മെഹരാൻഘട്ടി​െൻറ രാജ​പ്രൗഢികൾ

ദയപ്പൂരിലെ 'റെഡ്ഡി ഇൻ' എന്ന ത്രീ സ്​റ്റാർ ഹോട്ടലിലായിരുന്നു ഞങ്ങൾക്കായി താമസമൊരുക്കിയത്​. മെച്ചപ് പെട്ട സൗകര്യങ്ങളായിരുന്നു അവിടെ ഞങ്ങളുടെ യാത്ര ടീമിന് ലഭിച്ചത്​. ഏത് ഹോട്ടലിൽ എത്തിയാലും ഞങ്ങൾക്കുള്ള ഭക്ഷണമൊരുക്കാൻ സൗകര്യം ലഭിക്കുമെന്നതാണ് ഇത്തരം യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത.

മൂന്നാം ദിവസം രാവിലെ തന്നെ എല്ലാവരും ഭക്ഷണ ശാലയയിലെത്തി. വറുത്തരച്ച കടലക്കറിയുടെ മണം ഞങ്ങളെ മത്തു പിടിപ്പിച്ചു. പുട്ടും കടലയും മേശമേൽ നിരന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീകളായ വിനോദ യാത്രികരെല്ലാം ആർത്തിയോടെ കഴിക്കാൻ തുടങ്ങി. കാരണം, അവരുടെ വീട്ടിൽ തയാറാക്കുന്ന ഭക്ഷണത്തി​​​െൻറ അതെ രുചി വിനോദയാത്രക്കിടയിലും കിട്ടുക എന്നത് അത്യപുര്‍വ്വമാണ്. അതുകൊണ്ടു തന്നെ വളരെ ആസ്വദിച്ചായിരുന്നു അവർ ഭക്ഷണം കഴിച്ചത്. രാജസ്ഥാനിലെ ഉദയപൂരിൽ ഇത്രയും നല്ല കേരളീയ ഭക്ഷണം കിട്ടിയതിൽ ഏറെ പേരും തൃപ്തരായി.

എട്ടു മണിക്ക്​ തന്നെ യാത്രക്കുള്ള ബസ്​ തയാറായി. എല്ലാവരും ബസിൽ ഇടം പിടിച്ചു. ഉദയപ്പൂരിലെ മനോഹരമായ കൊട്ടാരവും അതിസാഹസികമായി വീര ചരമം പ്രാപിച്ച ചേതക്ക് എന്ന കുതിരയുടെ മറക്കാനാവാത്ത ഓർമകളുമായി മറ്റൊരു പ്രദേശത്തേക്കുള്ള യാത്ര ആരംഭിച്ചു. ടീം മാനേജർ പ്രവീണിന്റെ നിർദേശം ബസിനകത്തെ ഉച്ചഭാഷിണിയിൽ മുഴങ്ങി.
'ഇവിടെ നിന്നും 260 കിലോമീറ്റർ യാത്ര ചെയ്താൽ നമ്മളെത്തുന്നത് ജോദ് പൂരിലാണ്. ചരിത്രപ്രധാനവും അദ്​ഭുതങ്ങൾ നിറഞ്ഞതുമായ മെഹറാൻ ഘട്ട് കൊട്ടാരവും നദ്വാര എന്ന ഒരു അമ്പലവുമാണ് നമ്മൾ ഇന്ന് കാണുക....'
മലയും മരുഭൂമിയും മാർബിൾ കല്ലുകളും നിറഞ്ഞ രാജസ്ഥാനിലെ ഉദയ്​പൂരിൽ നിന്നും ആരംഭിക്കുന്ന റോഡ് നീണ്ടു കിടക്കുകയാണ്. നമ്മുടെ നാട്ടിലെ റോഡിലൂടെയുള്ള യാത്രയാണെങ്കിൽ രാത്രി കഴിഞ്ഞാലും എത്തിച്ചേരാൻ തരമില്ല. ഇത് അത്രയും സുഖകരമായ നല്ല റോഡ്‌ യാത്രയുമാണ്‌.

മെഹ്​റാൻഘട്ട്​ കോട്ടയുടെ അകക്കാഴ്​ച

ഞങ്ങളെയും കൊണ്ട് ശീതീകരിച്ച ടൂറിസ്റ്റ് ബസ് സാമാന്യം വേഗതയോടെ ജോദ്​പൂരിലേക്ക് കുതിച്ചു. ചെറുപ്പക്കാരനും സുമുഖനുമായ ഞങ്ങളുടെ ഡ്രൈവർക്ക് പരാതിയും പരിഭവവുമില്ലാതെ ചിരിച്ചു കൊണ്ടു തന്നെ വണ്ടി ഓടിക്കുന്നുണ്ടായിരുന്നു.. രാജസ്ഥാനിലെ മാർബിർ പാറകളും കുന്നുകളും മലകളും കാണികളായ ഞങ്ങൾക്ക് നവോന്മേഷം പകർന്നു. ബസിന്റെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണാനാകുന്നത് വിജനമായ പ്രദേശങ്ങളാണ്​. അതുകൊണ്ട് ഞങ്ങളുടെ ഡ്രൈവർ ലോകേശ് ശങ്കകൂടാതെ പതറാതെ സാമന്യം വേഗത്തിൽ തന്നെ ഓടിച്ചു തുടങ്ങി. ഏറെ നേരം എല്ലാവരും നിശബ്ദതയോടെ കാഴ്ചകൾ കണ്ടിരുന്നു. രാവിലെയായതിനാൽ എല്ലാവർക്കും ഉറക്കം വരുന്നുവെന്നു തോന്നി.

ഞങ്ങളുടെ യാത്രികരിൽ ഒരു ഡോക്ടർ കുടുംബമുണ്ട്​. ഡോ. ബഷീറും ഭാര്യയും സഹോദരിയും മൂവരും ഡോക്ടർമാർ . ഡോ. ബഷീർ റിട്ടയേർഡ്​ ഡി.എം.ഒ.യാണ്​. യാത്രക്കാരിൽ ചിലർക്ക്​ ഉറക്കത്തി​​​െൻറ ആലസ്യത്താല്‍ കഴുത്തിന്റെ നിയന്ത്രണം വിട്ടപ്പോഴാണ് ഡോ. ബഷീർ പ്രവീണിനോട് മൈക്ക് ആവശ്യപ്പെട്ടത്.

മെഡിക്കൽ സയൻസിനെക്കുറിച്ചും പ്രഷർ, ഷുഗർ എന്നീ ജീവിത ശൈലി രോഗത്തെ കുറിച്ചും അൽപം സംസാരിക്കാം എന്നു പറഞ്ഞു. അതോടെ താഴെക്ക് ചരിഞ്ഞ കഴുത്തുകളെല്ലാം നിവർന്ന്​ ഡോ.ബഷീറിനു നേരെ തിരിഞ്ഞു. ഏവർക്കും താൽപര്യമുള്ള വിഷയം. ആധുനിക ചികിൽസാ രീതികളും സ്​പെഷ്യലിസ്​റ്റ്​ ഡോക്ടർമാർ നൽകുന്ന ശക്തിയേറിയ മരുന്നുകൾ കഴിക്കുന്നത് പല അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു. എങ്ങനെ ചികിൽസ നടത്തണമെന്നും ഏതെല്ലാം സമയം സ്പെഷലിസ്റ്റ് ഡോക്ടറെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡോക്ടർമാരും മരുന്നു കമ്പനികളുമായുള്ള കൂട്ടുകെട്ടിനെ പറ്റിയും അദ്ദേഹം പറയാതിരുന്നില്ല.

ഒരു വിനോദയാത്രാവേളയിൽ ഇത്രയും വിജ്ഞാനപ്രദമായ ഒരു പഠന ക്ലാസ് ഒരുപക്ഷേ, ഞങ്ങൾക്കു മാത്രമായിരിക്കും കിട്ടിയത്. എന്തിന് ആശുപത്രിയിൽ പോയി ഗ്ലൂക്കോസ് കുത്തിവെക്കണം. അതിൽ നിന്നും കിട്ടുന്നതിനേക്കാൾ ഗ്ലുക്കോസ്​ കഞ്ഞിവെള്ളത്തിൽ നിന്നും ലഭിക്കുമ്പോൾ. അതുപോലെ മലയാളികളുടെ ഒരു ദുശ്ശീലമാണ് ഒരേ രോഗത്തിന് പല ഡോക്ടർമാരെ കണ്ട് ചികിൽസ നടത്തുന്നത്. ഇത് ഗുണത്തേക്കാളേറെ ദേഷങ്ങൾ ഉണ്ടാക്കുമെന്നും തെറ്റായ ചികിൽസാ രീതിയാണെന്നും അദ്ദേഹം പറഞ്ഞു

ആരോഗ്യകരമായ വിഷയത്തിൽ ഡോക്ടർ പകർന്നു തന്ന അറിവ് വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തി​​​െൻറ വിലപ്പെട്ട നിർദേശശങ്ങളും മറ്റും തീരുമ്പോഴേക്കും ഞങ്ങളുടെ വാഹനം ഒരു കടയിലേക്ക് ഇടിച്ചു കയറുന്നതു പോലെ വണ്ടി ഒന്നു ചരിഞ്ഞു. പെട്ടെന്ന് എല്ലാവരും ഒന്നു ഞെട്ടി. അപ്പോഴാണ് പ്രണവിന്റെ നിർദ്ദേശം വന്നത്. ഊണ് കഴിക്കാൻ സമയമായി. ഈ 'ബാബാ രാംദേവ്' ഹോട്ടലിലാണ് വണ്ടി നിർത്തിയത്. പള്ളി ജില്ലയിലെ രാജസ്ഥാൻ താലൂക്കിലെ ഒരു വില്ലേജാണ് ഈ പ്രദേശം. ഹോട്ടലുടമയോട് ചോദിച്ചറിഞ്ഞതു പ്രകാരം 'ഖറാദ' വില്ലേജിലാണ് എത്തിയത്. എല്ലാവരും അവിടെ ഇറങ്ങി. ഞൊടിയിടയിൽ ഞങ്ങളുടെ പാചകക്കൂട്ടം രാവിലെ തയാറാക്കി ബസിൽ സൂക്ഷിച്ചുവെച്ച വിഭവസമൃദ്ധമായ സദ്യവട്ടങ്ങൾ അടങ്ങിയ ഭക്ഷണപാത്രങ്ങൾ ഹോട്ടലില്‍ നിരന്നു. ചോറും സാമ്പാറും കൂട്ടുകറിയും പച്ചടിയും തോരനും അച്ചാറും പപ്പടവും എന്നുവേണ്ട വേണ്ട എല്ലാം ബൊഫെ രീതിയിൽ തന്നെ. ഇത് വിനോദയാത്രയാണൊ ഭക്ഷണ യാത്രയാണോ എന്ന് സംശയിച്ചു പോയി.

പ്രഷറും ഷുഗറും മാറ്റ് അസുഖങ്ങളും ഒന്നും നോക്കാതെ കിട്ടിയതൊക്കെ വാരിവലിച്ചകത്താക്കി. ഏതാണ്ടര മണിക്കൂറോടെ തിരികെ ഞങ്ങള്‍ യാത്രാ പേടകത്തിൽ കയറി. നിറഞ്ഞ വയറും എ.സിയുടെ തണുപ്പും ഏറ്റപ്പോൾ എല്ലാവരും ഒരു ഉച്ചയുറക്കത്തിൽ വീണു. മയക്കത്തിലായ ഞങ്ങളെ പ്രണവ് വിളിച്ചുണർത്തി. 'നമ്മൾ ജോദ്പൂരിലെത്തി....' എന്ന പ്രണവിന്റെ ശബ്ദം കേട്ടപ്പോഴാണ് എല്ലാവരും മയക്കം വിട്ടുണര്‍ന്നത്.

ജോദ്​പൂർ
ഞങ്ങളുടെ വാഹനം നാലു മണിയോടെ രാജസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ജോദ്പൂരിൽ എത്തി.. ഏറ്റവും വലിയ നഗരം ജെയ്പൂർ ആണ്. രാജസ്ഥാനിലെ സമ്പന്നമായ ചരിത്ര ഭൂമി കൂടിയാണ് ജോദ്പൂർ. കടുത്ത ചൂട് നിലനിൽക്കുന്ന ദേശം. ഏപ്രിൽ, മേയ് മാസക്കാലങ്ങളിൽ 52 ഡിഗ്രി സെൽഷ്യസ്​ വരെ ചൂട് ഉണ്ടാകും. ജോദ്പൂർ കഴിഞ്ഞാൽ അടുത്ത പ്രദേശം മരുഭൂമിയാൽ നിറയപ്പെട്ട ജെയ്സാൽമീർ ആണ്. മരുഭൂമിയിലേക്ക് കടക്കുന്ന പ്രവേശന ദ്വാരമായും (Gate way of Thar Desert) ജോദ്പൂർ അറിയപ്പെടുന്നു. മറ്റൊരു വിശേഷണം കുടിയുണ്ട് ഈ പ്രദേശങ്ങള്‍ക്ക്<
ജോദ് പൂർ- ബ്ലൂ സിറ്റി
ജയ്​പൂർ - പിങ്ക്‌ സിറ്റി
ഉദയ്​പൂർ - വൈറ്റ് സിറ്റി
ഇങ്ങിനെയാണ് രാജസ്ഥാനിലെ പ്രധാന നഗരങ്ങളെ തരം തിരിച്ചിരിക്കുന്നത്. അതിന് അതിന്റെതായ കാരണങ്ങളും ഉണ്ട്.

ബ്ലൂ സിറ്റി വിദൂര കാഴ്​ച

ജോദ്പൂർ 'ബ്ലു സിറ്റി'യായി അറിയപ്പെടുന്നത് അവിടുത്തെ കൊടിയ ചൂട് കാരണമാണ്. കടുത്ത ചൂടിൽ നിന്നും രക്ഷ നേടാനായി എല്ലാ വീടുകളും കെട്ടിടങ്ങളും നീല പെയിന്റ് ചെയ്തിരിക്കുന്നു. കൊട്ടാരത്തിന്റെ മുകളിൽ നിന്നും നോക്കിയാൽ നീല പരവതാനി വിരിച്ചതു പോലുള്ള മനോഹരമായ നിരവധി കെട്ടിടങ്ങളാൽ തലയുയർത്തി നിൽക്കുന്ന ജോദ്പൂർ എന്ന 'ബ്ലൂ സിറ്റി' മറക്കാൻ പറ്റാത്ത അനുഭവമായി മനസ്സിൽ തറഞ്ഞുകയറുന്നു.

മെഹറാൻഘട്ട് ഫോർട്ട്
രാജസ്ഥാനിലെ ജോദ്പൂരിലുള്ള മെഹറാൻ ഘട്ട് ഫോർട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ പ്രധാനപ്പെട്ടതാണ്. ജോദ്പൂരിലെ ഏറ്റവും വലുതും മഹാത്ഭുതങ്ങൾ നിറഞ്ഞതുമായ വൻ കൊട്ടാരസമുച്ചയം കൂടിയാണ് മെഹറാൻ ഘട്ട് കൊട്ടാരം. കണ്ടാലും കേട്ടാലും മതിവരാത്ത കഥകളും ഉപകഥകളും നിറഞ്ഞ ലോകാത്ഭുതങ്ങളിൽ പെടുത്താവുന്ന അതിശയം തന്നെയാണ് മെഹറാൻ ഘട്ട് ഫോർട്ട്.

ജോദ്പൂരിൽ നിന്നും മെഹറാൻ ഘട്ടിലേക്ക്‌ പുറപ്പെടുമ്പോൾ നേരത്തെ ഏർപ്പാടു ചെയ്ത ഗൈഡ് ഞങ്ങളുടെ ബസിൽ ഇടം പിടിച്ചു. അതുകൊണ്ട് മെഹറാൻഘട്ട് കോട്ടയിൽ എത്തിച്ചേരുന്നതിനു മുന്നെ തന്നെ ഗൈഡ് അതേക്കുറിച്ച്​ വിവരിച്ചു നൽകിയിരുന്നു. കാണാൻ പോകുന്നത് ഒരു മഹാ ത്ഭുതം തന്നെയാണല്ലൊ എന്ന ആകാംക്ഷയായിരുന്നു ഞങ്ങൾക്ക്​.

ദൂരെ നിന്നും കൊട്ടാരസമുച്ചയം കണ്ടപ്പോൾ
'സ്വർഗം താണിറങ്ങി വന്നതോ..' എന്ന പാ​േട്ടാർമ വന്നു.
ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങി അൽഭുതം നിറഞ്ഞ കോട്ടയ്ക്കരികിലേക്ക് നീങ്ങി. ജോദ്പൂരിലെ അതിമനോഹരവും വിശാലവുമായ ഒരു മലയുടെ മുകളിൽ ആകാശത്തു നിന്നും ആരോ ഇറക്കിവെച്ചതു പോലെ തോന്നിക്കുന്ന കൊട്ടാരസമുച്ചയമാണ് മെഹറാൻഘട്ട് കൊട്ടാരം.

1460 ൽ മഹാരാജ റാവു ജോധാ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. നഗരത്തിൽ നിന്നും 410 അടി (125 മീറ്റർ) ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കട്ടിയുള്ള മതിലുകളാൽ കോട്ട സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. കോട്ടയും കൊട്ടാരവും പണിയുന്നതിനാവശ്യമായ സുരക്ഷിതവും മനോഹരവുമായ സ്ഥലം കണ്ടെത്തുന്നതിൽ രാജാക്കന്മാർ അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് നിർമാണ രീതിയിൽ മൽസരബുദ്ധിയോടെയാണ് കൊട്ടാരത്തിന്റെ നിർമിതി.

മാർബിളിൽ കൊത്തിയ കൊട്ടാരത്തി​​​െൻറ ജനാലകൾ

കൊട്ടാരത്തിന്റെ ഓരോ പ്രത്യേക കോണിൽ നിന്നും രാജ്യം മുഴുവൻ കാണാൻ പറ്റുന്ന വിധത്തിലാണ് നിർമിതി. കാരണം രാജാവിന് പ്രജകളുടെ കാര്യങ്ങൾ നോക്കിക്കാണുകയെന്ന ഉദ്ദേശവും കൂടി അതിനുണ്ട്. മറ്റൊരു പ്രത്യേകത കൊട്ടാരത്തിനു നേരെ ശത്രുക്കളുടെ കടന്നാക്രമണവും കടന്നുകയറ്റവും പ്രതിരോധിക്കാൻ തക്ക വിധത്തിൽ സുരക്ഷിതമായൊരുക്കിയ കോട്ട മതിൽ ആണ്. മെഹറാൻഘട്ട് കോട്ടയെ നേരിട്ടാക്രമിച്ച് കീഴ്പ്പെടുത്തുവാൻ ശത്രുസൈന്യത്തിന് അസാധ്യമാണ്. അത്രയും സുരക്ഷിതവും ശക്തവുമായ ചെറുത്തു നിൽപ്പിനാവശ്യമായ എല്ലാ വിധ മുൻകരുതലുകളും ഒരുക്കിയാണ് കോട്ട പണിതിരിക്കുന്നത്​. എന്നിട്ടും, രണ്ടു തവണ ശത്രു സൈന്യം കോട്ടയെ ആക്രമിക്കുകയും പിടിച്ചടക്കുകയും ചെയ്തതായി ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാവശ്യം അക്ബർ ചക്രവർത്തിയും മറ്റൊരവസരത്തിൽ ഔറംഗസീബുമാണ് ഈ കൊട്ടാരം പിടിച്ചടക്കിയത്. താമസിയാതെ തന്നെ അവർ കോട്ട തിരിച്ചുപിടിച്ചു.

കൊട്ടാരത്തി​​​െൻറ അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് അത്ഭുതങ്ങളുടെ മായാലോകത്ത് നമ്മ​െളത്തുക. മാർബിൾ കല്ലുകളിൽ പതിനായിരക്കണക്കിനു ചിത്രവേലകൾ യന്ത്രസഹായമില്ലാതെ കൊത്തിമിനുക്കിയ രോമാഞ്ചജനകമായ കാഴ്ചകളാണ് നമുക്ക് മുന്നിൽ. പ്രധാന കൊട്ടാരത്തിനു ചുറ്റും 362 ഓളം ജനാലകളാണ് കമനീയമായി പണിതിരിക്കുന്നത്. ഒന്നിനൊന്നോട് സാദൃശ്യമില്ലാതെ വേറിട്ട കലകളാൽ സമ്പന്നമായി നിൽക്കുന്ന കാഴ്ച ഏതു യാത്രികനെയും അദ്​ഭുതപ്പെടുത്തും. ഇത്തരം കൊത്ത് പണികൾക്കൊന്നും തടികൾ ഉപയോഗിച്ചിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്.

മിറർ പാലസ്
കൊട്ടാരത്തിനുമധ്യഭാഗത്തായിട്ട് കാണുന്നതാണ് മിറർ പാലസ്. 350 വർഷത്തിലധികം പഴക്കമുള്ള ഇവിടം ഇന്ന് പണിതതുപോലെ തിളക്കമാർന്നതാണ്. സംഗീതം, നൃത്തം മറ്റ് വിനോദ പരിപാടികൾ ഇപ്പോഴും നടന്നുവരുന്നു. ഇതിന്റെ വിശാലതയും ആകർഷണവും നമ്മുടെ സങ്കൽപ്പത്തിനും കാതങ്ങൾക്കപ്പുറമാണ്​. അവിടെ നിൽക്കുമ്പോൾ ഏതെക്കെയോ കാലങ്ങൾ ചിലങ്ക കെട്ടി നർത്തനമാടുന്നപോലെ തോന്നും.

കൊട്ടാരത്തിനകത്തെ പ്രധാന മുറി

ഫൂൽ മഹൽ
1724-49 കാലഘട്ടത്തിൽ അജിത് സിങ്ങ് മഹാരാജാവിന്റെ പുത്രനായിരുന്ന അഭയ്​ സിങ്ങ് രാജാവാണ് ഈ ഹാൾ നിർമാണത്തിന് തുടക്കം കുറിച്ചത്. രജ പുത്ര- മുഗൾ വാസ്തുകലയുടെ ഒരു സമന്വയമാണ് ഫൂൽ മഹൽ. ഈ മുറിയുടെ നിർമാണവും അതിലൊരുക്കിയിരിക്കുന്ന ലോകോത്തര കലാമേൻമയും അത്ര മാത്രം അതിശയിപ്പിക്കുന്നതാണ്. മുറിയുടെ മുകൾ ഭാഗത്ത്​ വലിയ തടികൾ ഉപയോഗിച്ചിട്ടുണ്ട്. ബാക്കിയെല്ലാം മാർബിളിൽ തീര്‍ത്ത അതിശയിപ്പിക്കുന്ന കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഈ മുറിയുടെ മേൽക്കൂരയിലും ചുറ്റുവട്ടത്തിലും ഉള്ള ചിത്രപ്പണികൾ തനി സ്വർണത്തിലാണ് തീർത്തതെന്ന് കേൾക്കുമ്പോൾ അന്തംവിട്ടുപോകും. ഈ മുറിയിലെ സ്വര്‍ണ്ണപ്പണികൾക്കു മാത്രം 80 കിലോ സ്വർണം ഉപയോഗിച്ചിട്ടുണ്ടെന്നത്​ മറ്റൊരു വിസഎമയമായി. അതുകൊണ്ടാവണം കാഴ്​ചക്കാർക്കും നിയന്ത്രണങ്ങളുണ്ട്​.

സ്വര്‍ണ്ണത്തില്‍ തീർത്ത ഫുല്‍ മഹല്‍

പതിനേഴാം നൂറ്റാണ്ടിൽ തീർത്ത ഇതിന്റെ തിളക്കവും ഭംഗിയും ഇന്നും കോട്ടം തട്ടാതെ നിലനിൽക്കുന്നു. മഹാരാജാക്കന്മാർ അവരുടെ പ്രൗഢിയും അന്തസും ഉയർത്തിക്കാണിക്കാൻ ഒരുക്കിയ കലാനിപുണതയാണത്​.

കിടപ്പുമുറി
ഇതിനു മറ്റൊരു പേരു കൂടിയുണ്ട്. തക്കത്ത് വിലാസ്. എന്നാൽ, അതിനുപിന്നിൽ അതിശയിപ്പിക്കുന്ന കഥയുമുണ്ട്. കൊട്ടാരത്തിലെ മുറികളും ഹാളുകളും മനോഹരമാണെന്നു പറഞ്ഞുവല്ലോ. ഇനി കിടപ്പു മുറിയാണ്. അതിനെ വിശേഷിപ്പിക്കാൻ 'മനോഹരം' എന്ന പദമൊന്നും മതിയാവില്ല.

ചിത്രപ്പണികളാലും കൊത്തു പണികളാലും അലംകൃതമാണ് കിടപ്പുമുറി. ഹിന്ദു രാജാക്കന്മാരുടെയും ഇടക്കാലത്ത് മുസ്ലീം രാജാക്കന്മാരുടെയും സങ്കര സംസ്കാരം വളരെ കൂടുതലായി ഇതിന്റെ നിർമിതിയിൽ സ്വാധീനിചിട്ടുണ്ട്. ചുമർചിത്രങ്ങൾക്ക് അമിതമായ പ്രാധാന്യം ഇവിടെ കാണാം.

ചിത്രപ്പണികൾക്കും കൊത്തു പണികൾക്കും പുറമെ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള ഗ്ലാസുകൾ കൊണ്ട് തീർത്ത ക്രിസ്റ്റൽ ബോളുകൾ മുറിയില്‍ തൂങ്ങിക്കിടക്കുന്നുണ്ട്. അവയിൽ രാത്രികാലങ്ങളിൽ വെളിച്ചം തട്ടിയാൽ വെട്ടിത്തിളങ്ങുന്ന അത്ഭുത കാഴ്ചയുണ്ടാകും. ഒക്കെ കൂടി ഒരു റൊമാന്റിക്ക് മൂഡ്. ഈ കിടപ്പുമുറിയുടെ പിറകിലുള്ള അതിശയം തോന്നിപ്പിക്കുന്ന ചരിത്ര യാഥാർത്ഥ്യങ്ങൾ അറിയാതെ പോകരുത്.

ഫുള്‍ മഹലിന്റെ സ്വര്‍ണ്ണത്തില്‍ തിര്‍ത്ത മുകള്‍ ഭാഗം

മഹാരാജ ഉമൈസിങ്ങിനു മക്കളില്ലായിരുന്നു. എന്നാൽ, രാജഭരണം മുന്നോട്ടു കൊണ്ടുപോകാൻ ഒരു പിൻഗാമി വേണമെന്ന അതിയായ ചിന്തയിലായി മഹാരാജാവ്. ദത്തെടുക്കുവാനുള്ള നിർദേശം പല ഭാഗത്തുനിന്നും വന്നു. രാജാവ് ഒന്നും ചെവിക്കൊണ്ടില്ല. ഒടുവിൽ ദത്തെടുക്കുവാനുള്ള തീരുമാനത്തിൽ രാജാവെത്തിച്ചേര്‍ന്നു. താൽപര്യവുമായി നിരവധി കുടുംബങ്ങൾ എത്തി. എല്ലാ നിർദേശവും രാജാവ് തള്ളി. ഒടുവിൽ എട്ട് തലമുറക്ക് അപ്പുറമുള്ളതും വളരെ അകലെയുള്ളതുമായ മഹാരാജ തക്കത് സിങ്ങിനെയാണ് ദത്തെടുക്കുവാൻ തീരുമാനിച്ചത്​.

രാജാവി​​​െൻറ കിടപ്പുമുറി

തക്കത് സിങ്ങ് രാജാവിനെ കൊട്ടാരത്തിലേക്ക് ആനയിക്കണം. അത് ഒരു വിചിത്രമായ സംഭവമായി മാറി. തക്കത് സിങ്ങ് രാജാവ് കൊട്ടാരത്തിലേക്ക് നടന്നു വന്നത് അവിടെയുണ്ടായിരുന്ന 25 ഭാര്യമാരുടെ അകമ്പടിയോടെയാണ്. എല്ലാവരിലും അദുഭുതവും അതിശയവും ജനിപ്പിച്ചതായിരുന്നു ആ പ്രവേശനം.. എന്നാൽ, അവിടെ നിർത്തിയില്ല. കൊട്ടാരത്തിലെത്തിയ രാജാവ് താമസിയാതെ അവിടെ കണ്ട ആറ് സുന്ദരിമാരെ കൂടി വിവാഹം കഴിച്ചു. എന്നിട്ടും തീർന്നില്ല. കണക്കിൽ പെടാത്ത 29 സ്ത്രീകൾ വേറെയും. അങ്ങിനെ 60 സ്ത്രീകൾ കയറി ഇറങ്ങിയതാണ് കൊട്ടാരത്തിലെ രാജാവിന്റെ കിടപ്പുമുറി. ഇത് മറ്റൊരു രാജാവിനും മറ്റൊരു കൊട്ടാരത്തിനും അവകാശപ്പെടാൻ കഴിയാത്ത ലോക ​റെക്കോർഡായിരിക്കണം. തിരുവായ്ക്ക് എതിര്‍വാക്കില്ലാത്ത കാലമായതിനാൽ രാജ കല്പന തന്നെ രാജതീരുമാനം. 1843 മുതൽ 1873 വരെ തക്കത് സിങ്ങ് ഭരണം നടത്തി.

കൊറോണേഷൻ സെറിമണി ഹാൾ
(കിരീട ധാരണ ഹാള്‍)

രാജകൊട്ടാരത്തിലെ വളരെ പ്രധാനപ്പെട്ട ചടങ്ങാണ് കിരീട ധാരണം. ഈ ചടങ്ങ് നടത്താനായി മനോഹരമായി പ്രത്യേകം ഒരുക്കിവെച്ച ഹാളും ഉണ്ട്. ഇവിടെ വെച്ച് ആദ്യം നടന്ന കിരീടധാരണം 1459 ൽ റാവു ജോധയുടെതായിരുന്നു. ഏറ്റവും ഒടുവിലായി 1952ൽ ഇപ്പോഴത്തെ രാജാവിന്റെതായിരുന്നു. കേവലം നല്​ വയസു മാത്രം പ്രായമുള്ള മഹാരാജ ഹനുമാൻ സിങ്ങ്. അദ്ദേഹത്തിന്റെ അച്ഛൻ രാജാവ് ഒരു വിമാനാപകടത്തിൽ മരിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ആ ചടങ്ങിന് മന്ത്രിമാരടക്കം പങ്കെടുത്തു. 1971 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവി പഴ്​സ്​ ബില്ല് പാസാക്കിയതോടെ രാജഭരണവും രാജാവിന്റെ പദവിയും ഇന്ത്യയിൽ ഇല്ലാതായി. കൊട്ടാര വിശേഷങ്ങള്‍ ഇനിയും തീരില്ല. അത്രമാത്രം വിപുലമാണ് മെഹരാൻ ഘട്ട് ഫോര്‍ട്ട്‌.
വിപുലമായ മ്യൂസിയവും ആയുധ ശേഖരവും കൊട്ടാരത്തില്‍ ഉണ്ട്.

പ്രധാന മീറ്റിങ്​ ഹാള്‍

എല്ലാം കണ്ടും കേട്ടും മനസു നിറയെ അത്ഭുത കാഴ്ചകളുമായി ഞങ്ങൾ കൊട്ടാരത്തിനു പുറത്തിറങ്ങി. രാജാവും രാജഭരണവും സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന നമുക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. രാജാക്കന്മാർ അവരുടെ സുഖ സൗകര്യങ്ങൾ എത്രമാത്രം വർദ്ധിപ്പിക്കുവാൻ കഴിയുമോ എന്നു മാത്രമാണ് ചിന്തിച്ചിരുന്നത്. കൊട്ടാരങ്ങളും ആഡംബരങ്ങളും കൊത്തുവേലകളും ചെയ്യാൻ നിരപരാധികളായ കലാകാരന്മാരെ അടിമകളാക്കി പണിയെടുപ്പിക്കുന്നതും അവരുടെ വിനോദമായിരുന്നു. ആ കാലത്തി​​​െൻറ സാക്ഷ്യമായി ഇൗ സ്​മാരകങ്ങൾ നിലനിൽക്കുക തന്നെ വേണം.

യാത്രികര്‍ മേഹരാന്‍ഘട്ട് ഫോര്‍ട്ടില്‍

(അവസാനിച്ചു...)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.