കേരളത്തിലെ ടൂറിസം സാധ്യതകൾ വേണ്ടപോലെ ആരും പ്രയോജനപ്പെടുത്തിയിട്ടില്ല. അതിന് മികച്ച ഉദാഹരണമാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും. ശരിയായ പദ്ധതികൾ ഉണ്ടെങ്കിൽ നമുക്ക് ഹെറിറ്റേജ് ടൂറിസത്തിന്റെ വലിയ മാതൃകകൾ സൃഷ്ടിക്കാനാകും. അക്കാര്യം ഫോർട്ട്കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽനിന്ന് തുടങ്ങാവുന്ന ഒരു നടത്തത്തിലൂടെ വിശദീകരിക്കുകയാണ് ചിത്രമെഴുത്തുകാരനും എഴുത്തുകാരനും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിനോഡൽ ഒാഫിസറുമായ ലേഖകൻ. നമുക്കും ഒപ്പം ഒന്നു നടക്കാം.
''വരൂ , നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ഇടങ്ങളിലേക്ക്, നമുക്ക് നടക്കാം, സംസാരിക്കാം'' എന്നു പറഞ്ഞുകൊണ്ട് ഞാൻ ഒരാളെ 'കൊച്ചി പൈതൃകനടത്ത'ത്തിന് ക്ഷണിക്കുക ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലേക്കാണ്!
പരേഡ് ഗ്രൗണ്ടിൽ നിന്നനിൽപിൽ 360 ഡിഗ്രിയിൽ ചുറ്റിത്തിരിഞ്ഞുനോക്കിയാൽ കൊച്ചിയുടെ യൂറോപ്യൻ കോളനികാല ചരിത്രത്തിന്റെ നാലര നൂറ്റാണ്ടുകാലത്തെ പ്രാതിനിധ്യങ്ങളെ കാണാം. ചരിത്ര-പൈതൃക ചിഹ്നങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു പരേഡ് ഗ്രൗണ്ട്.
പരേഡ് ഗ്രൗണ്ടിന്റെ വടക്കെ അതിരിലേക്ക് നോക്കുക. അവിടെ സെന്റ് ഫ്രാൻസിസ് പള്ളി നിലകൊള്ളുന്നു. എ.ഡി 1503ൽ പോർചുഗീസുകാർ നിർമിച്ച പള്ളി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളിയാണിത്. ചരിത്രപുരുഷനായ പോർചുഗീസ് നാവികൻ വാസ്കോ ഡ ഗാമയെ സംസ്കരിച്ച ഇടം എന്ന നിലയിലും സെന്റ് ഫ്രാൻസിസ് പള്ളി ലോകമാകെ അറിയപ്പെടുന്നു.
പരേഡ് ഗ്രൗണ്ടിന്റെ കിഴക്ക് റോഡരികിലേക്ക് നോക്കുക. അവിടെ വെള്ളച്ചായമടിച്ച ഒരു കവാടം. കവാടത്തിന്റെ പേര് വി.ഒ.സി ഗേറ്റ്. 'വെരെനിഗ്ദെ ഓസ്റ്റിൻഡീഷേ കൊമ്പനി' എന്ന് വി.ഒ.സിയുടെ മുഴുരൂപം. ഇതിന്റെ അർഥം 'ഡച്ച് ഈസ്റ്റിന്ത്യ കമ്പനി'. ഡച്ച് ഈസ്റ്റിന്ത്യ കമ്പനി വി.ഒ.സി എന്ന പേരിൽ ലോകമാകെ അറിയപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനമായിരുന്നു വി.ഒ.സി. 1663 മുതൽ 1795 വരെ കൊച്ചിയിൽ വി.ഒ.സിയുടെ അധികാരകാലമായിരുന്നു. അക്കാലത്ത് വി.ഒ.സിയുടെ നാണയമുണ്ടാക്കുന്ന കമ്മട്ടം പ്രവർത്തിച്ചിരുന്നത് വി.ഒ.സി ഗേറ്റിനു പിന്നിലെ കെട്ടിടത്തിലായിരുന്നു.
പരേഡ് ഗ്രൗണ്ടിൽനിന്ന് തെക്കോട്ട് നോക്കാം. അവിടെ ഗ്രൗണ്ടിലെ ഫുട്ബാൾ പോസ്റ്റിനു പിന്നിലെ കെട്ടിടം -സ്പെൻസർ ഹോം. ഇറക്കുമതിചെയ്ത ബ്രിട്ടീഷ് വിഭവങ്ങൾ വിൽക്കുന്ന സ്ഥാപനമായിരുന്നു ഇത്. ഇന്ന് ഈ കെട്ടിടത്തിൽ ഹോം സ്റ്റേ പ്രവർത്തിക്കുന്നു.
ഇനി പരേഡ് ഗ്രൗണ്ടിൽനിന്ന് പടിഞ്ഞാറേക്കു നോക്കുക. അവിടെ രണ്ട് കെട്ടിടങ്ങൾ. ഡേവിഡ് ഹാളും കൊച്ചിൻ ക്ലബും. ഡച്ചുകാലത്ത് വി.ഒ.സിയുടെ ഉന്നതമേധാവി താമസിച്ചു ഡേവിഡ് ഹാളിൽ. ഇന്ന് ഇത് ആർട്ട് ഗാലറിയാണ്. കൊച്ചിൻ ക്ലബ് ബ്രിട്ടീഷുകാരുടെ വിനോദവേദിയായിരുന്നു.
മൂന്ന് യൂറോപ്യൻ കൊളോണിയൽ ശക്തികൾ - പോർചുഗീസ്, ഡച്ച് , ബ്രിട്ടീഷ് -ഒന്നിന്നു പിറകെ മറ്റൊന്നായി ഭരിച്ച ഇന്ത്യയിലെ ഏക പ്രദേശമാണ് കൊച്ചി എന്ന് കൊച്ചിയിലെത്തുന്ന ഒരാളെ ധരിപ്പിക്കാൻ എളുപ്പമാണ് പരേഡ് ഗ്രൗണ്ടിൽനിന്ന് സെന്റ് ഫ്രാൻസിസ് പള്ളിയെയും വി.ഒ.സി ഗേറ്റിനെയും സ്പെൻസർ ഹോമിനെയും ഡേവിഡ് ഹാളിനെയും കൊച്ചിൻ ക്ലബിനെയും കാണിച്ചുകൊണ്ട്. എ.ഡി 1500 മുതൽ 1663 വരെ പോർചുഗീസ് , 1663 മുതൽ 1795 വരെ ഡച്ച് , 1795 മുതൽ ഇന്ത്യൻ സ്വാതന്ത്ര്യം വരെ ബ്രിട്ടീഷ് അധികാരപ്രദേശമായിരുന്നു ഫോർട്ടുകൊച്ചി.
മേൽപറഞ്ഞവയെല്ലാം പരേഡ് ഗ്രൗണ്ടിന്റെ നാലു ദിക്കുകളിൽ നിലകൊള്ളുന്ന നൂറ്റാണ്ടുകളുടെ ചരിത്രചിഹ്നങ്ങളിലേക്കുള്ള പൈതൃകനടത്തത്തിന് മുഖവുരയാകുന്നു.
പരേഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന പൈതൃകനടത്തം ആദ്യം സെന്റ് ഫ്രാൻസിസ് പള്ളിയിലേക്കാവാം. ഫോർട്ടുകൊച്ചി ആദ്യമായി സന്ദർശിക്കുന്നവർ കൗതുകപ്പെടാറുണ്ട് -ഫോർട്ടുകൊച്ചിയിൽ ഫോർട്ടെവിടെ? ഫോർട്ടുകൊച്ചിയിൽ ഇന്ന് ഫോർട്ട് അഥവാ കോട്ട ഇല്ല. എന്നാൽ, പണ്ടുപണ്ട് ഇവിടെ കോട്ടയുണ്ടായിരുന്നു. ഒരു പോർചുഗീസ് കോട്ട.
എ.ഡി 1500ൽ പോർചുഗീസ് നാവികൻ അൽവാരിസ് കബ്രാൾ കപ്പലുകളെ നയിച്ച് കൊച്ചിയിലെത്തി. കബ്രാളിനെ കൊച്ചിരാജാവ് സ്വീകരിച്ചു. പോർചുഗീസുകാർക്ക് കച്ചവടത്തിനും താമസത്തിനും സൗകര്യങ്ങൾ ഒരുക്കി കൊച്ചിരാജാവ്. കൊച്ചി-പോർചുഗീസ് ബന്ധത്തിന് തുടക്കമിട്ടു. അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽനിന്നാണ് ഈ ബന്ധം ഉരുത്തിരിഞ്ഞത്. ശക്തനായ കോഴിക്കോട് സാമൂതിരി അക്കാലത്ത് തുടർച്ചയായി ആക്രമിക്കുമായിരുന്നു കൊച്ചിയെ. അന്നേരം നല്ല ആയുധശേഷിയുള്ള കപ്പലുകളിൽ വന്ന പോർചുഗീസുകാരുമായുള്ള സഖ്യം സാമൂതിരിയെ പ്രതിരോധിക്കാൻ സഹായമാകുമെന്ന് കൊച്ചിരാജാവ് ചിന്തിച്ചു. ഈ ബന്ധത്തിന്റെ ഫലമായി കൊച്ചിയിൽ കോട്ട നിർമിക്കാൻ പോർചുഗീസുകാർക്ക് അനുമതി ലഭിച്ചു.
1503ൽ ഇന്നത്തെ ഫോർട്ടുകൊച്ചി പ്രദേശത്ത് പോർചുഗീസ് രാജാവിന്റെ പേരിൽ 'ഇമ്മാനുവൽ കോട്ട' എന്ന് അറിയപ്പെട്ട കോട്ട നിർമിച്ചു. കോട്ടക്കകത്ത് 'സാന്തക്രൂസ്' എന്ന പേരിൽ നഗരം നിർമിച്ചു. ഈ നഗരത്തിന്റെ ഭാഗമായിരുന്നു സെന്റ് ഫ്രാൻസിസ് പള്ളി.
കടൽമാർഗം കേരളത്തിലെത്തിയ ആദ്യ യൂറോപ്യൻ നാവികനെന്ന് ചരിത്രത്തിൽ സ്ഥാനംപിടിച്ച പോർചുഗീസ് കപ്പിത്താൻ വാസ്കോ ഡ ഗാമയുടെ അന്ത്യം കൊച്ചിയിലായിരുന്നു. സംസ്കരിച്ചത് സെന്റ് ഫ്രാൻസിസ് പള്ളിയിൽ. പള്ളിയുടെ അകത്ത് വാസ്കോ ഡ ഗാമയെ സംസ്കരിച്ച ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ പിന്നീട് പോർചുഗലിലേക്ക് കൊണ്ടുപോയി.
വാസ്കോ ഡ ഗാമയുടെ ചരിത്രദൗത്യത്തിൽ കൊച്ചിക്കും കൊച്ചിചരിത്രത്തിൽ വാസ്കോ ഡ ഗാമക്കും പ്രാധാന്യമുണ്ട്. മൂന്നുതവണ കേരളത്തിലേക്ക് കപ്പൽയാത്ര ചെയ്ത വാസ്കോ ഡ ഗാമ രണ്ടാമത്തെയും മൂന്നാമത്തെയും യാത്രകളിലാണ് കൊച്ചിയുമായി ബന്ധപ്പെട്ടത്.
