'മരണമില്ലാത്ത മനുഷ്യൻ' എന്നാണ് അയർലൻഡിലെ ഡബ്ലിനിൽ 1847ൽ ജനിച്ച ബ്രാം സ്റ്റോക്കർ തന്റെ കഥാപാത്രം ഡ്രാക്കുളയെ വിശേഷിപ്പിക്കുന്നത്. കഥാപാത്രമെന്ന് പറയുമ്പോഴും നമ്മുടെയൊക്കെ അകതാരിൽ ഡ്രാക്കുള ഒരു കഥാപാത്രമല്ലെന്നും കഥയിലേക്ക് ബ്രാം സ്റ്റോക്കർ സന്നിവേശിപ്പിച്ച അസാധാരണമായ ഒരു രൂപമാണെന്നുമുള്ള ധാരണ അങ്ങനെ മിഴിവാർന്ന് നിൽക്കുന്നുണ്ട്. ലോകത്തെ ഇത്രകാലവും ഭയത്തിന്റെ നിഴലിൽ നിർത്താൻ കെൽപ്പാർന്ന മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല. നാം യക്ഷിക്കഥകൾ എന്നും പ്രേത-പിശാച് -സാത്താൻ കഥകളെന്നുമൊക്കെ വിശേഷിപ്പിച്ച ആയിരക്കണക്കിന് കഥകളും ഭീതിദമായ സംഭവങ്ങളും ലോകത്തുണ്ടായിട്ടുണ്ട്. എന്നാൽ, ഡ്രാക്കുളപോലെ ആഴത്തിൽ വേരോടിയ കഥാപാത്രം മറ്റൊന്നില്ല. ഇന്നും ഡ്രാക്കുളയെക്കുറിച്ച് പറയുമ്പോൾ ലോകജനത ചില മാത്രകൾ നിശ്ശബ്ദമാവും. മരണാനന്തരവും മനുഷ്യരക്തം കുടിച്ചു നൂറ്റാണ്ടുകൾ ജീവിക്കുന്ന രക്തരക്ഷസ്സാണ് പലർക്കും ഡ്രാക്കുള!
ജൊനാതൻ ഹാർക്കറുടെ കുറിപ്പുകളിൽ തുടങ്ങി ഡയറിക്കുറിപ്പുകൾ, കത്തുകൾ, കമ്പി സന്ദേശങ്ങൾ ഇങ്ങനെ പോകുന്നു ബ്രാം സ്റ്റോക്കറുടെ ആഖ്യാനം. ഓരോ ഡയറിക്കുറിപ്പുകളും കത്തുകളും സന്ദേശങ്ങളും വായിക്കുമ്പോൾ ഉദ്വേഗത്തിന്റെ രഥത്തിലേറി വായനക്കാരൻ ഭീതിയുടെ നിഗൂഢതാഴ്വരകൾ പിന്നിടുന്നു. ആ യാത്രയിൽ നാം ജൊനാതൻ ഹാർക്കർക്കും ഡോക്ടർ സ്യുവേർഡിനും വാൻ ഹെൽസിങ്ങിനും മീനാ ഹാർക്കർക്കും മിസ് ലൂസി വെസ്റ്റേന്റോക്കുമെല്ലാം ഒപ്പമാണ്. രക്തമുറയുന്ന, മുടിയിഴകൾ എഴുന്നുനിൽക്കുന്ന സ്റ്റോക്കറുടെ ആഖ്യാനങ്ങൾ മനുഷ്യമനസ്സുകളെ തെല്ലൊന്നുമല്ല ചകിതരാക്കിയത്.
ചെകുത്താന്റെ കോട്ട
ട്രാൻസിൽവാനിയൻ പ്രഭു കൗണ്ട് ഡ്രാക്കുളയുടെ കൊട്ടാരത്തിലേക്ക് അഭിഭാഷകൻ ജൊനാതൻ ഹാർക്കറുടെ വരവോടെയാണ് 'ഡ്രാക്കുള' നോവലിന്റെ ആരംഭം. പിന്നീടങ്ങോട്ട് ഉദ്വേഗവും ഭീതിയും നിറഞ്ഞ ഇരുട്ടറകളും ദുർഗന്ധം വമിക്കുന്ന ഇടനാഴികളുമുള്ള ഒരു പഴയ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ രക്തം കിനിയുന്ന ക്രൂരതകളുടെ കഥ പറയുകയാണ് ഡ്രാക്കുള.
'ഡ്രാക്കുള' ബ്രാം സ്റ്റോക്കറുടെ ഏഴാമത്തെ നോവലായിരുന്നെങ്കിലും ബ്രാം സ്റ്റോക്കർക്ക് കീർത്തി നൽകിയതും ഡ്രാക്കുളതന്നെ. 125 വർഷം മുമ്പ് 1897ൽ ഡ്രാക്കുളയെ ബ്രാം സ്റ്റോക്കർ ലോകത്തിന് മുന്നിൽ എത്തിച്ചു.ബ്രാം സ്റ്റോക്കറുടെ കൽപനാ സൃഷ്ടിയെന്നു ഡ്രാക്കുളയെ വിലയിരുത്തുന്നുണ്ടെങ്കിലും മുൻകാലങ്ങളിലെ ചില ഭരണാധികാരികളുടെ സ്വഭാവവിശേഷങ്ങൾ ഡ്രാക്കുളയുടേതായി ആരോപിക്കപ്പെടുകയും, ആ ജീവിതകഥയാണിതെന്ന് ജനസമൂഹങ്ങൾ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. ഡ്രാക്കുള പ്രഭു എന്നും ജീവിക്കുന്നൊരു വ്യക്തിത്വമായി ഗണിക്കുന്നവരുമുണ്ട്. എന്തിന്, ഒരുകാലത്ത് ഡ്രാക്കുളയുടെ കഥ പറയുന്ന നോവൽ സൂക്ഷിക്കാനും വായിക്കാനും ഭയന്നിരുന്ന ജനസമൂഹങ്ങളുണ്ടായിരുന്നു ലോകത്തെന്ന് അറിയുമ്പോഴേ ഡ്രാക്കുള നോവൽ ജനവർഗങ്ങളിൽ ചെലുത്തിയ സ്വാധീനം എത്രമാത്രമെന്ന് മനസ്സിലാക്കാനാവൂ.
വിശ്വാസങ്ങളുടെ അസാധാരണമായ ഒരു രൂപരേഖയായിരുന്നു ഡ്രാക്കുള. അഞ്ചു ഭാഷകൾ അറിയാവുന്ന, ആളുകളോട് സൗമ്യമായി ഇടപെടുന്ന ഡ്രാക്കുള (Vlad the Impaler), രാത്രികളിൽ സെമിത്തേരിയിലെ ശവക്കല്ലറയിൽനിന്ന് മനുഷ്യരക്തം തേടി തന്റെ പ്രയാണം ആരംഭിക്കുന്നു. ഒപ്പം ഡ്രാക്കുളയെ തേടി പോകുന്ന വാൻ ഹെൽസിങ്ങിനെ പോലുള്ളവരുടെ ഭീതിദമായ കാഴ്ചകളുടെ വിവരണങ്ങൾ -ഇനിയെന്തുവേണം, ഡ്രാക്കുള ജനസമൂഹങ്ങളിലും ഹൃദയങ്ങളിലും പിടിമുറുക്കാൻ!
വിവരണത്തിൽ ബ്രാം സ്റ്റോക്കർ എക്കാലവും പാലിക്കുന്ന 'വിഭ്രമാത്മകത' ഡ്രാക്കുളയിലുമുണ്ട്. ഒക്ടോബർ മൂന്നിന് എഴുതി എന്നു പറയുന്ന ഡോക്ടർ സീവേർഡിന്റെ ഡയറിയിലെ വിവരണങ്ങൾ ബ്രാം സ്റ്റോക്കറുടെ ഭാഷയുടെ അവതരണ ജാലവിദ്യയാണ് കാണിക്കുന്നത് .
''ഒരു മിനിറ്റ് നിശ്ശബ്ദരായി ഞങ്ങൾ ആലോചനയിലാണ്ടു. ക്വിൻസി പറഞ്ഞു:
''ഒന്നുമിനി ചെയ്യാനില്ല... കാത്തിരിക്കുകതന്നെ... അഞ്ചു മണിക്കുമുമ്പ് അവൻ എത്തുന്നില്ലയെങ്കിൽ നമുക്ക് മടങ്ങിപ്പോയേ പറ്റൂ... സൂര്യനസ്തമിച്ചാൽ മീന അവിടെ തനിച്ചാവുന്നത് അപകടമാണ്!''
''അവൻ വരും!''
വാൻ ഹെൽസിങ് ഡയറിയിൽ നോക്കി പറഞ്ഞു. മീന പറയുന്നത് കാർഫാക്സിൽനിന്ന് തെക്കുഭാഗത്തേക്ക് അവൻ നീങ്ങിയെന്നാണ്. അതായത് നദി കടക്കാൻ ഒരു മണിക്ക് പുറപ്പെട്ടുവെന്നാണ് പറയുന്നത്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത പ്രദേശമായിരിക്കാം. മാത്രമല്ല നിങ്ങൾ അയാൾ എത്തും മുമ്പേ ബെർമാൻഡ് സെയിലിൽനിന്ന് പുറപ്പെട്ടിരിക്കും. അവിടെനിന്ന് അയാൾ മൈൽഎൻഡിലേക്ക് യാത്ര ചെയ്തിരിക്കണം. അതാവും വൈകുന്നത്. പിന്നെ നദി കടക്കാൻ ആരുടെയെങ്കിലും സഹായവും വേണമല്ലോ... ഏതായാലും നാം കൂടുതൽ സമയം കാത്തിരിക്കേണ്ടി വരില്ല. വേഗം... ഇനി സമയമില്ല... ആയുധങ്ങളൊക്കെ എടുത്തിട്ടില്ലേ..?
കൈ ഉയർത്തി പ്രഫസർ ശബ്ദിക്കരുതെന്ന് നിർദേശം നൽകി. അപ്പോൾ പുറത്തെ വാതിലിൽ താക്കോലിട്ട് തിരിക്കുന്ന ശബ്ദം കേട്ടു...'' (ഡ്രാക്കുള: ബ്രാം സ്റ്റോക്കർ)
ഇത്രയൊക്കെയാവുമ്പോൾതന്നെ വായനക്കാരന്റെ കാതുകളിൽ ആ താക്കോൽ തിരിയുന്ന ശബ്ദം കേൾക്കും. ഈ ഒരു അവതരണഭംഗി ബ്രാം സ്റ്റോക്കർ കൃതികളുടെ സവിശേഷതയാണ്. ബ്രാം സ്റ്റോക്കറുടെ തന്നെ 'ഡ്രാക്കുളയുടെ അതിഥി'യിലും (Dracula's guest) സമാനമായ വിവരണ പശ്ചാത്തലമുണ്ട്.
'അപ്പോൾ കൊടുങ്കാറ്റ് ചെറുതായി എന്നെ വലയംചെയ്തു. കുറേ നായ്ക്കളോ ചെന്നായ്ക്കളോ ഒരുമിച്ച് ഓരിയിടുന്ന ശബ്ദം. ശരിക്കും അതുകേട്ട് ഞാൻ നടുങ്ങിപ്പോയി.
ആ ശവകുടിരത്തിന് മീതെ നിലാവ് വീഴവേ ഞാനതിനരികിലേക്ക് ചെന്നു. അതിൽ ജർമൻ ഭാഷയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
'സ്റ്റിറിയിയയിലെ ഗ്രാറ്റസിലെ ഡോളിങ്കർ പ്രഭ്വി മരണമടഞ്ഞത് ഇവിടെ വെച്ചാണ്. 1801ൽ.'
ശവകുടീരത്തിന് മീതെയുള്ള വെണ്ണക്കൽ പാളി തുളച്ചുകയറ്റിയ ഇരുമ്പ് ദണ്ഡ് എന്റെ കാഴ്ചയിൽപെട്ടു. ഒരു നിമിഷം ഞാൻ പിന്നിലേക്ക് തിരിഞ്ഞുനോക്കി. അവിടെ റഷ്യൻ ഭാഷയിൽ ഇങ്ങനെ എഴുതിയിരുന്നു:
'മരണമടഞ്ഞവർ അതിവേഗം യാത്ര ചെയ്യും...'
ഇതുകൂടി കണ്ടപ്പോൾ ഞാനാദ്യം ഓർമിച്ചത് -ജൊഹാന്റെ ഉപദേശം ഞാൻ സ്വീകരിക്കണമായിരുന്നുവെന്നാണ്. അന്നേരം 'ഇത് വാൾപ്പുർഗിയുടെ രാത്രിയാണ്' എന്ന അയാളുടെ വാക്കുകൾ എന്റെ ഓർമയിലെത്തി.
ശവക്കല്ലറകൾ തുറന്ന് ശവശരീരങ്ങൾ പുറത്തുകടക്കുന്ന രാത്രി. അങ്ങനെ ലക്ഷോപലക്ഷം ആളുകൾ വിശ്വസിക്കുന്നു. ആത്മാക്കൾ ഭൂമിയിലും ജലത്തിലും ആ രാത്രി സഞ്ചരിക്കുന്നു...' (Dracula's guest: Bram stoker)
ഭയം ഒരു നിശാവസ്ത്രമാണ് (കടപ്പാട്: മാധവിക്കുട്ടി). അത് മനുഷ്യനായാലും മനുഷ്യവേട്ടക്കാരനായാലും. രാത്രിയെ, ഇരുളിനെ ഭയപ്പെടാനുള്ള മനുഷ്യന്റെ ജനിതകബന്ധിതമായ വികാരത്തെ പുറത്തെടുക്കുകയാണ് ബ്രാം സ്റ്റോക്കർ ചെയ്തിട്ടുള്ളത്. പിന്നിൽ പതുങ്ങിനിന്ന് ആലിംഗനംചെയ്ത് കഴുത്തിനു പിറകിൽ കോമ്പല്ലുകൾ ആഴ്ത്തി രക്തം കുടിക്കുന്ന ഡ്രാക്കുള. സ്പർശിക്കുന്നവരെയെല്ലാം തന്റെ അടിമകളാക്കി മാറ്റുന്ന ഭീതിയുടെ കാഴ്ചകൾ ഡ്രാക്കുള നോവലിൽ എത്രവേണമെങ്കിലുമുണ്ട്.
''കണ്ണുതുറന്നു നോക്കുവാൻ എനിക്ക് ഭയം തോന്നി. എങ്കിലും കൺപോളകൾക്കിടയിലൂടെ ഞാനെല്ലാം കാണുന്നുണ്ടായിരുന്നു. ആ സുന്ദരി എന്റെ അടുത്ത് മുട്ടുകുത്തി എന്റെ നേർക്ക് നാവു നീട്ടി തന്റെ ചുണ്ട് നനച്ചുകൊണ്ടിരിക്കുന്നു... തന്റെ ഇരയെ മുന്നിൽ കിട്ടിയ ഹിംസ്ര മൃഗത്തെപോലെ അവൾ തന്റെ വെളുത്ത പല്ലുകൾ നാവുകൊണ്ട് തഴുകിക്കൊണ്ടിരുന്നു... അവളുടെ ചുവന്ന നാവിൻതുമ്പിലും, ചുണ്ടുകളിലും ഉമിനീർ ഒഴുകിപ്പരക്കുന്നത് ഞാൻ ആ നിലാവിൽ കണ്ടു. വീണ്ടും എന്റെ നേർക്ക് അവൾ തല കുനിച്ചെങ്കിലും അവൾ എന്റെ ചുണ്ടുകളെ സ്പർശിച്ചില്ല. അവളുടെ ചുണ്ടുകൾ എന്റെ വായയും കീഴ്ത്താടിയും പിന്നിട്ട് കഴുത്തിലേക്കാണ് സഞ്ചരിച്ചത്. അവളപ്പോൾ നാവ് നുണയുന്ന ശബ്ദം എനിക്ക് വ്യക്തമായും കേൾക്കാമായിരുന്നു. അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ കഴുത്തിൽ അറിഞ്ഞുതുടങ്ങി. മൃദുവായ ഒരു സ്പർശം... നേർത്ത വിറയലോടെ അവളുടെ ചുണ്ടുകൾ എന്റെ കഴുത്തിൽ തൊട്ടു... ഇക്കിളിയാവുന്നതുപോലെ എനിക്കനുഭവപ്പെട്ടു. പൊടുന്നനെ അവളുടെ കൂർത്ത രണ്ട് പല്ലുകൾ എന്റെ കഴുത്തിൽ തൊട്ടു. അപ്പോഴെന്റെ ഹൃദയം ശക്തിയായി മിടിച്ചു. ഒരാലസ്യത്തോടെ ഞാൻ കണ്ണുകളടച്ചു.
എന്നാൽ, അതേ നിമിഷം ഒരു മിന്നൽപിണർപോലെ ഞാൻ ബോധതലത്തിലേക്ക് ഉണർന്നു. പ്രഭുവിന്റെ സാന്നിധ്യമറിഞ്ഞു ഞാൻ കണ്ണുകൾ തുറന്നു. കോപംകൊണ്ട് ജ്വലിക്കുന്ന പ്രഭുവിന്റെ മുഖം. അദ്ദേഹത്തിന്റെ കരുത്തുറ്റ കരങ്ങൾ അവളുടെ മെലിഞ്ഞ കഴുത്തിൽ പിടിമുറുക്കി. പിറകോട്ട് ആഞ്ഞുവലിച്ചു...'' (ഡ്രാക്കുള: ബ്രാം സ്റ്റോക്കർ)
ബ്രാം സ്റ്റോക്കറും ഡ്രാക്കുളയും
അബ്രഹാം എന്നായിരുന്നു ബ്രാം സ്റ്റോക്കറുടെ യഥാർഥ നാമധേയം. ആ പേര് ചുരുക്കി ബ്രാം എന്നാക്കിയതാണ്. വിക്ടോറിയൻ -എഡ്വെർഡിയൻ കാലഘട്ടമായതിനാൽ ഗോഥിക് കൃതികളുമായി പരിചയപ്പെടാൻ അവസരം ഉണ്ടാവുകയും വിക്ടോറിയൻ യുഗത്തിലെ രചനാസങ്കേതങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. ഗോഥിക് റൊമാന്റിക് ഗണത്തിൽപെടുന്ന കാൽപനിക ഭീതി കഥകളുടെ സ്രഷ്ടാവ് എന്ന നിലയിൽ ചുരുങ്ങിയ കാലംകൊണ്ട് ലോകപ്രശസ്തി നേടി. ഒപ്പം ഐറിഷ് സിവിൽ സർവിസിൽ കോടതി ഗുമസ്തനായി ജോലിയും. വൈകാതെ നിയമബിരുദം നേടി വക്കീലായെങ്കിലും നാടകംപോലുള്ള കലാപ്രസ്ഥാനങ്ങളോട് തോന്നിയ അടങ്ങാത്ത അഭിനിവേശം കാരണം ജോലി നിർത്തിവെച്ച് ലണ്ടനിൽ എത്തി. സർ ഹെൻറി ഇർവിങ്ങിന്റെ നാടകക്കമ്പനിയിൽ മാനേജറായി ജോലി നേടി. പിന്നീട് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ബ്രാം സ്റ്റോക്കർ ആ നാടകക്കമ്പനിയിലായിരുന്നു. അതും മുപ്പതിലേറെ വർഷങ്ങൾ. അതോടൊപ്പം എഴുത്ത് തുടർന്നു. ആദ്യകാല രചനകൾ മിക്കതും പ്രണയകഥകൾ ആയിരുന്നു. അതൊന്നും അത്ര ശ്രദ്ധേയമായതുമില്ല.
ബ്രാം സ്റ്റോക്കർ അക്കാലത്താണ് ഡ്രാക്കുള പ്രഭുവിനെ പറ്റി കേൾക്കാനിടയാവുന്നത്. ഇത് വളരെ ആകർഷിക്കുകയും മനസ്സിൽ ഉദ്വേഗജനകമായ ഒരു കഥ ഇതൾവിരിയുകയും ചെയ്തു.
കഥക്ക് പശ്ചാത്തലമായി ബ്രാം സ്റ്റോക്കർ തിരഞ്ഞെടുത്തതാവട്ടെ താൻ ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്ത ട്രാൻസിൽവാനിയയും. ഹംഗറി അതിർത്തിക്കരികിലെ ട്രാൻസിൽവാനിയൻ കാർപാത്യൻ പർവതനിരകൾ പണ്ടേ ലോകപ്രശസ്തമാണ്. ആൽപ്സ് പർവതനിരകൾ വലയംചെയ്ത ഈ ഭൂവിഭാഗം തികച്ചും നിഗൂഢതകളുറങ്ങുന്ന ഒരു പ്രദേശമായി പണ്ടുകാലം മുതൽ കരുതിപ്പോന്നു. അതിനൊരു കാരണം ട്രാൻസിൽവാനിയക്ക് ചുറ്റും ഒരു കോട്ടപോലെ ഉയർന്നുനിൽക്കുന്ന ആൽപ്സ് പർവതനിരകളുടെ സാന്നിധ്യമായിരുന്നു. മാത്രമല്ല, കൃഷി പ്രധാന ഉപജീവനമാർഗമായ ട്രാൻസിൽവാനിയയിൽ ഇത്തരമൊരു കഥക്ക് വലിയ ജനപ്രീതി കൈവരുമെന്നും ബ്രാം സ്റ്റോക്കർ ഊഹിച്ചു. പിൽക്കാലത്ത് അതുപോലെതന്നെ സംഭവിക്കുകയുംചെയ്തു.
1887ലാണ് ബ്രാം സ്റ്റോക്കർ 'ഡ്രാക്കുള' രചനക്ക് തുടക്കമിടുന്നത്. രചന എത്രകാലം തുടർന്നു എന്നതിന് തെളിവുകൾ ഒന്നുമില്ലെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നത് പത്തുവർഷം കഴിഞ്ഞ് 1897ലാണ്. ഏതായാലും അക്കാലത്ത് കഥയിലേക്ക് വെളിച്ചം വീശാൻ പോന്ന നിരവധി കാര്യങ്ങൾ ലണ്ടനിലും മറ്റും സംജാതമായിരുന്നു. രക്തപാനം ചെയ്യുന്ന ഒരു വ്യക്തിയെ പറ്റിയുള്ള വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതായിരുന്നു അതിലൊന്ന്. ഇതെല്ലാം സ്റ്റോക്കർ ഡ്രാക്കുള കഥക്ക് പശ്ചാത്തലമൊരുക്കാൻ പ്രയോജനപ്പെടുത്തി. പ്രസിദ്ധപ്പെടുത്തുമ്പോൾ 'ദി അൺഡെഡ്' എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതേത്ര. എന്നാൽ, ആ പേര് താനുദ്ദേശിക്കുന്ന നിഗൂഢത നിലനിർത്താൻ പര്യാപ്തമല്ല എന്നു തോന്നി ഉപേക്ഷിക്കുകയായിരുന്നു. ആർച്ചിബാൾഡ് കോൺസ്റ്റബിൾ ആൻഡ് കമ്പനി ആയിരുന്നു ആദ്യപതിപ്പിന്റെ പ്രസാധകർ. മഞ്ഞക്കവറിൽ ചുവന്ന അക്ഷരങ്ങൾ പതിച്ച ആദ്യപതിപ്പിന് ആറു ഷില്ലിങ് ആയിരുന്നു വില.
വാമ്പയർ എന്ന രക്തദാഹി
വ്ലാദ് ഡ്രാക്കുളയുടെ ചരിത്രം അത്രയൊന്നും പ്രശസ്തമായിരുന്നില്ല അക്കാലത്ത്. ആ പ്രദേശത്തിന്റെ നിഗൂഢതയിലേക്ക് ബ്രാം സ്റ്റോക്കറുടെ ശ്രദ്ധയെത്തിച്ചത് ചില ചരിത്രശേഷിപ്പുകളാണ്. ഈ ചരിത്രശേഷിപ്പുകൾ അന്വേഷിക്കുന്നതിനിടെയാണ് സ്റ്റോക്കർ വ്ലാദ് മൂന്നാമന്റെ കഥയിലേക്കെത്തുന്നത്. ട്രാൻസിൽവാനിയയിലെ വീരനായകനായിരുന്നു വ്ലാദ് മൂന്നാമൻ. 1431 മുതൽ 1476 വരെ മൂന്ന് പ്രാവശ്യം രാജാവായി അവരോധിക്കപ്പെട്ട വ്ലാദ് 45ാം വയസ്സിൽ അന്തരിച്ചു.
റുമേനിയയിലെയും ട്രാൻസിൽവാനിയയിലെയും നാടോടിക്കഥകളിലും നാടൻപാട്ടുകളിലും വീരപരിവേഷത്തോടെ അവതരിപ്പിക്കപ്പെട്ട വ്ലാദ് ഡ്രാക്കുള വലാക്കിയ പ്രദേശവാസികളും, വലാക്കിയ വംശസ്ഥാപകരുമായ ബസറബ് കുടുംബത്തിലെ അംഗമായിരുന്നു. വ്ലാദ് ഡ്രാക്കുളയുടെ പിതാവ് വ്ലാദ് രണ്ടാമൻ, തന്നെ ചക്രവർത്തിപദം നേടിയെടുക്കാൻ സഹായിച്ച ഹംഗേറിയൻ രാജാവിനോടുള്ള ആദരവ് എന്നനിലയിൽ 'ഓർഡർ ഓഫ് ഡ്രാഗൺ' എന്ന സംഘടനയിൽ ചേരുകയും റോമിന്റെ സംരക്ഷണത്തിനായി യൂറോപ്പിനെ ഒരുമിപ്പിക്കാൻ യത്നിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളെ ഇതിൽ ചേർക്കാൻ വ്ലാദ് രണ്ടാമൻ മുന്നിൽ നിന്നു. സെർബിയ, പോളണ്ട്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ ഇങ്ങനെ ചേർക്കപ്പെട്ടവയാണ്. 'ഓർഡർ ഓഫ് ഡ്രാഗൺ' സംഘടനയിൽ ചേർന്ന വ്ലാദ് രണ്ടാമൻ പിന്നീട് 'ഡ്രാഗ്' എന്നും പിന്നീട് 'ഡ്രാക്കുൾ' എന്നും അറിയപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രൻ വ്ലാദ് മൂന്നാമൻ 'ഡ്രാക്കുള'യായത് ഈ ഡ്രാക്കുളിൽനിന്നാണ്.
ഹംഗേറിയൻ സാമ്രാജ്യം പിൽക്കാലത്ത് സ്ഥാനഭ്രഷ്ടനാക്കിയ വ്ലാദ് രണ്ടാമനാകട്ടെ 1447ൽ വധിക്കപ്പെട്ടു. വ്ലാദ് രണ്ടാമൻ മുമ്പ് തുർക്കികളുടെ സഹായം തേടിയ കാലത്ത് വ്ലാദ് മൂന്നാമൻ ഉൾെപ്പടെയുള്ള തന്റെ കുട്ടികളെ തുർക്കി സുൽത്താന് ബന്ധിയായി വിട്ടുനൽകിയിരുന്നു. അങ്ങനെ ബന്ധിയാക്കിയ വ്ലാദ് മൂന്നാമനെയും അനുജനെയും തുർക്കികൾ ഒരു നിലവറയിൽ അടച്ചിടുകയും കൊടിയ പീഡനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തു. അനുജൻ കൊടിയ മർദനം സഹിക്കാനാവാതെ തുർക്കികളുടെ മതം സ്വീകരിക്കുകയും മോചിതനാവുകയും ചെയ്തു. എന്നാൽ, വ്ലാദ് മൂന്നാമൻ അതിനു തയാറാവാതെ കൊടിയ പീഡനം ഏറ്റുവാങ്ങി. കുറെക്കാലത്തെ തടവറവാസത്തിനുശേഷം തുർക്കികൾ വ്ലാദ് മൂന്നാമനെ മോചിപ്പിച്ചു വലാക്കിയയിലെ രാജാവായി അവരോധിച്ചു. എന്നാൽ, ഹംഗറിയുടെ റീജന്റ് ഹുണ്യാടി വലാക്കിയ പ്രദേശം ആക്രമിക്കുകയും തുർക്കികളെ പ്രദേശത്തുനിന്ന് ഓടിക്കുകയും ചെയ്തു. വ്ലാദ് ഡ്രാക്കുളക്കും വലാക്കിയ പ്രദേശം വിട്ട് ഓടേണ്ടിവന്നു. പിന്നീട് ഹുണ്യാടിക്ക് അരികിൽ ചെന്ന് കീഴടങ്ങിയ വ്ലാദ് മൂന്നാമൻ വലാക്കിയ വീണ്ടും പിടിച്ചെടുത്തു. തന്റെ ശത്രുക്കൾക്ക് പിന്നീട് ദുരന്തകാലമായിരുന്നു.
വ്ലാദ് ഡ്രാക്കുള -ചിത്രകാരന്റെ ഭാവനയിൽ
വ്ലാദ് ഡ്രാക്കുള അനേകം കാരാഗൃഹങ്ങൾ നിർമിക്കുകയും ശത്രുക്കളെ അവിടെ കൊണ്ടുവന്ന് ക്രൂരമായ ശിക്ഷകൾ നൽകുകയും ചെയ്തു. രക്തപങ്കിലമായിരുന്നു വലാക്കിയയുടെ പിന്നീടുള്ള ദിനങ്ങൾ. ഹംഗറിയോടൊപ്പം നിന്ന് തുർക്കികൾക്കെതിരെ കനത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഡാന്യൂബ് നദി കടന്ന് തുർക്കികളെ നേരിട്ട വ്ലാദ് ഡ്രാക്കുള ഇരുപതിനായിരത്തോളം ആളുകളെ വകവരുത്തുകയും തുർക്കിക്കെതിരെ ഒളിപ്പോര് നയിക്കുകയുംചെയ്തു. എന്നാൽ, ആ പോരാട്ടത്തിൽ വ്ലാദിന് കനത്ത നഷ്ടമുണ്ടായി. തന്റെ പത്നി ആർഗസ് നദിയിൽ ജീവനൊടുക്കിയത് വ്ലാദിനെ മാനസികമായി ഉലച്ചു. ഒടുവിൽ തിരികെ വലാക്കിയയിൽ എത്തി പോരാട്ടത്തിനൊടുവിൽ വലാക്കിയ കീഴടക്കി രാജാവായെങ്കിലും 1476ലെ തുർക്കി ആക്രമണത്തിൽ വ്ലാദ് ഡ്രാക്കുള കൊല്ലപ്പെട്ടു. ട്രാൻസിൽവാനിയയിൽ സിബിയ്യ പട്ടണത്തിൽ 1460 ൽ നടന്ന പോരാട്ടത്തിൽ പതിനായിരക്കണക്കിന് ആളുകളെ ക്രൂരമായി വ്ലാദ് കൊന്നൊടുക്കിയതായി പറയപ്പെടുന്നു. അതുപോലെ ബ്രസോവിൽ മുപ്പത്തിനായിരത്തോളം വ്യാപാരികളെ ക്രൂരമായി കൊന്നൊടുക്കി. തടവുകാരാക്കിയ ഇരുപതിനായിരത്തോളം തുർക്കി ഭടന്മാരെ വ്ലാദ് കുന്തത്തിൽ കോർത്തു വധിച്ചതായി പറയപ്പെടുന്നു. ഈ ക്രൂരത കണ്ട് മനം മടുത്താണത്രേ തുർക്കി സുൽത്താൻ ആക്രമണം ഉപേക്ഷിച്ചു മടങ്ങിയത്. ഇങ്ങനെ ക്രൂരനായ ഒരു ഭരണാധികാരിയുടെ പേരിൽനിന്നാണ് ബ്രാം സ്റ്റോക്കർക്ക് ഡ്രാക്കുള എന്ന പേര് ലഭിക്കുന്നത്.
ഡ്രാക്കുള എന്ന അമാനുഷൻ
വധിക്കപ്പെട്ട വ്ലാദ് ഡ്രാക്കുളയുടെ ശിരസ്സ് വെട്ടിയെടുത്ത് തുർക്കി സൈനികർ ഇസ്തംബൂളിലേക്ക് തേനിലിട്ട് കൊണ്ടുപോയതായി റോമൻ ചരിത്രം പറയുന്നു. റോമാക്കാർ പിൽക്കാലത്ത് പ്രസിദ്ധംചെയ്ത ലഘുലേഖകളിൽ ഇത്തരം ഭീതിദമായ നിരവധി സംഭവങ്ങൾ ഉണ്ട്. കൂടാതെ, ട്രാൻസിൽവാനിയൻ, റുമേനിയൻ, റഷ്യൻ, ജർമൻ പുരാവൃത്തങ്ങളും നാടോടിപ്പാട്ടുകളും കഥകളും വ്ലാദ് ഡ്രാക്കുളയുടെ വീരചരിതങ്ങൾ പാടിപ്പുകഴ്ത്തുന്നു.
ഡ്രാക്കുള ഒരു അമാനുഷികനായിരുന്നു എന്ന തരത്തിലാണ് റഷ്യൻ, ജർമൻ പുരാവൃത്തങ്ങൾ. അധിനിവേശത്തിന് എതിരെ പോരാടിയ വീരയോദ്ധാവും അമാനുഷശക്തിക്ക് ഉടമയുമായാണ് വ്ലാദിനെ അവതരിപ്പിക്കുന്നത്. ബ്രാം സ്റ്റോക്കർ നോവലിൽ ഡ്രാക്കുളയെ അവതരിപ്പിക്കുന്നത് കൊടും ക്രൂരനും രക്തദാഹിയുമായ ഒരാളായാണ്. വ്ലാദ് ഡ്രാക്കുളയുടെ ഇതിഹാസചരിത്രം ഒരുപക്ഷേ നോവലെഴുതാൻ ബ്രാം സ്റ്റോക്കർക്ക് പ്രചോദനമായിരിക്കാം. എന്തായാലും വ്ലാദ് ഡ്രാക്കുള ഉണ്ടാക്കിയ രക്തചൊരിച്ചിൽ ഡ്രാക്കുള പ്രഭുവിന്റെ സ്വഭാവസവിശേഷതയോട് സമരസപ്പെടുന്നതാണ്.
തീരാത്ത അന്വേഷണങ്ങൾ
കൗണ്ട് ഡ്രാക്കുളയുടെ (count Dracula) ജീവിതകഥയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ലോകത്തിന്റെ നാനാഭാഗത്തും ഒരുകാലത്ത് നടന്നു. പ്രത്യേകിച്ച് ഇരുപതാം നൂറ്റാണ്ടിൽ. ഡ്രാക്കുള പ്രഭുവിനോട് സാമ്യമുള്ള പല വ്യക്തിത്വങ്ങളും ഹാജരാക്കപ്പെട്ടു. 1962ൽ ബ്രാം സ്റ്റോക്കറുടെ ജീവചരിത്രം എഴുതിയ ഹാരി ലഡ് ലം (Harry ludlam), ആർമിൻ വമ്പറിയുടെ പേര് ഇതോടൊപ്പം ചേർത്തുവെക്കുന്നുണ്ട്. ബുഡാപെസ്റ്റ് സർവകലാശാല പ്രഫസർ ആർമിൻ വമ്പറിയായിരിക്കാം (Armin vambery) വ്ലാദ് ഡ്രാക്കുളയെക്കുറിച്ചുള്ള അറിവുകൾ ബ്രാം സ്റ്റോക്കർക്ക് നൽകിയതെന്നാണ് ഹാരി ലഡ് ലത്തിന്റെ വാദം. ഇതേ ആശയത്തിന് പിന്തുണ നൽകി റെയ്മണ്ട് പി. മക്നെല്ലി (Reymond P. McNally), റാഡു ഫ്ലോർസ്ക്യൂ (Radu forescu) എന്നിവർ ചേർന്ന് 1972ൽ 'ഇൻ സേർച് ഓഫ് ഡ്രാക്കുള' (In search of Dracula) എന്ന പുസ്തകവും എഴുതി.
അതുപോലെ റെയ്മണ്ട് മക്നെല്ലിയുടെ 'ഡ്രാക്കുള വാസ് എ വുമൺ' (Dracula was a women ) എന്ന കൃതിയിൽ ഡ്രാക്കുളക്ക് മറ്റൊരാളുമായാണ് സാദൃശ്യം. എലിസബത്ത് ബാത്തൊരി (Elizabeth Bathory)യാണത്. ഹംഗറിയിൽ 1560 മുതൽ 1614 വരെ ജീവിച്ച പ്രഭ്വി തന്റെ പരിചാരകരുമായി ചേർന്ന് നൂറു കണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചു കൊന്നതായാണ് ചരിത്രം. അവർ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ തടവറയിലും മറ്റും ജീവച്ഛവമായി ഒട്ടനേകം പെൺകുട്ടികളെ കണ്ടെത്തി. അവർ യൗവനം നിലനിർത്താനായി കന്യകമാരുടെ രക്തത്തിൽ കുളിച്ചിരുന്നുവേത്ര. ബാത്തൊരിയെപ്പോലെ ഡ്രാക്കുള പ്രഭുവും യൗവനം നിലനിർത്താൻ രക്തം പാനംചെയ്തിരുന്നു.
വിറ്റ്ബിയിലെ ലൈബ്രറി
1890കളിൽ നടന്നൊരു സംഭവം ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ട്. അന്ന് നാൽപത്തിയഞ്ചു വയസ്സുള്ള എഴുത്തുകാരൻ ബ്രാം സ്റ്റോക്കർ ഇംഗ്ലണ്ടിലെ വിറ്റ്ബിയിലെ ലൈബ്രറിയിൽ ചെല്ലുകയും ഒരു പുസ്തകം ആവശ്യപ്പെടുകയും ചെയ്തു. പുസ്തകം Principalities of Wallachia and Moldavia ആയിരുന്നു. എഴുതിയത് വില്യം വിൽക്കിൻസൺ. അത് ആ ലൈബ്രറി അധികം പുറത്തേക്ക് അയക്കാത്ത അപൂർവം പുസ്തകങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, അവിടെ വെച്ചുതന്നെ ആ പുസ്തകം തുറന്ന് തനിക്കാവശ്യമായ സൂചനകൾ എഴുതിയെടുത്ത് ബ്രാം സ്റ്റോക്കർ മടങ്ങി. അവിടെനിന്നും വിറ്റ്ബി ഹാർബറിൽ ചെന്ന് തൊഴിലാളികളുമായി സംസാരിച്ചു. ഡിമിട്രി എന്ന ചേതംവന്ന ഒരു കപ്പലിനെ പറ്റിയായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അവിടെവെച്ചാണ് ഐതിഹ്യ കഥകളിലെ മൃഗത്തെ പോലുള്ള കറുത്ത വലിയ നായെപ്പറ്റി തൊഴിലാളികൾ ബ്രാം സ്റ്റോക്കറോട് പറയുന്നത്. ഈ സംഭവം നടക്കുന്നതിനും നാലുമാസം മുമ്പ് ലണ്ടനിലെ ലൈസിയം തിയറ്ററിലെ ക്ലബിൽ ഒരു അത്താഴവിരുന്നിൽ പങ്കെടുക്കവെ സുഹൃത്ത് ആർമിനിസ് വമ്പറി ബ്രാം സ്റ്റോക്കറോട് വിറ്റ്ബിയിലെ ലൈബ്രറിയിൽ ചെന്ന് ഈ പുസ്തകം കണ്ടെത്താൻ നിർദേശിച്ചുവേത്ര. ആ പുസ്തകത്തിൽ കണ്ട 'കൗണ്ട് വാമ്പയർ' എന്ന പേരിൽനിന്നാണത്രെ കൗണ്ട് ഡ്രാക്കുളയുടെ ഉദയം. കെട്ടുകഥയും യാഥാർഥ്യവും ഇഴചേർത്തൊരു കഥയായിരുന്നു ബ്രാം സ്റ്റോക്കറുടെ ലക്ഷ്യം. കോട്ടയും സെമിത്തേരിയും നായുമെല്ലാം സംഭവങ്ങൾക്ക് തീവ്രത നൽകി. മനുഷ്യ കഥാപാത്രങ്ങളെയൊക്കെ യഥാർഥ മനുഷ്യരിൽനിന്ന് കണ്ടെടുത്തതായി ബ്രാം സ്റ്റോക്കർതന്നെ എഴുതി. ജൊനാതൻ, മീന, ഡോ. സീവേർഡ്... മാത്രമല്ല അക്കാലത്ത് നടന്ന കൊലപാതകങ്ങൾ ഭൂരിഭാഗവും നിഗൂഢതകൾ അവശേഷിപ്പിച്ചിരുന്നു. അതും നോവലിന്റെ നിഗൂഢസ്വഭാവത്തിന് ആക്കംകൂട്ടുമെന്ന് ബ്രാം സ്റ്റോക്കർ കരുതി.
ഇംഗ്ലണ്ടിലെ വിറ്റ്ബിയിലുള്ള ഡ്രാക്കുള എക്സ്പീരിയൻസ് സെന്റർ
ആദ്യത്തെ 101 പേജുകൾ
1897ൽ പുറത്തുവന്ന പുസ്തകത്തിൽ ആദ്യത്തെ 101 പേജുകൾ ഒഴിവാക്കി. ആമുഖം ചെറുതാക്കുകയും പദഘടന പരിഷ്കരിക്കുകയുംചെയ്തു. 1980ലാണ് ഡ്രാക്കുളയുടെ ആദ്യ കൈയെഴുത്ത് പ്രതി വടക്ക് പടിഞ്ഞാറൻ പെൻസൽവേനിയയിൽ ഒരു കളപ്പുരയിൽനിന്ന് കണ്ടെടുക്കുന്നത്. അതെങ്ങനെ അറ്റ് ലാന്റിക് സമുദ്രം കടന്നു എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
ജൊനാതൻ ഹാർക്കറുടെ ട്രെയിൻ യാത്രയിൽ തുടങ്ങുന്ന 'ഡ്രാക്കുള' നാം വായനക്കാർ കേട്ടിട്ടും കണ്ടിട്ടുമില്ല.102ാമത്തെ പേജിൽ തുടങ്ങുന്ന 'ഡ്രാക്കുള' കഥയാണേത്ര നമ്മുടെ ഒന്നാം പേജിൽ കിടക്കുന്നത്. മുമ്പത്തെ 101 പേജുകൾക്ക് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. ചിലപ്പോൾ മാറ്റപ്പെട്ട 101 പേജുകളിൽ ബ്രാം സ്റ്റോക്കർ പറഞ്ഞ കഥ ഒരുപക്ഷേ ജനസമൂഹത്തെ ഇതിൽ കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നോ! കാണാതായ 101 പേജുകളിൽ ബ്രാം സ്റ്റോക്കർ എഴുതിവെച്ചിരുന്നത് നോട്ടുകളും അധ്യായങ്ങളുടെ രത്നച്ചുരുക്കവുമൊക്കെ ആയിരുന്നുവെന്നും പറയപ്പെടുന്നു. നോട്ട് എഴുതിയ പേജുകൾ ബ്രാം സ്റ്റോക്കറുടെ ഭാര്യ 1913ൽ അമേരിക്കയിൽ ന്യൂയോർക്കിലുള്ള ഒരു പുസ്തകവ്യാപാരിക്ക് 2.2 പൗണ്ടിന് വിറ്റുവെന്നും പറയപ്പെടുന്നു. പിന്നീട് അത് അദ്ദേഹത്തിന്റെ പുത്രൻമാരുടെ കൈവശം വന്നുചേരുകയും 1970ൽ ഫിലഡെൽഫിയയിലെ റോസൻബാക് (Rosenbach) മ്യൂസിയത്തിന് കൈമാറുകയും ചെയ്തുവേത്ര.
ഡ്രാക്കുളയുടെ ദൃശ്യയാത്രകൾ
ഒരു പുസ്തകത്തിന്റെ വിചിത്രവും അസാധാരണവുമായ ജൈത്രയാത്രകളാണ് പിന്നീട് ലോകം കണ്ടത്.1899ൽ ഡബിൾഡേ നോവൽ പുനഃപ്രസിദ്ധീകരിച്ചു. അമേരിക്കയിൽ ആയിരുന്നു പ്രസിദ്ധീകരണം. പിന്നീട് 30 വർഷം കഴിഞ്ഞ് 1930ൽ അമേരിക്കയിലെ പ്രസിദ്ധമായ യൂനിവേഴ്സൽ സ്റ്റുഡിയോ എന്ന ചലച്ചിത്ര നിർമാണ സ്ഥാപനം ഈ നോവലിന്റെ ചലച്ചിത്ര നിർമാണാവകാശം വാങ്ങുകയും 1931ഫെബ്രുവരി 14ന് 'ഡ്രാക്കുള' ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രമായി പുറത്തുവരുകയും ചെയ്തു. ടോഡ് ബ്രൗണിങ്, കാൾ ഫ്രാൻസ് എന്നിവരായിരുന്നു സംവിധായകർ. ബെല്ല ലുഗോസി, ഡേവിഡ് മാനേഴ്സ്, ഹെലൻ ചാൻഡ് ലർ തുടങ്ങിയവർ അഭിനയിച്ചു.
1901ൽതന്നെ 'ഡ്രാക്കുള'യുടെ ഒരു വിവർത്തനവും പുറത്തുവന്നു. ഐലൻഡിക് ഭാഷയിലേക്കായിരുന്നു വിവർത്തനം. വിവർത്തകൻ വാൾഡിമാർ അസ്മൻഡ്സൻ (Valdimar Asmundsson). 'പവർ ഓഫ് ഡാർക്നെസ്' എന്ന് അർഥം വരുന്ന ഒരു പേരായിരുന്നു ആ ഭാഷയിൽ നോവലിനിട്ടത്. അതാകട്ടെ അതിനുമുമ്പ് സ്വീഡിഷ് ഭാഷയിലുണ്ടായ പുനരാഖ്യാനത്തെ ഉപജീവിച്ചുള്ളതായിരുന്നു. ഐലൻഡിക് ഭാഷയിൽ നോവലിലെ കഥാപാത്രങ്ങളുടെ പേരുകളും മാറ്റിയിരുന്നു. മാത്രമല്ല പുനരാഖ്യാനത്തിന്റെ വിവർത്തനമായതിനാൽ നോവലിന്റെ സംക്ഷിപ്തരൂപവും ആയിരുന്നു അത്. ലൈംഗികതയുടെ പ്രസരമുള്ളതുകൂടി ആയിരുന്നു ആ പുനരാഖ്യാനം. നോവലുകളെ ഭാഷകളിൽനിന്ന് അന്യഭാഷകളിലേക്ക് പോകാൻ പഠിപ്പിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ 'ഡ്രാക്കുള'യാണ്.
എന്നാൽ, ഇതിനുമുമ്പ് ഡ്രാക്കുള നോവലിന്റെ ആശയത്തിൽനിന്ന് ഒരു ചലച്ചിത്രം ജർമൻ ഭാഷയിൽ പുറത്തുവന്നിരുന്നു. എഫ്.ഡബ്ല്യു. മുർന്നെ (F W Murnau) സംവിധാനംചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹെൻറിക് ഗലീൻ (Henrik Galeen) ആയിരുന്നു. എൻറിക്കോ ഡീക്മാൻ (Enrico Dieckmann), ആൽബിൻ ഗ്രൗ (Albin Grau) എന്നിവരായിരുന്നു നിർമാതാക്കൾ. മാക്സ് ഷ്രക് (Max Schreck), ഗുസ്താവ് വോൺ (Gustav Von) തുടങ്ങിയവർ താരങ്ങളായുമെത്തി. പ്രാണ (Prana) ഫിലിംസിന്റെ ബാനറിൽ പുറത്തുവന്ന ചിത്രം 1922 മാർച്ച് 4ന് ജർമനിയിൽ പ്രദർശനം തുടങ്ങി. ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു ചിത്രം. ജർമൻ ഭാഷയിൽ നോസ്ഫെരാറ്റ് (nosferatu) എന്നായിരുന്നു സിനിമയുടെ പേര്.
യൂനിവേഴ്സൽ സ്റ്റുഡിയോയുടെ ഡ്രാക്കുളയുടെ ചുവടുപിടിച്ച് രണ്ട് ചിത്രങ്ങൾകൂടി ഇതേ ശ്രേണിയിൽ പുറത്തുവന്നു. Dracula's daughter, Son of Dracula എന്നിവയായിരുന്നു അവ. ഡ്രാക്കുളയുടെ പുത്രി (Dracula's daughter) 1936ൽ പുറത്തു വന്ന അമേരിക്കൻ വാമ്പയർ സിനിമയാണ്. ലാംബർട്ട് ഹില്ലർ (Lambert Hillyar) സംവിധാനം ചെയ്ത ചിത്രം ഒലിവർ ജെഫ്രീസ് (oliver jeffries ) അടക്കം ഒട്ടേറെ പേരുടെ സഹകരണത്തോടെയാണ് എഴുതി പൂർത്തിയാക്കിയത്. ബ്രാം സ്റ്റോക്കറുടെ 'ഡ്രാക്കുളയുടെ അതിഥി' (Dracula's Guest) ഉപജീവിച്ചാണ് തിരക്കഥ ഒരുക്കിയത്. ഇ.എം. ആഷർ (E.M. Asher) നിർമിച്ച ചിത്രത്തിൽ ഓട്ടോ ക്രൂഗർ (otto kruger), ഗ്ലോറിയ ഹോൾഡൻ (Gloria Holden ) തുടങ്ങിയവരായിരുന്നു താരങ്ങൾ. 1936 മേയ് 11ന് ഇംഗ്ലീഷ് ഭാഷയിൽ യൂനിവേഴ്സൽ പിക്ചേഴ്സ് സിനിമ അമേരിക്കയിൽ പ്രദർശനത്തിന് എത്തിച്ചു.
സൺ ഓഫ് ഡ്രാക്കുളയും (Son of Dracula) ഡ്രാക്കുള ശ്രേണിയിലുള്ള സിനിമയായിരുന്നു. റോബർട്ട് സിയോദ്മക് (Robert Siodmak) സംവിധാനംചെയ്ത സിനിമയുടെ തിരക്കഥ എറിക് ടൈലർ (Eric Taylor) ആയിരുന്നു എഴുതിയത്. ഫോർഡ് ബീബ് (Ford Beebe) നിർമാണവും. ലോൺ ചാനി ജൂനിയർ (Lon Chaney Jr.), ലൂയിസ് ആൽബ്രിട്ടൺ (Louise Albritton), റോബർട്ട് പൈജീ (Robert Paige) തുടങ്ങിയവരായിരുന്നു താരങ്ങൾ. യൂനിവേഴ്സൽ പിക്ചേഴ്സ് 78 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 1943 ഒക്ടോബർ 20ന് പ്രദർശനത്തിനെത്തിച്ചു. ഇതോടൊപ്പം യൂനിവേഴ്സൽ പിക്ചേഴ്സ് കമ്പനി വേറെയും ഇംഗ്ലീഷ് ഡ്രാക്കുള സിനിമകൾ പുറത്തിറക്കി. എന്നാൽ, ഇവയൊക്കെ സ്വതന്ത്ര കഥകളായിരുന്നു. കഥാപാത്രം മാത്രം ഡ്രാക്കുളയായി അവതരിച്ചു. അത്തരമൊരു സിനിമയാണ് ഏൾ സി കേന്റോൺ (Erle c kenton ) സംവിധാനംചെയ്ത House of Dracula. ജോർജ് ബ്രിക്കർ, സ്വിറ്റ് വി ബാബ്കോക്ക് എന്നിവരെഴുതിയ സാങ്കൽപിക കഥയായിരുന്നു ഇതിന് അവലംബം. ലോൺ ചാനി ജൂനിയർ തുടങ്ങിയവർ ഈ ചിത്രത്തിലും ഉണ്ടായിരുന്നു. അതുപോലെ The House of Frankenstein തുടങ്ങിയ സിനിമകളും ഇതിന് തുടർച്ചയായെത്തി.
ഡ്രാക്കുള -ബി.ബി.സി മിനി സീരീസ് പോസ്റ്റർ (2020)
ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള 1958ൽ ബ്രിട്ടനിൽ ചലച്ചിത്രമായി പുറത്തുവന്നു. ആന്റണി ഹിൻഡ്സ് (Anthony Hinds) നിർമിച്ച ചിത്രം ടെറൻസ് ഫിഷർ (Terence Fisher) സംവിധാനംചെയ്തു. തിരക്കഥ ജിമ്മി സങ്സ്റ്റർ (Jimmy Sangster). പീറ്റർ ക്രഷിങ് (Peter Crushing), മൈക്കിൾ ഗോഫ് (Michael Gough), മെല്ലിസ സ്ട്രിബ്ലിങ് (Mellisa Stribling) തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. 1958 മേയ് 7ന് റിലീസ് ചെയ്തു. 82 മിനിറ്റ് ആയിരുന്നു ദൈർഘ്യം. അക്കാലത്ത് 81,000 പൗണ്ട് ചിത്രത്തിന് ചെലവായി. എന്നാലിത് ബോക്സോഫിസിൽ 3.5 മില്യൺ ഡോളർ നേട്ടമുണ്ടാക്കി. പിന്നീട് ഇതേ സീരീസിൽ വന്ന ഡ്രാക്കുള സിനിമകൾ Dracula AD 1972 (സംവിധാനം അലെൻ ഗിബ്സൺ ), The Satanic Rites of Dracula (സംവിധാനം അലെൻ ഗിബ്സൺ), ജോൺ ബാദം സംവിധാനംചെയ്ത 1979 ജൂലൈ 13ന് റിലീസ് ചെയ്ത 'ഡ്രാക്കുള' തുടങ്ങിയവയായിരുന്നു. ജോൺ ബാദം സംവിധാനംചെയ്ത ഡ്രാക്കുള ബ്രാം സ്റ്റോക്കറുടെ കൃതിയുടെ നേരായ ആഖ്യാനം ആയിരുന്നു.1924ൽ പുറത്തുവന്ന ഹാമിൽട്ടൻ ഡീനിന്റെ (Hamilton Deane) നാടകംകൂടി ഇതിനായി ഉപയോഗപ്പെടുത്തി. ഈ നാടകവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെ ഉപജീവിച്ചു നിർമിച്ചതായിരുന്നു. ഇംഗ്ലണ്ടിലെ ഡെർബിയിൽ ഗ്രാൻഡ് തിയറ്ററിൽ ആയിരുന്നു ആദ്യ പ്രദർശനം. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ മറ്റൊരു ചലച്ചിത്രഭാഷ്യമാണ് വെർണർ ഹെർസോഗ് (Werner Herzog ) സംവിധാനംചെയ്ത് 1979 ജനുവരി 17ന് ഫ്രാൻസിൽ പുറത്തുവന്ന Nosferatu the vampyre. 20th സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോ ആയിരുന്നു വിതരണക്കാർ. 107 മിനിറ്റായിരുന്നു ചിത്രദൈർഘ്യം. 2.5 മില്യൺ ആയിരുന്നു നിർമാണച്ചെലവ്.
ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന കഥാപാത്രത്തെ മാത്രം ഉപയോഗിച്ച് പോൾ മോറിസ്സേ (Paul Morrissey) എഴുതിയുണ്ടാക്കിയ കഥയിൽ അദ്ദേഹംതന്നെ സംവിധാനംചെയ്ത ഒരു ഡ്രാക്കുള ചിത്രവും 1974 മാർച്ച് 1 ന് പുറത്തുവന്നു. ബ്ലഡ് ഫോർ ഡ്രാക്കുള (Blood for Dracula) എന്നായിരുന്നു പേര്. ജൊ ഡെല്ലിസാൻഡ്രോ (Joe Dallesandro), യൂഡോ കേർ (Udo Kier) തുടങ്ങിയവർ അഭിനയിച്ചു. യൂറോ ഇന്റർനാഷനൽ ഫിലിംസ് (Euro International Films) ചിത്രം പ്രദർശനത്തിനെത്തിച്ചു.
The Monster squad (1987), Wax work (1988) തുടങ്ങിയവയും ഡ്രാക്കുള സിനിമകളാണ്. ഡ്രാക്കുള നോവലുമായി അത്രയേറെ ബന്ധം പുലർത്തിയ ചലച്ചിത്രങ്ങളെ പറ്റി മാത്രമേ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂ. ഡ്രാക്കുളയുടെ കഥ പറഞ്ഞ ഒട്ടേറെ ചലച്ചിത്രങ്ങളും (ഉദാ: Mark of the Vampire 1935, The Return of Dracula 1958, Dracula 1979, The Monster Squad 1987 തുടങ്ങിയവ) നാടകങ്ങളും ലോകത്ത് പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്.
2013ലും 2020ലും രണ്ട് ശ്രദ്ധേയ ടെലിവിഷൻ പരമ്പരകൾ ഡ്രാക്കുള നോവലിനെ അധികരിച്ചുണ്ടായി. യൂനിവേഴ്സൽ ടെലിവിഷൻ (NBC) 43 മിനിറ്റ് വീതം ദൈർഘ്യം വരുന്ന ടെലിവിഷൻ സീരീസ് 2013ൽ പുറത്തിറക്കി. 2013 ഒക്ടോബർ 25ന് തുടങ്ങി 2014 ജനുവരി 24ന് അവസാനിക്കും വിധമായിരുന്നു അത്. ജൊനാഥൻ റീസ്, ജെസീക്കാ ഡി ഗോവ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചു.
ബി.ബി.സി സ്റ്റുഡിയോ വിതരണംചെയ്ത് ബി.ബി.സി വൺ, നെറ്റ്ഫ്ലിക്സ് എന്നിവയിൽ 2020 ജനുവരി 1 മുതൽ 3 വരെ സംപ്രേഷണം ചെയ്ത ഡ്രാക്കുള മറ്റൊരു ടെലിവിഷൻ പരിപാടിയാണ്. ക്ലസ് ബാംഗ്, ഡോളി വെൽസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചു. 2000 മുതൽ ഇതുവരെ ഏകദേശം പത്തിൽ കൂടുതൽ പ്രധാന ടെലിവിഷൻ പരമ്പരകളും ഡ്രാക്കുള കഥാ പശ്ചാത്തലത്തിൽ ഉണ്ടായി. Buffy the Vampire slayer 2000, Bram stoker's Dracula 2006, Castevania 2017 തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.