തളിരണിഞ്ഞ പുൽമേടുകളും മലമുകളിലെ ഹൃദയതടാകവും; വർഷങ്ങൾക്കുശേഷം ചെ​മ്പ്ര വിളിക്കുമ്പോൾ

സമുദ്ര നിരപ്പിൽനിന്ന്​ ആറായിരത്തോളം അടി ഉയരത്തിൽ വർഷം മുഴുകെ വെള്ളം ലഭ്യമാവുന്നൊരു തടാകം! വയനാട് ജില്ലയിലെ മേപ്പാടിയിൽനിന്ന് 11 കിലോമീറ്റർ അകലെ പശ്ചിമമലനിരകളിൽ നീലഗിരി - വെള്ളരിമലകളുമായി അതിരുപങ്കിടുന്ന ചെമ്പ്ര മലയിലാണ് ഈ വിസ്​മയ കാഴ്​ച. സാഹസിക സഞ്ചാരികളുടെയും ട്രെക്കിങ്​ പ്രിയരുടെയും ഇഷ്​ടകേന്ദ്രമായ ചെമ്പ്ര മലയിലേക്കുള്ള യാത്ര ദീർഘകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒന്നായിരുന്നു.

കാട്ടുതീയും കോടതി വിധിയും പിന്നീട് വന്ന കോവിഡ് മഹാമാരിയും കാരണം ദീർഘകാലമായി അടഞ്ഞുകിടന്ന ചെമ്പ്ര മല വർഷങ്ങളുടെ ഇടവേളകൾക്കുശേഷം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നുവെന്ന വാർത്ത കണ്ടതിൽ പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അടുത്ത ദിനങ്ങളിലൊന്നും സഹയാത്രികരായി ആളുകളെ സംഘടിപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യമായിരുന്നതിനാൽ ഈ യാത്രയും ഒറ്റയ്ക്ക് പോവാനായിരുന്നു വിധി.

താൽക്കാലികമായി താമസിക്കുന്ന ഹോസ്റ്റലിലെ സെക്യൂരിറ്റി ഇക്കയുടെ കൂടെ സുബ്​ഹിയാനന്തര കട്ടൻ ചായയിൽ മിൽക് ബ്രെഡ് മുക്കിയെടുത്ത്, കുപ്പിയിൽ ആവശ്യത്തിന് വെള്ളം നിറച്ച്, നേരം വൈകിക്കാതെ മേപ്പാടി ലക്ഷ്യമാക്കി ഹാൻഡിൽ ബാർ തിരിച്ചു. ആദ്യമെത്തുന്ന 200 പേർക്ക് മാത്രമാണ് ട്രെക്കിങ്​ അനുമതി നൽകുള്ളൂവെന്ന് പത്രം വായിച്ചറിഞ്ഞതിനാൽ ബ്രേക്ക്ഫാസ്റ്റിന് പോലും നിർത്താതെ ചെമ്പ്ര ലക്ഷ്യമാക്കി വണ്ടി പായിക്കുകയായിരുന്നു.


മേപ്പാടി ടൗണിൽ പ്രധാന നിരത്തിൽനിന്ന് വഴിമാറി വേണം ചെമ്പ്രയിലേക്കുള്ള റോഡിൽ പ്രവേശിക്കാൻ. ഇനിയങ്ങോട്ടുള്ള റോഡിന് വശങ്ങളിൽ തേയില തോട്ടങ്ങളും അങ്ങിങ്ങായി കാറ്റാടി മരങ്ങളും അകമ്പടിയേകുന്നുണ്ട്​. ഹെയർപിൻ വളവുകളും കടന്ന് മുകളിൽ ചെന്നെത്തുമ്പോൾ വലത് വശത്തായി വനം വകുപ്പിന്‍റെ ടിക്കറ്റ് കൗണ്ടറുണ്ടാവും. ട്രെക്കിങ്ങിനായുള്ള അനുമതി വാങ്ങേണ്ടത് ഇവിടെ നിന്നാണ്. കോവിഡ് വാക്സിനേഷനോ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് മുക്തരായതിന്‍റെ സർട്ടിഫിക്കറ്റോ ഹാജരാക്കി ടിക്കറ്റ് കരസ്ഥമാക്കാം.

പത്ത് പേരടങ്ങുന്ന സംഘത്തിന് 775 രൂപയും ജി.എസ്.ടിയുമാണ് ചാർജ്​. ഒറ്റക്കായാലും പത്തിൽ കുറഞ്ഞ അംഗസഖ്യയുള്ള സംഘങ്ങളായാലും ഇതേ തുക അടച്ച് വേണം ടിക്കറ്റ് കരസ്ഥമാക്കാൻ. പത്തിന് മുകളിൽ അംഗങ്ങളുള്ള പക്ഷം അധികമുള്ള ഓരോ അംഗത്തിനും 75 രൂപ വീതം ചാർജ്ജ് അടച്ചാൽ മതിയാവും.

കൗണ്ടറിന് പരിസരത്തുനിന്ന് മറ്റൊരു സംഘത്തിനൊപ്പം ചേർന്ന് അവരുടെ കൂട്ടത്തിൽ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ഏർപ്പാട് ചെയ്തു. ഓരോരുത്തരുടെയും കോവിഡ് വാക്​സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷമാണ് ഞങ്ങളുടെ 15 അംഗ സംഘത്തിനുള്ള ടിക്കറ്റ് ലഭിച്ചത്. ട്രെക്കിങ്​ നടത്താൻ താൽപ്പര്യമില്ലാത്തവർക്ക് വാച്ച് ടവർ സന്ദർശനത്തിനുള്ള ടിക്കറ്റും ഇവിടെ ലഭ്യമാണ്.


ടിക്കറ്റ് കൗണ്ടറിൽനിന്നും രണ്ട് കിലോമീറ്റർ മുകളിലേക്ക്​ സഞ്ചരിച്ച് വേണം ട്രെക്കിങ്​ ആരംഭിക്കാൻ. മലകയറ്റം ആരംഭിക്കുന്നതിന്ന് സമീപത്തായി വാഹനങ്ങൾക്ക് പാർക്കിങ്​ സൗകര്യം ലഭ്യമാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ​ബോട്ടിൽ, സിഗരറ്റ്, തീപ്പെട്ടി, ലൈറ്റർ തുടങ്ങിയവയ്ക്ക് കർശന നിയന്ത്രണമുണ്ട്. പ്ലാസ്റ്റിക് കുപ്പിവെള്ളം ഒരു ബോട്ടിലിന് 50 രൂപ എന്ന നിരക്കിൽ ടിക്കറ്റെടുത്ത് കൊണ്ടുപോകാവുന്നതും തിരികെ വരുമ്പോൾ കുപ്പി ഹാജരാക്കുന്ന പക്ഷം ആ തുക തിരികെ ലഭിക്കുന്നതുമാണ്. പ്ലാസ്റ്റിക് അടക്കമുള്ള നിരോധിത വസ്​തുക്കൾ ഇല്ലെന്നുറപ്പിക്കാൻ ബാഗുകളടക്കം പരിശോധിച്ച ശേഷമാണ് ട്രെക്കിങ്ങിനായി കടത്തിവിട്ടത്.

