ഒരു ഇടവേളക്കുശേഷം വീണ്ടും പൊലീസ് അതിക്രമങ്ങൾ ചർച്ചചെയ്യപ്പെടുകയാണ്. എറണാകുളം ജില്ലയിലെ ഇരുമ്പനം സ്വദേശി മനോഹരൻ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണം. വാഹന പരിശോധനക്കിടയിൽ കൈകാണിച്ച് നിർത്താൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ വണ്ടി അൽപം നീക്കിനിർത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. വണ്ടി എന്താണ് നീക്കിനിർത്തിയത് എന്ന് പൊലീസ് ചോദിച്ചപ്പോൾ പേടിച്ചിട്ടാണ് സാറേ എന്ന് മനോഹരൻ മറുപടി...
ഒരു ഇടവേളക്കുശേഷം വീണ്ടും പൊലീസ് അതിക്രമങ്ങൾ ചർച്ചചെയ്യപ്പെടുകയാണ്. എറണാകുളം ജില്ലയിലെ ഇരുമ്പനം സ്വദേശി മനോഹരൻ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണം. വാഹന പരിശോധനക്കിടയിൽ കൈകാണിച്ച് നിർത്താൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ വണ്ടി അൽപം നീക്കിനിർത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. വണ്ടി എന്താണ് നീക്കിനിർത്തിയത് എന്ന് പൊലീസ് ചോദിച്ചപ്പോൾ പേടിച്ചിട്ടാണ് സാറേ എന്ന് മനോഹരൻ മറുപടി പറഞ്ഞെന്നും തുടർന്ന് ഹെൽമറ്റ് ഊരിയ ഉടനെതന്നെ എസ്.ഐ ജിമ്മി ജോസ് മനോഹരന്റെ മുഖത്തടിച്ചെന്നുമാണ് ദൃക്സാക്ഷി പറയുന്നത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മനോഹരൻ സ്റ്റേഷനിൽെവച്ച് കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു. മനോഹരൻ ഹൃദയാഘാതമുണ്ടായി മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മരണകാരണം എന്തുതന്നെയായാലും മനോഹരന്റെ അകാലമരണത്തിനു കാരണം പൊലീസാണെന്ന് വ്യക്തമാണ്. മനോഹരനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തക്ക ഒരു കുറ്റവും മനോഹരൻ ചെയ്തിട്ടില്ല. പേക്ഷ, അദ്ദേഹത്തിന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു. മർദനത്തിന് വിധേയനായി. അന്യായമായി തടഞ്ഞുവെക്കപ്പെട്ടു. മനുഷ്യാന്തസ്സിനു നിരക്കാത്ത വിധത്തിലുള്ള പെരുമാറ്റങ്ങൾ പൊലീസുകാരിൽനിന്നും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. തനിക്കു നേരിടേണ്ടിവന്ന മനുഷ്യാവകാശ/ നിയമ ലംഘനങ്ങളുടെയും, ശരീരത്തിലും സ്വാതന്ത്ര്യത്തിലും ഏൽക്കേണ്ടിവന്ന കടന്നുകയറ്റങ്ങളുടെയും സമ്മർദം താങ്ങാൻ കഴിയാതെ 53 വയസ്സുള്ള ആ മനുഷ്യൻ ഈ ലോകത്തോട് വിടപറഞ്ഞു.
എസ്.ഐ ജിമ്മി ജോസും മനോഹരൻ
മനോഹരൻ പൊലീസ് കസ്റ്റഡിയിൽ മരണപ്പെടുന്നതിനു ഏതാനും നാളുകൾക്കു മുമ്പാണ് സുപ്രീംകോടതി പൊലീസിന്റെ അറസ്റ്റിനുള്ള അധികാരം നിയന്ത്രിച്ച് 2014ൽ അർണേഷ് കുമാർ vs സ്റ്റേറ്റ് ഓഫ് ബിഹാർ കേസിൽ നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ടത്. ഏഴു വർഷത്തിൽ താഴെ ശിക്ഷ വിധിക്കാവുന്ന കേസുകളിൽ അറസ്റ്റ് നിർബന്ധമല്ലാതാക്കുന്ന ക്രിമിനൽ നടപടി ചട്ടത്തിലെ 41 A വകുപ്പ് കൃത്യമായി പാലിക്കണമെന്നായിരുന്നു അർണേഷ് കുമാർ കേസിലെ ഉത്തരവ്. പേക്ഷ, നിയമവും കോടതിവിധികളും ഒക്കെ ഉണ്ടായിട്ടും വളരെ ലാഘവത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉപയോഗിക്കുന്നത് എന്നും നിയമത്തിനു വിരുദ്ധമായി നിസ്സാര കുറ്റങ്ങൾക്കു വരെ അറസ്റ്റ് ചെയ്യുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. കോടതികൾ എന്തൊക്കെതന്നെ പറഞ്ഞാലും പൊലീസ് അതിക്രമങ്ങൾ തുടരുകതന്നെയാണ്.
ഓരോ തവണയും പൊലീസ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഏതാനും ദിവസങ്ങൾ അതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ ഉണ്ടാകും. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധങ്ങൾ, മനുഷ്യാവകാശ കമീഷൻ, പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി പോലുള്ള എടുപ്പ് കുതിരകളുടെ എഴുന്നള്ളത്ത്. ഒരിക്കൽപോലും ഒരു തീർപ്പിൽ എത്താത്ത പ്രൈംടൈം ചാനൽ ചർച്ചകൾ. അത് കഴിഞ്ഞാൽ പിന്നെ അടുത്ത പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നതുവരെ നീളുന്ന നിശ്ശബ്ദത. വീണ്ടും അതേ അനുഷ്ഠാനങ്ങളുടെ തനിയാവർത്തനം. പൊലീസ് അതിക്രമങ്ങളെ നമ്മൾ കൈകാര്യംചെയ്യുന്ന രീതി ഇതാണ്. അതിനിടയിൽ കൊളോണിയൽ പൊലീസിൽനിന്നും ജനാധിപത്യത്തിലെ പൊലീസ് ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേൾക്കും. പൊലീസിന്റെ ആത്മവീര്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ താക്കീത് നമ്മൾ കേൾക്കും. പൊലീസുകാരുടെ തൊഴിൽപരമായ സമ്മർദങ്ങളെക്കുറിച്ചും കഠിനമായ തൊഴിൽ പരിതഃസ്ഥിതിയെക്കുറിച്ചും ഒക്കെ നമ്മൾ കേൾക്കും. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ പൊലീസ് മർദനത്തെ സംബന്ധിച്ച വാർത്തയെ മറവിയിലേക്കു തള്ളി പുതിയ വാർത്തകൾ കടന്നുവരും.
പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ചു പുറത്തുവരുന്ന ഓരോ വാർത്തയും ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത ഈ അതിക്രമങ്ങൾ നിലനിൽക്കുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയിൽ അന്തർലീനമായിട്ടുള്ളതാണ് എന്നതാണ്. അതുകൊണ്ട് തന്നെയാണ് പൊലീസ് അതിക്രമങ്ങളെ നേരിടാൻ നമുക്ക് ഫലപ്രദമായ നിയമോപാധികൾ ഇല്ലാതെ പോകുന്നതും. ക്രിമിനൽ നിയമതത്ത്വങ്ങൾ പ്രകാരം ഓരോ കുറ്റകൃത്യവും ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. വ്യക്തികളാണ് കുറ്റകൃത്യങ്ങളുടെ നേരിട്ടുള്ള ഇരകളെങ്കിലും കുറ്റകൃത്യങ്ങൾക്കെതിരെ പൊലീസ്, കോടതി തുടങ്ങിയവയിലൂടെ നടപടി സ്വീകരിക്കുന്നത് ഭരണകൂടമാണ്. പേക്ഷ, പൊലീസ് അതിക്രമങ്ങളിൽ പൊലീസാണ് നിയമലംഘകർ. പൊലീസാണ് കുറ്റവാളികൾ. അത്തരം ഒരു സന്ദർഭത്തിൽ പൊലീസ്തന്നെയാണ് കേസന്വേഷിക്കുന്നത് എന്നുവരുമ്പോൾ സ്വാഭാവികമായും അതിൽ ആരോപണവിധേയൻതന്നെ തനിക്കെതിരെയുള്ള പരാതി അന്വേഷിക്കുക എന്ന അനീതിയുണ്ട്. പൊലീസിലെ വ്യത്യസ്തമായ ഒരു വിഭാഗമാണ് കേസന്വേഷിക്കുന്നത് എന്നുവന്നാൽപോലും ആ അനീതി ഇല്ലാതാകുന്നില്ല. പൊലീസ് അതിക്രമത്തിനെതിരെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകാം. അത്തരം പരാതികൾ പൊലീസിനെക്കൊണ്ട് അന്വേഷിപ്പിക്കരുതെന്നും നിയമത്തിൽ പറയുന്നുണ്ട്.
പേക്ഷ, അപ്പോൾ പരാതിക്ക് അടിസ്ഥാനമായ തെളിവുകൾ ശേഖരിച്ച് കോടതിയിൽ എത്തിക്കേണ്ട ചുമതല പരാതിക്കാർക്ക് വന്നുചേരുന്നു. അതാകട്ടെ, പലപ്പോഴും അസാധ്യമായ ഒരു കാര്യവുമാണ്. തുടക്കത്തിലേ ആളും ബഹളവും ഒഴിഞ്ഞാൽ പിന്നെ പൊലീസ് അതിക്രമത്തിനെതിരായ നിയമപോരാട്ടം മിക്കവാറും അതിക്രമത്തിന് ഇരയായ ആളോ അല്ലെങ്കിൽ അയാളുടെ അനന്തരാവകാശികളോ വ്യക്തിപരമായി കൈകാര്യം ചെയ്യേണ്ട ഒരു സംഗതി മാത്രമായി ചുരുങ്ങുന്നു എന്നതാണ് നമ്മുടെ അനുഭവം. മറുവശത്തോ സംഘടിതമായ ഒരു ഭരണകൂട ശക്തിയെയാണ് പരാതിക്കാർ നേരിടുന്നത്. ഭരണകൂടത്തിൽ പൊലീസിന്റെ സ്ഥാനംെവച്ച് തെളിവുകൾ അട്ടിമറിക്കാനും കൃത്രിമമായ തെളിവുകൾ ഉണ്ടാക്കാനും നിയമനടപടികൾ ദീർഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാനും തൊഴിൽപരമായ സംരക്ഷണ നിയമങ്ങൾ ഉപയോഗിച്ചു രക്ഷപ്പെടാനുമൊക്കെയായി ധാരാളം സാധ്യതകൾ പൊലീസിന് മുന്നിൽ തുറന്നുകിടക്കുകയും ചെയ്യുന്നുണ്ട്. ഭീഷണിയും കടുത്ത സമ്മർദങ്ങളും ഇതോടൊപ്പം പരാതിക്കാർക്കു നേരിടേണ്ടി വരാറുമുണ്ട്. ഇതെല്ലാം തരണംചെയ്തു നിയമനടപടികൾ തുടർന്നുകൊണ്ടുപോകുക എന്നത് ബഹുഭൂരിപക്ഷം കേസുകളിലും അസാധ്യമായ കാര്യമാണ്. ഫലത്തിൽ പൊലീസ് അതിക്രമങ്ങൾ നമ്മുടെ നിയമസംവിധാനത്തിനകത്ത് വേണ്ടവിധം ചോദ്യംചെയ്യപ്പെടാതെ പോവുന്ന സ്ഥിതിയാണുള്ളത്. ഈ ശൂന്യത പൊലീസ് അതിക്രമങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.
കക്ഷി രാഷ്ട്രീയവത്കരണമാണ് പൊലീസ് അതിക്രമങ്ങൾക്കെതിരായ ഒരു ജനാധിപത്യാവബോധ രൂപവത്കരണത്തിന് തടസ്സം നിൽക്കുന്ന മറ്റൊരു ഘടകം. പൊലീസ് അതിക്രമങ്ങൾക്കെതിരെ ആദ്യംതന്നെ രംഗത്തുവരുന്നത് പ്രതിപക്ഷ കക്ഷികളാണ്. അവരെ സംബന്ധിച്ചിടത്തോളം ഭരണപക്ഷത്തെ ആക്രമിക്കാൻ പറ്റിയ ഒരവസരം മാത്രമാണ് അത്. ഭരണപരമായ ഒരു വീഴ്ചയായി ചിത്രീകരിച്ചുകൊണ്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നു. അതിനപ്പുറം മറ്റൊന്നും സംഭവിക്കുന്നില്ല. ഇന്നത്തെ പ്രതിപക്ഷം നാളെ അധികാരത്തിൽ വന്നാൽ പൊലീസ് അതിക്രമം അവസാനിപ്പിക്കാൻ പോകുന്നില്ല. അത് തുടരുകതന്നെ ചെയ്യും. ഇന്നത്തെ ഭരണപക്ഷമായിരിക്കും അന്നത്തെ പ്രതിഷേധക്കാർ. മരങ്ങാട്ടുപള്ളിയിൽ സിബി എന്ന ചെറുപ്പക്കാരനെ പൊലീസ് തല്ലിക്കൊല്ലുമ്പോൾ അധികാരത്തിൽ യു.ഡി.എഫ് സർക്കാറായിരുന്നു. അന്ന് ആ കൊലക്കെതിരെ പ്രതിഷേധിച്ച എൽ.ഡി.എഫാണ് ഇന്ന് അധികാരത്തിൽ. ഇന്ന് മനോഹരൻ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടപ്പോൾ പ്രതിഷേധവുമായി യു.ഡി.എഫ് രംഗത്തുണ്ട്. പരസ്പരം റോളുകൾ െവച്ചുമാറി കക്ഷിരാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതല്ലാതെ പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങളെ ശാശ്വതമായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനങ്ങൾ രൂപപ്പെടുത്താൻ ഈ രാഷ്ട്രീയ കക്ഷികൾ ആരുംതന്നെ തയാറല്ല. പക്ഷേ, പൊലീസിന്റെ മനോവീര്യം തകർക്കരുതെന്ന കാര്യത്തിൽ ഈ രാഷ്ട്രീയ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണ്. ഒരുപക്ഷേ കേരളം രൂപവത്കരിക്കപ്പെട്ടശേഷം ഏതു മുന്നണി ഭരിച്ചാലും നാളിതുവരെ മാറാതെ നിലനിൽക്കുന്ന ഒരേയൊരു സർക്കാർ നയം പൊലീസിന്റെ ഈ മനോവീര്യ സംരക്ഷണമായിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റക്കൊപ്പം
അതു മാത്രമല്ല, പൊലീസിന് അമിത അധികാരങ്ങൾ ചാർത്തിക്കൊടുക്കുന്നതിൽ ഈ രാഷ്ട്രീയ കക്ഷികൾ പരസ്പരം മത്സരിക്കുകകൂടിയാണ്. അതാകട്ടെ ഒറ്റപ്പെട്ട ഒരു സംഭവമല്ല. നിയോലിബറൽ നയങ്ങളുടെ അനുബന്ധമായി ലോകത്തെല്ലായിടത്തും ഭരണകൂടങ്ങൾ അതിന്റെ ശിക്ഷക സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ്. ഉദാരവത്കരണ-സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി വലിയ ഒരു വിഭാഗം ജനങ്ങൾ സാമൂഹികക്ഷേമ-സുരക്ഷാ പദ്ധതികളിൽനിന്നും പുറംതള്ളപ്പെടുകയും വിപണിയുടെ ദയവിന് എറിഞ്ഞുകൊടുക്കപ്പെടുകയും ചെയ്തതിന് ആനുപാതികമായാണ് പൊലീസ് വിന്യാസം സമൂഹത്തിൽ ശക്തമാകുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോയ്ക് വാക്വന്റിനെ (LOIC WACQUANT) പോലുള്ള സോഷ്യോളജിസ്റ്റുകൾ ലിബറൽ പാരന്റലിസ്റ്റ് എന്നാണ് ഇത്തരം ഭരണകൂടത്തെ വിശേഷിപ്പിക്കുന്നത്. കോർപറേറ്റുകളോടും അധികാരിവർഗത്തോടും ഉദാരസമീപനവും അടിത്തട്ടിലുള്ള ജനതയോട് രക്ഷാകർതൃത്വ-സ്വേച്ഛാധിപത്യ സമീപനവും. ദേശീയമായ സവിശേഷതകൾക്കപ്പുറം ആറു പൊതുഘടകങ്ങൾ ഈ ശിക്ഷക സംവിധാനത്തിനുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
കുറ്റകൃത്യങ്ങൾ, പൊതുശല്യം, അച്ചടക്ക ലംഘനങ്ങൾ തുടങ്ങിയവയോട് വിട്ടുവീഴ്ചയില്ലാത്തതും കർശനവുമായ സമീപനമാണ് ഒന്ന്. കുറ്റകൃത്യം തടയാനായി പൊലീസും മറ്റു പൊതുസേവന വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം, വിഡിയോ നിരീക്ഷണ കാമറകൾ, ക്രിമിനൽ പ്രൊഫൈലിങ്, കുറ്റകൃത്യങ്ങളുടെ കമ്പ്യൂട്ടർ മാപ്പിങ് തുടങ്ങിയ നവീന സാങ്കേതികോപകരണങ്ങളുടെ ഉപയോഗത്തിനു വേണ്ടിയുള്ള ആസക്തിയും, ജയിലുകളുടെ സാങ്കേതിക നവീകരണം, പ്രത്യേക വിഭാഗങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക തടവുകേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ, അരക്ഷിതാവസ്ഥയെക്കുറിച്ചും കൂടുതൽ ശക്തമായ നിയമങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചുമുള്ള വ്യാപകമായ പ്രചാരണം, മർദിത-പാർശ്വവത്കൃത ജനങ്ങളോട് പ്രത്യേകിച്ചും അതിലെ യുവാക്കളോട് കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളവരെന്ന നിലക്കുള്ള സമീപനം, ജയിലുകളിൽ പുനരധിവാസ നയത്തിന്റെ ൈകയൊഴിയൽ, പൊലീസ് സംവിധാനത്തെ ശക്തിപ്പെടുത്തിയും നിയമനടപടികളുടെ വേഗവും കാഠിന്യവും വർധിപ്പിച്ചും ശിക്ഷകനയം നടപ്പാക്കൽ എന്നിവയാണ് മറ്റുള്ളവ. സൂക്ഷ്മമായി പരിശോധിച്ചാൽ നമ്മുടെ സർക്കാർ നടപടികളിലും ഈ ഘടകങ്ങൾ കാണാൻ പ്രയാസപ്പെടേണ്ടിവരില്ല.
കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പിന്തുണ ഈ ശിക്ഷക സംവിധാനം സ്ഥാപിക്കുന്നതിലും അത്തരം ഒരു നയം പിന്തുടരുന്നതിലും കാണാൻ കഴിയും. കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് മാധ്യമങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികൾ, ദാരുണമായ കുറ്റകൃത്യങ്ങളെ തുടർന്നുവരുന്ന റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥർ പാനലിസ്റ്റുകളായുള്ള ചർച്ചകൾ, സമൂഹമാധ്യമങ്ങളിൽ കൂടി ഉയർത്തിക്കൊണ്ടുവരുന്ന ചർച്ചകൾ തുടങ്ങിയവയിലൂടെ കൂടുതൽ കാര്യപ്രാപ്തിയുള്ളതും ശക്തവുമായ പൊലീസ് സംവിധാനത്തിനുവേണ്ടിയുള്ള ആവശ്യം സജീവമായി നിലനിർത്തപ്പെടുന്നുണ്ട്.
കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ പൊലീസിങ്ങിന്റെ ശക്തിപ്പെടുത്തലിനു മറ്റൊരു രാഷ്ട്രീയ വശംകൂടിയുണ്ട്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനവും അതിൽ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾ വഹിക്കുന്ന പങ്കും പരിശോധിച്ചാൽ അത് ബോധ്യമാകും. സാധാരണ ജനങ്ങളും ഭരണകൂടാധികാരവും തമ്മിലുള്ള മധ്യസ്ഥതയാണ് ഇന്ന് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം നിർവഹിക്കുന്ന പ്രധാന പണികളിലൊന്ന്. നാട്ടിൽ എന്തെങ്കിലും ആവശ്യത്തിന് പൊലീസ് സ്റ്റേഷനിൽ പോകേണ്ടതായി വരുമ്പോൾ മഹാഭൂരിപക്ഷവും ആദ്യം സമീപിക്കുന്നത് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തെയാവും. പൊലീസ് സ്റ്റേഷനുമായി നല്ല ബന്ധം നിലനിർത്തുകയെന്നത് പ്രാദേശിക തലത്തിലെ രാഷ്ട്രീയാധികാരം നിലനിർത്താനുള്ള പ്രധാന ഉപാധികളിലൊന്നാണ്. തിരിച്ച് പ്രാദേശിക രാഷ്ട്രീയാധികാരത്തോട് സൗഹാർദ സമീപനം സ്വീകരിക്കുക എന്നത് ജനങ്ങൾക്കുമേൽ തങ്ങളുടെ അധികാര പ്രയോഗം നിർബാധം തുടരുന്നതിനുള്ള ഉപാധികളിലൊന്നായി പൊലീസ് ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നുണ്ട്.
സാധാരണ ജനങ്ങളുടെ ജീവിതത്തിനു മേലുള്ള രാഷ്ട്രീയാധികാര പ്രയോഗത്തിലെ കണ്ണികളായി രാഷ്ട്രീയ നേതൃത്വവും പൊലീസ് ഉദ്യോഗസ്ഥരും മാറുന്നു. ഇവരിൽ ഒതുങ്ങുന്നതല്ല ഈ ചങ്ങലയിലെ കണ്ണികൾ. വൻകിട തോട്ടം ഭൂവുടമസ്ഥത, സഹകരണ ബാങ്കിങ് മൂലധനം, മറ്റ് ഉദ്യോഗസ്ഥ മേധാവികൾ, സ്വകാര്യ ഫിനാൻസ് മൂലധനം, റിയൽ എസ്റ്റേറ്റ്-നിർമാണ മേഖലയിലെ മൂലധനം, വ്യവസ്ഥാപിത ട്രേഡ് യൂനിയൻ നേതൃത്വങ്ങൾ, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെയും സ്വകാര്യ ആശുപത്രി മേഖലയിലെ മൂലധനം തുടങ്ങി ജനങ്ങൾക്കു മേലുള്ള രാഷ്ട്രീയാധികാരത്തിന്റെ ചങ്ങലക്കണ്ണികൾ അങ്ങനെ നീണ്ടുകിടക്കുകയാണ് നമ്മുടെ സമൂഹത്തിൽ. ഇവരെല്ലാവരും ചേർന്നുകൊണ്ട് നമ്മുടെ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള ഒരു പൊളിറ്റിക്കൽ ക്ലാസാണ് ഇന്ന് കേരളത്തിലെ ഭരണവർഗമെന്ന് പറയുന്നത്. ഇതിന്റെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും ഘടനയിലുമെല്ലാം ജാതിയും മതവും നിർണായക പങ്കുവഹിക്കുന്നുണ്ട്.
അടുത്തകാലത്ത് കേരളത്തിൽ നടപ്പാക്കിയിട്ടുള്ള പൊലീസ് പരിഷ്കാരങ്ങൾ എല്ലാംതന്നെ ഈ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം പരിശോധിക്കാൻ. ജനമൈത്രി പൊലീസ് സംവിധാനം എടുത്തുനോക്കുക. ഗവൺമെന്റിൽനിന്നും ഗവേണൻസിലേക്ക് ഊന്നൽ മാറിയ നവ ഉദാരവാദ കാലഘട്ടത്തിലെ ലക്ഷണമൊത്ത പരിഷ്കാരങ്ങളിൽ ഒന്നാണിത്. ലോകവ്യാപകമായിതന്നെ മുതലാളിത്ത ഭരണകൂടങ്ങൾ ഫലപ്രദമായി നടപ്പാക്കിയ കമ്യൂണിറ്റി പൊലീസിങ് പദ്ധതിയുടെ ചുവടുപിടിച്ചാണ് ജനമൈത്രി പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. വാസ്തവത്തിൽ പൊലീസിന്റെ അധികാരത്തെ ജനങ്ങളുടെ ജീവിതത്തിൽ തീവ്രമാക്കുകയാണ് കമ്യൂണിറ്റി പൊലീസിങ് ചെയ്യുന്നത്.
പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും തമ്മിൽ കൂടുതൽ ഇഴുകിച്ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ജനമൈത്രി നൽകുന്നുണ്ട്. ഇത് പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ ചങ്ങലക്കണ്ണികളെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. റെസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, ക്ലബുകൾ, അയൽക്കൂട്ടങ്ങൾ, ജാഗ്രതാ ഗ്രൂപ്പുകൾ തുടങ്ങിയവയിലൂടെ സാമൂഹികജീവിതത്തെ പൊലീസിങ് രീതികളിലൂടെ പുനഃക്രമീകരിക്കാൻ ഒരു പരിധി വരെയെങ്കിലും ഇന്ന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്ന അന്തർ സംസ്ഥാനക്കാരനെക്കുറിച്ചും, യാത്രപോകുമ്പോൾ കളവ് തടയാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും, അയൽക്കാരെ നിരീക്ഷിക്കേണ്ടതിനെക്കുറിച്ചും മറ്റുമുള്ള പൊലീസ് ഏമാന്റെ മുന്നറിയിപ്പുകൾ വാട്സ്ആപ് കൂട്ടായ്മകളിലൂടെ ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിലാണ് കൂടുതൽ ശക്തമായ പൊലീസിങ്ങിനു വേണ്ടിയുള്ള ഒരു ത്വര സൃഷ്ടിക്കപ്പെടുന്നത്.
പൊതുശല്യം, ട്രാഫിക് നിയമലംഘനങ്ങൾ, പൊതു ഇടങ്ങളിലെ പെരുമാറ്റ കുറ്റങ്ങൾ തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങൾക്ക് നേരെ ശക്തമായ നടപടി എന്നത് നിയോലിബറൽ കാലത്തെ പൊലീസിങ്ങിന്റെ ഒരു പ്രധാന നയമാണ്. സമൂഹത്തിൽ പൊലീസിന്റെ സാന്നിധ്യം കൂടുതൽ അനുഭവവേദ്യമാക്കും എന്നതാണ് അതിനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടത്. ഒരുപേക്ഷ, കേരളത്തിൽ പൊലീസിനെതിരെ ഏറ്റവുമധികം പരാതി ഉയർന്നിട്ടുള്ളതും ഈ ചെറുകിട കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾക്കിടയിലായിരിക്കും. ഭരണവർഗ രാഷ്ട്രീയ അജണ്ടകളുടെ ചിറകിലേറി ആലോചനകളില്ലാതെ നാം തന്നെ ശക്തിപ്പെടുത്താൻ ആവശ്യപ്പെട്ട/ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പൊലീസാണിങ്ങനെ തെരുവുകളും പൊലീസ് സ്റ്റേഷനുകളും കൊലനിലങ്ങളാക്കുന്നത്.
ചുരുക്കത്തിൽ, പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നത് പൊലീസിന്റെ ജനാധിപത്യവത്കരണം എന്ന അത്യധികം സങ്കീർണമായ ഒരു പ്രശ്നമാെണന്നതാണ് വിശദീകരിക്കാൻ ശ്രമിച്ചത്. പലരും അഭിപ്രായപ്പെടുന്നതുപോലെ നിയമത്തിന്റെയോ ട്രെയ്നിങ്ങിന്റെയോ പോരായ്മയോ, കക്ഷിരാഷ്ട്രീയവത്കരണമോ ക്രിമിനലുകളായ ഏതാനും പൊലീസുകാരോഅല്ല, സമൂഹത്തിൽ ജനാധിപത്യവത്കരണത്തിന് വിഘാതമായി നിൽക്കുന്ന അധികാരഘടനയാണ് യഥാർഥ പ്രശ്നം. ഈ അധികാരഘടനക്കകത്ത് നിർണായക ശക്തികളിലൊന്നായി പൊലീസ് നിൽക്കുന്നു എന്നതിനാൽ പൊലീസ് നടത്തുന്ന ലോക്കപ്പ് മർദനങ്ങളും കസ്റ്റഡി കൊലപാതകങ്ങളും ആവർത്തിക്കപ്പെടുകയും ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. കാരണം പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ സ്ട്രൈക്കിങ് ഫോഴ്സായി ജനവിരുദ്ധ പൊലീസ് സേനയെ ഇവിടത്തെ വ്യവസ്ഥാപിത രാഷ്ട്രീയനേതൃത്വത്തിന് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് ജനവിരുദ്ധ പൊലീസിന്റെ മനോവീര്യം തകർക്കുക എന്നത് പൊലീസ് അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള മുന്നുപാധിയാകുന്നത്. പൊലീസ് ലോക്കപ്പുകളിൽ മനോഹരനും ഉദയകുമാറും സമ്പത്തും ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ അത് അത്യാവശ്യമാണ്.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.