കാടുതേടിയൊരു ഫോട്ടോഗ്രാഫർ

കാടിനെ പ്രണയിക്കുന്നവർ എത്രതന്നെ ദൂരത്താണെങ്കിലും തേടി പിടിച്ച് കാട്ടിലെത്തും. ഇത്തരത്തിൽ കാടിനെ പ്രണയിക്കുന്ന ഒരു ഫോട്ടോഗ്രാഫറുണ്ട് ദുബൈയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഷംസുദ്ദീൻ മജീദ് എന്ന മച്ചു. ദുബൈയിലെ തിരക്ക് പിടിച്ച ജീവിതം മടുക്കുമ്പോൾ കാട് കയറാനുള്ള പ്ലാനുമായി മച്ചു യാത്ര തുടങ്ങും. പിന്നെ വൈബൊന്ന് വേറെയാണ്. ഒരുപാട്​ നല്ല ചിത്രങ്ങൾ മച്ചുവിന്‍റെ കാമറക്കണ്ണിൽ വിരിഞ്ഞിട്ടുണ്ട്. ആരും കാണാത്ത നിഗൂഢതകൾ നിറഞ്ഞ കാടും മനോഹരമായ കാടിന്‍റെ വശ്യമായ മറ്റൊരു മുഖവും വന്യ മൃഗങ്ങളുമെല്ലാം കാമറയിൽ പകർത്തുന്നതാണ് മച്ചുവിന് പ്രിയം.

കാടിന്‍റെയും മൃഗങ്ങളുടെയുമൊക്കെ നേർച്ചിത്രമാണ് മച്ചുവിന്‍റെ ഓരോ ക്ലിക്കിലും കാണാനാവുക. കാടിനകത്ത് മൃഗങ്ങൾക്കായി കാത്തിരുന്ന് ആഗ്രഹിച്ചപോലെയൊരു ക്ലിക്കിൽ വിസ്മയിപ്പിക്കുന്ന കാടിന്‍റെ മനോഹാര്യത ഒപ്പിയെടുക്കുമ്പോൾ ലഭിക്കുന്ന ആത്മ സംതൃപ്തിയൊന്ന് വേറെ തന്നെയാണെന്ന് മച്ചു പറയുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയാണ് ഇഷ്ട മേഖല. സോഷ്യൽ മീഡിയകളിലൂടെ താനെടുത്ത ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ട്. കാടിനോടും പ്രകൃതിയോടുമൊക്കെ പ്രണയത്തിലായ മച്ചു നാട്ടിലെത്തിലെത്തിയാൽ നേരെ ചെല്ലുന്നത് കാട്ടിലേക്കായിരിക്കും. പിന്നീട് സഫാരിയൊക്കെ കഴിഞ്ഞാണ് യു.എ.ഇയിൽ തിരിച്ചെത്തുക. പണ്ടു മുതലേ ഫോട്ടോഗ്രഫി ഇഷ്ടമാണെങ്കിൽ കൂടി യു.എ.ഇയിലെത്തി ജോലിയിൽ പ്രവേശിച്ചതോടെയാണ് ക്യാമറയും മറ്റും വാങ്ങുന്നത്. പിന്നീട് കാട് തിരഞ്ഞുളള യാത്രകളായിരുന്നു. ആദ്യമൊക്കെ ഫിലിം ക്യാമറയിലാണ് ഫോട്ടോ എടുത്തിരുന്നത്.


വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ എൻ.എ. നസീറാണ് ഗുരു. മൃഗങ്ങളുടെ ഫോട്ടോയെടുക്കാനും പക്ഷികളെ നിരീക്ഷിച്ച് മനോഹരമായ ഫോട്ടോകൾ ക്ലിക്ക് ചെയ്യാനുമാണ് താൽപര്യം. അദ്ദേഹത്തോടൊപ്പം കാട്ടിൽ പോയി നിരവധി ഫോട്ടോകളെടുത്തിട്ടുണ്ട്. നാച്ചുറൽ സ്റ്റഡീസ് ക്യാമ്പുകളിലും അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. യു.എ.യിൽ ജോലി ചെയ്യുന്നത് ദുബൈയിലാണെങ്കിലും പ്രകൃതിയോടുള്ള ഇഷ്ടം കൊണ്ട് ടൗണിൽ നിന്ന് മാറി ഭാര്യ റഫ്സിനക്കും രണ്ട് മക്കൾക്കുമൊപ്പം ഉമ്മുൽഖുവൈനിലാണ് താമസം. നാട്ടിലെത്തിയാൽ ബൈക്കുമെടുത്ത് കാടു തേടിയിറങ്ങുന്ന ഈ ഫോട്ടോഗ്രാഫർ കൂടുതലായും കർണ്ണാടക കാടുകളിലാണ് പോവാറുള്ളത്. കബനി, ബന്ദിപുർ, മസിനഗുഡി തുടങ്ങിയ കാടുകളുടെ മനോഹാര്യത വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ടെങ്കിലും ഓരോ തവണയും പുതിയ അനുഭൂതിയായിരിക്കും കാട് സമ്മാനിക്കുക എന്ന് മച്ചു പറയുന്നു. ഓരോ യാത്രകളും വ്യത്യസ്ഥമായ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നവയാണ്. ഒരിക്കൽ കബനിയിൽ വെച്ച് വേട്ടയാടുന്ന കടുവയെ തൊട്ടടുത്ത് കാണാൻ പറ്റിയതും മറക്കാൻ പറ്റാത്ത മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായിരുന്നു.

