കടലായും കരയായും ഭൂമി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ വിഭജനത്തെ ഒരു നേര്‍ത്ത വരയായി രേഖപ്പെടുത്തിക്കൊണ്ട് ചെല്ലാനത്തെ കടല്‍ഭിത്തി നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുകയാണ്. വലിയ പാറകളിലേക്ക് അടിച്ചുകയറുന്ന തിരമാലകളില്‍ ഒരുഭാഗം കല്ലുകള്‍ക്കിടയിലൂട ഉള്ളിലേക്കിറങ്ങിപ്പോകുന്നു. മറുഭാഗം പിന്‍വാങ്ങി പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്നു. കടല്‍ എന്നും കരയെ പുല്‍കാന്‍ ശ്രമിച്ചിേട്ടയുള്ളു. അനസ്യൂതം ആ ശ്രമം തുടരുകയും കര കടലിനെ തട്ടിമാറ്റുകയും ചെയ്യുന്നു. നഷ്ടപ്പെട്ട എന്തിനോ വേണ്ടി കരയില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നതിനാലായിരിക്കുമോ കടലിെൻറ ഓളങ്ങള്‍ക്ക് 'തിര' എന്ന് പേര് വന്നത്. കരയുടെ നിരന്തര അവഗണയില്‍ നിന്നുള്ള നിരാശയാലാകാം കടല്‍ ചിലപ്പോളെങ്കിലും എല്ലാ പരിധികളും ലംഘിച്ച് കരയിലേക്ക് കടന്നു കയറുകയും കടലിന്റെ മക്കള്‍ക്ക് കരയേണ്ടതായും വരുന്നത്. കടല്‍ക്ഷോഭങ്ങളില്‍ ജീവിതം ഒലിച്ചുപോയവര്‍ ചെല്ലാനത്ത് നിരവധിയാണ്. ചിലരൊക്കെ ജീവിതത്തിലേക്ക് നീന്തിക്കയറി. അവരില്‍ പലര്‍ക്കും ഉടുതുണി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നിട്ടും കടലിനെ ഉപേക്ഷിച്ച് പോകാന്‍ ഇവര്‍ക്ക് സാധിക്കുമായിരുന്നില്ല.
ചെറുതോണികള്‍ക്ക് തീരത്തേക്ക് കയറുന്നതിന് കടല്‍ഭിത്തിയുടെ ഒരു ഭാഗം കെട്ടാതെ ഒഴിച്ചിട്ടിരിക്കുകയാണ്. കരക്കടുപ്പിച്ച പൊന്തില്‍ നിന്നും ഒരു പറ്റം ആളുകള്‍ മീന്‍ വേര്‍തിരിക്കുന്നുണ്ട്. വളരെ താളാത്മകമായാണ് അവരുടെ സംസാരം. കുറച്ചു കൂടി താളമുണ്ടായിരുന്നെങ്കില്‍ ഈ സംസാര രീതിയെ ഒരു സംഗീത ശാഖയായി പരിഗണിക്കാമെന്നു വരെ തോന്നിപ്പോയി. മീന്‍ വളരെ കുറവ് മാത്രമാണ് കിട്ടിയതെന്ന് അവരുടെ സംഭാഷണത്തില്‍ നിന്നും വ്യക്തം. കുറച്ചു നേരം അവിടെ ചുറ്റിപ്പറ്റി നിന്നശേഷം മീന്‍പിടിത്തക്കാരോട് കുശലം ചോദിച്ചു. ഒന്നിനു പിറകെ ഒന്നായി വരുന്ന കാറ്റുകള്‍മൂലം പലപ്പോഴും കടലില്‍ പോകാന്‍ സാധിക്കാറില്ല. കടല്‍ ഒന്ന് ശാന്തമായി എന്നു തോന്നുന്ന സമയത്ത് ചെറുതോണികളും പൊന്തുകളുമൊക്കെയായി കടലിലിറങ്ങി അരി വാങ്ങാനുള്ള വക കണ്ടെത്തുകയാണ് പതിവ്.
