തിരമലയാളത്തിന്റെ നവഭാവുകത്വം

കഴിഞ്ഞ വർഷം സിനിമമേഖല അതിജീവനത്തിനായി അടരാടുകയായിരുന്നു. കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലകപ്പെട്ടുപോയ സിനിമയെ തിരിച്ചുപിടിച്ച വർഷമായിരുന്നു 2022. നൂറിലേറെ സിനിമകൾ മലയാളത്തിൽ മാത്രം പുറത്തിറങ്ങി. തിയറ്ററിലും ഒ.ടി.ടിയിലുമായി പ്രദർശനത്തിന് എത്തിയ ചില സിനിമകൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. മമ്മൂട്ടിയെന്ന മഹാനടന്റെ കരിയറിയിൽ വൻ വിജയം എഴുതിച്ചേർത്ത ഭീഷ്മപർവം, റോഷാക്ക് എന്നീ ചിത്രങ്ങൾ ബോക്‌സോഫിസിൽ തരംഗമായ വർഷമാണിത്. അമൽനീരദ് എന്ന സംവിധായകന്റെ കൈയടക്കവും മമ്മൂട്ടിയെന്ന നടന്റെ നടനവൈഭവവും ഭീഷ്മപർവത്തെ വൻവിജയമാക്കി മാറ്റി. റോഷാക്കിൽ മമ്മൂട്ടി വീണ്ടും 2022ൽ മലയാളസിനിമയെ ഞെട്ടിച്ചുകളഞ്ഞു. മലയാളി ഇന്നേ വരെ കണ്ടിട്ടില്ലാത്തൊരു കഥാസന്ദർഭം, മമ്മൂട്ടിയുടെ ഗെറ്റപ്പിൽ ഉണ്ടായ മാറ്റം ഒക്കെ റോഷാക്കിന്റെ വൻവിജയത്തിന് കാരണമായി. ഒ.ടി.ടിയിലൂടെ പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രം ട്വൽത് മാനും വിജയചിത്രമായി. എന്നാൽ, റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ കണക്കുകൾ മുന്നൂറിലേറെയാണെങ്കിലും സാമ്പത്തിക വിജയം കൈവരിച്ചവ കുറവായിരുന്നു. ഇത് മലയാള സിനിമ വ്യവസായത്തിന് ആശാവഹമല്ല.

സാമ്പത്തികമായും കലാപരമായും മികച്ച പ്രതികരണം ലഭ്യമായാൽ മാത്രമേ സിനിമ വ്യവസായത്തിന് നിലനിൽപുണ്ടാവൂ. മികച്ച ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്. എന്നാൽ, പൊതുവെ മികച്ച പ്രമേയങ്ങൾക്ക് പ്രേക്ഷകരിൽ നല്ല സ്വീകാര്യതയുണ്ടാവുന്നുണ്ട്. സാധാരണ മട്ടിൽ നിലവിലെ വലിയ താരങ്ങളില്ലാതെ, നെടുങ്കൻ ഡയലോഗുകളില്ലാതെ പ്രദർശനത്തിനെത്തിയ ‘അപ്പൻ’ എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു.

പ്രണവ് മോഹൻലാൽ നായകവേഷത്തിലെത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയമാണ് തിറ്ററിൽ മികച്ച പ്രതികരണം നൽകിയ മറ്റൊരു ചിത്രം. ഏപ്രിലിൽ പ്രദർശനത്തിനെത്തിയ പൃഥ്വിരാജും സുരാജും അഭിനയിച്ച ‘ജനഗണമന’യും വിജയചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.

കഥയും കഥാപാത്രങ്ങളുമെല്ലാം മണ്ണിലേക്കിറങ്ങിവരുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ആരെയും വിസ്മയിപ്പിക്കുന്നതായിരിക്കും. അത്തരമൊരു വിജയചരിത്രമാണ്, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് പറയാനുള്ളത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ഈ ചിത്രത്തിൽ നായകനായി എത്തിയത് കുഞ്ചാക്കോ ബോബനാണ്. കാസർകോടൻ ഭാഷയിൽ അതിഭാവുകത്വമൊന്നുമില്ലാതെ നാട്ടുമ്പുറത്തുകാരനായി ചാക്കോച്ചനെ കാണാൻ പ്രേക്ഷകർ തിയറ്ററിലേക്ക് കുതിച്ചെത്തി. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് നർമത്തിന്റെ മേമ്പൊടി ചേർത്ത് ഒരു സാമൂഹികവിഷയം ജനപക്ഷത്തുനിന്നുകൊണ്ട് പറയാൻ സംവിധായകൻ നടത്തിയ ശ്രമത്തിന് ലഭിച്ചതാവട്ടെ വൻ വിജയമായിരുന്നു.

മലയാളത്തിൽ നിർമിക്കുന്ന ചിത്രങ്ങളുടെ ഒരു പത്തുശതമാനം മാത്രമാണ് വിജയം കൈവരിക്കുന്നത്. ഇതിനിടയിലാണ് കെ.ജി.എഫ്, കാന്താര തുടങ്ങിയ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ അടക്കം തിയറ്ററിൽ പ്രേക്ഷകരെ ത്രസിപ്പിച്ചു മുന്നോട്ടുപോകുന്നത്. ഇത് മലയാളത്തിലെ ഓരോ സിനിമ പ്രവർത്തകരും വ്യക്തതയോടെ പഠിക്കേണ്ട വിഷയമാണ്. കോടികൾ മുടക്കിയാണ് കെ.ജി.എഫ് വിജയിച്ചതെന്ന് വേണമെങ്കിൽ ആശ്വസിക്കാം. എന്നാൽ കാന്താരയോ? ഒരു നടനെ പോലും മലയാളിക്ക് അറിയില്ല. കഥാസന്ദർഭം പോലും മലയാളിക്ക് അന്യമായിരുന്നു. എന്നിട്ടും ആ ചിത്രത്തിന് വലിയ സ്വീകാര്യത മലയാളി പ്രേക്ഷകർക്കിടയിൽ ലഭിച്ചു എന്നത് ഗൗരവരമാണ്. ഏറെക്കാലമായി തകർന്നുപോയിരുന്ന പ്രതാപം തിരികെ പിടിക്കുകയാണ് കന്നട സിനിമ.

ദേശീയതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ട കലാമൂല്യവും ജനപ്രിയവുമായി സിനിമയൊരുക്കിയിരുന്നു നമ്മൾ മലയാളികൾ. എന്നാൽ, എവിടെയോ വലിയ തകർച്ച മലയാളത്തെ ബാധിച്ചിട്ടുണ്ട്. ബിസിനസ് നടക്കുമോ എന്നാണ് ഓരോ നിർമാതാവും ചോദിക്കുക. സിനിമ നല്ലതാണെങ്കിൽ ബിസിനസ് നടക്കും. സിനിമയെ ഒരു ഉൽപന്നമെന്ന നിലയിൽ കാണുമ്പോഴും പ്രേക്ഷകനെ ആകർഷിക്കുന്ന മട്ടിലാവണം ചലച്ചിത്രം. ജോഷി -സുരേഷ് ഗോപി ടീമിന്റെ പാപ്പൻ, ടൊവിനോയുടെ തല്ലുമാല എന്നിവയും വിജയ ചിത്രങ്ങളുടെ പട്ടികയിലിടം നേടി. ഉണ്ണി മുകുന്ദന്റെ മേപ്പടിയാനും മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ജോ ആൻഡ് ജോ, ബെയ്‌സിൽ ജോസഫ് നായകനായെത്തിയ ജയജയ ജയഹേ, പാൽതൂ ജാൻവർ, തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം തിയറ്ററിൽ വിജയം കൈവരിക്കാനായി.

കുഞ്ചാക്കോ, വിനായകൻ, ദിലീഷ് പോത്തൻ, ജോജു എന്നിവർ പ്രധാന വേഷത്തിലെത്തിയ പടയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതും മലയാളം പ്രതീക്ഷയോടെയാണ് കണ്ടത്.

വിനയൻ ബിഗ് ബജറ്റിൽ ഒരുക്കിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ മുതൽ മുടക്കിനും മുകളിൽ ലാഭമുണ്ടാക്കിയ ചിത്രമായി വിലയിരുത്താം. നിവിൻ പോളി, ആസിഫ് അലി കൂട്ടുകെട്ടിൽ എത്തിയ മഹാവീർ പുതുമയുള്ളതെങ്കിലും വിജയമായില്ല. കുടുംബ സദസ്സുകളിൽ എക്കാലവും സ്വീകാര്യതയുണ്ടായിരുന്ന ഹിറ്റ് മേക്കറാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ മകൾ എന്ന ചിത്രവും ഈ വർഷം ഇറങ്ങിയതാണ്.

അപർണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ ഒരുക്കിയ ‘ഇനി ഉത്തരം’, റോഷൻ ആൻഡ്രൂസ് ദുൽഖർ ചിത്രം ‘സല്യൂട്ട്’,

മഞ്ജു വാര്യർ നിർമിക്കുകയും ബിജുമേനോനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ‘ലളിതം സുന്ദരം’ തുടങ്ങിയ ചിത്രങ്ങളും നല്ലത് എന്ന് പ്രേക്ഷകർ പറഞ്ഞെങ്കിലും സാമ്പത്തിക വിജയചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്തിയില്ല.

നവ്യാ നായർ തിരികെ വന്ന ചിത്രമായിരുന്നു ‘ഒരുത്തി’. വിനായകൻ, സൈജു കുറുപ്പ് തുടങ്ങിയവർ അഭിനയിച്ച് വി.കെ. പ്രകാശ് സംവിധാനം നിർവഹിച്ച ‘ഒരുത്തി’ നല്ല പ്രമേയമായിരുന്നിട്ടും മുന്നേറാൻ കഴിഞ്ഞില്ല. മലയാളി സംവിധായകരിൽ ഏറെ ശ്രദ്ധേയനായ കെ.പി. കുമാരൻ ഒരുക്കിയ ‘ഗാമവൃക്ഷത്തിലെ കുയിൽ’ മലയാളികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടില്ല. ശ്രീവൽസൻ ജെ. മേനോൻ നായകനായ ഈ ചിത്രം മഹാകവി കുമാരനാശാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയായിരുന്നു. ‘പട’യ്ക്ക് നല്ല സ്വീകാര്യത ലഭിച്ചപ്പോൾ ‘പടവെട്ടി’ന് പ്രേക്ഷകരിൽ നല്ല പ്രതികരണമായിരുന്നില്ല. മോഹൻ ലാലിന്റെ മോൻസ്റ്ററിനും തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.

തെക്കൻ തല്ല്, ദി ബ്രെയ്ൻ, വാശി, വിചിത്രം ജോൺ ലുതാർ, ഗോൾഡ്, മലയൻകുഞ്ഞ് തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിലും പുഴു, ഇന്നലെ വരെ, 19(1)a തുടങ്ങി ഒരുപാട് ചിത്രങ്ങൾ ഒ.ടി.ടിയിലും പ്രദർശനത്തിനെത്തി. അഭിപ്രായങ്ങൾ ഉണ്ടായെങ്കിലും പലതും സാമ്പത്തിക വിജയം കൈവരിച്ചില്ല. ആസിഫ് അലി- ജിത്ത് കൂട്ടുകെട്ട് ഒരത്ഭുതം കാണിച്ച ചിത്രമായിരുന്നു കൂമൻ. തിയറ്ററുകൾ പലതിലും ഷോ ബ്രേക്ക് കൂടി ഉണ്ടായിട്ടുണ്ട്. പരീക്ഷണ ചിത്രങ്ങളും ത്രസിപ്പിക്കുന്ന പ്രമേയങ്ങളും സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സ്ത്രീപക്ഷ സിനിമകൾ മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നതും സിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനകളാണ്.

Tags:    
News Summary - Malayalam films at 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT