പണം വന്ന വഴി

മ്മളെല്ലാവരും ഒരു തരത്തിൽ സാമ്പത്തിക വിദഗ്ധരല്ലേ? ശാസ്ത്ര വിഷയങ്ങളാണ് താൽപര്യമെങ്കിൽ പോലും സ്വന്തം വരവും ചെലവും കൂട്ടിമുട്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ. സ്കൂളിൽ പോകാൻ നേരം കൈയിൽ കിട്ടുന്ന പോക്കറ്റ് മണി എന്തിനെല്ലാം ഉപയോഗിക്കണമെന്ന് കണക്കുകൂട്ടി ഉപയോഗിക്കുന്നവരാണ് മിക്കവരും. വീട്ടിലെ കാര്യമെടുത്താലും അങ്ങനെതന്നെ, വരുമാന​ത്തിനനുസരിച്ച് ചെലവ് കൂട്ടി​മുട്ടിക്കാനും സമ്പാദ്യം സൂക്ഷിക്കാനുമെല്ലാം രക്ഷിതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതും നിങ്ങൾക്കറിയാം. ഇതിനെല്ലാം ആവശ്യമായി വരുന്ന ഒരേയൊരു കാര്യം പണമാണ്. എന്നാൽ, പണം എങ്ങനെ വന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ​?

ബാർട്ടർ സമ്പ്രദായം

പണം കണ്ടുപിടിക്കുന്നതിനു മുമ്പ് ജനങ്ങൾ അവരുടെ ആവശ്യങ്ങൾ നി​റവേറ്റുന്നതിനായി സാധനങ്ങളും സേവനങ്ങളും പരസ്പരം കൈമാറുകയായിരുന്നു രീതി. തങ്ങളുടെ കൈയിലില്ലാത്തതും എന്നാൽ ആവശ്യമുള്ളതുമായ വസ്തുക്കൾ, കൈവശമുള്ള വസ്തുക്കൾക്ക് പകരമായി വാങ്ങുന്നതായിരുന്നു രീതി. ഇതിനെ ബാർട്ടർ സമ്പ്രദായമെന്ന് വിളിക്കും. സാധനങ്ങൾക്ക് പകരം സാധനങ്ങളുടെ കൈമാറ്റമാണ് ഇവിടെ നടക്കുക. വ്യാപാരത്തിന്റെ ആദ്യരൂപമെന്നും ബാർട്ടർ സമ്പ്രദായത്തെ നിർവചിക്കാം. എന്നാൽ, കൈമാറ്റം ചെയ്യുന്ന സാധനങ്ങളുടെ യഥാർഥ മൂല്യം കണക്കാക്കാൻ ഈ സമ്പ്രദായത്തിൽ കഴിയില്ലായിരുന്നു. ബാർട്ടർ സമ്പ്രദായത്തിന്റെ പോരായ്മകളാണ് പണത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്ന് പറയാം.

ഉപ്പിന് പകരം സൈന്യം

ബാർട്ടർ സമ്പ്രദായത്തിന്റെ ചരിത്രം ബി.സി 6000ത്തിന് മുമ്പുതന്നെ തുടങ്ങും. മെസോപൊട്ടോമിയൻ ​ഗോത്ര വിഭാഗങ്ങൾക്കിടയിലാണ് ഈ സമ്പ്രദായം രൂപംകൊണ്ടതെന്ന് കരുതുന്നു. പിന്നീട് ഫൊനീഷ്യന്മാർ ഇത് പിന്തുടർന്നു. ഭക്ഷണം, ആയുധം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവക്ക് വേണ്ടിയാണ് ആദിമ മനുഷ്യർ ബാർട്ടർ സമ്പ്രദായം സ്വീകരിച്ചത്. അന്ന് മൂല്യം ഉയർന്ന വസ്തുക്കളിലൊന്നായിരുന്നു ഉപ്പ്. റോമൻ പട്ടാളക്കാർ ഉപ്പിന് പകരമായി സാ​മ്രാജ്യത്തിനുവേണ്ടി അവരുടെ സേവനങ്ങൾ നൽകിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. കൊളോണിയൽ അമേരിക്കയിൽ അവർക്ക് ആവശ്യമായ ചരക്കുകളും സേവനങ്ങളും ലഭ്യമാക്കാനും ബാർട്ടർ സമ്പ്രദായം ഉപയോഗിച്ച് പോന്നിരുന്നു. മൃഗത്തോൽ, വിളകൾ, ആയുധങ്ങൾ തുടങ്ങിയവയാണ് ഇവർ പ്രധാനമായും വ്യാപാരത്തിനായി ഉപയോഗിച്ചത്. പണം കണ്ടുപിടിച്ചതിന് ശേഷവും ആളുകൾ ഈ കൈമാറ്റം തുടർന്നിരുന്നു.

ആദ്യ ലോഹനാണയം

1000 ബി.സിയിൽ ചൈനയിലാണ് ആദ്യത്തെ ലോഹനാണയം ഉപയോഗിച്ചതെന്ന് കരുതുന്നു. വെങ്കലവും ചെമ്പും പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ ഉപയോഗിച്ചാണ് ഈ നാണയങ്ങൾ നിർമിച്ചത്. പുരാതന ഗ്രീക്കുകാരും നാണയങ്ങളുടെ ആദ്യകാല രൂപങ്ങൾ ഉപയോഗിച്ചിരുന്നു.

പിന്നീട് വെള്ളിയും സ്വർണവും ഉപയോഗിച്ച് നാണയങ്ങൾ നിർമിക്കാൻ തുടങ്ങി. പണത്തിന്റെ ചരി​ത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് സ്വർണം, വെള്ളി നാണയങ്ങളായിരുന്നു. ദേവന്മാരുടെയും ചക്രവർത്തിമാരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തവയായിരുന്നു ആദ്യകാല നാണയങ്ങൾ. ജനങ്ങൾക്കിടയിൽ വിശ്വാസവും ആധികാരികതയും ഉറപ്പിക്കുന്നതിനായിരുന്നു ഇവ ആലേഖനം ചെയ്തത്.

1. രണ്ടുപേരുടെ ആവശ്യങ്ങൾ പരസ്പരം പൊരുത്ത​പ്പെട്ടാൽ മാത്രമേ കൈമാറ്റം സാധ്യമാകൂ. ഒരാൾക്ക് വിൽക്കാനുള്ളത് കുരുമുളകാണെങ്കിൽ അവ വാങ്ങാൻ തയാറായ ഒരാളെ കണ്ടെത്തണം. പക്ഷേ, പകരം കിട്ടുന്ന സാധനം കുരുമുളക് വിൽക്കുന്നയാൾക്ക് ആവശ്യമുള്ളതുമായിരിക്കണം.

2. ഓരോ സാധനവും കൈമാറ്റം ചെയ്യുന്നത് വ്യത്യസ്ത അളവിലായിരിക്കും. മൂല്യം അളക്കാൻ പൊതുവായ മാനദണ്ഡം അതിനാൽ കണക്കാക്കാൻ സാധിക്കില്ല. ​ഉദാഹരണത്തിന് നെല്ല് കൊടുത്ത് സ്ഥലം വാങ്ങിയിരുന്നു. നെല്ലിന്റെയോ സ്ഥലത്തിന്റെയോ യഥാർഥ മൂല്യം അതിനാൽ കണക്കാക്കാൻ സാധിക്കില്ല.

3. സൂക്ഷിച്ചുവെക്കാൻ സാധിക്കില്ല എന്നതാണ് മറ്റൊരു പോരായ്മ. പണമാണെങ്കിൽ സൂക്ഷിച്ചുവെക്കാൻ സാധിക്കും. എന്നാൽ ധനം സൂക്ഷിച്ചുവെക്കുന്നത് സാധനങ്ങളാ​യിട്ടാണെങ്കിൽ അവ ഒരുപാട് കാലം സൂക്ഷിച്ച് വെക്കാൻ സാധിക്കില്ല.

4. സാധനങ്ങൾ വിഭജിച്ച് കൈമാറ്റം ചെയ്യാൻ കഴിയില്ല. ഉദാഹരണം ആട്, കോഴി, പശു തുടങ്ങിയവയെ വിൽക്കുമ്പോൾ വിഭജിച്ച് നൽകാൻ കഴിയില്ല. എന്നാൽ പഴം, നെല്ല് എന്നിവയിൽ ഇവ സാധ്യമാണുതാനും.

1000 ബി.സി; അടിസ്ഥാന ലോഹങ്ങൾ ഉപയോഗിച്ച് ആദ്യ ലോഹ നാണയം വികസിപ്പിച്ചെടുത്തു.

500 ബി.സി; ഇന്നത്തെ നാണയങ്ങൾക്ക് സമാനമായ വിലയേറിയ ലോഹങ്ങൾ ഉപയോഗിച്ച് മുദ്രചെയ്ത നാണയങ്ങൾ ഉപയോഗിച്ച് തുടങ്ങി.

118 ബി.സി; തുകൽ ഉപയോഗിച്ച് ആദ്യത്തെ നോട്ട് നിർമിച്ചു.

700-800 എ.ഡി; ചൈനയിൽ പേപ്പർ പണം ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ യൂറോപ്പിലടക്കം ഇത് പ്രചാരത്തിലെത്തിയില്ല.

1816 എ.ഡി; പേപ്പർ നോട്ടുകൾ സ്വർണത്തിന്റെ മൂല്യവുമായി ചേർത്തുവെച്ചു. ഇത് ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്നു. 1930 വരെ ഇത് തുടർന്നുപോന്നിരുന്നു.

ഇന്ന്; പേപ്പർ​ നോട്ടുകളും നാണയങ്ങളും പുതിയ രീതിയിൽ മുഖം മിനുക്കി ഉപ​യോഗിക്കുന്നു. ഇലക്ട്രോണിക് കറൻസിയുടെ ഉപയോഗവും വ്യാപിച്ചുവരുന്നു.

Tags:    
News Summary - barter system and history of money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT