??????? ??????????????? ????????????? ?????????? ?????? ????? ?????????????????? ????? ???????? ?????.

മരിച്ചവരുടെ സുവിശേഷം

ബോട്ടിന്‍റെ തിരയില്‍ പെട്ട മൃതദേഹം ഓളങ്ങളില്‍ ഇളകുന്നത് ശ്രദ്ധിച്ചതിനാല്‍ വയാന്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഗംഗയില്‍ മാത്രമാണ് മൃതദേഹം ഉപേക്ഷിക്കുന്ന പതിവ് കണ്ടിട്ടുള്ളത്. ആദ്യമൊക്കെ അറപ്പുളവാക്കിയിരുന്നു എങ്കിലും പിന്നീടതുമായി പൊരുത്തപെട്ടു. ഗംഗയില്‍ ഗര്‍ഭിണികളുടെയും കുട്ടികളുടെയും മൃതദേഹം ഉപേക്ഷിക്കുമെങ്കില്‍ ഇവിടെ വിവാഹിതരല്ലാത്ത ആളുകളുടെ മൃതദേഹമാണ് ഉപേക്ഷിക്കുക.

ശ്മശാനത്തിലേക്കുള്ള കവാടം
 

വലിയ താമസമില്ലാതെ ബോട്ട് ഒരു ഫെറിയിലേക്ക് അടുത്തു. ഒരു സാധാരണ ഫെറിക്ക്‌ ഉണ്ടാകുന്ന സൗകര്യങ്ങള്‍ ഒന്നും ഇല്ല. താലത്തില്‍ എടുത്ത വെച്ച മനുഷ്യതലയോട്ടിയാണ് ആദ്യം കണ്ണില്‍ പെടുക. നാണയങ്ങളും താലത്തില്‍ ഇട്ടുവെച്ചിട്ടുണ്ട്. പടികള്‍ കയറി മുന്നോട്ട് പോയി. വളരെ ചെറിയ സമയം കൊണ്ട് തന്നെ കുറെ മുളകൊണ്ട് ഉണ്ടാക്കിയ കൂടുകളുടെ അടുത്തെത്തി. അതിനകത്താണ് മൃതദേഹങ്ങള്‍ ഉള്ളത്. കുഞ്ഞുനാളില്‍ ഉപ്പൂപ്പ ഈര്‍ക്കില്‍ കൊണ്ട് മീന്‍ പിടിക്കുന്ന ഒരു കൂട് ഉണ്ടാക്കിയിരുന്നു. അതാണ്‌ പെട്ടെന്ന് ഓര്‍മ വന്നത്. ഏകദേശം പതിനൊന്നു കൂടുകളാണ് ഉള്ളത്. ഓരോ കൂടിന്‍റെ മുമ്പിലും പാത്രങ്ങളും മരണപ്പെട്ടവര്‍ക്ക് പ്രിയപ്പെട്ട സാധനങ്ങളും ഉണ്ട്. പതിനൊന്നു കൂടുകളില്‍ മിക്ക മൃതദേഹവും ജീർണിച്ചു മണ്ണിനോട് ചേര്‍ന്നിരുന്നു. ചിലതില്‍ തലയോട്ടിയും ഉണ്ടായിരുന്നില്ല. പക്ഷേ ആ അന്തരീക്ഷത്തില്‍ ഒരു ദുര്‍ഗന്ധവും ഉണ്ടായിരുന്നില്ല. വയാണിനു ട്രുനിയന്‍ ഗ്രാമത്തെ കുറിച്ചോ ഇവരുടെ ആചാരങ്ങളെ കുറിച്ചോ വലിയ ഗ്രാഹ്യമില്ലാത്തതു ഞങ്ങളെ നിരാശപ്പെടുത്തി. ആകെ അറിയാവുന്നത് ‘തരു മെന്യാന്‍’ എന്ന് വിളിക്കുന്ന ആല്‍മരത്തിനു സമാനമായ മരത്തിന്‍റെ സാമിപ്യം കാരണമാണ് ഇവിടെ ദുര്‍ഗന്ധം ഇല്ലാത്തതു എന്നാണ്. എങ്കിലും ട്രുനിയന്‍ ഗ്രാമത്തെ കുറിച്ച് ആരോടെങ്കിലും ചോദിച്ചു പറഞ്ഞു തരാം എന്ന് വയാന്‍ ഉറപ്പു നല്‍കി.

തരു മെന്യാൻ എന്ന വൃക്ഷമാണ്​ ശ്​മശാനത്തിലെ ദുർഗന്ധമകറ്റുന്നതെന്ന്​ ബാലിക്കാർ വിശ്വസിക്കുന്നു
 

ഏകദേശം ഇരുപതു മിനിറ്റ് യാത്ര കൊണ്ട് ഗ്രാമത്തില്‍ എത്താനായി. വയാന്‍ തന്നെയാണ് ചെറുതെങ്കിലും ഗ്രാമത്തിനകത്ത് തന്നെയുള്ള ഹോംസ്റ്റേ കണ്ടെത്തിയത്. വയാന്‍ മുമ്പ്​ സൂചിപ്പിച്ച മരണം നടന്ന വീടിന്‍റെ മുമ്പിലുടെ തന്നെയാണ് ഞങ്ങള്‍ പോയിരുന്നത്.

ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. വലിയ ഒരു ഗ്രാമമൊന്നുമല്ല ട്രുനിയന്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗക്കാരെ ഓര്‍മിപ്പിക്കുന്ന ചെറിയ ഒരു ഗ്രാമം. മരണം നടന്ന വീടിന്‍റെ മുമ്പില്‍ ആരും ഉണ്ടായിരുന്നില്ല. വീടിന്‍റെ മുമ്പിലെ മുള കാണിച്ചു വയാന്‍ പറഞ്ഞു, ഇതാണ് മരണം നടന്നിട്ടുണ്ട് എന്നതിനുള്ള സൂചന. പുറത്തു ആരെയും കാണാത്തത് കൊണ്ട് വയാന്‍ അകത്തേക്ക് കയറിപോയി. കുറച്ചു സമയത്തിനു ശേഷം കൂടെ ഒരാളുമായി പുറത്തു വന്നു. അയാളുടെ ഭാര്യയായിരുന്നു  രണ്ടു ദിവസം മുമ്പ്​ മരണപെട്ടിരുന്നത്. ശവസംസ്കാര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞിട്ടുണ്ട്. കുറച്ചു സമയത്തിനു ശേഷം ഞങ്ങള്‍ ട്രുനിയനിലെ ക്ഷേത്രത്തിലേക്ക് നടന്നു. നടക്കുമ്പോള്‍ കഴിഞ്ഞ ദിവസം ഒരു മൃതദേഹം പോലും ഞങ്ങള്‍ കണ്ടില്ലല്ലോ എന്നായിരുന്നു ഞാനും റബിയും സംസാരിച്ചിരുന്നത്. ഒരുപക്ഷേ, അവിടെ തന്നെ മറ്റെവിടെയെങ്കിലും ആയിരിക്കും എന്നാണ് വയാണിന്‍റെ അഭിപ്രായം.

ചില വീടുകൾക്കു മുന്നിൽ മുള കുത്തിനാട്ടിയിരിക്കും. മരണം നടന്ന വീടാണ്​ എന്ന അടയാളമാണത്
 

ബാലിയിലെ എല്ലായിടത്തും എന്നപോലെ തന്നെ ക്ഷേത്രവുമായി ബന്ധപെട്ടാണ് ട്രുനിയന്‍ ഗ്രാമവും നിലകൊള്ളുന്നത്. ബാലിയിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ട്രുനിയനിലെ ക്ഷേത്രത്തില്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഞങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോഴേക്കും വയാന്‍ ഗ്രാമത്തിലെ രണ്ടുമൂന്നുപേരുമായി സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നാണ് ഇന്നലെ നടന്ന മരണം ആത്മഹത്യ ആയിരുന്നുവെന്നും ആ മൃതദേഹം മറ്റൊരിടത്താണ് സംസ്കരിക്കുക എന്നും മനസ്സിലായത്. ട്രുനിയന്‍ വിശ്വാസപ്രകാരം ദുര്‍മരണങ്ങള്‍ക്ക് മറ്റൊരു ശ്മശാനം ആണുള്ളത്. കേരളത്തിലെ ക്രിസ്ത്യാനികള്‍ ‘തെമ്മാടിക്കുഴി’ ഉപയോഗിക്കുന്നത് പോലെ തന്നെ.

ട്രുനിയന്‍ ഗ്രാമവാസികള്‍
 

ബാലിയിലെ ഏറ്റവും പഴക്കം ചെന്ന ഗോത്രങ്ങളില്‍ ഒന്നാണ് ട്രുനിയന്‍. ബാത്തൂര്‍ അഗ്നിപര്‍വ്വതം ചിട്ടപ്പെടുത്തിയ ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തുന്നവര്‍. തെറ്റായ ജീവിതരീതി അപകടം ക്ഷണിച്ചു വരുത്തും എന്ന് വിശ്വസിക്കുന്നവര്‍. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ട് ഇന്നത്തെ ട്രുനിയന്‍ ഗ്രാമത്തിന്​. ട്രുനിയന്‍ എന്നത് ഒരു ഗ്രാമമല്ല. ഒരു വിശ്വാസരീതി പുലര്‍ത്തുന്ന അനേകം ഗ്രാമങ്ങളെ ഒന്നായി പറയുന്നതാണ്. ഇന്തോനേഷ്യയുടെ പല ഭാഗങ്ങളില്‍ ട്രുനിയന്‍ ഗ്രാമങ്ങള്‍ ഉണ്ടാവും. മരണപ്പെട്ടു കഴിഞ്ഞാല്‍ ബോട്ടില്‍ കയറ്റിയാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക്ക. പക്ഷികളോ മൃഗങ്ങളോ ഭക്ഷിക്കാതിരിക്കാന്‍ വേണ്ടിയാണു മുളകൊണ്ട് പൊതിയുന്നത്. ഒരു സമയത്ത് പതിനൊന്നു മൃതദേഹങ്ങള്‍ മാത്രമാണ് സൂക്ഷിക്കുക. അഴുകുന്നതിനു അനുസരിച്ച് തലയോട്ടി എടുത്തു മറ്റും. മറ്റൊരു പ്രദേശത്താണ് ഈ തലയോട്ടികള്‍ സൂക്ഷിക്കുക. ശ്രദ്ധേയമായ ഒരു കാര്യം ട്രുനിയന്‍ ഗ്രാമത്തിലെ ക്ഷേത്രം 11 പഗോഡകള്‍ ചേര്‍ന്നതാണ്. ഈ 11ന്​ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും വിട്ടുപോയി.

ട്രുനിയനിലെ ക്ഷേത്രം
 

വയാന്‍ പറഞ്ഞത് പോലെ തന്നെ തരു മെന്യാന്‍ വൃക്ഷം ട്രുനിയന്‍ ഗ്രാമവാസികള്‍ വിശുദ്ധ മരമായാണ് കണക്കാക്കുന്നത്. ഒരാളുടെ ജീവിതകാലത്ത് ചെയ്ത തെറ്റുകള്‍ എല്ലാം തരു മെന്യാന്‍ ശുദ്ധീകരിക്കും. ശാസ്ത്രീയായി ഇതിനു എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നറിയില്ല. വരും ദിവസങ്ങളില്‍ ട്രുനിയന്‍ ഗ്രാമത്തില്‍ ആഘോഷം നടക്കാന്‍ പോവുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മൂന്നോ നാലോ ഗ്രാമങ്ങളുടെ ഭരണസംവിധാനങ്ങളിലെ പ്രശ്നങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ പന്‍സേറിംഗ് ജഗത് എന്ന ക്ഷേത്രത്തില്‍ ഒത്തുചേരും. അതിനു ശേഷമാണു ആഘോഷം നടക്കുക. മൂന്നു ഗ്രാമങ്ങളിലെ എല്ലാവരും ഈ സമയത്ത് അവിടെ എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മുള കൊണ്ടുണ്ടാക്കിയ കൂടിനകത്താണ്​ മൃതദേഹം സംസ്​കരിക്കുന്നത്​
 

പുലര്‍ച്ചെയാണ് ട്രുനിയന്‍ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ടത്​. ദൂരെ ബാത്തൂര്‍ അഗ്നിപര്‍വ്വതം കാണാം.സജീവ അഗ്നിപര്‍വ്വതങ്ങളുടെ നാട് കൂടിയാണ് ഇന്തോനേഷ്യ. കൂടുതലും ജാവയില്‍ ആണെന്നു മാത്രം. മുന്നോട്ടുള്ള യാത്രക്കിടയിലാണ് വയാന്‍ വരാന്‍ പോകുന്ന ന്യേപ്പിയെ കുറിച്ച് പറഞ്ഞത്. തിരിച്ചുള്ള ടിക്കറ്റ് എന്നാണ് എന്നതില്‍ ഉറപ്പു വരുത്താന്‍ വേണ്ടി ആയിരുന്നു ആ അന്വേഷണം.
 

മുളകൊണ്ടുണ്ടാക്കിയ കൂടിനകത്ത്​ സംസ്​കരിച്ച മൃതദേഹം
 

ബാലിയിലെ ഹിന്ദു കലണ്ടര്‍ ആയ സാക പ്രകാരം പുതുവര്‍ഷം തുടങ്ങുന്നതിനെയാണ് ന്യേപ്പിയെന്നു പറയുക. റബി ടിക്കറ്റുമായി ഒത്തുനോക്കി പുതുവര്‍ഷം തുടങ്ങുന്നതിന്‍റെ തലേദിവസമാണ് ഞങ്ങള്‍ക്ക് തിരിച്ചു പോകേണ്ടത് എന്ന് പറഞ്ഞു. എനിക്ക് കടുത്ത നിരാശ തോന്നി. പക്ഷേ വയാന്‍ പറഞ്ഞത് അത് നന്നായി എന്നാണ്. കാരണം അന്നത്തെ ദിവസം ബാലിനീസ് ജനത ഒരു ജോലിയും ചെയ്യില്ല. വീടിനകത്ത് തന്നെ ഇരിക്കും.

ജോലി, ഭക്ഷണം പാകം ചെയ്യല്‍ യാത്ര ചെയ്യല്‍ എല്ലാം നിഷിദ്ധമാണ്. യഹൂദര്‍ ആചരിക്കുന്ന സാബത്തിന്‍റെ മറ്റൊരു പതിപ്പാണ്‌ ഇതെന്ന് എനിക്ക് തോന്നി.
അതാണ്‌ വയാന്‍ നന്നായി എന്ന് പറയാന്‍ കാരണം. എങ്കിലും നിങ്ങൾക്ക്​ മേലാസ്തി കാണാന്‍ കഴിയും എന്നാണ് വയാന്‍ പറയുന്നത്. ന്യേപ്പിയുടെ മൂന്നു ദിവസം മുന്‍പേ തുടങ്ങുന്ന ആഘോഷമാണ് മേലാസ്തി. ഭക്ഷണം കഴിച്ചു മുന്നോട്ടു പോകുന്നതിനിടയില്‍ തന്നെ ഒരു ആഘോഷയാത്ര കണ്ടു തുടങ്ങി. മേലാസ്തിയാണെന്ന് വയാന്‍ പറഞ്ഞു.

                                                                                                                                                                                                                      (തുടരും....)

Tags:    
News Summary - a travel through incredible bali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.