പവിഴപ്പുറ്റുകളുടെ ഗ്രാമം


ഭൂമിയിലെ ജൈവ വൈവിധ്യങ്ങളിലെ ഈറ്റില്ലങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമുദ്രത്തിലെ പവിഴപ്പുറ്റുകളടങ്ങുന്ന ആവാസ വ്യവസ്ഥ. ഇവയുടെ പരിസ്ഥിതി പ്രാധാന്യവും ജൈവ സമ്പത്തും കണക്കിലെടുത്ത് കടലിലെ നിത്യഹരിത വനങ്ങളായും മഴക്കാടുകളായും ശാസ്ത്രലോകം ഇവക്ക് വിളിപ്പേരുകൾ നൽകി. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകൾ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ. അരനൂറ്റാണ്ടിനിടെ ഇവയുടെ അളവ് 50 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. ദൃഢമായ പവിഴപ്പുറ്റുകൾ ദുർബലമായി ഇല്ലാതാകുമ്പോൾ അവയെ ആശ്രയിച്ച് കഴിയുന്ന കടൽജീവജാലങ്ങളും പ്രതിസന്ധിയിലാകുന്നു. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയും താളംതെറ്റുന്നു. ഈ സാഹചര്യത്തിലാണ് പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി ഇവയുടെ പ്രകൃതിപരമായ വളർച്ചക്കിണങ്ങുന്ന സൂക്ഷ്മാണുക്കൾ പവിഴ പ്രോബയോട്ടിക്‌സായി ഉപയോഗിക്കുന്ന ആധുനിക ശാസ്ത്രീയ രീതി വികസിപ്പിച്ചെടുക്കാൻ ശാസ്ത്രജ്ഞർ രംഗത്തുവന്നത്. പവിഴപ്പുറ്റുകളുടെ വളർച്ചക്കും പുനരുദ്ധാരണത്തിനും പുനരധിവാസത്തിനുമായുള്ള ലോകത്തെ ആദ്യ കോറൽ പ്രോബയോട്ടിക്‌സ് വില്ലേജ് സൗദി അറേബ്യയിൽ തുടങ്ങിക്കഴിഞ്ഞു. ജിദ്ദക്കു സമീപം തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലാണ് (കൗസ്റ്റ്) ഈ പവിഴ ഗ്രാമം പ്രവർത്തനമാരംഭിച്ചത്.

പവിഴ പ്രോബയോട്ടിക്‌സ് വില്ലേജ്

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വിപ്ലവമുണ്ടാക്കി മുന്നേറുകയാണ് സൗദിയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കൗസ്റ്റ്). അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായി 2009ൽ സ്ഥാപിച്ചതാണ് ഈ സർവകലാശാല. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും എൻജിനീയർമാരുടെയും പുതുതലമുറക്ക് ഗവേഷണ പഠനങ്ങൾക്ക് കൗസ്റ്റ് അവസരമൊരുക്കുന്നുണ്ട്.



കൗസ്റ്റിലെ ഗവേഷണത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയാണ് പവിഴ പ്രോബയോട്ടിക്‌സ് ഗ്രാമം. കൗസ്റ്റ് കാമ്പസിലെ ചെങ്കടൽ തീരത്തുനിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സമുദ്ര ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്‌ധരും ഗവേഷകരും സംയുക്തമായി നടത്തിയ ഗവേഷണഫലമാണിത്. പവിഴപ്പുറ്റുകളിൽനിന്ന് ആരോഗ്യ സൗഹൃദമായ ബാക്ടീരിയകൾ ഉൽപാദിപ്പിക്കുന്ന വില്ലേജിൽ ഗവേഷണത്തിനും സംരക്ഷണത്തിനും ആധുനിക സംവിധാനങ്ങളോടെ സൗകര്യമുണ്ട്. ചെങ്കടലിന്റെ ഭൂഗർഭ ശാസ്ത്ര അറിവുകൾ സമൂഹത്തിന് പകർന്നുനൽകാനും ചെങ്കടലിലെ പവിഴപ്പുറ്റുകളുടെയും മറ്റു സമുദ്രജീവികളുടെയും ആവാസവ്യവസ്ഥക്ക് പ്രയോജനകരമായ സംഭാവനകൾ നൽകാനും ഈ പവിഴ ഗ്രാമം വഴി സാധിക്കും. ഭൗമശാസ്ത്രം, സമുദ്ര പരിസ്ഥിതി, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥക്ക് പ്രയോജനകരമായ മറ്ററിവുകൾ എന്നിവയിൽ വിപ്ലവകരമായ മുന്നേറ്റം നടത്താൻ കോറൽ പ്രോബയോട്ടിക്‌സ് വില്ലേജ് വഴി സാധിക്കുമെന്ന് കൗസ്റ്റ് റിസർച് വിഭാഗം വൈസ് പ്രസിഡന്റ് പ്രഫ. ഡോണൽ ബ്രാഡ്‌ലി പറയുന്നു.


വർണാഭമായ പവിഴപ്പുറ്റുകൾ

ചെങ്കടൽ പ്രദേശം പവിഴപ്പുറ്റുകളുടെ സമൃദ്ധമായ ഇടമാണ്. വൈവിധ്യമാർന്ന രൂപങ്ങളിൽ ഇവ വർണാഭമായ കാഴ്ചയൊരുക്കുന്നു. 260ലധികം വ്യത്യസ്ത തരം പവിഴപ്പുറ്റുകളും 1,100ലധികം ഇനം മത്സ്യങ്ങളും മറ്റു വൈവിധ്യമാർന്ന സമുദ്രജീവികളാലും സമ്പന്നമാണ് ചെങ്കടൽ. പവിഴപ്പുറ്റുകൾ വളരാൻ ചില അനുകൂല സാഹചര്യങ്ങൾ അനിവാര്യമാണ്. സസ്യങ്ങളെ പോലെ പ്രകാശസംശ്ലേഷണത്തിന് കഴിവുള്ളവയാണവ. പ്രകാശം, വെള്ളം, കാർബൺ ഡൈ ഓക്സൈഡ് എന്നിവയിൽനിന്ന് ഇവ ഊർജം സംഭരിക്കുന്നു. പവിഴപ്പുറ്റുകളുടെ ടിഷ്യൂകളിൽ വസിക്കുന്ന ഏകകോശ ആൽഗകളാണ് ഇതിന് സഹായിക്കുന്നത്. പകൽസമയത്ത് പവിഴപ്പുറ്റുകൾ ചെടികളെ പോലെ പ്രവർത്തിക്കുമെങ്കിൽ രാത്രിയിൽ അതൊരു മൃഗത്തിന്റെ ജീവിതം നയിക്കും. അൾട്രാ വയലറ്റ് രശ്മികൾക്ക് വിധേയമാകുമ്പോഴോ നീലവെളിച്ചത്തിൽ പ്രകാശിക്കുമ്പോഴോ തിളങ്ങാനുള്ള ഇവയുടെ പ്രത്യേക കഴിവുകളും ശാസ്ത്രലോകത്തെ വിസ്മയക്കാഴ്ചതന്നെയാണ്. പവിഴ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമുള്ള നൂതന പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ പവിഴ ഗ്രാമം.

Tags:    
News Summary - Village of coral reefs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.