മസിനഗുഡിയിലെ മോക്ക് ചാർജിംഗ്

മോക്ക് ചാർജിങ്ങിനെക്കുറിച്ച് കേട്ടിട്ടുണ്ടോ...? ആനകൾ നമ്മെ ഭയപ്പെടുത്തി നമ്മൾ ഉപദ്രവകാരികളാണോ എന്ന് ടെസ്റ്റ് ചെയ്യുന്നതാണത്. മസിനഗുഡിയിൽ വെച്ച് അത്തരത്തിലൊരനുഭവത്തിന് സാക്ഷ്യം വഹിച്ച യാത്രയെ കുറിച്ച് മച്ചു വിവരിക്കുന്നു.

തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് മനസ്സിന് കുളിർമ്മയേകുന്ന യാത്രയായിരുന്നു മസിനഗുഡിയിലേക്കുള്ളത്. നാട്ടിലെത്തി അന്ന് തന്നെ ബാഗും തൂക്കിയിറങ്ങി. കാട് കാണണം, ഒപ്പം കാടിന്‍റെ വശ്യമായ സൗന്ദര്യം ഒപ്പിയെടുക്കണം. മൂന്ന് സുഹൃത്തുക്കളും കൂട്ടിനുണ്ടായിരുന്നു. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ മുതുമലൈ ടൈഗർ റിസർവിനിടയിലൂടെ ജീപ്പിലാണ് യാത്ര. വളഞ്ഞുപുളഞ്ഞ ചെറിയ ടാറിട്ട പാത. കാടിനെ പ്രണയിക്കുന്നവർക്ക് ഈ വഴിക്ക് ജീപ്പിൽ പോകുന്ന യാത്ര കാമുകിയുടെ മടിയിൽ തലവച്ച് ഉറങ്ങുന്ന പ്രതീതിയാണെന്നാണ് മച്ചുവിന്‍റെ അഭിപ്രായം. റോഡിന്‍റെ ഇരുവശവും പുള്ളിമാനുകളും ആനകളെ പ്രതീക്ഷിച്ച് കാട്ടുപാതയിലൂടെയുള്ള യാത്രയും മനസ്സിൽ തങ്ങി നിൽക്കുന്നതാണെന്ന മച്ചുവിന്‍റെ വിവരണം കേട്ടാൽ തന്നെ ആ വഴിക്കൊന്ന് കാട് കയറാൻ തോന്നും. മൂന്നുഭാഗവും മലകളാൽ ചുറ്റപ്പെട്ട കൊച്ചു ഗ്രാമമാണ് മസിനഗുഡി. അവിടെയുള്ള നാട്ടുകാർക്കൊക്കെ കാടിന്‍റെ നിറവും മണവുമാണ്. ഫോട്ടോഗ്രാഫറും, എഴുത്തുകാരനുമായ എൻ.എ നസീറിനൊപ്പമാണ് യാത്ര. അദ്ദേഹത്തോടുള്ള കടുത്ത ആരാധനയുടെ ഭാഗമായാണ് കാടിനെ പ്രണയിച്ചു തുടങ്ങിയതു തന്നെ. ക്യാമറയുടെ വയറു മുഴുവൻ കാടിന്‍റെ നിറവും അതിനുള്ളിൽ വസിക്കുന്നവരുടെ ചിത്രവും നിറക്കണമെന്ന് ആഗ്രഹിച്ചാണ് ക്യാമറ സെറ്റ് ചെയ്തത്.

നസീർക്കയുള്ള ജീപ്പിലാണ് മച്ചു കയറിയത്. വനത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പുള്ളി മാൻ കൂട്ടങ്ങളും മയിലുകളയുമൊക്കെ കണ്ടു. പെട്ടെന്ന് മാനം കറുത്തിരുണ്ടു. നല്ല തകർപ്പൻ മഴ. ഒരു മണിക്കൂറോളം കാടിനുള്ളിലെ ആ ഗംഭീര മഴ ആസ്വദിച്ചു. കാട്ടുമൃഗങ്ങളെ ഒന്നും കാണുന്നില്ലെന്ന് ജീപ്പ് ഡ്രൈവറും കൂടെയുള്ളവരും പരാതി പറയുന്നുണ്ടായിരുന്നു. കാടിനുള്ളിലെ ആദിവാസി ഗ്രാമത്തിൽ വരെയാണ് സഫാരി അനുവദിച്ചിട്ടുള്ളത്. ഗ്രാമത്തിലെ അമ്പലത്തിനടുത്ത് എല്ലാ ജീപ്പുകളും നിർത്തി ഇത്തിരി നേരം കാത്തിരുന്നു. മഴ ചോർന്നാൽ തിരിച്ചുപോകുമ്പോൾ കരടിയെ കാണാമെന്ന് നസീർക്ക പറഞ്ഞു. ടൈഗർ സൈറ്റ് വരെയുള്ള വഴിയിലാണ് പോകുന്നത് പക്ഷേ മഴ കാരണം അത് മുടങ്ങി. മഴയുടെ ശക്തി എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത്, അങ്ങോട്ട് പോകുമ്പോൾ റോഡിനു കുറുകെ ഉണ്ടായിരുന്ന ഒരു ചെറിയ തോട് കലക്കി തിമിർത്തു നല്ല ഒഴുക്കോടെ കൂടി വലിയ കാട്ടാർ ആയി മാറിയത് കണ്ടപ്പോഴാണ്. കരുതലോടെയാണ് ഡ്രൈവർമാർ ആ കാട്ടാർ കുറുകെ കടന്നത്. ഒഴുക്കിന്‍റെ ശക്തി അത്രത്തോളം ഭയം ഉളവാക്കുന്നതായിരുന്നു.

കാടിന്‍റെ ചെറിയ സമ്മാനമെന്നോണം റോഡിൽ നിന്നും 300 അടിയോളം അകലെ ആനക്കൂട്ടങ്ങളെ കാണാനായതും മച്ചു ഓർക്കുന്നു. ഒരു കൊമ്പൻ, മൂന്ന് പിടി, പിന്നെ ഒരു കുഞ്ഞും. റോഡ് കുറുകെ കടക്കാനായിരുന്നു ആനകളുടെ പ്ലാൻ. അതുകൊണ്ടുതന്നെ ജീപ്പ് നിന്നിടത്തുനിന്ന് ആനകൾ പിന്നിലേക്ക് നടന്നു. ഡ്രൈവർ എൻജിൻ ഓഫ് ചെയ്തു. ചെറിയൊരു കയറ്റമായതിനാൽ ജീപ്പ് ന്യൂട്രൽ ഗിയർ ഇട്ട് പിന്നോട്ട് എടുത്തു. ഇപ്പോൾ ആനകൾ ജീപ്പിന് നേരെ മുന്നിൽ വെറും 100 അടി അകലത്തിൽ, ക്യാമറയിൽ പകർത്താൻ ആവുന്ന എല്ലാ പരിശ്രമവും നടത്തി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ജീപ്പിന് അഭിമുഖമായി നിന്ന് ഒരു കൊമ്പൻ അതിന്‍റെ എല്ലാ ശക്തിയും പുറത്തെടുത്ത് ജീപ്പിന് നേരെ ഒറ്റ കുതിപ്പ്.

ചിന്നം വിളിയും പൊടിപടലങ്ങളുമായി ജീപ്പിന് നേർക്കുള്ള വരവ് കണ്ട്​ ജീപ്പിലുള്ള സ്ത്രീകൾ എല്ലാം ആർത്തുനിലവിളിച്ചു. ഉടനടി പരിചിതനായ ഡ്രൈവർ ജീപ്പ് സ്റ്റാർട്ട് ചെയ്ത് എൻജിൻ ഇരപ്പിച്ചു. ജീപ്പിന് രണ്ട് മീറ്റർ അകലെ ആന സഡൻ ബ്രേക്ക് ഇട്ടു നിന്നു, പിന്നെ അത് തിരിച്ചു പോയി, ഒച്ച വെക്കല്ലേ എന്ന് നസീർക്ക പറയുന്നുണ്ടായിരുന്നു. ആന ഒന്നും ചെയ്യില്ല എന്നും അത് നമ്മെ ഭയപ്പെടുത്താൻ വേണ്ടി മോക്ക് ചാർജിങ് നടത്തിയതാണെന്നും വിശദീകരിച്ചു. മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽ നിന്നും എല്ലാവരും അയഞ്ഞു പൂർവ്വസ്ഥിതിയിലേക്ക് വന്നു. കണ്ടുനിന്ന മറ്റു ജീപ്പിലെ ആളുകൾ വരെ ഭയന്നിരുന്നു. ആനയുടെ ആ വരവിൽ ജീപ്പിനെ ഇടിക്കുകയാണെങ്കിൽ ഒരു 500 മീറ്റർ അകലെ ആവും ജീപ്പ് ചെന്ന് വീഴുക എന്ന് മനക്കണക്ക് കൂട്ടി. "MACHUS CLICK" ന് ഒരു ചിത്രം പോലും ആ കാടിന് തരാൻ പറ്റിയില്ലെങ്കിലും മനസ്സിൽ ഒരായിരം മാഞ്ഞു പോവാത്ത ചിത്രങ്ങൾ ക്ലിക്കിയിട്ടാണ് ആ കാടിനോട് വിടപറഞ്ഞത്.

Tags:    
News Summary - Wildlife photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.