീക്ഷിക്കുന്നത് ഒരു പ്രത്യേക 'പെർസ്പെക്ടിവ്' നമുക്കു തരുന്നുണ്ടെന്ന് എനിക്കു തോന്നി, കാടിനെപ്പറ്റിയും പിന്നെ ജീവിതത്തെപ്പറ്റിത്തന്നെയും!
മണ്ണുകൊണ്ടുള്ള മസാജും അതിനുശേഷം പ്രകൃതിദത്തമായ ഉഷ്ണജലാശയത്തിലൊരു കുളിയും ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവേകി.ലാസീബയിലെ കടൽവിഭവമായ ലോബസ്റ്റർ വളരെ ആസ്വാദ്യകരമാണെന്നു കേട്ടിരുന്നതുകൊണ്ട് അന്നത്തെ ലോബസ്റ്റർ ഡിന്നർ തലേന്നുതന്നെ ബുക്ക് ചെയ്തിരുന്നു. ഈ അനുഭവങ്ങളെല്ലാമായിട്ടാണ് മടക്കയാത്രയിൽ അയൽരാജ്യമായ എൽസാൽവഡോറിലേക്കുള്ള ഫ്ലൈറ്റിനു തെഗുസിഗൽപ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യാൻ ലൈനിൽ നിന്നത്.
എയർപോർട്ട് ഉദ്യോഗസ്ഥെൻറ ചോദ്യം അപ്രതീക്ഷിതമായിരുന്നു: നിങ്ങൾ ഇവിടെ ബിസിനസ് ആവശ്യത്തിനു വന്നതാണോ? അമേരിക്കൻ കടകളിൽ കിട്ടുന്ന വസ്ത്രങ്ങളിൽ കാണുന്ന 'മെയ്ഡ് ഇൻ ഹോണ്ടുറസ്' ലേബലുകളും പഴവർഗങ്ങളിൽ കാണുന്ന 'പ്രോഡക്ട് ഓഫ് ഹോണ്ടുറസ്' സ്റ്റിക്കറുകളും ഞാൻ പെട്ടെന്നോർത്തു. ഒരുപേക്ഷ, ഈ ഉദ്യോഗസ്ഥൻ എന്നെയും അനിതയെയും വസ്ത്രവ്യാപാരികളായോ പഴക്കച്ചവടക്കാരായോ തെറ്റിദ്ധരിച്ചുകാണുമോ?
ഞാൻ പറഞ്ഞു: വളരെ നന്നായിരുന്നു. ഈ നാട് സുന്ദരമാണ്.
നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ലല്ലോ? അദ്ദേഹത്തിെൻറ ചോദ്യം വീണ്ടും. ഇല്ല, എല്ലാം വളര ആസ്വാദ്യകരമായിരുന്നു. എന്നാൽ, അതു നിങ്ങൾ തിരികെച്ചെന്ന് എല്ലാവരോടും പറയണം. എന്നാലേ എെൻറ രാജ്യത്തിെൻറ ദുഷ്പേര് ഒന്നു മാറിക്കിട്ടൂ, ബോഡിങ് പാസുകളും പാസ്പോർട്ടുകളും നീട്ടി അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. ആ എയർപോർട്ട് ഉദ്യോഗസ്ഥെൻറ മുഖത്തുകണ്ട സന്തോഷം ഞങ്ങളുടെ ഹോണ്ടുറൻ വിസ്മയാനുഭവത്തിെൻറ പ്രതിഫലനമാണ് എന്ന വിശ്വാസത്തോടെയാണ് അടുത്ത ലക്ഷ്യസ്ഥാനമായ സാൽവേഡാറിലേക്കു വിമാനം കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.