വെട്ടിയൊതുക്കിയ തേയിലത്തോട്ടങ്ങൾക്ക്​ നടുവിലെ ജലാശയം ​ആരെയും കൊതിപ്പിക്കും

ചിന്നക്കനാലിലെ സർപ്രൈസ്​ ഗിഫ്​റ്റ്​

വളരെ നാളുകളായി പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് മൂന്നാർ. അങ്ങോ​ട്ടേക്ക്​ ഹണിമൂൺ യാത്ര പ്ലാൻ ചെയ്തിരുന്നെങ്കിലും ചില കാരണങ്ങളാൽ നടന്നില്ല. അന്നുമുതൽ എപ്പോഴെങ്കിലും പോകാൻ തയാറാക്കിവെച്ച സ്​ഥലങ്ങളുടെ പട്ടികയിൽ ഇടുക്കിയിലെ സ്വർഗവും ഇടംപിടിച്ചിരുന്നു.

പ്രിയപത്നി ബിൻജോയാണ് സഹയാത്രിക. കാറിൽ പോകാനാണ്​ ആദ്യം പ്ലാൻ ചെയ്​തത്​. എന്നാൽ യാത്ര ബസിലാകാം എന്ന തീരുമാനത്തിലെത്തി. രാവിലെ കോട്ടയത്തുനിന്ന്​ മൂന്നാറിലേക്ക് ബസുണ്ട്. ആറ്​ മണിക്കൂർ കൊണ്ട് അവിടെയെത്തും. ജനുവരിയായതിനാൽ അത്യാവശ്യം നല്ല തണുപ്പുണ്ടാകും. അതുകൊണ്ട്​ മകൾ അമേയയെ ഈ യാത്രയിൽനിന്ന്​ ഒഴിവാക്കി.

ബസിൻെറ ആ കൊച്ചു കിളിവാതിലിലൂടെ വലിയ കാഴ്​ചകളുടെ പെരുന്നാൾ വസന്തമായിരുന്നു

ബസ്​ ഞങ്ങളെയും കൊണ്ട് ഇടുക്കിയിലെ ചുരങ്ങൾ കയറാൻ തുടങ്ങി. കോടമഞ്ഞ്​ പുതച്ച താഴ്​വാരങ്ങൾ. പച്ചപ്പരവതാനി വിരിച്ച തേയിലത്തോട്ടങ്ങൾ. മേഘക്കീറുകളെ തുളച്ചുകയറുന്ന മലനിരകൾ. പിന്നെ കൂട്ടിന്​ കുളിരേകുന്ന കാറ്റും. ബസി​െൻറ ആ കൊച്ചു കിളിവാതിലിലൂടെ വലിയ കാഴ്​ചകളുടെ പെരുന്നാൾ വസന്തം. ​ഉച്ചകഴിഞ്ഞ് രണ്ടു മണിയായപ്പോൾ മൂന്നാറിൽ എത്തിച്ചേർന്നു.

ശാന്തസുന്ദരവും പ്രകൃതിരമണീയവും പച്ചപുതച്ച കുന്നിൻചെരിവുകളും ഇടതൂർന്ന മഴക്കാടുകളും കൊണ്ട് പ്രകൃതിയുടെ വരദാനമായ നാട്​ ഞങ്ങൾക്ക്​ സ്വാഗതമേകി. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രകൃതിസ്നേഹികളും ഉല്ലാസയാത്രക്കാരും ഹണിമൂൺ ജോഡികളും അവിടെയുണ്ട്​.

നിശ്ശബ്​ദ സുന്ദരമായ സ്ഥലത്താണ് റിസോർട്ട്

തേയിലത്തോട്ടങ്ങൾക്ക്​ നടുവിലെ ജലാശയം

ടൗണിൽനിന്ന്​ 22 കിലോമീറ്റർ അകലെയുള്ള ചിന്നക്കനാലിലെ റിസോർട്ടിലാണ്​ താമസം​. മൂന്നാറിൽനിന്ന്​ ജീപ്പിലായിരുന്നു അങ്ങോ​േട്ടക്ക്​ യാത്ര. നിശ്ശബ്​ദ സുന്ദരമായ സ്ഥലത്താണ് റിസോർട്ട്. ഹണിമൂൺ കോട്ടേജായിരുന്നു ബുക്ക് ചെയ്തത്. ഞങ്ങളുടെ ആവശ്യപ്രകാരം മാനേജർ ഒരു കാർ തയാറാക്കിത്തന്നു. ആദ്യയാത്ര അതിമനോഹരമായ ആനയിറങ്കൽ ഡാമിലേക്കാണ്​.

സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു സ്ഥലമാണ് ആനയിറങ്കൽ ഡാം. വെട്ടിയൊതുക്കിയ തേയിലത്തോട്ടങ്ങൾക്ക്​ നടുവിലെ ജലാശയം. സഞ്ചാരികൾക്ക് മറക്കാനാവാത്ത ഓർമകളാണ് ആനയിറങ്കൽ ഡാം സമ്മാനിക്കുക. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ച്​ വരെ ഇവിടെ ബോട്ടിങ്ങുണ്ട്​. സമയം കഴിഞ്ഞതിനാൽ ഞങ്ങൾക്ക്​ ബോട്ടിങ്ങിന്​ സാധിച്ചില്ല. അവിടത്തെ മനോഹരമായ കാഴ്ചകൾ കണ്ട്​, അതെല്ലാം കാമറയിൽ ഒപ്പിയെടുത്ത്​ അടുത്ത സ്ഥലത്തേക്ക് യാത്രയായി.

സഞ്ചാരികൾക്ക് മറക്കാനാവാത്ത ഓർമകളാണ് ആനയിറങ്കൽ ഡാം സമ്മാനിക്കുക

മൂന്നാറിലെ പ്രസിദ്ധമായ സ്പൈസ് ഗാർഡനിലേക്കാണ്​ എത്തിയത്​. വളരെയധികം കൗതുകം തോന്നിയ കാഴ്ചകളായിരുന്നു അവിടെ. നമ്മൾ വലിയ വിലകൊടുത്ത് വാങ്ങുന്ന ഓരോ സാധനങ്ങളും പ്രകൃതിദത്തമായ രീതിയിൽ കൃഷി ചെയ്തെടുക്കുന്നു. തേയില, കാപ്പി, മഞ്ഞൾ, മുളക്, ഇഞ്ചി, കറുവപ്പട്ട, കുരുമുളക്, ഏലം എന്നിങ്ങനെ പലവിധ കൃഷികളാണ് അവിടെയുള്ളത്. ഒാരോ ഉൽപ്പന്നങ്ങളെക്കുറിച്ചും കൃഷി ചെയ്യുന്ന രീതികളും വിശദീകരിച്ചു തരാൻ ആളുണ്ട്​. കാഴ്ചകൾ കണ്ടുമടങ്ങുമ്പോൾ ഇൗ ഉൽപ്പന്നങ്ങൾ വാങ്ങാനും സൗകര്യമുണ്ടായിരുന്നു. സമയം ഏറെ വൈകിയിട്ടുണ്ട്​. ആദ്യദിവസത്തെ കാഴ്ചകൾ മതിയാക്കി റിസോർട്ടിലേക്ക് മടങ്ങി.

മുരുക​െൻറ ജീപ്പിൽ കൊളുക്കുമലയിലേക്ക്​

മൂന്നാറിലെ രണ്ടാം ദിനമെത്തി. കുളിരേറ്റുറങ്ങുന്ന തേയിലക്കാടുകളെ ഉണർത്തി അതിരാവിലെ തന്നെ സൂര്യപ്രകാശം പരന്നിട്ടുണ്ട്​. ഇന്നത്തെ യാത്ര കൊളുക്കുമലയിലേക്കാണ്. മൂന്നാറിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കൊളുക്കുമല. കേരള-തമിഴ്നാട് അതിർത്തിയിലാണ്​ ഇൗ പ്രദേശം. ജീപ്പിൽ മാത്രമേ കൊളുക്കുമല യാത്ര സാധ്യമാകൂ. അതിരാവിലെ 3.30 മുതൽ കൊളുക്കുമലയിലേക്ക് ജീപ്പ് സർവിസ് തുടങ്ങും.

ജീപ്പിൽ മാത്രമേ കൊളുക്കുമല യാത്ര സാധ്യമാകൂ

റിസോർട്ടിലെ മാനേജർ തന്നെയാണ്​ ഞങ്ങൾക്ക്​ പോകാനുള്ള ജീപ്പ്​ ഒരുക്കിത്തന്നത്​. പ്രഭാതഭക്ഷണശേഷം പുറത്തുവന്നപ്പോൾ ഞങ്ങളെ കാത്ത്​ ജീപ്പ് നിൽപ്പുണ്ട്​. മുരുകൻ എന്നയാളാണ്​ ഡ്രൈവർ. സമയം കളയാതെ ജീപ്പിൽ കയറി. കുറച്ചുദൂരം പോയപ്പോൾ ഒരു കടയുടെ മുന്നിൽ നിർത്തി. 'സാർ, കൊളുക്കുമലയിൽ കടകൾ ഒന്നുംതന്നെയില്ല, വെള്ളമോ മറ്റെന്തെങ്കിലും വേണമെങ്കിൽ ഇവിടെനിന്നും വാങ്ങിക്കോളൂ' -മുരുകൻ പറഞ്ഞു. ജീപ്പിൽനിന്നിറങ്ങി ഒരു കുപ്പി വെള്ളവും കുറച്ച് സ്​നാക്​സും വാങ്ങി.

ചിന്നക്കനാലിൽനിന്ന്​ കൊളുക്കുമലയിലേക്ക് 20 കിലോമീറ്ററുണ്ട്. ജീപ്പിൽ അവിടെ എത്താൻ രണ്ട്​ മണിക്കൂറിൽ കൂടുതൽ എടുക്കും. അത്രയും ദുർഘടം പിടിച്ച വഴികളാണ്​ മുന്നിലുള്ളത്​. യാത്ര ദുഷ്​കരമെങ്കിലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ വഴിയാണ് മലമുകളിലേക്ക് കയറുന്നത്. ശരിക്കും പറഞ്ഞാൽ റോഡില്ല. വഴിയിൽ മുഴുവനും ഉരുളൻ കല്ലുകളാണ്.

തേയിലത്തോട്ടങ്ങൾ വഴിയാണ് മലമുകളിലേക്ക് കയറുന്നത്

ഒരു ജീപ്പിനു മാത്രം പോകാനുള്ള വഴി. വേറൊരു ജീപ്പ് വന്നാൽ പാതയോരത്തേക്ക്​ മാറ്റികൊടുക്കണം. പോകുന്ന വഴിയിൽ മുരുകൻ ഇടക്ക്​ ജീപ്പിൽ നിന്നിറങ്ങി റോഡിലെ ഉരുളൻകല്ലുകൾ എടുത്തുമാറ്റുന്നു​. ഇതുപോലെയുള്ള ഓഫ് റോഡിൽകൂടി ഡ്രൈവ് ചെയ്യണമെങ്കിൽ അയാൾ ഒരു മികച്ച ഡ്രൈവർ തന്നെയായിരിക്കണം.

കുലുങ്ങികുലുങ്ങിയുള്ള യാത്ര ഒരു മണിക്കൂർ പിന്നിട്ടു. ഞങ്ങൾ രണ്ടുപേരും ക്ഷീണിതരാണെന്ന് മുരുകന് മനസ്സിലായി. പോകുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടത്തിന് അടുത്തായി ജീപ്പ് നിർത്തിയിട്ട് പറഞ്ഞു, സാർ ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലമാണിതെന്ന്​. ജീപ്പിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിനടുത്തെത്തി. മലഞ്ചെരുവിലൂടെ തണുത്തവെള്ളം ധാരയായി താഴേക്ക്​ പതിക്കുന്നു. ആ കാഴ്​ചയും കണ്ട്​ അൽപ്പനേരം വിശ്രമിച്ചു.

ഒരു ജീപ്പിനു മാത്രം പോകാനുള്ള വഴിയാണുള്ളത്​

ഫോട്ടോയെല്ലാം എടുത്തശേഷം ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. ഇനി കുത്തനെയുള്ള കുന്നിലേക്കാണ് ജീപ്പ് കയറാൻ പോകുന്നത്. ആ കയറ്റം വരെ നടക്കാനായിരുന്നു പദ്ധതി. കയറ്റം കയറിയപ്പോഴേക്കും ഞങ്ങൾ വീണ്ടും അവശരായി. അപ്പോഴേക്കും മുരുകൻ ദൈവദൂതനപ്പോലെ ജീപ്പുമായി എത്തിക്കഴിഞ്ഞിരുന്നു.

​ഉയരം കൂടുംതോറും രുചിയും കൂടും

സമുദ്രനിരപ്പിൽനിന്ന്​ 7130 അടി മുകളിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ഓരോ നോട്ടത്തിലും വിസ്മയങ്ങൾ നിറച്ച് മേഘങ്ങളുടെ താഴ്‌വാരമായ കൊളുക്കുമല സഞ്ചാരികളെ സദാ വിസ്മയിപ്പിച്ച്​ കൊണ്ടേയിരിക്കുന്നു. വീണ്ടും യാത്ര തുടർന്ന്​ കൊളുക്കുമല ടീ ഫാക്ടറിയിൽ എത്തിച്ചേർന്നു. ടീ ഫാക്ടറി തമിഴ്നാട്​ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ടീ ഫാക്ടറിയാണിത്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ടീ ഫാക്ടറിയാണ്​ കൊളുക്കുമലയിലേത്​

1900കളുടെ തുടക്കത്തിൽ ഒരു സ്കോട്ടിഷ് തോട്ടക്കാരനാണ് കൊളുക്കുമല ടീ എസ്​റ്റേറ്റ് ആരംഭിച്ചത്. കൊളോണിയൽ തോട്ടക്കാർ പോയശേഷം ഇവിടെ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ആധുനിക യന്ത്രങ്ങളോ കമ്പ്യൂട്ടറൈസ്ഡ് സംവിധാനങ്ങളൊന്നും അവിടെ കാണാൻ കഴിഞ്ഞില്ല. പഴയ യന്ത്രങ്ങൾ പലതും അഭിമാനത്തോടെ തങ്ങളുടെ ഇംഗ്ലീഷ് നിർമാതാക്കളുടെ ലേബലുകളും 1940ലെ പഴക്കമുള്ള ടൈം സ്​റ്റാമ്പുകളും പ്രദർശിപ്പിക്കുന്നു.

പരമ്പരാഗത വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ തേയില ഉണ്ടാക്കുന്നത്. 1930ൽ ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്ത തേയില ഉൽപ്പാദന രീതി ഇപ്പോഴും ഒരു മാറ്റവും കൂടാതെ തുടരുന്നു. കൊളുക്കുമലയുടെ ചരിവുകളിൽ വളരുന്ന ചായ സവിശേഷവും രുചികരവും സുഗന്ധവുമുള്ളതാണ്. ഗുണനിലവാരം മെച്ചപ്പെടുന്നു എന്നതാണ് ഇവിടുത്തെ ചായയുടെ സവിശേഷത. ടീ ഫാക്ടറിയിൽനിന്ന് തിരിച്ചിറങ്ങു​േമ്പാൾ കൈകൾ നിറയെ ചായപ്പൊടി പാക്കറ്റുകളായിരുന്നു.

കൊളുക്കുമലയുടെ ചരിവുകളിൽ വളരുന്ന ചായ സവിശേഷവും രുചികരവും സുഗന്ധവുമുള്ളതാണ്

ടീ ഫാക്ടറിക്കരികിലെ തേയിലത്തോട്ടത്തിലൂടെ സ്ത്രീകൾ തേയില നിറച്ച കൊട്ടകൾ ചുമന്ന് പരസ്പരം കുശലം പറഞ്ഞുകൊണ്ട് പോകുന്നത് കുറച്ചുനേരം നോക്കിനിന്നു. കാഴ്ചകൾ മതിയാക്കി റിസോർട്ടിലേക്ക്​ മടങ്ങുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറെടുത്തു റിസോർട്ടിൽ എത്താൻ.

വിശപ്പ് മുറവിളികൂട്ടിയപ്പോൾ ഉച്ചഭക്ഷണത്തിനായി വിളിച്ചുപറഞ്ഞു. ബാഗ് തുറന്നുനോക്കിയപ്പോഴാണ് കൊളുക്കുമലയിൽനിന്ന്​ വാങ്ങിയ ടീ പാക്കറ്റുകൾ അടങ്ങിയ കവർ ജീപ്പിൽ മറന്നുപോയെന്ന്​ മനസ്സിലായത്​. ഉടൻ തന്നെ മുരുകനെ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു. അയാൾ ഉടൻതന്നെ തേയിലപാക്കറ്റുകൾ റിസോർട്ടിൽ എത്തിച്ചു. കുറച്ചു പണംനൽകി മുരുകനെ സന്തോഷത്തോടെ യാത്രയാക്കി.

കാഴ്ചകൾ മതിയാക്കി റിസോർട്ടിലേക്ക്​ മടങ്ങുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു

കാൻഡിൽ ലൈറ്റ് ഡിന്നർ

കൊളുക്കുമല യാത്രക്കുശേഷം റിസോർട്ടിൽ തന്നെ ചെലവഴിക്കാനായിരുന്നു പ്ലാൻ. ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത നേരത്തെ ഞാൻ പ്ലാൻ ചെയ്തതനുസരിച്ചു പ്രിയതമക്ക്​ ഒരു സർപ്രൈസ് കൊടുക്കുക എന്നതായിരുന്നു. അതിനായി ഞാൻ ടൂർ ബുക്ക് ചെയ്തപ്പോൾ തന്നെ മാനേജർ നോബിച്ചേട്ടനോട് പറഞ്ഞിരുന്നു, ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കണമെന്ന്​.

സമയം സന്ധ്യയായി. കാൻഡിൽ ലൈറ്റ് ഡിന്നർ തയാറാക്കുന്നതിന്​ റൂമിൽനിന്ന്​ കുറച്ചുനേരം മാറിക്കൊടുക്കാൻ മാനേജർ ആവശ്യപ്പെട്ടു. സർപ്രൈസ് ഗിഫ്റ്റ് ആയതുകൊണ്ട് ബിൻജോയോട് ഞാൻ ചോദിച്ചു, നമുക്കൊന്ന് നടക്കാൻ പോയാലോ? കൊളുക്കുമല പോയ ക്ഷീണത്തിൽ ഇരിക്കുന്ന അവൾ പറഞ്ഞു, ഞാൻ ഇവിടെ ഇരുന്ന്​ വിശ്രമിക്കട്ടെ, ചേട്ടൻ നടന്നിട്ടുവാ... ദൈവമേ ഇനിയെന്ത് ചെയ്യും. ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ എ​െൻറ നിർബന്ധത്തിന്​ വഴങ്ങി. ഞങ്ങൾ നടത്തം ആരംഭിച്ചു.

എത്ര കണ്ടാലും മതിവരാത്ത കാഴ്​ചകളാണ്​ ഇടുക്കിയിലെ പ്രകൃതി സമ്മാനിക്കുക

എത്ര കണ്ടാലും മതിവരാത്ത കാഴ്​ചകൾ. വഴിയിൽ കോടമഞ്ഞ്​ തഴുകി തലോടിപ്പോകുന്നു​. തേയി​ലത്തോട്ടങ്ങൾ തന്നെയാണ്​ എവിടെയും. അതിനിടക്ക്​ ബഹുവർണ നിറത്തിൽ തൊഴിലാളികളുടെ കൊച്ചുകൂരകൾ. പുറമെനിന്ന്​ കാണാൻ ചന്തമുണ്ടെങ്കിലും അതിനകത്തെ ജീവിതം എത്ര ദുസ്സഹമായിരിക്കുമെന്ന്​ ഞങ്ങൾ ആലോചിച്ചു.

ഒരുമണിക്കൂർ നടത്തത്തിനുശേഷം റിസോർട്ടിലേക്ക്​ മടങ്ങി. റൂം തുറന്നപ്പോൾ ഞങ്ങൾ അദ്​ഭുതസ്തബ്​ധരായി നിന്നുപോയി. മുറി മുഴുവൻ മെഴുകുതിരി വെട്ടത്താൽ അലങ്കരിച്ചിരിക്കുന്നു. ടേബിളിൽ ചെറിയ മെഴുകുതിരി വെട്ടത്തിൽ ഡിന്നറും ഒരുക്കിയിരിക്കുന്നു. വളരെ റൊമാൻറിക്ക്​ അന്തരീക്ഷം! സർപ്രൈസ് ഗിഫ്റ്റ് കണ്ടു ബിൻജോ ശരിക്കും അന്തംവിട്ടു. അവൾ സന്തോഷംകൊണ്ട്​ തുള്ളിച്ചാടി. ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനം! ഞങ്ങളുടെ ആദ്യത്തെ കാൻഡിൽ ലൈറ്റ് ഡിന്നറായിരുന്നുവത്. മെഴുകുതിരി വെട്ടത്തി​െൻറ മുന്നിലിരുന്ന്‌ അതിഗംഭീരമായ ഒരു അത്താഴം.

ചിന്നക്കനാലിലെ സായഹ്​നം

'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമയിലെ ഡയലോഗ് ഞാൻ എ​െൻറ പ്രിയതമയോട് പറഞ്ഞു, 'വരൂ പ്രിയേ, നമുക്ക് ഗ്രാമങ്ങളിൽ ചെന്നുരാപ്പാർക്കാം. അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തുപൂവിടുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോയെന്നും നോക്കാം. അവിടെവെച്ചു ഞാൻ നിനക്കെ​െൻറ പ്രേമം തരും'!

ഇന്ന് ഞങ്ങളുടെ മൂന്നാറിലെ മൂന്നാം ദിനമാണ്​. അതായതു അവസാന ദിനം. അതിരാവിലെ ഞങ്ങൾ ഉറക്കമുണർന്നു. രാവിലെ 10.30നാണ് മൂന്നാറിൽനിന്ന്​ കോട്ടയത്തേക്കുള്ള ബസ്​. പ്രഭാത ഭക്ഷണശേഷം നിരവധി സർപ്രൈസ്​ ഗിഫ്​റ്റുകൾ സമ്മാനിച്ച റിസോർട്ടിനോടിനോടും​ ആ നാടിനോടും വിടപറഞ്ഞു. പ്രകൃതിയുടെ വരദാനമായ മൂന്നാറിലേക്ക് ഇനിയും വരാമെന്ന പ്രത്യാശയോടെ.

Tags:    
News Summary - travel to chinnakkanal and kolukkumala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.