കൊളത്തറ മൾട്ടി പർപ്പസ് തൊഴിൽ പരിശീലന കേന്ദ്രത്തിൽ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന തൊഴിൽ പരിശീലനത്തിനെത്തിയ

ഭിന്നശേഷി വിദ്യാർഥികളും ഡയറക്ടർ ടി അബ്ദുൽ റസാഖും മൂസയോടൊപ്പം

കനിവിന്‍റെ കാവലാൾ

ഭിന്നശേഷിക്കാരുടെ കഴിവുകളും പ്രാവീണ്യവും കൃത്യമായി വിനിയോഗിച്ചാല്‍, അവരെ ചേർത്തുനിർത്തിയാൽ മറ്റെല്ലാവരെയും പോലെ അവര്‍ക്കും ജീവിതത്തിൽ ശോഭിക്കാനാവും എന്ന് മൂസ തെളിയിക്കുകയാണ്. ഇന്ത്യയിലും വിദേശത്തും പ്രമുഖ കമ്പനികളിലടക്കം നിരവധി ഭിന്നശേഷിക്കാരെ തൊഴിലിടങ്ങളിലെത്തിക്കാനുള്ള തയാറെടുപ്പുകൾ മൂസയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു

എല്ലാവരെയുംപോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ചിന്തകളും വേണ്ടുവോളമുള്ള ഒരു സമൂഹത്തെ ഭിന്നശേഷിക്കാരെന്നു വിളിച്ച്, പൊതുഇടങ്ങളിൽനിന്ന് അകറ്റിനിർത്തുന്നവരാണ് നമ്മൾ. പരിമിതികളുണ്ടെങ്കിലും ഉയരെ പറക്കാൻ കഴിയുമെന്ന വിശ്വാസമുള്ള വലിയൊരു വിഭാഗം ഇവർക്കിടയിലുണ്ട്. ഇവരെക്കൂടി ചേർത്തുപിടിക്കുമ്പോഴാണ് ഈ ലോകത്തിനു കൂടുതൽ ഭംഗിയെന്നു തിരിച്ചറിഞ്ഞയാളാണ് വോൾഗ മൂസയെന്നറിയപ്പെടുന്ന തയ്യാപറമ്പത്ത് മൂസ. തന്റെ 50 വർഷത്തെ പ്രവാസത്തിനുശേഷം ഭിന്നശേഷിക്കാർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ കാഴ്ചപ്പാടുതന്നെ.

തൊഴിൽ ഉറപ്പാക്കാൻ

അന്ധതയുടെ പരിമിതികളെ തോൽപിച്ച് അസാമാന്യ കരിയർ കെട്ടിപ്പടുത്ത ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ. ഹബീബിന്റെ ഒരു അഭിമുഖമാണ് ഈ 76കാരന്റെ ജീവിതം മാറ്റിമറിച്ചത്. ഭിന്നശേഷിക്കാരുടെ കഴിവുകളും പ്രാവീണ്യവും കൃത്യമായി വിനിയോഗിച്ചാല്‍, അവരെ ചേർത്തുനിർത്തിയാൽ മറ്റെല്ലാവരേയും പോലെ അവര്‍ക്കും ജീവിതത്തിൽ ശോഭിക്കാനാവും എന്ന് മൂസ തെളിയിക്കുകയാണ്. ഇന്ത്യയിലും വിദേശത്തും പ്രമുഖ കമ്പനികളിലടക്കം നിരവധി ഭിന്നശേഷിക്കാരെ തൊഴിലിടങ്ങളിലെത്തിക്കാനുള്ള തയാറെടുപ്പുകൾ മൂസയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ മൂസക്കയുടെ ഇടപെടൽവഴി നിരവധിപേർക്ക് ഇതിനോടകം ജോലി ലഭിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരുടെ ഡേറ്റാ ബേസ് തയാറാക്കുക എന്നതായിരുന്നു മൂസക്കയുടെ ആദ്യ ലക്ഷ്യം. ഇത് തയാറാകുന്നതോടെ നിരവധി ഭിന്നശേഷിക്കാർക്ക് തൊഴിൽ സാഹചര്യമൊരുക്കാനാവുമെന്ന് മൂസക്ക ഉറപ്പിച്ചുപറയുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരടങ്ങിയ പാനൽ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഭിന്നശേഷിക്കാരുടെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ മുപ്പതിലധികം സ്ഥാപനങ്ങളുമായി മൂസ നിരന്തരം ബന്ധംപുലർത്തുന്നുണ്ട്.

തണലിനൊപ്പം

2008ൽ മൂസയുടെ ജന്മദേശമായ മാഹിയിൽ ഏതാനും പേർ ചേർന്ന് തുടക്കം കുറിച്ച തണൽ കേവലം 15 വർഷം കൊണ്ട് രാജ്യത്ത് പടർന്നുപന്തലിച്ചുകഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ‘തണൽ’ എന്ന സ്ഥാപനവുമായി ചേർന്ന് നിരവധി പദ്ധതികളാണ് മൂസക്കയുടെ അജണ്ടയിലുള്ളത്. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ തണൽ നൽകുന്ന മുന്തിയ പരിഗണനയാണ് മൂസക്കയെ അതിലേക്ക് അടുപ്പിക്കാൻ കാരണം. സ്പെഷൽ സ്കൂളുകളും ഏർലി ഇന്റർവെൻഷൻ സെന്ററുകളും തണലിനു കീഴിൽ സജീവമാണ്. ഭിന്നശേഷിക്കാരെ സ്വയംപര്യപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർക്കോ അവരുടെ രക്ഷിതാക്കൾക്കോ പരിശീലം നൽകുന്ന പദ്ധതി റിഥം 2022 എന്ന കൂട്ടായ്മയിൽ മൂസ സജീവമാണ്. ഇതിന്റെ ഭാഗമായി തയ്യൽ പരിശീലനത്തിൽ താൽപര്യമുള്ളവരെ കണ്ടെത്തി അവരുടെ രക്ഷിതാക്കൾക്ക് പരിശീലനം നൽകി അവരിലൂടെ ഭിന്നശേഷിക്കാരായ മക്കളെ തുന്നൽ പഠിപ്പിക്കുയും അവർക്കും കുടുംബത്തിനും നല്ലൊരു വരുമാനമാർഗം ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതിയും അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുന്നു.

പരിശീലനത്തിന് ആവശ്യമായ തുണികളോ അതിനാവശ്യമായ പണമോ സുമനസ്സുകളിൽനിന്ന് സ്വീകരിക്കുകയും പരിശീലന സമയത്ത് തയ്ച്ച വസ്ത്രങ്ങൾ പണം മുടക്കിയവർക്കുതന്നെ തിരിച്ചുനൽകുകയോ അവരുടെ നിർദേശപ്രകാരം വയോജനകേന്ദ്രങ്ങൾക്കും യത്തീംഖാനകൾക്കും മറ്റും സൗജന്യമായി നൽകുകയോ ചെയ്യുന്ന രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. ഭിന്നശേഷിക്കാർ തയ്ക്കുന്ന വസ്ത്രങ്ങൾ വലിയ ടെക്സ്റ്റൈൽസുകളിൽ പ്രത്യേക കിയോസ്കുകൾ ഉണ്ടാക്കി അതിൽ സൂക്ഷിച്ച് ഭിന്നശേഷിക്കാരുടെ ഉൽപന്നങ്ങൾ എന്ന രീതിയിൽ വിൽപന നടത്തി സഹകരിക്കാമെന്ന് വലിയ ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ തന്നെ ഇതിനോടകം മൂസയോട് സമ്മതിച്ചിട്ടുമുണ്ട്.

എബിലിറ്റി പ്ലേസ്‌മെന്റ് സെൽ

ഭിന്നശേഷിക്കാർക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുക എന്ന മൂസയുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ അതിനാവശ്യമായ പരിശീലനം അത്യന്താപേക്ഷിതമാണ്. 2009ൽ ഒമ്പത് ഏക്കർ സ്ഥലത്ത് അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ തുടങ്ങിയ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഇത്തരത്തിൽ പരിശീലനം നൽകിവരുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച കമ്പനികളിലും വിദേശത്തുമെല്ലാം ഭിന്നശേഷിക്കാർക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അവർക്ക് താൽപര്യമുള്ള മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് എബിലിറ്റി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. മൂസയുടെ പ്രധാന ഉദ്യമങ്ങളിലൊന്നായ ഭിന്നശേഷിക്കാർക്ക് മികച്ച ജോലി എന്ന ലക്ഷ്യം പുളിക്കൽ എബിലിറ്റി ഫൗണ്ടേഷനുമായി ചേർന്നാണ് നടപ്പാക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എബിലിറ്റി പ്ലേസ്‌മെന്റ് സെൽ എന്ന പേരിൽ മൂസക്ക ഉൾപ്പെട്ട കൂട്ടായ്മ പ്രവർത്തിച്ചുവരുന്നുണ്ട്.

വിദേശത്തെയും നാട്ടിലെയും ജോലിസാധ്യതകൾ കണ്ടെത്തുകയും യോഗ്യരായ ഉദ്യോഗാർഥികളുടെ ഡേറ്റാബേസ് ഉണ്ടാക്കുകയും അവർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ശാസ്ത്രീയ പരിശീലനത്തിലൂടെ ഭിന്നശേഷിക്കാരെ മുൻനിരയിലേക്ക് ഉയർത്തുന്ന നൂതന പദ്ധതികളാണ് നടപ്പാവുന്നത്.

കോഴിക്കോട് കൊളത്തറയിൽ 14 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാമ്പസിലെ മൾട്ടി പർപ്പസ് തൊഴിൽ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ് പല സ്ഥാപനങ്ങളിലേക്കും ഭിന്നശേഷിക്കാരായ തൊഴിൽ സന്നദ്ധരെ സ്റ്റാഫായി നൽകുന്നത്. കാഴ്ച പരിമിതർക്ക് ഡൊമസ്റ്റിക് ഡേറ്റാ എൻട്രി കോഴ്സ്, കേൾവി പരിമിതർക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ കോഴ്സ്, ബുദ്ധി പരിമിതർക്ക് ഫുഡ് ആൻഡ് ബിവറേജസ് അസോസിയേറ്റ്സ് തുടങ്ങിയ പരിശീലനങ്ങൾ ഇവിടെനിന്നും ലഭിക്കുന്നുണ്ട്.

ഭക്ഷ്യനിർമാണ യൂനിറ്റുകൾ

കാറ്ററിങ് മേഖലയിൽ 20 വർഷത്തോളം പരിചയമുള്ള മൂസ രണ്ടുതരത്തിലുള്ള ഭക്ഷ്യനിർമാണ യൂനിറ്റുകൾ ഭിന്നശേഷിക്കാർക്കായി വിഭാവനം ചെയ്യുന്നുണ്ട്. ദീർഘനാളത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന അച്ചാർ ഉൽപന്നങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങിയവയും ദിവസേന ഉപയോഗിക്കാവുന്ന വിഭവങ്ങളും ഇതിലുണ്ടാകും. ഈ ഭക്ഷ്യനിർമാണ യൂനിറ്റുകളിൽ നിർമിക്കുന്ന സാധനങ്ങൾ വാങ്ങാൻ ഇപ്പോൾ തന്നെ സ്ഥാപനങ്ങൾ ഒരുക്കമാണെന്ന് മൂസയെ അറിയിച്ചിട്ടുണ്ട്.

ഭിന്നശേഷി സൗഹൃദം എന്ന വാക്കിനപ്പുറം ഭിന്നശേഷിക്കാർ കൂടി ഉൾപ്പെടുമ്പോഴാണ് പൊതു സമൂഹം അതിന്റെ പൂർണതയിലെത്തുകയെന്ന് മനസ്സിലാക്കി പ്രായത്തിന്റെ അവശതകളെയും കേൾവിയുടെ ബുദ്ധിമുട്ടുകളെയും വകഞ്ഞുമാറ്റി, അതിനായുള്ള ഓട്ടത്തിലാണ് അദ്ദേഹം. കാഴ്ച, കേൾവി പരിമിതർക്കായി പ്രവർത്തിക്കുന്ന കൊളത്തറ സ്​പെഷൽ സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ റസാഖും മൂസയെ സഹായിക്കാനായി ഒപ്പമുണ്ട്. പരിമിതികൾ കാരണം സമൂഹത്തിൽനിന്ന് അകന്നുപോയ വലിയ ഒരു വിഭാഗത്തെ കൈപിടിച്ചുയർത്താൻ ജോലിനൽകിയും മറ്റും തണലേകാൻ സന്നദ്ധതയുള്ള സ്ഥാപനങ്ങളുടെ പിന്തുണയും ഇദ്ദേഹം ആവശ്യപ്പെടുന്നു. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സേവനരംഗത്ത് കൈകോർക്കാൻ താൽപര്യമുള്ളവർക്ക് മൂസയുടെ 00919847847843, വാട്ട്സ്ആപ് 00971506451947 നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - differently abled persons to workspace- moosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT