കോവിഡിനെ തുടർന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ കഴിയുന്നത്. യാത്രകൾ പാടെ നിലച്ചു. ജനജീവിതം താറുമാറായി. പലരും പട്ടിണിയുടെ പിടിയിലാണ്.
എന്നാൽ, മനുഷ്യർ അനുഭവിക്കുന്ന ഈ പ്രതിസന്ധികളൊന്നും അറിയാതെ കൂടുതൽ സ്വസ്ഥതയോടെ കഴിയുന്ന കൂട്ടരുണ്ട് ഇവിടെ. രാജ്യത്തെ വിവിധ കാടുകളിൽ കഴിയുന്ന വന്യജീവികൾ.
കാട്ടിനകത്ത് മനുഷ്യർ നടത്തുന്ന സഫാരികളും ട്രെക്കിങ്ങൊന്നും ഇല്ലാത്തതിനാൽ ഇവർ കൂടുതൽ ഹാപ്പിയാണ്. മൃഗങ്ങളുടെ ഈ സന്തോഷവും സമാധാനവുമെല്ലാം ഒപ്പിയെടുത്ത് കാഴ്ചക്കാർക്ക് മുന്നിലെത്തിക്കുകയാണ് കർണാടക വനംവകുപ്പ്.
നാഗർഹോള ടൈഗർ കൺസെർവേഷൻ ഫൗണ്ടേഷൻെറ സഹായത്തോടെ പരിസ്ഥിതി ദിനത്തിൻെറ ഭാഗമായാണ് വിഡിയോ പുറത്തിറക്കിയത്. വീട്ടിലിരുന്ന് നാഗർഹോള ടൈഗർ റിസർവിലെ കാഴ്ചകൾ അനുഭവിക്കാം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്.
ആറ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ മാനുകൾ കൊമ്പുകോർക്കുന്നതും കടുവയെ പേടിച്ചുനിൽക്കുന്ന ജീവികളെയും കൂട്ടംകൂടി നിൽക്കുന്ന കുറുക്കൻമാരെയും റോഡിന് നടുവിൽ പീലിവിടർത്തി നൃത്തം ചെയ്യുന്ന മയിലിനെയും കാണാം.
മരത്തിന് മുകളിൽ വിശ്രമിക്കുന്ന പുള്ളിപ്പുലി, വിവിധ തരം പക്ഷികൾ, മലയണ്ണാൻ, കരിമ്പുലി, ടാറിട്ട റോഡിലൂടെ സ്വൈര്യമായി നടക്കുന്ന കരടികൾ, ആനകളുടെ നീരാട്ട് എന്നിവയും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഡ്രോണടക്കമുള്ള കാമറകൾ ഉപയോഗിച്ചാണ് വിഡിയോയിലെ ഓരോ മനോഹരമായ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. പ്രകാശ് മാടഡയാണ് ഇതിൻെറ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിട്ടുള്ളത്. മികച്ച പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.