നാൽപ്പത്തഞ്ച് മിനിറ്റ്,
ഷാങ്ഹായിയിലെ ഷാൻ യിൻ
റോഡിലെ 132ാം ഇടവഴിയിൽ.
1997 ജൂലൈ 25ന് രാവിലെ
തണൽക്കവലയിൽ ടെമ്പോ ട്രാവലർ നിന്നു. ദ്വിഭാഷിയും ടൂർ ലീഡറുമായ നിയു ബൗ ഗോങ് പറഞ്ഞു: നമ്മളെത്തി. എേട്ടകാൽ. ഈ ഇടവഴി അവസാനിക്കുന്നിടത്ത് വലത് വശത്ത് കാണുന്ന ഇഷ്ടികക്കെട്ട്, കോണ്ടിനെൻറൽ ടെറസ്. അതിലായിരുന്നു അവസാനവർഷങ്ങളിൽ ലൂഷുൻ താമസിച്ചിരുന്നത്; ഭാര്യ സു ഗുവാങ്പിങ്ങും മകൻ ചൗ ഹേയിങ്ങുമൊത്ത്. 1881 മുതൽ 1936 ഒക്ടോബർ 19ന് പുലർച്ചെ മരിക്കുംവരെ വിലാസം: ലൂഷുൻ, 9, കോണ്ടിനെൻറൽ ടെറസ്, 132ാം ഇടവഴി, ഷാൻയിൻ റോഡ്, ഹോങ്കൗ, ഷാങ്ഹായ്. (ലൂഷുൻ, എഴുത്തുപേര്. ശരിപ്പേര്, ചൗ ഷൂ ജെൻ.)
നടന്നാൽ നാല് മിനിറ്റ്. തൊട്ടടുത്തായി നാം. പത്തിനേ തുറക്കൂ ലൂഷുൻ വസതി. നാൽപ്പത്തഞ്ച് മിനിറ്റുണ്ട്. എന്തുമാവാം. ഇവിടെത്തന്നെയിരിക്കാം. ഇറങ്ങി നിൽക്കാം. ഈ ഇടവഴി, തണൽ ഉലാത്തുന്ന ചെറിയ വഴി. ഇവിടെ നടക്കാം. ഇളംനടപ്പ്. തീരുമാനം നമ്മുടെ. ഇനിയൊരിക്കൽ നാമൊന്നിച്ച് ഇവിടെത്തുമോ? ഷാങ്ഹായിയിൽ? ലൂഷുൻ താമസിച്ചിരുന്ന കോണ്ടിനെൻറൽ ടെറസിലേക്കുള്ള ഷാൻ യിൻ റോഡിൽ? ഈ തണൽക്കവലയിൽ? ഇനിയുണ്ടാവുമോ ഇതുപോലെ ഒരൊത്തുകൂടൽ? ഇനിയുണ്ടാവുമോ ഇതുപോലൊരു വരവ്? ഇതേ പല ദൂരങ്ങളിൽനിന്ന്? ഇത്ര ഭാരം കുറഞ്ഞ ഒരു നാൽപത്തഞ്ച് മിനിറ്റ് കിട്ടുമോ നമുക്കൊന്നിച്ചിനി? മറ്റൊരു ജൂലൈ പ്രഭാതത്തിൽ? കൃത്യം എേട്ടകാലിന്?
ചോദ്യങ്ങൾ വാരിത്തൂവി നിയു പൊട്ടിച്ചിരിച്ചു. അതിലൊരു ഗൈഡിെൻറ പ്രഫഷനൽ പ്രസാദാത്മകത തോന്നി. ചെറിയൊരു തത്ത്വവിചാരക്കളിയും. നാൽപത്തഞ്ച് മിനിറ്റ് ടൂർസംഘത്തിന് ബോറടിക്കാതെ നോക്കണം. അതിന് ചിരിയും കഥയും തത്ത്വവുമൊക്കെ നിയു വിതറി.
രാപകൽ ഞങ്ങളുടെ കൂടെയുണ്ട് നിയു. ബെയ്ജിങ്ങിലെ സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദേശപഠന വിഭാഗം ഉപമേധാവി. ബെയ്ജിങ്ങുകാരൻ. ഏകമകൻ. ഏകമകെൻറ അച്ഛൻ. വീട്ടിൽ അച്ഛനും അമ്മയും ഭാര്യയും. രസികൻ. ബുദ്ധിമാൻ. യുവാവ്. മുറ്റത്ത് കൊഴിഞ്ഞുവീണ പൂക്കളും ഇലകളും രാവിലെ നിയു അടിച്ചുവാരും. ചെടികളുടെ തടത്തിൽതന്നെ ഇട്ട് മൂടും. ഭ്രമണം പൂർത്തിയാക്കി ഇലകളും പൂക്കളുമായി അവ തിരിച്ചുവരും എന്നാണ് നിയുവിെൻറ വിശ്വാസം. നിയു വീട്ടിലില്ലെങ്കിൽ ആ ജോലി അച്ഛൻ ചെയ്യും. കമ്യൂണിസ്റ്റ് ചൈനയിലെ ഒരു യുവാവിനോ ഇങ്ങനെ പുനർജനി വിചാരം? ആവർത്തനപ്രതീതിയും ആവർത്തനവും നിയുവിനെ കുഴക്കുന്നുണ്ടെന്ന് തോന്നി. ഒന്നിച്ചുണ്ടായിരുന്ന ദിവസങ്ങളിൽ നിയു ആത്മകഥയൊന്നും പറഞ്ഞില്ല. സമകാലിക രാഷ്ട്രീയവും വികസനസിദ്ധാന്തവും പറഞ്ഞില്ല. പക്ഷേ, പറയുന്നതിലെല്ലാം ആത്മകഥ പടർന്നു. ദാർശനികതക്കുള്ള പരതലും.
നിയു തുടർന്നു: ഇല്ല; ഇത്തരം ഒരു കൂടലും ആവർത്തിക്കില്ല. നാം ആദ്യമായി കണ്ടു. അവസാനമായും കണ്ടു. പിരിഞ്ഞു. അത്ര തന്നെ. വിദേശസന്ദർശകരുമായി ചൈനയിൽ സഞ്ചരിക്കുമ്പോഴും സന്ദർശകനായി വിദേശത്ത് സഞ്ചരിക്കുമ്പോഴും ഞാനനുഭവിക്കാറുണ്ട് കൂടലും പിരിയലും മാത്രമായ ചെറുകഥ. അത് മാത്രമെന്ന് പറഞ്ഞുകൂടാ. ഇടയിൽ ചെറിയ ദൂരങ്ങൾ താണ്ടും. ചെറിയ നേരം കൊണ്ട് കാണാവുന്ന ചരിത്രം കാണും. എത്ര ചെറുതെങ്കിലും എനിക്കിഷ്ടമാണ് യാത്ര. അന്യദേശക്കാരോടും അന്യസംസ്കാരത്തോടും അന്യകാലത്തോടുമുള്ള സഹവാസവും സംവാദവും. സമയത്തിെൻറ മുനമ്പിൽ നിന്നിങ്ങനെ ലോകത്തിലേക്ക് നോക്കാൻ. ടൂർ ലീഡറായല്ല. ബെയ്ജിങ്ങിലെ സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അന്താരാഷ്ട്ര പഠനവിഭാഗത്തിലെ ഗവേഷകനായുമല്ല. എനിക്ക് മോഹമാണ് പൊരുൾ കാണൽ. അങ്ങനെയെല്ലാം കണ്ണിൽപെടാറില്ലെങ്കിലും. മോഹമാണ് ദാർശനികമായി എന്തെങ്കിലും പറയാൻ. പറഞ്ഞു പറഞ്ഞു തെളിയുന്നൊരാളാണ് ദാർശനികൻ. അഥവ തെളിഞ്ഞിട്ട് പറയുന്നൊരാൾ. ഞാനതല്ല. പറഞ്ഞു കുറയുന്നൊരാളാ. പറഞ്ഞു കലങ്ങുന്നൊരാൾ. എനിക്കതറിയാം. എന്നാലും മിണ്ടാണ്ടിരിക്കില്ല. എന്തെങ്കിലുമിങ്ങനെ പറഞ്ഞോണ്ടിരിക്കും. തൊഴിലിതായതു കൊണ്ട് മാത്രമല്ല. എപ്പോഴെങ്കിലുമൊരു പൊരുൾ എെൻറ വാക്കിലുമുദിച്ചാലോ? പറഞ്ഞുവരുമ്പോൾ മനസ്സ് ആകാംക്ഷാവിഷ്കാരം മാത്രം. ധാരണയുടെ കവാടത്തിൽ പരുങ്ങുന്ന പ്രാവുകൾ മാത്രം എെൻറ വാക്കുകൾ. ഏത് നിമിഷവും സമയത്തിെൻറ മുനമ്പ്. ഞാനതറിയാറുണ്ട്. പറയാറുണ്ട്. തുമ്പ്, തളിര്, തീരം, കൊടുമുടി, രോഗം, അത്യാഹിതം, േപ്രമം, തീവ്രനൈരാശ്യം, നിയമം, പ്രതിഷേധം, വൈരാഗ്യം, കോടതി, എന്തുമാവാം ഒരു മുനമ്പ്. മുനമ്പിൽനിന്ന് മുന്നിലെ കടലിലേക്ക് മറിയലാണ് മരണമെന്ന് കേട്ടിട്ടുണ്ട്. സ്വകാര്യമായ ഒരു പേടിയോ രോഗമോ പുരാണമോ കഥകളായി വരും. ഷാങ്ഹായിക്ക് വടക്ക് ചൈനയുടെ കിഴക്കൻ കടലോരത്തൊരിടത്ത് ചെറിയൊരു ലഗൂണുണ്ട്. കടൽ ജലം ക്രിംസൺ നിറം. തിരയില്ല. തീരത്തെ മണൽ, മഞ്ഞ, മൃദു. സ്വർണ ധൂളി. നനയാൻ പാടില്ലാത്തതെല്ലാം ആരെയെങ്കിലും ഏൽപിച്ച്, ഐ.സി.യുവിലെ രോഗികളെപ്പോലെ ഓക്സിജൻ മാസ്കുമായി ആൾക്കാരവിടെ വിനോദമുങ്ങലിനിറങ്ങും. കടലിനടിയിലെ പൂന്തോട്ടങ്ങളും പാറക്കൂട്ടങ്ങളും കണ്ട് കണ്ട്, മീനുകളുടെ താവോമാരെയും ബുദ്ധന്മാരെയും കൺഫ്യൂഷ്യസ്മാരെയും ലൂഷുൻമാരെയും കണ്ട് കണ്ട്, ലഗൂണിെൻറ സുഖാതിർത്തിയിലെത്തും. പിന്നെ അത്യഗാധത. നിത്യശാന്തിയുടെ കരിങ്കയം. ആ മുനമ്പിൽ സമയമില്ല. നേരം പോയെന്നാരും പരാതിപ്പെടില്ല. മടുപ്പില്ല. അറിഞ്ഞതിലേക്കും പരമമായ കയം മാത്രം. അവിടെനിന്ന് നിമിഷത്തിനുള്ളിൽ കണ്ട് തീരും പ്രപഞ്ചം. നേരം പോയതറിയില്ല. ആയുസ്സ് പോയതുമറിയില്ല. ആ അതിരിൽനിന്നാണ് മരണത്തിെൻറ കരിന്തണുപ്പിലേക്ക് ഓരോ ചൈനക്കാരിയും കാരനും കൊഴിയുന്നതെന്നാണ് എെൻറ അമ്മൂമ്മയുടെ വിശ്വാസം. എെൻറയും... അത് പോട്ടെ...
...ആരെങ്കിലും വരും. എന്നും. ഏതെങ്കിലും രാജ്യത്തുനിന്ന്. ലൂഷുന് സ്നേഹാദരങ്ങളുമായി. നിയു നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. നിയു ഭാവിയിലേക്ക് നോക്കി ചിരിച്ചു. ചിരി ദാർശനികമായി. നല്ല പല്ല്. തുടുത്ത പെൺചുണ്ട്. നന്നായി ഷേവ് ചെയ്ത് ചുവന്ന കവിൾ. ചെവിക്ക് മീതേ പുതിയ ഷോർട് േക്രാപ്പിെൻറ കറുപ്പിനിടയിലൂടെ തലയുടെ വെള്ള നിറം. മീതേ മുള്ളൻ മുടി. ടീ ഷർട്ടിലും നിക്കറിലും പാൻറ്സിലും ഫുൾഷർട്ടിലും ഏത് വേഷത്തിലും സുന്ദരൻ.
എം. മുകുന്ദൻ എെൻറ കാതിൽ പറഞ്ഞു: ഇയാൾ അനന്തമൂർത്തീടെ ‘സംസ്കാര’യിലെ പുട്ടെെൻറ വംശം. കുടകിലെ മഴപോലെ തോരില്ല വാക്ക്.
മാവോയിസ്റ്റ് ചൈനയിൽ പാകപ്പെട്ട യുവത്വം. ഇങ്ങനെയൊരു വാചാലമായ കെട്ടഴിയലാവുമോ ഇവിടെ യുവബോധം? മധുര മനോജ്ഞയുടെ ഒരടയാളവുമില്ല. റെഡ്ബുക്ക് തലമുറക്ക് അമ്മൂമ്മ പറഞ്ഞത് നല്ല ഓർമ. നമ്മളീടെത്തീട്ട് നാലഞ്ച് ദെവസായി. മാവോയെപ്പറ്റി ഒരക്ഷരം ഈ ചങ്ങായ് മിണ്ടീട്ടില്ല. ആരും മിണ്ടീട്ടില്ല. ആ പടം അവിടിരിപ്പുണ്ട്. ആ ദേഹം അവിടെ കിടപ്പുണ്ട്. അത്ര തന്നെ.
മാവോ കെട്ടു. വിലക്കപ്പെട്ടു. ഇയാളും നിരീക്ഷിക്കപ്പെടുന്നുണ്ടാവും. നയവിരുദ്ധന് തല പോവും. (ചൈന യാത്രയിലുടനീളം ഞങ്ങളങ്ങനെ സ്വകാര്യമായി ഉൺമ ഉണർത്തി നിർത്തി)
ബെയ്ജിങ് വിമാനത്താവളത്തിൽ ഞങ്ങളെ സ്വീകരിക്കാനും താമസിക്കേണ്ട ടിയാനെൻമെൻ റോഡിലെ കാപ്പിറ്റൽ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോകാനും വന്ന ഔദ്യോഗിക പ്രതിനിധി നിയു ആണ്. ബെയ്ജിങ് വിമാനത്താവളം മുതൽ ടിയാനെൻമെൻ റോഡിലെ കാപ്പിറ്റൽ ഹോട്ടൽ വരെ നിയു നിർത്താതെ സംസാരിച്ചു. വരും ദിവസങ്ങളിലെ പരിപാടികളെപ്പറ്റിയും പുതിയ ചൈനയെപ്പറ്റിയുമൊക്കെ. ഒരു പരിചയപ്പെടുത്തൽ. ഇന്ത്യൻ അംബാസഡർ വിജയ് നമ്പ്യാരുടെ ഔദ്യോഗികവസതിയിലും വിവിധ എഴുത്തുകാരസംഘടനകളിലും ബെയ്ജിങ്, സിയാൻ, ഷാങ്ഹായ്, സൂജോ നഗരങ്ങളിലും സൽക്കാരവും ചർച്ചയുമുണ്ട്. വിഷയം: സാഹിത്യവും സംസ്കാരവും കഴിഞ്ഞ അമ്പത് വർഷത്തിൽ; ഇന്ത്യയിലും ചൈനയിലും. ഇട ദിവസങ്ങളിൽ യാത്രകൾ. ബെയ്ജിങ്, സിയാൻ, ഷാങ്ഹായ്, സൂജോ എന്നീ നഗരങ്ങളിൽ. വിലക്കപ്പെട്ട നഗരം, മാവോ മൗസോളിയം, ബുദ്ധക്ഷേത്രം, താവോക്ഷേത്രം, ബോൺസായ് ഗാർഡൻ, വൻമതിൽ, റസ്റ്റാറൻറ് ഓഫ് മൾടി ഫ്ലേവേഴ്സ്... കാണാം. സിയാനിലെ ടെറാക്കോട്ടാ ആർമി മ്യൂസിയം, കോട്ട, കല്ലുകളുടെ ഉദ്യാനം, ശിലാഗ്രശാല, ശിൽപോദ്യാനങ്ങൾ കാണാം. കൃഷിയിടങ്ങളും കാണാം. സൂജോയിലെ പ്രാചീന ഉദ്യാനങ്ങളുടെ കൂട്ടത്തിൽ കൺഫ്യൂഷ്യസിെൻറ ഉദ്യാനം കാണാം. ലൂ ഷാ വോചി ഒളിവിൽ താമസിച്ചിരുന്ന ബംഗ്ലാവ് കാണാം. ചന്ദനശിൽപങ്ങളുടെ സുഗന്ധഫാക്ടറി കാണാം. കരകൗശലവിദ്യയുടെ വിസ്മയഫാക്ടറി കാണാം. ഷാങ്ഹായിയിൽ ലൂഷുൻ താമസിച്ചിരുന്ന വീട് കാണാം. ലൂഷുൻ സ്മാരകങ്ങൾ കാണാം. ലൂഷുൻ പാർക്, ലൂഷുൻ ലൈബ്രറി, ഷാങ്ഹായ് മ്യൂസിയം, കാണാം. പുരാവസ്തു മ്യൂസിയങ്ങൾ, സിയാനിലെ പുരാതന ദുർഗം, ഹ്യൂൻസാങ് പഗോഡ, ബൈഷോങ് ചിത്രശാല, അവിടെ ഒരു ചിത്രത്തിൽ രബീന്ദ്രനാഥ ടാഗോർ പുഴയിലേക്ക് നോക്കി ചിന്തിച്ചിരിക്കുന്നത് കാണാം...കാഴ്ചകൾ ധാരാളം. ഇന്ത്യൻ എഴുത്തുകാർക്ക് കാണാൻ പ്രത്യേക താൽപര്യമുള്ളതറിയിച്ചാൽ കാണാം. ഞങ്ങൾ മഹാകവി അയ് ചിങ്ങിനെ കണ്ടാൽ കൊള്ളാമെന്ന് പറഞ്ഞു. സുഖമില്ല. സന്ദർശകരെ അനുവദിക്കുന്നില്ലെന്ന് ടെമ്പോ ട്രാവലറിൽ ഫയലുകളുമായി ഞങ്ങളോടൊപ്പം സഞ്ചരിച്ചിരുന്ന വിദേശകാര്യ ഉദ്യോഗസ്ഥ വേഗം മറുപടി പറഞ്ഞു. കോന്ത്രൻ പല്ലെല്ലാം കാട്ടി സുന്ദരി ചിരിച്ചു.
നിരാശരാവാതെ വഴിമരങ്ങളുടെ വരവേൽപ് രസിച്ചു. ബെയ്ജിങ്ങിലേക്ക് കുതിക്കുന്ന ട്രാവലറിലിരുന്ന് കാണാൻ പോകുന്ന ചീനപ്രശസ്തിയോർത്ത് ഉൗർജം കൂടി. പുതിയ സർക്കാറിന് അയ്ചിങ് അഭിമതനല്ലാതായി എന്ന് സൺഡേ ഒബ്സെർവറിൽ കണ്ട വാർത്ത ഞാനോർത്തു. പെൻഗ്വിൻ ബുക് ഓഫ് സോഷ്യലിസ്റ്റ് വേഴ്സസിൽ വന്ന അയ്ചിങ്ങിെൻറ കവിതയിലെ വൃദ്ധെൻറ കണ്ണ് പോലെ കാഴ്ച വറ്റിത്താണ വേനൽക്കുളം ഓർമയിൽ തെളിഞ്ഞു.
കണ്ണ് കവിഞ്ഞ് ചൈന. എട്ടോ പത്തോ വരി പാത. മുപ്പതിലേറെ കിലോമീറ്റർ ദൂരം. ഇടമുറിയാതെ വഴിയുടെ ഇരുപാടും പൂമരങ്ങൾ. പൂമരങ്ങളുടെ പല വരികൾ. അവക്കിടയിലൂടെ ഒഴുകുന്ന അനേകായിരം അനായാസ സൈക്കിളുകൾ. ബാലൻസിങ്ങിെൻറ കല; സൈക്കിളിലും വരുമാനത്തിലും. വീട്ടിലും നാട്ടിലുമെല്ലാം സൈക്കിൾ സംസ്കാരം. സൈക്കിളിൽ വൈകുന്നേരത്തെ വെയിൽ. ജോലി കഴിഞ്ഞുള്ള മടക്കം. ബെയ്ജിങ്ങിലേക്കും പുറത്തേക്കും. വ്യാളികൾ പടർന്ന് തികഞ്ഞ ചീനത്തമുള്ള വലിയ കമാനങ്ങൾ. എത്തിയത് ചൈനയിലെന്ന് ഉറപ്പായി. പൂക്കൾക്ക് ആരും അപരിചിതരല്ല. ഇലകളും മണ്ഡാരിൻ ലിപിയിലുള്ള കൂറ്റൻ ഹോൾഡിങ്ങുകളും അപരിചിതം. നിറങ്ങളെല്ലാം പരിചിതം. ടെമ്പോ ട്രാവലറിെൻറ വേഗത്തിൽ നിറമേ അറിയുന്നുള്ളൂ. ഒരു പൂവിെൻറയും രൂപമറിയുന്നില്ല. മണവുമറിയുന്നില്ല. വേഗം കുറയുമ്പോൾ മരം പലതരം, ഇല പലതരം. പൂവ് പലതരം. വീണ്ടും, ദൃശ്യപ്രവാഹമായി നിറങ്ങൾ. മണങ്ങളുടെ ചിറകുകൾ ടെമ്പോ ട്രാവലറിെൻറ ചില്ലിൽ ചിറകടിച്ച് വീഴുന്നുണ്ടാവും. എവിടൊക്കെ വാതിലുകൾ മണത്തിനും നിറത്തിനും മുന്നിലടയുന്നു? എവിടെയെല്ലാം നിറം മാത്രം, അല്ലെങ്കിൽ മണം മാത്രം, പ്രവേശിപ്പിക്കപ്പെടുന്നു?
ഓടുന്ന വാഹനത്തിലിരുന്നായി ഒരു വിപ്ലവാനന്തര സമൂഹത്തിെൻറ ആദ്യകാഴ്ച. പുഴുങ്ങുന്ന പന്നിയിറച്ചിയുടെ കൊഴുത്ത ഗന്ധമാണ് ചൈനീസ് തെരുവിനെന്നാരോ എഴുതിയതോർത്തു. ആരെന്ന് മറന്നു. ചൈന ജുഗുപ്സയുള്ള ആരോ ആയിരിക്കണം. പത്തിരുപത് ദിവസം ചൈനയിൽ ചുറ്റിക്കറങ്ങി തിരിച്ചുപോകുമ്പോഴും ഇങ്ങനെയൊരു മണമറിയാ ദൃശ്യപ്രവാഹമായിരിക്കുമോ മനസ്സിൽ ബാക്കിയാവുന്ന ചൈന? കുറേ ദൂരം കാഴ്ചയിൽ ഒരേ പൂമരം; വരി വരിയായി നട്ടുണ്ടാക്കിയ പുതിയൊരു പൂമര വൻമതിൽ. പിങ് പൂയി മരങ്ങൾ. നിയു പറഞ്ഞു, ദാർശനികതയുടെ കാര്യം മറക്കാതെ: ഈ മരങ്ങൾ പ്രതീകങ്ങൾ; കത്തും സൗന്ദര്യവും അതറിയുന്ന മനസ്സുമുള്ള ചൈനയുടെ. ഏറെയും എന്നും പൂക്കുന്നവ. ചിലത് ചില മാസങ്ങളിൽ പൂക്കുന്നവ. രാജവംശങ്ങളും നാഗരികതകളും തലമുറകളും പോലെ പൂപരമ്പരകളും കൊഴിഞ്ഞു മറയും. ഒരുനാൾ ഈ പൂമരങ്ങളും വീഴും. കമാനങ്ങളും വീഴും. പകരം കൂടുതൽ കാഴ്ചപ്പൊലിമ തന്ന തൈകൾ അപ്പോഴേക്കും ഞങ്ങൾ നട്ടുകഴിഞ്ഞിരിക്കും. ഹോട്ടലിലെത്തുംവരെ നിയു സംസാരിച്ചു കൊണ്ടേയിരുന്നു.
മറയ്ക്കപ്പെടുന്ന കാഴ്ചകളും തടയപ്പെടുന്ന മണങ്ങളും അന്നുമുണ്ടാവും,
എം. മുകുന്ദൻ ചിരിച്ചു.
നിയു: യെസ്, എേട്ടമുക്കാൽ.
ഞാൻ ഓർമയിൽനിന്ന് ഷാൻ യിൻ റോഡിൽ തിരിച്ചെത്തി.
നിയു: നടന്നാൽ നാല് മിനിറ്റ്. ലൂഷുെൻറ വീട്ടിലേക്ക്. എല്ലാവരും ഉന്മേഷത്തിലായി. എം. മുകുന്ദൻ, വോൾഗ (തെലുഗു ഫെമിനിസ്റ്റ് കാഥിക), എച്ച്.എസ്. ശിവപ്രകാശ് (കന്നട കവിയും നാടകകൃത്തും), ജയന്ത് കൈകിനി (കന്നട കവിയും കാഥികനും തിരക്കഥാകൃത്തും) ചൈനയിലെ എഴുത്തുകാരസംഘടന വിളിച്ചതനുസരിച്ച് ഇന്ത്യയിൽനിന്ന് വന്ന എഴുത്തുകാരെല്ലാവരും. കാറ്റ്, ചൂടില്ലാത്ത വെയിൽ. മുളം ചില്ലകളുടെ പാട്ട്. മതിലിൽനിന്ന് നിരത്തിലേക്കൊഴുകിയിറങ്ങുന്ന വള്ളിപ്പടർപ്പിൽ നിന്നിറങ്ങി ഒരെലി റോഡ് മുറിച്ച് മറഞ്ഞു.
നിയു അത് കണ്ടെങ്കിലും കണ്ടില്ലെന്ന് ഭാവിച്ചു. അഥവ അതൊരു ചൈനക്കാരനെലി അല്ലെന്ന് വിട്ടു. അല്ലെങ്കിൽ ഞാനെന്തിന് ഒരെലിയുടെ പേരിൽ ചമ്മണം? എലി സാർവലൗകികൻ. ഗൂഗിളിൽ അനന്ത എൻട്രികൾ. ആഗോളൻ. ഞാനെന്ത് പ്രതികരിക്കാൻ? എന്നൊക്കെ നിയു ചിന്തിക്കുന്നത് കാണാം. ഞങ്ങൾക്ക് നിയു അത്ര പരിചിതൻ.
ഞങ്ങൾ നിൽക്കുന്നിടത്തേക്ക് ഒരു ചൈനീസ് ചെറുപ്പക്കാരൻ ആർത്തലച്ച് വന്നു. എന്തെല്ലാമോ പറഞ്ഞു. നിയു വേഗം വാഹനം വിട്ടുകൊടുത്തു. ഭാര്യക്ക് പ്രസവവേദന. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ സഹായിക്കണം. നല്ല നഴ്സിനെപ്പോലെ പായുന്ന ടെമ്പോ ട്രാവലർ.
നിയു: ലൂഷുെൻറ വീട്ടിൽ നിന്നിറങ്ങിയാൽ ആ വഴിക്കാണ് നമുക്ക് പോകേണ്ടത്. ലൂഷുൻ സ്മാരകവും ലൂഷുൻ പാർക്കും കാണാൻ.
ഇവിടം ഷാങ്ഹായ് സൂപ്പർസിറ്റി ആണെന്ന് തോന്നില്ല. ഏതോ ഉൾനാട്. ചെറുവീടുകൾ. മതിലുകൾ. ഗ്രാമവും കാടും ഒാർമിപ്പിക്കുന്ന മരങ്ങൾ. പലതരം വള്ളികൾ. നാടന്മാർ. ശ്വാസം മുട്ടും ഹൃേദ്രാഗവുമുണ്ടായിരുന്ന ലൂഷുൻ ശുദ്ധവായുവിെൻറ ജില്ല അറിഞ്ഞെടുത്തതാവും ജീവിക്കാൻ.
ഇടവഴി തുടങ്ങുന്ന മുക്കിൽ ഒരു നാടൻ ചായക്കട. ഒരു സൈക്കിൾ റിപ്പയറിങ് ഷെഡ്. ചായക്കടയുടെ ഉയരം കുറഞ്ഞ നീണ്ട തിണ്ണയുടെ ഒരറ്റത്ത് ഒരു വലിയ ചീനഭരണി. അതിെൻറ തൂവെള്ളയിൽ ചുറ്റി കുതിച്ചുയരുന്ന കടും നീല വ്യാളി. കുഞ്ഞുന്നാളിൽ ചവറയിൽ അമ്മൂമ്മയുടെ കൂടെ ആയിരുന്ന കാലത്ത് ഞാൻ കഞ്ഞി കുടിച്ചിരുന്ന വെളുത്ത കോപ്പയിലുമുണ്ടായിരുന്നു ഒരു നീലവ്യാളി. ഗൗളിയോളം പോന്ന ഒരു കുട്ടിക്ഷുബ്ധൻ. ചൂട് കഞ്ഞിയുടെ ചൂടിനോടായിരുന്നു ആ ചൂടെെൻറ ചൂടെന്ന് തോന്നിയിരുന്നു. ചൈനയിലും കഞ്ഞിയുണ്ട്. ബുഫേ വിഭവങ്ങൾ നിരത്തിയ മേശയുടെ നടുവിൽ വലിയൊരു മൺപാത്രത്തിലിരിക്കുമ്പോൾ കഞ്ഞിക്ക് അന്തസ്സ് കൂടി. കഞ്ഞി പോലൊരു പേരാണ് ചൈനയിലും കഞ്ഞിക്ക് കേട്ടത്; കൊൻജിയെന്നോ മറ്റോ.
കടകൾ കടന്ന് രാവിലത്തെ ചെറു തണുപ്പുള്ള കാറ്റിൽ ലൂഷുനിെൻറ വീട്ടിലേക്ക് നടക്കുമ്പോൾ അവിടം ഒരു പരിചിത ദേശം. ഈ വഴിയേ വന്നത് ഇതാദ്യമല്ലെന്ന തോന്നൽ. ഒരു ‘രവി ഇൻ കൂമൻകാവ് ’ ഇഫക്റ്റ്. അരളിപ്പൂക്കളുടെ മണമില്ലാമണം പോലൊരു മണം. പഗോഡ മരങ്ങൾക്കും പെഴ്സോൾ മരങ്ങൾക്കുമടിയിൽ നിവർന്ന തണൽ. പെസ്സോവയുടെ ഒരു വരി മനസ്സെന്നോട് മാറ്റിപ്പറഞ്ഞു. ബുദ്ധനെ ആരാധിക്കുന്ന ഒരു യുവ ഭിക്ഷുകിയെപ്പോലെ ഈ പ്രകൃതി. ആകെ മൂടിപ്പുതച്ച്. പല നിറമുള്ള പച്ചിലകളിലൂടെ ഒഴുന്ന കാറ്റ്. ഉലയുന്ന പച്ചയുടെ ആഴവ്യത്യാസം. കാറ്റിൽ ഇന്ത്യൻ ‘സദ്’ ചൈനീസ് യാങ്ങുമായി കലർന്നപോലെ. എന്തിലെല്ലാമോ അന്യത്വമില്ലായ്മയുടെ മനസ്സയവ്.
എം. മുകുന്ദൻ പറഞ്ഞു: നമ്മുടെ പഴയ തിരുവനന്തപുരത്തിെൻറ ഒരു പിന്നാമ്പുറം പോലെയുണ്ടിവിടം. ഈ ചോല. പൂഴി. വഴി. എല്ലാം.
ശരിയാണ്, നേരേ പോയാൽ തമ്പാനൂരോ കിഴക്കേകോട്ടയിലോ എത്തുമെന്ന് തോന്നിച്ച് രാവിലത്തെ വെയിലിൽ മറഞ്ഞു നിൽക്കുന്നുണ്ട് പഴയ ചാല–കരമനച്ഛായ. ‘അമ്മയെക്കാണാൻ’ സിനിമ കണ്ട്, പള്ളിമൈതാനിയിൽ ‘വയള്’ കേട്ട്, രാത്രി വൈകി കരമനയിൽനിന്ന് പൂജപ്പുര വഴി ജഗതിയിലെ അമ്മാവെൻറ വീട്ടിലേക്ക് കുട്ടിക്കാലത്ത് ഞാനും അമ്മാവെൻറ മകൻ മാധവൻകുട്ടിയും കൂടി നടന്ന യാത്രയുടെ സാഹസനിലാവ് മനസ്സിൽ. ചാലക്കും കരമനക്കും ജഗതിക്കും മരുതൻകുഴിക്കും മറ്റും അടിയിൽ ഇനിയും കൊഴിയാതെ നിൽക്കുന്ന പഴയ തെക്കൻ ഗ്രാമത്തിെൻറ പാവത്തരം ഷാങ്ഹായി സൂപ്പർസിറ്റിയുടെ ഈ എളിയ ഓരത്തിനും കണ്ടേക്കും. ഏത് പ്രതാപത്തിനും കാണും ചെളി പുരണ്ട അകന്ന ബന്ധുക്കൾ. ഷാങ്ഹായിയിലെ ഹോങ്കൗ ജില്ലയിലാണിവിടം. നഗരം തന്നെ. രണ്ടരക്കിലോമീറ്ററിനപ്പുറം മൂന്ന് നക്ഷത്ര/നാല്/പല നക്ഷത്ര ഹോട്ടലുകളുണ്ടെന്ന്. നടക്കാവുന്ന ദൂരമേയുള്ളൂ ഹോങ്കൗ പാർക്കിലേക്കും. അതാണിപ്പോഴത്തെ ലൂഷുൻ പാർക്ക്. ലൂഷുെൻറ ശവകുടീരവും ലൂഷുൻ സ്മാരകശാലയും അവിടെയാണ്. ബൃഹത്തായ ഒരു ലൂഷുൻ സമുച്ചയം. അതിനപ്പുറം ഷാങ്ഹായ് ഗാലക്സികൾ.
ചെറുകാറ്റിെൻറ പടവുകളിറങ്ങി വയസ്സായ ഒരില മെല്ലെ മെല്ലെ താഴെ വന്നു. എം. മുകുന്ദെൻറ ഇടത് തോളത്തിരുന്നു. മുകുന്ദൻ ചെറുചിരിയോടെ ആ ഇലയെ നോക്കി. തോളത്ത് വന്നിരുന്ന ഒരു കുരുവിയെ എടുക്കുന്നപോലെ സൗമ്യമായി ആ ഇലയെടുത്തു: ഒരു ചൈനീസ് കൈപ്പത്തി പോലെ. ചൈനീസ് മഞ്ഞ. മഞ്ഞ മാർദവം. മഞ്ഞത്തണുപ്പ്.
ഹസ്തരേഖയിൽ പോലെ ഇലരേഖയിൽ വായിക്കാം ചൈനയുടെ ത്രികാലവും. ഇലയിൽ ചെറിയ മഞ്ഞ മുള്ളുകൾ. ആ മുള്ളിലൊരു ചൈനീസ് സന്ദേശം കൂർത്ത് വന്നു. ആരോ അത് വായിച്ചു:
ഇല വന്ന് മുകുന്ദനിൽ വീണാലും മുകുന്ദൻ ചെന്ന് ഇലയിൽ വീണാലും മുകുന്ദനാ കേടെന്ന്.
കൺമുന്നിൽ കുഴഞ്ഞു വീണ ഏതെങ്കിലുമൊരു ഇന്ത്യൻ ഇലയെ നാം ഇത്ര നോക്കീട്ടുണ്ടോ? തെലുഗു സ്ത്രീവാദി കാഥിക വോൾഗക്ക് സംശയം.
ഇലകൾ മരിച്ച് വീഴുന്നോ വീണ് മരിക്കുന്നോ എന്നതൊന്നും നാട്ടിൽ നമുക്കൊരിക്കലും ഒരു പ്രശ്നമായിരുന്നില്ല. നൂറുകൂട്ടം പണികൾക്കിടയിൽ തത്ത്വചിന്ത കളിക്കാനാർക്ക് നേരം? സഞ്ചാരിക്കാവുന്നതെല്ലാം സ്ഥിരവാസിക്കാവില്ല. വോൾഗയുടെ ഇലക്ഷോഭം ശ്രദ്ധിക്കാത്ത മട്ടിൽ എച്ച്.എസ്. ശിവപ്രകാശ് പറഞ്ഞു: വചനകവി ബസവണ്ണയാണ് എെൻറ ഗുരു. നടക്കുമ്പോൾ വഴിയോരത്തെ ഇലകളെ ഗുരു വാത്സല്യത്തോടെ തൊടും, തലോടും. പോയി വരാമെന്ന് ഒരേ നിൽപ്പ് നിൽക്കുന്ന ആ പാവങ്ങളോട് പറയും.
ജയന്ത് കൈകിനി ചിരിച്ചു: അയൽപക്കത്തെ ഭുജംഗയ്യെൻറ നന്ദിനിപ്പശുവാണ് എെൻറ ഗുരു. വാത്സല്യത്തോടെ ഇലകളെ നോക്കും. മണക്കും. തിന്നും. ജാതിവ്യത്യാസമൊന്നും ഇല്ലേയില്ല. നിയു ബൗഗോങ്ങിന് അത് രസിച്ചു. ഇത് പെഴ്സോൾ മരത്തിെൻറ പഴുക്കില. ചൈനയുടെ ചങ്ങാതിക്കൈപ്പത്തി. പീച്ചും പൈനും ടല്ലോയും ഓറിയൻറൽ സൈപ്രസും പോലെയാണ് പെഴ്സോൾ. ചൈനയിലെവിടെയുമുണ്ട്. മനുഷ്യരുടെ മണവും ഒച്ചയുമുണ്ടെങ്കിൽ വേഗം വളരും.
നിശ്ചിതശൂന്യതയിലങ്ങനെയാണ് നാം. ഒന്നും ചെയ്യാനില്ലായ്കയിൽ. നിസ്സാരതയുടെ പൊരുൾ പോലും തേടും, അറിയും. മരങ്ങൾക്കിടയിൽനിന്ന് റോഡിലേക്ക് ചാഞ്ഞ്, ഇന്ത്യൻ സന്ദർശകരോട് ‘നാം തമ്മിൽ പണ്ടേ പരിചയക്കാരെ’ന്ന് സന്തോഷിക്കുന്ന നീളം കൂടിയ ചൈനീസ് മുളയിലകളും മുളഞ്ചില്ലകളും.
വാങ്വേയുടെ കവിതയിൽ നിന്നോ പരമ്പരാഗത ചൈനീസ് ചിത്രകലയിൽനിന്നോ ആ ഇലകൾ ഒരേ സമയം ഷാൻ യിൻ റോഡിലേക്കും എെൻറ സ്വകാര്യതയിലേക്കും ചായുന്നു.
മുന്നിൽ ചായക്കട നടത്തുകയും പിന്നിൽ കുടുംബമായി ജീവിക്കുകയും ചെയ്യുന്ന ചില കൂട്ടർ, ഏറെയും പെണ്ണുങ്ങൾ, ഒക്കത്ത് കുട്ടികളുമായിനിന്ന് നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചിരിച്ചപ്പോൾ ചിരിച്ച് കൊണ്ടവർ പറഞ്ഞു: ഇൻഡീസ് (ഇന്ത്യക്കാർ). കുഞ്ഞിക്കണ്ണുകളും തുറന്ന വായുമായി തീരെക്കുഞ്ഞ് ചീനരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു കാണാത്ത രൂപങ്ങൾ. ആ നാടൻ നോട്ടങ്ങളിൽ നിറയെ ഇഷ്ടപ്രകാശം.
ലൂഷുനിനോടും ലൂഷുനിെൻറ ഭാര്യയോടും മകനോടും സംസാരിച്ചിട്ടുള്ള അച്ഛനമ്മമാരുടെ മക്കളും മക്കളുടെ മക്കളുമായിരിക്കുമോ ഇവർ? ലൂഷുൻ വസതി കാണാൻ വരുന്ന എത്രയോ രാജ്യക്കാരെ ഇതിനകം ഇവർ കണ്ടുകഴിഞ്ഞിട്ടുണ്ടാവും.
ചൈനയും ഇന്ത്യയും തമ്മിലുണ്ടായിരുന്ന വഴക്കോ ചൈന മുതലാളിത്തപാതയിലേക്ക് മറിഞ്ഞ മറിയലോ, കുതിച്ച കുതിക്കലോ, ചൈന വൻസാമ്പത്തിക ശക്തിയായി ഉയരുന്നതോ, ഇന്ത്യയും ചൈനയും തമ്മിൽ ഇപ്പോൾ സാംസ്കാരിക വിനിമയ പരിപാടി ഉണ്ടെന്നോ, അതിെൻറ ഒഴുക്കിലാണ് ഈ ‘ഇൻഡീസുകൾ’ വന്നിരിക്കുന്നതെന്നോ ഒന്നുമറിയാതെ അവർ ഞങ്ങളെത്തന്നെ നോക്കിനിന്നു. ഞങ്ങൾ തിരിഞ്ഞ് നോമ്പോഴൊക്കെ കൈ വീശിക്കൊണ്ട്. ലോകം പറഞ്ഞ് പരത്തിയ അത്ര പരന്നിട്ടല്ല അവരുടെ മൂക്ക്. സൗന്ദര്യം കുറച്ച് ശക്തി കൂട്ടിയ ശരീരമാണ് സ്വർഗത്തിലെ ശരീരത്തോട്ടത്തിൽനിന്ന് അവർക്ക് കിട്ടിയത്.
ആ നോട്ടങ്ങളെ നിയു വാക്കിൽ വിപുലപ്പെടുത്തി:
നിങ്ങളെ ഞങ്ങൾക്കിഷ്ടമാണ്.
ബെയ്ജിങ്ങിലും സിയാനിലും കണ്ട ഉയരം കൂടിയ പൂമരങ്ങൾ മിത്രങ്ങളെപ്പോലെ. വൃക്ഷങ്ങളിൽ ചൈന ഉയരുന്നു. ഉയരം വളർച്ചയുടെ ഉടൽ. ഷാൻ യിൻ റോഡിൽ ഏറെയും അകന്നകന്ന് നിൽക്കുന്ന പെർസോൾ വൃക്ഷങ്ങൾ. അവയുടെ തത്തപ്പച്ചയിലകളിലും പൊടി. ഓരങ്ങളിൽ കൂടിക്കിടക്കുന്ന കരിയിലകളിലും പൊടി. ചെറുചെടികളിലും പുൽത്തകിടികളിലും പൊടി. മതിലുകളിലും വാഹനങ്ങളിലും പൊടി. എല്ലാറ്റിലും പൊടി. ‘‘ഇതായിരുന്നു ഷാങ്ഹായിയുടെ തനത് നിറം’’ ^നിയു പറഞ്ഞു. ‘‘കടൽച്ചെളി അടിഞ്ഞ് ഉണങ്ങിയുണ്ടായ കരയാണ് ഇന്നത്തെ ഷാങ്ഹായ്. നമ്മുടെ ചുവടുകൾക്ക് കീഴെയുണ്ട് കടൽ. അതിനും താഴെ ജീവനോടെ മറവ് ചെയ്യപ്പെട്ട മുതു കൂനിയ കുറച്ചധികം തിരമാലകളും.’’
പേൾബക്കിെൻറ ‘നല്ലഭൂമി’ക്ക് സ്റ്റീൻ ബക്കിെൻറ ‘േക്രാധത്തിെൻറ മുന്തിരിപ്പഴങ്ങളു’മായി എന്തെങ്കിലും ബന്ധം ഞാൻ കണ്ടിരുന്നില്ല. അതും ബക്ക്, ഇതും ബക്ക്, എന്നല്ലാതെ. കോണ്ടിനെൻറൽ ടെറസിെൻറ മുന്നിലെ ഇടതൂർന്ന പച്ചിലകളിൽ താമസമാക്കിയ ചാരനിറമുള്ള പൊടിയിലൂടെ ഞാൻ ‘േക്രാധത്തിെൻറ മുന്തിരിപ്പഴങ്ങളി’ലേക്കും ‘നല്ലഭൂമി’യിലേക്കും അവയിലെ കാർഷികജീവിതത്തിലേക്കും പോയിക്കൊണ്ടിരുന്നു. ഷാങ്ഹായ്സൂപ്പർസിറ്റിയിൽ നിന്നാലും ചൈനയിലൊരാൾ കാർഷികകാലങ്ങളോർത്ത് പോകും. അതും കുട്ടിക്കാലം വിത്തുകൾക്കും കണ്ടങ്ങൾക്കും വിതകൾക്കും കൊയ്ത്തുകൾക്കുമിടയിൽ കിതച്ചുതീർന്ന ഒരാൾ.
നിയു പറഞ്ഞു, ‘‘മണ്ണിനടിയിൽ കടലുള്ളത് കൊണ്ടാണ് നാമിങ്ങനെ ചഞ്ചലരായതെന്നാണ് കിഴക്കൻ ചൈനക്കാരുടെ വിശ്വാസം. ഉപബോധത്തിെൻറ ആ ഭൂഗർഭ കടലിൽ സഞ്ചരിക്കുന്ന നിഗൂഢ കഥാപാത്രങ്ങളുണ്ട് ഞങ്ങൾക്ക്. നാടോടിക്കഥകളിലും പുരാണങ്ങളിലും. ചെറിയ സുവർണ ഡ്രാഗണുകൾ. പ്രാർഥന കേൾക്കും. ആഗ്രഹങ്ങൾ സാധിച്ചുതരും. അദ്ഭുത സിദ്ധികളുള്ളവർ.’’ തമാശയല്ലെന്ന മട്ടിൽ നിയു.
പൊടി പൂണ്ട ആ മരങ്ങൾക്കിടയിൽ അവിടവിടെ പരമ്പരാഗത ചൈനീസ് മേൽക്കൂരകൾ. നല്ല ചങ്ങാത്തം പരമ്പരാഗത ചൈനീസ് കെട്ടിടങ്ങളോട്; തീരെ പൊരുത്തപ്പെടുന്നില്ല പുതിയ ഷാങ്ഹായ് സൗധങ്ങളോട്. ഉയരം കൂടിയ ചൈനീസ് മരങ്ങളെപ്പോലും ബോൺസായ് ആക്കുന്ന പുതിയ കുതിപ്പുകളോട്. ഇത് മരങ്ങളുടെ പ്രതികരണം. പുതിയ സിവിൽ എൻജിനീയറിങ് വിസ്മയങ്ങളിൽ ഷാങ്ഹായ് നഗരത്തിന് അഭിമാനം. യുദ്ധങ്ങളും ജനകീയ വിമോചനപോരാട്ടങ്ങളും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ കലാസാഹിത്യസംഘടനയും പുരോഗമനമാധ്യമങ്ങളും ഓപെറാകളും പിറന്ന നഗരമാണ് ഷാങ്ഹായ്. ലോകത്തിലേക്കും ആധുനികതയിലേക്കും ചൈനയുടെ കവാടം. പുതിയ സാമ്പത്തികനയങ്ങൾ പൂമരങ്ങളിൽ ഇന്ന് വിരിയിക്കുന്നത് പുതിയ മത്സരങ്ങളുടെ പൂക്കൾ. വയസ്സായ വാസ്തുമുഖങ്ങൾ. കൂടൊഴിഞ്ഞ് പോകാതെ ചുറ്റിപ്പറക്കുന്ന പ്രാവുകൾ പോലെ പാരമ്പര്യം ആ മേൽക്കൂരകളിൽ ചിറക് വിരുത്തുന്നു. എങ്കിലും ആ മേൽക്കൂരയല്ല പുതിയ ചൈനയുടെ സ്വത്വമുദ്ര. ആഗോള ശരാശരിയുടെ കാലത്ത് അങ്ങനെയൊരു ദേശീയാടയാളമുണ്ടെങ്കിൽ. ഇത് കേട്ടതും നിയു ബൗഗോങ് നടപ്പ് നിർത്തി വർത്തമാനം തുടങ്ങി.
‘‘മേൽക്കൂരയെ അടിത്തറ നിർണയിക്കും. മറിച്ചും. പഴയ മേൽക്കൂര പഴയ വ്യവസ്ഥയുടെയും വിശ്വാസത്തി
െൻറയും ദർശനത്തിെൻറയും വിളംബരം. കൊട്ടാരങ്ങൾക്കും ക്ഷേത്രങ്ങൾക്കും വീടുകൾക്കും പഗോഡകൾക്കും ജലോദ്യാനങ്ങളിലെ തുറമണ്ഡപങ്ങൾക്കും നടപ്പുരകൾക്കും നവവധൂവരന്മാർക്ക് സ്വൈരസല്ലാപത്തിനുള്ള ബാൽക്കണികൾക്കും മേൽപ്പുര പലതരം. പല ശൈലി. പല വൃത്തത്തിലും നീളത്തിലും ചതുരത്തിലും പല നിയമത്തിലും പല സൗന്ദര്യത്തിലും. ഓരോന്നിലും കാണാം സ്വർഗത്തിന് പ്രണാമം. ചൈനയിലെവിടെയുമുണ്ട് സംരക്ഷിക്കപ്പെടുന്ന ആ പാരമ്പര്യഗാംഭീര്യം. ചൈന പാരമ്പര്യം മറന്നുപോയിട്ടേയില്ലെന്ന് പറയാൻ കിട്ടുന്ന ഒരവസരവും വിട്ടുകളയില്ല നിയു.
ചെറുപരിഷ്കാരങ്ങളോടെയുള്ള പഴമയുടെ തിരിച്ചുവരവിന് സംസ്കാരത്തിൽ പുതുമയുടെ വരവേൽപ്പുണ്ട്. ഇളവെയിൽ വിരിയുന്ന ഉദ്യാനങ്ങളിൽ പുതുപുത്തൻ ടീ ഷർട്ടുകളിട്ട് ലഘുവ്യായാമങ്ങളിൽ മുഴുകി ചെറുപ്പം വിട്ടുകൊടുക്കാത്ത വൃദ്ധർ വർധിക്കുന്നുണ്ട്. ചൈനീസ്പാരമ്പര്യത്തിൽ ഒരു പൂരു ഉണ്ട്; യുവത്വത്തിൽ നിന്നെടുക്കാവുന്നതൊക്കെ എടുത്തണിയുന്ന മനസ്സ്. ലോകത്ത് തുടരാനുള്ള പരമയോഗ്യത യുവത്വമാണെന്ന വിശ്വാസം. കാലം പറന്നകലുന്നത് തളരുന്ന ചിറകിലും ഉണങ്ങുന്ന ചില്ലയിലും മങ്ങുന്ന കണ്ണിലും തീവ്രമായി അറിയുന്ന നോവ്. പൂരു ഒരു ജറിയാറ്റിക് മിത്ത് മാത്രമല്ല. ഡൈ അടിക്കുന്നതിൽ മാത്രമല്ല പൂരു പ്രവർത്തനനിരതം. കലയിലെ സ്വയം നവീകരണവ്യഗ്രതകളിലും കാണാറുണ്ട് ജീവിതസ്നേഹം കൊണ്ടുരുകി ഉടയുന്ന പൂരുവൃത്തം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.