കൊച്ചിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമെ തീരദേശമായ ചെല്ലാനത്തേക്കുള്ളു. എന്നാല്‍ കൊച്ചി നഗരത്തിന്റേതായ യാതൊരു ഛായയും ഇവിടെയില്ല. തികച്ചും ഗ്രാമീണരായ ആളുകള്‍. വാക്കുകള്‍ നീട്ടിയും കുറുക്കിയും കയറ്റിയും ഇറക്കിയും സംസാരിക്കുന്നവര്‍. ഒരു മഹാനഗരത്തില്‍ നിന്നും അധിക ദൂരമില്ലെങ്കിലും ജീവിത രീതികൊണ്ടും സംസ്‌കാരം കൊണ്ടുമെല്ലാം ഈ ഗ്രാമം ഒരുപാട് ദൂരെയാണ്. മുക്കുവരോട് യാത്ര പറഞ്ഞ് പിരിഞ്ഞു. പിന്നെയും മെയിന്‍ റോഡിലൂടെ മുന്നോട്ട് നടന്നു. ചെറിയ വീടുകള്‍, കടകള്‍, വീതി കുറഞ്ഞ വഴികള്‍. അതിസാധാരണക്കാരായ മനുഷ്യര്‍. ചെല്ലാനത്ത് ഒരു ഹാര്‍ബര്‍ ഉണ്ടെന്ന് കേട്ടിരുന്നു. എതിരെ വന്ന ഒരു ചേട്ടനോട് അങ്ങോട്ടേക്കുള്ള വഴി ചോദിച്ചു. വീതി കുറഞ്ഞ ടാറ് ചെയ്യാത്ത ഒരു വഴി അയാള്‍ കാണിച്ചു തന്നു. അതിലെ മുന്നോട്ട് നടന്നു. വഴി ചെന്നു നിന്നത് ഒരു കപ്പേളയുടെ പിറകിലായിരുന്നു.
കടലിന് അഭിമുഖമായി നില്‍ക്കുന്ന, കപ്പലിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന കപ്പേള. പിറകില്‍ നിന്നും അകത്തേക്ക് കയറാന്‍ പടികളുണ്ട്. ചെരുപ്പ് ഊരിയിട്ട് കപ്പേളയുടെ അകത്ത് കയറി. സെന്റ് സേവ്യറി ന്റെ നാമധേയത്തിലുള്ളതാണ് കപ്പേള. സേവ്യര്‍ദേശ് 03-11-13 എന്നും ബോര്‍ഡില്‍ നിന്നും നിര്‍മിച്ച കാലഘട്ടവും മനസിലാക്കാം. കയറിച്ചെല്ലുന്നിടത്ത് കപ്പലില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള രണ്ട് വീപ്പകളുണ്ട്. രൂപക്കൂടിനുള്ളില്‍ കരയിലേക്കഭിമുഖമായി നില്‍ക്കുന്ന ഫ്രാന്‍സീസ് സേവ്യറുടെ രൂപം കാണാം. രൂപക്കൂടിന് പുറത്ത് മുകളിലായി ക്രിസ്തുവിന്റെ രൂപം. കടലിലേക്ക് കുതിക്കാനൊരുങ്ങി നില്‍ക്കുന്ന കപ്പലിന്റെ നാഥനായി കൈകള്‍ വിരിച്ചു നില്‍ക്കുന്ന ക്രിസ്തുവിന്റെ പൂര്‍ണകായ പ്രതിമ. ക്രിസ്തുവും കടലും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്‍മാരില്‍ കുറേപ്പേര്‍ മുക്കുവന്‍മാരായിരുന്നു. മീന്‍ പിടിക്കുന്ന നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാമെന്ന് പറഞ്ഞായിരുന്നു ഇവരില്‍ പലരേയും യേശു കൂടെ കൂട്ടിയത്. കാറ്റും കോളും വന്ന് വഞ്ചി മുങ്ങുമെന്നായപ്പോള്‍ അമരത്ത് തലവെച്ചുറങ്ങിയ ക്രിസ്തുവിനെ ശിഷ്യന്‍മാര്‍ വിളിച്ചെഴുന്നേല്‍പ്പിക്കുന്ന സംഭവവും ബൈബിളിലുണ്ട്. ഉറക്കം നഷ്ടപ്പെട്ട ക്രിസ്തു കാറ്റിനേയും കടലിലേയും ശാസിക്കുന്നതും അവ ശാന്തമാകുന്നതും കണ്ട് അത്ഭുതസ്തബ്്ധരായ ശിഷ്യന്‍മാരെക്കുറിച്ചും ബൈബിള്‍ പറയുന്നു. ആഴക്കടലിലെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാനായി മിശിഹ അവതരിക്കുമെന്ന വിശ്വാസം നെഞ്ചേറ്റി യാത്ര തുടങ്ങാനായിരിക്കാം ഹാര്‍ബറിന് സമീപത്തായി ഇത്തരമൊരു കപ്പേള നിര്‍മിച്ചത്.
കപ്പേളയുടെ മുന്നില്‍ നിന്നും നോക്കിയാല്‍ കടല്‍ ഭിത്തി കാണാം. കടല്‍ ഭിത്തിയുടെ അടുത്തേക്ക് പതിയെ നടന്നു. മതിലിനിപ്പുറത്തായി പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ബദാം മരം. അതിന്റെ ചില്ലകളിലെല്ലാം പല വര്‍ണങ്ങളിലുള്ള കുപ്പികള്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. പെട്ടന്ന് നോക്കിയാള്‍ മരത്തിന്റെ ഫലങ്ങളാണ് കുപ്പികളെന്ന് തോന്നും. കടല്‍ കാറ്റില്‍ കുപ്പികളത്രയും ഊഞ്ഞാലാടുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്നുണ്ടാക്കിയ ക്ലബാണിതെന്ന് സമീപത്തുണ്ടായിരുന്നൊരാള്‍ പറഞ്ഞു. ടയറില്‍ പെയിന്റടിച്ച് മനോഹരങ്ങളായ ഇരിപ്പിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. കടല്‍ ഭിത്തിയില്‍ പല ചിഹ്നങ്ങളും വരച്ചിട്ടുണ്ട്. ചെറിയൊരു ബദാം മരത്തിന് കീഴിലായി കാരംസ് ബോര്‍ഡ് വെച്ചിരിക്കുന്നു. വൈകുന്നേരങ്ങളിലും രാവിലെയുമൊക്കെയായി ഇവിടെ ആളുകളെത്തി കളിക്കും. ഈ മരത്തിന് ചുവട്ടിലിരുന്ന് കാറ്റു കൊള്ളും. ഇല്ലായ്മകളും ദുരിതങ്ങളും പങ്ക് വെക്കും. കരക്കും കടലിനുമിടയില്‍ സംഭവിക്കുന്നതിനെല്ലാം സാക്ഷിയായി ബദാം മരം നില്‍ക്കുന്നു. ബദാം മരത്തിന്റെ അരികിലൂടെ കടല്‍ ഭിത്തിക്ക് മുകളില്‍ കയറി. പല നിറത്തിലുള്ള കൊടി കുത്തിയ വള്ളങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന വിശാല ദൃശ്യം അവിടെ നിന്നും കാണാം.
മതില്‍ കെട്ടി തിരിച്ച് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്നതു പോലെ പുലിമുട്ടുകള്‍ കെട്ടി വള്ളം കെട്ടിയിടാന്‍ ഇവിടെ പ്രത്യേകം ഇടമുണ്ടാക്കിയിരിക്കുന്നു. അതിനാല്‍ വള്ളങ്ങള്‍ നിര്‍ത്തിയിടത്തേക്ക് തിരമാലകള്‍ അടിച്ചു കയറുന്നില്ല. പുലിമുട്ടിലിടെ കുറച്ചു ദൂരം മുന്നോട്ട് നടന്നു. ഉച്ച സമയം. വെയിലിന് നല്ല ചൂട്. പരിസരം വിജനമായിരുന്നു. കുഞ്ഞോളങ്ങളില്‍ താളം വെക്കുന്ന വള്ളങ്ങള്‍ എങ്ങോട്ടോ തെന്നി ഒഴുകാന്‍ വെമ്പുന്നപോലെ തോന്നി. വള്ളത്തിന്റെ അറ്റത്ത് നാട്ടിയിരിക്കുന്ന കൊടിയെ കൂട്ടിക്കൊണ്ടുപോകാന്‍ കാറ്റ് ആവുന്നതും ശ്രമിക്കുന്നു.
തിരിച്ച് നടക്കുമ്പോള്‍ പാറക്കെട്ടില്‍ അടിച്ചുകയറുന്ന തിരമാലകളുടെ ശബ്ദം നേര്‍ത്ത് വന്നു. വീണ്ടും നടന്ന് മെയില്‍ റോഡിലെത്തി. കുടില്‍ വ്യവസായം പോലെ ഇവിടെ തോണികള്‍ ഉണ്ടാക്കുന്നു. വീടിനോട് ചേര്‍ന്ന് നിരവധി പണിശാലകളുണ്ട്. പൂര്‍ത്തിയായതും നിര്‍മാണത്തില്‍ ഇരിക്കുന്നതുമായ പല വലിപ്പത്തിലുള്ള നിരവധി തോണികള്‍. തോണി നിര്‍മിക്കുന്നതിനെക്കുറിച്ച് ചോദിച്ചറിയാമെന്ന് കരുതി പണിശാലകളില്‍ കയറിയെങ്കിലും അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. ഉച്ചവിശ്രമത്തിനായി പോയതായിരിക്കാം. ആരെയും കാണാതെ നിരാശയോടെ പണിശാലയില്‍ നിന്നും ഇറങ്ങി നടന്നു. തോപ്പുംപടിയിലേക്കുള്ള ബസ് വരുന്നുണ്ടായിരുന്നു. കൈകാണിച്ച് അതില്‍ കയറി. ബസിലിരുന്ന് പുറത്തെ കണ്ടല്‍ കാടുകളെ നോക്കുമ്പോള്‍ 'ചമ്പക്കുളം തച്ചന്‍ ഉന്നം പിടിപ്പിച്ച പൊന്നാഞ്ഞിലിത്തോണിയോ...' എന്ന പാട്ട് സ്പീക്കറിലൂടെ മുഴങ്ങാന്‍ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.