ഡ്രോൺ കാമറകൾ വന്നതോടെ വിഡിയോയുടെ അപാരസാധ്യതകളാണ് തുറന്നത്. മനുഷ്യർക്ക് കടന്നെത്താൻ കഴിയാത്ത ഇടങ്ങളിൽനിന്ന് പോലും ഇത്തരം കാമറകൾ വിഡിയോകളും ചിത്രങ്ങളും ഒപ്പിയെടുക്കുന്നു. ഇത്തരത്തിലൊരു ഡ്രോൺ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. ചിത്രീകരിച്ച സ്ഥലവും സന്ദർഭവുമാണ് വിഡിയോയെ വ്യത്യസ്തമാക്കുന്നത്.
ഐസ്ലാൻഡിലെ പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന്‍റെ അവിശ്വസനീയമായ കാഴ്ചകളാണ് ഡ്രോൺ ഉപയോഗിച്ച് പകർത്തിയത്. ഫാഗ്രഡൽസ്ജാൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവ പുറത്തേക്ക് വമിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഐസ്‌ലാൻഡിന്‍റെ തലസ്ഥാനമായ റെയ്ജാവിക്കിന് സമീപമത്തെ അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
ആഴ്ചകളായി ഈ പർവതം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം, പൊട്ടിത്തെറിയിൽ കാര്യമായ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിന്‍റെ വിഡിയോ ഡ്രോൺ ഉപയോഗിച്ച് ജോർജൻ സ്റ്റൈൻബെക്ക് ആണ് ചിത്രീകരിച്ചിരിക്കുന്നത്. പർവതത്തിന്‍റെയും ലാവയുടെയുമെല്ലാം ഏറെ അടുത്തേക്ക് വരെ കാമറ ചെന്നെത്തുന്നു. അതിശയിപ്പിക്കുന്ന ഈ വിഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേർ ഇദ്ദേഹത്തെ അഭിനന്ദിച്ച് കമന്‍റിടുകയും ചെയ്തു.
ഐസ്‌ലാൻഡിൽ 32 അഗ്നിപർവതങ്ങളുണ്ടെന്നാണ് കണക്ക്. അഞ്ച് വർഷത്തിനിടെ ശരാശരി ഒരു അഗ്നിപർവതമെങ്കിലും രാജ്യത്ത് പൊട്ടിത്തെറിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.