വലത് വശത്തായി തേയിലത്തോട്ടങ്ങൾ അതിരിടുന്ന സാമാന്യം വീതിയുള്ളൊരു പാതയാണ് ആരംഭം. വഴിത്താരകളെ ധന്യമാക്കാനെന്നവണ്ണം പലയിടങ്ങളിലായി ആനപ്പിണ്ഡം കാണാമായിരുന്നു. സാമാന്യം വീതിയുള്ള ഈ പാത ചെന്നവസാനിക്കുന്നത് വനംവകുപ്പ് വക വാച്ച് ടവറിന് സമീപത്താണ്. പേരിൽ വാച്ച് ടവർ എന്നുണ്ടെങ്കിലും മരങ്ങളാൽ ചുറ്റപ്പെട്ടത് കാരണം ഇതിന് മുകളിൽ നിന്നുള്ള കാഴ്​ചകൾ പരിമിതമാണ്. വാച്ച് ടവറിന് സമീപത്തുനിന്ന് ടിക്കറ്റുകൾ വീണ്ടും പരിശോധിച്ച ശേഷമാണ് മുകളിലേക്ക്​ കടത്തിവിടുന്നത്.


മരങ്ങൾ തണൽ വിരിച്ച ഈ കാനന പാതയിൽ മുകളിലേക്ക്​ നടക്കുന്തോറും പാതയുടെ വീതി കുറയുകയും കയറ്റത്തിന്‍റെ ചെരിവ് കഠിനമാവുകയും ചെയ്യുന്നു. കാനനപാത പിന്നിട്ടാൽ പ്രവേശിക്കുന്നത് തളിരണിഞ്ഞ പുൽമേട്ടിലാക്കാണ്. ചെങ്കുത്തായ കയറ്റങ്ങളുള്ള ഈ പാതകളിൽ വഴുതിവീഴാനുള്ള സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധാലുക്കളായി വേണം ഓരോ കാൽവെപ്പും നടത്താൻ. ഇത്തരം സന്ദർഭങ്ങളിൽ സ്ലിപ്പറുകളോ ഫാൻസി ചെരുപ്പുകളോ ധരിക്കുന്നത് അപകട സാധ്യതയുണ്ടാക്കും.

കാർമേഘം വഴിമാറി വെയിലുദിച്ചതിൽ പിന്നെ മലകയറ്റം അൽപം കഠിനമായി. ടിക്കറ്റ് ലഭിക്കുമോ എന്നുള്ള ഉൽക്കണ്ഠയിൽ പ്രഭാതഭക്ഷണം ഒഴിവാക്കി മലകയറാൻ പുറപ്പെട്ടത് വലിയ മണ്ടത്തരമായെന്ന് തിരിച്ചറിയാൻ സമയം ഏറെ വേണ്ടിവന്നില്ല. മേപ്പാടി ടൗൺ കഴിഞ്ഞുള്ള വഴിയിലെവിടെയും കടകൾ തുറക്കാതിരുന്നതിനാൽ ബാഗിൽ കരുതിയ 700 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന കുപ്പിയിലെ വെള്ളം മാത്രമാണ് ഏക ശരണം.


മുമ്പ് ഈ വഴിയിൽ പലയിടത്തും വഴിയോരക്കച്ചവടങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഈ പ്രദേശത്തെവിടെയോ വിപുലമായ ഹോട്ടൽ വ്യവസായം തുടങ്ങാൻ പോവുന്ന ഒരു മുതലാളി കോടതിവിധി സമ്പാദിച്ച് അടപ്പിച്ചതാണെന്നുമാണ് പ്രദേശവാസിയായൊരു ചേട്ടൻ പിന്നീട് പറഞ്ഞത്. റേഷൻ കണക്കെ നിശ്ചിത ഇടവേളകളിൽ മാത്രം ദാഹമകറ്റി മുകളിലേക്കുള്ള കയറ്റം തുടരുക തന്നെയായിരുന്നു പിന്നെയുള്ള നിർവാഹം.

ട്രെക്കിങ്​ പാതയ്ക്ക് കുറുകെ ചിലയിടങ്ങളിൽ വെള്ളച്ചാലുകൾ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളുണ്ടാക്കി ഒഴുകുന്നത് കാണാം. താഴോട്ടൊഴുകുന്ന ഈ വെള്ളച്ചാലുകളിലെ തണുത്ത ജലം പാദങ്ങൾക്ക് കുളിരേകുന്നതായിരുന്നു. ചെങ്കുത്തായ കയറ്റങ്ങൾക്കുശേഷം നമ്മളെ കാത്തിരുന്നത് താരതമ്യേനെ പരന്നതും അനായാസ കയറ്റങ്ങളുള്ളതുമായ പാതയാണ്. വിശാലമായ പുൽമേട്ടിലൂടെയുള്ള ട്രെക്കിങ്ങിന്‍റെ ഈ ഭാഗം ശരീരത്തിന് ഉന്മേഷവും കണ്ണുകൾക്ക് കുളിർമയും നൽകും.


വലതുഭാഗത്തായി മലയിടുക്കിലൊരു കൊച്ചുപൊയ്​ക കാണാം. നീലാകാശത്തിലെ ശുഭ്രമേഘക്കൂട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ കുഞ്ഞുതടാകം അഭൗമമായ ദൃശ്യചാരുത കൈവരിച്ചതായി തോന്നും. മറുവശത്ത് തടാകത്തിനരികിൽ അലങ്കാരമെന്നോണം വളരുന്ന കൊച്ചുമരങ്ങൾ ഫ്രെയിമിലാക്കിയ ശേഷം മുകളിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. മുന്നിൽ കാണുന്ന ആ കുഞ്ഞുമലയ്ക്കപ്പുറത്താണ് ഈ യാത്രയുടെ ലക്ഷ്യമായ ഹൃദയതടാകം സ്ഥിതി ചെയ്യുന്നത്.


വഴികാട്ടാൻ വഴിയരികിൽ നിൽക്കുകയായിരുന്ന ഫോറസ്റ്റ് വാച്ചർ തന്ന ഉന്മേശത്തിൽ പിന്നീടങ്ങോട്ടുള്ള കയറ്റം വേഗത്തിലായി. ട്രെക്കിങ്​ പാതയിൽ പലയിടങ്ങളിലായി ഫോറസ്റ്റ് വാച്ചർമാർ നിലയുറപ്പിച്ചതായി കാണാം. കൂടുതലും തദ്ദേശീയരായ ആദിവാസി സമുദായങ്ങളിൽനിന്നുള്ള ഇവർ സാമ്പ്രദായിക സർക്കാർ ജീവനക്കാരിൽനിന്ന് വ്യത്യസ്തമായി അനുകമ്പാപൂർവമാണ് സഞ്ചാരികളോട് പെരുമാറുന്നത്.


ചെമ്പ്രയിലെ വൃക്ഷസസ്യാദികളെയും ജന്തുജാലകങ്ങളെയും കുറിച്ച് ആധികാരികമായി സംസാരിക്കാനും ഈ മലനിരകളിലെ സ്വാഭാവികത്വം സംരക്ഷിക്കാൻ സഞ്ചാരികൾ അനുവർത്തിക്കേണ്ട പെരുമാറ്റ രീതികളെ കുറിച്ച് ബോധവൽക്കരണം നൽകാനും ഇവർ സദാസമയം തയാറാണ്.


നയനസുഭഗമായ കാഴ്​ചയിലേക്കാണ് ആ കുഞ്ഞുമല കയറിയെത്തുന്നത്. സമതലത്തിൽനിന്നും ആറായിരം അടി ഉയരത്തിൽ പച്ചവിരിച്ച മലമുകളിൽ ഹൃദയാകൃതിയിലൊരു തടാകം. ഇളംതെന്നലിൽ ഓളങ്ങളുണ്ടാക്കുന്ന തടാകത്തിലെ വെള്ളം പോലും വർണ്ണഭേദം വരുത്തി പച്ച നിറമായിരിക്കുന്നു.

ഏറെനാൾ അടച്ചിട്ടതിനാലാവണം തടാകവും പരിസരവും മാലിന്യമുക്തമാണ്. സൂര്യൻ നേർ മുകളിൽ കത്തിജ്വലിച്ച് നിൽക്കുമ്പോളും തടാകത്തിനരികെയുള്ളൊരു പാറക്കെട്ടിൽ ഓളങ്ങളെ നോക്കി കുറച്ച് സമയമങ്ങിനെയിരുന്നു.


തടാകത്തിനരികെ വീശിയടിക്കുന്ന ഇളംകാറ്റിന്ന് നട്ടുച്ച സമയമായിട്ടും നല്ല തണുപ്പുണ്ടായിരുന്നു. ഏകാംഗ മലകയറ്റക്കാരന്‍റെ ഏകാന്തതയിൽ പുൽമേടിന് നടുവിലൊരു പാറക്കെട്ടിന് മേലെ കയറി ആസ്വാദ്യമായ കാഴ്​ചകളിലേക്ക് നോക്കിയിരിപ്പായി പിന്നീട്. സഞ്ചാരികളേറെയും മലയിറങ്ങി തുടങ്ങിയിരുന്നു.

മഴവിൽ നിറത്തിലുള്ള കുടചൂടി സന്ദർശകരെ അഭിവാദനം ചെയ്തും നിർദേശങ്ങൾ നൽകിയും പൊക്കം കുറഞ്ഞൊരു ഫോറസ്റ്റ് വാച്ചർ ചേട്ടൻ നിൽപ്പുണ്ട്. ദൂരെ നിന്നൊരു പുഞ്ചിരി കൈമാറി ചേട്ടന്​ നേരെ നടന്നുചെന്നു. സന്ദർശകർക്കുള്ള നിർദേശങ്ങൾ നൽകുന്നതിനിടയിലും എന്‍റെ ചോദ്യങ്ങൾക്കോരോന്നിനും സാകൂതം ചെവിയോർത്ത് ചെമ്പ്ര മലയെ കുറിച്ചുള്ള വിവരണങ്ങളോരോന്നായി അദ്ദേഹം കെട്ടഴിച്ച് തന്നുകൊണ്ടിരുന്നു.


വിവിധതരം എൻഡമിക് വൃക്ഷസസ്യാദികളെയും ജന്തുജാലകങ്ങളെയും കാണപ്പെടുന്ന ചെമ്പ്ര ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ബാണാസുര ചിലപ്പൻ പക്ഷി, ലോംഗ് ബില്ഡ് പിപിറ്റ് (വരമ്പൻ), ബ്രോഡ് ടെയ്ല്ഡ് ഗ്രാസ് ബേർഡ്, മലബാർ ഫേൺഹിൽ തുടങ്ങിയ അപൂർവയിനം പക്ഷികൾ, പുൽമേടുകളിൽ മാത്രം കാണുന്ന അപൂർവയിനം തവള ഇനങ്ങളായ റോര്ചെസ്റ്റസ് ചാരിസ്, റോര്ചെസ്റ്റസ് ടിന്നിയൻസ്​ തുടങ്ങി നിരവധി ജന്തു-സസ്യങ്ങളുടെ ആവാസകേന്ദ്രമാണ് ചെമ്പ്ര മലനിരകൾ.


കാട്ടുകുരുമുളക്, നന്നാറി, ശതാവരി, ആരോഗ്യപച്ച, ദണ്ഡപാല തുടങ്ങിയ സസ്യങ്ങളും ഇവിടെ കാണപ്പെടുന്നു. ലോകത്തുനിന്ന് അപ്രത്യക്ഷമായെന്നു കരുതുന്ന യൂജീനിയ അർജൻഷിയാ, ഹിഡിയോട്ടീസ് വയനാടൻസിസ് എന്നീ ചെറുമരങ്ങളുടെയും പശ്ചിമഘട്ടത്തിലെ നല്ലൊരു ശതമാനം ഓർക്കിഡുകളുടെയും കേന്ദ്രമാണ് ചെമ്പ്ര മല എന്നാണ് ഗവേഷകൾ കണ്ടെത്തിയിട്ടുള്ളത്.


പുൽമേടുകൾക്ക് വനത്തേക്കാൾ കൂടുതൽ ജലം ശേഖരിച്ച് വെക്കാനുള്ള ശേഷിയുണ്ടത്രേ. ഇതിനാൽ കൂടിയാവണം ചെമ്പ്രയിലെ ഹൃദയ തടാകത്തിൽ വർഷം മുഴുവൻ ജലം ലഭ്യമാവുന്നത്. സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ള - കാർഷിക ആവശ്യങ്ങൾക്കുള്ള ജലസ്രോതസ്സും ചെമ്പ്രമലയിൽ നിന്നത്രേ.


കൽപ്പറ്റ, ലക്കിടി, വൈത്തിരി അടക്കമുള്ള വയനാട്ടിലെ പ്രധാന ടൗണുകളും അമ്പൂത്തി മല, ബാണാസുര മല, മണിക്കുന്ന് മല, ഏളമ്പേരി മല തുടങ്ങിയ ഗിരിനിരകളും ബാണാസുര, കാരാപ്പുഴ ഡാം റിസർവോയറുകളും ഈ മലമുകളിൽ നിന്ന് ദർശിക്കാനാവും. നീലഗിരിയിൽനിന്ന്​ വയനാടൻ മലനിരകളിലേക്കെത്തിയ ബ്രട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയിൽ ആദ്യമായെത്തിയ വിദേശികൾ. അവർ നിർമിച്ച കുതിരലായവും ഗോൾഫ് കോർട്ടുമെല്ലാം മുമ്പ് ഇവിടെയുണ്ടായിരുന്നത്രെ.


മൂന്ന് പർവതശിഖരങ്ങളാണ് ചെമ്പ്രയിലുള്ളത്. ഹൃദയ തടാകത്തിൽ നിന്ന് മുകളിലോട്ടുയരുന്ന പർവതശിഖരമാണ് ഇതിൽ ഏറ്റവും ഉയരം കൂടിയത്. മുമ്പ് അവിടേക്ക്​ ട്രെക്കിങ്​ അനുമതി ഉണ്ടായിരുന്നെങ്കിലും സഞ്ചാരികളുടെ ഇടപെടലുകൾ എൻഡമിക് പക്ഷികളുടെ ആവാസവ്യവസ്ഥക്ക്​ ക്ഷതമേൽപ്പിക്കുന്ന തരത്തിൽ എത്തിയതോടെ നിരോധിക്കുകയായിരുന്നു. 2017ൽ ചെമ്പ്രമലയിൽ പടർന്നുപിടിച്ച കാട്ടുതീയും നിരുത്തരവാദിത്വ സഞ്ചാരത്തിന്‍റെ ബാക്കിപത്രമായിരുന്നു.

നൂറ്റമ്പതോളം ഏക്കർ പുൽമേടുകൾ കത്തിയെരിഞ്ഞ ആ തീപിടുത്തത്തിൽ ഒട്ടനവധി ജന്തുജാലകങ്ങളാണ് വെന്തെരിഞ്ഞത്​. ടൂറിസ്റ്റുകൾ പ്രകൃതിയോടും സന്ദർശിക്കുന്ന ഇടങ്ങളിലെ ആവാസ്ഥവ്യവസ്ഥതയോടും കാണിക്കേണ്ട അടിസ്ഥാന ബഹുമാനമില്ലായ്മ കാരണമുണ്ടായ അന്നതെ തീപിടുത്തത്തിൽ നഷ്​ടപ്പെട്ട ജൈവവൈവിധ്യം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിയിലായിട്ടില്ല. പ്രവേശനകവാടത്തിനരികിൽ നിർബന്ധപൂർവം ബാഗുകൾ പരിശോധിച്ചപ്പോൾ ഫോറസ്റ്റ് വാച്ചറോട് തോന്നിയ നീരസത്തിൽ ഖേദം തോന്നിയത് മലമുകളിലെ വാച്ചർ ഈ കഥകളൊക്കെയും പറഞ്ഞുതീർന്നപ്പോയായിരുന്നു.


സഞ്ചാരികളേറെയും മലയിറങ്ങി തുടങ്ങിയിരിക്കുന്നു. ചെമ്പ്ര വിശേഷങ്ങൾ പകർത്താനെത്തിയ ടെലിവിഷൻ സംഘം തടാകക്കരയിൽ കാഴ്​ചകളൊപ്പിയെടുക്കുന്നുണ്ട്‌. മലയോരത്തെ ചോലക്കാടുകളില്‍നിന്ന് പേരറിയാ കിളികളുടെ ചിലമ്പലുകൾ കേൾക്കാം. കോടമേഘങ്ങൾ കാറ്റിന്‍റെ ദിശയിൽ മലമുകളിൽ നിഴൽ പരത്തി നീങ്ങിക്കൊണ്ടിരുന്നു. ഇനി മലയിറക്കമാണ്. വിശപ്പിന്‍റെ കാഠിന്യം ചെമ്പ്രക്ക്​ മുകളിലെത്തും മുമ്പ്‌ മേപ്പാടിയിലെത്തണം.

കുതിച്ചും കിതച്ചും കിടന്നും നടന്നും ഒന്നര മണിക്കൂർ കൊണ്ട്‌ കയറിയെത്തിയ മല, പക്ഷെ അര മണിക്കൂർ കൊണ്ട്‌ തിരിച്ചിറങ്ങാനായി. പാർക്കിങ്ങിൽ ചെന്ന് വണ്ടിയെടുത്തതും വഴിയരികിലെ അരുവിയിൽനിന്ന് വെള്ളം ശേഖരിച്ചതും യാന്ത്രികമായി സംഭവിച്ചെങ്കിലും മേപ്പാടിയിലെ ഹോട്ടലിൽ ഉച്ചസമയത്ത്‌‌ ചെന്ന് ചൂടുചായക്ക്​ പറഞ്ഞത്‌ മനസ്സറിഞ്ഞ്‌ തന്നെയായിരുന്നു.


 

​Travel info:

വയനാട്​ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് മേപ്പാടി വഴി 18 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്പ്രയിലെ വനംവകുപ്പ് ടിക്കറ്റ് കൗണ്ടറിലെത്താം. രാവിലെ ഏഴ് മുതൽ ആരംഭിക്കുന്ന ട്രെക്കിങ്ങിനുള്ള പ്രവേശനം 200 പേർ തികയുന്നത് വരെ തുടരും. കാലാവസ്ഥ പ്രവചനാതീതമായതിനാൽ റെയിൻ കോട്ട്, കൂളിംഗ് ഗ്ലാസ് എന്നിവ കരുതുന്നത് നന്നാവും.

ആയാസകരമായി മലകയറാൻ ട്രെക്കിങ്​ ബൂട്ടുകൾ സഹായകരമാവും. കുടിവെള്ളം കഴിയുന്നതും വീട്ടിൽനിന്ന് കൊണ്ടുവരാൻ ശ്രമിക്കുക. ഭക്ഷണം കൊണ്ടുപോവുന്നവർ പ്ലാസ്റ്റിക് കവറുകൾ നിർബന്ധമായും ഒഴിവാക്കണം. പഴവർഗങ്ങൾ, ഡ്രൈഫ്രൂട്സ് തുടങ്ങിയവ ട്രെക്കിങ്ങിനുള്ള ഊർജം നൽകാൻ സഹായിക്കും.




Tags:    
News Summary - When Chembra calls years later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.