ബി.ജെ.പിയെ തറപറ്റിച്ച് കോൺഗ്രസ് ഭരണം പിടിച്ച കർണാടക അതിർത്തിയാണ് മഞ്ചേശ്വരം. അവിടത്തെ കാര്യങ്ങളൊക്കെ അടുത്തറിയുന്ന, കന്നടയിൽ നന്നായി എഴുതാനും പ്രസംഗിക്കാനും അറിയുന്ന ആൾ കൂടിയാണ് എ.കെ.എം. അഷറഫ്. അദ്ദേഹം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതുതന്നെ കന്നടയിലാണ്. കർണാടകയുടെ ബസിൽ കേരളത്തിൽനിന്ന് കയറുന്ന സൗദാമിനി ചേച്ചി ടിക്കറ്റെടുക്കുമ്പോൾ കർണാടക ഭാഗത്തുനിന്ന് കയറുന്നവർക്ക് സൗജന്യം. ആ അനുഭവം കൂടി വെച്ചാണ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും നടപ്പാക്കുന്ന 200 യൂനിറ്റ് വൈദ്യുതി സൗജന്യം, ഗൃഹലക്ഷ്മി, അന്നഭാഗ്യം തുടങ്ങി ക്ഷേമപ്രവർത്തനങ്ങൾ കേരളത്തിൽ നടപ്പാക്കണമെന്ന് പറയുന്നില്ലെങ്കിലും ഒന്നുപഠിച്ചുകൂടേ, എന്ന അഭിപ്രായം അഷറഫ് മുന്നോട്ടുവെച്ചത്. മലയാളത്തിൽ പറഞ്ഞത് എല്ലാവർക്കും മനസ്സിലായില്ലെന്നുകരുതി കന്നട ഭാഷയിൽ കൂടി അങ്ങ് കാച്ചി. ധനവിനിയോഗ ബിൽ ചർച്ചയിൽ അഷറഫിന്റെ പ്രകടനത്തിൽ പ്രതിപക്ഷ നിരയാകെ രോമാഞ്ചം കൊണ്ടു. സീറ്റിലെത്തി അഭിനന്ദിച്ചു.
ഭരണപക്ഷത്തിന് പക്ഷേ, അത്രങ്ങ് രസിച്ചില്ല. എല്ലാ രംഗത്തും നമ്പർ വൺ ആയ നമ്മൾ കർണാടകയെ കുറിച്ച് പഠിക്കാനോ? ആദ്യവെടി ഇ.ടി. ടൈസൺ പൊട്ടിച്ചു. ഇവിടെ എത്രപേർക്ക് ക്ഷേമ പെൻഷൻ നൽകുന്നെന്ന് അറിയാമോ? അവിടെ കുറച്ചുപേർക്ക് എന്തെങ്കിലും നൽകുന്നതിനെ അഭിനന്ദിക്കാർ കേരള നിയമസഭയെ ഉപയോഗിക്കാമോ? കോൺഗ്രസ് എം.എൽ.എമാർ നിരനിരയായി ബി.ജെ.പിയിലേക്ക് പോകുന്നതാണോ പഠിക്കേണ്ടത്? അതങ്ങ് കൈയിൽ വെച്ചാൽ മതിയെന്ന് തീർത്തു പറഞ്ഞ യുവതുർക്കി വി.കെ. പ്രശാന്ത് ഓപറേഷൻ ലോട്ടസ് ഇനിയും വിജയിക്കാമെന്ന മുന്നറിയിപ്പും നൽകി.
കർണാടകയിൽ ബി.ജെ.പി സർക്കാർ ഉടൻ വരുമെന്ന് പ്രശാന്ത് ആഗ്രഹിക്കുന്നത് നിർഭാഗ്യകരമെന്നായി എ.പി. അനിൽകുമാർ. മുമ്പ് ചൈനയിലേക്ക് നോക്കൂ... പോളണ്ടിലേക്ക് നോക്കൂ... എന്ന് ആവർത്തിച്ചിരുന്ന മാർക്സിസ്റ്റുകാരുടെ ചരിത്രം അനിൽകുമാർ ഓർമിപ്പിച്ചു. പിന്നീട്, ബംഗാളിലേക്ക് നോക്കൂ... ത്രിപുരയിലേക്ക് നോക്കൂ എന്നായി. ഇപ്പോൾ കേരളത്തിൽ താഴേക്ക് നോക്കാൻ മാത്രമേ നിങ്ങൾക്ക് ഗതിയുള്ളൂ. കർണാടകത്തിലെ കാര്യം ചർച്ച ചെയ്യുന്നതിൽ പോലും ഇത്ര അസ്വസ്ഥത എന്തിനെന്ന് അനിൽകുമാർ അത്ഭുതം കൂറി.
ഒരു സർക്കാർ ഓപറേഷൻ ലോട്ടസ് വഴി പോയി, ഇനിയും ഇതുപോലെ റിസോർട്ടുകൾ തയാറാക്കുന്നെന്ന ആശങ്ക പറയുന്നു, അതൊന്നും വരാതിരിക്കട്ടെ എന്നുപറഞ്ഞ് തുടങ്ങിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരളം കർണാടകയെപ്പോലെ ചെയ്യണമെന്ന് പഠിപ്പിക്കേണ്ട എന്ന് തിരിച്ചടിച്ചു. ഇവിടെ താമസിക്കുന്ന, മലയാള ഭാഷ സംസാരിക്കുന്ന നമുക്ക് കേരളത്തോട് കൂറുവേണ്ടേ എന്ന ചോദ്യമാണ് എം.എം. മണി ഉയർത്തിയത്. നമ്മുടെ നേട്ടം മറച്ചുവെച്ച് കർണാടകയിലേക്ക് നോക്കാൻ പറയുന്നതിന് മറുപടി പലവട്ടം വായിൽ വന്നിട്ടും എം.എം. മണി വിഴുങ്ങി. വേണ്ട, പറഞ്ഞാൽ അൺപാർലമെന്ററിയാകും. അത് മാമാ പണിയാണ്, മോശം പണിയാണ് എന്നൊക്കെ പറഞ്ഞ് ഒരു വിധം ഒതുക്കി.
കൃഷിമന്ത്രി പി. പ്രസാദ് എയ്തത് മുൻ യു.ഡി.എഫ് സർക്കാറിനിട്ട്. പക്ഷേ, കൊണ്ടത് ഇപ്പോൾ സ്വന്തം പക്ഷത്തായ പഴയ കൃഷിമന്ത്രി കെ.പി. മോഹനനിട്ടും. കാർഷിക മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്ത അടിയന്തര പ്രമേയ നോട്ടീസിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ബജറ്റുകളിൽ കാർഷിക മേഖലക്ക് നടത്തിയ ഓരോ പ്രഖ്യാപനങ്ങളും വായിച്ച് ഒന്നും നടപ്പായില്ലെന്ന് മന്ത്രി വാദിച്ചു. ഭരണപക്ഷം കൈയടിച്ചു. അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനൻ ഒന്നും ചെയ്തില്ലെന്ന കുറ്റപത്രമാണ് മന്ത്രി പ്രസാദിന്റേതെന്നുപറഞ്ഞ് പ്രതിപക്ഷം തടിയൂരി. കെ.പി. മോഹനനാകട്ടെ, മൗനത്തിലും.
കർഷകരുടെ ദുരിതം പറഞ്ഞതിന് നടൻ ജയസൂര്യക്ക് മേൽ കുതിരകയറാൻ സൈബർ സഖാക്കളെ വിട്ടില്ലേ എന്ന് സണ്ണി ജോസഫിന്റെ പ്രകോപനം. മാസങ്ങൾ മുമ്പ് നെല്ലിന്റെ മുഴുവൻ പൈസയും വാങ്ങിയ ആളിന്റെ പേരിലാണ് സിനിമ താരം പുതിയ തിരക്കഥ പറഞ്ഞതെന്നും ഒന്നാം ദിവസം തന്നെ തിരക്കഥയും സിനിമയും പൊട്ടിപ്പോയതുപോലെ ഈ കഥയും പൊട്ടിയെന്നുമായി മന്ത്രി. കൃഷിയിലൂടെ ഔഡി കാർ വാങ്ങിയ ആൾ ആ വേദിയിലുണ്ടായിരുന്നെന്ന് ആവേശം കൊണ്ടപ്പോൾ കർഷകന് ഔഡി കാർ വാങ്ങാൻ കഴിയുന്ന കാർഷിക മുന്നേറ്റമാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.