ഗാമയുടെ ഒന്നാം യാത്ര 1497 ജൂലൈ 8ന് ലിസ്ബണിൽനിന്ന് ആരംഭിച്ചു. ഈ യാത്രയിൽ ഗാമ കൊച്ചിയിലെത്തിയില്ല. കോഴിക്കോടെത്തി തിരിച്ചുപോയി. 1498 മേയ് 20ന് കോഴിക്കോടെത്തി, ആഗസ്റ്റ് 29ന് കോഴിക്കോടുനിന്ന് പോർചുഗലിലേക്ക് മടങ്ങിപ്പോയി. രണ്ടാം യാത്ര 1502 ഫെബ്രുവരി 12ന് ആരംഭിച്ചു. ഈ യാത്രയിൽ വാസ്കോ ഡ ഗാമ ആദ്യമായി കൊച്ചിയിലെത്തി; 15 കപ്പലുകളെ നയിച്ച് , 1502 നവംബർ 3ന്. തിരിച്ച് ലിസ്ബണിലേക്ക് യാത്ര 1503 സെപ്റ്റംബറിൽ. മൂന്നാംയാത്രക്ക് 1524 ഏപ്രിലിൽ ആരംഭം. വാസ്കോ ഡ ഗാമ 'വൈസ്രോയ്' സ്ഥാനത്ത് അവരോധിതനായിരുന്നു. 'സാന്ത കാതറീന ഡോ മോണ്ടേ സീനായ് ' എന്ന വൻകപ്പലിൽ യാത്രചെയ്ത് 14 കപ്പലുകളുടെ സംഘത്തെ നയിച്ചുകൊണ്ടുള്ള യാത്ര. കടലിൽ അനേകം അപകടങ്ങൾ മറികടന്ന യാത്രയിൽ സംഘത്തിലെ അഞ്ച് കപ്പലുകൾ മുങ്ങി. സെപ്റ്റംബറിൽ കൊച്ചിയിലെത്തി. മലേറിയ ബാധിച്ച് ഡിസംബർ 24ന് ഗാമ മരിച്ചു.
വെട്ടുകല്ലും കുമ്മായവുംകൊണ്ട് നിർമിച്ച സെന്റ് ഫ്രാൻസിസ് പള്ളിക്കെട്ടിടം പോർചുഗീസ് നിർമാണകലയുടെ മാതൃകയാണ്.
1662ന്റെ അവസാനത്തിലും 1663ന്റെ തുടക്കത്തിലും കൊച്ചിയിൽ ഘോരയുദ്ധമായിരുന്നു. പോർചുഗീസുകാരും കൊച്ചി പിടിക്കാനെത്തിയ ഡച്ചുകാരും തമ്മിൽ. പോർചുഗീസുകാർ തോറ്റു. കൊച്ചി വിടാൻ നിർബന്ധിതരായി. അധികാരം സ്ഥാപിച്ച ഡച്ചുകാർ തുടർന്ന് പോർചുഗീസു കോട്ടയും അതിലെ പോർചുഗീസ് നിർമിതികളും നശിപ്പിച്ചുവെങ്കിലും ഈ പള്ളിക്കെട്ടിടം മാത്രം തകർത്തില്ല. കത്തോലിക്ക പള്ളിയായിരുന്ന കെട്ടിടത്തെ പ്രൊട്ടസ്റ്റന്റുകാരായ ഡച്ചുകാർ അവരുടെ പ്രാർഥനക്കായി ഉപയോഗിച്ചു. അതിനാൽ അനേകം ഡച്ച് ലിഖിതങ്ങളും കല്ലറകളും ഇന്ന് ഈ പള്ളിക്കെട്ടിടത്തിലുണ്ട്.
ഡച്ച് അധികാരകാലം അവസാനിച്ച് 1795ൽ ബ്രിട്ടീഷ് അധികാരമുണ്ടായപ്പോൾ ബ്രിട്ടീഷുകാരുടെ പ്രാർഥനാലയമായി ഈ പള്ളി. ബ്രിട്ടീഷുകാർ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) ക്രിസ്ത്യൻ സഭക്ക് കൈമാറി പള്ളി. ഇന്നും സി.എസ്.ഐ പ്രാർഥനാലയമാണിത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സംരക്ഷിത ചരിത്രസ്മാരകമായി സൂക്ഷിക്കുന്നു ഈ കെട്ടിടത്തെ.
സെന്റ് ഫ്രാൻസിസ് പള്ളിയുടെ പിൻഭാഗം തൊട്ടുനിൽക്കുന്ന റിഡ്സ്ഡേൽ റോഡിലേക്ക് കടക്കുക പൈതൃകനടത്തം. അവിടെയാണ് വി.ഒ.സി ഗേറ്റ്. 100 മീറ്റർ പോലുമില്ല സെന്റ് ഫ്രാൻസിസ് പള്ളിയും വി.ഒ.സി ഗേറ്റും തമ്മിലുള്ള അകലം.
പതിനേഴാം നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കമ്പനിയായിരുന്നു വി.ഒ.സി. ലോകത്തിന്റെ പലയിടങ്ങളിൽ വ്യാപിച്ചുകിടന്ന അധികാരമുള്ള കമ്പനി. ലോകമാകെ കച്ചവടസാധ്യതകൾ കണ്ടെത്തലും ലാഭമുണ്ടാക്കലും കോളനി ഉണ്ടാക്കലുമായിരുന്നു കമ്പനിയുടെ ലക്ഷ്യം. കമ്പനിക്ക് സൈന്യവും യുദ്ധക്കപ്പലുകളും വെടിക്കോപ്പുകളുമുണ്ടായിരുന്നു. ക്യാപ്റ്റൻ വാൻ ഗോയൻസിന്റെ നേതൃത്വത്തിൽ ഡച്ച് യുദ്ധക്കപ്പലുകൾ 3,075 സൈനികരുമായി കൊച്ചി ആക്രമിച്ചു. 1663 ജനുവരി 7ന് കൊച്ചിയിൽ അധികാരമുറപ്പിച്ചു ഡച്ചുകാർ. ഈ വിജയം വി.ഒ.സിയുടെ വിജയമായിരുന്നു. ഡച്ചുകാർ കൊച്ചിയിലെ പോർചുഗീസ് കോട്ട തകർത്ത് പോർചുഗീസ് കോട്ടയെക്കാൾ വലുപ്പം കുറഞ്ഞ ഡച്ച് കോട്ട നിർമിച്ചു.
കോട്ടയിൽ ഒരു കൊച്ചു നെതർലൻഡ്സ് സൃഷ്ടിച്ചു!
കോട്ടക്കകത്തെ വിവിധ സ്ഥലങ്ങൾക്ക് നെതർലൻഡ്സിലെ ഏഴ് പ്രവിശ്യയുടെ പേര് നൽകി. ഓവറിജസൽ, ഗ്രോനിൻഗൻ , ഫ്രീസ് ലാൻഡ്, യൂട്റിച്ച്, സീലാൻഡ്, ജൽഡർലാൻഡ്, ഹോളണ്ട് എന്നിങ്ങനെ പേരുകളുള്ള സ്ഥലങ്ങൾ.
1602ൽ ആരംഭിച്ച, ഓഹരികൾകൊണ്ട് പ്രവർത്തിച്ച ചാർട്ടഡ് കമ്പനിയായിരുന്ന വി.ഒ.സിക്ക് കൊച്ചിയിലെ പ്രവർത്തനം കാര്യമായ ലാഭം നൽകിയില്ലെന്ന് ചില പഠനങ്ങൾ പറയുന്നു. യുദ്ധച്ചെലവും കൊച്ചി കോട്ടയുടെയും കെട്ടിടങ്ങളുടെയും നിർമാണച്ചെലവും ആത്മാർഥതയില്ലാത്ത കൈക്കൂലിക്കാരായ ഉദ്യാഗസ്ഥന്മാരും കാലക്രമേണ വി.ഒ.സിയെ ദുർബലപ്പെടുത്തിയെന്നും പഠനങ്ങൾ പറയുന്നു -പൈതൃകനടത്തം വി.ഒ.സി ഗേറ്റിനു സമീപമെത്തുന്നതിനു മുമ്പ് ആമുഖമായി പറയാനാകുന്നതാണിത്.
ഗേറ്റിന്റെ നെറുകയിൽ വി.ഒ.സിയുടെ ചിഹ്നം ഇപ്പോഴുണ്ട്. 1740 എന്നും ചിഹ്നത്തിന് സമീപമുണ്ട്. സ്വന്തം നാണയംവരെ നിർമിച്ചിറക്കാൻ അധികാരമുള്ള പ്രസ്ഥാനമായിരുന്നു വി.ഒ.സി. വി.ഒ.സി ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ ഡച്ച് നാണയം നിർമിക്കുന്ന വി.ഒ.സിയുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ എഴുതുന്നു. എന്നാൽ, ഈ കമ്മട്ടക്കെട്ടിടം ഡച്ചുകാലത്തിലേതുപോലെ ഇന്ന് നിലനിൽക്കുന്നില്ല.
വി.ഒ.സി ഗേറ്റിൽനിന്ന് നോക്കിയാൽ പരേഡ് ഗ്രൗണ്ടിനപ്പുറത്ത് ഡേവിഡ് ഹാൾ കാണാം. പൈതൃകനടത്തത്തിൽ വി.ഒ.സിയോടൊപ്പം ഡച്ചുകാലത്തെ പ്രതിനിധാനം ചെയ്യുന്ന ഡേവിഡ് ഹാളിനെക്കുറിച്ചും പറയാം. 1669 മുതൽ 1676 വരെ കൊച്ചിയിൽ ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻ റീഡ് താമസിച്ച വീട് എന്നനിലയിൽ അറിയപ്പെടുന്നു ഡേവിഡ് ഹാൾ. പതിനേഴാം നൂറ്റാണ്ടിലായിരുന്നു ഡേവിഡ് ഹാളിന്റെ നിർമാണം.
ഡച്ച് നിർമാണകലക്ക് ഉദാഹരണമാണ് ഡേവിഡ് ഹാൾ. മൂന്ന് വലിയ മുറികൾ, വരാന്ത, വരാന്തയുടെ ഇരു അറ്റങ്ങളിലെ ചാറ്റ് ബെഞ്ചുകൾ, ഉയരമുള്ള ചുവരുകൾ, ഉയരവും വീതിയുള്ള ജനാലകളും അവയുടെ സമീപത്തെ ഇരിപ്പിടങ്ങളും എല്ലാം കെട്ടിടത്തിന്റെ നിർമാണത്തിലെ ഡച്ച് മാതൃകയുടെ പ്രത്യേകതകളാണ്.
പോർചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി പിടിച്ചടക്കിയ ഡച്ച് കപ്പൽപടയുടെ നായകൻ വാൻ ഗോയൻസിന്റെ സഹസൈനികനായിരുന്നു ഹെൻറിക് വാൻ റീഡ്. പിന്നീട് ഹെൻറിക് വാൻ റീഡ് കൊച്ചിയിലെ ഗവർണറായിരിക്കെ 'ഹോർത്തൂസ് മലബാറിക്കസ്' ഗ്രന്ഥങ്ങൾ രചിക്കുന്ന സംഘാടനത്തിലേർപ്പെട്ടു. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പുസ്തകപ്പേരിന് അർഥം 'മലബാറിന്റെ ഉദ്യാനം'. 12 വോള്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥങ്ങൾ കേരളത്തിലെ വിവിധ സസ്യങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ആധികാരികമായ രേഖപ്പെടുത്തലാണ്. പുസ്തകത്തിന്റെ ഓരോ വോള്യത്തിനും ശരാശരി 500 പേജുണ്ട്. കേരളത്തിലെ 742 ചെടിയിനങ്ങളെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ലാറ്റിൻ, അറബി, ദേവനാഗരി, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം സസ്യങ്ങളുടെ പേരുകൾ മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ട് ഹോർത്തൂസ് മലബാറിക്കസിൽ. നെതർലൻഡ്സിൽ അച്ചടിച്ചു പുസ്തകങ്ങൾ. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ഹോർത്തൂസ് മലബാറിക്കസിലാണ്. ഡേവിഡ് ഹാൾ കെട്ടിടത്തിൽ താമസിച്ചുകൊണ്ടാണ് ഹെൻറിക് വാൻ റീഡ് ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥങ്ങളുടെ സംഘാടനം നിർവഹിച്ചത്.
കൊച്ചിയിൽ ഡച്ചുകാരും ജൂതവ്യാപാരികളും തമ്മിലുണ്ടായ സൗഹൃദത്തിന്റെ പ്രതീകവുമാണ് ഡേവിഡ് ഹാൾ. ഡച്ചുകാലത്തിനുശേഷം ജൂതകുടുംബാംഗങ്ങൾ താമസിച്ചു കെട്ടിടത്തിൽ. ഏറ്റവും ഒടുവിലായി കെട്ടിടത്തിൽ താമസിച്ച ജൂതൻ ഡേവിഡിന്റെ പേരിലാണ് ഇന്ന് കെട്ടിടം ഡേവിഡ് ഹാൾ എന്ന് അറിയപ്പെടുന്നത്.
1795 ഒക്ടോബർ 20ന് കൊച്ചിയിലെ ഡച്ച് അധികാരം അവസാനിക്കുന്നു. ബ്രിട്ടീഷ് അധികാരം ആരംഭിക്കുകയായി. പൈതൃകനടത്തം സ്പെൻസർ ഹോമിനു മുന്നിലെത്തുമ്പോൾ വർത്തമാനത്തിൽ കൊച്ചിൻ ക്ലബിനേക്കൂടി ചേർക്കാം. ഇറക്കുമതിചെയ്ത ബ്രിട്ടീഷ് വിഭവങ്ങൾ വിൽക്കുന്ന സ്ഥാപനമെന്നനിലയിൽ സ്പെൻസർ ഹോം കൊച്ചിയിലെ ബ്രിട്ടീഷുകാരുടെ അനുദിന ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിൽ കൊച്ചിൻ ക്ലബ് ബ്രിട്ടീഷുകാരുടെ വിനോദവേദിയായിരുന്നു. വൈകുന്നേരങ്ങളിലും ആഘോഷവേളകളിലും ബ്രിട്ടീഷുകാർ ഒത്തുചേരുന്ന സ്ഥലം. 'ബ്രിട്ടീഷുകാർക്ക് മാത്രം' ആയിരുന്നു ക്ലബിൽ പ്രവേശനം! നിശിത ബ്രിട്ടീഷുവംശ സ്ഥാപനമായിരുന്നു കൊച്ചിൻ ക്ലബ് എന്നതിന് ഒരു ഉദാഹരണം: 'ലോർഡ് വില്ലിങ്ടൺ' മണ്ണുമാന്തിക്കപ്പൽ യൂറോപ്പിൽനിന്ന് കൊണ്ടുവന്ന് കായലിൽനിന്ന് മണ്ണും ചേറും കോരിയിട്ട് ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള മനുഷ്യനിർമിത ദ്വീപായ വില്ലിങ്ടൺ ഐലൻഡുണ്ടാക്കി. ആധുനിക കൊച്ചി തുറമുഖം നിർമിച്ച സർ റോബർട്ട് ബ്രിസ്റ്റോ കൊച്ചിൻ ക്ലബിൽ പോകുമായിരുന്നില്ല. കാരണം, അദ്ദേഹത്തിന്റെ ഭാര്യ ഗെറ്റ് റൂഡിന് ബ്രിട്ടീഷുകാരിയല്ലാത്തതിനാൽ ക്ലബിൽ പ്രേവശനമുണ്ടായിരുന്നില്ല!
പരേഡ് ഗ്രൗണ്ട് പ്രശസ്ത ഫുട്ബാൾ മൈതാനമാണ്. ഒരു ഫുട്ബാൾ മൈതാനത്തെ ഒരുവട്ടം ചുറ്റിനടന്ന് കൊച്ചിയുടെ പിൻനൂറ്റാണ്ടുകളിലേക്ക് യാത്രചെയ്യാവുന്ന പൈതൃകനടത്തത്തിൽ പരേഡ് ഗ്രൗണ്ടിനെക്കുറിച്ചുകൂടി പറയേണ്ടിയിരിക്കുന്നു.
പണ്ട് പരേഡ് ഗ്രൗണ്ട് അറിയപ്പെട്ടിരുന്നത് 'ബരാക്കാ മൈതാനം' എന്നാണ്. പോർചുഗീസുകാരിട്ട പേരായിരുന്നു 'ബരാക്കാ' എന്നത്. ബരാക്കാ എന്നതിന് പോർചുഗീസു ഭാഷയിൽ ബാരക്ക് എന്നർഥം. പോർചുഗീസുകാരുടെ ആയുധപ്പുര നിലനിന്ന ഇടമായിരുന്നു പരേഡ് ഗ്രൗണ്ട്. പോർചുഗീസുകാലത്ത് പോർചുഗീസു കൊടി ഉയർത്തിയിരുന്നു മൈതാനത്ത്. ഡച്ചുകാലത്ത് പോർചുഗീസു കൊടി താഴ്ത്തി ഡച്ചുകൊടി ഉയർത്തി മൈതാനത്ത്. ബ്രിട്ടീഷുകാലത്ത് ഡച്ചുകൊടി താഴ്ത്തി ബ്രിട്ടീഷ് കൊടി ഉയർത്തി. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ബ്രിട്ടീഷ് കൊടി താഴ്ത്തി ഇന്ത്യൻ കൊടി ഉയർത്തി! ബ്രിട്ടീഷ്സൈന്യം പരേഡ് നടത്തിയിരുന്ന മൈതാനം എന്നനിലയിൽ പരേഡ് ഗ്രൗണ്ട് എന്ന് പേരുണ്ടായി.
പതിനാലാം നൂറ്റാണ്ടിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ കൊച്ചിയുടെ വടക്ക് ഇന്നത്തെ കൊടുങ്ങല്ലൂർ മേഖലയിലുണ്ടായിരുന്ന മുസിരിസ് തുറമുഖം നശിച്ചതിനു പിന്നാലെ ചരിത്രത്തിൽ കൊച്ചി തുറമുഖം രൂപംകൊണ്ട ഭൂമികയായ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ 140ൽപരം പൈതൃക ഇടങ്ങൾ ഇന്നുവരെ ഈ ലേഖകൻ മനസ്സിലാക്കിയിട്ടുണ്ട്. വഴികളിലൂടെ, ഉപവഴികളിലൂടെ ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഇടങ്ങളിലേക്ക് പൈതൃകനടത്തമാവാം. ഈ കുറിപ്പിന്റെ പരിധിയിൽ പരേഡ് ഗ്രൗണ്ടെന്ന ഫുട്ബാൾ മൈതാനത്തിനു ചുറ്റും മാത്രമായി, പോയ നൂറ്റാണ്ടുകളിലേക്കുള്ള ഈ നടത്തം ഒതുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.