നീലഗിരി മാർട്ടിൻ (ചിത്രങ്ങൾ: ശബരി വർക്കല)

വെള്ള കാട്ടുപോത്തിന് പിന്നാലെ 'നീലഗിരി മാർട്ടിൻ'; അപൂർവ ചിത്രങ്ങളുമായി ശബരി വർക്കല

'മാധ്യമം' ഓൺലൈനിലൂടെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് മുന്നിൽ തുറന്നുകാട്ടിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് ശബരി വർക്കല. 2019ൽ 'വെള്ള കാട്ടുപോത്ത്' എന്ന അത്ഭുത പ്രതിഭാസത്തെ 'ശബരി ദി ട്രാവലർ' എന്ന തന്‍റെ യുട്യൂബ് ചാനലിലൂടെ സാധാരണക്കാരിലെത്തിച്ച അദ്ദേഹത്തിന്‍റെ കാമറ, ഇത്തവണ പകർത്തിയത് വംശനാശ ഭീഷണി നേരിടുന്ന 'നീലഗിരി മാർട്ടിൻ' എന്ന ജീവിയെയാണ്. മലയാളത്തിൽ കറുംവെരുക് എന്നും തമിഴിൽ മരനായ എന്നും നീലഗിരി മാർട്ടിൻ വിളിക്കപ്പെടുന്നു.

നീലഗിരി മാർട്ടിനെ കാമറയിൽ പകർത്തിയതിനെ കുറിച്ച്...

തിരുനെല്ലി കാടിനുള്ളിൽ തലേന്ന് രാത്രി വന്നപ്പോൾ കണ്ട ഒറ്റയാനെ തേടി രാവിലെ തന്നെ കാമറയുമായി പുറപ്പെട്ടു. രാത്രി നിന്നിരുന്ന സ്ഥലത്തു നിന്നും കുറച്ചു മാറി റോഡിന് എതിർവശത്തായി പുല്ല് തിന്നു രസിക്കുകയായിരുന്നു ആ കരിവീരൻ. കുറച്ച് അകലം പാലിച്ചു നിന്നുകൊണ്ട് ആ കൊമ്പന്‍റെ ചിത്രങ്ങൾ പകർത്തവെയാണ് റോഡിന്‍റെ മറുവശത്തെ കാടിനുള്ളിൽ നിന്നും എന്തോ ഒന്ന് പെട്ടെന്ന് ചാടി വരുന്നതായി കണ്ണിൽപ്പെട്ടത്.

2019ൽ ശബരി പകർത്തിയ വെള്ളകാട്ടുപോത്തിന്‍റെ ചിത്രം

ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു അത് നീലഗിരി മാർട്ടിൻ തന്നെ. വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും ഗവേഷകരുടെയും മുന്നിൽ പിടികൊടുക്കാതെ നടക്കുന്ന അപൂർവ ജീവി. പൊതുവെ പശ്ചിമഘട്ട മലനിരകളുടെ നീലഗിരി മൂന്നാർ ഭാഗങ്ങളിൽ വളരെ വിരളമായി മാത്രമാണ് നീലഗിരി മാർട്ടിൻ കാണാറുള്ളത്.


തല മുതൽ പൃഷ്ഠം വരെ ബ്രൗൺ നിറവും കഴുത്തിന് അടിഭാഗം മഞ്ഞനിറവും രോമാവൃതമായ നീളമേറിയ വാലും ഒക്കെയാണ് ഇതിന്‍റെ പ്രത്യേകതകൾ. രണ്ടു കിലോ വരെ ആണ് ഇവയുടെ ഭാരം കണക്കാക്കുന്നത്. രോമാവൃതമായ വാലിന് ഏകദേശം 45 സെന്‍റീമീറ്ററോളം നീളവും കാണാറുണ്ട്. വൃക്ഷങ്ങളിലാണ് ഇവ കേമന്മാരെന്ന് വായിച്ചിട്ടുണ്ട്.

കണ്ടമാത്രയിൽ തന്നെ തല പൊന്തിച്ച് കാമറക്ക് ഒരു പോസും തന്നിട്ട് റോഡ് മുറിച്ച് ഒരൊറ്റ ചാട്ടമായിരുന്നു കാട്ടിനുള്ളിലേക്ക്. കാമറ ഷട്ടറുകളേക്കാൾ വേഗമായിരുന്നു നീലഗിരി മാർട്ടിന്‍റെ ചാട്ടത്തിന് അതിനാൽ അധികം ചിത്രങ്ങൾ പകർത്താനോ സൗന്ദര്യം ആസ്വദിക്കാനോ സാധിച്ചില്ല.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.