വർണക്കടലാസിൽ പൊതിഞ്ഞ കൊതിയൂറുന്ന രുചികളിലുള്ള വിവിധതരം മിഠായികൾ കുട്ടികളെ എന്നും ആകർഷിക്കുന്നവയാണ്. ഇങ്ങനെ കൊതിപ്പിക്കുന്ന മിഠായികൾ ഒരു വിമാനം നിറയെ നമുക്ക് കിട്ടിയാലോ. സന്തോഷം കൊണ്ട് തുള്ളിച്ചാടുമല്ലേ... അങ്ങനെയൊരു സമ്മാന മിഠായിയുടെ കഥ പറയാനുണ്ട് പടിഞ്ഞാറൻ ജർമനിയിലെ കുട്ടികൾക്ക്. ശീതയുദ്ധ സമയം. ലോകത്തെ രണ്ടു വലിയ ശക്തികളായി അമേരിക്കയും സോവിയറ്റ് യൂനിയനും നിൽക്കുന്നു. ശീതയുദ്ധത്തിൽ ജർമനിയും തലസ്ഥാനമായ ബർലിനും നാല് സൈനിക മേഖലകളായി വിഭജിക്കപ്പെട്ടിരുന്നു. അവയുടെ നിയന്ത്രണം സോവിയറ്റ് യൂനിയനും അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ഏറ്റെടുത്തു.
1948ലായിരുന്നു ബർലിൻ ഉപരോധം. ആ സമയത്ത് ഏറെ ദുരിതമനുഭവിച്ചത് പടിഞ്ഞാറൻ ജർമനിയിലെ കുട്ടികളായിരുന്നു. അവർക്ക് കഴിക്കാൻ ഒരു മിഠായി പോലും ലഭിക്കാതെയായി. ഈയൊരു സംഗതി അമേരിക്കൻ വൈമാനികനായ ഗെയ്ൽ ഹാൽവോർസൻ മനസ്സിലാക്കിയിരുന്നു. അദ്ദേഹം കുട്ടികൾക്ക് മധുരം നൽകുവാൻ തീരുമാനിച്ചു. അങ്ങനെ ഓപ്പറേഷൻ ലിറ്റിൽ വൈറ്റൽസ് എന്ന പദ്ധതിയും തയാറാക്കി. വിവിധ തരത്തിലുള്ള മിഠായികളും മധുരപലഹാരങ്ങളും ച്യൂയിങ്ഗമ്മുകളും സംഘടിപ്പിച്ചു. തൂവാലകൾകൊണ്ട് ചെറു പാരച്യൂട്ടുണ്ടാക്കി മിഠായികൾ അതിൽ കെട്ടി വിമാനത്തിൽ നിന്ന് അവ താഴേക്ക് ഇട്ടു. മിഠായികൾ താഴേക്ക് വീഴുമ്പോൾ കുഞ്ഞുങ്ങൾക്ക് വേദനിക്കാതിരിക്കാനാണത്രെ അദ്ദേഹം പാരച്യൂട്ടുകളിലാക്കി താഴേക്കിട്ടിരുന്നത്. ഗെയിലിന്റെ പ്രവൃത്തി നാട്ടിലാകെ പാട്ടായി. അതോടെ കുട്ടികൾ ഈ മിഠായി വിതരണക്കാരനെ കാത്തിരിക്കുക പതിവായി. ബെർലിൻ മിഠായി ബോംബർ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ചങ്ങാതി ഏകദേശം എട്ടു മാസത്തോളം ഇങ്ങനെ മിഠായി നൽകിക്കൊണ്ടിരുന്നു.
ക്രമേണ മിഠായിയോടൊപ്പം ആശംസകളെഴുതിയ വർണക്കടലാസുകളും കുഞ്ഞുങ്ങൾക്കായി നൽകിത്തുടങ്ങി. മിഠായി വിതരണം ഇവിടംകൊണ്ട് അവസാനിച്ചിരുന്നില്ല. ബോസ്നിയ ഹെർസഗോവിന, അൽബേനിയ, ജപ്പാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ കുഞ്ഞുങ്ങൾക്കും മിഠായിപ്പൊതികളുമായി അദ്ദേഹം ചെന്നെത്തി. ഇരുപത്തിയഞ്ച് വർഷത്തോളം അദ്ദേഹം ഇത് തുടർന്നു. വിവിധ വർണങ്ങളിലും നിറങ്ങളിലുമുള്ള ഇരുപത്തിമൂന്നോളം ടൺ മിഠായികൾ 250,000 തൂവാലകളിലാക്കി ചോക്ലേറ്റ് അങ്കിൾ എന്ന് വിളിക്കുന്ന ഗെയ്ൽ ഹാൽവോർസൻ കുട്ടികൾക്കായി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.