കാടറിഞ്ഞ്​, മല കയറി​ അഗസ്​ത്യമുനിയുടെ സന്നിധിയിൽ

കേരളവും തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന അഗസ്ത്യാർകൂടം മലകളിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത് ബോണക്കാട് ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ്. സമുദ്രനിരപ്പിൽനിന്നും 6129 അടി ഉയരത്തിലുള്ള അഗസ്ത്യമുനിയുടെ പ്രതിഷ്ഠയാണ് ഇവിടത്തെ വലിയ പ്രത്യേകത. ഇൗ മല കയറിവർക്ക് ഒരിക്കലും ഇവിടത്തെ അനുഭവങ്ങൾ മറക്കാൻ സാധിക്കില്ല.

ഇങ്ങോട്ട്​ എത്തണമെങ്കിൽ ആദ്യം​ കേരള സർക്കാറി​െൻറ രജിസ്ട്രേഷൻ വഴിയുള്ള അനുമതി ലഭിക്കണം. ഒരു വർഷത്തിൽ ആകെ 4000 പേർക്കെ അനുമതി കൊടുക്കാറുള്ളൂ. ഇവിടേക്ക് കയറാൻ ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല, കുറച്ചു ഭാഗ്യം കൂടെ വേണം എന്ന് സാരം.


രാവിലെ ഏഴ് മണിക്ക് ബോണക്കാട് ഫോറസ്റ്റ് റേഞ്ച് ഒാഫിസിൽ റിപ്പോർട്ട് ചെയ്യണം എന്ന് പറയുമെങ്കിലും തമ്പാനൂരിൽ നിന്നുള്ള ബസ് രാവിലെ 7.30നാണ് ഇവിടെ എത്തുക. ഫോറസ്റ്റ് ഓഫിസിലേക്ക് ബസ്റ്റോപ്പിൽനിന്നും രണ്ട് കിലോമീറ്റർ ദൂരം നടക്കാനുണ്ട്. പോകുന്ന വഴികളിൽ അവിടെ ജോലിചെയ്യുന്നവരെയും അവർ പോറ്റിവളർത്തുന്ന ഒാമന മൃഗങ്ങളെയുമെല്ലാം കാണാം. ഞങ്ങൾ നടന്ന് നടന്ന് അവിടെ എത്തിയപ്പോഴേക്കും എട്ട് മണിയായി.

എല്ലാവരും ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കി ഞങ്ങളും ഭക്ഷണം കഴിച്ചു. മാത്രമല്ല, ഇനി യാത്ര ഉൾക്കാടുകളിലൂടെയായതിനാൽ ഉച്ചഭക്ഷണവും അവിടെനിന്ന് വാങ്ങി. കാടി​െൻറ ഉള്ളിലേക്ക് കയറിയാൽ പിന്നെ കാട്ടരുവികളിൽ നിന്നുള്ള നീരുറവകൾ അല്ലാതെ വേറൊന്നും തന്നെ നമുക്ക് കിട്ടുകയുമില്ല. എല്ലാം വാങ്ങി കഴിഞ്ഞപ്പോഴേക്കും പോകാനുള്ള സമയമായിരുന്നു.


അവിടുന്ന് നമ്മളെ വിടുന്നതി​െൻറ മുന്നേ ബാഗെല്ലാം അവർ പരിശോധിച്ചു. പ്ലാസ്റ്റിക് സാധനങ്ങൾ ഉണ്ടോ എന്നറിയാൻ വേണ്ടിയാണിത്. എന്തായാലും അത് നല്ലൊരു കാര്യമായിട്ട് തോന്നി. വന്നുപോകുന്നവർ കാടിനെ നശിപ്പിക്കല്ലേ എന്നൊരു അഭ്യർത്ഥനയാണത്.

ഇനി അഥവാ പ്ലാസ്റ്റിക് സാധനങ്ങൾ എന്തെങ്കിലും കൈയിൽ ഉണ്ടെങ്കിൽ 100 രൂപ അവിടെ അടച്ചാൽ കൊണ്ടുപോകാം. നമ്മൾ കൊണ്ടുപോയ അത്രയും പ്ലാസ്റ്റിക് സാധനങ്ങൾ തിരിച്ചുകൊണ്ടുവന്ന് കാണിച്ചുകൊടുത്താൽ ആ പൈസ തിരിച്ചുകിട്ടും. ഞങ്ങൾ പോകുന്ന ഗ്രൂപ്പിൽ 100 പേരുണ്ടായിരുന്നു. ഒരു ദിവസം പരമാവധി കടത്തിവിടുന്ന ആളുകളുടെ എണ്ണമാണത്. ഇതിൽ എനിക്ക് പരിചയമുള്ളത് ആകെ രണ്ടുപേരെയാണ്​. ജയേഷ്​ ഏട്ടനെയും ഫേസ്ബുക് വഴി പരിചയപ്പെടാൻ ഇടയായ അഞ്ജു എന്ന ഇടുക്കിക്കാരിയും.


9.30 ആയതോടെ ഞങ്ങൾ കാടി​െൻറ വന്യതയിലൂടെ ഗൈഡിെൻറ കൂടെ യാത്ര ആരംഭിച്ചു. പോകുന്ന വഴികളിലെല്ലാം പച്ചപ്പിെൻറ മനോഹാരിത നിറഞ്ഞുനിൽക്കുന്നു. ആദ്യത്തെ രണ്ട് കിലോമീറ്റർ ദൂരം മുഴുവനും വഴിയരികിലെ ചെടികൾ വെട്ടി വൃത്തിയാക്കി വെച്ചിട്ടുണ്ട്. നടക്കാനുള്ള സൗകര്യത്തിന് ചെയ്തതാണ്. എന്നാലും അത് വേണ്ടായിരുന്നുവെന്ന് മനസ്സിൽ തോന്നിപ്പോയി.

അതിരുമലയാണ് അഗസ്ത്യാർകൂടം ട്രെക്കിങ്ങിെൻറ ബേസ് ക്യാമ്പ്. അവിടെ എത്തുന്നതിന് മുന്നേ നാല് സ്ഥലത്താണ് ഫോറസ്റ്റ് ഗാർഡുമാർ അവർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലാത്തിമോട്ട, കരമനയാർ, വാഴപ്പീണ്ടി, അട്ടയാർ എന്നിവയാണവ. ലാത്തിമൊട്ട, അട്ടയാർ എന്നിവിടങ്ങളിലേക്കുള്ള വഴിയിൽ വലിയ കയറ്റങ്ങളൊന്നുമില്ല.


അട്ടയാർ തൊട്ട് പിന്നീടങ്ങോട്ട് അത്യാവശ്യം കയറ്റങ്ങളൊക്കെ വന്നുതുടങ്ങി. നടന്ന് ക്ഷീണിച്ച് തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് 1.30 ആയപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി വഴിയോരത്തെ വെള്ളച്ചാട്ടത്തിെൻറ അടുത്തിരുന്നു. താഴെനിന്നും വാങ്ങിയ പൊതി മെല്ലെ തുറന്നു. അതിലെ വിഭവങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സുനിറഞ്ഞു.

ചോറും കറിയും ഉപ്പേരിയും അച്ചാറും എന്ന് തുടങ്ങി ഒരു ചെറിയ സദ്യ എന്നുതന്നെ പറയാൻ കഴിയും. നല്ല അടിപൊളി ഭക്ഷണമായിരുന്നുവത്. ഒപ്പം വെള്ളച്ചാട്ടവും കാടുമൊരുക്കുന്ന കാഴ്ചകൾ കൂടി വന്നതോടെ ആസ്വാദനം പരകോടിയായി ഉയർന്നു.


വീണ്ടും നടത്തം തന്നെ. അതുവരെ ഓരോ രണ്ട് കിലോമീറ്ററിനും ഒരു മണിക്കൂർ സമയം എന്ന നിലക്കാണ് ഞങ്ങൾ നടന്നത്. എന്നാൽ, അവസാനത്തെ 4.4 കിലോമീറ്ററിന് ഏകദേശം 3.30 മണിക്കൂർ വേണ്ടി വന്നു. വഴിയിലെല്ലാം കുത്തനെയുള്ള കയറ്റങ്ങളാണ്. ആ വഴികൾ വളരെ ദൈർഘ്യമേറിയതുപോലെ അനുഭവപ്പെട്ടു.

അവസാനം നാല് മണിയായപ്പോൾ ഞങ്ങൾ അതിരുമല ബേസ് ക്യാമ്പ് എന്ന ബോർഡ് കണ്ടു. അതോടെ മനസ്സിൽ വീണ്ടും സന്തോഷം നിറഞ്ഞു. ആ സൈൻ ബോർഡിന് താഴെ ഒരു പ്രതിഷ്ഠയുണ്ട്. ഇൗ വനത്തിനകത്ത് താമസിക്കുന്നവരെല്ലാം നല്ല ഭക്തിയുള്ള ആൾക്കാരാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. പോകുന്ന വഴിയിലെ മരങ്ങളുടെ അടിയിലെല്ലാം ഓരോരോ പ്രതിഷ്ഠ സ്ഥാപിച്ചതായി കാണാം.


ബേസ് ക്യാമ്പിൽ എത്തുേമ്പാൾ ആളുകൾ നിറഞ്ഞിട്ടുണ്ട്. അവരുടെ കൂടെ ഞങ്ങളും കൂടി. ആണുങ്ങൾക്ക് രണ്ട്​ ഹാൾ ആണ് നൽകിയത്. സ്​ത്രീകൾ പൊതുവേ ഇങ്ങോട്ടുള്ള യാത്ര കുറവായതുകൊണ്ട് അവരെ അവിടുത്തെ ലേഡി ഗാർഡുമാരുടെ കൂടെ കിടത്താറാണ് പതിവ്.

കയറി ചെല്ലുന്നിടത്തുനിന്ന് നമ്മൾ രജിസ്ട്രേഷൻ നടത്തിയ ഫോം കാണിച്ചു കൊടുത്താൽ അവർ ഒരു പായ തരും. രണ്ടുപേർക്ക് ഒരു പായ എന്ന കണക്കിലാണ് തരുന്നത്. അതും വാങ്ങി എവിടെയെങ്കിലും സ്ഥലം ഉണ്ടോ എന്ന് തിരഞ്ഞുനടന്നു. അവസാനം ഒരു മൂല ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ സാധനങ്ങൾ എല്ലാം എടുത്തുവെച്ചു.


പുറത്തിറങ്ങിയപ്പോൾ ഗൈഡ്മാർ തലേന്ന് പോയവർക്കൊന്നും അഗസ്ത്യമലയുടെ മുകളിൽ കയറാൻ കഴിഞ്ഞില്ലെന്ന് പറയുന്നത് കേട്ടതോടെ അൽപ്പം നിരാശ തോന്നി. കനത്ത മഴയും കാറ്റുമാണ് അവരുടെ മുന്നിൽ വില്ലനായത്. അന്നും നല്ല മഴക്കാറുണ്ട്. നാളെയാകുേമ്പാഴേക്കും എല്ലാം റെഡിയാകുമെന്ന് പ്രതീക്ഷയോടെ അവിടെയൊന്ന് ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു.

ഇതിനിടയിൽ ഫോൺ എടുത്തുനോക്കിയപ്പോൾ ഒരു തുള്ളി സിഗ്നൽ കിട്ടാനില്ല. ഏതെങ്കിലും ഒരു മൂലയിൽ ഒക്കെ ഒന്ന് വന്നുപോയാൽ ആയി. അവിടുന്ന് മുകളിലേക്ക് അതുപോലും കിട്ടില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി. കുറച്ചുനേരം അതിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നശേഷം ഭക്ഷണം കഴിക്കാൻ തിരിച്ചെത്തി.


ഭക്ഷണത്തിനൊക്കെ നല്ല വിലയാണ്. പക്ഷെ, അവശ്യവസ്തുക്കൾ അവിടെ എത്തിക്കാൻ അവർ പെടുന്ന പാട് കാണുമ്പോൾ ആ തുക ഒരു വിഷയമായി നമുക്ക് തോന്നില്ല. രാത്രി കഞ്ഞിയായിരുന്നു ഭക്ഷണം. വിശപ്പു കാരണം കഞ്ഞി ഏറെ കുടിച്ചു.

ബേസ് ക്യാമ്പിന് ചുറ്റും കട്ട തണുപ്പ് വന്ന് പൊതിയുന്നുണ്ട്. 12 മണിയായപ്പോഴേക്കും കോരിച്ചൊരിയുന്ന മഴയുമെത്തി. ആ മഴ പെയ്തത് നന്നായി എന്ന് തോന്നിയത് രാവിലെ എഴുന്നേറ്റപ്പോൾ ആയിരുന്നു. തലേന്ന് കണ്ട മഴക്കാറൊന്നും ഇപ്പോൾ കാണാനില്ല.


പുറത്തുവന്ന് നോക്കിയപ്പോൾ ആദ്യം തന്നെ കണ്ടത് അഗസ്ത്യമല തലയുയർത്തി നിൽക്കുന്നതാണ്. രാവിലത്തെ ചായക്ക് ഉപ്പുമാവായിരുന്നു. കുറെ ആളുകൾ അവിടെയിരുന്ന് അത് കഴിക്കുന്നുണ്ട്​. എന്നാൽ, അഗസ്ത്യമുനിയെ കാണാനുള്ള തിടുക്കം കാരണം ഞങ്ങളത്​ വാങ്ങി നടക്കാൻ തുടങ്ങി.

ഇന്നലെ വന്നതിനേക്കൾ കൂടുതൽ ഇടതൂർന്ന കാട്ടിലൂടെയാണ് വഴി. പോകുന്നയിടത്തെല്ലാം പാറകളും മരങ്ങളുമാണ്. പിന്നെ ഇഴജന്തുക്കളും ഇടക്കിടക്ക് കൺമുന്നിലെത്തുന്നു. അധികം മൃഗശല്യമൊന്നും ഇല്ലാത്ത സ്ഥലമാണ് ഇവിടം. എന്നാലും പക്ഷികളുടെ കളകള നാദം കാതിൽ എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.


കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എല്ലാ സ്ഥലത്തും ബോൺസായ് മരങ്ങൾ കാണാൻ സാധിച്ചു. അവിടെ ആഞ്ഞുവീശുന്ന കാറ്റിെൻറ ശക്തിയായിരിക്കും മരങ്ങൾ ഇൗ രീതിയിലാകാൻ കാരണം.മല കയറി ഏകദേശം മുകളിൽ എത്താറായപ്പോൾ രണ്ട് വലിയ പാറകൾ കണ്ടു. അതിൽ കയറാനായി കയറുണ്ട്. അതിൽ പിടിച്ച് വലിഞ്ഞുകയറി മുകളിൽ എത്തിയപ്പോഴാണ് മനസ്സിലായത് ഇനിയും പോകാനുണ്ടെന്ന്.

അവിടന്ന് പിന്നെയും ഒരു 15 മിനിറ്റ് നടക്കണം. എന്തായാലും ഇത്രയുമായി, ഇനി ബാക്കി കൂടെ നടക്കാം എന്ന് ഉറപ്പിച്ച് ഞങ്ങൾ നടന്നു. അവസാനമായി ഒരു പാറ കൂടെ കയറാനുണ്ടായിരുന്നു. അതും വലിഞ്ഞു കയറി ഞങ്ങൾ ഏറ്റവും മുകളിൽ എത്തിയപ്പോൾ വേറേതോ ലോകത്ത് എത്തിയ ഫീൽ ആയിരുന്നു.


ജീവിതത്തിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത അനുഭവങ്ങളാണ് അവിടം ഞങ്ങൾക്ക് സമ്മാനിച്ചത്. മാനംമുെട്ട ഗിരിശൃംഗങ്ങൾ തലയുയർത്തി നിൽക്കുന്നു. പഞ്ഞിക്കെട്ട് പോലെ പാറിനടക്കുന്ന മേഘങ്ങൾ ഞങ്ങളെ തലോടിപ്പോകുന്നു. വീശിയടിക്കുന്ന കാറ്റ് ശരീരവും മനസ്സുമെല്ലാം കുളിരണയിക്കുന്നു.

അവിടെ അഗസ്ത്യമുനിയുടെ ഒരു പ്രതിഷ്ഠയുണ്ട്. അഗസ്ത്യമുനിയെ ആരാധിക്കാൻ നിരവധി ഭക്തരാണ് ഇവിടെ എത്താറ്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. ഇൗ പൂർണ്ണകായ പ്രതിമയിൽ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്.


മലമുകളിൽനിന്ന് നോക്കിയാൽ തിരുവനന്തപുരം ജില്ലയുടെ ഒരുവിധം ഭാഗങ്ങളെല്ലാം കാണാം. പോരാത്തതിന് തമിഴ്നാടും മലകൾക്കിടയിലൂടെ എത്തിനോക്കുന്നു.

തിരുവനന്തപുരത്തെ പീച്ചിപ്പാറ ഡാം, നെയ്യാർ ഡാം, വിധുരയിലെ െഎ.െഎ.എസ്.ഇ.ആർ, തമിഴ്നാടിെൻറ പേപ്പാറ ഡാം എന്നിവയെല്ലാമാണ് പ്രധാനമായും കാണാൻ സാധിക്കുന്നത്. ഇതെല്ലാം ഓരോന്നോരോന്നായി ഞങ്ങൾക്ക് ഗൈഡുമാർ കാണിച്ചുതന്നു.


തിരുവനന്തപുരത്തെ ഒരു മിനി ശബരിമല തന്നെ ആയിരുന്നു അഗസ്ത്യാർകൂടമെന്ന്​ അവർ പറഞ്ഞു. ഇവിടേക്കും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമായിരുന്നു.

ഈ അടുത്താണ് സ്ത്രീകളെ കയറ്റാൻ അനുമതി ലഭിച്ചത്. അതേസമയം, മുകളിൽ എത്തുന്ന സ്ത്രീകൾ വളരെ കുറവാണ്. അതികഠിനമായ ട്രെക്ക് എന്നുതന്നെ പറയാൻ പറ്റുന്നതിനാൽ പലരും പകുതി വഴിയിൽവെച്ച്​ നിർത്തി തിരിച്ചിറങ്ങാറാണ് പതിവ്.


ഈ സംസാരത്തിനിടയിൽ സമീപത്തായി അഞ്ച് തലയുള്ള ഒരു മല കണ്ടു. അതിനെ കുറിച്ചു അന്വേഷിച്ചപ്പോൾ അതി​െൻറ പേര് ഗൈഡിനും അറിയില്ലായിരുന്നു. എന്തായാലും അതിനെ ഞങ്ങൾ പാഞ്ചാലി മലയെന്ന് വിളിച്ചു. അതുകൂടി കയറണമെന്ന് അതിയായ മോഹം ഉള്ളിലുദിച്ചെങ്കിലും അസാധ്യമായിരുന്നുവത്​. എല്ലാ കാഴ്ചകളും കണ്ടുകഴിഞ്ഞശേഷം കാറ്റും കൊണ്ട് ആ മലമുകളിൽ ഒരു കിടപ്പായിരുന്നു. മനസ്സിലെ എല്ലാം ഭാരങ്ങളും ഇറക്കിവെച്ചുള്ള കിടപ്പ്. അതിനിടയിൽ മധുസൂദനൻ നായരുടെ

"രാമ രഘുരാമ നാമിനിയും നടക്കാം

രാവിന്നു മുേമ്പ കനൽക്കാട് താണ്ടാം

നോവിെൻറ ശൂല മുന മുകളിൽ കരേറാം

നാരായ ബിന്ധുവിലഗസ്ത്യനെ കാണാം"

എന്ന് തുടങ്ങുന്ന കവിത ഞങ്ങളുടെ കാതിലേക്ക് ഇരച്ചുകയറി. ഞങ്ങളുടെ കൂടെ വന്നവർ ബ്ലൂടൂത്ത് സ്‌പീക്കറിൽ നല്ല ശബ്ദത്തിൽ വെച്ചിരിക്കുകയാണ്. ഇതും കേട്ട് ഞങ്ങളവിടെ കിടന്നു.


12 മണിയായപ്പോൾ അവിടെനിന്നും ഇറങ്ങാൻ ഗൈഡ് വന്നു പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ ഇറങ്ങിത്തുടങ്ങി. കയറിയത്ര ബുദ്ധിമുട്ടില്ലായിരുന്നു ഇറങ്ങാൻ. 3.30 ആയപ്പോൾ ബേസ് ക്യാമ്പിലെത്തി.

മൂന്ന്​ മണി വരയെ ആളുകളെ താഴേക്ക് കടത്തി വിടുകയുള്ളൂ എന്ന് ഗാർഡ് പറഞ്ഞു. 30 മിനിറ്റ് വൈകിയതിനാൽ അന്നത്തെ തിരിച്ചുപോക്ക് ഞങ്ങൾക്ക് നടപടിയായില്ല. അതുകൊണ്ട് അന്നത്തെ ദിവസം കൂടെ അവിടെ കഴിച്ചുകൂട്ടേണ്ടിവന്നു.


ആ രാത്രിയിൽ അതുവരെ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ആളുകളുണ്ടായിരുന്നു. എല്ലാവരും ചേർന്നൊരു ആഘോഷരാവായി മാറിയത്. അഗസ്ത്യമലയുടെ താഴ്വരയിൽ ഉറങ്ങാതെ ആ രാത്രി ഞങ്ങൾ വെളുപ്പിച്ചു.

കഴിഞ്ഞദിവസത്തെ അത്ര തണുപ്പും അന്നില്ലായിരുന്നു. ബേസ് ക്യാമ്പിലെ ആഹ്ലാദങ്ങളും അഗസ്ത്യാർകൂടം മലകൾ സമ്മാനിച്ച അനുഭവങ്ങളുമായി പിറ്റേന്ന് രാവിലെതന്നെ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.



Tags:    
News Summary - travel to Agasthyakoodam Peak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT